ഞങ്ങളുടെ വായനക്കാരിൽ നിന്ന്
പിന്തുണ നൽകുന്ന മാതാപിതാക്കൾ “മാതാപിതാക്കളേ—പിന്തുണ നൽകുക!” (ആഗസ്റ്റ് 8, 1994) എന്ന ലേഖനപരമ്പരയ്ക്കു പ്രത്യേക നന്ദി. അടുത്ത കാലത്ത്, എന്റെ ഏറ്റവും ഇളയ മകളുടെ സ്കൂൾ പ്രിൻസിപ്പൽ മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള നല്ല ആശയവിനിമയത്തെക്കുറിച്ച് ഒരു കൂട്ടം മാതാപിതാക്കളുമായി ചർച്ച നടത്തി. ഞാൻ ആ മാസിക പ്രിൻസിപ്പലിനു കൊടുത്തു, അവർ അത് ഉടൻതന്നെ വായിക്കുകയും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞ് എന്റെ മകൾ പ്രതിമാസ സ്കൂൾ വാർത്താപത്രിക വീട്ടിൽ കൊണ്ടുവന്നു. ആ ജനസമൂഹത്തിലുള്ള എല്ലാവരും ആ വിവരത്തിൽനിന്നു പ്രയോജനം നേടാൻ തക്കവണ്ണം നല്ല ആശയവിനിമയത്തെക്കുറിച്ചുള്ള ആ ലേഖനഭാഗം പുനർമുദ്രണം ചെയ്തിരുന്നു.
ഡബ്ലിയു. ബി., ഐക്യനാടുകൾ
വോൾഫിനുകൾ ഡോൾഫിൻ/തിമിംഗല സങ്കരജീവിയെക്കുറിച്ചുള്ള, “തിമിംഗലമോ? ഡോൾഫിനോ?—അല്ല, അതൊരു വോൾഫിൻ!” (ഫെബ്രുവരി 22, 1994, ഇംഗ്ലീഷ്) എന്ന ലേഖനം എനിക്ക് ഇഷ്ടമായി. “ദൈവം തന്റെ സൃഷ്ടിയിൽ സംവിധാനം ചെയ്തിട്ടുള്ള വൈവിധ്യത്തിനു വേണ്ടിയുള്ള വിസ്മയാവഹമായ സാധ്യതയുടെ ഒരു ക്ഷണികവീക്ഷണം” എന്നു നിങ്ങൾ അതിനെ ഒടുവിൽ വിളിക്കുന്നു. ഞാൻ അതിനോട് വിയോജിച്ചു, കാരണം ഇണചേരൽ അവയുടെ സാധാരണ പരിതഃസ്ഥിതിയിൽ നടന്നിരിക്കുകയില്ല.
കെ. ജി., ഐക്യനാടുകൾ
അത്തമൊരു ഇണചേരൽ സാധാരണമാണെന്നോ ദൈവം അതിന് ഉത്തരവാദിയാണെന്നോ ഞങ്ങൾ അർഥമാക്കിയില്ല. എന്നിരുന്നാലും, വിസ്മയാവഹമായ അത്തമൊരു ജീവിയുടെ അസ്തിത്വത്തിനുള്ള ബഹുമതി മനുഷ്യനു കൊടുക്കാൻ സാധിക്കില്ല. “ദൈവം തന്റെ സൃഷ്ടിയിൽ വൈവിധ്യത്തിനു വേണ്ടിയുള്ള സാധ്യത സംവിധാനം ചെയ്തിരിക്കുന്നതു”കൊണ്ടാണു സങ്കരയിനങ്ങൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട്, ഞങ്ങളുടെ ലേഖനം ദൈവത്തിന് അർഹമായ ബഹുമതി കൊടുത്തു.—പത്രാധിപർ
ഹരം പകരുന്ന സ്പോർട്സ് “യുവജനങ്ങൾ ചോദിക്കുന്നു . . . ഹരം പകരുന്ന സ്പോർട്സ്—ഞാൻ ഒരു സാഹസത്തിനു തുനിയണമോ?” എന്ന ലേഖനത്തിൽ ബഞ്ചീ ജംപിങിന്റെ സാധ്യമായ അപകടങ്ങളെക്കുറിച്ചു നിങ്ങൾ ചെറുപ്പക്കാർക്കു സമുചിതമായി മുന്നറിയിപ്പു കൊടുത്തു. (ജൂലൈ 8, 1994) ഞാൻ അതു വായിച്ച് ഒരാഴ്ച പോലും കഴിഞ്ഞില്ല അതിനു മുമ്പ്, ബഞ്ചീ ജംപിങിന്റെ ഫലമായി നാലു യുവാക്കൾക്ക് കണ്ണിനു സാരമായ കേടുപാടു സംഭവിച്ചതായി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ റിപ്പോർട്ടു ചെയ്യുകയുണ്ടായി. വിസ്മയാവഹമായ നിങ്ങളുടെ മാസികയ്ക്കു നന്ദി.
ഡി. എഫ്., ഇംഗ്ലണ്ട്
മരണത്തെ വെല്ലുവിളിക്കുന്ന സ്പോർട്സിനെക്കുറിച്ചുള്ള ലേഖനം എന്നെ വളരെ ബോധവാനാക്കി! ഒരിക്കൽ ഞാൻ ചെങ്കുത്തായ ഒരു പാറക്കെട്ടിൽ കയറിയിട്ട് മുന്നോട്ടോ പിന്നോട്ടോ പോകാൻ കഴിയാത്ത അവസ്ഥയിലെത്തി. ഞാൻ മരണത്തോട് എത്ര അടുത്തുചെന്നുവെന്ന ചിന്ത എന്നെ ഇന്നും ഞെട്ടിക്കുന്നു. അതു ജീവന്റെ എന്തൊരു മൗഢ്യമായ പാഴാക്കലാകുമായിരുന്നു!
എൽ. റ്റി., ഐക്യനാടുകൾ
ഞാൻ ആ ലേഖനം വളരെ വിലമതിച്ചു. ഞാൻ താമസിക്കുന്ന പ്രദേശത്ത്, കുട്ടികൾ ഹരം പകരുന്ന ഇത്തരം അനേകം സ്പോർട്സുകളിൽ പങ്കെടുക്കാറുണ്ട്. തങ്ങളോടൊപ്പം എന്നെ കൂട്ടാൻ അവർ എപ്പോഴും ശ്രമിക്കുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും, അവർ എന്നോടു പറയുന്ന, രസമുളവാക്കുന്നതെന്നു കരുതുന്ന, അതേ സ്പോർട്സുകൾ നിമിത്തം ആളുകൾ മരിക്കുകയോ അവർക്കു സാരമായ പരിക്കേൽക്കുകയോ ചെയ്യുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മിക്കപ്പോഴും ഞാൻ വാർത്തകളിൽ കാണുന്നു. ആ ലേഖനം വായിച്ചശേഷം, വെറും ക്ഷണികമായ ഹരത്തിനു വേണ്ടി, യഹോവയാം ദൈവം എനിക്കു തന്ന ജീവനെ അപകടപ്പെടുത്തുന്നതു വിഡ്ഢിത്തമായിരിക്കുമെന്നു ഞാൻ തിരിച്ചറിഞ്ഞു.
ജെ. എസ്., ഐക്യനാടുകൾ
എയ്ഡ്സ് ഞാൻ മൂന്നു വർഷത്തിലധികം ഒരു മുഴുസമയ ശുശ്രൂഷകനായി സേവിച്ചു. എന്നിരുന്നാലും, ഇപ്പോൾ എനിക്കതിനാവില്ല. എനിക്ക് എയ്ഡ്സാണ്. “എയ്ഡ്സുള്ളവരെ സഹായിക്കൽ” (മാർച്ച് 22, 1994, ഇംഗ്ലീഷ്) എന്ന ലേഖനത്തിൽ ദുഷ്കരമായ ഈ വിഷയത്തെക്കുറിച്ചു തുറന്നു പ്രതിപാദിച്ചതിനു നന്ദി. എല്ലാവരുടെയും കാര്യങ്ങളിൽ നിങ്ങൾക്കു യഥാർഥമായ താത്പര്യമുണ്ടെന്ന് എനിക്കറിയാം. എന്നിരുന്നാലും, ആ രോഗം ബാധിച്ചവരോട് മനസ്സലിവു കാട്ടാൻ പ്രോത്സാഹിപ്പിച്ച ലേഖനഭാഗങ്ങൾ പലരും ഒഴിവാക്കി, പരാമർശിച്ചിരുന്ന “ന്യായമായ മുൻകരുതലുകൾ” എന്ന ഭാഗത്തിനു ശ്രദ്ധ കൊടുത്തതായി തോന്നുന്നു. ആ ലേഖനം അകന്നുനിൽക്കാനുള്ള അനുമതി ചിലർക്കു നൽകിയതുപോലെയാണ് അത്. എന്റെ അവസ്ഥ കൂടുതൽ വഷളാകുകയും എന്റെ സഹോദരങ്ങളുടെ സ്നേഹവും പിന്തുണയും യഥാർഥത്തിൽ ആവശ്യമായിരിക്കുകയും ചെയ്യുമ്പോൾ എന്തു സംഭവിക്കുമെന്ന് ആശ്ചര്യപ്പെടാനല്ലാതെ എനിക്ക് ഒന്നിനും കഴിയുന്നില്ല. വൈറസ് പിടിപെട്ടേക്കുമോ എന്നുള്ള ഭയം നിമിത്തം ചിലർ എന്നെ സന്ദർശിക്കാൻ വിസമ്മതിക്കുമോ?
എം. എൻ., ഐക്യനാടുകൾ
ആത്മാർഥമായ ആ അഭിപ്രായങ്ങൾ ഞങ്ങൾ വിലമതിക്കുന്നു. എയ്ഡ്സ് പിടിപെട്ടവർക്കു പിന്തുണ നൽകുന്നതിനെ നിരുത്സാഹപ്പെടുത്തുകയായിരുന്നില്ല ഞങ്ങളുടെ ഉദ്ദേശ്യം. തീർച്ചയായും, ഞങ്ങൾ ഇങ്ങനെ പ്രസ്താവിക്കുകയു ണ്ടായി: “നിലവിലുള്ള അഭിപ്രായമനുസരിച്ച്, വല്ലപ്പോഴുമുള്ള സമ്പർക്കം എയ്ഡ്സ് പരത്തുന്നില്ല. . . . എയ്ഡ്സുള്ള ആളുകളുടെ സമീപത്തായിരിക്കുന്നതു സംബന്ധിച്ച് ഒരുവൻ അനാവശ്യമായി ഭയപ്പെടേണ്ടതില്ല.” എയ്ഡ്സ് രോഗികളോട് അനുകമ്പയോടെ ഇടപെടവേ, ഒരളവിലുള്ള സംരക്ഷണം തോന്നാൻ നിർദേശിച്ചിരിക്കുന്ന മുൻകരുതലുകൾക്കു മറ്റുള്ളവരെ സഹായിക്കാൻ കഴിയും.—പത്രാധിപർ