ലോക ജനസംഖ്യഭാവിയെ സംബന്ധിച്ചെന്ത്?
പാർപ്പിടക്കുറവ്, അനാരോഗ്യകരമായ അവസ്ഥകൾ, ഭക്ഷണത്തിന്റെയും ശുദ്ധജലത്തിന്റെയും ദൗർലഭ്യം, രോഗം, വികലപോഷണം എന്നിവയും മററ് അനേകം ക്ലേശങ്ങളും ലോക ജനസംഖ്യയിൽ അധികപങ്കിന്റെയും ജീവിതത്തിൽ അനുദിനയാഥാർത്ഥ്യമാണ്. എങ്കിലും നാം കണ്ടുകഴിഞ്ഞതുപോലെ, ആ അവസ്ഥകളിൽ ജീവിക്കുന്ന അനേകമാളുകളും എങ്ങനെയോ അവ തരണംചെയ്യുകയും അവരുടെ അനുദിന ജീവിതം കഴിച്ചുകൂട്ടുകയും ചെയ്യുന്നു.
എങ്കിലും ഭാവി സംബന്ധിച്ചെന്ത്? ആളുകൾ ജീവിതത്തിലെ അത്തരം കഠിന യാഥാർത്ഥ്യങ്ങൾ അനിശ്ചിതമായി സഹിക്കേണ്ടിവരുമോ? കാര്യാദികൾ സങ്കീർണ്ണമാക്കുന്നതിന്, തുടർച്ചയായ ജനസംഖ്യാ വർദ്ധനവിന്റെ ഫലമായി പരിസ്ഥിതി ശാസ്ത്രജ്ഞൻമാരും മററുള്ളവരും മുൻകൂട്ടിപ്പറയുന്ന നാശവും നൈരാശ്യവും സംബന്ധിച്ചെന്ത്? നാം നമ്പുന്ന വായുവും വെള്ളവും കരയും മലീമസമാക്കുന്നതിനാൽ നാം സ്വന്തം വാസസ്ഥലം നശിപ്പിക്കുകയാണെന്ന് അവർ നമ്മോടു പറയുന്നു. ഗ്രീൻഹൗസ് ഫലവും അവർ ചൂണ്ടിക്കാണിക്കുന്നു—അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിൽ കലാശിക്കുന്നതും ദാരുണമായ പരിണതഫലങ്ങളോടെ ആഗോള ഋതുവിശേഷം മാററുന്നതുമായ കാർബൺ ഡയോക്സൈഡ്, മീതൈൻ, ക്ലോറോഫ്ളൂറോകാർബൺ (റെഫറിജെറൻറുകളും ഫോമിഗ് ഏജൻറുകളും) എന്നീ വാതകങ്ങളുടെ വിസർജ്ജനം തന്നെ. ഇത് ഒടുവിൽ നാം ഇന്ന് അറിയുംപ്രകാരമുള്ള സംസ്കാരത്തിന്റെ നാടുനീക്കം കൈവരുത്തുമോ? നമുക്ക് പ്രധാന ഘടകങ്ങളിൽ ചിലത് കുറേക്കൂടെ അടുത്തു പരിശോധിച്ചുനോക്കാം.
ഇവിടെ വളരെയധികം ആളുകളുണ്ടോ?
ഒന്നാമതായി, ലോകജനസംഖ്യ അനിശ്ചിതമായി വർദ്ധിച്ചുകൊണ്ടിരിക്കുമോ? അത് എത്രത്തോളം പോകുമെന്നുള്ളതിന് എന്തെങ്കിലും സൂചനയുണ്ടോ? തീർച്ചയായും, കുടുംബാസൂത്രണത്തിന്റെ ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും ലോകജനസംഖ്യ വർദ്ധിക്കുകയാണെന്നുള്ളത് ഒരു വസ്തുതയാണ്. ഇപ്പോൾ വാർഷിക വർദ്ധനവ് ഏതാണ്ട് 9 കോടിയാണ് (ഓരോ വർഷവും മറെറാരു മെക്സിക്കോയ്ക്ക് തുല്യം). ഉടൻ അതു നിർത്താമെന്നുള്ള ഒരു പ്രതീക്ഷയും ഇല്ലെന്നു തോന്നുന്നു. എന്നിരുന്നാലും, മുമ്പോട്ടു നോക്കുമ്പോൾ ജനസംഖ്യ ഒടുവിൽ ഒരു തട്ടിൽ ചെന്നുനിൽക്കുമെന്നുള്ളതിനോട് മിക്ക ജനസംഖ്യാ ശാസ്ത്രജ്ഞരും യോജിക്കുന്നു. അവരുടെ മനസ്സിലുള്ള ചോദ്യം ഏതു തട്ടിൽ, എപ്പോൾ എന്നുള്ളതാണ്.
യുഎൻ പോപ്പുലേഷൻ ഫണ്ടിന്റെ പദ്ധതികൾ പറയുംപ്രകാരം ലോകജനസംഖ്യ ഒരു തട്ടിൽ ചെന്നുനിൽക്കുന്നതിനുമുമ്പ് 1,400 കോടിയായേക്കാം. എന്നിരുന്നാലും, അത് 1,000 കോടിക്കും 1,100 കോടിക്കും ഇടക്കു ചെന്നുനിൽക്കുമെന്ന് മററുള്ളവർ കണക്കുകൂട്ടുന്നു. സത്യം ഏതായാലും, വളരെയധികം ആളുകൾ ഉണ്ടായിരിക്കുമോ? ഇപ്പോഴത്തെ ജനസംഖ്യയുടെ രണ്ടുമൂന്നിരട്ടിയെ ഉൾക്കൊള്ളാൻ ഭൂമിക്കു കഴിയുമോ? എന്നെല്ലാമാണ് നിർണ്ണായക ചോദ്യങ്ങൾ.
സ്ഥിതിവിവരക്കണക്കിന്റെ വീക്ഷണത്തിൽ, ലോകവ്യാപകമായി 1,400 കോടി ആളുകൾ ശരാശരി ഒരു ചതുരശ്ര കിലോമീറററിന് 104 വ്യക്തികളേ ആകുന്നുള്ളു. നാം കണ്ടുകഴിഞ്ഞതുപോലെ ഹോങ്കോങ്ങിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറററിന് 5,592 പേരാണ്. ഇപ്പോൾ നെതർലണ്ടിലെ ജനസാന്ദ്രത 430-ഉം ജപ്പാനിലേത് 327-ഉം ആണ്, ഇവ ശരാശരിയിൽ കവിഞ്ഞ ജീവിതനിലവാരം അനുഭവിക്കുന്ന രാജ്യങ്ങളാണ്. വ്യക്തമായും, ലോക ജനസംഖ്യ മുൻകൂട്ടിപറഞ്ഞിരിക്കുന്ന അളവുവരെ എത്തിയാലും ആളുകളുടെ എണ്ണമല്ല പ്രശ്നം.
വേണ്ടുവോളം ആഹാരം ഉണ്ടായിരിക്കുമോ?
അപ്പോൾ, ഭക്ഷ്യവിതരണത്തെ സംബന്ധിച്ചെന്ത്? ആയിരംകോടിയോ 1,400 കോടിയോ ആളുകളെ തീററിപ്പോററാൻ വേണ്ടത് ഭൂമിക്ക് ഉത്പാദിപ്പിക്കാൻ കഴിയുമോ? സ്പഷ്ടമായും ഭൂമിയുടെ ഇപ്പോഴത്തെ ഭക്ഷ്യോത്പാദനം അത്തരം ഒരു ജനാവലിയെ പോററാൻ വേണ്ടത്രയില്ല. വാസ്തവത്തിൽ, നാം ക്ഷാമങ്ങളെക്കുറിച്ചും വികലപോഷണത്തെക്കുറിച്ചും പട്ടിണിയെക്കുറിച്ചും മിക്കപ്പോഴും കേൾക്കുന്നു. രണ്ടോ മൂന്നോ മടങ്ങ് അധികത്തെ ഉൾപ്പെടുത്തേണ്ട—ഇപ്പോഴത്തെ ജനസംഖ്യയെ പോററാൻ വേണ്ടത്ര ഭക്ഷ്യം നാം ഉത്പ്പാദിപ്പിക്കുന്നില്ലെന്ന് ഇത് അർത്ഥമാക്കുന്നുവോ?
അത് ഉത്തരം നൽകാൻ പ്രയാസമുള്ള ഒരു ചോദ്യമാണ്, എന്തുകൊണ്ടെന്നാൽ അത് “വേണ്ടത്ര” എന്നാൽ എന്തർത്ഥമാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ലോകത്തിലെ ദരിദ്രരാജ്യങ്ങളിൽ ദശകോടിക്കണക്കിന് ആളുകൾക്ക് ഏററവും താണ നിലയിൽ ആരോഗ്യകരമായ ഒരു ആഹാരക്രമം പോലും നിലനിർത്താൻ വേണ്ടത്ര ആഹാരം സമ്പാദിക്കാൻ കഴിയാതിരിക്കുമ്പോൾ ധനിക-വ്യവസായവൽകൃത രാജ്യങ്ങളിലെ ആളുകൾ അമിതമായി പോഷകാഹാരം കഴിച്ചതിന്റെ പരിണതഫലങ്ങൾ അനുഭവിക്കുകയാണ്—ആഘാതങ്ങളും ചിലതരം കാൻസറും ഹൃദ്രോഗങ്ങളും മററും. ഇത് ഭക്ഷ്യ സ്ഥിതിയെ എങ്ങനെ ബാധിക്കുന്നു? ഒരു കണക്കനുസരിച്ച്, ഒരു കിലോ മാട്ടിറച്ചി ഉത്പാദിപ്പിക്കുന്നതിന് അഞ്ചു കിലോ ധാന്യം വേണം. തൽഫലമായി മാംസഭുക്കുകളായ ഭൂവാസികൾ ലോകത്തിലെ ധാന്യ ഉത്പാദനത്തിന്റെ പകുതിയും തിന്നുതീർക്കുന്നു.
ഉത്പാദിപ്പിക്കപ്പെടുന്ന ആഹാരസാധനങ്ങളുടെ മൊത്തം അളവിനെ സംബന്ധിച്ചാണെങ്കിൽ ബ്രെഡ് ഫോർ ദ വേൾഡ് എന്ന പുസ്തകം എന്തു പറയുന്നുവെന്നത് ശ്രദ്ധിക്കുക: “ഇപ്പോഴുള്ള ലോകത്തിലെ ഭക്ഷ്യോൽപ്പാദനം ലോകത്തിലെ ആളുകൾക്ക് തുല്യമായി വീതിച്ചുകൊടുക്കുന്നെങ്കിൽ പാഴാക്കൽ ഏററവും കുറച്ചാൽ എല്ലാവർക്കും വേണ്ടുവോളം ഉണ്ടായിരിക്കും. വേണ്ടത്ര ബാർലി, ഒരു പക്ഷേ വേണ്ടുവോളം തന്നെ”. ആ പ്രസ്താവന 15 വർഷം മുമ്പ് 1975-ൽ നടത്തിയതാണ്. ഇന്നത്തെ അവസ്ഥയെന്താണ്? വേൾഡ് റിസോഴ്സസ് ഇൻസ്ററിററ്യൂട്ട് പറയുന്ന പ്രകാരം, “കഴിഞ്ഞ രണ്ടു പതിററാണ്ടുകളിൽ ലോകത്തിലെ മൊത്തം ഭക്ഷ്യോത്പാദനം ആവശ്യത്തേക്കാൾ കവിഞ്ഞ് വർദ്ധിച്ചിരിക്കുന്നു. തൽഫലമായി, ഇക്കഴിഞ്ഞ വർഷങ്ങളിൽ പ്രധാന ഭക്ഷ്യവസ്തുക്കളുടെ വില അന്തർദ്ദേശീയ കമ്പോളത്തിൽ യഥാർത്ഥത്തിൽ കുറയുകയുണ്ടായി.” ആ കാലഘട്ടംകൊണ്ട് അരി, ചോളം, സോയാബീൻസ് എന്നിവപോലുള്ള ഭക്ഷ്യവസ്തുക്കളുടെയും മററു ധാന്യങ്ങളുടെയും വിലകൾ പകുതിയോ അതിലധികമോ കുറഞ്ഞതായി മററു പഠനങ്ങൾ പ്രകടമാക്കുന്നു.
ഇത് അടിസ്ഥാനപരമായി അർത്ഥമാക്കുന്നത്, ഭക്ഷ്യപ്രശ്നം ഭക്ഷിക്കുന്ന ശീലങ്ങളുടെയും അളവിന്റെയും കാര്യത്തിലെന്നപോലെ, ഉൽപാദിപ്പിക്കപ്പെടുന്ന അളവിൽ വളരെയധികം ആശ്രയിച്ചിരിക്കുന്നില്ലെന്നുള്ളതാണ്. ഇപ്പോഴത്തെ ഉൽപാദനം ഇരട്ടിപ്പിക്കാൻ കഴിവുള്ള വിവിധയിനം നെല്ലും ഗോതമ്പും മററു ധാന്യങ്ങളും ഉണ്ടാക്കിയെടുക്കാനുള്ള മാർഗ്ഗങ്ങൾ പുതിയ ജനിതകവിദ്യ കണ്ടുപിടിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ മണ്ഡലങ്ങളിലെ വൈദഗ്ദ്ധ്യങ്ങളിലധികവും പുകയിലയും തക്കാളിയും പോലുള്ള നാണ്യവിളകളിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്, ദരിദ്രരുടെ വയറു നിറക്കാനല്ല പിന്നെയോ ധനികരുടെ ആർത്തി തീർക്കാൻ.
പരിസ്ഥിതിയെ സംബന്ധിച്ചെന്ത്?
കൂടുതലായി, ആ വിഷയത്തിനു സൂക്ഷ്മശ്രദ്ധ നൽകുന്നവർ മനുഷ്യവർഗ്ഗത്തിന്റെ ഭാവി സൗഭാഗ്യത്തിന് ഒരു ഭീഷണിയായിരിക്കുന്ന ഘടകങ്ങളിൽ ഒന്നുമാത്രമാണ് ജനസംഖ്യാവർദ്ധനവെന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന്, ജനസംഖ്യാ സ്ഫോടനം [ഇംഗ്ലീഷ്] എന്ന തങ്ങളുടെ പുസ്തകത്തിൽ നമ്മുടെ പരിസ്ഥിതിയിൽ മമനുഷ്യന്റെ പ്രവർത്തനത്തിന്റെ ഫലം ഈ ലളിതമായ സമവാക്യത്താൽ പ്രകടമാക്കാൻ കഴിയുമെന്ന് പോളും ആനി എർലിച്ചും നിർദ്ദേശിക്കുന്നു: ഫലം = ജനസംഖ്യാ × സമ്പത്തിന്റെ അളവ് × പരിസ്ഥിതിയുടെമേൽ നിലവിലുള്ള സാങ്കേതികവിദ്യയുടെ ഫലം.
ഈ മാനദണ്ഡമനുസരിച്ച്, ഐക്യനാടുകൾ പോലുള്ള രാജ്യങ്ങൾ ജനപ്പെരുപ്പമുള്ളതായിരിക്കുന്നത് അവക്ക് വളരെക്കൂടുതൽ ആളുകളുള്ളതുകൊണ്ടല്ല പിന്നെയോ അവയുടെ സാമ്പത്തികനിലവാരം പ്രകൃതി വിഭവങ്ങളുടെ ഉയർന്ന തോതിലുള്ള ഉപഭോഗത്തെയും പരിസ്ഥിതിക്ക് ഭാരിച്ച നഷ്ടം വരുത്തുന്ന സാങ്കേതികവിദ്യകളെയും ആശ്രയിക്കുന്നതുകൊണ്ടാണ്, എന്ന് ആ എഴുത്തുകാർ വാദിക്കുന്നു.
മററു പഠനങ്ങൾ ഇതു സ്ഥിരീകരിക്കുന്നതായി തോന്നുന്നു. ‘ഗ്രീൻഹൗസ് വിസർജ്ജ്യങ്ങൾ അവ പുറത്തുവിടുന്നവരുടെ എണ്ണത്തേക്കാളധികം സാമ്പത്തികാവസ്ഥയുടെ നിലവാരത്തോട് കൂടുതൽ അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. ശരാശരി അമേരിക്കക്കാരൻ ഉൽപാദിപ്പിക്കുന്ന കാർബൺ ഡയോക്സൈഡ് ശരാശരി ഇന്ത്യാക്കാരൻ പുറത്തുവിടുന്നതിനേക്കാൾ 19 മടങ്ങ് അധികമാണ്. ഉദാഹരണത്തിന്, മന്ദഗതിയിലുള്ള ജനസംഖ്യാവർദ്ധനവോടെ സാമ്പത്തികമായി പുളകംകൊള്ളുന്ന ഒരു ബ്രസ്സീൽ ത്വരിതമായ ജനസംഖ്യാവർദ്ധനവോടെ ദാരിദ്ര്യമനുഭവിക്കുന്ന ബ്രസ്സീലിനേക്കാൾ വേഗത്തിൽ അവിടെയുള്ള ഉഷ്ണമേഘലാവനങ്ങൾ ചാമ്പലാക്കും,’ എന്നു ധനകാര്യവിദഗ്ദ്ധനായ ദാനിയേൽ ഹമർമെഷ് പറയുന്നതായി ന്യൂയോർക്ക് ടൈംസ് ഉദ്ധരിക്കുന്നു.
അടിസ്ഥാനപരമായി അതേ ആശയം വ്യക്തമാക്കിക്കൊണ്ട് വേൾഡ്വാച്ച് ഇൻസ്ററിററ്യൂട്ടിലെ അലൻ ഡർനിങ് ഇപ്രകാരം നിരീക്ഷിക്കുന്നു: “ലോകത്തിലെ സമ്പന്നരായ നൂറുകോടിയാളുകൾ ഗോളം അപകടത്തിലാകത്തക്കവണ്ണം അത്ര സമ്പാദ്യശീലമുള്ളതും ധൂർത്തടിക്കുന്നതുമായ ഒരു സംസ്കാരരൂപം പടച്ചെടുത്തിരിക്കുന്നു. മേൽത്തലത്തിലുള്ള ഈ അണിയുടെ ജീവിതരീതി—കാർഡ്രൈവർമാരും മാംസഭുക്കുകളും സോഡാകുടിക്കുന്നവരും ഒററ ഉപയോഗത്തിനുശേഷം വലിച്ചെറിയുന്ന വസ്തുക്കളുടെ ഉപഭോക്താക്കളും—കഠോരതയിൽ ഒരുപക്ഷേ ജനസംഖ്യാ വർദ്ധനവിനോടല്ലാതെ മറെറാന്നിനോടും സാമ്യം വഹിക്കാത്ത ഒരു പാരിസ്ഥിതിക ഭീഷണി ഉണ്ടാക്കുന്നു.” മനുഷ്യവർഗ്ഗത്തിന്റെ ഈ “സമ്പന്ന അഞ്ചാംഭാഗം” പരിസ്ഥിതിയെ ഭീഷണിപ്പെടുത്തുന്ന ക്ലോറോഫ്ളൂറോകാർബണിന്റെ പത്തിൽ ഒമ്പത് അംശവും മററു ഗ്രീൻഹൗസ് വാതകങ്ങളുടെ പകുതിയിലധികവും ഉൽപാദിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
യഥാർത്ഥ പ്രശ്നം
മേൽപറഞ്ഞ ചർച്ചയിൽനിന്ന്, ഇന്നു മനുഷ്യവർഗ്ഗത്തെ അഭിമുഖീകരിക്കുന്ന കഷ്ടങ്ങൾക്കു ജനസംഖ്യാവർദ്ധനവിനെ മാത്രം പഴിചാരുന്നത് യഥാർത്ഥ കാഴ്ചപ്പാടു നഷ്ടമാക്കുന്നതാണെന്നു വ്യക്തമാക്കുന്നു. നമ്മെ അഭിമുഖീകരിക്കുന്ന പ്രശ്നം നമുക്കു താമസിക്കാനുള്ള സ്ഥലം ചുരുങ്ങുന്നുവെന്നതോ എല്ലാവർക്കും ആരോഗ്യകരമായ ആഹാരക്രമത്തിന് വേണ്ടത്ര ഭക്ഷ്യം ഉത്പാദിപ്പിക്കാൻ ഭൂമിക്കു കഴിയില്ലെന്നുള്ളതോ പെട്ടെന്നുതന്നെ ഏതു സമയത്തും എല്ലാ പ്രകൃതിവിഭവങ്ങളും ഉപയോഗിച്ചുതീരുമെന്നുള്ളതോ അല്ല. ഇവ ലക്ഷണങ്ങൾ മാത്രമാണ്. യഥാർത്ഥ പ്രശ്നം അധികമധികം ആളുകൾ തങ്ങളുടെ പ്രവർത്തനങ്ങളുടെ പരിണതഫലങ്ങൾ കണക്കിലെടുക്കാതെ കൂടുതൽ കൂടുതൽ ഉയർന്ന ഭൗതിക ഉപഭോഗത്തിന്റെ ഒരു നിലവാരം അഭിലഷിക്കുന്നുവെന്നതാണ്. ഇനിയും വേണമെന്നുള്ള തൃപ്തി വരാത്ത ഈ അഭിലാഷം ഭൂമിയുടെ സഹനശേഷി വളരെവേഗം മറികടക്കത്തക്കവണ്ണം നമ്മുടെ പരിസ്ഥിതിക്ക് ഭാരിച്ച ദ്രോഹം വരുത്തിവെക്കുന്നു. മററുവാക്കുകളിൽ പറഞ്ഞാൽ, അടിസ്ഥാനപ്രശ്നം സ്ഥിതിചെയ്യുന്നത് അധികവും മനുഷ്യരുടെ പ്രകൃതത്തിലെന്നപോലെ അത്രയധികം എണ്ണത്തിലല്ല.
എഴുത്തുകാരനായ അലൻ ഡർണിങ് അത് ഇപ്രകാരം വിവരിക്കുന്നു: “ഭംഗുരമായ ഒരു ജീവമണ്ഡലത്തിൽ, ഉപഭോഗം പരിമിതപ്പെടുത്തുകയും ഭൗതികമല്ലാത്ത സമ്പത്ത് കണ്ടെത്തുകയും ചെയ്യുന്ന വ്യാപകമായ ഒരു നീതിശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആത്മനിന്ത്രണത്തിന്റെ അവഗാഹമായ ഒരു ബോധം വളർത്തിയെടുക്കാൻ നമുക്കു കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും മാനവരാശിയുടെ അന്തിമ ഭാഗധേയം.” ആശയഗതി നല്ലതാണ്, എന്നാൽ ഈ ചോദ്യം ചോദിക്കേണ്ടതാണ്, എല്ലായിടത്തുമുള്ള ആളുകൾ സ്വമനസ്സാലെ ആത്മനിയന്ത്രണം നട്ടുവളർത്താനും ഉപഭോഗം പരിമിതപ്പെടുത്താനും ഭൗതികേതര സമ്പത്ത് തേടാനും സാദ്ധ്യതയുണ്ടോ? ഒട്ടും ഇല്ല. ഇന്ന് വളരെ വ്യാപകമായിരിക്കുന്ന ആത്മസുഖത്തിന്റെയും അമിതാനന്ദത്തിന്റെയും ജീവിതരീതിയുടെ അടിസ്ഥാനത്തിൽ വിധിക്കുമ്പോൾ നേരെ എതിരാണ് സംഭവിക്കാൻ കൂടുതൽ സാദ്ധ്യത. ഇന്ന് മിക്കയാളുകളും, “തിന്നുക, കുടിക്കുക, നാളെ ചാകുമല്ലോ” എന്ന ആദർശത്തോടെ ജീവിക്കുന്നതായി തോന്നുന്നു.—1 കൊരിന്ത്യർ 15:32.
വേണ്ടുവോളം ആളുകൾ വസ്തുതകൾ അറിഞ്ഞ് ഉണരുകയും അവരുടെ ജീവിതരീതി മാററാൻ തുടങ്ങുകയും ചെയ്താൽപോലും നമുക്ക് ഉടനെയൊന്നും കാര്യാദികൾ കീഴുമേൽ മറിക്കാൻ കഴിയുകയില്ല. കഴിഞ്ഞവർഷങ്ങളിൽ പ്രത്യക്ഷപ്പെട്ട പരിസ്ഥിതി സംരക്ഷണ സംഘടനകളും പകരം ജീവിതരീതികളും നോക്കുക. അവരിൽ ചിലർ പത്രവാർത്ത പിടിച്ചെടുക്കുന്നതിൽ വിജയിച്ചിരിക്കാമെങ്കിലും സമുദായത്തിന്റെ പ്രധാനഭാഗത്തിന്റെ പോക്കിൽ എന്തെങ്കിലും യഥാർത്ഥ ഫലം ഉളവാക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ടോ? അശേഷമില്ല. എന്താണ് പ്രശ്നം? വ്യാവസായികവും സാംസ്കാരികവും രാഷ്ട്രീയവുമായ മുഴു വ്യവസ്ഥിതിയും എളുപ്പം ഉപയോഗിക്കാവുന്നതും ഉപയോഗിച്ചശേഷം വലിച്ചെറിയാവുന്നതുമായ ഉപഭോഗവസ്തുക്കൾ എന്ന ആശയഗതിയെ ഉന്നമിപ്പിക്കാൻ ശ്രമിക്കുന്നുവെന്നതാണ്. ഈ അവസ്ഥയിൽ അടിസ്ഥാനം മുതൽ ഒരു പുനർനിർമ്മാണം കൂടാതെ ഒരു മാററവും ഉണ്ടാവുകയില്ല. അതിന് ബൃഹത്തായ ഒരു പുനർവിദ്യാഭ്യാസം ആവശ്യമായിരിക്കും.
ഒരു ശോഭനമായ ഭാവിയുണ്ടോ?
ഒരു ഉപകാരി പ്രദാനം ചെയ്തതും സജ്ജീകൃതവും പൂർണ്ണ സൗകര്യങ്ങളോടുകൂടിയതുമായ ഒരു വീട്ടിൽ താമസിക്കുന്ന ഒരു കുടുംബത്തിന്റേതിനോട് സാഹചര്യം ഉപമിക്കാൻ കഴിയും. വീട്ടിൽ പൂർണ്ണസുഖം തോന്നുന്നതിന് അവർക്ക് തൃപ്തിയാകുവോളം വീട്ടിലെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാൻ അനുവാദം നൽകിയിരുന്നു. കുടുംബം വീട്ടുപകരണങ്ങൾ കേടുവരുത്താനും തറ കുത്തിപ്പൊളിക്കാനും ജനാലകൾ തകർക്കാനും കക്കൂസ് പൈപ്പുകളിൽ പ്രതിബന്ധമുണ്ടാക്കാനും വൈദ്യുത വയറുകളിൽ അമിതഭാരം കൊടുക്കാനും തുടങ്ങുന്നെങ്കിൽ—ചുരുക്കി പറഞ്ഞാൽ വീട് പൂർണ്ണമായും നശിപ്പിക്കുമെന്ന് ഭീഷണിമുഴക്കുന്നെങ്കിൽ എന്തു സംഭവിക്കും? ഉടമസ്ഥൻ കയ്യുംകെട്ടി നോക്കിയിരിക്കുകയും ഒന്നും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുമോ? സാദ്ധ്യതയില്ല. തന്റെ വസ്തുവിൽനിന്ന് വിനാശകരായ താമസക്കാരെ നീക്കംചെയ്യാൻ അയാൾ നടപടി സ്വീകരിക്കുകയും അതിനുശേഷം അതിന്റെ ഉചിതമായ അവസ്ഥയിൽ പുനഃസ്ഥാപിക്കുകയും ചെയ്യും. അത്തരം പ്രവർത്തനം നീതീകരിക്കാവുന്നതല്ലെന്ന് ആരും പറയുകയില്ല.
അപ്പോൾ മനുഷ്യകുടുംബത്തെ സംബന്ധിച്ചെന്ത്? നാം സ്രഷ്ടാവായ യഹോവയാം ദൈവത്താൽ പ്രദാനം ചെയ്യപ്പെട്ട സുസജ്ജീകൃതവും മികച്ച സംവിധാനങ്ങളുള്ളതുമായ ഒരു ഭവനത്തിൽ താമസിക്കുന്ന താമസക്കാരെപ്പോലെയല്ലെ? അതെ അങ്ങനെയാണ്, എന്തെന്നാൽ സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെ: “ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവക്കുള്ളതാകുന്നു.” (സങ്കീർത്തനം 24:1; 50:12) ജീവിതം സാദ്ധ്യമാക്കിത്തീർക്കുന്ന അവശ്യകാര്യങ്ങളെല്ലാം—വെളിച്ചവും വായുവും വെള്ളവും ആഹാരവും—ദൈവം നമുക്ക് പ്രദാനം ചെയ്തുവെന്നു മാത്രമല്ല ജീവിതം ആസ്വാദ്യകരമാക്കിത്തീർക്കുന്നതിന് അവ വളരെ സമൃദ്ധമായും വിവിധരൂപത്തിലും അവൻ പ്രദാനം ചെയ്തിരിക്കുന്നു. എങ്കിലും കുടികിടപ്പുകാർ എന്നനിലയിൽ മനുഷ്യവർഗ്ഗം എങ്ങനെയാണ് പെരുമാറിയിരിക്കുന്നത്? വളരെ നല്ലനിലയിലല്ലെന്നുള്ളത് നിർഭാഗ്യകരം തന്നെ. അക്ഷരാർത്ഥത്തിൽ നാം താമസിക്കുന്ന മനോഹരമായ ഈ ഭവനത്തെ നാം നശിപ്പിക്കുകയാണ്. ഉടമസ്ഥനായ യഹോവയാം ദൈവം അതുസംബന്ധിച്ച് എന്തുചെയ്യും?
“ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും”—ദൈവം ചെയ്യുന്നത് അതാണ്! (വെളിപ്പാട് 11:18) അവൻ ഇത് എങ്ങനെ ചെയ്യും? ബൈബിൾ ഉത്തരം നൽകുന്നു: “ഈ രാജാക്കൻമാരുടെ കാലത്ത് സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്ക് ഏൽപിക്കപ്പെടുകയില്ല; അത് ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കുകയും എന്നേക്കും നിലനിൽക്കുകയും ചെയ്യും.”—ദാനിയേൽ 2:44.
അനിശ്ചിതമായി നിലനിൽക്കുന്ന ദൈവരാജ്യഭരണത്തിൻ കീഴിൽ നമുക്ക് എന്തു പ്രതീക്ഷിക്കാൻ കഴിയും? പ്രവാചകനായ യെശയ്യാവിന്റെ വാക്കുകളിൽ വരാൻ പോകുന്നതിന്റെ ഒരു പൂർവ്വവീക്ഷണം നമുക്കു നൽകപ്പെട്ടിരിക്കുന്നു:
“അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറെറാരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറെറാരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സ് വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതൻമാർ തന്നെ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും. അവർ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിനായിട്ടു പ്രസവിക്കുകയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും.”—യെശയ്യാവ് 65:21-23.
മനുഷ്യവർഗ്ഗത്തിന് അത് എന്തൊരു ശോഭനമായ ഭാവിയാണ്! ദൈവം ഉണ്ടാക്കുന്ന ആ പുതിയ ലോകത്തിൽ മനുഷ്യവർഗ്ഗം മേലാൽ പാർപ്പിടത്തിന്റെയും ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ആരോഗ്യത്തിന്റെയും അവഗണനയുടെയും പ്രശ്നങ്ങളാൽ ബാധിക്കപ്പെടുകയില്ല. ഒടുവിൽ, ദൈവത്തിന്റെ മേൽനോട്ടത്തിലുള്ള അനുസരണമുള്ള മനുഷ്യവർഗ്ഗത്തിന് ജനപ്പെരുപ്പത്തിന്റെ ഒരു ഭീഷണികൂടാതെ ഭൂമിയെ നിറക്കാനും അതിനെ കീഴടക്കാനും കഴിയും.—ഉൽപത്തി 1:28. (g91 11/8)
[13-ാം പേജിലെ ചതുരം]
ഭക്ഷണം മിക്കപ്പോഴും ചെലവേറിയതാകുന്നത് എന്തുകൊണ്ട്?
ഭക്ഷണ പദാർത്ഥത്തിന്റെ യഥാർത്ഥ ചെലവ് കുറയുകയാണെങ്കിലും ഭക്ഷണത്തിന്റെ കമ്പോളവില വർദ്ധിക്കുന്നുവെന്നതാണ് സാധാരണ അനുഭവം. എന്തുകൊണ്ട്? ഒരു ലളിതമായ കാരണം നഗരവൽക്കരണമാണ്. ലോകത്തിൽ എന്നെന്നും വളർന്നുകൊണ്ടിരിക്കുന്ന നഗരങ്ങളിലെ ആളുകളെ തീററിപോററുന്നതിന് ഭക്ഷ്യപദാർത്ഥങ്ങൾ വളരെ ദൂരത്തുനിന്ന് കൊണ്ടുവരേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന്, ഐക്യനാടുകളിൽ “അൽപം സ്വാഭാവിക ഭക്ഷണം വയലിൽനിന്നു തീൻമേശയിലേക്ക് 2,100 കിലോമീററർ യാത്ര ചെയ്യുന്നു,” എന്ന് വേൾഡ്വാച്ച് നടത്തിയ ഒരു പഠനം പറയുന്നു. ഉപഭോക്താവ് ആഹാരത്തിനുമാത്രമല്ല വിലകൊടുക്കേണ്ടത് പിന്നെയോ അതു പാകപ്പെടുത്തുന്നതിനും പാക്കററിലാക്കുന്നതിനും സ്ഥലത്തെത്തിക്കുന്നതിനുമുള്ള പരോക്ഷമായ ചെലവുകൾക്കും കൂടെയാണ്.
[10-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഭൂമിയുടെ അന്തരീക്ഷം സൂര്യന്റെ ചൂട് പിടിച്ചുനിർത്തുന്നു. എന്നാൽ ഉണ്ടാകുന്ന ചൂടിന്—ഇൻഫ്രാറെഡ് വികിരണം വഹിച്ചുകൊണ്ടു പോകുന്നത്— ഗ്രീൻഹൗസ് വാതകങ്ങൾ നിമിത്തം എളുപ്പം രക്ഷപെടാൻ കഴിയുന്നില്ല, അങ്ങനെ ഭൂമിയുടെ ഉപരിതലത്തിലെ ചൂട് വർദ്ധിപ്പിക്കുന്നു
ഗ്രീൻഹൗസ് വാതകങ്ങൾ
രക്ഷപെടുന്ന വികിരണം
കുടുങ്ങിക്കിടക്കുന്ന ഇൻഫ്രാറെഡ് വികിരണം
[12-ാം പേജിലെ ചിത്രങ്ങൾ]
ഒരു കിലോഗ്രാം മാട്ടിറച്ചി ഉത്പാദിപ്പിക്കുന്നതിന് അഞ്ചു കിലോഗ്രാം ധാന്യം വേണം. അങ്ങനെ ലോകജനസംഖ്യയുടെ മാംസഭുക്കുകളായ ഭാഗം ലോകത്തിലെ ധാന്യ ഉൽപാദനത്തിന്റെ പകുതിയോളം തിന്നുതീർക്കുന്നു