നിങ്ങൾക്ക് കാൻസറിനെ കീഴടക്കാൻ കഴിയുമോ?
“തന്നിമിത്തം മനുഷ്യ കാൻസറിന്റെ ഭൂരിപക്ഷവും തടയാവുന്നതാണ്.”—കാൻസറിന്റെ കാരണങ്ങൾ
“ഒരു രോഗിയുടെ ജീവിതരീതിക്കും രോഗശമന പ്രക്രിയയിൽ പങ്കുചേരുന്നതിനുള്ള സന്നദ്ധതക്കും അയാളുടെ ആരോഗ്യത്തിന്റെ ഗതിയെ ഗണ്യമായി ബാധിക്കാൻ കഴിയും.”—ഹോളിസ്റ്റിക്ക് മെഡിസിൻ.
കാൻസറിനെ കീഴടക്കാൻ കഴിയുമോ? രോഗശമനത്തിന് അല്ലെങ്കിൽ അതിന്റെ കെടുതികളെ നീക്കം ചെയ്യുന്നതിന് എന്തു ചെയ്യുന്നുവെന്ന് നാം പരിശോധിക്കാൻ പോകുകയാണ്. എന്നിരുന്നാലും, നിവാരണം ചികിത്സയെക്കാൾ മെച്ചമാണെന്ന് ഒരു പഴമൊഴി പറയുന്നു. അതിനാൽ ഭക്ഷണക്രമത്തിലൂടെയുള്ള നിവാരണ സാദ്ധ്യതകളെ നമുക്ക് ആദ്യം പരിചിന്തിക്കാം.
ആഹാരക്രമത്തിന് ഒരു വ്യത്യാസം വരുത്താൻ കഴിയുമോ?
നാം കഴിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ചിലതിന് കാൻസറിനു വഴിമരുന്നിടാൻ കഴിയുമോ? മാരകമായ അവഗണന എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “ഐക്യനാടുകളിൽ പെരുങ്കുടലിലെയും സ്തനത്തിലെയും കാൻസറിന്റെ ഉയർന്ന നിരക്കുകളുടെ ഒരു നല്ല ഭാഗം ആഹാരക്രമത്തിന്റെ കുഴപ്പം നിമിത്തമാണെന്ന് പറയപ്പെടുന്നു.” തന്നിമിത്തം, പല വർഷങ്ങളിലെ നിങ്ങളുടെ ആഹാരത്തിന് ഒരു കാൻസറിനു തുടക്കമിടുന്നതിനുള്ള സാദ്ധ്യതയെ സ്വാധീനിക്കാൻ കഴിയും. അതുകൊണ്ട്, നല്ല ആരോഗ്യത്തിൽ താത്പര്യമുള്ള ഒരാൾ താൻ തിന്നുന്നതിലും കുടിക്കുന്നതിലും വിവേചന ഉപയോഗിക്കേണ്ടതാണ്.
കുടിക്കുന്ന ദ്രാവകവും ആഹാരക്രമത്തിൽ ഉൾപ്പെടുന്നു. മദ്യദുരുപയോഗത്തിന് വിവിധ കാൻസറുകളിലേക്കു നയിക്കാൻ കഴിയുന്നതുകൊണ്ട് സ്പഷ്ടമായ ബുദ്ധിയുപദേശം മിതമായി മാത്രം കുടിക്കാനാണ്. എന്നാൽ മിതമെന്നു ഡോക്ടർമാർ പരിഗണിക്കുന്നത് എത്രത്തോളമാണ്? ഉത്തരം തങ്ങൾ മിതമായി കുടിക്കുന്നവരാണെന്ന് വിശ്വസിക്കുന്ന അനേകരെ അതിശയിപ്പിച്ചേക്കാം: “വിശേഷാൽ, നിങ്ങൾ പുകവലിക്കുന്നവരാണെങ്കിൽ, ഒരു ദിവസം രണ്ടു ഡ്രിങ്ക്സോ അതിൽ കുറവോ മാത്രം.” (ആഹാരക്രമം, പോഷണവും കാൻസർനിവാരണവും) ഈ നിർവ്വചനപ്രകാരം നിങ്ങൾ ദിവസം രണ്ടു ഡ്രിങ്ക്സിൽ കൂടുതൽ കുടിക്കുന്നുവെങ്കിൽ ഈ കാൻസർ നിവാരണത്തോടുള്ള സംബന്ധത്തിൽ നിങ്ങൾ മേലാൽ മിതമായിട്ടല്ല കുടിക്കുന്നത്.
മർമ്മപ്രധാനമായ ആശയം, നാം വ്യക്തിപരമായി നിവാരണനടപടി സ്വീകരിക്കുന്നുവെങ്കിൽ കാൻസർ സംബന്ധിച്ചു നമുക്കു ചിലതു ചെയ്യാൻ കഴിയും എന്നുള്ളതാണ്. എന്നാൽ നിവാരണ നടപടികൾക്ക് പൊതുജനങ്ങളുടെമേൽ ഒരു സ്വാധീനമുണ്ടായിരിക്കാൻ എന്താണാവശ്യമായിരിക്കുന്നത്? കാൻസർ സർജൻ ബേക്ക്ള് കേഡി തുറന്നു പറഞ്ഞു: “കൊഴുപ്പു കൂടിയ മാംസം ഉപേക്ഷിച്ചിട്ട് കൊഴുപ്പും കൊളസ്റ്ററോളും കുറഞ്ഞ ആഹാരക്രമം ആളുകളെക്കൊണ്ടു സ്വീകരിപ്പിക്കുന്ന ഒരു പൊതു വിദ്യാഭ്യാസപരിപാടി കാൻസർ നിരക്കു കുറയ്ക്കാൻ ഔഷധങ്ങളെക്കാൾ പ്രയോജനകരമായിരിക്കും.” (റ്റാർഗിറ്റ്—കാൻസർ) അങ്ങനെയെങ്കിൽ, കാൻസർ ഒഴിവാക്കാൻ ഏതു ഭക്ഷ്യവസ്തുക്കൾക്കു സഹായിക്കാൻ കഴിയും?
നിങ്ങളുടെ ആഹാരക്രമം കുറഞ്ഞപക്ഷം 25-35 ഗ്രാം (ഏതാണ്ട് ഒരു ഔൺസ്) സ്വാഭാവികനാര് പ്രദാനം ചെയ്യണമെന്ന് ഒരു ഗവൺമെൻറ് ഹെൽത്ത് ഏജൻസി ശുപാർശ ചെയ്യുന്നു. ഇതു കുടലുകളെ സ്വാഭാവികമായി ശുചിയാക്കി സൂക്ഷിക്കാൻ സഹായിക്കുന്നു. എന്നാൽ നിങ്ങളുടെ ഭക്ഷണത്തിൽ നിങ്ങൾക്ക് എങ്ങനെ നാര് ലഭിക്കും? ധാരാളം പഴങ്ങളും പച്ചക്കറികളും പയറും ബീൻസും ധാന്യംകൊണ്ടുള്ള അപ്പവും ധാന്യങ്ങളും ഭക്ഷിക്കുക. ഉരുളക്കിഴങ്ങ്, ആപ്പിൾ പേരയ്ക്കാ, പീച്ച് പഴം, എന്നിവ തൊലിയോടെ തിന്നുക. ക്യാബേജ് കുടുംബത്തിൽപെട്ട സസ്യങ്ങളും പെരുങ്കുടൽ കാൻസറിന്റെ അപകടസാദ്ധ്യത കുറച്ചേക്കാം.
മറ്റൊരു ശുപാർശ മൃഗക്കൊഴുപ്പ് ഒഴിവാക്കാനാണ്. കന്നുകാലി മാംസത്തെ അപേക്ഷിച്ച് കോഴിയും മൽസ്യവുമാണ് ശുപാർശ ചെയ്യുന്നത്. നിങ്ങൾ മാംസം തെരഞ്ഞെടുക്കുന്നുവെങ്കിൽ അതിൻമേലോ അതിനകത്തോ കൊഴുപ്പില്ലെന്ന് തിട്ടപ്പെടുത്തുക. കൊഴുപ്പു കുറഞ്ഞ ക്ഷീരോൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുക. ഇരുണ്ട പച്ചനിറമുള്ള ഇലയോടുകൂടിയ വിറ്റാമിൻ ഏ-യും സി-യും അടങ്ങിയ ഭക്ഷ്യങ്ങൾ ഉൾപ്പെടുത്തുക—ബ്രോക്കോളി, കേൽ, പശളച്ചീര, ചിക്കറി, വാട്ടർ ക്രസ്സ്, ബീററ്റൂട്ട്, എന്നിവയും, സൂര്യകാന്തിപ്പച്ചപോലും! വിറ്റാമിൻ ഏ-യും സി-യും ഉള്ളതായി വെളിപ്പെടുത്തുന്ന മറ്റൊരു ഭക്ഷ്യനിറം മഞ്ഞ ഓറഞ്ച് നിറമാണ്: സസ്യങ്ങൾ—കാരറ്റ്, മധുരക്കിഴങ്ങ്, മത്തങ്ങാ, വെള്ളരി, പഴങ്ങൾ—ആപ്രിക്കോട്ട്, സുഗന്ധമത്തൻ, കപ്പളങ്ങാ, പീച്ച്, കൈതച്ചക്ക, കുമ്മട്ടിക്കായ്, എന്നിവയാണ് ചുരുക്കം ചിലത്.
ഡയറ്റ്, ന്യൂട്രീഷൻ, ആൻഡ് കാൻസർ പ്രിവൻഷൻ എന്ന പുസ്തകം വീണ്ടും പറയുന്നു: “വളരെയധികം കൊഴുപ്പ് (പൂരിതവും അപൂരിതവും) നിങ്ങൾക്ക് പെരുങ്കുടലിലെയും സ്തനത്തിലെയും പുരുഷഗ്രന്ഥിയിലെയും ഗർഭാശയദരശ്ലേഷ്മ ചർമ്മത്തിലെയും കാൻസർ പിടിപെടുന്നതിനുള്ള സാദ്ധ്യതയെ വർദ്ധിപ്പിക്കുമെന്നുള്ളതിന്റെ തെളിവു പെരുകുകയാണ്.” അപ്പോൾ നിഗമനം എന്താണ്? അനേകം കാൻസറുകളുടെ കാര്യത്തിൽ നിങ്ങളുടെ ആഹാരക്രമത്തിന് ഒരു വ്യത്യാസം ഉളവാക്കാൻ കഴിയും.
കാൻസറിന്റെ അപകടസാദ്ധ്യത കുറയ്ക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ വേറെ ഏത് ഉല്പന്നങ്ങൾ നാം ഒഴിവാക്കണം? അനേകരെ സംബന്ധിച്ച് ഹിതകരമായ ശുപാർശയല്ലെങ്കിലും പുകയിലയുടെ റോൾ നാം പരിശോധിക്കേണ്ടിയിരിക്കുന്നു.
അവർ പുകയിലയെക്കുറിച്ചു പറയുന്നതു സത്യമാണ്
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വിദഗ്ദ്ധരായ ഡോളും പെറ്റോയും ഇങ്ങനെ എഴുതി: “പുകയില ഉപയോഗത്തിലെ ഒരു കുറവുവരുത്തൽപോലെ, കാൻസർ മൂലമെന്ന് പറയാവുന്ന മരണസംഖ്യമേൽ അത്ര വലിയ ഫലമുള്ള ഒറ്റപ്പെട്ട യാതൊരു നടപടിയും അറിയപ്പെടുന്നില്ല . . . മുഖ്യഫലം ശ്വാസകോശകാൻസർ ബാധമേലാണ്, അത് മദ്ധ്യ പ്രായത്തിന്റെ അവസാനഘട്ടത്തിൽ, ക്രമായി സിഗറ്ററ് വലിക്കുന്നവരിൽ, ആജീവനാന്തം പുകവലിക്കാത്തവരിലേതിന്റെ പത്തിരട്ടിയിലധികമാണ്.”
പുകവലി നിർമ്മാർജ്ജനം മറ്റു കാൻസറുകളുടെ ആവൃത്തിയെയും കുറയ്ക്കും. വായിലെയും ഗളത്തിലെയും കണ്ഠനാളത്തിലെയും ഇസോഫാഗസിലെയും മൂത്രാശയത്തിലെയും ഒരുപക്ഷേ കണയത്തിലെയും വൃക്കയിലെയും കാൻസർ ബാധമേലും കാര്യമായ ഫലം ഉളവാക്കപ്പെടും.—കാൻസറിന്റെ കാരണങ്ങൾ കൊല്ലുന്ന രാസവസ്തുക്കൾ.
നിങ്ങൾ നിങ്ങളുടെ ജോലിസ്ഥലത്ത് രാസോൽപ്പന്നങ്ങൾ ശ്വസിക്കുകയോ ത്വക്ക് അവയുമായി സമ്പർക്കത്തിൽ വരുകയോ ചെയ്യുന്നുണ്ടോ? ചില രാസവസ്തുക്കൾക്ക് ഒരു കാൻസർ പ്രതികരണത്തിന് വഴിമരുന്നിടാൻ കഴിയുമെന്ന് അടുത്ത കാലത്തെ ഗവേഷണം സ്ഥാപിച്ചിട്ടുണ്ട്. യു. എസ്. നാഷനൽ റ്റോക്സിക്കോളജി പ്രോഗ്രാം ഡയറക്ടറായ ഡേവിഡ് പി. റാൾ പറയുന്നതനുസരിച്ച് “18 രാസവസ്തുക്കൾക്ക് മനുഷ്യനിൽ കാൻസറിനിടയാക്കാൻ കഴിയുമെന്നും വേറെ 18 എണ്ണത്തെ സംശയിക്കുന്നുണ്ടെന്നും” തെളിവു സൂചിപ്പിക്കുന്നു. കണ്ടുപിടുത്തത്തിന്റെ ദശാബ്ദം എന്ന യു. എസ്. ആരോഗ്യപ്രസിദ്ധീകരണം ഇങ്ങനെ പ്രസ്താവിക്കുന്നു: “കാൻസറിനു തുടക്കമിടുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്ന വസ്തുവായി പ്രവർത്തിക്കാൻ ഒരൊറ്റ രാസവസ്തുവിനു കഴിയും, അല്ലെങ്കിൽ രണ്ടോ അധികമോ രാസവസ്തുക്കൾക്ക് ഒരു റ്റ്യൂമർ ഉളവാക്കാൻ കഴിയത്തക്കവണ്ണം പരസ്പര പ്രവർത്തനം നടത്താൻ കഴിയും.” ആ സ്ഥിതിക്ക്, അപകടകരങ്ങളായ രാസവസ്തുക്കളും തൊഴിലുകളും എന്തൊക്കെയാണ്?
കാൻസറിന്റെ കാരണങ്ങൾ എന്ന പ്രസിദ്ധീകരണം ആൾക്കൈലേറ്റിംഗ് ഏജൻറ്സ്, അരോമാറ്റിക്ക് അമീൻസ്, ആസ്ബസ്റ്റോസ്, ബെൻസീൻ, വിനൈൽ ക്ലോറൈഡ്, ആഴ്സെനിക്കിന്റെ ചില സംയുക്തങ്ങൾ അഥവാ ജാരണാവസ്ഥകൾ, കാഡ്മിയം, ക്രോമിയം, നിക്കൽ, എന്നിവ ലിസ്റ്റ് ചെയ്യുന്നു. കടുപ്പംകൂടിയ തടികൊണ്ട് ഗൃഹോപകരണങ്ങൾ ഉണ്ടാക്കുന്നതും തുകൽ ഉല്പന്നനിർമ്മാണവും, അതുപോലെതന്നെ ഐസോപ്രോപ്പിൽ ആൾക്കഹോൾ ഉല്പാദനവും അപകടകരങ്ങളായ തൊഴിലുകളാണെന്നും അതു സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ, നിങ്ങളുടെ ജോലിയിൽ ഈ ഘടകങ്ങളിലേതെങ്കിലും ഉൾക്കൊള്ളുന്നുണ്ടെങ്കിൽ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും?
സാധാരണയായി, ഉത്തരവാദിത്തമുള്ള തൊഴിലുടമകൾ മലിനീകരണത്തിന്റെ അപകടം നീക്കം ചെയ്യാൻ നടപടികൾ സ്വീകരിക്കും. ചില കേസുകളിൽ കൂടുതൽ വാതായനങ്ങൾ ജോലിസ്ഥലത്തുനിന്ന് കൂടുതൽ എളുപ്പത്തിൽ നീരാവി നീക്കാൻ പ്രയോജനപ്പെട്ടിട്ടുണ്ട്. മറ്റു സാഹചര്യങ്ങളിൽ, ജോലിക്കാർ അപകട സ്ഥലത്ത് കുറഞ്ഞ സമയങ്ങളേ ചെലവഴിക്കുന്നുള്ളു. സംരക്ഷക വസ്ത്രങ്ങളും ശ്വസനോപകരണങ്ങളും ഉപയോഗിക്കപ്പെടുന്നു. എന്നുവരികിലും, ഒരു മുന്നറിയിപ്പ് ഇവിടെ പ്രസക്തമാണ്.
“ഈ രാസവസ്തുക്കൾ സ്ഥിതിചെയ്യുന്നുണ്ടെന്ന് മിക്ക കമ്പനികൾക്കും അറിയാൻപോലും പാടില്ല. അല്ലെങ്കിൽ അവ സ്ഥിതിചെയ്യുന്നുണ്ടെന്ന് അവർക്കറിയാമെങ്കിൽ, കാൻസറുൽപാദക വസ്തു എന്നൊന്നുണ്ടെന്ന് അവർക്കറിഞ്ഞുകൂടാ.” (കണ്ടുപിടുത്തത്തിന്റെ ദശാബ്ദം) അങ്ങനെയുള്ള കേസുകളിൽ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? നിങ്ങളുടെ തൊഴിലുടമയ്ക്ക് നിങ്ങളെ സംരക്ഷിക്കാൻ മനസ്സില്ലെങ്കിൽ, അപ്പോൾ നിങ്ങൾ നിങ്ങളുടെ ജോലി മാറുന്നതിന്റെ ബുദ്ധിപൂർവ്വകതയെ തൂക്കിനോക്കേണ്ടതുണ്ടായിരിക്കാം. ഏതായാലും, നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ ഏറ്റവും വലിയേറിയ ആസ്തികളിലൊന്നാണ്.
അതുകൊണ്ട് കാൻസറിനെ കീഴടക്കാൻ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? ആദ്യം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക: നിങ്ങൾ ജീവനെയും നല്ല ആരോഗ്യത്തെയും ഊർജ്ജസ്വലതയെയും ഇഷ്ടപ്പെടുന്നുവോ? ഒരു ആരോഗ്യമുള്ള ശരീരത്തിന്റെ അത്ഭുതത്തെക്കുറിച്ചു നിങ്ങൾക്കു മതിപ്പുണ്ടോ? നിങ്ങൾ കാൻസറിനെ കീഴടക്കാനാഗ്രഹിക്കുന്നുവോ? നിങ്ങൾ ഉവ്വ് എന്ന് ഉത്തരം പറയുന്നുവെങ്കിൽ, അപ്പോൾ നിങ്ങളുടെ സ്വന്തം ശരീരത്തിൽ കാൻസർ പിടിപെടുന്നതിനുള്ള സാദ്ധ്യതകളെ കുറയ്ക്കുന്ന മാറ്റങ്ങൾ നിങ്ങളുടെ ജീവിതരീതിയിൽ വരുത്തുന്നതിനാവശ്യമായ പ്രേരണ വികസിപ്പിച്ചെടുക്കാൻ നിങ്ങൾക്കു കഴിയും. (6-ാം പേജിലെ ഗ്രാഫ് കാണുക.)
നേരത്തെയുള്ള രോഗനിർണ്ണയം—സൗഖ്യത്തിന്റെ ആദ്യ നടപടി
നിവാരണം വളരെ താമസിച്ചുപോയാലോ? “തങ്ങൾക്ക് കാൻസർ പിടിപെടുമെന്ന് ഭയപ്പെടുന്നവർക്ക് പിന്നെയും സുവാർത്തയുണ്ട് . . ., എന്നാൽ . . . കാൻസർ ചികിത്സയിലെ മിക്ക പുരോഗതിയും നേരത്തെയുള്ള രോഗനിർണ്ണയത്തോടു ബന്ധപ്പെട്ടിരിക്കുന്നു.” അതുകൊണ്ട്, ഈ മണ്ഡലത്തിലെ സകല വിദഗ്ദ്ധരും കാൻസറിന്റെ മുന്നറിയിപ്പുനൽകുന്ന, സാദ്ധ്യതയുള്ള സിഗ്നലുകൾ സംബന്ധിച്ച് ജാഗ്രത പാലിക്കാൻ ഉപദേശിക്കുന്നു. നേരത്തെയുള്ള മുന്നറിയിപ്പു സിഗ്നലുകൾ എന്നനിലയിൽ നിങ്ങൾക്ക് എന്തു നിരീക്ഷിക്കാൻ കഴിയും? ഇവയിൽ ചിലത് ചുവടെ ചേർക്കുന്നു:
1. കുടലിന്റെയോ മൂത്രാശയത്തിന്റെയോ രൂപമാതൃകകളിലെയോ ശീലങ്ങളിലെയോ മാറ്റം.
2. ശമിക്കാത്ത ഒരു വൃണം.
3. അസാധാരണമായ രക്തസ്രാവം അഥവാ വാർച്ച.
4. സ്തനത്തിലോ മറ്റെവിടെയെങ്കിലുമോ കട്ടിയോ മുഴയോ.
5. നിരന്തരമായ ദഹനക്കുറവോ വിഴുങ്ങുന്നതിനുള്ള പ്രയാസമോ?
6. ഒരു തഴമ്പിലോ മറുകിലോ കാണുന്ന പ്രകടമായ മാറ്റം.
7. ശല്യപ്പെടുത്തുന്ന നിരന്തര ചുമയോ രൂക്ഷസ്വരമോ.
8. അടുത്ത കാലത്തെ അകാരണമായ തുക്കനഷ്ടം.
ഈ ലക്ഷണങ്ങളിൽ ഏതിന്റെയെങ്കിലും ആദ്യ തെളിവു കാണുമ്പോൾതന്നെ ഡോക്ടറെ കാണണം. തീർച്ചയായും, ലക്ഷണം കാൻസറിനെ സൂചിപ്പിക്കുന്നതല്ലായിരിക്കാം. എന്നാൽ എത്ര പെട്ടെന്ന് തിട്ടപ്പെടുത്തുന്നുവോ അത്രയ്ക്ക് നന്നായിരിക്കും.
മാമോഗ്രാഫി, തെർമോഗ്രാംസ്, സോണോഗ്രാംസ് (അൾട്രാ സൗണ്ട് പിക്ച്ചേഴ്സ്) സി. എ. റ്റി. സ്കാൻസ്, പാപ് സ്മിയേഴ്സ്, മലത്തിന്റെ പരിശോധനകൾ എന്നിവയിലൂടെ റ്റ്യൂമറുകൾ നേരത്തെ കണ്ടുപിടിക്കുന്നതിൽ പുതിയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സാങ്കേതിക വിദഗ്ദ്ധൻമാർ എം. ആർ. ഐ (മാഗ്നറ്റിക്ക് റെസൊണൻസ് ഇമേജിംഗ്) എന്നു വിളിക്കപ്പെടുന്ന സൂക്ഷ്മതയേറിയ ഒരു രോഗനിർണ്ണയവ്യവസ്ഥയുമായി വന്നിട്ടുണ്ട്. എഴുത്തുകാരനായ ജോൺ ബോവൽ വിശദീകരിക്കുന്നപ്രകാരം എം. ആർ. ഐ പരിശോധന “അനാക്രമണകാരിയും റേഡിയേഷൻ വിമുക്തവും വേദനരഹിതവുമായ നടപടിയാണ്.” “അടുത്ത കാലത്ത് ഹണ്ടിംഗ്ടൻ മെഡിക്കൽ സ്ഥാപനത്തിൽ ഒരു പഠനം നടത്തിയപ്പോൾ സി. എ. റ്റി പരിശോധനകൾ യാതൊരു മസ്തിഷ്ക്ക തകരാറുകളും കണ്ടുപിടിക്കാഞ്ഞ 93 രോഗികളിൽ മസ്തിഷ്ക റ്റ്യൂമറുകൾ കണ്ടെത്തപ്പെട്ടതു”കൊണ്ട് അത് വളരെ ഫലപ്രദമാണ്. (അമേരിക്കൻ വേ) വളരെ ചെലവേറിയതാണെങ്കിലും 1986-ന്റെ അവസാനത്തോടെ യു. എസ്. ആശുപത്രികളിൽ 300 എണ്ണം സ്ഥാപിക്കുമെന്നായിരുന്നു പ്രതീക്ഷ.
നിങ്ങളുടെ മനോഭാവവും ഡോക്ടറുടെ നിർദ്ദേശങ്ങളും
ഒരുവന് കാൻസർ ഉണ്ടെന്നു പറയുമ്പോഴത്തെ ആദ്യപ്രതികണം മിക്കപ്പോഴും നിരസനമാണ്, വിശ്വസിക്കാതിരിക്കുകയാണ്. നിരസനം “ജീവനെ ഭീഷണിപ്പെടുത്തുന്ന സാഹചര്യങ്ങൾക്കോ വിവരങ്ങൾക്കോ എതിരായുള്ള ആരോഗ്യപ്രദവും സാധാരണവും സുപ്രധാനവുമായ ഒരു പ്രതിരോധ സംവിധാനമാണ്. അത് “ദേഹിയുടെ മയക്കുമരുന്നായ മോർഫിൻ” ആണെന്ന് വർണ്ണിക്കപ്പെട്ടിരിക്കുന്നു, നമുക്ക് സഹിക്കാൻ പ്രയാസമായ വേദനയുണ്ടാക്കുന്ന ചിന്തകളെ നാം തള്ളിക്കളയുന്ന വിധമാണത്. നാം യഥാർത്ഥത്തിൽ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നതിനുള്ള വൈകാരികശക്തി സമാഹരിക്കുന്നതിന് സമയം വിലയ്ക്കു വാങ്ങുകയാണ്, മിക്കപ്പോഴും അങ്ങനെ നമ്മെ ആകുലീകരിക്കാത്തവിധം സാവധാനത്തിൽ വരാൻ യാഥാർത്ഥ്യത്തെ അനുവദിക്കുന്നു” എന്ന് കാൻസറിനെ സംബന്ധിച്ച യാഥാർത്ഥ്യങ്ങൾ എന്ന പുസ്തകത്തിൽ ഡോ. മാഖൻ പ്രസ്താവിക്കുന്നു.
എന്നിരുന്നാലും, അദ്ദേഹം ഒരു മുന്നറിയിപ്പു നൽകുന്നു: “തീവ്രവും ദീർഘിച്ചതുമായ നിരസനത്തിന് നേരത്തെ ചികിത്സ തേടുന്നതിൽനിന്ന് നിങ്ങളെ തടയാൻ കഴിയും, അല്ലെങ്കിൽ രോഗനിർണ്ണയത്തെ അംഗീകരിക്കാതിരുന്നുകൊണ്ട് വൈദ്യോപദേശത്തെയും ചികിത്സയേയും നിങ്ങൾ തള്ളിക്കളയാനിടയാക്കിയേക്കാം.”
മറ്റൊരു പ്രതികരണം ഭയമോ കോപമോ ആയിരിക്കാം. “കോപത്തിന്റെ ലക്ഷ്യം . . . കുടുംബമോ ദൈവമോ വിധിയോ ഡോക്ടർമാരോ നേഴ്സുകളോ ആശുപത്രിയോ രോഗം തന്നെയോ ആയിരിക്കാ”മെന്നു മനസ്സിലാക്കുന്നത് എല്ലാവർക്കും സഹായകമായിരിക്കും.
മിക്കപ്പോഴും കാൻസർ രോഗിയുടെ മനസ്സിനെ കുറ്റബോധം ബാധിക്കുന്നു. രോഗിയായ ഭർത്താവ് തനിക്ക് മേലാൽ കുടുംബത്തെ ഉചിതമായി പോറ്റാൻ കഴിയാത്തതുകൊണ്ട് കുറ്റബോധം അനുഭവിക്കുന്നു; മേലാൽ മുമ്പത്തേപ്പോലെ കുടുംബത്തെ നോക്കാൻ സാധിക്കാത്തതുകൊണ്ട് ഭാര്യക്ക് കുറ്റബോധം തോന്നുന്നു. ഡോ. മാഖൻ ബുദ്ധിയുപദേശിക്കുന്നതുപോലെ “നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയാഞ്ഞതിൽ കുറ്റബോധം തോന്നുന്നതിനു പകരം ദുഃഖിക്കുന്നത് വളരെയധികം ആശ്വാസപ്രദമാണെന്ന് നിങ്ങൾ കണ്ടെത്തും.”
ഇനിയും സാധാരണമായ മറ്റൊരു പ്രതികരണം വിഷാദമാണ്, അതിനു നിരാശയുടെയും മ്ലാനതയുടെയും വികാരങ്ങളിലേക്കു നയിക്കാൻ കഴിയും. ഈ പ്രതികരണങ്ങളെയെല്ലാം ഡോ. മാഖൻ വീക്ഷിക്കുന്നതെങ്ങനെയാണ്? “അവയെല്ലാം അസുഖകരമാണെങ്കിലും, ശക്തമായ ഈ പ്രതികരണങ്ങളെല്ലാം തികച്ചും സാധാരണഗതിയിലുള്ളവയാണ് . . . അവ രോഗത്തോടുള്ള പ്രതിവർത്തനങ്ങളെ പ്രതിനിധാനം ചെയ്യുന്നു, രോഗത്തിന്റെതന്നെ ഭാഗമല്ല.
അദ്ദേഹം ഇങ്ങനെ നിർദ്ദേശിക്കുന്നു: “കാൻസറിനോടുള്ള നിങ്ങളുടെ ഏറ്റുമുട്ടൽ നിങ്ങൾ അനേകം പോരാട്ടങ്ങൾ നടത്തേണ്ടതാവശ്യമാക്കിത്തീർക്കും. നിങ്ങൾ ചിലതിൽ വിജയിക്കും, എന്നാൽ ചുരുക്കം ചിലതിൽ പരാജയപ്പെടുമെന്നും നിങ്ങൾ പ്രതീക്ഷിക്കേണ്ടതാണ് . . . ആവശ്യമായിരിക്കുന്നതെന്തെന്നു മനസ്സിലാക്കാൻ നിങ്ങൾ നിങ്ങളുടെ ശത്രുവിനെക്കുറിച്ചു പഠിക്കേണ്ടതാണ്. അതിന്റെ അർത്ഥം കാൻസർ നിങ്ങളുടെ ശരീരത്തെ എങ്ങനെ ആക്രമിക്കുന്നുവെന്ന് പഠിക്കുകയെന്നാണ്. എന്നാൽ ഏറെ പ്രധാനമായി, നിങ്ങളുടെ വ്യക്തിത്വത്തെ, യഥാർത്ഥത്തിലുള്ള നിങ്ങളെ, എങ്ങനെ ആക്രമിക്കുന്നുവെന്ന് പഠിക്കണം.”
കാൻസർ ചികിത്സയെ അഭിമുഖീകരിക്കൽ
ചില കാര്യങ്ങളിൽ കാൻസറിനെതിരായ കുരിശുയുദ്ധം സാവധാനത്തിൽ പ്രയോജനം ചെയ്യുന്നുണ്ട്. സമീപകാല ദശാബ്ദങ്ങളിൽ ഫലങ്ങൾ കൂടുതൽ പ്രോത്സാഹജനകമായിത്തീർന്നിട്ടുണ്ട്. തുരങ്കത്തിന്റെ അറ്റത്ത് തങ്ങൾക്ക് ചെറിയ ഒരു വെളിച്ചം കാണാൻ കഴിയുന്നുണ്ടെന്ന് ഡോക്ടർമാരും ശാസ്ത്രജ്ഞൻമാരും ഗവേഷകർക്കും തോന്നുന്നു. ഇത് കാൻസറിനെതിരായ യുദ്ധത്തിൽ ഒരു മർമ്മപ്രധാനമായ ഘടകത്തെ അവതരിപ്പിച്ചിരിക്കുന്നു—പ്രത്യാശ. ഡോ. മാഖൻ പറയുന്നപ്രകാരം “കാൻസർ സഹിതം ജീവിക്കുന്നതിന് അതിപ്രധാനമായ ഒറ്റപ്പെട്ട വ്യവസ്ഥ പ്രത്യാശ ആയിരിക്കാനിടയുണ്ട് . . . , ജീവിതത്തിൽ അതിനിഗൂഢവും താങ്ങിനിർത്തുന്നതുമായ മൂല്യങ്ങളിലൊന്നാണത്.” സൗഖ്യം പ്രത്യാശയാൽ പോഷിപ്പിക്കപ്പെടുന്നു, എന്നാൽ കാൻസർ നിരാശയിൽ വർദ്ധിതമാകുന്നു. എന്നാൽ ഒരു കാൻസർരോഗിക്ക് എവിടെനിന്ന് പ്രത്യാശ ലഭിക്കാം?
പല ഉറവുകളുണ്ട്, എന്നാൽ മുന്തിയ മൂന്നെണ്ണം ഇവയാണ്: (എ) അനുകമ്പയും, ശുഭാപ്തിവിശ്വാസവുമുള്ള ഡോക്ടർമാരും, നേഴ്സുകളും, (ബി) നിങ്ങളുടെ പ്രിയപ്പെട്ടവർ, വിശേഷിച്ച്, ക്രിയാത്മകമായി ചിന്തിക്കുന്ന ഒരു വിവാഹഇണ, (സി) നല്ല അടിസ്ഥാനമുള്ള മത വിശ്വാസം. ഈ പരമ്പരയിലെ ഞങ്ങളുടെ അവസാനത്തെ ലേഖനം വിശ്വാസത്തെക്കുറിച്ചും ഭാവിപ്രത്യാശക്കുള്ള യഥാർത്ഥ അടിസ്ഥാനത്തെക്കുറിച്ചും പ്രതിപാദിക്കും.a
വൈദ്യശാസ്ത്രപരമായി പറഞ്ഞാൽ, പ്രത്യാശയ്ക്കുള്ള ഉറച്ച അടിസ്ഥാനം കാൻസറിന്റെ മൂന്നു മുഖ്യ യാഥാസ്ഥിതിക ചികിത്സയിലാണു സ്ഥിതിചെയ്യുന്നത്—ശസ്ത്രക്രിയ, രാസചികിത്സ, റേഡിയേഷൻ, ഈ മൂന്നു രീതികൾ എന്താണ്?
ശസ്ത്രക്രിയയിൽ വളർന്ന മുഴയേയും ഒരുപക്ഷേ ചുറ്റുപാടുമുള്ള കുറെ കലകളെയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത് ഉൾപ്പെട്ടിരിക്കുന്നു.
രാസചികിത്സ ശരീരത്തിൽ വ്യാപിച്ച് റ്റ്യൂമർ കോശങ്ങളെ ആക്രമിക്കാൻ കഴിയുന്ന മരുന്നുകൾകൊണ്ട് കാൻസറിനു ചികിത്സിക്കുന്നതാണ്. “കാൻസറിനു ചികിത്സിക്കാൻ അമ്പതിലധികം രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്, ചില റ്റ്യൂമറുകൾ ചികിത്സിച്ചു ഭേദമാക്കാൻ കഴിയും.”—കാൻസറിനെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ
റേഡിയേഷൻ ചികിത്സ മാരകമായ കോശങ്ങളെ നശിപ്പിക്കാൻ എക്സറേ, കോബാൾട്ട്, റേഡിയം എന്നിവയിൽ നിന്നും മറ്റ് ഉറവുകളിൽനിന്നുമുള്ള ഉയർന്നശക്തിയുള്ള റേഡിയേഷന്റെ ഉപയോഗമാണ്.
പാർശ്വ ഫലങ്ങളെ അഭിമുഖീകരിക്കൽ
അപകടങ്ങളെയോ പാർശ്വഫലങ്ങളെയോ കുറിച്ചു പറയാതെ കാൻസർ ചികിത്സയിലെ വിജയത്തെക്കുറിച്ച് പറയുന്നത് ന്യായമായിരിക്കുകയില്ല. ഏറ്റവും ലളിതമായി പറഞ്ഞാൽ “രാസചികിത്സാ മരുന്നുകൾ വിഷമാണ്,” “ഈ ഔഷധ വിധികളിൽ ചിലത് വളരെ വിഷമയമായതുകൊണ്ട് അവയുടെ പാർശ്വഫലങ്ങൾ നിമിത്തം ചിലരോഗികൾ മരിക്കുന്നു.” (റ്റാർഗിറ്റ്: കാൻസർ) അങ്ങനെ, രാസചികിത്സ ശരീരത്തിൽ വിഷം കയറ്റുന്നതായതുകൊണ്ട് അത് ഇരുവായ്ത്തലയുള്ള വാളാണ്. അത് ആരോഗ്യമുള്ള കോശങ്ങളെക്കാളധികം മാരക കോശങ്ങളെ നശിപ്പിക്കുന്നത് ആശാവഹമാണ്. എന്നാൽ അതിന് ഓക്കാനം, ഛർദ്ദി, താൽക്കാലിക മുടികൊഴിച്ചിൽ എന്നിങ്ങനെ കടുത്ത മറ്റ് ഉപഫലങ്ങളിലേക്കും നയിക്കാൻ കഴിയും. എന്നിരുന്നാലും, താൽക്കാലികമായ അനഭിലഷണീയ പാർശ്വഫലങ്ങൾ അകാലിക ജീവനഷ്ടത്തെക്കാൾ മെച്ചമാണെന്ന് ചില രോഗികൾ വിചാരിച്ചിരിക്കുന്നു.
റേഡിയേഷൻ ചികിത്സ യഥാർത്ഥത്തിൽ അതു സ്പർശിക്കുന്ന സകല കോശങ്ങളെയും കരിച്ചുകളയുന്ന ഒരു പ്രക്രിയയാണ്. എന്നിരുന്നാലും, അതിന്റെ റ്റ്യൂമറിന്റെ കൃത്യസ്ഥാനത്ത് കേന്ദ്രീകരിക്കാൻ കഴിയും. എന്നാൽത്തന്നെ, “റേഡിയേഷൻ ചികിത്സ പിൽക്കാലത്ത് കാൻസർ വരുത്തിക്കൂട്ടുന്നതായി ശക്തമായി സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്” എന്ന് ഒരു പ്രാമാണികൻ പറയുന്നു. ഇത് രോഗി തീരുമാനിക്കേണ്ട ഒരു വെച്ചുമാറ്റ സാഹചര്യമായിത്തീരുന്നു.
തങ്ങളുടെ വീക്ഷണത്തിൽ, രോഗിക്ക് ആശയില്ലാത്തപ്പോൾപോലും, തങ്ങൾ ചിലപ്പോൾ ഈ ചികിത്സകൾ നടത്തുന്നുവെന്ന് ചില ഡോക്ടർമാർ സമ്മതിക്കുന്നു. ചിലിയൻ സർജനായ ഡോ. വില്ലാർ സമ്മതിക്കുന്നപ്രകാരം “ചിലപ്പോൾ കാൻസർ ചികിത്സ വളരെ ചെലവ്—വളരെ ചെലവ്—വരുത്തുന്ന ഒരു മാനസിക ചികിത്സാരൂപമാണ്.” “അത്യന്തം വിഷമയമായ ചികിത്സകൾപോലും സഹായകമാണെന്നുള്ള തെളിവില്ലാതെ നിർദ്ദേശിക്കപ്പെടുന്നതിൽ ഉൽക്കണ്ഠയുള്ള അനേകം കാൻസർ ചികിത്സകർ വില്ലാറിന്റെ ഉൾക്കാഴ്ചയിൽ പങ്കുപറ്റുണ്ട്” എന്ന് ശാസ്ത്രലേഖകനായ സിൽവെസ്റ്റർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കിൽ അവയെ ശുപാർശ ചെയ്യുന്നതെന്തുകൊണ്ട്? “എന്തുകൊണ്ടെന്നാൽ, ഒരു നിരൂപക മെഡിക്കൽ അധിമാംസരോഗവിദഗ്ദ്ധന്റെ വാക്കുകളിൽ: ‘വെറുതെ മരിക്കാൻ എനിക്ക് പാവം സ്ത്രീയെ അനുവദിക്കാൻ കഴികയില്ല’ എന്ന് ഒരു ഡോക്ടർ വിചാരിക്കുന്നു.”—റ്റാർഗിറ്റ്—കാൻസർ.
എന്നിരുന്നാലും, തങ്ങളുടെ ദുരിതത്തെ ദീർഘിപ്പിക്കുകമാത്രം ചെയ്യുന്ന ചികിത്സ കൂടാതെ ജീവിക്കാൻ അനേകർ കൂടുതലിഷ്ടപ്പെടുന്നു. വിശേഷിച്ച് ചികിത്സക്ക് അവരെ സഹായിക്കാൻ കഴിയാത്തപ്പോഴും അവരുടെ ദുരിതത്തെ വർദ്ധിപ്പിക്കുകപോലും ചെയ്യുമ്പോഴും ഇതു വാസ്തവമാണ്.
സ്തനാർബ്ബുദത്തെ കീഴടക്കാൻ കഴിയുമോ?
ഒരുപക്ഷേ, സ്ത്രീകൾ മാത്രമല്ല, ചില പുരുഷൻമാർപോലും ഏറ്റവും ഭയപ്പെടുന്ന കാൻസറുകളിലൊന്ന് സ്തനാർബ്ബുദമാണ്—അതിന്റെ മരണനിരക്കു നിമിത്തം മാത്രമല്ല, അതിന്റെ സൗന്ദര്യപരവും മനഃശാസ്ത്രപരവുമായ ഫലങ്ങൾ നിമിത്തവും. മാസ്റ്റക്റ്റമി എന്നറിയപ്പെടുന്ന സ്തനത്തിന്റെ നീക്കം ചെയ്യൽ ഒഴിവാക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? ഒരു അവശ്യഘടകം നേരത്തെയുള്ള രോഗനിർണ്ണയമാണ്.
എന്തെങ്കിലും മുഴയുണ്ടോയെന്നറിയാൻ സ്തനങ്ങളിൽ സ്വയം പരിശോധന നടത്താൻ സ്ത്രീകളെ ബുദ്ധിയുപദേശിക്കാറുണ്ടെങ്കിലും വലിപ്പമേറിയ സ്തനങ്ങളുള്ള സ്ത്രീകൾ വാർഷികമായി സ്തനങ്ങളിൽ എക്സ്റേ പരിശോധന നടത്താൻ നിർദ്ദേശിക്കപ്പെടുന്നു. അതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ലളിതമായ സ്പർശനത്താൽ കലകൾക്കുള്ളിൽ ആഴത്തിലുള്ള പിണ്ഡം കാണുക പ്രയാസമാണ്. ഡോ. കോറി സെർവാസ് ഉപദേശിച്ച പ്രകാരം “നിങ്ങൾക്ക് 35-ഓ 40-ഓ വയസ്സാകുമ്പോൾ നിങ്ങളുടെ സ്തനങ്ങളുടെ ആദ്യ എക്സ്റേ പരിശോധന നടത്തുന്നുവെങ്കിൽ ഭാഗ്യശാലികളിൽ ഉൾപ്പെടുന്നതിനുള്ള നിങ്ങളുടെ അവസരങ്ങൾ മെച്ചമായിരിക്കും.” വാസ്തവമതായിരിക്കുന്നതെന്തുകൊണ്ട്? “മിക്കതരം സ്തനാർബ്ബുദത്തിനും അഞ്ചുവർഷത്തെ അതിജീവന നിരക്ക് ആദ്യഘട്ടത്തിൽ കണ്ടുപിടിക്കപ്പെടുന്ന കാൻസറുകളിൽ 85 ശതമാനത്തിലധികമാണ്.”
ഇപ്പോൾ വളരെ താണ അളവിലുള്ള റേഡിയേഷനോടെ സ്തനപരിശോധന നടത്താൻ കഴിയുന്ന എക്സ്റേ യന്ത്രങ്ങളുണ്ട്. ഇത് അമിത റേഡിയേഷൻ നിമിത്തം കാൻസർ വരുത്തിക്കൂട്ടുന്ന അപകടത്തെ കുറയ്ക്കുന്നു.
വളരെ നേരത്തെ രോഗനിർണ്ണയം ചെയ്യുന്നതിനുള്ള മറ്റൊരു സഹായം തെർമോഗ്രാം ആണ്, അത് സ്തനത്തിന്റെ ഊഷ്മാവ് അളക്കലാണ്. “റ്റ്യൂമറുകൾ അവയുടെ സ്വന്തം രക്തവിതരണം വികസിപ്പിച്ചെടുക്കുന്നു, അവയുടെ വളർച്ചയ്ക്ക് രക്തത്തിലെ ഓക്സിജൻ ഊർജ്ജത്തിന്റെ വലിയ അളവുകൾ ആവശ്യമാണ് . . . [അവ] സാധാരണകോശങ്ങളെക്കാൾ വളരെ വലിയ അളവുകളിൽ ഊർജ്ജം നിർഗ്ഗമിപ്പിക്കുന്ന ചൂടുള്ള സ്ഥാനങ്ങളായിത്തീരുന്നു.” (റ്റാർഗിറ്റ്: കാൻസർ) ഇത് തെർമോഗ്രാം ഉപയോഗിച്ച് “ചൂടു സ്ഥാനം” നേരത്തെ കണ്ടുപിടിക്കാൻ അനുവദിക്കുന്നു.
കഴിഞ്ഞ കാലത്ത്, സ്തനാർബ്ബുദത്തിനുള്ള ശസ്ത്രക്രിയയിൽ മിക്കപ്പോഴും സമൂല സ്തനച്ഛേദനം ഉൾപ്പെട്ടിരുന്നു—വിരൂപപ്പെടുത്തുംവിധം സ്തനവും ചുറ്റുപാടുമുള്ള മാംസപേശികലയും ലസീകാമുഴകളും നീക്കം ചെയ്യുന്നതുതന്നെ. അത് ഇപ്പോഴും അനുപേക്ഷണീയമെന്നു വീക്ഷിക്കപ്പെടുന്നുണ്ടോ? സമൂല സ്തനച്ഛേദനം സാധാരണയായി നീതീകരിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, “ലളിത സ്തനച്ഛേദനം—സകല സ്തനകലയുടെയും നീക്കം ചെയ്യൽ—റേഡിയേഷൻ ചികിത്സ സഹിതമോ അതു കൂടാതെയോ ഉള്ള വെറും പിണ്ഡച്ഛേദനത്തെ [മുഴമാത്രം നീക്കം ചെയ്യൽ] അപേക്ഷിച്ച് അതിജീവനത്തെ മെച്ചപ്പെടുത്തുന്നതായി തോന്നുന്നുമില്ലെന്ന്” സ്തനാർബ്ബുദമണ്ഡലത്തിലെ ഒരു വിദഗ്ദ്ധനായ ഡോ. ബേണാർഡ് ഫിഷർ നിഗമനം ചെയ്തു.
വേറെ ഏതെങ്കിലും ചികിത്സ തെരഞ്ഞെടുക്കാനുണ്ടോ?
ഈ ഘട്ടംവരെ നാം കാൻസർ ചികിത്സയോടുള്ള യാഥാസ്ഥിതിക ചികിത്സാസമീപനങ്ങളെക്കുറിച്ചു മാത്രമേ പരിചിന്തിച്ചുള്ളു. വിവിധ തോതിലുള്ള വിജയത്തോടും പരാജയത്തോടുംകൂടെ മറ്റു ചിലരോഗികൾ മറ്റു ചികിത്സാരീതികളെ ആശ്രയിച്ചിട്ടുണ്ടെന്നു പറയുന്നത് ഉചിതം മാത്രമാണ്. ഇവയുടെ ദൃഷ്ടാന്തങ്ങളാണ് ലാട്രൈൽ (വിറ്റാമിൻ ബി17) ചികിത്സ, സസ്യങ്ങളും ചില രാസപദാർത്ഥങ്ങളും ഉപയോഗിച്ചുള്ള ഹോക്സേ ചികിത്സ, ഒരു ദന്തവൈദ്യനായ ഡോ. വില്യം ഡി. കെല്ലി സ്ഥാപിച്ച ചികിത്സാരീതി എന്നിവ. കാൻസർ ഒരു “സജീവ പാൻക്രിയാറ്റിക് എൻസൈം കുറവിനെ സൂചിപ്പിക്കുന്നു” എന്ന വിശ്വാസത്തിൽ അടിസ്ഥാനപ്പെടുത്തിയാണ് ഒടുവിൽ പറഞ്ഞ ചികിത്സ.—കാൻസറിനുള്ള ഒരു പരിഹാരം.
ഇതിനുപുറമേ, റ്റാർഗിറ്റ്—കാൻസർ എന്ന പുസ്തകത്തിൽ പ്രസ്താവിച്ചിരിക്കുന്നപ്രകാരം “കാൻസറിന്റെയും മറ്റു രോഗങ്ങളുടെയും കാരണത്തിന്റെയും ചികിത്സയുടെയും നിവാരണത്തിന്റെയും ഒരു ‘ആകമാന’ ആശയം വെച്ചു പുലർത്തുന്ന ധാരാളമാളുകളുണ്ട്. അവരിൽ ചില വൈദ്യൻമാരുമുണ്ട്. കാൻസർ മുഴു മനുഷ്യനും തകരാറിലാകുന്നതിനാൽ ‘ഉണ്ടാകുന്ന’ ഒരു രോഗമാണ്. മനുഷ്യന്റെ ഭാഗത്തെ ബോധപൂർവ്വകമായ ശ്രമത്തിന് ആരോഗ്യത്തെ പുനഃസ്ഥിതീകരിക്കാൻ കഴിയും. പ്രശസ്തരായ അനേകമാളുകൾ ഇതു വിശ്വസിക്കുന്നു. ആരോഗ്യത്തിന്റെ ഭാഗിക പുനഃസ്ഥിതീകരണ വീക്ഷണത്തിനുപകരം ആകമാന വീക്ഷണത്തിലധിഷ്ഠിതമായ ചികിത്സാ നിർദ്ദേശങ്ങളനുസരിച്ചതിനാൽ തങ്ങൾക്ക് സൗഖ്യം കിട്ടിയെന്ന് അനേകം മുൻ കാൻസർ രോഗികൾ ആണയിടുന്നു.”
ഈ മുൻ രോഗികളിലൊരാൾ ആലീസാണ്. അവർ കാനഡായിലെ ബ്രിട്ടീഷ് കൊളംബിയായിൽനിന്നുള്ള ഉല്ലാസവതിയായ ഒരു അമ്പതുകാരിയാണ്. എന്നിരുന്നാലും 36 വർഷം മുമ്പ്, അവരുടെ കൈയിലെ മാരകമായ ഒരു ചെറിയ റ്റ്യൂമർ നീക്കം ചെയ്യാൻ അവരുടെ ഒന്നാമത്തെ ശസ്ത്രക്രിയ നടത്തി. ആറു വർഷം കഴിഞ്ഞ്, അവർക്ക് അണ്ഡാശയ കാൻസറിന് ശസ്ത്രക്രിയ നടത്തി. പിന്നീട് 1960-ൽ ഗർഭാശയം നീക്കം ചെയ്യാൻ ഒരു ശസ്ത്രക്രിയ നടത്തി.
ആയിരത്തിത്തൊള്ളായിരത്തി അറുപത്തിഅഞ്ചിൽ കാൻസർ ആവർത്തിച്ചു. വീണ്ടും ശസ്ത്രക്രിയ ശുപാർശ ചെയ്യപ്പെട്ടു. ആലീസ് പറഞ്ഞു: “അവർ ഒരു പെരുങ്കുടൽ ശസ്ത്രക്രിയയും സ്തനച്ഛേദനവും നടത്താൻ ആവശ്യപ്പെട്ടു. ഞാൻ അതാഗ്രഹിച്ചില്ല. എനിക്ക് അപ്പോഴേക്കും വേണ്ടത്ര ശസ്ത്രക്രിയ നടത്തിയിരുന്നു. തന്നിമിത്തം ഞാൻ മെക്സിക്കോയിൽ ഹോക്സി ചികിത്സക്കു പോയി. ഞാൻ 11 വർഷം അവരുടെ രീതി പിന്തുടർന്നു എനിക്ക് അത് ഫലിച്ചു. എന്നാൽ അത് മറ്റുള്ളവർക്ക് എല്ലായ്പ്പോഴും ഫലിച്ചിട്ടില്ലെന്ന് എനിക്കറിയാം. അതിനുശേഷം എനിക്ക് കാൻസർ ആവർത്തിച്ചുണ്ടായിട്ടില്ല.
കാൻസറിനെതിരായ പോരാട്ടത്തിൽ വിജയം ലഭിച്ച മറ്റൊരു വ്യക്തി റോസ് മേരിയാണ്. അടുത്തതായി അവർ തന്റെ കഥ പറയുന്നു. (g86 10/8)
[അടിക്കുറിപ്പുകൾ]
a വൈദ്യശാസ്ത്ര ഉദ്യോഗസ്ഥൻമാരുടെയും അവരുടെ ബന്ധുക്കളുടെയും പിന്താങ്ങൽ ഭാഗത്തെ സംബന്ധിച്ച ഒരു ലേഖനം നവംബർ 8-ലെ ഉണരുക!യിൽ ഉൾപ്പെടുന്നതായിരിക്കും.
[13-ാം പേജിലെ ചതുരം]
ഉണരുക! വ്യത്യസ്ത രീതികളെക്കുറിച്ചു പറയുന്നുവെങ്കിലും അവയുടെ ഫലപ്രദത്വത്തെക്കുറിച്ച് ഒരു നിലപാടു സ്വീകരിക്കുന്നില്ല. ഡോ. കെല്ലി സമ്മതിച്ചപ്രകാരം “[യാഥാസ്ഥിതികമായാലും അല്ലെങ്കിലും] നിങ്ങൾ തെരഞ്ഞെടുക്കുന്ന ഏതു പരിപാടിയിലും അല്ലെങ്കിൽ സംയുക്ത പരിപാടികളിലും വലിയ അപകട സാദ്ധ്യതയുണ്ടെന്ന് എല്ലായ്പ്പോഴും ഓർമ്മയിലിരിക്കണം.” തന്നിമിത്തം, ഞങ്ങൾ നിലവിലുള്ള സാഹചര്യത്തെക്കുറിച്ചു അറിയിക്കാൻ ശ്രമിക്കുന്നു, എന്നാൽ പഠനത്തിനും യോഗ്യതയുള്ള ഡോക്ടർമാരുമായി ആലോചിച്ചതിനുശേഷവും ഓരോ വ്യക്തിയും സ്വന്തം തീരുമാനം ചെയ്യാൻ ഞങ്ങൾ വിടുന്നു.
[10-ാം പേജിലെ ഗ്രാഫ്]
(For fully formatted text, see publication.)
പുകവലിക്കുന്ന പുരുഷൻമാരിലെ കാൻസർ നിമിത്തമുള്ള മരണങ്ങളും പുകവലിക്കാത്തവരിൽ പ്രതീക്ഷിക്കുന്ന സംഖ്യയും തമ്മിലുള്ള താരതമ്യ സാമ്പിൾb
ശ്വാസകോശ കാൻസർ
ഓരോ പുരുഷനും 100 മരണങ്ങളെ പ്രതിനിധാനം ചെയ്യുന്നു
പുകവലിക്കാത്തവർ
231 മരണങ്ങൾ പ്രതീക്ഷിക്കുന്നു
പുകവലിക്കുന്നവർ
2609 മരണങ്ങൾ നിരീക്ഷിക്കപ്പെട്ടു
വായിലെയും തൊണ്ടയിലെയും കാൻസർ
പുകവലിക്കാത്തവർ
65 മരണങ്ങൾ പ്രതീക്ഷിക്കുന്നു
പുകവലിക്കുന്നവർ
452 മരണങ്ങൾ നിരീക്ഷിക്കപ്പെടുന്നു
[അടിക്കുറിപ്പുകൾ]
b 1950-കളിൽ സിഗറ്ററ് വലിക്കുന്നവരായിരുന്ന ഐക്യനാടുകളിലെ പുരുഷൻമാരുടെ 1970-കളുടെ മദ്ധ്യത്തിലെ മരണങ്ങളിലധിഷ്ഠിതം.—കാൻസറിന്റെ കാരണങ്ങൾ, പേജ് 1221 കാണുക
[9-ാം പേജിലെ ചിത്രങ്ങൾ]
ഈ ഭക്ഷ്യവസ്തുക്കൾ കാൻസറിനെതിരായ ഒരു സംരക്ഷണമെന്നനിലയിൽ സ്വാഭാവികനാരും വിറ്റാമിനുകളും പ്രദാനം ചെയ്യുന്നു