ഞങ്ങളുടെ വായനക്കാരിൽനിന്ന്
കുട്ടികളെ വളർത്തൽ ഒരു പ്രാഥമിക വിദ്യാലയത്തിലെ അധ്യാപകൻ എന്നനിലയിൽ “നിങ്ങളുടെ കുട്ടികൾ—അവർക്കുവേണ്ടി ഏററവും മെച്ചമായതു ചെയ്യൽ” എന്നതിനെക്കുറിച്ചുള്ള ലേഖനങ്ങൾ ഞാൻ വളരെയധികം വിലമതിച്ചു. (ജനുവരി 8, 1993) ഇന്ന് അധ്യാപകർ നേരിടുന്ന ഏററവും വലിയ വെല്ലുവിളികളിൽ ഒന്ന് കുട്ടികളിൽ യഥാർഥ താത്പര്യമെടുക്കാൻ കഴിയാത്തവിധം വളരെ തിരക്കുള്ള മാതാപിതാക്കളുടെ കുട്ടികളെ കൈകാര്യം ചെയ്യലാണ്. ഞങ്ങളുടെ സ്കൂളിൽ അടുത്തയിടെ നടന്ന മാതാപിതാക്കളുടെ നിശയിൽ ഈ ലക്കത്തിലെ ചില അവലോകനങ്ങൾ ഞാൻ പങ്കുവെച്ചു. ഞങ്ങളുടെ ചർച്ച ഉൾക്കാഴ്ച പകരുന്നതും ചിന്തോദ്ദീപകവുമാണെന്നു മാതാപിതാക്കൾ കണ്ടെത്തി.
എം. പി., ഐക്യനാടുകൾ
നിങ്ങളുടെ ലേഖനം കുറിക്കുകൊണ്ടു. ഞാൻ എക്കാലത്തും വായിച്ചിട്ടുള്ള ഏററവും നല്ല ലേഖനങ്ങളായിരുന്നു അവ. നിങ്ങൾ മോശമായ ദൃഷ്ടാന്തങ്ങൾ കാണിച്ചുതരിക മാത്രമല്ല പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.
എം. ആർ., ജർമനി
ഈ ലേഖനങ്ങൾ നന്നായി എഴുതിയവയായിരുന്നു, എന്നാൽ ശിശുദ്രോഹത്തെ സംബന്ധിച്ച നിങ്ങളുടെ തുറന്ന പരാമർശം കൂടിപ്പോയി എന്നു ഞാൻ കരുതുന്നു. അതെന്നെ ഞെട്ടിച്ചു.
എഫ്. എം., കാനഡ
നിഷ്ക്കളങ്കരും നിരായുധരുമായ കുട്ടികളോടു മുതിർന്നവർ ചെയ്യുന്ന ദ്രോഹത്തെക്കുറിച്ചു വായിക്കുന്നതുതന്നെ നിശ്ചയമായും ഞെട്ടലുളവാക്കുന്നതാണ്. അത്തരം കാര്യങ്ങൾ സംബന്ധിച്ചു വായിക്കുന്നതു ചില വായനക്കാർ അരുചികരമാണെന്നു കണ്ടെത്തിയേക്കാമെങ്കിൽത്തന്നെയും കുട്ടികൾ ഇന്നു നേരിടുന്ന തികച്ചും യഥാർഥമായ അപകടങ്ങൾ സംബന്ധിച്ചു മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ആവശ്യമുണ്ട്. (2 കൊരിന്ത്യർ 2:11 താരതമ്യപ്പെടുത്തുക.) അതുകൊണ്ട്, അത്തരം കാര്യങ്ങൾ സംബന്ധിച്ച് ആവോളം യോഗ്യമായ വിധത്തിൽ പ്രത്യേകം പരാമർശിക്കാനുള്ള കടപ്പാടു ഞങ്ങൾക്കു തോന്നി.—എഡിററർ
മാതാപിതാക്കൾക്കുള്ള കത്ത് “മമ്മിക്കും ഡാഡിക്കും ഉള്ള കത്ത്” എന്ന ലേഖനം (ജനുവരി 8, 1993) എന്നെ കരയിപ്പിച്ചു. എന്റെ മാതാപിതാക്കൾ തങ്ങളുടെ എട്ടു കുട്ടികളെ വളർത്താൻ എത്ര പാടുപെട്ടെന്ന് അതെന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് 42-ാമത്തെ വയസ്സിൽ മമ്മിക്കും ഡാഡിക്കുമുള്ള, എന്റെയൊരു കൃതജ്ഞതക്കത്തു ഞാൻ എഴുതിയിരിക്കുന്നു.
ജെ. ഡി., ഐക്യനാടുകൾ
അതു വായിക്കുന്നതു വളരെ വേദനാകരമായിരുന്നു, കാരണം, ആ യുവാവ് പട്ടികപ്പെടുത്തിയ കാര്യങ്ങളിൽ ഒന്നും എന്റെ മാതാപിതാക്കൾ എനിക്കു തന്നില്ല. എന്നാൽ ഞാൻ അതു വീണ്ടും വായിച്ചപ്പോൾ നമ്മുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവം എനിക്കും മററനേകർക്കും വേണ്ടി എത്രത്തോളം ചെയ്തിരിക്കുന്നു എന്നു ഞാൻ മനസ്സിലാക്കി. അവിടുന്ന് എന്നെ സ്നേഹം പഠിപ്പിച്ചിരിക്കുന്നു, എനിക്ക് ആവശ്യമുള്ളപ്പോൾ അവിടുന്ന് എനിക്കു ശിക്ഷണം നൽകിയിരിക്കുന്നു. ഇപ്രകാരം, ഞാൻ അനുഭവിച്ച വേദനാജനകമായ കുട്ടിക്കാലത്തുനിന്ന് അവിടുന്ന് എനിക്ക് ആശ്വാസം തന്നിരിക്കുന്നു.
കെ. എ., ഐക്യനാടുകൾ
ഒലിവെണ്ണ 1993 ജനുവരി 8-ാം ലക്കത്തിലെ “ബഹുമുഖോപയോഗമുള്ള ഒലിവെണ്ണ” എന്ന ലേഖനത്തിനു നിങ്ങൾക്കു നന്ദി. ഒരാശുപത്രിയിൽ ഒരു പോഷകാഹാര വിദഗ്ധനായി ഞാൻ ജോലിനോക്കുന്നു, കൊഴുപ്പും കൊളസ്ട്രോളും കുറഞ്ഞ ഭക്ഷ്യക്രമം സംബന്ധിച്ചു ഞാൻ ആളുകൾക്കു മാർഗനിർദേശം കൊടുക്കുന്നു. ഈ ലേഖനം വളരെ കൃത്യതയുള്ളതും എന്റെ പാഠങ്ങൾക്ക് ഉപയോഗപ്രദവുമായിരുന്നു.
ഡി. എസ്., ഐക്യനാടുകൾ
ലോകത്തെ വീക്ഷിക്കൽ “ലോകത്തെ വീക്ഷിക്കൽ” എന്ന ഇനത്തിൽ ചെറിയ ചെറിയ വാർത്താശകലങ്ങൾ അച്ചടിക്കുന്നതിനു നിങ്ങൾക്കു നന്ദി. സങ്കീർണതകളില്ലാത്ത വളരെ ഭദ്രതയുള്ള ഒരു ജീവിതം ആണ് എന്റേത് എന്നതുകൊണ്ട്, ഇവ തീർച്ചയായും അന്ത്യനാളുകൾ തന്നെയാണെന്നു ഞാൻ എന്നെത്തന്നെ വീണ്ടും വീണ്ടും ധരിപ്പിക്കേണ്ടിവന്നു. സത്യത്തിൽ ഈ പഴയ ലോകം എത്ര രോഗാതുരവും അധഃപതിച്ചതുമാണെന്ന് എന്നെ ബോധ്യപ്പെടുത്തുന്നതിൽ “ലോകത്തെ വീക്ഷിക്കൽ” ഒരു വലിയ സഹായമായിരുന്നിട്ടുണ്ട്. ദയവായി ഇതു തുടർച്ചയായി പ്രസിദ്ധീകരിക്കുക.
എം. ജി., ഐക്യനാടുകൾ
പുതിയ ലോകം “എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു പുതിയ ലോകം” (ഫെബ്രുവരി 8, 1993) എന്ന ലേഖനപരമ്പര ഈ വിഷയം സംബന്ധിച്ച സമീപവർഷങ്ങളിലെ ഏററവും മികച്ച പരമ്പരകളിൽ ഒന്നായിരുന്നു. പരാമർശിച്ചിരുന്ന തിരുവെഴുത്തുകളും മനോഹരമായ ചിത്രങ്ങളും ആഴമായ വിലമതിപ്പിന്റെ ഒരു വികാരം എന്നിൽ ഉണർത്തി. ഇത് അനവധി വായനക്കാരുടെ ഹൃദയങ്ങളെ സ്പർശിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.
ഐ. ഇസ്സഡ്., ഇററലി