ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഒരു യുദ്ധദൈവമോ? 1994 ഫെബ്രുവരി 8 ഉണരുക!യിലെ “ബൈബിളിന്റെ വീക്ഷണം . . . യഹോവ ഒരു യുദ്ധദൈവമോ?” എന്ന നല്ല ലേഖനത്തിനു നന്ദി. വർഷങ്ങളായി പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് അത്. അത് ഞങ്ങൾ ഒരു കുടുംബമെന്ന നിലയിൽ വല്ലപ്പോഴുമൊക്കെ ചർച്ചചെയ്യാറുണ്ടായിരുന്നു. നിങ്ങളുടെ ലേഖനത്തോടൊപ്പം ഞാൻ ചെയ്ത ഗവേഷണവും കൂടിയായപ്പോൾ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി.
എസ്. ററി., ഐക്യനാടുകൾ
മുലയൂട്ടൽ “അമ്മയുടെ പാലിനെ അനുകൂലിക്കുന്ന തെളിവുകൾ” (ജനുവരി 8, 1994) എന്ന ലേഖനത്തിന്റെ വായന ഞങ്ങൾ ആസ്വദിച്ചു. എന്റെ ഭാര്യ ഞങ്ങളുടെ കുഞ്ഞിനെ ഇപ്പോൾ മുലയൂട്ടുന്നുണ്ട്. എന്നിരുന്നാലും, മുലയൂട്ടൽ മാതാവിനെ ശാരീരികമായി ക്ഷീണിപ്പിക്കും എന്ന യാഥാർഥ്യം സംബന്ധിച്ച് ഒന്നും പരാമർശിച്ചില്ലല്ലോ. ഒരുപക്ഷേ എല്ലാ മാതാക്കൾക്കും രാത്രിയിൽ മുലയൂട്ടാൻ കഴിഞ്ഞെന്നുവരില്ല. എന്റെ ഭാര്യയുടെ കാര്യത്തിലാണെങ്കിൽ, ശരിക്ക് ഉറങ്ങിയില്ലെങ്കിൽ അവൾക്ക് വലിയ പ്രയാസമാണ്.
ററി. കെ., ജർമനി
താങ്കളുടെ നിരീക്ഷണങ്ങൾക്കു നന്ദി. ഈ കാര്യത്തിൽ പുതിയ മാതാക്കൾ അനുഭവിച്ചേക്കാവുന്ന ചില വിഷമപ്രശ്നങ്ങളെക്കുറിച്ച് മുൻ ലേഖനങ്ങൾ പരാമർശിച്ചിരുന്നു. ഉദാഹരണത്തിന്, 1984 സെപ്ററംബർ 8 [മലയാളം], 1986 മാർച്ച് 22 [ഇംഗ്ലീഷ്] എന്നീ “ഉണരുക!”കൾ കാണുക.—പത്രാധിപർ.
പരിധിക്കപ്പുറമോ? “യുവജനങ്ങൾ ചോദിക്കുന്നു . . . ‘പരിധിക്കപ്പുറം’ എന്നാൽ എത്രത്തോളം?” (ഫെബ്രുവരി 8, 1994) എന്ന ലേഖനത്തിനായി ഞാൻ നിങ്ങൾക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞാൻ ഇപ്പോൾ ഒരു വർഷമായി ഒരു സ്നാപനമേററ ക്രിസ്ത്യാനിയാണ്. ഈ വിഷയത്തെപ്പററിയുള്ള യഹോവയുടെ വീക്ഷണഗതി എന്താണെന്ന് ഞാൻ പലപ്പോഴും സംശയിച്ചിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ പരാമർശത്തെ ഞാൻ വിലമതിക്കുന്നു. യഹോവയുടെ നിലവാരങ്ങൾക്കൊത്തു ജീവിക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും ഞാൻ അതു ചെയ്യാൻ തീരുമാനം എടുത്തിരിക്കുകയാണ്.
സി. എസ്., ഐക്യനാടുകൾ
അനേക മാസങ്ങളായി ഞാൻ ഇങ്ങനെയൊരു ലേഖനത്തിനുവേണ്ടി നോക്കിപ്പാർത്തിരിക്കുകയായിരുന്നു. ഞാൻ ഒൻപതു മാസമായി ഡെയ്ററിങ് നടത്തിക്കൊണ്ടിരിക്കുന്നു. ഈ ലേഖനം എനിക്കു ലഭിച്ചയുടൻതന്നെ ഞാൻ എന്റെ കാമുകനു ഫോൺ ചെയ്തു. ഇത്രയും മൃദുപ്രകൃതവും ലോലവുമായ വിഷയങ്ങളെപ്പററി ഞങ്ങളെ പ്രബോധിപ്പിച്ചതിനു ഞങ്ങൾ നിങ്ങൾക്ക് വളരെയധികം നന്ദി പറയുന്നു.
എ. പി. ജി. എസ്., ബ്രസീൽ
ഈ ലേഖനത്തിനു ഞാൻ നിങ്ങൾക്ക് അഗാധമായി നന്ദി പറയുന്നു. എനിക്ക് അത് ആവശ്യമുണ്ടായിരുന്നപ്പോൾ തന്നെയാണ് അതു പുറത്തുവന്നത്. എനിക്ക് 16 വയസ്സുണ്ട്. ഞാൻ ഒരു ആൺകുട്ടിയെ സ്നേഹിക്കുന്നു. അയാളോടുള്ള പ്രേമ പ്രകടനങ്ങൾ തുടങ്ങിയാലെന്താ എന്നു ഞാൻ ചിന്തിക്കുകയായിരുന്നു. വ്യഭിചാരം തെററാണെന്ന് തീർച്ചയായും എനിക്ക് അറിയാമായിരുന്നു. എന്നാൽ ഉമ്മവെക്കുന്നതും ആലിംഗനം ചെയ്യുന്നതും യഥാർഥത്തിൽ പരിധിക്കപ്പുറം ആണെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. എന്നാൽ എനിക്ക് വിവാഹം കഴിക്കാൻ പ്രായമാകുന്നതുവരെ അത്തരം കാര്യങ്ങൾ പരിധിക്കപ്പുറം ആണെന്ന് ഈ ലേഖനം വായിച്ചതോടെ മനസ്സിലായി!
എം. എച്ച്., ജപ്പാൻ
ഞാൻ അത്ര ചെറുപ്പം അല്ല, എങ്കിലും ഞാൻ ഇപ്പോഴും ഏകാകിയാണ്. ഞാനും അതേ ചോദ്യം ചോദിച്ചിട്ടുണ്ട്. ഞാൻ ഒരാളുമായി ഡേററിങ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു മുഴുസമയ ശുശ്രൂഷകയെന്ന നിലയിൽ എനിക്ക് ഈ ചോദ്യത്തിന്റെ ഉത്തരം കിട്ടേണ്ടതുണ്ടായിരുന്നു. എന്നാൽ വൈകാരികമായി ഉൾപ്പെട്ടു കഴിയുമ്പോൾ നമ്മുടെ വിവേചന മങ്ങിപ്പോകും. ഈ ലേഖനം വളരെ സമയോചിതമായിരുന്നു. ഞാൻ ഡെയിററിങ് നടത്തുന്ന ക്രിസ്തീയ പുരുഷനോട് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ഇത് എന്നെ വളരെയധികം സഹായിച്ചു. ഞങ്ങൾ രണ്ടുപേരും ഈ ലേഖനം ഒന്നിച്ചിരുന്നു വായിച്ചു. എല്ലാവരുടെയും മുമ്പാകെ കാര്യങ്ങൾ മാന്യമായി നിലനിർത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
എം. ആർ., ഐക്യനാടുകൾ
ഈ വിഷയത്തിന്റെ ഒരു വിശദീകരണം ലഭിക്കുന്നതിനായി ഞാൻ പ്രാർഥിക്കുകയായിരുന്നു. ഈ ലേഖനത്തിന്റെ തലക്കെട്ടു കണ്ടപ്പോൾ ഞാൻ ‘വിസ്മയിച്ചു പോയി.’ അതു ഞാൻ കൊതിയോടെ വായിച്ചു. എങ്ങനെ പെരുമാറണമെന്ന് ഇപ്പോൾ എനിക്ക് ശരിക്കും അറിയാം.
എസ്. ജി., ഇററലി
രക്തരഹിത ചികിത്സാ നടപടി “യഹോവയുടെ സാക്ഷികളും മെഡിക്കൽ ഉദ്യോഗസ്ഥരും സഹകരിക്കുന്നു” (മാർച്ച് 8, 1994) എന്ന ലേഖനത്തിനുവേണ്ടി ഞാൻ നിങ്ങൾക്ക് വളരെയധികം നന്ദി പറയാൻ ആഗ്രഹിക്കുന്നു. അതു വായിച്ചപ്പോൾ വിലമതിപ്പിന്റെ അശ്രുക്കളാൽ എന്റെ കണ്ണുകൾ നിറഞ്ഞു. നമ്മിൽ പലർക്കും ഈ പ്രശ്നം ഉണ്ടായിട്ടില്ലാത്തതിനാൽ അവയെക്കുറിച്ച് നമുക്ക് അറിയാൻ പാടില്ല. പക്ഷേ, ഇതിലുൾപ്പെട്ടിരിക്കുന്ന കഠിന വേലകളിൽ ചിലത് ലേഖനം വിശദീകരിച്ചു. എന്നാൽ രക്തപ്രശ്നം മൂലം വിശ്വാസത്തിന്റെ പരിശോധനയെ നമുക്ക് എന്നെങ്കിലും നേരിടേണ്ടി വരുമ്പോൾ സഹോദരങ്ങൾ നമുക്കു വേണ്ടി ശുഷ്കാന്തിയോടെ പ്രവർത്തിക്കുന്നു എന്ന് അറിയുന്നത് ഒരു വലിയ ആശ്വാസമാണ്.
ബി. ബി., ഐക്യനാടുകൾ