“കാങ്കു” വിമാനത്താവളം—കാണാമെങ്കിലും കേൾക്കാൻ കഴിയാത്തത്
ജപ്പാനിലെ ഉണരുക! ലേഖകൻ
ആകാശത്തുനിന്ന് കൺസായി അന്താരാഷ്ട്ര വിമാനത്താവളത്തെ സമീപിക്കുമ്പോൾ ഇംഗ്ലീഷിൽ “കൺസായി” എന്ന ആലേഖനമുള്ള ഒരു ദ്വീപു നിങ്ങൾക്കു കാണാം.a തീരത്തുനിന്ന് ഏതാണ്ട് അഞ്ചു കിലോമീറ്റർ മാറി ഒസാകാ ഉൾക്കടലിലാണ് ജപ്പാനിലെ ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. വിമാനത്താവളവും അതിനോടനുബന്ധിച്ചുള്ള മറ്റു സംവിധാനങ്ങളുമല്ലാതെ മറ്റൊന്നും കാണാൻ കഴിയില്ല. വാസ്തവം പറഞ്ഞാൽ വിമാനത്താവളത്തിനു വേണ്ടി പ്രത്യേകം നിർമിച്ചതാണ് ഈ ദ്വീപ്. 1994 സെപ്റ്റംബറിൽ ഉദ്ഘാടനംചെയ്ത ഈ വിമാനത്താവളത്തിന് അതിന്റെ ജപ്പാൻ നാമമായ കൺസായി കൊകൂസൈ കൂകോയുടെ ചുരുക്കമായ കാങ്കു എന്ന അപരനാമം നൽകപ്പെട്ടു.
റോഡ്മാർഗവും റയിൽമാർഗവും വിമാനത്താവള ദ്വീപിലെത്തിച്ചേരത്തക്കവിധം, 3.75 കിലോമീറ്റർ നീളമുള്ള ഒരു എക്സ്പ്രസ്വേ പാലം വൻകരയെയും ആ ദ്വീപിനെയും തമ്മിൽ ബന്ധിക്കുന്നു. ഈ ദ്വീപിൽ കപ്പലുകൾക്കുവേണ്ടി തുറമുഖസൗകര്യങ്ങളും ഫെറി സർവീസുകളും ഉണ്ട്. എന്നാൽ, ഒരു വിമാനത്താവളത്തിനുവേണ്ടി പുതിയ ഒരു ദ്വീപ് ഒന്നാകെ നിർമിക്കുന്നതെന്തിനാണ്?
കേൾക്കാൻ കഴിയാത്ത ഒരു വിമാനത്താവളം
കൺസായിയിലേക്കുള്ള വിനോദ സഞ്ചാരികളുടെയും സന്ദർശകരുടെയും എണ്ണം വർധിക്കുന്നതുകൊണ്ട് ഒസാകാ അന്താരാഷ്ട്രവിമാനത്താവളത്തിനു ചുറ്റുമുള്ള പാർപ്പിടപ്രദേശങ്ങൾക്കുമുകളിൽ ഇരമ്പുന്ന വിമാനങ്ങളുടെ എണ്ണം വർധിച്ചു. അവിടെ താമസിക്കുന്ന ജനങ്ങളെ ശബ്ദമലിനീകരണത്തിൽനിന്നു രക്ഷപ്പെടുത്താൻവേണ്ടി രാത്രി 9 മണി മുതൽ രാവിലെ 7 മണി വരെ നീളുന്ന ഒരു കർഫ്യൂ ഏർപ്പെടുത്തി. 1974 മുതലിങ്ങോട്ട് അന്താരാഷ്ട്ര വിമാനസർവീസുകളുടെ എണ്ണം കൂട്ടാൻ അനുവാദമില്ലായിരുന്നു. അതുകൊണ്ട്, ശബ്ദം വൻകരയിലേക്കു കേൾക്കാതെതന്നെ, വർധിച്ച എണ്ണം യാത്രക്കാരെയും ചരക്കുകളെയും കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഒരു വിമാനത്താവളം ഒരത്യാവശ്യമായിത്തീർന്നു.
ശബ്ദമലിനീകരണമില്ലാതെ മുഴുസമയവും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു വിമാനത്താവളം—ഈ പദ്ധതിയുമായി ബന്ധപ്പെട്ടവർക്ക് അതൊരു വലിയ വെല്ലുവിളിയായിരുന്നു. നിർദേശിക്കപ്പെട്ട ഒരേയൊരു പരിഹാരമാർഗം ജനങ്ങൾ താമസിക്കുന്നിടത്തുനിന്നു വളരെ ദൂരേക്കുമാറി ഒരു ദ്വീപു നിർമിച്ച് അതൊരു വിമാനത്താവളമാക്കി മാറ്റുക എന്നതായിരുന്നു. തീർച്ചയായും ഒരു ഭീമൻ പദ്ധതി തന്നെ!
പുതിയ വിമാനത്താവളം നിർമിക്കാനും പ്രവർത്തിപ്പിക്കാനുംവേണ്ടി ഒരു സ്വകാര്യ കമ്പനി രൂപവത്കരിച്ചുകൊണ്ട്, 1,500 ശതകോടി ഡോളർ ചെലവുവരുന്ന ഈ പദ്ധതിക്കുവേണ്ടി മുതൽമുടക്കിയത്, ദേശീയ, പ്രാദേശിക ഗവണ്മെന്റുകളും പ്രാദേശിക വ്യാപാരമേഖലയും ചേർന്നാണ്. “ദ്വീപു നിർമിക്കുന്നതിന് ഒരുപാടു സമയം ചെലവഴിക്കാൻ ഒരു സ്വകാര്യ കമ്പനിയെന്നനിലയിൽ ഞങ്ങൾക്കു കഴിയില്ല. പണി ത്വരിതഗതിയിൽ തീർക്കേണ്ടതുണ്ട്” എന്ന് കൺസായി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടായ ശ്രീ. കേസൂകേ കീമൂറൊ ഉണരുക!യോടു പറഞ്ഞു.
“ദ്വീപു നിർമിക്കുന്നു”
തീരത്തിനടുത്തായി ഭൂമി നികത്തിയെടുക്കുക എന്നതു തന്നെ വിഷമകരമാണ്, അപ്പോൾ പിന്നെ തീരത്തുനിന്ന് അഞ്ചു കിലോമീറ്റർ മാറി ഒരു ദ്വീപു നിർമിക്കുന്നതിനെപ്പറ്റി പറയേണ്ടതില്ലല്ലോ. 1,260 ഏക്കർ വിസ്തൃതിയുള്ള ഈ വിമാനത്താവള ദ്വീപു നിർമിക്കാൻ വേണ്ടി ഭൂമി നികത്തുന്നതിന് 18 കോടി ഘനമീറ്റർ മണലും മണ്ണും ഉപയോഗിച്ചു. “അത് 73 പിരമിഡുകൾക്കു തുല്യമാണ്—ഞാനുദ്ദേശിക്കുന്നത്, ഖുഫു രാജാവു നിർമിച്ച, ഏറ്റവും വലിയവയേയാണ്” എന്ന് ശ്രീ കീമൂറൊ വിവരിക്കുന്നു.
കടൽത്തറയിൽ ശരാശരി 18 മീറ്റർ ആഴത്തിൽ മൃദുലമായ ഒരു കളിമൺ പാളിയുണ്ട്. അതിൽനിന്നു വെള്ളം വറ്റിച്ചുകളയണം. “വെള്ളം വറ്റിച്ച് അടിത്തറ ഉറപ്പിക്കാൻവേണ്ടി 40 സെൻറീമീറ്റർ [16 ഇഞ്ച്] വ്യാസമുള്ള മണലിറക്കാവുന്ന പത്തുലക്ഷം തൂണുകൾ ആ പാളിയിലേക്ക് കുഴിച്ചിറക്കേണ്ടിവന്നു. നികത്താനുപയോഗിച്ച മണ്ണിന്റെയും മണലിന്റെയും ഭാരം മൂലം 20 മീറ്ററുണ്ടായിരുന്ന [66 അടി] മൃദുവായ മൺപാളിയുടെ കനം 14 മീറ്ററാക്കി [46 അടി] ചുരുക്കിക്കൊണ്ട് വെള്ളം പുറന്തള്ളപ്പെട്ടു. ഞങ്ങൾ ഏറ്റവും ഭയപ്പെട്ടിരുന്നത് അടിമണ്ണ് അസന്തുലിതമായി ഇരുന്നുപോയേക്കുമോ എന്നായിരുന്നു. അത് ഒരേ നിരപ്പിലായിരിക്കത്തക്കവിധം, നികത്താനുള്ള മണ്ണും മണലും എവിടെയാണ് ഉപയോഗിക്കേണ്ടതെന്നു കൃത്യമായി കണക്കാക്കാൻ വേണ്ടി ഞങ്ങൾ കമ്പ്യൂട്ടർ ഉപയോഗിച്ചു” എന്ന് ഭൂമിനികത്തൽ പദ്ധതിക്കു മേൽനോട്ടം വഹിച്ച ശ്രീ. കെനീച്ചീറോ മീനാമീ വിവരിക്കുന്നു.
ആകെക്കൂടി നികത്തിയ ഭൂമിയുടെ ആഴം നോക്കിയാൽ 33 മീറ്ററോളമുണ്ട്, അതായത് ഒരു പത്തുനിലക്കെട്ടിടത്തിനു തുല്യം. എന്നാൽ നികത്താനുപയോഗിച്ച മണ്ണിന്റെയും മണലിന്റെയും ഭാരം മൂലം കടൽത്തറ താണു, ഇപ്പോഴും താണുകൊണ്ടിരിക്കുകയാണ്. 50 വർഷത്തിനുള്ളിൽ കടൽത്തറ 1.5 മീറ്റർ കൂടി താഴുമെന്നു കണക്കാക്കപ്പെടുന്നു. അപ്പോൾ ദ്വീപിന്റെ ഉയരം സമുദ്രനിരപ്പിൽനിന്നു നാലു മീറ്ററായിരിക്കും.
1991-ൽ, മുഴു ദ്വീപും പണിതുണ്ടാക്കുന്നതിനുമുമ്പുതന്നെ യാത്രക്കാർക്കു വന്നുചേരാനും പുറപ്പെടാനുമുള്ള കെട്ടിടത്തിന്റെയും (പാസഞ്ചർ ടെർമിനൽ ബിൽഡിങ്) കൺട്രോൾ ടവറിന്റെയും പണി തുടങ്ങി. ഏഴു വർഷത്തിലധികം നീണ്ടുനിന്ന അശ്രാന്തപരിശ്രമത്തിന്റെ ഫലമായി ദ്വീപിന്റെയും വിമാനത്താവളത്തിന്റെയും അവയോടനുബന്ധിച്ചു വേണ്ട മറ്റു സൗകര്യങ്ങളുടെയും നിർമാണം പൂർത്തിയായി.
അതിബൃഹത്തെങ്കിലും അവികലമായത്
വിമാനത്തിൽ വരുന്ന യാത്രക്കാരെ ഒരു രസകരമായ വിസ്മയമാണ് എതിരേൽക്കുന്നത്. ഐക്യനാടുകളിൽനിന്നുള്ള ഒരു യാത്രക്കാരൻ പറയുന്നു: “ഞങ്ങൾ ബാഗേജ് എടുക്കാനുള്ള സ്ഥലത്തെത്തിയപ്പോഴേക്ക്, ഞങ്ങളുടെ സ്യൂട്ട്കേസുകൾ അവിടെയുണ്ടായിരുന്നു.” ഇത്രയും ഭംഗിയായി കാര്യങ്ങൾ നടക്കുന്നതിനു പിന്നിലെ രഹസ്യമെന്താണ്? “പാസഞ്ചർ ടെർമിനൽ ബിൽഡിങ് അതിബൃഹത്തായതാണെങ്കിലും അവികലമാണ്. എല്ലാ അന്താരാഷ്ട്രവിമാനത്താവളങ്ങളിലെയും പോലെ യാത്രക്കാർക്കു നൂറുനൂറ് ഇടനാഴികളിൽ കൂടി കയറിയിറങ്ങേണ്ട” എന്ന് ആ കെട്ടിടത്തിന്റെ മേൽനോട്ടം വഹിക്കുന്ന ശ്രീ. കാസൂഹിതോ ആറൊവോ പറയുന്നു.
പാസഞ്ചർ ടെർമിനൽ ബിൽഡിംഗിന്റെ ഘടന ലളിതമാണെങ്കിലും അനുപമമാണ്. പ്രധാനകെട്ടിടം രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത് യാത്രക്കാർ അനാവശ്യമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് ഒഴിവാക്കത്തക്കവിധമാണ്. രാജ്യത്തിനുള്ളിൽ മാത്രം യാത്ര ചെയ്യുന്ന യാത്രക്കാർക്ക് തീവണ്ടി സ്റ്റേഷനിൽനിന്നു നേരെ വിമാനത്താവളത്തിലെ ടിക്കറ്റു കാണിക്കുകയും ലഗേജുകൾ കൊടുക്കുകയും ചെയ്യുന്ന സ്ഥലത്തേക്ക് (ചെക്ക് ഇൻ കൗണ്ടർ) പ്രവേശിക്കാം. അവിടെനിന്ന് നടകളൊന്നും കയറിയിറങ്ങാതെ ബോർഡിങ് ഗേറ്റിലേക്കു പോകാം.
ചെക്ക് ഇൻ കൗണ്ടറുകൾ, ഇമിഗ്രേഷൻ ഓഫീസുകൾ, കസ്റ്റംസ് എന്നിവ സ്ഥിതിചെയ്യുന്ന മുഖ്യകെട്ടിടത്തിൽനിന്നു വടക്കോട്ടും തെക്കോട്ടും 700 മീറ്റർ വീതം നീണ്ടു കിടക്കുന്ന രണ്ടു കെട്ടിടങ്ങൾ 33 ബോർഡിങ് ഗേറ്റുകളിലേക്കു നീളുന്നു. മുഖ്യകെട്ടിടത്തിലേതല്ലാത്ത ഗേറ്റുകൾ ഉപയോഗിക്കുന്ന യാത്രക്കാർക്ക് വിങ് ഷട്ടിൽ എന്ന പേരിൽ അറിയപ്പെടുന്ന സ്വയം പ്രവർത്തിക്കുന്നതും പ്രത്യേകം സജ്ജീകരിച്ച പാതകളിൽക്കൂടി സഞ്ചരിക്കുന്നതുമായ വാഹന സംവിധാനം ഉപയോഗിക്കാം. അത് അഞ്ചു മിനിറ്റിനുള്ളിൽ യാത്രക്കാരെ അവർക്കെത്തേണ്ട ഗേറ്റിലെത്തിക്കും—ഷട്ടിലിനു വേണ്ടി കാത്തുനിൽക്കുന്ന സമയമുൾപ്പെടെയാണിത്.
കാണേണ്ട വിമാനത്താവളം
“പൂർണമായും കടലിൽ സ്ഥിതിചെയ്യുന്ന ഒരു വിമാനത്താവളമായതുകൊണ്ട് അത് എല്ലാ പ്രതിബന്ധങ്ങളിൽ നിന്നും സ്വതന്ത്രമാണ്” എന്ന് ശ്രീ. ആറൊവോ പറയുന്നു. “അതെ, വിമാനം നിലത്തിറക്കാൻ വളരെ എളുപ്പമുള്ള ഒരു വിമാനത്താവളമാണിതെന്നു പൈലറ്റുമാർ പറയുന്നതു ഞങ്ങൾ കേൾക്കാറുണ്ട്” എന്നു പറഞ്ഞുകൊണ്ട് ശ്രീ. കീമൂറൊ അതിനെ അനുകൂലിക്കുന്നു.
മറ്റു പലരും അതിന്റെ മനോഹാരിതയെ വിലമതിക്കുന്നു. വിമാനത്തിന്റെ ചിറകുകളുടെ ആകൃതിയിലുള്ള ടെർമിനൽ ബിൽഡിംഗിന്റെ സമ്മിശ്രഘടന കാങ്കുവിലേക്കു നിരവധി ടൂറിസ്റ്റുകളെ ആകർഷിച്ചിട്ടുണ്ട്. കൂടാതെ, അസാധാരണമായ ഈ ദ്വീപവിമാനത്താവളത്തിൽനിന്നു വിമാനങ്ങൾ പറന്നുപൊങ്ങുന്നതും അവിടേക്കു പറന്നിറങ്ങുന്നതും കാണുന്നത് അവർ ആസ്വദിക്കുന്നു. ഞങ്ങൾ “ആദ്യം ഉദ്ദേശിച്ചിരുന്നതല്ലെങ്കിലും വിമാനത്താവളം കാണാനെത്തുന്ന വിനോദസഞ്ചാരികൾക്കായി ഞങ്ങൾക്കു കേടുപോക്കൽ കേന്ദ്രത്തിന്റെ മുകളിൽ ഒരു നിരീക്ഷണ ഡക്ക് പണിയേണ്ടതായി വന്നു” എന്ന് ശ്രീ. കീമുറൊ പറയുന്നു. ഒരു ദിവസം ശരാശരി 30,000 പേർ വിമാനത്താവളം കാണാൻവേണ്ടി മാത്രം അവിടം സന്ദർശിക്കുന്നുണ്ട്.
നിങ്ങൾ ജപ്പാനിൽ, കൺസായി പ്രദേശത്തിന്റെ സമീപത്തെവിടെയെങ്കിലും സന്ദർശനം നടത്തുകയാണെങ്കിൽ അയൽവാസികൾക്കു കാണാൻ കഴിയുന്ന എന്നാൽ കേൾക്കാൻ കഴിയാത്ത വിമാനത്താവളമായ കാങ്കുവിലേക്കോ കാങ്കുവിൽനിന്നോ ഒരു വിമാനയാത്ര നടത്തിനോക്കരുതോ.
[അടിക്കുറിപ്പ്]
a പശ്ചിമ ജപ്പാനിലെ വാണിജ്യപ്രാധാന്യമുള്ള നഗരങ്ങളായ ഒസാകാ, കോബെ എന്നിവയും ചരിത്രപ്രാധാന്യമുള്ള നഗരങ്ങളായ ക്യോട്ടോ, നാരാ എന്നിവയും ഉൾക്കൊള്ളുന്ന പ്രദേശത്തിനു പൊതുവേ പറയുന്ന പേരാണ് കൺസായി. കൊകൂസൈ കൂകോ എന്നതിന്റെ അർഥം “അന്താരാഷ്ട്ര വിമാനത്താവളം” എന്നാണ്.
[25-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Kansai International Airport Co., Ltd.