യുവജനങ്ങൾ ചോദിക്കുന്നു. . .
ഹരം പകരുന്ന സ്പോർട്സ്—ഞാൻ ഒരു സാഹസത്തിനു തുനിയണമോ?
“നിങ്ങളുടെ ജീവിതത്തിലെ ഏററവും ഭയങ്കരമായ നിമിഷം ഇതായിരിക്കും,” പ്ലാററ്ഫോമിൽ വിറച്ചുകൊണ്ടു നിൽക്കുന്ന നിങ്ങളോടു പറയുന്നു. കൗണ്ട്ഡൗൺ ആരംഭിക്കുകയായി: “അഞ്ച്, നാല്, മൂന്ന്, രണ്ട്, ഒന്ന്—ചാടിക്കൊള്ളൂ!” ആ വീഴ്ചയിൽ നിങ്ങളുടെ ശ്വാസം നിലച്ചുപോകുന്നു. നിങ്ങൾ അതിവേഗം താഴോട്ടു പതിക്കുകയാണ്. ഒരുപക്ഷേ മരണത്തിലേക്കു തന്നെ. എന്നാൽ പെട്ടെന്ന് ഒരു ഇലാസ്ററിക്ക് ചരട് വലിയുന്നതായി നിങ്ങൾക്ക് അനുഭവപ്പെടുന്നു. ഹാ, ആശ്വാസമായി. ആ ഉല്ലാസകരമായ അനുഭവത്തിൽ നിങ്ങൾ ആറാടുന്നു. നിങ്ങൾ അതിജീവിച്ചിരിക്കുന്നു!
ബഞ്ചീ ജംപിങ്.a ഐക്യനാടുകളിൽത്തന്നെ പത്തുലക്ഷം മുതൽ ഇരുപതുലക്ഷം വരെ പങ്കാളികളെ ഈ സ്പോർട്സ് ആകർഷിച്ചിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. റോക്ക് ക്ലൈംബിങ്, പാരാഗ്ലൈഡിങ്, വൈററ് വാട്ടർ റാഫ്ററിങ്, സ്കൈ സർഫിങ് എന്നിങ്ങനെ അടുത്തകാലത്ത് വൻതോതിൽ ജനപ്രീതിയാർജിച്ചിട്ടുള്ള അനവധി സ്പോർട്സുകളിൽ ഒന്നു മാത്രമാണ് ബഞ്ചീ ജംപിങ്. “ഹരം പകരുന്ന സ്പോർട്സിന്റെ പതിററാണ്ടാണ് 90-കൾ” എന്ന് ബഞ്ചീ ജംപിങ് നടത്തുന്ന ഒരാൾ പറയുന്നു.
സാഹസികപ്രവർത്തനങ്ങൾ ധനികരുടെ മാത്രം കുത്തകയല്ല. എലിവേററർ സർഫിങ് (ചലിക്കുന്ന ലിഫ്ററിന്റെ മുകളിലൂടെ സവാരിചെയ്യൽ), ടണലിങ് (വലിയ കെട്ടിടങ്ങളുടെ കുഴലുകളിലൂടെയുള്ള പരക്കംപാച്ചിൽ), സബ്വേ സർഫിങ് (ഓടിക്കൊണ്ടിരിക്കുന്ന ഭൂഗർഭ തീവണ്ടികളുടെ മുകളിലൂടെ സവാരി ചെയ്യൽ), സ്റെറയ്ർ ഡൈവിങ് (ഗ്രീസ് പുരട്ടിയ കോണിപ്പടിയിലൂടെ വഴുതിയിറങ്ങൽ) എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിൽ ഹരം തേടുന്ന നഗരവാസികൾ ഏർപ്പെടുന്നു.
എന്താണ് ആകർഷണം?
“എനിക്കു ഭീതിയുളവാക്കുന്ന ഏതു കാര്യവും ഞാൻ പരീക്ഷിച്ചുനോക്കും,” യുവാവായ നൊർബർട്ട് പറയുന്നു. “ബെയ്സ്ബോൾ, ബാസ്ക്കററ്ബോൾ എന്നിങ്ങനെ എല്ലാ സ്പോർട്സും എനിക്ക് ഇഷ്ടമാണ്. എന്നാൽ ബ്രിഡ്ജ് ജംപിങ് എന്നിൽ ഭീതിയുളവാക്കി! അതു തികച്ചും അസാധാരണമാണ്,” യുവാവായ ഡഗ്ലസ് സമ്മതിക്കുന്നു. “സാധാരണ സ്പോർട്സ് നേരംപോക്കാണ്. എന്നാൽ അവ മുൻകൂട്ടി പ്ലാൻ ചെയ്തവയാണ്. നിങ്ങൾ എല്ലായ്പോഴും നിയന്ത്രണവിധേയനാണ്. എനിക്ക് ചാട്ടത്തിന്റെ ആ അനുഭൂതിയാണ് ഇഷ്ടം. അതിന്റെ വേഗതയാണെങ്കിലോ . . . മററു സ്പോർട്സുകൾക്കൊന്നും ആ അനുഭൂതി ഒരിക്കലും പ്രദാനം ചെയ്യാനാവില്ല,” അയാൾ പറയുന്നു.
ഹരം പകരുന്ന സ്പോർട്സുകൾ നിങ്ങളുടെ കായിക പ്രാപ്തിയെ വെല്ലുവിളിക്കുക മാത്രമല്ല ചെയ്യുന്നത്; അവ നിങ്ങളെ മരണത്തിനു മുഖാമുഖം നിർത്തുന്നു! ഇവയിൽ പങ്കെടുക്കുന്നവർ അഡ്രീനാലിൻ എന്ന ഹോർമോണിന്റെ തിരത്തള്ളൽ കൊണ്ടുണ്ടാകുന്ന ആ അനുഭൂതി ആസ്വദിക്കുന്നതായി തോന്നുന്നു. ചില ആളുകൾ ടൈപ്പ്-ററി അഥവാ ഹരം പ്രിയപ്പെടുന്ന വ്യക്തികളായിരിക്കാൻ ജനിതകപരമായി പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നതായി ചില വിദഗ്ധർ അവകാശപ്പെടുന്നു. എന്നിരുന്നാലും, മിക്ക യുവാക്കളും ഏതെങ്കിലും തരത്തിലുള്ള സാഹസപ്രവൃത്തികളിൽ ഏർപ്പെടുന്നു; പരിമിതികൾ പരിശോധിക്കുന്നതിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമുള്ള അവരുടെ മാർഗമാണ് അത്.
നിർഭാഗ്യകരമെന്നു പറയട്ടെ, അതു ചെയ്യുന്നതിൽ യുവാക്കൾ എല്ലായ്പോഴും നല്ല വിവേചന ഉപയോഗിക്കുന്നില്ല. “യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ” എന്ന് സദൃശവാക്യങ്ങൾ 20:29 പറയുന്നു. എന്നാൽ തങ്ങളുടെ ശക്തി അതിരററതാണെന്നു ചിലർ വിചാരിക്കുന്നതായി കാണുന്നു. “മററുള്ളവർക്കു സംഭവിക്കാൻ സാധ്യതയുള്ളതൊന്നും സംഭവിക്കാത്ത, പ്രത്യേക, അതുല്യ വ്യക്തികളാണ് തങ്ങളെന്നാണ്” പലപ്പോഴും കൗമാരപ്രായക്കാരുടെ വിശ്വാസം എന്ന് ഡോ. ഡേവിഡ് എൽകൈൻഡ് പറയുന്നു. “തങ്ങൾക്ക് എന്തോ പ്രത്യേകതയുണ്ടെന്നും അപകടങ്ങളിൽനിന്നു വിമുക്തരാണെന്നുമുള്ള ഈ വിശ്വാസമാണ് സാഹസം കാട്ടുന്നതിനുള്ള കൗമാരപ്രായക്കാരുടെ മിക്ക തീരുമാനങ്ങൾക്കും കാരണം.” സമാനമായി ഡോ. റോബർട്ട് ബട്ടർവർത്ത് ഇപ്രകാരം അഭിപ്രായപ്പെടുന്നു: “വിമാനത്തിൽ നിന്നുള്ള ചാട്ടം പോലെ (sky-diving) എന്തെങ്കിലും നിങ്ങൾ ചെയ്യുമ്പോൾ അതു നിങ്ങളുടെ തന്നെ വിധിയെ നിയന്ത്രിച്ചുകൊണ്ട് സാധ്യതകളെ വെല്ലുവിളിക്കുന്ന ഒരു അനുഭൂതി നിങ്ങളിൽ ഉളവാക്കുന്നു.”
എന്നാൽ ദുർജ്ഞേയമായ പ്രേരണകളും സാഹസം കാട്ടലിനു പ്രചോദനമേകിയേക്കാം. ജീവിത സമ്മർദങ്ങളോടു പൊരുത്തപ്പെടാൻ കഴിയാത്തതുകൊണ്ട് ചെറുപ്പക്കാരായ അനേകം അതിസാഹസികർ മൂഢമായ സാഹസങ്ങൾക്കു മുതിരുന്നു എന്ന് കുട്ടികളുടെ സമ്മർദം! [ഇംഗ്ലീഷ്] എന്ന തന്റെ പുസ്തകത്തിൽ മേരി സൂസൻ മില്ലർ സൂചിപ്പിക്കുന്നു. ഇപ്രകാരം ഹരം പകരുന്ന സ്പോർട്സുകൾ സ്വവിനാശകരമോ ആത്മഹത്യാപരമോപോലുമായ പ്രവണതകളെ വെളിപ്പെടുത്തിയേക്കാം. “വിധിയെ വെല്ലുവിളിച്ചുകൊണ്ട് അവർ തങ്ങളെത്തന്നെ അപകടകരമായ സാഹചര്യങ്ങളിൽ മനഃപൂർവം ആക്കിവെക്കുന്നു” എന്ന് മില്ലർ പറയുന്നു.
യഥാർഥത്തിൽ അപകടകരമോ?
അവയുടെ ആകർഷണം എന്തുതന്നെയായിരുന്നാലും ഹരം പകരുന്ന സ്പോർട്സ് അപകടകരങ്ങളാണ്. ‘അങ്ങനെയെങ്കിൽ തെരുവ് കുറുകെ കടക്കുന്നതും അപകടകരമാണ്,’ ചിലർ വാദിക്കുന്നു. എന്നാൽ തെരുവു കുറുകെ കടക്കുന്ന ഒരാൾ അപകടമോ ഹരമോ മനഃപൂർവം തേടുന്നില്ല. ബഞ്ചീ ജംപിങ് പോലുള്ള അനേകം സ്പോർട്സിന് സുരക്ഷിതത്വം സംബന്ധിച്ച് നല്ല റിക്കോർഡുകളുണ്ട്. എന്നാൽ കുഴപ്പം സംഭവിക്കാം. മാർക്ക് ബ്രാക്കർ, എം.ഡി., അത് ഇപ്രകാരം പ്രസ്താവിച്ചു: “ഉയർന്ന അപകടസാധ്യതയുള്ള ഇത്തരം പല സ്പോർട്സിന്റെ കാര്യത്തിലും എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ അതു കൊടുംവിപത്തായിരിക്കും. വിമാനത്തിൽനിന്നുള്ള ചാട്ടമായാലും ഹാങ് ഗ്ലൈഡിങ് ആയാലും മോട്ടോർസൈക്കിൾ സവാരിയായാലും ഹരം ഏറുന്നതനുസരിച്ച് സാധാരണമായി അപകടസാധ്യതയും ഏറും.” നിലത്തുനിന്ന് 58 മീററർ ഉയരത്തിൽ പറക്കുന്ന ചൂടുവായു നിറച്ച ഒരു ബലൂണിൽ നിന്ന് ഒരു 20 വയസ്സുകാരൻ ബഞ്ചീ ജംപിങ് നടത്തി. പ്രശ്നമെന്തായിരുന്നു? അവന്റെ ചരടിന് 79 മീററർ നീളമുണ്ടായിരുന്നു! അവൻ ചാടിയത് അതിദാരുണമായ മരണത്തിലേക്കായിരുന്നു.
മോട്ടോർ സൈക്ക്ളിങ് പോലുള്ള ചില പ്രവർത്തനങ്ങൾ താരതമ്യേന സുരക്ഷിതമായും മിതത്വത്തോടെയും ആസ്വദിക്കാൻ കഴിഞ്ഞേക്കും എന്നു സമ്മതിക്കുന്നു. എന്നാൽ സ്പോർട്സ് മെഡിസിനിലെ ഒരു വിദഗ്ധൻ ഹരം തേടുന്നവരെക്കുറിച്ച് ഇപ്രകാരം പറയുന്നു: “അവർ കൂടുതൽക്കൂടുതൽ വൈദഗ്ധ്യം പ്രാപിക്കുന്തോറും കൂടുതൽക്കൂടുതൽ ദുഷ്കരമായ എന്തെങ്കിലും തിരഞ്ഞെടുക്കുന്നു. അവസാനം എന്തെങ്കിലും അപകടം സംഭവിക്കുകയും ചെയ്യുന്നു.” ഒരു യുവാവ് ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “ഞാൻ ഒരു ആസക്തനാണ്. ഇപ്പോൾ ആ ഭയവും ഹരവുമൊക്കെ ലഭിക്കാൻ വിഷമമാണ്.”
ക്രിസ്ത്യാനികൾക്കുള്ളതോ?
ബൈബിൾ എല്ലാത്തരത്തിലുള്ള സ്പോർട്സിനെയും പൂർണമായി തിരസ്ക്കരിക്കുന്നുവോ? ഇല്ല, തീർത്തും മൗഢ്യമായവയെയാണു കുററംവിധിക്കുന്നത്. സഭാപ്രസംഗി 7:17-ൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് ശലോമോൻ ഇപ്രകാരം ചോദിച്ചു: “കാലത്തിന്നു മുമ്പെ നീ എന്തിന്നു മരിക്കുന്നു?”
‘ജീവിതം ഹ്രസ്വമാണ്. തിമർത്തു കളിക്കുക’ എന്ന് സ്പോർട്സ് ഷൂസിന്റെ ഒരു പരസ്യം ഉദ്ബോധിപ്പിക്കുന്നു. ജീവനെ കാത്തുസൂക്ഷിക്കുന്നതിനുള്ള ഒരു കടപ്പാട് നമുക്കു നമ്മോടുതന്നെയും നമ്മുടെ സ്നേഹിതരോടും സ്രഷ്ടാവിനോടും ഉണ്ട്. ജീവൻ ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണ്. (സങ്കീർത്തനം 36:9) ബൈബിൾ കാലങ്ങളിൽ, അറിയാതെ ഒരാളെ കൊന്നാൽ ഗൗരവമായ ശിക്ഷ കൽപ്പിക്കാമായിരുന്നു. (പുറപ്പാട് 21:29; സംഖ്യാപുസ്തകം 35:22-25) അതുകൊണ്ട് അനാവശ്യമായ സാഹസം കാട്ടൽ ഒഴിവാക്കുന്നതിനു ദൈവജനത്തെ പ്രോത്സാഹിപ്പിച്ചിരുന്നു.—താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 22:8.
അതുപോലെ ജീവനോട് ആദരവു പ്രകടമാക്കാനുള്ള ഒരു കടപ്പാട് ഇന്നു ക്രിസ്ത്യാനികൾക്കുണ്ട്. അനാവശ്യമായ സാഹസങ്ങൾക്കു നിങ്ങളെ വിധേയരാക്കുന്ന ഒരു സ്പോർട്സ് പിന്തുടരുന്നത് ഉചിതമായിരിക്കുമോ? പിശാചായ സാത്താൻ യേശുവിനെ പരീക്ഷിക്കാൻ ശ്രമിച്ചപ്പോൾ യേശു ദൈവാലയത്തിന്റെ മുകളിൽ നിന്നു താഴോട്ടു ചാടിയാൽ ദൂതൻമാർ അവനെ താങ്ങിക്കൊള്ളുമെന്ന് സാത്താൻ വാദിച്ചു. യേശു ഇപ്രകാരം പ്രതികരിച്ചു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു.”—മത്തായി 4:5-7.
കൂടാതെ, നിങ്ങൾ ശക്തരും ആരോഗ്യമുള്ളവരും ആണെന്ന് നിങ്ങൾക്കു തോന്നിയേക്കാമെങ്കിലും അപകടങ്ങളിൽനിന്നു നിങ്ങൾ കേവലം വിമുക്തർ അല്ല. ‘അത് എനിക്ക് സംഭവിക്കില്ല’ എന്നു ന്യായവാദം ചെയ്യുന്നത് മിഥ്യയാണ്. ‘സമയവും മുൻകൂട്ടിക്കാണാത്ത സംഭവങ്ങളും നമുക്കെല്ലാം സംഭവിക്കുന്നു’ എന്ന് ബൈബിൾ നമുക്കു മുന്നറിയിപ്പു നൽകുന്നു.—സഭാപ്രസംഗി 9:11, NW.
രണ്ടുവട്ടം ആലോചിക്കുക
ക്രെയ്നിൽ നിന്നുള്ള ചാട്ടം, വിമാനത്തിൽ നിന്നുള്ള ഡൈവിങ്, അതിസാഹസമായി തോന്നുന്ന എന്തും ചെയ്യൽ എന്നിവയുടെ സാധ്യമായ പരിണതഫലങ്ങളെക്കുറിച്ചു രണ്ടുവട്ടം ചിന്തിക്കുന്നത് നല്ല സംഗതിയാണ്. കേട്ടുകേഴ്വികളെയോ മററു യുവാക്കളുടെ ആവേശഭരിതമായ റിപ്പോർട്ടുകളെയോ ഒന്നും വെറുതെ വിശ്വസിക്കരുത്. (സദൃശവാക്യങ്ങൾ 14:15) വസ്തുതകൾ മനസ്സിലാക്കുക.
ഉദാഹരണത്തിന്, ഒരു പ്രത്യേക സ്പോർട്സിന്റെ അപകടനിരക്ക് എന്താണ്? എന്തെല്ലാം സുരക്ഷാനടപടികളാണു സ്വീകരിച്ചിരിക്കുന്നത്? സ്കൂബ ഡൈവിങ്ങിനെപ്പററി ഒരു വിദഗ്ധൻ ഇപ്രകാരം പറയുന്നു: “വായുമാധ്യമത്തിൽ നിന്നു വെള്ളത്തിലേക്കു പോകുന്നത് അപകടകരമാണ് [എന്ന് ആളുകൾ വിചാരിക്കുന്നു]. . . . എന്നാൽ ഉചിതമായ നിർദേശം കൂടാതെ ചെയ്യുമ്പോൾ മാത്രമേ അത് അപകടകരമായിരിക്കുന്നുള്ളൂ.” അതുകൊണ്ട് നിങ്ങൾ ഇതും ചോദിക്കേണ്ടിയിരിക്കുന്നു, ഈ സ്പോർട്സിന് ഏതുതരം പരിശീലനവും സാമഗ്രിയും ആണ് ആവശ്യമായിരിക്കുന്നത്? വ്യായാമം പോലെ ന്യായമായ പ്രയോജനങ്ങൾ എന്തെങ്കിലുമുണ്ടോ? അപകടങ്ങൾ സഹജമാണോ? അഥവാ സ്പോർട്സിന്റെ മുഖ്യോദ്ദേശ്യം മരണത്തെ വെല്ലുവിളിക്കുകയെന്നതാണോ?
ഒടുവിൽ പറഞ്ഞതാണ് സംഗതിയെങ്കിൽ, സാഹസം കാട്ടൽ നിങ്ങൾക്ക് ഇത്ര ആകർഷകമായിരിക്കുന്നത് എന്തുകൊണ്ടെന്നു നിങ്ങൾ സ്വയം ചോദിച്ചേക്കാം. അത് വിരസതയെയും സമ്മർദത്തെയും തരണം ചെയ്യാനുള്ള ഒരു മാർഗം മാത്രമാണോ? അങ്ങനെയെങ്കിൽ അത്തരം വികാരങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഏറെ സുരക്ഷിതവും ആരോഗ്യാവഹവുമായ ഒരു മാർഗം എന്തുകൊണ്ട് കണ്ടെത്തിക്കൂടാ?b സാഹസം കാട്ടൽ “സമ്മർദത്തിന്റെ പ്രതികൂല വശവുമായി പൊരുത്തപ്പെടുന്നതിനുള്ള അപകടകരവും ആത്യന്തികമായി വിഫലവുമായ മാർഗമാണ്” എന്ന് കൗമാരസമ്മർദം [ഇംഗ്ലീഷ്] എന്ന പുസ്തകം ഓർമിപ്പിക്കുന്നു.—താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 21:17.
കാര്യങ്ങൾ സംബന്ധിച്ച് നന്നായി ഗവേഷണം ചെയ്യുകയും നിങ്ങളുടെ മാതാപിതാക്കളോടു കാര്യങ്ങൾ തുറന്നു സംസാരിക്കുകയും ചെയ്തു കഴിയുമ്പോൾ അങ്ങേയററം ഹരം പകരുന്ന സ്പോർട്സുകൾ ഒഴിവാക്കുന്നതാണ് മെച്ചമെന്ന് നിങ്ങൾ തീർച്ചയായും നിഗമനം ചെയ്തേക്കാം. സൈക്കിൾ സവാരി, മഞ്ഞിൽ തെന്നിക്കളിക്കൽ, സ്കീയിങ്, സ്നോർക്ക്ലിങ് തുടങ്ങി പൊതുവേ ജീവനു ഭീഷണി കുറവുള്ള പ്രവർത്തനങ്ങളിൽ നിങ്ങൾ ഏർപ്പെടാൻ മാതാപിതാക്കൾ ഇഷ്ടപ്പെട്ടേക്കാം. എന്നുവെച്ച്, ഉചിതമായ സുരക്ഷാനടപടികൾ എടുത്തില്ലെങ്കിൽ താരതമ്യേന സുരക്ഷിതമായിരിക്കുന്ന പ്രവർത്തനങ്ങൾ പോലും അപകടകരമായിരുന്നേക്കാം.
നടക്കാൻ പോയ ക്രിസ്തീയ യുവാക്കളുടെ ഒരു ചെറുസംഘത്തിനു സംഭവിച്ചത് അതാണ്. അവർ നടപ്പാത വിട്ട് ഒരു കിഴുക്കാംതൂക്കായ പാറയുടെ ഇടുങ്ങിയ അഗ്രഭാഗത്തേക്ക് കയറിത്തുടങ്ങി. താമസിയാതെ, തങ്ങൾ ശരിക്കും കെണിയിലകപ്പെട്ടിരിക്കുന്നതായി അവർക്കു മനസ്സിലായി. സുരക്ഷിതമായി മുമ്പോട്ടോ പിമ്പോട്ടോ പോകാൻ കഴിയുമായിരുന്നില്ല. സംഘനേതാവായ യുവാവ് പെട്ടെന്നൊരു ശബ്ദം കേട്ടു. അയാളുടെ രണ്ടു സുഹൃത്തുക്കൾ വീണുമരിച്ചിരുന്നു. എത്ര ഭയങ്കരം!
അതുകൊണ്ട് ദയവായി ജാഗ്രതയുള്ളവരായിരിക്കുക! നിങ്ങൾക്ക് അനുഗ്രഹമായി ലഭിച്ചിരിക്കുന്ന ശക്തിയും ഓജസ്സും ആസ്വദിച്ചുകൊണ്ട് ‘നിങ്ങളുടെ യൗവനത്തിൽ സന്തോഷിക്ക.’ (സഭാപ്രസംഗി 11:9) എന്നാൽ സാഹസികമായ എന്തെങ്കിലും ചെയ്യുന്നതിനുള്ള ക്ഷണം സ്വീകരിക്കുന്നതിനു മുമ്പ് യുവാവായ ബ്രയൻ ചെയ്യുന്നതുപോലെ ചെയ്യുക. അവൻ പറയുന്നു: “‘ആ സംഗതി സംബന്ധിച്ച് യഹോവ എന്തു വിചാരിക്കുന്നു? അവൻ എനിക്കു സമ്മാനിച്ചിട്ടുള്ള ജീവനാകുന്ന ദാനത്തോടുള്ള എന്റെ മനോഭാവത്തെ അതെങ്ങനെ പ്രതിഫലിപ്പിക്കും?’ എന്ന് ഞാൻ എന്നോടുതന്നെ ചോദിക്കാറുണ്ട്.” അതേ, അപകടസാധ്യതകൾ തൂക്കിനോക്കുക, നിങ്ങളുടെ പ്രേരക ഘടകങ്ങൾ തിരിച്ചറിയുക. ജീവൻ അത്രമാത്രം വിലയേറിയതാണ്.
[അടിക്കുറിപ്പുകൾ]
a ചാട്ടക്കാർ ബഞ്ചീ എന്നു പറയുന്ന ഒരു നീണ്ട ഇലാസ്ററിക് ചരട് കെട്ടിക്കൊണ്ട് പാലങ്ങളിൽ നിന്നും ക്രെയിനുകളിൽ നിന്നും ചൂടുവായു നിറച്ച ബലൂണുകളിൽ നിന്നു പോലും ചാടിക്കൊണ്ടുള്ള ഒരു സ്പോർട്സ് ആണ് “ബഞ്ചീ ജംപിങ്.” ഇലാസ്ററിക് ചരട് വലിഞ്ഞ് നിലത്തേക്കുള്ള നിങ്ങളുടെ വീഴ്ചയെ തടസ്സപ്പെടുത്തുന്നതുവരെ തികച്ചും സ്വതന്ത്രമായി വീഴാൻ ഈ ഇലാസ്ററിക് ചരട് മൂലം സാധിക്കുന്നു.
b നിങ്ങൾ നിരാശരോ സ്വവിനാശകരമായ ഞെരുക്കങ്ങളോടു മല്ലിടുന്നവരോ ആണെങ്കിൽ അനാവശ്യമായ സാഹസികകൃത്യങ്ങളിൽ ഏർപ്പെടുന്നതിനു പകരം ആരോടെങ്കിലും സംസാരിച്ച് സഹായം തേടിയാലെന്താണ്?—ഞങ്ങളുടെ 1994 ഏപ്രിൽ 8 ലക്കം ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ആത്മഹത്യയാണോ പരിഹാരം?” എന്ന ലേഖനം കാണുക.
[10-ാം പേജിലെ ചിത്രം]
യുവക്രിസ്ത്യാനികൾ ബഞ്ചീ ജംപിങ് പോലെയുള്ള ഹരം പകരുന്ന സ്പോർട്സുകളുടെ പുറകെ പോകണമോ?