ഞങ്ങളുടെ വായനക്കാരിൽനിന്ന്
വൃദ്ധർ 1993 ആഗസ്ററ് 8 [ഇംഗ്ലീഷ് ലക്കം] ഉണരുക!യിലെ “ഗ്രാഹ്യത്തോടെ വളർന്നുവരൽ” എന്ന ലേഖനത്തിനു ഞാൻ നന്ദി പറയേണ്ടിയിരിക്കുന്നു. ആ ലേഖനം എന്നെ കരയിപ്പിച്ചു. എന്റെ അമ്മയ്ക്ക് ഏതാണ്ട് 90 വയസ്സുണ്ട്. അമ്മ ഒററയ്ക്കു പുറത്തു പോകരുതാത്തതാണ്, എങ്കിലും അടുത്ത കാലത്തൊരുനാൾ തനിയെ പുറത്തു പോകാൻ അവർ തീരുമാനിച്ചു. പുറത്തുപോയപ്പോൾ വീണ് അവരുടെ കയ്യൊടിഞ്ഞു. അവർ സുഖം പ്രാപിച്ചെങ്കിലും ഒററയ്ക്കു വിട്ടേച്ചുപോകാൻ കഴിയില്ല. ക്രിസ്തീയ യോഗങ്ങളിൽ ചിലതു സംബന്ധിക്കാൻ എനിക്കു കഴിയുന്നില്ല. അതുകൊണ്ട് ഞാൻ യഹോവയെ ദുഃഖിപ്പിക്കുകയാണെന്ന് ഞാൻ ചിലപ്പോൾ വിചാരിക്കാറുണ്ട്. എന്നാൽ നിങ്ങൾ എനിക്കു വളരെയധികം ആശ്വാസം നൽകിയിരിക്കുന്നു. ഞാൻ വിഷാദമനുഭവിക്കുമ്പോൾ ആ ലേഖനത്തെക്കുറിച്ചു ചിന്തിക്കും.
ബി. ററി., ഐക്യനാടുകൾ
ക്ഷമ “ബൈബിളിന്റെ വീക്ഷണം . . . ദൈവത്തിന്റെ ക്ഷമ എത്ര പൂർണമാണ്?” എന്ന ലേഖനം ഞാൻ വായിച്ചതേയുള്ളൂ. (ഡിസംബർ 8, 1993 [ഇംഗ്ലീഷ് ലക്കം]) അതായിരുന്നു എനിക്കു വാസ്തവത്തിൽ ആവശ്യമായിരുന്നത്. ദൈവം പാപങ്ങളെ നീക്കം ചെയ്യുമ്പോൾ അവ പൊയ്പോയിരിക്കുന്നുവെന്ന്, മാഞ്ഞുപോയിരിക്കുന്നുവെന്ന്, കഴുകി നീക്കം ചെയ്യപ്പെട്ടുവെന്ന് കാണാൻ ആ ലേഖനം എന്നെ സഹായിച്ചു. ഞാനീ കത്തെഴുതുമ്പോൾ എനിക്കു യഥാർഥ മനസ്സമാധാനം തോന്നുന്നുണ്ട്.
ജെ. ഡബ്ലിയു., ഐക്യനാടുകൾ
യഹോവ ഹൃദയത്തെ കാണുന്നുവെന്നും നമ്മുടെ പാപങ്ങളെ മായിച്ചുകളയാൻ അവൻ മനസ്സൊരുക്കമുള്ളവനാണെന്നും അറിഞ്ഞത് ആശ്വാസപ്രദമായിരുന്നു. യഹോവയുടെ ക്ഷമ ലഭിക്കാൻ അർഹനല്ലെന്നു ഞാൻ വിചാരിച്ചിരുന്നു. അതുകൊണ്ടു ഞാൻ വിഷാദമുള്ളവനായി. ഞാൻ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. സഭയിലെ അടുത്ത സ്നേഹിതർ എന്നെ സഹായിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് ഇപ്പോഴും ആശ്വാസം ആവശ്യമാണ്. ആ ലേഖനം എന്നെ സഹായിച്ചു.
കെ. എച്ച്., ഐക്യനാടുകൾ
കണ്ണടകൾ “കണ്ണടകളിലേക്ക് ഒരു എത്തിനോട്ടം” എന്ന ലേഖനത്തിനു വളരെ നന്ദി. (ഒക്ടോബർ 8, 1993) എന്റെ കണ്ണുകൾക്കു കുഴപ്പമുണ്ടെന്നും ഒരു നേത്രരോഗവിദഗ്ധനെ കാണേണ്ടത് ആവശ്യമാണെന്നും എനിക്കറിയാമായിരുന്നു. എന്നാൽ ഞാനത് നീട്ടിവച്ചുകൊണ്ടേയിരുന്നു. നിങ്ങളുടെ ലേഖനം വായിച്ചശേഷം ഞാൻ ഡോക്ടറെ ചെന്നു കണ്ടു. ഞാൻ അങ്ങനെ ചെയ്തതിൽ സന്തുഷ്ടനാണ്. ഈ ലേഖനം എനിക്കുവേണ്ടി തക്കസമയത്തുതന്നെ വന്നു.
ജെ. ഡബ്ലിയു., ഇംഗ്ലണ്ട്
വിശ്വസ്തരായ പിതാവും പുത്രനും “എന്റെ പിതാവിന്റെ വിശ്വസ്തമായ ദൃഷ്ടാന്തം” എന്ന കഥ നിർത്താതെതന്നെ ഞാൻ വായിച്ചു. (ഡിസംബർ 22, 1993 [ഇംഗ്ലീഷ്]) ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ ഈ ലേഖനം എന്നെ പ്രോത്സാഹിപ്പിച്ചു. മരണംവരെ യഹോവയെ സേവിക്കാനുള്ള ഡേവിസുമാരുടെ (അച്ഛനും മകനും) ദൃഢനിശ്ചയം, രണ്ടു വർഷം മുമ്പ് 18-ാമത്തെ വയസ്സിൽ സ്നാപനമേററപ്പോൾ എനിക്കുണ്ടായിരുന്ന തീരുമാനത്തെ പുതുക്കി. ലോകത്തിനു ചുററുമുള്ള മററനേകം യുവജനങ്ങളുടെ ഹൃദയത്തെ ഇതുപോലുള്ള ലേഖനങ്ങൾ സ്പർശിച്ചേക്കാമെന്നു ഞാൻ പ്രത്യാശിക്കുന്നു.
സി. എം., ഇററലി
പൂമ്പാററകൾ “പൂമ്പാററയുടെ ജീവിതത്തിലെ ഒരു നാൾ” എന്ന ലേഖനത്തിനു നിങ്ങളോടു നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. (ജനുവരി 8, 1994) കഴിഞ്ഞ മാസം ഞാനും ഭാര്യയും സയൺ ദേശീയ പാർക്കിൽ അൽപ്പം വിശ്രമിക്കുകയായിരുന്നു. ഞങ്ങൾ ഈ ലേഖനം വായിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ഒരു പൂമ്പാററ തറയിൽ വന്നിരുന്ന് അവന്റെ ചിറകുകൾ വിടർത്തി. അവ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് ഞങ്ങൾക്കു മുമ്പൊരിക്കലും അറിയില്ലായിരുന്നു! യഹോവയുടെ സൃഷ്ടിക്രിയയിലെ അത്ഭുതങ്ങളെ വിലമതിക്കാൻ ആ ലേഖനം ഞങ്ങളെ വാസ്തവത്തിൽ സഹായിച്ചു.
സി. ബി., ഐക്യനാടുകൾ
വിഷാദമഗ്നരായ മാതാപിതാക്കൾ “യുവജനങ്ങൾ ചോദിക്കുന്നു . . . എന്റെ മാതാപിതാക്കൾ ഇത്ര വിഷാദമഗ്നരായിരിക്കുന്നത് എന്തുകൊണ്ട്?” (നവംബർ 8, 1993 [ഇംഗ്ലീഷ്]) ഈ അടുത്ത കാലത്ത് എന്റെ അമ്മ വിഷാദമഗ്നയാണ്. സാമ്പത്തിക വിഷമതകളും മററ് ഉത്തരവാദിത്വങ്ങളും അവരുടെ വിഷാദത്തിന്റെ വലിയ കാരണങ്ങളാണെന്ന് മനസ്സിലാക്കാൻ ആ ലേഖനം എന്നെ വാസ്തവത്തിൽ സഹായിച്ചു. എനിക്കു സാധിക്കുമ്പോൾ ഞാൻ കൂടുതൽ സഹായിക്കാൻ പോകുകയാണ്, മമ്മിയെ കെട്ടിപ്പിടിച്ച് ഞാൻ അവരെ സ്നേഹിക്കുന്നുവെന്നു പറയും.
ററി. ബി., ഐക്യനാടുകൾ
7-ഉം 12-ഉം വീതം പ്രായമുള്ള രണ്ട് ആൺകുട്ടികളുടെ മാതാപിതാക്കളാണു ഞങ്ങൾ. ഈ ലേഖനത്തിൽ നിങ്ങൾ എടുത്തുകാണിച്ചിട്ടുള്ള പ്രശ്നങ്ങളിലനേകവും അടുത്ത കാലത്തു ഞങ്ങളുടെ ഭവനത്തിൽ ഉണ്ടായിട്ടുണ്ട്. കാര്യങ്ങൾ ഞങ്ങളുടെ കുട്ടികൾക്കു വിശദീകരിച്ചു കൊടുക്കാൻ ഞങ്ങൾ ശ്രമിച്ചു, എന്നാൽ വിജയിച്ചില്ല. ഈ ലേഖനം ഞങ്ങളുടെ പ്രാർഥനകൾക്കുള്ള ഉത്തരമായിരുന്നു. ഞങ്ങളുടെ സാഹചര്യത്തെ അതു സഹായിച്ചിരിക്കുന്നു.
ആർ. പി.യും എ. പി.യും, ഐക്യനാടുകൾ