ഞങ്ങളുടെ വായനക്കാരിൽ നിന്ന്
കടപ്പത്രങ്ങൾ “പ്ലാസ്ററിക് പണം—അതു നിങ്ങൾക്കുള്ളതോ?” (മാർച്ച് 8, 1994) എന്ന ലേഖനം എനിക്കു പ്രത്യേകിച്ചും ഇഷ്ടമായി. കുറെ വർഷങ്ങൾക്കു മുമ്പ് ഞാനും ഭാര്യയും ആകുലതയുളവാക്കുന്ന കടപ്പത്രക്കടത്തിൽ കുടുങ്ങിയതായി മനസ്സിലാക്കി. ഞങ്ങൾ കാർഡുകൾ നശിപ്പിച്ചുകളഞ്ഞശേഷവും കടം കൊടുത്തുതീർക്കാൻ വളരെ കാലമെടുത്തു. എന്നിരുന്നാലും, സൗകര്യത്തിനു വേണ്ടി ഞങ്ങൾ അടുത്ത കാലത്ത് ഒരു പുതിയ കാർഡ് കരസ്ഥമാക്കിയതേയുണ്ടായിരുന്നുള്ളൂ. പ്ലാസ്ററിക് പണത്തെയും അതിന്റെ അപകടങ്ങളെയും സംബന്ധിച്ചുള്ള നിങ്ങളുടെ സമയോചിതമായ ഓർമിപ്പിക്കലുകൾ ഇത്തവണ അതു ദുരുപയോഗം ചെയ്യാതിരിക്കാൻ ദൃഢതീരുമാനം ചെയ്യുന്നതിനു ഞങ്ങളെ സഹായിച്ചിരിക്കുന്നു.
എം. ബി.യും ഡി. ബി.യും, ഐക്യനാടുകൾ
മൃഗകഥകൾ “കാനഡയുടെ വടക്കൻ ഭാഗത്തെ ഹൃദയഹാരിയായ ഭീമൻമാർ” എന്ന ശീർഷകത്തിൽ ധ്രുവക്കരടികളെക്കുറിച്ചു വന്ന ലേഖനത്തിനു നന്ദി. (ഡിസംബർ 8, 1993, ഇംഗ്ലീഷ്) അതു വളരെ മനോഹരമായി എഴുതിയ ലേഖനമായിരുന്നു. എടുത്തു കാണിച്ച വസ്തുതകൾ, നമ്മുടെ ആസ്വാദനത്തിനു വേണ്ടി മൃഗങ്ങളെ സൃഷ്ടിക്കാൻ തക്കവണ്ണം യഹോവ എത്രമാത്രം സ്നേഹമുള്ളവനാണെന്നു വിലമതിക്കാൻ എന്നെ സഹായിച്ചു.
ഡി. സി., ഐക്യനാടുകൾ
“ഒരു കുഡു സിംഹങ്ങളെ ലജ്ജിപ്പിക്കുന്നു” (നവംബർ 22, 1993, ഇംഗ്ലീഷ്) എന്ന നിങ്ങളുടെ ലേഖനം വളരെ മനോജ്ഞമായിരുന്നു. കോപാക്രാന്തനും ലജ്ജിതനുമായ ആൺകുഡു, വെങ്കലം കൊണ്ടുണ്ടാക്കിയ അനങ്ങാത്ത കുഡുവിനെ ക്രൗര്യത്തോടെ എതിരിടുന്നത് എന്റെ മനോമുകുരത്തിൽ കാണാൻ എനിക്കു കഴിഞ്ഞു. സിംഹങ്ങളുടെ ദുരഭിമാനത്തെ പമ്പ കടത്തിയ വിധവും—വളരെ രസാവഹമായിരുന്നു! യഹോവ ചിരി ഇഷ്ടപ്പെടുന്നുവെന്ന് അതു പ്രകടമാക്കുന്നു.
എ. എൽ., ഐക്യനാടുകൾ
“ഈൽമത്സ്യത്തിന്റെ രഹസ്യങ്ങളിലേക്കു ചുഴിഞ്ഞിറങ്ങൽ” (ഒക്ടോബർ 22, 1993, ഇംഗ്ലീഷ്) എന്ന വിഷയത്തെ നിങ്ങൾ സൂക്ഷ്മവിശകലനം ചെയ്ത വിധം എനിക്കു ഹരം പകർന്നു. ഈ ജീവികൾ ബൈബിളിലെ സൃഷ്ടിപ്പിന്റെ സത്യതയെ പ്രകടമാക്കുകയും പരിണാമസിദ്ധാന്തത്തെ തെളിയിക്കാനുള്ള ശ്രമങ്ങൾക്കു ഒരു പ്രഹരമേൽപ്പിക്കുകയും ചെയ്യുന്നു.
സി. എസ്. എസ്., ബ്രസീൽ
എനിക്ക് 11 വയസ്സു പ്രായമുണ്ട്. “ലോകത്തെ വീക്ഷിക്കൽ” എന്ന പംക്തിയിൽ “എലികളെ ആരാധിക്കുന്നുവെന്നോ?” (ഫെബ്രുവരി 8, 1994) എന്ന ഇനം എനിക്കു നന്നേ പിടിച്ചു. മരിക്കുമ്പോൾ എലികളായി ജനിക്കുകവഴി തങ്ങൾക്കു രക്ഷ കിട്ടുമെന്ന് ഇന്ത്യയിലെ ഒരു അമ്പലത്തിലുള്ള പൂജാരികൾ വിശ്വസിക്കുന്നതായി ആ ലേഖനം വ്യക്തമാക്കി! അവ യഥാർഥത്തിൽ എലികളല്ലെന്നും, ദൈവത്തിന്റെ അടുക്കൽനിന്നുള്ള സന്ദേശവാഹകരാണെന്നും അവർ പറയുന്നു. എത്ര വിചിത്രം!
ഇ. എൽ., ഐക്യനാടുകൾ
വിശേഷദിവസങ്ങൾ “വിശേഷദിവസങ്ങൾ—എന്തുകൊണ്ട് ചില കുട്ടികൾ അവ ആഘോഷിക്കുന്നില്ല” (നവംബർ 22, 1993, ഇംഗ്ലീഷ്) എന്ന ലേഖനപരമ്പരയ്ക്കു വളരെ നന്ദി പറയാൻ ഞാനാഗ്രഹിക്കുന്നു. “ഞങ്ങൾക്ക് ഒന്നിനും കുറവില്ല!” എന്ന ഭാഗം വായിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി. സഹപാഠികളോട് എന്റെ വിശ്വാസങ്ങൾ തുറന്നു പറയുന്ന കാര്യത്തിൽ ഞാൻ ഒററക്കേ ഉള്ളൂവെന്ന് പലപ്പോഴും എനിക്കു തോന്നാറുണ്ട്. ഞാൻ ഒരിക്കലും ഒററയ്ക്കായിരുന്നിട്ടില്ലെന്നും ഒരിക്കലും ഒററയ്ക്കായിരിക്കില്ലെന്നും മനസ്സിലാക്കാൻ ഈ ലേഖനം എന്നെ സഹായിച്ചു.
ബി. പി., ഐക്യനാടുകൾ
എനിക്ക് ഓർമയുള്ള കാലത്തോളം ഞാൻ ക്രിസ്തുമസ്സ് ആഘോഷിച്ചിട്ടില്ല. മററു കുട്ടികളോട് എനിക്ക് അസൂയ തോന്നിയ സമയങ്ങളുണ്ടായിട്ടുണ്ട്. ഈ ലേഖനം പുറത്തുവരുന്നതിനു മുമ്പ് ഞാൻ ഒരു ക്രിസ്തുമസ്സ് പാർട്ടിക്കു ക്ഷണിക്കപ്പെട്ടിരുന്നു. ഞാൻ ആ ക്ഷണം നിരസിച്ചു, എന്തുകൊണ്ടെന്ന് എന്റെ പരിമിതമായ അറിവുവെച്ചു വിശദീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ജപ്പാനിൽപ്പോലും ഒരു വാർഷികാഘോഷമായി മാറിയിരിക്കുന്ന ക്രിസ്തുമസ്സ് പൈശാചിക കാര്യങ്ങളോടു ബന്ധപ്പെട്ട ഒരു പുറജാതീയ ആഘോഷമാണെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ ചെയ്തത് ശരിയായ സംഗതിയാണെന്ന ആത്മവിശ്വാസം എനിക്കു തോന്നുന്നു.
കെ. ഐ., ജപ്പാൻ
ഇരട്ടജീവിതം “യുവജനങ്ങൾ ചോദിക്കുന്നു . . . ഇരട്ടജീവിതം—എന്തുകൊണ്ടു പാടില്ല?” (ഡിസംബർ 22, 1993, ഇംഗ്ലീഷ്) എന്ന ലേഖനം പ്രസിദ്ധീകരിച്ചതിനു നന്ദി. 15 വയസ്സുള്ള എന്നെ ഒരു ക്രിസ്ത്യാനിയായാണ് വളർത്തിക്കൊണ്ടുവന്നത്. ഞാൻ ആത്മീയമായി അത്ര നല്ല അവസ്ഥയിലൊന്നുമായിരുന്നില്ല, ഞാൻ സാവധാനം സത്യത്തിൽനിന്ന് ഒഴുകിപ്പോകുകയാണെന്ന് എനിക്കു നിരന്തരം തോന്നാറുണ്ട്. ഒരു കാരണം എന്റെ മാതാപിതാക്കൾ അങ്ങേയററം കർശനസ്വഭാവമുള്ളവരാണ് എന്നതാണ്, തെററാണെന്നറിയാമെങ്കിൽപ്പോലും അവർ വിലക്കിയിരിക്കുന്ന എന്തെങ്കിലും ചെയ്യേണ്ടതിന്റെ ആവശ്യം എനിക്കു മിക്കപ്പോഴും തോന്നാറുണ്ട്. ആ ലേഖനം വായിച്ചപ്പോൾ യഹോവയാം ദൈവം എനിക്കു സഹായം അയച്ചുതരുന്നതായി ഞാൻ തിരിച്ചറിഞ്ഞു. മാതാപിതാക്കളെ ഒളിച്ച് കാര്യങ്ങൾ ചെയ്ത ഒരേ ഒരാൾ ഞാൻ മാത്രമല്ലെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ ഞാൻ തുടർന്നു വായിച്ചപ്പോൾ എനിക്കു തോന്നിയതുപോലെതന്നെ മററുള്ളവർക്കും തോന്നി എന്നു കണ്ടതിൽ ഞാൻ അമ്പരന്നുപോയി. എളുപ്പമല്ലെന്ന് അറിയാമെങ്കിൽപ്പോലും യഹോവയുടെ സഹായത്തോടെ എന്റെ ജീവിതരീതിക്കു മാററം വരുത്താമെന്നു ഞാൻ പ്രത്യാശിക്കുകയാണ്.
കെ. ജെ., ഐക്യനാടുകൾ