ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഭവന അധ്യാപനം “ഭവന അധ്യാപനം—അതു നിങ്ങൾക്കുള്ളതോ?” എന്ന നിങ്ങളുടെ ലേഖനം ഞാൻ വിലമതിച്ചു. (1993 ജൂലൈ 8) എന്നെ വീട്ടിലിരുത്തി പഠിപ്പിക്കുകയാണ്, എന്റെ പഠനത്തിൽ ഞാൻ പുറകിലായിരുന്നു. എന്നാൽ നിങ്ങളുടെ ലേഖനം വായിച്ചപ്പോൾ അത് എന്നെ ഉത്തേജിപ്പിച്ചു. ഇപ്പോൾ ഞാൻ പട്ടികാനുസരണം പഠിച്ചുതുടങ്ങിയിരിക്കുന്നു.
എൻ. എസ്., ഐക്യനാടുകൾ
കുടുംബാസൂത്രണം 1993 ജൂൺ 8-ലെ “കുടുംബാസൂത്രണം—ഒരു ആഗോള പ്രശ്നം” എന്ന സവിശേഷ ലേഖനങ്ങൾ എന്നെ വളരെയധികം അരിശം കൊള്ളിച്ചു. ഉത്തരവാദിത്വബോധമുള്ള ക്രിസ്ത്യാനികൾ തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം പരിമിതപ്പെടുത്തേണ്ടതുണ്ടെന്നു നിർദേശിക്കുന്നതു ന്യായവിരുദ്ധമാണ്. [“ഭൂമിയെ നിറയ്ക്കാ”നുള്ള, NW] ഉത്പത്തിയിലെ ദൈവകല്പന ക്രിസ്ത്യാനികൾക്കു ബാധകമാകുന്നില്ലെന്നു നിങ്ങൾ നിർദേശിക്കുന്നത് എന്തടിസ്ഥാനത്തിലാണ്?
എ. ഡി., ഐക്യനാടുകൾ
“ഭൂമിയെ നിറയ്ക്കാൻ” ആദാമിനും ഹവ്വായ്ക്കും ലഭിച്ച ദൈവകല്പന നോഹയോടും കുടുംബത്തോടും ആവർത്തിക്കപ്പെട്ടു. എന്നാൽ, മക്കളെ ഉളവാക്കാനുള്ള കല്പന ക്രിസ്ത്യാനികളുടെമേൽ ബൈബിൾ ഒരിടത്തും അടിച്ചേൽപ്പിക്കുന്നില്ല. (ഉല്പത്തി 1:28, NW; 9:1-5; പ്രവൃത്തികൾ 15:29) വാസ്തവത്തിൽ, “സ്വർഗ്ഗരാജ്യംനിമിത്തം” അവിവാഹിതരായി നിലകൊള്ളുന്ന ക്രിസ്ത്യാനികളെ ബൈബിൾ ശ്ലാഘിക്കുന്നു. (മത്തായി 19:12; 1 കൊരിന്ത്യർ 7:38) അതുകൊണ്ടു കുട്ടികളെ ജനിപ്പിക്കുകയും ജനനനിയന്ത്രണം സ്വീകരിക്കുകയും ചെയ്യുന്ന കാര്യത്തിൽ ഓരോ ദമ്പതികളും സ്വന്തം തീരുമാനം ചെയ്യേണ്ടതുണ്ട്. തങ്ങളുടെ കുട്ടികളുടെ ശാരീരികവും വൈകാരികവും ആത്മീയവുമായ ആവശ്യങ്ങൾക്കു വേണ്ടി കരുതാൻ ക്രിസ്ത്യാനികളോടു കല്പിച്ചിരിക്കുന്നതുകൊണ്ട്, അത്തരം കരുതൽ പ്രദാനം ചെയ്യാൻ കഴിയുമാറ് തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം പരിമിതപ്പെടുത്തുന്നതു വിവേകമാണെന്ന് ഉത്തരവാദിത്വബോധമുള്ള മാതാപിതാക്കൾ വിചാരിച്ചേക്കാം. (1 തിമൊഥെയൊസ് 5:8) കുട്ടികൾ “യഹോവയിൽനിന്നുള്ള ഒരു അവകാശമാകുന്നു” എന്ന വസ്തുതയെ ഇതു യാതൊരു പ്രകാരത്തിലും വിലകുറച്ചു കാട്ടുന്നില്ല. (സങ്കീർത്തനങ്ങൾ 127:3)—പത്രാധിപർ
മദ്യാസക്തി 1993 ഏപ്രിൽ 8-ലെയും മെയ് 8-ലെയും ലക്കങ്ങളിലെ “യുവജനങ്ങൾ ചോദിക്കുന്നു . . .” എന്ന പംക്തിയിലെ ഒന്നാന്തരം ലേഖനങ്ങൾക്കു നന്ദി പറയുന്നു. “കുടിക്ക് എന്നെ വാസ്തവത്തിൽ കുരുക്കിലാക്കാനാവുമോ?,” “എനിക്കു മദ്യപാനം എങ്ങനെ നിർത്താൻ കഴിയും?” എന്നിവയായിരുന്നു ആ ലേഖനങ്ങൾ. എനിക്ക് 48 വയസ്സുണ്ട്, ഞാൻ മദ്യപാനം തരണം ചെയ്തുവരുന്ന ഒരാളാണ്. ഈ “രോഗം” ശരീരത്തിനും മനസ്സിനും ആത്മാവിനും ഏൽപ്പിക്കുന്ന നാശോൻമുഖമായ ഫലങ്ങൾ ഹൃദയഭേദകമാണ്. ഞാൻ മദ്യത്തിന് അടിമയായിക്കഴിഞ്ഞു എന്നു മനസ്സിലാക്കിത്തുടങ്ങിയപ്പോൾ, യഹോവ എന്നോട് ഒരിക്കലും ക്ഷമിക്കില്ല എന്ന് എനിക്കു തോന്നി. പക്ഷേ, ഞാൻ മൂപ്പൻമാരുടെ പക്കൽ പോയി, അവർ എനിക്കു സ്നേഹപൂർവകമായ സഹായം നൽകി. വീണ്ടും കുടിച്ചതിനെത്തുടർന്നു ഞാൻ ഒരു മദ്യചികിത്സാ പദ്ധതിയിൽ ചേർന്നു. ഇപ്പോൾ, കുടിക്കാനുള്ള പ്രലോഭനമുണ്ടാകുമ്പോൾ ഞാൻ പ്രാർഥിക്കുകയും ദൈവത്തിന്റെ പുതിയ ലോകത്തെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുന്നു. കൂടാതെ, വീക്ഷാഗോപുരത്തിലും ഉണരുക!യിലും വരുന്ന, മദ്യാസക്തിയെക്കുറിച്ചുള്ള ധാരാളം ലേഖനങ്ങളോ പ്രോത്സാഹജനകമായ ജീവിതാനുഭവങ്ങളോ ഞാൻ വായിക്കാറുണ്ട്. യഹോവയുടെ ജനം നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും ഞങ്ങൾക്കു നല്ല ലേഖനങ്ങൾ പ്രദാനം ചെയ്യുന്നതിനും നന്ദി.
സി. ഡി., ഐക്യനാടുകൾ
ഗൃഹപാഠം “യുവജനങ്ങൾ ചോദിക്കുന്നു . . . ഇത്രയധികം ഗൃഹപാഠം സംബന്ധിച്ച് എനിക്ക് എന്തു ചെയ്യാൻ കഴിയും?” എന്ന ലേഖനത്തിനു വളരെ നന്ദി. (1993 ജൂലൈ 8) വളരെയധികം ഗൃഹപാഠം നിമിത്തം യഥാർഥത്തിൽ സമ്മർദത്തിലായിരുന്ന ഒരു സമയത്താണു ഞാൻ ആ ലേഖനം വായിച്ചത്. വിശ്രമിക്കുന്നതിനോ ക്രിസ്തീയ യോഗങ്ങൾക്കു തയ്യാറാകുന്നതിനോ എനിക്കു സമയമില്ലായിരുന്നു. ഇപ്പോൾ ഞാൻ നിങ്ങളുടെ നിർദേശങ്ങൾ ബാധകമാക്കിവരുന്നു.
എം. എച്ച്., ഐക്യനാടുകൾ
“ഇത്രയധികം ഗൃഹപാഠം സംബന്ധിച്ച് എനിക്ക് എന്തു ചെയ്യാൻ കഴിയും?” എന്ന ലേഖനത്തിനു വളരെ നന്ദി. (1993 ജൂലൈ 8) അതിലെ നിർദേശങ്ങൾ ഞാൻ സത്വരം ബാധകമാക്കി, അവയിൽനിന്നു ഞാൻ വാസ്തവത്തിൽ പ്രയോജനം നേടിയിരിക്കുന്നു. ആത്മീയ കാര്യങ്ങൾക്കു വേണ്ടി ഇപ്പോൾ കൂടുതൽ സമയം നീക്കിവെക്കാൻ എനിക്കു കഴിയുന്നുണ്ട്. വളരെ നന്ദി!
എം. എം., ഇററലി
വൈകല്യങ്ങൾ “യുവജനങ്ങൾ ചോദിക്കുന്നു . . . ഒരു വൈകല്യം നിമിത്തം ഞാൻ കഷ്ടപ്പെടേണ്ടിവരുന്നത് എന്തുകൊണ്ട്?” (1993 സെപ്ററംബർ 8) എന്ന ലേഖനം ഈ പ്രശ്നത്തെ വാസ്തവികബോധത്തോടെ കൈകാര്യം ചെയ്തു. ഞാൻ ഇരുകാലുകളിലും വൈകല്യം ബാധിച്ചവനാണ്, ആളുകൾ എന്നെ സഹതാപത്തോടെ നോക്കുമ്പോൾ എനിക്കു വിഷമം തോന്നാറുണ്ട്. എന്റെ വികാരങ്ങൾ ഏററവുമധികം വ്രണപ്പെടുന്നത് ആരെങ്കിലും എനിക്ക് ഒരു സംഭാവന തരുമ്പോഴാണ്—ഒരു ഭിക്ഷക്കാരന് എന്നപോലെ! യഹോവ ‘ഹൃദയത്തെയാണു നോക്കുന്നത്,’ ശാരീരിക നിലയെയല്ല എന്നറിയുന്നത് എന്നെ ആശ്വസിപ്പിക്കുന്നു.—1 ശമുവേൽ 16:7, NW.
എ. എ. എ. എസ്., ബ്രസീൽ