ഞങ്ങളുടെ വായനക്കാരിൽനിന്ന്
കുട്ടികളെ വളർത്തൽ “നിങ്ങളുടെ കുട്ടികൾ—അവർക്ക് ഏററം ഗുണകരമായതു ചെയ്യൽ” (ജനുവരി 8, 1993) എന്ന പരമ്പര ഒരു മാതാവെന്ന നിലയിലുള്ള എന്റെ കുറവുകളെ തുറന്നുകാട്ടി. എന്റെ ശ്രദ്ധ വ്യക്തിപരമായ കാര്യങ്ങളിലും സഭാപ്രവർത്തനങ്ങളിലും കേന്ദ്രീകരിച്ചിരുന്നു—എല്ലാം എന്റെ മൂന്നു വയസ്സുള്ള മകനെ അവഗണിച്ചുകൊണ്ട്. അവൻ തീരെ അടക്കമില്ലാത്ത ഒരു കുട്ടിയായിത്തീർന്നു. ഞാൻ പെട്ടെന്നു ദ്വേഷ്യപ്പെടുന്നവളും അസ്വസ്ഥത തോന്നുന്നവളും പ്രീതി പ്രകടിപ്പിക്കുന്നതു സംബന്ധിച്ച് വൈമുഖ്യമുള്ളവളും ആയിരിക്കാൻ പ്രവണത കാട്ടുന്നു. എന്റെ കുട്ടിയെ കെട്ടിപ്പുണരുന്നതിനുപകരം കർശനമുള്ളവളായിരിക്കുന്നതിൽ ഞാൻ അങ്ങേയററം പോയിരിക്കുന്നു. യഹോവ നമ്മുടെയെല്ലാംമേൽ ഉദാരമായി സ്നേഹം ചൊരിയുന്നതിനാൽ, എനിക്കു യഹോവയിൽനിന്ന് ലഭിച്ചിട്ടുള്ള അവകാശത്തിൻമേൽ സ്നേഹം ചൊരിയാൻ ഞാൻ ഇനി ശ്രമിക്കും.
ററി. ററി., ജപ്പാൻ
ഞാനൊരു മാതാവല്ലെങ്കിലും കുട്ടികളെ സ്നേഹിക്കുന്ന ഒരാളാണ്. ഈ ലക്കം എന്റെ ഹൃദയത്തെ സ്പർശിച്ചു. ഇന്നു കുട്ടികൾ നേരിടുന്ന സങ്കടകരമായ പ്രശ്നങ്ങൾ മനസ്സിലാക്കിയപ്പോൾ ഞാൻ കരഞ്ഞുപോയി. പിൽക്കാലവർഷങ്ങളിൽ ഞെട്ടിക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനു ജീവിതത്തിന്റെ ഏററവും പ്രാരംഭദശയിൽ ഈ പ്രശ്നങ്ങളെ എങ്ങനെ നേരിടാമെന്നു കാണിക്കുന്നതിൽ നിങ്ങളുടെ ലേഖനം വളരെ വിജ്ഞാനപ്രദമായിരുന്നു.
എൽ. ബി., ഐക്യനാടുകൾ
ഒരു പിതാവെന്ന നിലയിൽ എന്നെത്തന്നെ പരിശോധിക്കാൻ ഈ ലേഖനം എന്നെ പ്രേരിപ്പിച്ചു. വിവാഹം കഴിച്ചപ്പോൾ ഞാൻ വളരെ ചെറുപ്പമായിരുന്നു. എന്റെ കുടുംബത്തോടൊപ്പമായിരിക്കുന്നതിനെക്കാൾ കൂട്ടുകാരോടൊപ്പം ആയിരിക്കുന്നതിലായിരുന്നു എനിക്കു കൂടുതൽ താത്പര്യം. ഈ ലേഖനം വായിച്ചത് എന്റെ മകൾക്കു ഞാൻ വേണ്ടത്ര സമയം നൽകിയില്ലെന്നു മനസ്സിലാക്കാൻ എന്നെ ഇടയാക്കി. തങ്ങളുടെ കുട്ടികൾക്ക് ഏററവും ഗുണകരമായതു ചെയ്യാൻ ഈ ലേഖനങ്ങൾ മാതാപിതാക്കളെ പ്രേരിപ്പിക്കട്ടെ.
എ. വി., ഇററലി
മൃഗത്തെക്കുറിച്ചുള്ള കഥകൾ “നീർപ്പന്നി—സൃഷ്ടിയിലെ പിശകോ അത്ഭുതമോ?” എന്ന ലേഖനത്തിനു നന്ദി. (ജനുവരി 8, 1993) മൃഗങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ ഞാൻ മിക്കപ്പോഴും എന്റെ കുട്ടിയെ വായിച്ചുകേൾപ്പിക്കുന്നു. ശ്രീമാനായ നീർപ്പന്നിതന്നെ സംസാരിച്ചതുകൊണ്ട് ആ ലേഖനം എന്റെ കുട്ടിയെ സന്തോഷിപ്പിച്ചു.
കെ. ററി., ജപ്പാൻ
അനേകം മാസികകൾ പ്രസിദ്ധപ്പെടുത്തുന്ന വിലയില്ലാത്ത വിവരങ്ങൾക്ക് ഒരു ആശ്വാസപ്രദമായ പകരോപാധി! ഞാനും എന്റെ കുട്ടികളും അത് ഒന്നിച്ചിരുന്നു വായിച്ചു. പുതിയവയും വ്യത്യസ്തവുമായ മൃഗങ്ങളെക്കുറിച്ചു പഠിക്കുന്നതു രസകരമാണ്!
കെ. എച്ച്., ഐക്യനാടുകൾ
കണ്ണുനീർ ഞങ്ങളുടെ സഭയിൽ അനേകവർഷങ്ങളായി ഒരു മൂപ്പൻ എന്നനിലയിൽ സേവിച്ച ഒരു വിശ്വസ്ത ക്രിസ്ത്യാനിയുടെ ശവസംസ്കാരച്ചടങ്ങിൽ ഞാൻ ഈയടുത്തയിടെ സംബന്ധിച്ചു. അവർ ഹാളിനു പുറത്തേക്കു ശവപ്പെട്ടി ഉരുട്ടിനീക്കിയപ്പോൾ ഞാൻ മനംനൊന്തു കരഞ്ഞു. എന്നിരുന്നാലും ഹാജരായിരുന്നവരിൽ അധികംപേരും തങ്ങളുടെ വികാരങ്ങളെ നിയന്ത്രണത്തിൻകീഴിൽ നിറുത്തി. കേവലം ഒരു ദിവസം കഴിഞ്ഞ് “ഈ കണ്ണുനീരെല്ലാം എന്തുകൊണ്ട്?” എന്ന ലേഖനമുള്ള 1993 ജനുവരി 8-ലെ ഉണരുക!യുടെ ലക്കം എനിക്കു ലഭിച്ചു. കണ്ണുനീർ ദൗർബല്യത്തിന്റെ ഒരു അടയാളമല്ല, പിന്നെയോ ശക്തമായ വികാരങ്ങളുടെ ഒരു പ്രകടനമാണെന്നു മനസ്സിലാക്കാൻ അത് എന്നെ സഹായിച്ചു. വിജ്ഞാനപ്രദമായ ഈ ലേഖനത്തിനു വളരെ നന്ദി.
എസ്. ഇസ്സഡ്., ജർമനി
പ്രാർഥന “യുവജനങ്ങൾ ചോദിക്കുന്നു . . . ദൈവം എന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നുവോ?” എന്ന ലേഖനത്തിനു നിങ്ങൾക്കു നന്ദി. (ജനുവരി 8, 1993) ആ ലേഖനം വളരെ സഹായകമാണെന്നു ഞാൻ കണ്ടെത്തി. ഭൗതികാവശ്യങ്ങൾക്കു വേണ്ടിയുള്ള ചപലമായ അപേക്ഷകൾ എന്റെ പ്രാർഥനകളിൽ ഉൾപ്പെടരുതെന്ന് അതെന്നെ പഠിപ്പിച്ചു. പ്രാർഥനയിൽ ഉററിരിക്കേണ്ട ആവശ്യമുണ്ടെന്നും ഞാൻ മനസ്സിലാക്കി, എന്തെന്നാൽ യഹോവ എല്ലായ്പോഴും ഉടൻതന്നെ ഉത്തരം നല്കുന്നില്ല. നാം ഇഷ്ടപ്പെടുന്ന ഉത്തരം അവിടുന്ന് നമുക്കു തരാതിരുന്നേക്കാം.
ബി. ജി., ഐക്യനാടുകൾ