ജനനിബിഡമായ ഹോങ്കോങ്ങിൽ എന്റെ ജീവിതത്തിലെ ഒരു ദിനം
ഹോങ്കോങ്ങ് ലോകത്തിൽ ഏററവും അധികം ജനവാസമുള്ള സ്ഥലങ്ങളിൽ ഒന്നാണ്. അതിന്റെ 1,070 ചതുരശ്ര കിലോമീററർ സ്ഥലത്ത് 58 ലക്ഷം ആളുകൾ വസിക്കുന്നതുകൊണ്ട് അതിന് ഒരു ചതുരശ്ര കിലോമീറററിന് 5,592 ആളുകൾ വീതം ഉണ്ട്. അത് ഒരു ചതുരശ്ര കിലോമീററർ താമസസ്ഥലത്ത് ശരാശരി 54,000-ത്തോളം പേരെ സൂചിപ്പിക്കുന്നു! എങ്കിലും തദ്ദേശീയരായ ആളുകൾ ഞെരുങ്ങിയ താമസസ്ഥലവും ശബ്ദകോലാഹലങ്ങളും മലിനീകരണവും സഹിതം തിങ്ങിഞെരുങ്ങിയ ഒരു നഗരത്തിന്റെ തിക്കും തിരക്കുമായി പ്രശംസനീയമാംവിധം പൊരുത്തപ്പെട്ടിരിക്കുന്നുവെന്നു തോന്നുന്നു.
ഞാൻ രാവിലെ 7:30-ന് എന്റെ ക്ലോക്കിലെ തുളച്ചുകയറുന്ന അലാറം കേട്ട് ഉണർന്നു, എന്റെ കിടക്കയിൽനിന്ന് എഴുന്നേററ് വേഗം ഉടുത്തൊരുങ്ങി. ഞാൻ എന്റെ മാതാപിതാക്കളോടും മൂന്ന് ഇളയ സഹോദരിമാരോടും കൂടെ ഒരു ചെറിയ ഫ്ളാററിൽ താമസിക്കുന്നു, എല്ലാവർക്കും ജോലിയുണ്ട്. അതുകൊണ്ട് കുളിമുറിയുടെ ഉപയോഗത്തിന് എപ്പോഴും ക്യൂവാണ്, ഞങ്ങളുടെ സമയം പരിമിതവുമാണ്. പെട്ടെന്ന് പ്രഭാതഭക്ഷണം കഴിച്ച്, ഞാൻ എന്റെ സൈക്കിളിൽ കയറി റെയിൽവേ സ്റേറഷനിലേക്ക് പായുന്നു. പ്രതിദിനകഷ്ടപ്പാട് തുടങ്ങിക്കഴിഞ്ഞു. ഞാൻ തിരക്കുപിടിച്ച ഹോങ്കോങ്ങിൽ ജോലിക്കുപോകുന്ന വലിയ ജനാവലിയിൽ ഒരാളായിത്തീർന്നു.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അംബരചുംബികളെയും അടുത്തടുത്തു പണിതിരിക്കുന്ന വീടുകളെയും പിന്നിട്ട് ട്രെയിൻ എന്നെയും വഹിച്ചുകൊണ്ട് പാഞ്ഞുചെന്ന് നിൽക്കുന്നു. അപ്പോൾ തുറമുഖം കുറുകെ കടക്കുന്നതിനു ഞാൻ ഒരു ബസ്സിലേക്ക് മാറിക്കയറുന്നു. ഞങ്ങൾ ഒരു ടണലിലൂടെ പോകുന്നു, തിരക്കുപിടിച്ച വാഹനഗതാഗതം തന്നെ. ഹോങ്കോങ്ങ് ദ്വീപിൽ ചെന്നിറങ്ങിയത് എന്തൊരു ആശ്വാസം, അവിടെ കേന്ദ്ര സാമ്പത്തിക പ്രവിശ്യയിലാണ് എന്റെ ഓഫീസ്. മുഴുയാത്രക്കും കൂടെ ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ എടത്തേക്കാം, അതു ഗതാഗത തിരക്കിനെ ആശ്രയിച്ചിരിക്കും. ഒടുവിൽ സമയം 9:30 ആകുന്നു. എന്നാൽ അല്പമൊന്നു വിശ്രമിക്കാൻ സമയമില്ല,—ഫോൺബെല്ല് അടിക്കാൻ തുടങ്ങുന്നു. അന്നത്തെ എന്റെ ആദ്യ ഇടപാടുകാരൻ തന്നെ. എന്റെ ഒരോ ദിവസത്തെയും വൃത്താന്തം അതായിത്തീരുന്നു—ഒന്നിനു പുറകെ ഒന്നായി ഫോൺവിളി, ഫോണിന് വിശ്രമമില്ല. തുടർന്ന് ഉച്ചഭക്ഷണത്തിനായി ഒരു ഹ്രസ്വ ഇടവേള.
ഇപ്പോൾ പ്രദേശത്തുള്ള നിരവധി റെസ്റെറാറൻറുകളിലൊന്നിൽ ഒരു ഇരിപ്പിടം കണ്ടെത്തുന്നതാണ് പ്രശ്നം. എല്ലാവരും ഒരേ സമയത്ത് ഒരേ സ്ഥലത്ത് മിക്കപ്പോഴും ഒരേ മേശയിൽ ഭക്ഷിക്കാൻ ശ്രമിക്കുന്നതുപോലെ തോന്നുന്നു! ഒരിക്കൽകൂടെ ഞാൻ തീർത്തും അപരിചിതരോടുകൂടെയിരുന്നു ഭക്ഷണം കഴിക്കുന്നു. അതാണു ജനനിബിഡമായ ഹോങ്കോങ്ങിലെ ജീവിതം. പെട്ടെന്ന് ചൈനീസ് പുഷ്ടഭോജനം കഴിച്ചശേഷം ഞാൻ ഓഫീസിലേക്ക് തിരിച്ചുപോകുന്നു.
എന്റെ ജോലിസമയം 5:30-ന് തീരേണ്ടതാണ്, എന്നാൽ വിരളമായേ അതു സംഭവിക്കാറുള്ളു. പ്രതീക്ഷിച്ചതുപോലെ, എന്റെ ജോലി തീർന്ന് ക്ലോക്കിൽ നോക്കിയപ്പോൾ സമയം 6:15. ചില ദിവസങ്ങളിൽ എനിക്ക് പോകാൻ കഴിയുമ്പോഴേക്കും മണി ഏഴു കഴിഞ്ഞിരിക്കും. അതിനുശേഷം വീട്ടിലേക്കുള്ള ദീർഘയാത്രയാണ്.
ആദ്യം ബസ്, പിന്നെ ട്രെയിൻ. ഒടുവിൽ അത് എന്റെ സ്റേറഷനിൽ ചെന്നു നിൽക്കുന്നു, ഞാൻ എന്റെ സൈക്കിളിനടുത്തേക്ക് മുന്നോട്ടു നീങ്ങുന്നു. ഞാൻ വീട്ടിലേക്ക് സൈക്കിളോടിച്ചുപോകുമ്പോൾ ഞങ്ങളുടെ കൊച്ചു പട്ടണം തിങ്ങിനിറഞ്ഞ ശബ്ദമുഖരിതമായ ഒരു ആധുനിക നഗരമായി വളർന്നതെങ്ങനെയെന്ന് ഞാൻ ഓർമ്മിക്കുന്നു. ചെറിയ ഗ്രാമ്യഭവനങ്ങൾ മാററി 29-ഉം 30-ഉം നിലകളുള്ള ഉയർന്ന കെട്ടിടങ്ങൾ തൽസ്ഥാനത്തു വന്നിരിക്കുന്നു. വലിയൊരു ഭൂപ്രദേശം വലുതും വിശാലവുമായ റോഡുകൾ കൈയടക്കിയിരിക്കുന്നു, ബൃഹത്തായ ഫ്ളൈഓവറുകൾ ശബ്ദമുഖരിതമായ വാഹനങ്ങളുടെ പ്രവാഹത്താൽ നിറഞ്ഞിരിക്കുന്നു. പഴയ സാവകാശ ജീവിതരീതി എന്നെന്നേക്കുമായി പോയ്പ്പോയിരിക്കുന്നു.
ഭവനം തീരെ ചെറുതാണ്—ഞങ്ങൾ ആറു പേർക്കായി 28 ചതുരശ്രമീറററിൽ താഴെ, എനിക്ക് ഒരു സ്വകാര്യമുറിയില്ലതാനും. അതുകൊണ്ടാണ് ഞാൻ പൊതു വിശ്രമമുറിയിലെ ഒരു കട്ടിലിൽ ഉറങ്ങുന്നത്. എന്റെ മാതാപിതാക്കൾക്കെങ്കിലും ഒരു മുറി സ്വന്തമായിട്ടുണ്ട്, എന്റെ മൂന്നു സഹോദരിമാരും അവരുടെ ഇടുങ്ങിയ മുറിയിലെ തട്ടുകളിൽ കിടന്നുറങ്ങുന്നു. സ്വകാര്യമുറി ഞങ്ങൾക്കൊരു ആഡംബരമാണ്.
അതു ചെറുതാണെങ്കിലും ഞങ്ങൾ മുമ്പ് ഒരു സർക്കാർവക പാർപ്പിടത്തിൽ ഒററമുറിയിൽ താമസിച്ചപ്പോഴത്തേതിനേക്കാൾ വമ്പിച്ച പുരോഗമനമാണ്. എന്നാൽ അതുപോലും മോൺ ഗോക് പ്രവിശ്യയിൽ “ഗുഹാ മുറികൾ” വാടകക്കെടുത്തു താമസിക്കുന്നവരുടേതുമായി താരതമ്യം ചെയ്യുമ്പോൾ എത്ര മെച്ചമാണ്, മൂന്നു തട്ടും 1.8 മീററർ നീളവും .8 മീററർ ആഴവും .8 മീററർ ഉയരവും ഉള്ളതുതന്നെ. അവർക്ക് ഒരു പായ വിരിക്കാനും ഏതാനും സ്വകാര്യ വസ്തുവകകൾക്കുമുള്ള സ്ഥലമേയുള്ളു. വീട്ടുസാമാനങ്ങൾക്ക് ഇടമില്ല.
ഒമ്പതു മണിയാകുമ്പോഴേക്കും എല്ലാവരും വീട്ടിൽ വന്നുചേരുന്നു, ഞങ്ങൾ അത്താഴത്തിന് ഇരിക്കുന്നു. അത്താഴശേഷം ആരെങ്കിലും ടിവി ഓൺചെയ്യും. അത് സ്വസ്ഥമായിരുന്നു കുറച്ചു വായിക്കാനും പഠിക്കാനുമുള്ള എന്റെ പ്രതീക്ഷയെ നശിപ്പിക്കുന്നു. പതിനൊന്നു മണിക്ക് എല്ലാവരും ഉറങ്ങാൻ പോകുന്നതുവരെ ഞാൻ കാത്തിരിക്കുന്നു, അപ്പോൾ മുറി എനിക്ക് സ്വന്തമായി കിട്ടി, കൂടെ ഏകാഗ്രതക്കുള്ള കുറെ സമാധാനവും ശാന്തതയും. അർദ്ധരാത്രിയാകുമ്പോഴേക്കും ഞാനും ഉറങ്ങാൻ തയ്യാറായി.
ഏതാണ്ട് 12 വർഷം മുമ്പ് സ്കൂൾ വിട്ടശേഷം ഞാൻ ജോലിചെയ്യുകയായിരുന്നു. ഒരു നാളിൽ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ ഒരു സ്ത്രീയെ നന്നായി പരിചയപ്പെടാൻപോലും സമയമില്ലാതവണ്ണം ജീവിക്കാൻവേണ്ടി എനിക്ക് കഠിനാദ്ധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. കൂടാതെ താമസിക്കാൻ ഒരു സ്ഥലം കണ്ടെത്തുന്നത് ഞങ്ങൾ പറയാറുള്ളതുപോലെ സ്വർഗ്ഗത്തിൽ കയറുന്നതിനേക്കാൾ വിഷമമാണ്. തരണംചെയ്യാൻ ഞങ്ങൾ പഠിച്ചുകഴിഞ്ഞുവെങ്കിലും ഇത്തരത്തിലുള്ള ഉദ്വേഗം നിറഞ്ഞ നഗരജീവിതം സ്വാഭാവികമാണെന്ന് എനിക്കു തോന്നുന്നില്ല. എന്നാൽ മാന്യമായ ഭവനങ്ങളോ വൈദ്യുതിയോ ജലവിതരണമോ വേണ്ടത്ര ആരോഗ്യരക്ഷയോ ഇല്ലാതെ ജീവിക്കുന്ന ദശലക്ഷങ്ങളേക്കാളും ഒരുപക്ഷേ ലോകത്തിലെ ശതകോടികളേക്കാളും വളരെ മെച്ചപ്പെട്ട അവസ്ഥയിലാണ് ഞാനെന്ന് തിരിച്ചറിയുന്നു. തീർച്ചയായും നമുക്ക് ഒരു മെച്ചപ്പെട്ട വ്യവസ്ഥിതി, ഒരു മെച്ചപ്പെട്ട ലോകം, ഒരു മെച്ചപ്പെട്ട ജീവിതം ആവശ്യമാണ്.—കിൻ കൂൺ പറഞ്ഞപ്രകാരം. (g91 11/8)