സ്തനാർബുദം പൊരുത്തപ്പെടാം, പ്രതീക്ഷ കൈവിടാതെ
ജാനറ്റ് നല്ല ആരോഗ്യവതിയായിരുന്നു.a 40 വയസ്സുണ്ടായിരുന്ന അവർക്ക് ഇങ്ങനെയൊരു അസുഖം വരാനുള്ള ഒരു കാരണവും ഉണ്ടായിരുന്നില്ല. കുടുംബത്തിലാർക്കുംതന്നെ ഈ രോഗം വന്നിട്ടുമില്ല. ക്രമമായി ചെയ്യാറുണ്ടായിരുന്ന മാമോഗ്രാം പരിശോധനയിലും അസാധാരണമായി ഒന്നും കണ്ടിരുന്നില്ല. പക്ഷേ ഒരു ദിവസം കുളിക്കുന്ന സമയത്ത് സ്തനത്തിൽ പരിശോധന നടത്തവെ ഒരു കല്ലിപ്പുപോലെ തോന്നി. ആശുപത്രിയിലെ വിശദമായ പരിശോധനയ്ക്കുശേഷം ജാനറ്റിനെയും ഭർത്താവിനെയും ഞെട്ടിപ്പിക്കുന്ന സത്യമാണ് ഡോക്ടർ വെളിപ്പെടുത്തിയത്. സ്തനാർബുദബാധയുടെ ലക്ഷണം! ചികിത്സയെക്കുറിച്ച് ഡോക്ടർ വിശദീകരിക്കുമ്പോൾ അവർ ആകെ മരവിച്ച അവസ്ഥയിലായിരുന്നു.
കഴിഞ്ഞകാലങ്ങളിൽ, സ്തനാർബുദം ബാധിച്ച രോഗിയുടെ മുമ്പിലുള്ള ഏക ചികിത്സാരീതി വൈരൂപ്യത്തിന് ഇടയാക്കുന്ന റാഡിക്കൽ മസ്റ്റെക്ടമി—സ്തനം എടുത്തുകളയുന്നതോടൊപ്പം നെഞ്ചിലെ ചില മാംസപേശികളും നെഞ്ചിലും കക്ഷത്തിലും ഉള്ള ലിംഫ് നോഡുകളും നീക്കം ചെയ്യുന്ന ശസ്ത്രക്രിയ—ആയിരുന്നു. തുടർന്ന് കീമോതെറാപ്പിയോ റേഡിയേഷനോ നടത്തേണ്ടിവരും. ഇക്കാലമത്രയും ഇവയുടെ വൈഷമ്യങ്ങളും രോഗി അനുഭവിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പലരും രോഗത്തെക്കാൾ ഭയന്നിരുന്നത് ‘സൗഖ്യം പ്രാപിക്കുന്നതിനെ’ ആയിരുന്നു.
മാരകമായ ഈ കൊലയാളിരോഗത്തെ വകവരുത്തുക എന്നതും അതേസമയം രൂപവൈകൃതങ്ങളും വേദനാകരമായ പാർശ്വഫലങ്ങളും ഒഴിവാക്കുക എന്നതും സ്തനാർബുദ ചികിത്സയിൽ എക്കാലത്തും വലിയ വെല്ലുവിളി ആയിരുന്നിട്ടുണ്ട്. എന്നാൽ ഇന്ന്, ജാനറ്റിനെപ്പോലെ സ്തനാർബുദം ബാധിച്ചിട്ടുള്ള പലർക്കും വ്യത്യസ്തതരം ചികിത്സകൾ തിരഞ്ഞെടുക്കാനാകും എന്നത് ആശ്വാസകരമാണ്.b കൂടാതെ, പുതിയതരം ചികിത്സാരീതികളും രോഗസാധ്യത നിർണയിക്കാനുള്ള സംവിധാനങ്ങളും പ്രതിരോധശേഷി നൽകുന്ന ആഹാരശീലങ്ങളും രോഗത്തെ കീഴടക്കാൻ സഹായിക്കുമെന്ന് വൈദ്യശാസ്ത്രരംഗത്തെ പഠനങ്ങളും മാധ്യമ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.
വൈദ്യശാസ്ത്രരംഗത്ത് ഇത്രയൊക്കെ പുരോഗതി ഉണ്ടായിരുന്നിട്ടും ഇന്ന് സ്ത്രീമരണങ്ങളുടെ ഒരു മുഖ്യകാരണം സ്തനാർബുദമാണ്.c വടക്കേ അമേരിക്ക, പശ്ചിമ യൂറോപ്പ് എന്നിങ്ങനെയുള്ള വ്യാവസായിക രാജ്യങ്ങളിലാണ് സ്തനാർബുദം കൂടുതലായി കാണപ്പെട്ടിരുന്നത്. എന്നാൽ ഈ അടുത്തകാലത്തായി ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം വർധിച്ചു വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നുതന്നെയല്ല രോഗികളുടെ മരണനിരക്കും ഇവിടെ കൂടുതലാണ്. എന്താണ് കാരണം? “രോഗം ആരംഭത്തിൽത്തന്നെ കണ്ടെത്തുന്നത് വളരെ അപൂർവമാണ്. മൂർധന്യാവസ്ഥയിലാണ് പലരും ചികിത്സയ്ക്കായി വരുന്നത്,” ആഫ്രിക്കയിലെ ഒരു ഡോക്ടർ പറയുന്നു.
പ്രായം കൂടുന്നതോടെ സ്തനാർബുദം വരാനുള്ള സാധ്യത വർധിക്കുന്നു. റിപ്പോർട്ടു ചെയ്ത 80 ശതമാനം കേസുകളിലും രോഗികൾ 50 വയസ്സിനുമേൽ പ്രായമുള്ളവരായിരുന്നു. പക്ഷേ രോഗം വ്യാപിക്കുന്നതിനുമുമ്പ് പ്രാരംഭദശയിൽത്തന്നെ കണ്ടെത്തി ചികിത്സിച്ചാൽ സ്തനാർബുദം ഭേദമാക്കാൻ കഴിയും എന്നുള്ളതാണ് ആശ്വാസകരമായ സംഗതി. ഉദാഹരണത്തിന്, അഞ്ചുവർഷത്തിനുമുമ്പ് ചികിത്സ തുടങ്ങിയവരിൽ 97 ശതമാനം പേരും ഇപ്പോഴും ജീവിച്ചിരിക്കുന്നു. തുടക്കത്തിൽ പരാമർശിച്ച ജാനറ്റിന്റെ രോഗനിർണയം നടത്തിയത് അഞ്ചുവർഷം മുമ്പാണ്; അവർ ഇപ്പോഴും ആരോഗ്യവതിയാണ്.
സ്തനാർബുദം—ചില വസ്തുതകൾ
ജാനറ്റിന്റെ കാര്യത്തിലെന്നപോലെ പലപ്പോഴും സ്തനാർബുദം പ്രത്യക്ഷപ്പെടുന്നത് അസാധാരണമായ മുഴകളോ തടിപ്പുകളോ ആയിട്ടായിരിക്കും. എന്നാൽ സ്തനത്തിൽ കാണപ്പെടുന്ന എല്ലാ മുഴകളും കാൻസർ ആയിരിക്കണമെന്നില്ല. 80 ശതമാനം മുഴകളും നിരുപദ്രവകാരികളാണ്. പലതും സിസ്റ്റുകൾ എന്നറിയപ്പെടുന്ന ദ്രവം നിറഞ്ഞ സഞ്ചികളായിരിക്കും.
സ്തനാർബുദത്തിന്റെ തുടക്കത്തിൽ, ഒരു കോശം അനിയന്ത്രിതവും അസാധാരണവുമായി വിഭജിക്കപ്പെട്ട് ക്രമേണ ഒരു മുഴയായിത്തീരുന്നു. അപായകരമായ ഈ മുഴയിലെ കോശങ്ങൾ മറ്റു ശരീരകലകളെ ആക്രമിച്ചു തുടങ്ങുമ്പോൾ അത് കാൻസറായിത്തീരുന്നു. ചില മുഴകൾ അതിവേഗം വളരുന്നവയാണ്; എന്നാൽ മറ്റു ചിലതാകട്ടെ തിരിച്ചറിയാൻ പത്തുവർഷത്തോളം എടുത്തേക്കാം.
ജാനറ്റിന്റെ കാര്യത്തിൽ കാൻസർ സ്ഥിരീകരിക്കുന്നതിന് ഡോക്ടർ കനം കുറഞ്ഞ ഒരു സൂചി ഉപയോഗിച്ച് മുഴയിൽനിന്ന് കോശങ്ങളെടുത്ത് പരിശോധിച്ചു. അതിൽ കാൻസർ കോശങ്ങളുണ്ടെന്ന് വ്യക്തമായതിനെത്തുടർന്ന്, മുഴയും അതിനു ചുറ്റുമുള്ള കോശങ്ങളും നീക്കംചെയ്യുന്നതിനും മുഴയുടെ വലുപ്പം, തരം, മറ്റു ഭാഗങ്ങളിലേക്കുള്ള വ്യാപനം, വളർച്ചയുടെ വേഗത എന്നിവ പരിശോധിച്ചറിയുന്നതിനുമായി അവർ ശസ്ത്രക്രിയയ്ക്കു വിധേയയായി.
കാൻസർ വീണ്ടും വരാതിരിക്കുന്നതിനും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കുന്നതിനും ശസ്ത്രക്രിയയ്ക്കുശേഷം പല രോഗികൾക്കും കൂടുതലായ ചികിത്സകൾ നൽകാറുണ്ട്. കാരണം, കാൻസർ കോശങ്ങൾ മുഴയിൽനിന്ന് വേർപെട്ട് രക്തസഞ്ചാരപഥത്തിലേക്കോ ലിംഫ് വ്യവസ്ഥയിലേക്കോ പ്രവേശിച്ച് വീണ്ടും വളർന്നേക്കാം. ഇങ്ങനെ കാൻസർ മറ്റു പ്രധാന അവയവങ്ങളിലേക്കും ശരീരകലകളിലേക്കും—മസ്തിഷ്കം, കരൾ, അസ്ഥിമജ്ജ, ശ്വാസകോശം എന്നിവയിലേക്കു—വ്യാപിക്കുന്നതാണ് (മെറ്റാസ്റ്റാസിസ്) കാൻസറിനെ അപകടകാരിയാക്കുന്നത്.
രോഗം ബാധിച്ച ഭാഗത്തിനടുത്തുള്ള കാൻസർ കോശങ്ങളെയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പടർന്ന കാൻസർ കോശങ്ങളെയും നശിപ്പിക്കുന്നതിനുവേണ്ടി ജാനറ്റിന് റേഡിയേഷനും കീമോതെറാപ്പിയും വേണ്ടിവന്നു. കൂടാതെ അവരുടെ കാൻസറിനു കാരണം ഈസ്ട്രജൻ ഹോർമോൺ ആയിരുന്നതിനാൽ പുതിയ കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതിന് അവർക്ക് ഹോർമോൺ തെറാപ്പിയും വേണ്ടിവന്നു.
രോഗിയുടെ പ്രായം, ആരോഗ്യസ്ഥിതി, പാരമ്പര്യം, കാൻസറിന്റെ സ്വഭാവം ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ സ്തനാർബുദത്തിന് ഇന്ന് വിദഗ്ധ ചികിത്സ ലഭ്യമാണ്. ഉദാഹരണത്തിന് ആർലെറ്റിന്റെ കാര്യത്തിൽ കാൻസർ സ്തനത്തിലെ പാൽ വാഹകനാളിയുടെ വെളിയിലേക്കു വ്യാപിക്കുന്നതിന് മുമ്പുതന്നെ കണ്ടുപിടിച്ചതിനാൽ ലമ്പക്ടമിയാണ് (സ്തനത്തിനുള്ളിലെ മുഴയും ചുറ്റുമുള്ള കോശങ്ങളും നീക്കം ചെയ്യുന്ന ശസ്ത്രക്രിയ) ചെയ്തത്; സ്തനം നീക്കം ചെയ്യേണ്ടതായി വന്നില്ല. ആലീസിനെയാകട്ടെ, ശസ്ത്രക്രിയയ്ക്കു മുമ്പുതന്നെ മുഴയുടെ വലുപ്പം കുറയ്ക്കുന്നതിന് കീമോതെറാപ്പിക്കു വിധേയയാക്കി. ജാനൈസിന്റെ ഡോക്ടർ, മുഴയും അതിനോട് ചേർന്നു കിടക്കുന്ന ലിംഫ് നോഡും നീക്കം ചെയ്തു. അതിലേക്കായിരുന്നു മുഴയിൽനിന്നുള്ള ദ്രവം ഒഴുകിയിരുന്നത്. മറ്റു ലിംഫ് നോഡുകളെ കാൻസർ ബാധിക്കാതിരുന്നതിനാൽ അവ നീക്കം ചെയ്യേണ്ടിവന്നില്ല. അതുകൊണ്ടുതന്നെ വളരെയധികം ലിംഫ് നോഡുകൾ നീക്കം ചെയ്യുന്നതുമൂലം കയ്യിലുണ്ടാകുന്ന നീർവീക്കം (ലിംഫെഡീമ) വരാനുള്ള സാധ്യത ജാനൈസിന് കുറവായിരുന്നു.
സ്തനാർബുദ വളർച്ചയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ഏറെക്കാര്യങ്ങൾ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ ഇത് എങ്ങനെ തുടങ്ങുന്നു, എന്തുകൊണ്ട് വരുന്നു? ഈ ചോദ്യങ്ങൾക്കും ഉത്തരം കിട്ടേണ്ടതുണ്ട്.
കാരണങ്ങൾ?
സ്തനാർബുദത്തിന്റെ യഥാർഥ കാരണങ്ങൾ ഇന്നും അത്ര വ്യക്തമല്ല. രോഗത്തിന്റെ കാരണങ്ങൾ കണ്ടെത്തി അതിനു തടയിടാൻ ശ്രമിക്കുന്നതിനു പകരം വമ്പൻ ലാഭം നേടിത്തരുന്ന രോഗനിർണയ രീതികളുടെയും ചികിത്സാ രീതികളുടെയും പിന്നാലെയാണ് ഗവേഷകലോകം എന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും രോഗത്തിന് ഇടയാക്കുന്ന ചില പ്രധാന കാരണങ്ങൾ ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ചിലരുടെ അഭിപ്രായത്തിൽ ഇതിന് സങ്കീർണമായ പല ഘട്ടങ്ങളുണ്ട്. കോശങ്ങളുടെ സ്വാഭാവിക പ്രവർത്തനത്തെ പ്രശ്നക്കാരനായ ഒരു ജീൻ വഴിതെറ്റിക്കുന്നതോടെ ഇത് ആരംഭിക്കുന്നു. ഇത്തരം കോശങ്ങൾ ക്രമാതീതമായി വിഭജിച്ച് മറ്റ് ശരീരകലകളെ കീഴടക്കുന്നു. രോഗപ്രതിരോധവ്യവസ്ഥയ്ക്ക് ഇവയുടെ പ്രവർത്തനത്തെ തടയാനാകാതെ വരുന്നു. സാവധാനത്തിൽ ഇവ മറ്റ് അവയവങ്ങളെയും ആക്രമിക്കുന്നു.
പ്രശ്നക്കാരായ ഈ ജീനുകൾ എവിടെനിന്നു വരുന്നു? 5 മുതൽ 10 ശതമാനം വരെ കേസുകളിൽ സ്തനാർബുദത്തിനു കാരണമായ ഇത്തരം ജീനുകൾ ജന്മനാ സ്ത്രീകളിൽ കാണപ്പെടുന്നു. പക്ഷേ അനേകരുടെയും കാര്യത്തിൽ ബാഹ്യഘടകങ്ങളാണ് ജീനുകളുടെ സ്വഭാവ മാറ്റത്തിനു നിദാനം. ഇതിൽ റേഡിയേഷനും രാസപദാർഥങ്ങളും ആണ് പ്രധാന കാരണക്കാർ എന്ന് സംശയിക്കപ്പെടുന്നു. ഭാവിയിലെ പഠനങ്ങൾ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവന്നേക്കാം.
സ്തനാർബുദത്തിന്റെ മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനമാണ്. അതുകൊണ്ട് വളരെ ചെറുപ്പത്തിലേ ആർത്തവം തുടങ്ങിയവരിലും വളരെ വൈകി ആർത്തവ വിരാമം വന്നവരിലും ആദ്യപ്രസവം വൈകുന്നവരിലും കുട്ടികളില്ലാത്തവരിലും ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പിക്ക് വിധേയരായവരിലും രോഗസാധ്യത കൂടുതലാണ്. ആർത്തവ വിരാമത്തോടെ അണ്ഡാശയം ഹോർമോണുകളുടെ ഉത്പാദനം നിറുത്തുമെങ്കിലും കൊഴുപ്പു കോശങ്ങൾ ഈസ്ട്രജൻ ഉത്പാദിപ്പിക്കും എന്നതിനാൽ അമിതവണ്ണമുള്ളവർക്കും സ്തനാർബുദം വരാൻ സാധ്യത കൂടുതലാണ്. കൂടാതെ ഇൻസുലിന്റെ അളവു കൂടുന്നതും സാധാരണ രാത്രിജോലിക്കാരിൽ കാണാറുള്ളതുപോലെ, ഉറക്ക ഹോർമോണായ മെലറ്റോണിന്റെ അളവ് കുറയുന്നതും ഇതിന്റെ മറ്റു കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആകട്ടെ, ഈ രോഗത്തിന് കൂടുതൽ ഫലപ്രദവും അതേസമയം ദുരിതങ്ങൾ കുറഞ്ഞതുമായ ചികിത്സാരീതികൾ പ്രതീക്ഷിക്കാനാകുമോ? ശരീരത്തിന്റെതന്നെ പ്രതിരോധ വ്യവസ്ഥ ഉപയോഗിച്ചുള്ള ചികിത്സകളും കാൻസറിന്റെ വളർച്ചയ്ക്കു കാരണമായ ജീനുകളുടെയും പ്രോട്ടീനുകളുടെയും ശൃംഖലകൾക്ക് എതിരെയുള്ള മരുന്നുകളും ഗവേഷകർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. അതേസമയം, റേഡിയേഷൻ കൃത്യമായും കാര്യക്ഷമമായും നൽകുന്നതിന് അത്യാധുനിക ഇമേജിങ് ടെക്നോളജി ഇപ്പോൾത്തന്നെ ചികിത്സകരെ സഹായിക്കുന്നുണ്ട്.
മാത്രമല്ല, കാൻസർ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിലെ ദുരൂഹത കണ്ടെത്തുന്നതിനും കീമോതെറാപ്പിയെ പ്രതിരോധിക്കുന്ന കാൻസർ കോശങ്ങളെ കീഴടക്കുന്നതിനും കോശങ്ങളുടെ അസാധാരണമായ വളർച്ച തടയുന്നതിനും ഓരോ മുഴയുടെയും സ്വഭാവമനുസരിച്ച് വെവ്വേറെ ചികിത്സ നൽകുന്നതിനും ഉള്ള ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
എന്നിരുന്നാലും രോഗത്തെ പൂർണമായും തുടച്ചുനീക്കാനോ മരണത്തെ ഇല്ലാതാക്കാനോ ഇന്നത്തെ ഈ ലോകത്തിൽ സാധിക്കുകയില്ല; ദുഃഖകരമായ ഒരു വസ്തുതയാണിത്. (റോമർ 5:12) എന്നാൽ പരിതാപകരമായ ഈ അവസ്ഥയ്ക്ക് മാറ്റംവരുത്താൻ നമ്മുടെ സ്രഷ്ടാവിനു കഴിയും. പക്ഷേ അവൻ അതു ചെയ്യുമോ? തീർച്ചയായും! ‘എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറയുകയില്ലാത്ത’ ഒരു കാലം വരുമെന്ന് ബൈബിൾ ഉറപ്പുതരുന്നു.d (യെശയ്യാവു 33:24) അത് എത്ര ആശ്വാസമായിരിക്കും, അല്ലേ? (g11-E 08)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾ മാറ്റിയിരിക്കുന്നു.
b ഏതെങ്കിലും ഒരു പ്രത്യേകതരം ചികിത്സ ഉണരുക! ശുപാർശ ചെയ്യുന്നില്ല.
c പുരുഷന്മാർക്ക് വളരെ അപൂർവമായി മാത്രമേ ഈ രോഗം പിടിപെടാറുള്ളൂ.
d ഈ വാഗ്ദാനത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന ബൈബിൾ പഠനസഹായിയിൽ കാണാം.
[26, 27 പേജുകളിലെ ചതുരം/ചിത്രം]
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
രോഗം നേരത്തേ തിരിച്ചറിയേണ്ടത് പ്രധാനമാണെങ്കിലും പ്രായം കുറഞ്ഞ സ്ത്രീകളിൽ, സ്തന പരിശോധനയിലൂടെയും മാമോഗ്രാമിലൂടെയും കൃത്യമായ രോഗനിർണയം എല്ലായ്പോഴും സാധ്യമാകണമെന്നില്ല എന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു. അനാവശ്യ ചികിത്സയ്ക്കും മനഃപ്രയാസത്തിനുമൊക്കെ ഇതു വഴിവെച്ചേക്കാം. എന്നിരുന്നാലും സ്തനങ്ങളിലും ലിംഫ് നോഡുകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം എന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങൾ ഇവയാണ്:
● സ്തനത്തിലോ കക്ഷത്തിലോ ഉള്ള കല്ലിപ്പും മുഴകളും
● മുലഞെട്ടിൽനിന്നു മുലപ്പാൽ അല്ലാത്ത സ്രവങ്ങൾ വരുന്നെങ്കിൽ
● സ്തനത്തിലെ ത്വക്കിൽ നിറംമാറ്റമോ മറ്റു വ്യത്യാസങ്ങളോ കണ്ടാൽ
● മുലഞെട്ടിന് മൃദുത്വം തോന്നുകയോ ഉള്ളിലേക്ക് കുഴിഞ്ഞിരിക്കുകയോ ചെയ്യുന്നെങ്കിൽ
[27-ാം പേജിലെ ചതുരം]
സ്തനാർബുദം സ്ഥിരീകരിച്ചാൽ
● ചികിത്സയ്ക്കും സുഖം പ്രാപിക്കുന്നതിനും ഒക്കെയായി ഒരു വർഷമോ അതിൽ കൂടുതലോ വേണ്ടിവരുമെന്ന് മനസ്സിൽപ്പിടിക്കുക.
● നിങ്ങളുടെ വിശ്വാസങ്ങളെയും ആവശ്യങ്ങളെയും മാനിക്കുന്ന വിദഗ്ധനായ ഒരു ഡോക്ടറെ കണ്ടെത്താൻ ശ്രമിക്കുക.
● രോഗവിവരത്തെക്കുറിച്ച് ആരോടെല്ലാം പറയണമെന്നും അത് എപ്പോൾ വേണമെന്നും കുടുംബം ഒരുമിച്ചിരുന്ന് തീരുമാനിക്കുക. അങ്ങനെയാകുമ്പോൾ, നിങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനും നിങ്ങൾക്കുവേണ്ടിയും നിങ്ങളോടൊപ്പമിരുന്നും പ്രാർഥിക്കുന്നതിനും സുഹൃത്തുക്കൾക്ക് സാധിക്കും.—1 യോഹന്നാൻ 3:18.
● ബൈബിൾ വായിക്കുന്നതും പ്രാർഥിക്കുന്നതും മനോധൈര്യം പകരുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതും വൈകാരിക സമ്മർദം ലഘൂകരിക്കാൻ സഹായിക്കും.—റോമർ 15:4; ഫിലിപ്പിയർ 4:6, 7.
● മുമ്പ് സ്തനാർബുദം വന്നിട്ടുള്ള, നിങ്ങൾക്ക് മനോബലം പകരാൻ കഴിയുന്നവരോടു സംസാരിക്കുക.—2 കൊരിന്ത്യർ 1:7.
● അതാത് ദിവസത്തെക്കുറിച്ചുമാത്രം ചിന്തിക്കുക; നാളെ എന്താകും എന്നോർത്ത് ആകുലപ്പെടാതിരിക്കുക. യേശു പറഞ്ഞു: “നാളെയെക്കുറിച്ച് ഒരിക്കലും ഉത്കണ്ഠപ്പെടരുത്; നാളത്തെ ദിവസത്തിന് അതിന്റേതായ ഉത്കണ്ഠകൾ ഉണ്ടായിരിക്കുമല്ലോ.”—മത്തായി 6:34.
● നിങ്ങളുടെ ഊർജം നഷ്ടപ്പെടാതെ നോക്കുക; നല്ല വിശ്രമവും ആവശ്യമാണ്.
[28-ാം പേജിലെ ചതുരം/ചിത്രം]
ഡോക്ടറോട് സംസാരിക്കുമ്പോൾ
● സ്തനാർബുദത്തോടു ബന്ധപ്പെട്ട് വൈദ്യരംഗത്തുള്ളവർ സാധാരണ ഉപയോഗിക്കുന്ന പദങ്ങൾ മനസ്സിലാക്കുക.
● ഡോക്ടറെ കാണുന്നതിനുമുമ്പുതന്നെ ചോദിക്കേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. ഡോക്ടറുടെ നിർദേശങ്ങൾ എഴുതിയെടുക്കുന്നതിന് നിങ്ങളുടെ ഇണയോ മറ്റാരെങ്കിലുമോ കൂടെ ഉണ്ടായിരിക്കണം.
● ഡോക്ടർ പറയുന്നത് മനസ്സിലാകുന്നില്ലെങ്കിൽ വിശദീകരിക്കാൻ ആവശ്യപ്പെടാവുന്നതാണ്.
● സമാനമായ എത്ര കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ഡോക്ടറോട് ചോദിക്കുക.
● സാധിക്കുമെങ്കിൽ, മറ്റൊരു ഡോക്ടറുടെ നിർദേശം തേടാവുന്നതാണ്.
● ഡോക്ടർമാർ വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നെങ്കിൽ, ഓരോരുത്തരുടെയും അനുഭവപരിചയം കണക്കിലെടുക്കുക, ഇതേക്കുറിച്ച് അവർ തമ്മിൽ സംസാരിക്കാമോ എന്ന് ചോദിക്കുക.
[29-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
പാർശ്വഫലങ്ങളെ നേരിടാൻ
ഛർദി, മുടികൊഴിച്ചിൽ, കടുത്ത ക്ഷീണം, വേദന, കൈകാലുകളിൽ മരവിപ്പോ തരിപ്പോ അനുഭവപ്പെടുക, ത്വക്കിലുണ്ടാകുന്ന അലർജി എന്നിവയാണ് ചില കാൻസർ ചികിത്സകളുടെ പാർശ്വഫലങ്ങൾ. ഈ പ്രശ്നങ്ങൾ ലഘൂകരിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ സഹായിച്ചേക്കും:
● നന്നായി ഭക്ഷണം കഴിക്കുക. അത് നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കും.
● ക്ഷീണം തോന്നുന്നത് എപ്പോഴെല്ലാമാണ്, ഓരോ ഭക്ഷണത്തോടും ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെയെല്ലാം ഒരു രേഖ സൂക്ഷിക്കുക.
● വേദനയും ഛർദിയും കുറയ്ക്കാൻ ഏതെങ്കിലും മരുന്നുകളോ അക്യുപങ്ചർ ചികിത്സകളോ മസാജ് ചെയ്യുന്നതോ ഒക്കെ സഹായിക്കുമോ എന്നു നോക്കുക.
● നിങ്ങളുടെ പ്രസരിപ്പ് വർധിപ്പിക്കുന്നതിനും തൂക്കം നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി കൂട്ടുന്നതിനും മിതമായി വ്യായാമം ചെയ്യുക.e
● നന്നായി വിശ്രമിക്കുക. പക്ഷേ, കൂടുതൽ നേരം കിടക്കുകയാണെങ്കിൽ തളർച്ച കൂടാൻ സാധ്യതയുണ്ട്.
● ത്വക്ക് വരണ്ടുപോകാതെ സൂക്ഷിക്കുക. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. ഇളംചൂടുവെള്ളത്തിൽ കുളിക്കുക.
[അടിക്കുറിപ്പ്]
e വ്യായാമം തുടങ്ങുന്നതിനുമുമ്പ് കാൻസർ രോഗികൾ ഡോക്ടറുടെ നിർദേശം തേടേണ്ടതാണ്.
[30-ാം പേജിലെ ചതുരം]
പ്രിയപ്പെട്ടവരെ കാൻസർ ബാധിക്കുമ്പോൾ
കാൻസർ ബാധിച്ച നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു താങ്ങായിരിക്കാനും അവരെ ആശ്വസിപ്പിക്കാനും എങ്ങനെ കഴിയും? “ആനന്ദിക്കുന്നവരോടൊപ്പം ആനന്ദിക്കുകയും കരയുന്നവരോടൊപ്പം കരയുകയും ചെയ്യുവിൻ” എന്ന ബൈബിൾ തത്ത്വം ബാധകമാക്കുക. (റോമർ 12:15) അവരോടുള്ള നിങ്ങളുടെ സ്നേഹവും താത്പര്യവും പ്രവൃത്തികളിലൂടെ കാണിക്കുക; അവർക്ക് ഒന്നു ഫോൺചെയ്യാനോ കത്തെഴുതാനോ ഒരു കാർഡോ ഇ-മെയിലോ അയയ്ക്കാനോ അവരെ പോയി കാണാനോ ഒക്കെ നിങ്ങൾക്കു കഴിയും. ഒരുമിച്ചിരുന്ന് പ്രാർഥിക്കുകയോ സാന്ത്വനമേകുന്ന ബൈബിൾ ഭാഗങ്ങൾ വായിക്കുകയോ ചെയ്യാം. ബെറൽ നിർദേശിക്കുന്നു: “കാൻസർമൂലം ജീവഹാനി സംഭവിച്ചവരെക്കുറിച്ച് പരാമർശിക്കുന്നതിനു പകരം ഇപ്പോഴും ആരോഗ്യത്തോടെയിരിക്കുന്നവരെക്കുറിച്ച് പറയുക.” കാൻസർ ബാധിതയായിരുന്ന ജാനൈസ് പറയുന്നത് ഇതാണ്: “കൂട്ടുകാരിയെ ചെന്നുകണ്ട് ഒന്ന് ആലിംഗനം ചെയ്യുക. രോഗത്തെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൾ അത് പറയും.” ഭർത്താക്കന്മാരുടെ പിന്തുണയും സ്നേഹവും ഭാര്യമാർക്ക് ഈ സാഹചര്യത്തിൽ വിശേഷാൽ ആവശ്യമാണ്.
“പതിവായി ഞങ്ങൾ കാൻസറിന് ഒരു ‘അവധി’ കൊടുക്കാറുണ്ടായിരുന്നു,” ജെഫ് ഓർക്കുന്നു. “എല്ലായ്പോഴും തന്റെ ആരോഗ്യത്തെക്കുറിച്ചുമാത്രം ചിന്തിക്കരുതെന്ന് ഭാര്യയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് ഇടയ്ക്കിടെ ഒരു ദിവസത്തേക്ക് കാൻസറിനെക്കുറിച്ച് സംസാരിക്കുകയേ ഇല്ല എന്ന് ഞങ്ങൾ തീരുമാനമെടുത്തു; ജീവിതത്തിലെ സന്തോഷകരമായ കാര്യങ്ങളെക്കുറിച്ചുമാത്രം ചിന്തിക്കാനുള്ള ഒരു ദിനമായിരുന്നു അത്. ശരിക്കും രോഗത്തിൽനിന്ന് ഒരു ഒഴിവുദിനം.”
[30-ാം പേജിലെ ചതുരം]
അവർ മനസ്സ് തുറക്കുന്നു. . .
രോഗവിവരം അറിഞ്ഞ നിമിഷത്തെക്കുറിച്ച്
ഷാരെൺ: ഒരൊറ്റ നിമിഷംകൊണ്ട് എന്റെ ജീവിതമാകെ മാറിമറിഞ്ഞു. “എല്ലാം തീർന്നു,” ഞാൻ കരുതി.
വിഷമഘട്ടങ്ങളെക്കുറിച്ച്
സാന്ദ്ര: ചികിത്സയിലെ ബുദ്ധിമുട്ടുകളെക്കാൾ ദുഷ്കരമാണ് അനുഭവിക്കേണ്ടിവരുന്ന മാനസികവ്യഥ.
മാർഗരെറ്റ്: ചികിത്സയുടെ രണ്ടാം ഘട്ടത്തിനുശേഷം, “മടുത്തു, എനിക്കിത് ചെയ്യേണ്ട” എന്നു നിങ്ങൾ പറയും. പക്ഷേ നിങ്ങൾ അത് ചെയ്തുപോകും.
സുഹൃത്തുക്കളെക്കുറിച്ച്
ആർലെറ്റ്: രോഗത്തെക്കുറിച്ച് ഞങ്ങൾ സുഹൃത്തുക്കളോടു പറഞ്ഞു. ഞങ്ങൾക്കുവേണ്ടി അവർക്കു പ്രാർഥിക്കാനാകുമല്ലോ.
ജെനി: അവർ പുഞ്ചിരിക്കുന്നതോ നോക്കി തലയാട്ടുന്നതോ ഒരു ‘ഹലോ’ പറയുന്നതോ ഒക്കെ ഏറെ സന്തോഷമായിരുന്നു.
താങ്ങായി നിൽക്കുന്ന ഭർത്താക്കന്മാരെക്കുറിച്ച്
ബാർബറ: തലമുടി കൊഴിഞ്ഞുപോകുംമുമ്പെ ഞാൻ അതു വടിച്ചുകളഞ്ഞു. കോളിൻ ചോദിച്ചു: “ഓ, നിന്റെ തലയ്ക്ക് ഇത്ര നല്ല ഷെയ്പ്പുണ്ടായിരുന്നോ?” എനിക്ക് ചിരിയടക്കാനായില്ല.
സാന്ദ്ര: ഞങ്ങൾ ഒന്നിച്ച് കണ്ണാടിയുടെ മുന്നിൽ നിന്നു. എന്നിട്ട് ഞാൻ ജോയെ ഒന്നുനോക്കി, മുഖഭാവമറിയാൻ. ഒരു ഭാവമാറ്റവും ഇല്ലായിരുന്നു.
സാഷ: കാൾ മറ്റുള്ളവരോട് പറഞ്ഞിരുന്നത്, “ഞങ്ങൾക്ക് കാൻസറാണ്” എന്നാണ്.
ജെനി: ജെഫിന്റെ സ്നേഹത്തിന് യാതൊരു കുറവും വന്നില്ല. ദൈവത്തിലുള്ള അദ്ദേഹത്തിന്റെ ആശ്രയവും വളരെ ശക്തമായിരുന്നു. അത് എന്നെയും ബലപ്പെടുത്തി.
[29-ാം പേജിലെ രേഖാചിത്രം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
അസ്വാഭാവികമായി പ്രവർത്തിക്കുന്ന കാൻസർ കോശങ്ങൾ അനിയന്ത്രിതമായി വിഭജിക്കുകയും മറ്റു കലകളെ ആക്രമിക്കുകയും ചെയ്യുന്നു
[രേഖാചിത്രം]
പാൽ വാഹകനാളി രോഗബാധയില്ലാത്ത കോശങ്ങളോടെ
പാൽ വാഹകനാളി ക്കുള്ളിൽ രോഗബാധ
രോഗബാധ പാൽ വാഹകനാളിക്കു പുറത്തേക്ക്
[30-ാം പേജിലെ ചിത്രം]
കാൻസർ ചികിത്സയിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്നേഹപൂർവകമായ പിന്തുണയ്ക്ക് വലിയ പങ്കുണ്ട്