ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ഇരട്ട ജീവിതം യുവജനങ്ങൾ ചോദിക്കുന്നു . . . ഇരട്ട ജീവിതം—അറിയേണ്ടതാരാണ്?” (ജനുവരി 8, 1994, ഇംഗ്ലീഷ്) 16 വയസ്സുണ്ടായിരുന്നപ്പോൾ ഞാൻ മാതാപിതാക്കളെ കാണാതെ മദ്യപിക്കാനും പുകവലിക്കാനും ഡേററിങ്ങിലേർപ്പെടാനും തുടങ്ങി. ദൈവത്തിന്റെ ശ്രദ്ധാനിരതമായ നേത്രങ്ങൾക്ക് ഒന്നും മറഞ്ഞിരിക്കുന്നില്ല എന്നു മനസ്സിലാക്കാൻ ഈ ലേഖനങ്ങൾ യഥാർഥത്തിൽ എന്നെ സഹായിച്ചു.
ററി. ററി., ഫിജി
പണത്തിനു പിന്നാലെയുള്ള ഓട്ടം “പണത്തിനു പിന്നാലെയുള്ള ഓട്ടം—അത് എവിടെച്ചെന്ന് അവസാനിക്കും?” (1994, മാർച്ച് 22, ഇംഗ്ലീഷ്) എന്ന പരമ്പര ഞാൻ വായിച്ചുകഴിഞ്ഞതേയുള്ളൂ. ആ ലേഖനങ്ങൾ വിഷയത്തെ വളരെ ഭംഗിയായി വിവരിച്ചു. അത്തരം മോശമായ സാഹചര്യങ്ങൾ കുടിയേററക്കാരായ ജോലിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഇപ്പോഴും ബാധകമാണെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് അവരെക്കുറിച്ചോർത്തിട്ട് വല്ലാത്ത വിഷമം തോന്നുന്നു.
ജി. എം., ഐക്യനാടുകൾ
മോശമായ ജോലി സാഹചര്യങ്ങളെക്കുറിച്ചും താഴ്ന്ന വേതനങ്ങളെക്കുറിച്ചും നിങ്ങൾ വിശദീകരിച്ച രീതി കൃത്യമായിരുന്നു. നമ്മെപ്പോലെ വികാരങ്ങളുള്ള മനുഷ്യജീവികളായിട്ട് ചിലർ ഈ ജോലിക്കാരെ വീക്ഷിക്കാത്ത വിധം സംബന്ധിച്ച ദുഃഖകരമായ ഒരു വിവരണമാണ് അത്. അതേ, “മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരം നടത്തിയിരിക്കുന്നു”!—സഭാപ്രസംഗി 8:9, NW.
കെ. വി., ഐക്യനാടുകൾ
സ്തനാർബുദം “സ്തനാർബുദം—ഏതൊരു സ്ത്രീയുടെയും ഭയം” (ഏപ്രിൽ 8, 1994) എന്ന പരമ്പരയിൽ മുലയൂട്ടൽ സ്തനാർബുദത്തിനുള്ള സാധ്യത കുറച്ചേക്കാം എന്നു സൂചിപ്പിക്കുന്ന പഠനങ്ങളെക്കുറിച്ചൊന്നും നിങ്ങൾ പരാമർശിച്ചില്ലല്ലോ.
ബി. ജെ. എം., ജർമനി
അതു പരാമർശിക്കാൻ വിട്ടുപോയതിൽ ഞങ്ങൾ ഖേദിക്കുന്നു. എങ്കിലും, 1994, ജനുവരി 8 ലക്കത്തിൽ വന്ന “അമ്മയുടെ പാലിനെ അനുകൂലിക്കുന്ന തെളിവുകൾ” എന്ന ലേഖനത്തിൽ ഈ ആശയം ഉൾപ്പെടുത്തിയിരുന്നു.—പത്രാധിപർ
സ്തനങ്ങളിലൊന്ന് നീക്കം ചെയ്യപ്പെട്ട ഒരു ക്രിസ്തീയ സഹോദരിയോടൊത്ത് ഞാൻ കുറച്ചു സമയം ചെലവഴിക്കുകയുണ്ടായി. 62 വയസ്സു പ്രായമുള്ള അവർക്കു തികച്ചും നിരാശയാണ്. ആശ്വാസത്തിനായി എന്തു പറയണമെന്നറിയാതെ വിഷമിച്ചത് ഞാൻ ഓർക്കുന്നു. ലേഖനത്തിൽ ഉദ്ധരിച്ച അഭിപ്രായങ്ങൾക്കു നന്ദി. ഇനിയിപ്പോൾ, അവർക്കു മർമപ്രധാനമായ പിന്തുണ നൽകാൻ എനിക്കു കഴിയും.
ഡി. എച്ച്., ഐക്യനാടുകൾ
ഏതാണ്ട് രണ്ടു വർഷം മുമ്പ് എനിക്ക് സ്തനാർബുദ ശസ്ത്രക്രിയ നടത്തി. ഈ വിഷയത്തെപ്പററിയുള്ള വിവരങ്ങൾക്കായി ഞാനൊരു വൈദ്യ വിജ്ഞാനകോശം വാങ്ങി. എന്നാൽ എനിക്ക് അതിൽ വളരെയധികമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, നിങ്ങളുടെ ലേഖനം എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. അത് എന്നെ യഥാർഥത്തിൽ സമാശ്വസിപ്പിച്ചു.
എം. ജി., ഇററലി
ഒൻപതു വർഷം മുമ്പ് എന്റെ അമ്മ സ്തനാർബുദം മൂലം മരണമടഞ്ഞു. അന്ന് വെറും ഒൻപതു വയസ്സുമാത്രം ഉണ്ടായിരുന്ന എനിക്ക് അമ്മ അനുഭവിച്ച കഷ്ടപ്പാടുകളൊന്നും മനസ്സിലായിരുന്നില്ല. ആ ലേഖനങ്ങൾ വായിക്കുകയും അമ്മയെക്കുറിച്ചോർക്കുകയും ചെയ്തപ്പോൾ എനിക്കു കരയാതിരിക്കാനായില്ല. അമ്മയുടെ ജീവിതത്തിലെ അവസാനത്തെ ഏതാനും വർഷങ്ങളെക്കുറിച്ച് നിങ്ങൾ എനിക്കു തന്ന ഉൾക്കാഴ്ചയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
കെ. എഫ്., ഐക്യനാടുകൾ
എയ്ഡ്സ് ഇരകൾ “എയ്ഡ്സുകാരെ സഹായിക്കൽ” (1994, മാർച്ച് 22, ഇംഗ്ലീഷ്) എന്ന ലേഖനം ഞാൻ വായിച്ചു. ഞാൻ എച്ച്ഐവി പോസിററീവ് ആണ്. ആ ലേഖനം അംഗീകരിക്കാൻ എനിക്കു വല്ലാത്ത വിഷമം തോന്നി. അതേൽപ്പിച്ച ക്ഷതവും നിരാകരണത്തിന്റെ വികാരങ്ങളും നിമിത്തം എന്റെ കുടുംബം കരഞ്ഞു.
ബി. ജെ., ഐക്യനാടുകൾ
ഞങ്ങളുടെ ഇടയിലെ അത്തരം എല്ലാ ക്ലേശബാധിതരോടും ഞങ്ങൾക്കു തീർച്ചയായും സഹതാപമാണുള്ളത്. അവരുടെ ആവശ്യങ്ങളെ ഭൂരിപക്ഷത്തിന്റെ ഉത്കണ്ഠകളുമായി തുലനം ചെയ്യാൻ ശ്രമിക്കുകയായിരുന്നു ഞങ്ങളുടെ ലേഖനം. ഇസ്രായേലിനുള്ള ദൈവത്തിന്റെ ന്യായപ്രമാണം മുഴു ജനതയുടെയും ആരോഗ്യ സംരക്ഷണത്തിനുവേണ്ടി ശക്തമായ പടികൾ സ്വീകരിച്ചതുകൊണ്ട് ന്യായമായ ആരോഗ്യ പ്രതിരോധനടപടികൾ ശുപാർശചെയ്യുന്നത് ഉചിതമാണെന്നു ഞങ്ങൾക്കും തോന്നി. (താരതമ്യം ചെയ്യുക: ലേവ്യപുസ്തകം 13:21, 33.) “എയ്ഡ്സുകാരുടെ നടുവിൽ ആയിരിക്കുന്നതുകൊണ്ട് ഒരാൾ അനാവശ്യമായി ഭയപ്പെടേണ്ടതില്ല” എന്ന് ഞങ്ങൾ സമ്മതിച്ചു. എന്നാൽ ഡോക്ടമാർ ഉറപ്പുനൽകിയാലും പലർക്കും പിന്നെയും ഭയമാണ്. അതുകൊണ്ട് ശാരീരികമായ സ്നേഹപ്രകടനങ്ങൾ അസുഖകരമായി തോന്നിയേക്കാവുന്ന മററാളുകളുടെ വികാരങ്ങളെ ആദരിക്കാൻ ഞങ്ങൾ എയ്ഡ്സ് രോഗികളെ പ്രോത്സാഹിപ്പിച്ചു. ഇത്തരുണത്തിൽ രോഗബാധിതരല്ലാത്തവർ എന്തു ചെയ്യുന്നുവെന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. എന്തായാലും, ക്ലേശിതരോട് ദയയും കരുണയും കാണിക്കാനുള്ള ഹൃദയംഗമമായ ആഗ്രഹം എല്ലാ ക്രിസ്ത്യാനികൾക്കും ഉണ്ടായിരിക്കണം.—പത്രാധിപർ
കരുണാർദ്രവും നന്നായി തയ്യാർ ചെയ്തതുമായ അത്തരം ലേഖനം പ്രദാനം ചെയ്തതിൽ ഞാൻ വളരെ പ്രോത്സാഹിതയാണ്. “സാർവത്രികമായ പ്രതിരോധ നടപടികൾ” എടുക്കുമ്പോൾതന്നെ നാം കരുണ പ്രകടമാക്കണമെന്നും സഹതാപപൂർവമായ സഹായം പ്രദാനം ചെയ്യണമെന്നും ഉള്ള നിർദേശങ്ങൾ ഞാൻ വിശേഷാൽ വിലമതിച്ചു.
എം. എച്ച്., ഐക്യനാടുകൾ