തിരക്കേറിയ വിമാനത്താവളമായി മാറിയ കൊച്ചു ദ്വീപ്
ഹോങ്കോംഗിലെ ഉണരുക! ലേഖകൻ
“നമ്മുടെ വിമാനം ടെലിവിഷൻ ആന്റിനകളൊക്കെ ഇടിച്ചു തെറിപ്പിക്കുമെന്നു തോന്നുന്നു!” വിമാനം കയ് താക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ തുടങ്ങവേ ജാലകത്തിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടിരുന്ന യാത്രക്കാരി പരിഭ്രമത്തോടെ വിളിച്ചു പറഞ്ഞു. അടുത്തുള്ള കൗലൂൺ നഗരത്തിൽ, തുണി വിരിച്ചിട്ടുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ തലയ്ക്കു മീതെകൂടി കാതടപ്പിക്കുന്ന ശബ്ദത്തിൽ വിമാനം ഇരമ്പിപ്പാഞ്ഞുപോയി.
“പർവതങ്ങളാണ് പ്രശ്നം,” ജോൺ എന്ന വൈമാനികൻ പറയുന്നു. അപകടം പിടിച്ച ഈ സ്ഥലത്ത് ഒട്ടേറെ പ്രാവശ്യം വിമാനം ഇറക്കിയിട്ടുള്ള ഒരാളാണ് അദ്ദേഹം. “വടക്കു പടിഞ്ഞാറുനിന്ന് വിമാനം ഇറക്കാമെന്നു വെച്ചാൽ റൺവേയിൽ എത്തുന്നതിനു തൊട്ടുമുമ്പ് വിമാനം തിരിക്കേണ്ടി വരും. അത് അപകടമാണ്. താഴേക്കുള്ള വായുപ്രവാഹത്തിനും പർവതങ്ങൾ ഇടയാക്കുന്നു, ഞങ്ങൾ ഇതിനെ വിൻഡ് ഷിയർ എന്നാണു വിളിക്കുന്നത്.”
പരിഭ്രാന്തരായ യാത്രികരും വൈമാനികരും പ്രത്യേകിച്ച് കൗലൂൺ നഗരവാസികളും കാത്തിരുന്ന ആ സുദിനം ഒടുവിൽ വന്നെത്തി. ജൂലൈ 1998-ൽ ഹോങ്കോംഗ് പുതിയ ഒരു വിമാനത്താവളം ഉപയോഗിക്കാൻ തുടങ്ങി.
ദ്വീപിൽ ഒരു വിമാനത്താവളം
1980-കളോടെ കയ് താക്ക് വിമാനത്താവളം, വിപുലീകരിക്കാവുന്നതിന്റെ പരമാവധി വിപുലീകരിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് പുതിയ ഒരു വിമാനത്താവളം സ്ഥാപിക്കാൻ ഇടം തേടേണ്ടിവന്നു. എന്നാൽ ഒരു വിമാനത്താവളത്തിന് മതിയായ നിരപ്പായ സ്ഥലം ഹോങ്കോംഗിൽ ലഭ്യമായിരുന്നില്ല. മാത്രമല്ല, തങ്ങളുടെ ചുറ്റുവട്ടത്ത് ഒച്ചയും ബഹളവുമുള്ള ഒരു വിമാനത്താവളം ഉണ്ടായിരിക്കാൻ ആളുകൾക്കും ആഗ്രഹമുണ്ടായിരുന്നില്ല. പരിഹാരം എന്തായിരുന്നു? വലുതെങ്കിലും വികസന പ്രവർത്തനങ്ങൾ ഒട്ടുംതന്നെ നടന്നിട്ടില്ലാത്ത ദ്വീപായ ലാന്റാവൂവിനു വടക്കു മാറി സ്ഥിതി ചെയ്യുന്ന ചെക്ക് ലാപ് കൊക് എന്ന കൊച്ചു ദ്വീപ്. സിവിൽ എഞ്ചിനീയർമാരെ സംബന്ധിച്ചിടത്തോളം വെല്ലുവിളി ഉയർത്തുന്ന ഒരു ദൗത്യം.
വിമാനത്താവളം നിർമിക്കാൻ ഈ കൊച്ചു ദ്വീപും അതിനടുത്തുള്ള ഒരു ദ്വീപും നിരപ്പാക്കണമായിരുന്നു. കൂടാതെ, ഒമ്പതര ചതുരശ്ര കിലോമീറ്റർ കടൽ മണ്ണിട്ടു നികത്തണമായിരുന്നു. വിമാനത്താവളത്തെ ഹോങ്കോംഗ് നഗരവുമായി ബന്ധിപ്പിക്കാൻ 34 കിലോമീറ്റർ നീളമുള്ള റെയിൽപ്പാളവും എക്സ്പ്രസ് ഹൈവേയും നിർമിച്ചു. ദ്വീപുകൾക്കും കടലിടുക്കുകൾക്കും മീതെകൂടിയും കൗലൂൺ നഗരത്തിലൂടെയും വിക്ടോറിയ തുറമുഖത്തിനു കുറുകെയുമാണ് അവ രണ്ടും പണിതിരിക്കുന്നത്. ഇതിനായി പാലങ്ങളും തുരങ്കങ്ങളും ആർച്ചുപാലങ്ങളും നിർമിക്കണമായിരുന്നു. ഇവയെല്ലാം കൂടെയായപ്പോൾ അത് ഇന്നോളം ഏറ്റെടുക്കപ്പെട്ടിട്ടുള്ളതിലേക്കും ഏറ്റവും വലിയ നിർമാണ പദ്ധതി ആയിത്തീർന്നു.
ദ്വീപുകളെ ബന്ധിപ്പിക്കുന്ന അസാധാരണ പാലങ്ങൾ
ലാന്റാവൂ ദ്വീപിനെ വൻകരയുമായി ബന്ധിപ്പിക്കുന്ന ലോകപ്രശസ്തമായ ഒരു സവിശേഷ നിർമിതിയായ ലാന്റാവൂ ലിങ്ക് കാണാൻ ആയിരക്കണക്കിന് ആളുകൾ ഹോങ്കോംഗിലെ ന്യൂ ടെറിറ്ററീസിലേക്കു പോകുന്നു. ലാന്റാവൂ ദ്വീപിനെ കൊച്ചു മാ വാൻ ദ്വീപുമായി ബന്ധിപ്പിക്കുന്ന ഒരു കേബിൾ പാലം, മാ വാനിനു മീതെയുള്ള ഒരു ആർച്ചുപാലം, മാ വാൻ ദ്വീപിനെ മൂന്നാമതൊരു ദ്വീപായ ചിങ് യിയുമായി ബന്ധിപ്പിക്കുന്ന 1,377 മീറ്റർ നീളമുള്ള ഒരു തൂക്കുപാലം എന്നിവയാണ് അതിൽ ഉൾപ്പെടുന്നത്. ലോകത്തിലുള്ള രണ്ടുനില പാലങ്ങളിൽ വെച്ച് ഏറ്റവും നീളം കൂടിയതാണ് ഇത്. മുകളിലത്തെ നില റോഡ് ഗതാഗതത്തിന് ഉള്ളതാണ്. ചുറ്റും മൂടിക്കെട്ടിയ താഴത്തെ നിലയിൽ റെയിൽപ്പാളവും മോട്ടോർ വാഹനങ്ങൾക്കു വേണ്ടിയുള്ള രണ്ടു നിരത്തും ഉണ്ട്.
ദൂരെ നിന്നു നോക്കിയാൽ തൂക്കുപാലത്തിന്റെ കേബിളുകൾ ദുർബലമാണെന്നു തോന്നും. എഞ്ചിനീയർമാരുടെ കണക്കുകൂട്ടലുകൾ എല്ലാം ശരിയായോ, പാലം തകർന്ന് വെള്ളത്തിൽ വീഴുമോ എന്നൊക്കെ നാം ചിന്തിച്ചുപോയേക്കാം. എന്നാൽ അടുത്തു ചെന്നു നോക്കിയാൽ കേബിളുകൾ ദുർബലമല്ല എന്നു മനസ്സിലാകും. 1.1 മീറ്റർ വ്യാസം ഉള്ള കേബിളുകളിൽ 1,60,000 കിലോമീറ്റർ—അതായത് ഭൂമിയെ നാലു തവണ ചുറ്റാൻ മതിയായ—നീളത്തിൽ കമ്പികൾ ഉണ്ട്. പാലത്തിന്റെ തട്ടിന്റെ 500 ടൺ ഭാരം വരുന്ന, മുന്നമേ വാർത്തുണ്ടാക്കിയ 95 ഭാഗങ്ങൾ വഹിക്കാൻ കേബിളുകൾക്ക് അത്ര കട്ടിയുണ്ടായിരിക്കണം. കേബിൾ പണി പൂർത്തിയായപ്പോൾ മുന്നമേ വാർത്തുണ്ടാക്കിയ ആ ഭാഗങ്ങൾ ബാർജുകപ്പലുകളിൽ സ്ഥലത്തെത്തിച്ചു. പിന്നീട് ക്രെയിനുകൾ ഉപയോഗിച്ച് അവ ബാർജുകളിൽനിന്ന് പൊക്കിയെടുത്തു യഥാസ്ഥാനത്ത് ഉറപ്പിച്ചു.
കേബിളുകളെ താങ്ങിനിർത്തുന്ന ടവറുകൾ അതാതു സ്ഥാനങ്ങളിൽ പടുത്തുയർത്തുന്നത് സ്ഥലവാസികൾ കൗതുകത്തോടെ നിരീക്ഷിച്ചു. കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന തട്ടുപലകകൾ ഇല്ലാതെയാണ് ഈ ടവറുകൾ കെട്ടി ഉയർത്തിയത്. പണിക്കാർ സ്ലിപ്പ്ഫോർമിങ് എന്ന ഒരു പ്രക്രിയയാണ് അതിന് ഉപയോഗിച്ചത്. ഈ പ്രക്രിയയിൽ, കോൺക്രീറ്റ് മിശ്രിതം ഒഴിക്കുന്ന ഷട്ടറുകൾ നേരെ മുകളിലേക്ക് ഉയർത്തുന്നു, അപ്പോൾ ഓരോ ഘട്ടത്തിലും അഴിച്ചു മാറ്റി വീണ്ടും കെട്ടിപ്പടുക്കേണ്ട ആവശ്യമില്ല. ഈ പുതിയ രീതി അവലംബിച്ച് പണിക്കാർ വെറും മൂന്നു മാസംകൊണ്ട് 190 മീറ്റർ ഉയരമുള്ള ഒരു ടവർ കെട്ടിപ്പൊക്കി.
ചുഴലിക്കാറ്റ് ഉണ്ടാകുന്ന മേഖലയാണ് ഹോങ്കോംഗ്. ശക്തമായ കാറ്റ് പാലത്തെ എങ്ങനെ ബാധിക്കും? 1940-ൽ മണിക്കൂറിൽ 68 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റ് യു.എസ്.എ.-യിലെ വാഷിങ്ടണിൽ ഉണ്ടായിരുന്ന ആദ്യത്തെ ടേക്കോമ നേരോസ് പാലത്തെ ഒരു മുളങ്കൊമ്പു തകർക്കുന്നതുപോലെയാണ് തകർത്തത്. പാലങ്ങളുടെ രൂപകൽപ്പന അതിൽപ്പിന്നെ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന കാറ്റിനെ ചെറുത്തുനിൽക്കാൻ പാകത്തിനു രൂപകൽപ്പന ചെയ്യപ്പെട്ട ഈ പാലങ്ങളുടെ ഗുണമേന്മ പരീക്ഷണങ്ങളിലൂടെ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
വിമാനത്താവളത്തിൽനിന്ന് നഗരത്തിലേക്ക് വെറും 23 മിനിറ്റ്!
കയ് താക്കിലെ മുൻ വിമാനത്താവളത്തിൽനിന്ന് ഹോംങ്കോംഗ് ദ്വീപിൽ എത്തുന്നതിനെക്കാൾ എളുപ്പമാണ് പുതിയ വിമാനത്താവളത്തിൽനിന്ന് അവിടെ എത്താൻ, അത് നാല് മടങ്ങിലധികം ദൂരെയാണെങ്കിലും. എന്തുകൊണ്ട്? കാരണം, ഹോങ്കോംഗിന്റെ ഹൃദയഭാഗത്തുള്ള സെൻട്രൽ എന്ന് അറിയപ്പെടുന്ന ബിസിനസ് കേന്ദ്രത്തിലേക്ക് മണിക്കൂറിൽ 135 കിലോമീറ്റർ വേഗത്തിൽ തീവണ്ടികൾ ഓടുന്നുണ്ട്. യാത്രയിൽ ആദ്യംതന്നെ നമ്മുടെ ദൃഷ്ടിയിൽ പെടുന്നത് ലാന്റാവൂവിലെ മൊട്ടക്കുന്നുകളാണ്. രണ്ടു ദ്വീപുകൾ കൂടെ താണ്ടി വൻകരയിലേക്കു കടക്കുമ്പോൾ തീവണ്ടി ക്വായ് ചുങ്ങിലുള്ള, ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ തുറമുഖത്തിന് അരികിലൂടെ കടന്നുപോകുന്നു. പിന്നെയും അഞ്ചു കിലോമീറ്റർ സഞ്ചരിച്ചശേഷം അത് 1,70,000 നിവാസികളുള്ള മോങ് കോക്കിൽ എത്തുന്നു. അവിടെ നിന്ന് അത് വിനോദസഞ്ചാര കേന്ദ്രമായ ചിം ഷാ ചൂയിയിലേക്കും തുറമുഖത്തിന് അടിയിലുള്ള ഒരു തുരങ്കത്തിലേക്കും പോകുന്നു. അങ്ങനെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട്, വെറും 23 മിനിറ്റുകൊണ്ട് തീവണ്ടി അവസാന സ്റ്റേഷനിൽ എത്തിച്ചേരുന്നു!
ഭാവിയിലേക്കുള്ള ഒരു വിമാനത്താവളം
1992 ഡിസംബറിൽ ചെക്ക് ലാപ് കൊക് ഒരു ചതുരശ്ര മൈൽ വരുന്ന, പാറകൾ നിറഞ്ഞ ഒരു ദ്വീപ് ആയിരുന്നു. 1995 ജൂണോടെ അത് 3,084 ഏക്കർ വരുന്ന ഒരു പുതിയ വിമാനത്താവളമായി മാറി. ഹോങ്കോംഗിന്റെ കര വിസ്തീർണം 1 ശതമാനം കൂടി. 44,000 ടൺ വരുന്ന ശക്തമായ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് ദ്വീപ് നിരപ്പാക്കിയത്. കടലിന്റെ അടിത്തട്ടിൽനിന്ന് മണൽ വാരിക്കൊണ്ടുവരാനായി വലിയ മണൽവാരിക്കപ്പലുകൾ ഉപയോഗിച്ചു. നിർമാണ പ്രവർത്തനം തകൃതിയായി നടന്നുകൊണ്ടിരുന്ന സമയത്ത് ദിവസം അഞ്ച് ഏക്കർ വീതം കടൽ മണ്ണിട്ട് നികത്തിയെടുത്തിരുന്നു. നിർമാണ പ്രവർത്തനം നടന്ന 31 മാസവും ഓരോ സെക്കൻഡിലും ശരാശരി പത്തു ടൺ വീതം നിർമാണവസ്തുക്കൾ എത്തിച്ചു കൊടുക്കേണ്ടിവന്നു. കടൽ നികത്തുന്ന പണി കഴിഞ്ഞതോടെ വിമാനത്താവളത്തിന്റെ പണി ആരംഭിച്ചു.
നിർമാണ പദ്ധതിയുമായി അടുത്തു ബന്ധപ്പെട്ടിരുന്ന സ്റ്റീവ് ചില പ്രധാനപ്പെട്ട വിവരങ്ങൾ നൽകുന്നു: “റൺവേ മോശമാണെങ്കിൽ ഇന്നത്തെ ജംബോജെറ്റ് വിമാനങ്ങൾ അതിലൂടെ ഓടുമ്പോൾ റൺവേ നശിക്കും. അതുകൊണ്ട് ടാറിടുന്നതിനു മുമ്പ് കൂറ്റൻ റോളറുകൾ ഉപയോഗിച്ച് മണൽ അമർത്തി. ആദ്യത്തെ റൺവേയുടെയും വിമാനം നിർത്തിയിടുന്ന സ്ഥലങ്ങളുടെയും പണി പൂർത്തിയാക്കിയപ്പോഴേക്കും ഈ റോളറുകൾ 1,92,000 കിലോമീറ്റർ—ഭൂമിയുടെ ചുറ്റളവിന്റെ അഞ്ചിരട്ടിക്കു തുല്യം—ദൂരം സഞ്ചരിച്ചിട്ടുണ്ടാകുമെന്നു കണക്കാക്കപ്പെടുന്നു.
“ടെർമിനലിന്റെ പണിയായിരുന്നു ഞങ്ങളുടെ കമ്പനി കോൺട്രാക്റ്റ് എടുത്തിരുന്നത്; മേൽക്കൂരയുടെ സ്റ്റീൽകൊണ്ടുള്ള ചട്ടക്കൂടുകൾ നിർമിക്കുകയും ഉറപ്പിക്കുകയും ചെയ്തതു ഞങ്ങളായിരുന്നു. ഇവയ്ക്ക് ഓരോന്നിനും 150 ടൺ വരെ ഭാരമുണ്ട്. ഒരു കൂറ്റൻ ക്രെയിൻ ഉപയോഗിച്ചാണ് അവ ബഹുചക്ര ട്രെയിലറുകളിലേക്ക് ഞങ്ങൾ കയറ്റിയത്. ട്രെയിലറുകൾ അവയെ മണിക്കൂറിൽ രണ്ടു കിലോമീറ്റർ എന്ന വേഗത്തിലാണ് ടെർമിനലിൽ എത്തിച്ചത്.”
അടച്ചുകെട്ടിയ കോൺക്രീറ്റ് പെട്ടിപോലുള്ള ഒന്നല്ല ഈ ടെർമിനൽ. വിമാനത്താവളത്തിലെ ജോലിക്കാർക്കും യാത്രികർക്കും ഒരുപോലെ ആനന്ദം പകരുന്ന, വെളിച്ചവും വായുസഞ്ചാരവും ധാരാളമുള്ള വിധത്തിൽ അതു കെട്ടിപ്പടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. ഇതിനുപുറമേ, യാത്രക്കാർക്ക് താമസം നേരിടാതിരിക്കാൻ വേണ്ട ക്രമീകരണങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. എത്തിയ വിവരം റിപ്പോർട്ട് ചെയ്യുന്ന കൗണ്ടറിൽനിന്ന് 30 മിനിറ്റുകൊണ്ട് യാത്രക്കാർക്ക് വിമാനത്തിൽ എത്താവുന്നതാണ്. യാത്രക്കാരെ ടെർമിനലിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് തടസ്സം കൂടാതെ എത്തിക്കാൻ ഡ്രൈവറില്ലാതെ ഓടുന്ന ഒരു തീവണ്ടിയുണ്ട്. അതിനു പുറമേ 2.8 കിലോമീറ്റർ നീളമുള്ള ചലിക്കും പാതകൾ യാത്രക്കാർക്ക് വലിയ ഒരു ആശ്വാസമാണ്.
സ്റ്റീവ് തുടരുന്നു: “1995-ൽ 2.7 കോടി യാത്രക്കാർ വന്നുപോകുന്നതു കണ്ട കയ് താക്കിനെ അപേക്ഷിച്ച് എത്രയോ വലിയ മാറ്റം! പുതിയ വിമാനത്താവളത്തിന് വർഷത്തിൽ 3.5 കോടി ആളുകളുടെ യാത്രാവശ്യങ്ങളും 30 ലക്ഷം ടൺ ചരക്കും കൈകാര്യം ചെയ്യാൻ സാധിക്കും. കാലാന്തരത്തിൽ 8.7 കോടി ആളുകളുടെ യാത്രാവശ്യങ്ങളും 90 ലക്ഷം ടൺ ചരക്കും കൈകാര്യം ചെയ്യാനുള്ള ശേഷി ഇതു കൈവരിക്കും!”
ഹോങ്കോംഗ് ഈ പദ്ധതിക്കുവേണ്ടി വലിയ തുക നീക്കിവെച്ചിട്ടുണ്ട്. ഏതാണ്ട് 2,000 കോടി ഡോളർ, അതായത് ഹോങ്കോംഗിലെ 63 ലക്ഷം നിവാസികളിൽ ഓരോരുത്തർക്കും 3,300 ഡോളർ വീതം. ചെക്ക് ലാപ് കൊക് ഹോങ്കോംഗിന്റെ ഇപ്പോഴത്തെ സമ്പദ്സമൃദ്ധി നിലനിർത്തുമെന്നാണ് പ്രത്യാശ. അത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. എങ്കിലും ഒരു സംഗതി ഉറപ്പാണ്: ഹോങ്കോംഗിൽ വിമാനത്തിൽ വന്നിറങ്ങുന്നത് ഒരു അവിസ്മരണീയ അനുഭവമായി തുടരും.
[12-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
വിമാനത്താവള റെയിൽവേ എക്സ്പ്രസ് ഹൈവേ
ചെക്ക് ലാപ്പ് കൊക്കിലെ വിമാനത്താവളം
ലാന്റാവൂ ദ്വീപ്
ഉത്തര ലാന്റാവൂ എക്സ്പ്രസ് ഹൈവേ
ലാന്റാവൂ ലിങ്ക്
കാപ്പ് ഷ്യൂ മുൺ പാലം
ചിങ് മാ പാലം
പശ്ചിമ കൗലൂൺ എക്സ്പ്രസ് ഹൈവേ
കൗലൂൺ
കയ് താക്കിലെ വിമാനത്താവളം
ഹോങ്കോംഗ് ദ്വീപ്
[13-ാം പേജിലെ ചിത്രം]
ചിങ് മാ പാലത്തിന്റെ നിർമാണം
[11-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
New Airport Projects Co-ordination Office