നീർപ്പന്നി—സൃഷ്ടിയിലെ പിശകോ അത്ഭുതമോ?
വിരൂപനെന്നോ മടയനെന്നോ ആരെങ്കിലും നിങ്ങളെ വിളിച്ചാൽ നിങ്ങൾക്ക് എന്തു തോന്നും? ഒരുപക്ഷേ അപമാനിക്കപ്പെട്ടതായി തോന്നുമോ? കൊള്ളാം, അതാണു പരിണാമവാദിയായ ചാൾസ് ഡാർവിനും മററുള്ളവരും എന്നെ വിളിച്ചിരിക്കുന്നത്. ഞാൻ “സൃഷ്ടിയിലെ ഒരു പിശകാണെന്നു,” പോലും പറഞ്ഞ ഒരുവനേക്കുറിച്ചു ചിന്തിക്കുക! ഞാൻ സ്വതവേ ശാന്തനാണെങ്കിലും ഇതെന്നെ വാസ്തവത്തിൽ ക്ഷോഭിപ്പിക്കുന്നു. അതുകൊണ്ട് എന്റെ നാമം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ആകാരത്തെയും എന്റെ ഇഷ്ടങ്ങളെയും ഭയങ്ങളെയും—എന്റെ നല്ല വശങ്ങളെയും ചീത്ത വശങ്ങളെയും കുറിച്ചു ഞാൻ നിങ്ങളോടു പറയാം. അതിനുശേഷം ഞാൻ സൃഷ്ടിയിലെ ഒരു പിശകാണോ അതോ ഒരു അത്ഭുതമാണോ എന്നു നിങ്ങൾക്കുതന്നെ തീരുമാനിക്കാം.
ലോകത്തിലെ ഏററവും വലുത്
എന്നോടു ക്ഷമിക്കണം. ഞാൻ വളരെ ക്ഷുഭിതനാകയാൽ എന്നേത്തന്നെ പരിചയപ്പെടുത്താൻ മറന്നുപോയി. തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശത്തുനിന്നുള്ള എന്റെ പേരു ശ്രീമാൻ നീർപ്പന്നിയെന്നാണ്a. സ്പാനീഷ് സംസാരിക്കുന്ന ആളുകൾ എന്നെ കാർപ്പിംഷോ അഥവാ ചീഗ്വീറോ എന്നു വിളിക്കുന്നു. എനിക്കു നൽകപ്പെട്ടിട്ടുള്ള 190 പേരുകളിൽ കേവലം രണ്ടെണ്ണം മാത്രമാണിവ. എന്നിരുന്നാലും, “ലോകത്തിലെ കരണ്ടുതിന്നുന്ന ഏററവും വലിയ ജീവി,” എന്നു കൂടുതൽ നന്നായി ഞാനറിയപ്പെടുന്നു.
ഇത് അഹങ്കരിക്കുന്നതുപോലെ തോന്നുന്നു, എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല. എനിക്ക് ഒരാടിനോളം വലിപ്പമുണ്ടെന്നു നിങ്ങൾക്കു കാണാൻ കഴിയും. എന്നെ ത്രാസ്സിൽ വയ്ക്കുക, അതിന്റെ സൂചി 45 കിലോഗ്രാമിലേക്കു നീങ്ങുന്നതു കാണാം. എന്റെ ഇരട്ട സഹോദരിക്ക് 60 കിലോഗ്രാമോ അതിൽ കൂടുതലോ തൂക്കമുണ്ട്. എന്നുവരികിലും, 90 കിലോഗ്രാം ഭാരത്തിന്റെ റിക്കാർഡിട്ട ബ്രസ്സീലിലെ ഒരു പെൺ നീർപ്പന്നിയോടു താരതമ്യം ചെയ്യുമ്പോൾ അവൾ മെലിഞ്ഞതാണ്.
“പുല്ലിന്റെ യജമാനൻ”
മുഖ്യമായും പുല്ലു തിന്നുന്ന ഞങ്ങൾ പൂർണ്ണമായും സസ്യഭുക്കുകളായതിനാൽ ഈ ഭാരമെല്ലാം പോഷകം കുറഞ്ഞ ഭക്ഷണം ആർത്തിയോടെ തിന്നുന്നതിന്റെ ഫലമല്ല. ചിലപ്പോൾ ഞങ്ങൾ വളർത്തു കാലികളോടൊപ്പം പുല്ലു തിന്നുന്നു. മുൻകാലങ്ങളിലെ അമേരിക്കൻ ഇന്ത്യാക്കാർ ഞങ്ങളെ ആദരപൂർവം “പുല്ലിന്റെ യജമാനൻ,” എന്നു വിളിച്ചിരുന്നു. തീർച്ചയായും “വിരൂപനായ” എന്നതിനേക്കാൾ കൂടുതൽ ന്യായമായ ഒരു വർണ്ണനയാണ് അത്.
ഞങ്ങൾ ജലസസ്യങ്ങളും തിന്നുന്നു. നിങ്ങൾ ഉറങ്ങുമ്പോൾ നീരുള്ള തണ്ണിമത്തങ്ങയോ, മധുരമേറിയ കരിമ്പിൻതണ്ടോ, ഞാറോ കാർന്നു തിന്നാതിരിക്കാൻ ഞങ്ങൾക്കാവില്ല.
യഥാർത്ഥത്തിൽ നിങ്ങൾ കാണുമ്പോഴെല്ലാം ഞങ്ങൾ കരണ്ടു തിന്നുകയാണ്—ഞങ്ങൾ പെരുവയറൻമാരായതുകൊണ്ടല്ല, പിന്നെയോ ഞങ്ങൾ കരണ്ടുതിന്നുന്ന ജീവികൾ ആയതുകൊണ്ടാണ്. ഞങ്ങളുടെ അണപ്പല്ലുകളുടെ വളർച്ച ഒരിക്കലും നിലയ്ക്കുന്നില്ല, അതുകൊണ്ട് അവ തേയ്ച്ചുകളയാനുള്ള ഏകമാർഗ്ഗം ഞങ്ങൾ മരിക്കുന്നതുവരെ കടിച്ചുചവച്ചുകൊണ്ടിരിക്കുകയെന്നുള്ളതാണ്.
എന്നിരുന്നാലും, ജീവശാസ്ത്രകാരൻമാർ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, എന്തു ചവയ്ക്കണമെന്നുള്ളതു ഞങ്ങൾക്കറിയാം. “ഏററവുമധികം പ്രോട്ടീൻ അടങ്ങിയ” സസ്യങ്ങൾ മാത്രമാണു ഞങ്ങൾ തെരഞ്ഞെടുക്കുന്നത്, “ആടുകളെയോ മുയലുകളെയോ അപേക്ഷിച്ച് പുല്ലിനെ പ്രോട്ടീനാക്കി മാററുന്നതിൽ” ഞങ്ങളാണു കൂടുതൽ കാര്യക്ഷമതയുള്ളവരെന്ന് അവർ പറയുന്നു. ഞങ്ങൾ മടയൻമാരാണെന്ന് ആർ പറഞ്ഞു?
നീന്തൽ അവയവങ്ങളോടുകൂടിയ ഒരു പന്നി
എന്റെ ആകൃതി പ്രത്യേകതയുള്ളതാണെന്നു ഞാൻ സമ്മതിക്കുന്നു. ഉന്തിനിൽക്കുന്ന കണ്ണുകൾ; ചെറിയ വൃത്താകാരമായ ചെവികൾ; സങ്കോചിപ്പിക്കാവുന്ന നാസാരന്ധ്രങ്ങൾ—എന്റെ വലിയ തലയിൽ ഉയർന്നുനിൽക്കുന്ന ഇവയെല്ലാം സ്ഥായിയായ വിസ്മയത്തിന്റെ ഒരു ഭാവം എന്റെ മുഖത്തിനു നൽകുന്നു. “നീർക്കുതിരയോടു സമാനതയുള്ള ജംബോ ഗിനിയ പന്നി”യേപ്പോലെ ഞാനിരിക്കുന്നുവെന്നു ചിലർ പറയുന്നു. എനിക്കതു സഹിക്കാൻ കഴിയും. എന്നിരുന്നാലും, ചതുരാകൃതിയിലുള്ള എന്റെ മൂക്ക്, “തൊഴിൽ അഭ്യസിക്കുന്ന ഒരുവൻ ചരിഞ്ഞ വൃക്ഷകാണ്ഡത്തിൽ കൊത്തിയുണ്ടാക്കിയ”താണെന്നു തോന്നുന്നു എന്നു പറഞ്ഞ എഴുത്തുകാരനോടു ഞാൻ വിയോജിക്കുന്നു. “പന്നിയുടേതുപോലുള്ള ചെറിയ കണ്ണുകളോടുകൂടിയ ഒരു ഹാസ്യമുഖമാണ്” ഞാൻ വ്യക്തിപരമായി ഇഷ്ടപ്പെടുന്നത്.
തീർച്ചയായും, ഞാൻ പന്നിയുടെ ഒരു ബന്ധുവല്ല, എന്നാൽ എന്റെ കുറുകിയ കാലുകളും പിണ്ഡാകാരമായ, വീപ്പ പോലുള്ള ശരീരവുംനിമിത്തം ഞാൻ ഒരു പന്നിയേപ്പോലെ തോന്നിക്കുന്നു. അതിലുപരി, 200 വർഷങ്ങൾക്കുമുമ്പു സ്വീഡീഷ് സസ്യശാസ്ത്രജ്ഞനായ കരോളസ് ലിനെയസ് തെററിദ്ധരിച്ച് എന്നെ ഒരു പന്നിയായി തരംതിരിച്ചു. എന്തിന്, നീന്തൽ അവയവങ്ങളോടുകൂടിയ ഒരു പന്നിയെ നിങ്ങൾ എന്നെങ്കിലും കണ്ടിട്ടുണ്ടോ? അശേഷമില്ലായിരിക്കും! എന്നാൽ അതുതന്നെയാണു സ്രഷ്ടാവ് എനിക്കു തന്നത്, എന്നെ വിശ്വസിക്കുക, ഈ തോൽക്കാലുകൾ എനിക്കു വളരെ ഉപയോഗമുള്ളതാണ് എന്തെന്നാൽ ഞാൻ ജലത്തെ ഇഷ്ടപ്പെടുന്നു. വാസ്തവത്തിൽ പന്നിയുടേതുപോലുള്ള എന്റെ ശരീരവും വെള്ളത്തോടുള്ള എന്റെ പ്രിയവുമാണു നീർപ്പന്നിയെന്നുള്ള പരിഹാസപ്പേര് എനിക്കു നേടിത്തന്നത്.
ഒരു കൊഴുപ്പുരഹസ്യം
കുളങ്ങൾ, തടാകങ്ങൾ, നദികൾ, ചതുപ്പുനിലങ്ങൾ—മുഖ്യമായും വനങ്ങളാലും ഇടതൂർന്ന സസ്യജാലങ്ങളാലും ചുററപ്പെട്ടവ—എന്നിവയോടു ചേർന്നുകിടക്കുന്ന പ്രദേശമാണു എനിക്കു ചേരുന്ന ഭവനം. ഞാൻ വെള്ളത്തെ പ്രിയപ്പെടുക മാത്രമല്ല അതിജീവനത്തിന് എനിക്കത് ആവശ്യവുമാണ്.
എന്നിരുന്നാലും, ഏതാണ്ടു മുന്നൂറു വർഷങ്ങൾക്കു മുൻപു വെനെസ്വേലായിൽ വെള്ളത്തോടുള്ള ഞങ്ങളുടെ പ്രിയം ഞങ്ങൾക്ക് ഉപദ്രവം വരുത്തിക്കൂട്ടി. നാൽപ്പതുനോയമ്പിൻ കാലത്തു റോമൻ കത്തോലിക്കർ മാംസം കഴിക്കുന്നതു വിലക്കപ്പെട്ടിരുന്നു. എന്നാൽ നിയമപ്രകാരം മീൻ കഴിക്കാമായിരുന്നു. അതുകൊണ്ടു കത്തോലിക്കാസഭ സൗകര്യപൂർവ്വം എന്റെ പൂർവ്വികരെ മത്സ്യമായി പ്രഖ്യാപിച്ചു! ഇന്നോളം വെനെസ്വേലായിലെ വിശ്വാസികൾ നാൽപ്പതുനോയമ്പു കാലത്തു മനസ്സാക്ഷിക്കുത്തില്ലാതെ ഞങ്ങളെ തിന്നുന്നു.
ഭാഗ്യവശാൽ എന്റെ പൂർവ്വികരിൽ ചിലർ രക്ഷപെട്ടു. എങ്ങനെ? കരണ്ടുതിന്നുന്ന മററു ജീവികളേപ്പോലെ ഒളിക്കാനായി മാളങ്ങൾ ഉണ്ടാക്കിക്കൊണ്ടല്ല. പകരം, മുന്നറിയിപ്പു കിട്ടുമ്പോൾ ഞങ്ങൾ വെള്ളത്തിനുനേരെ പാഞ്ഞ് അതിലേക്ക് എടുത്തുചാടി അനായാസേന നീന്തി രക്ഷപെടുമായിരുന്നു. മററു ജലജീവികളുടെ സരളമായ ഘടനാവിശേഷതകൾ എനിക്കില്ലെങ്കിലും ഞാൻ അതിവിദഗ്ദ്ധനായ ഒരു നീന്തൽക്കാരനാണ്. കാരണമെന്താണ്? ഇവിടെയാണ് എന്റെ രഹസ്യം.
എന്റെ കൊഴുപ്പുപാളികൾനിമിത്തം ഞാൻ വ്യാപ്താനുവ്യാപ്തം വെള്ളത്തേക്കാൾ അൽപ്പം മാത്രം ഭാരമേറിയതാണ്. ഞാൻ വെള്ളത്തിൽ ആയിരിക്കുമ്പോൾ ഒരു ബാലെ ഡാൻസറുടെ ചലനചാരുത എനിക്കുണ്ടെന്ന് ഒരു ഗവേഷകൻ എഴുതി, എന്റെ നീക്കങ്ങൾ മനോജ്ഞമാണെന്ന് അദ്ദേഹം പറഞ്ഞു! “സൃഷ്ടിയിലെ ഒരു പിശക്” ആയിരിക്കുന്നതിൽനിന്ന് എത്രയോ വ്യത്യസ്തമാണത്.
ഞാൻ പ്രയാസത്തെ അഭിമുഖീകരിക്കുമ്പോൾ എന്റെ തുകൽപ്പാദങ്ങൾ എന്നെ ദ്രുതഗതിയിൽ മുമ്പോട്ടു തള്ളിവിടുന്നു—ശത്രുക്കളിൽനിന്ന് അകലേക്ക്. വെള്ളത്തിനടിയിലൂടെ നല്ലൊരു ദൂരം നീന്താനും അനേകം മിനിട്ടുകളോളം മുങ്ങിക്കിടക്കാനും എനിക്കു കഴിയും. പിന്നീടു ശ്രദ്ധയോടെ പൊങ്ങി വന്ന്, വെള്ളത്തിനടിയിൽ കിടന്നുകൊണ്ടു നാസാരന്ധ്രങ്ങളും കണ്ണുകളും ചെവികളും മാത്രം ഞാൻ പുറത്തു കാട്ടുന്നു—നീർക്കുതിര ചെയ്യുന്നതുപോലെതന്നെ. ക്രൂരനായ്ക്കൾ, പുലികൾ, ഉരഗങ്ങൾ, പാമ്പുകൾ, മനുഷ്യർ തുടങ്ങിയ ശത്രുക്കൾ ജലസസ്യങ്ങൾക്കിടയിലെ എന്റെ നാസാരന്ധ്രങ്ങൾ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടിയിട്ടുണ്ട്. എന്നാൽ മണത്തറിയാനുള്ള സുവികസിതമായ എന്റെ പ്രാപ്തികൊണ്ട് എന്റെ മൂക്കു ശത്രുക്കളെ എളുപ്പം കണ്ടെത്തുന്നു.
തുടർച്ചയായി സൂര്യന്റെ ചൂട് ഏൽക്കുന്നത് എന്റെ ത്വക്കിൽ പെട്ടെന്നു വിള്ളലും വ്രണവും ഉളവാക്കുമെന്നുള്ളതുകൊണ്ട് വെള്ളത്തിലായിരിക്കുന്നതു സൂര്യതാപത്തെ തടയുകയും ചെയ്യുന്നു. ചുവപ്പു കലർന്ന ചാരയോ നരച്ചതോ ആയ എന്റെ രോമം അങ്ങിങ്ങായുള്ളതുകൊണ്ട് അതിനിടയിലൂടെ എന്റെ തൊലി കാണാം. അതുകൊണ്ട് എന്റെ ശരീരോഷ്മാവിനെ നിയന്ത്രിക്കുന്നതിനു ഞാൻ കേവലം വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു അല്ലെങ്കിൽ ചേറിൽ കിടന്നുരുണ്ട് എന്റെ ശരീരം ചെളികൊണ്ടു മൂടുന്നു.
“ഒരു മുലയൂട്ടൽ സഖ്യത”
ഞങ്ങൾ എപ്പോഴെങ്കിലും കരയിലാണോ? ചുരുങ്ങിയപക്ഷം മാതാവെങ്കിലും പ്രസവിക്കാൻ അവിടെയായിരിക്കേണ്ടതുണ്ട്. നാലുമാസത്തോടടുത്ത ഗർഭാവസ്ഥയ്ക്കുശേഷം, ഒരു കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള, രണ്ടു മുതൽ എട്ടു വരെ കുട്ടികൾ ജനിക്കുന്നു. ഒരു നിരീക്ഷകൻ ഇപ്രകാരം കുറിക്കൊള്ളുന്നു: അവയുടെ “ഇളം തവിട്ടുനിറമുള്ള, തിളങ്ങുന്ന കോട്ടുകൾ” മാതാപിതാക്കളേക്കാൾ “ഏറെ വെടിപ്പായി വസ്ത്രം ധരിച്ചതായി” കാണപ്പെടാൻ അവയെ ഇടയാക്കുന്നു. ഒരു പെൺനീർപ്പന്നി 15 മാസം പ്രായമുള്ളപ്പോൾ പ്രജനനം നടത്താൻ തുടങ്ങുന്നു. അവൾ പത്തു വർഷം ജീവിക്കുകയും കുറഞ്ഞതു അവളുടെ ജീവകാലത്തു 36 കുട്ടികളെ ഉത്പാദിപ്പിക്കുകയും ചെയ്തേക്കാം.
മണിക്കൂറുകൾക്കുള്ളിൽ കുട്ടികൾ അമ്മയുടെ പിന്നിൽ ചേർന്നു നടന്നു തുടങ്ങുന്നു. എന്നുവരികിലും, കുട്ടിയ്ക്ക് ആദ്യം വെള്ളത്തിലിറങ്ങാൻ വിമുഖതയുള്ളതുകൊണ്ടു നീന്തൽ കൂടുതൽ വിഷമകരമാണ്. നിർബന്ധപൂർവ്വം വെള്ളത്തിലിറക്കപ്പെട്ടതിനുശേഷം ഉൻമാദത്തോടെ സാവധാനത്തിൽ തുഴയുന്ന കുട്ടി അമ്മയോടൊപ്പമോ അല്ലെങ്കിൽ ഏതെങ്കിലും പെൺപന്നിയോടൊപ്പമോ എത്തി അവളുടെ മുതുകിൽ കയറിപ്പററാൻ ശ്രമിക്കുന്നു. അമ്മ അപ്പോൾ ഒരു ലൈഫ്ബോയിയായി വർത്തിക്കുന്നു. എങ്കിൽപ്പോലും, കുട്ടി വലിപ്പമേറിവരുമ്പോൾ അതിന്റെ സന്തുലനം നിലനിർത്തുക അതിനു കൂടുതൽ വിഷമകരമാണ്.
വളർച്ചയെത്തിയ പെൺപന്നികളും പരിചരണത്തിൽ സഹകരിക്കുന്നു. അമ്മമാർ തങ്ങളുടെ കുട്ടികളെ മാത്രമല്ല പിന്നെയോ ദാഹിക്കുന്ന മററു പെൺപന്നികളുടെ കുട്ടികളെയും പോററുന്നു. എന്തുകൊണ്ട്? “മുലയൂട്ടലിലെ സഖ്യത [പ്രായം കുറഞ്ഞവയുടെ] അതിജീവിക്കാനുള്ള സാധ്യതയെ വർദ്ധിപ്പിച്ചേക്കാം” എന്നു വന്യജീവി സിനിമാ നിർമ്മാതാവായ ആൻഡ്രിയൻ വാറെൻ വിശദീകരിക്കുന്നു.
അന്ത്യവാക്ക്
സൗമ്യപ്രകൃതരായതിനാൽ ഞങ്ങളെ ഓമനമൃഗങ്ങളായി മെരുക്കാൻ എളുപ്പമാണ്. സൂരിനാമിലെ ഒരു അന്ധനായ കർഷകൻ ഒരു നീർപ്പന്നിയെ ഒരു “വഴികാട്ടി നായ”യായിപ്പോലും ഉപയോഗിച്ചു. എന്നാൽ, അധികവും ഞങ്ങൾ മാംസത്തിനായി സൂക്ഷിക്കപ്പെടുന്നു, അതു രുചികരമാണെന്നു ചിലർ പറയുന്നു. ഉദാഹരണത്തിന്, ഞങ്ങളിൽ ആയിരക്കണക്കിനു പേരെ ഭക്ഷണത്തിനായി വളർത്തുന്ന വളർത്തുകേന്ദ്രങ്ങൾ വെനെസ്വേലയിൽ ഉണ്ട്—സന്ദിഗ്ദ്ധമായ ഒരു ആദരവുതന്നെ. എന്തായാലും, ഞാൻ എങ്ങനെ രുചിക്കപ്പെടുന്നു എന്നുള്ളതുകൊണ്ടു മാത്രമല്ല പിന്നെയോ ഞാൻ എന്തായിരിക്കുന്നുവോ അതുകൊണ്ടുംകൂടെയാണു നിങ്ങൾ എന്നെ ഇപ്പോൾ ഇഷ്ടപ്പെടുന്നതെന്നു ഞാൻ പ്രതീക്ഷിക്കുന്നു.
കൊള്ളാം, നിങ്ങൾ എന്തു വിചാരിക്കുന്നു? ഞാൻ സൃഷ്ടിയിലെ ഒരു അത്ഭുതമാണോ അതോ ഒരു പിശകോ? നിങ്ങൾ ഡാർവിനോടാണോ യോജിക്കുന്നത് അതോ എന്നോടോ? തീർച്ചയായും നിങ്ങൾക്കുവേണ്ടി ഞാൻ ഒരു തീരുമാനം ചെയ്യാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ ഓർക്കുക: മുമ്പേതന്നെ ഡാർവിനു തെററു പററിയിരിക്കുന്നു! (g92 9/22)
[അടിക്കുറിപ്പുകൾ]
a ഇവിടെ വിവരിച്ചിരിക്കുന്ന മൃഗം ഹൈഡ്രോകോറസ് ഹൈഡ്രോകേറിസ് എന്നറിയപ്പെടുന്നു. ഇതിന്റെ ഒരു ചെറിയ ജാതി പനാമയിൽ ജീവിക്കുന്നു.
[ 19-ാം പേജിലെ ചിത്രം]
വിരൂപനോ? മടയനോ? സത്യത്തിൽ! ഞങ്ങൾ കാണാൻ നല്ല ജോഡിയല്ലേ?
[ 20-ാം പേജിലെ ചിത്രം]
ഞങ്ങളിൽ ആയിരങ്ങളെ ഭക്ഷണത്തിനായി വളർത്തുന്നു—സന്ദിഗ്ദ്ധമായ ഒരു ആദരവ്