കാൻസർ എന്താണ്? അതിന്റെ കാരണമെന്താണ്?
വർഷങ്ങൾകൊണ്ട് “കാൻസർ” എന്ന പദത്തിന് ഒരു നിഷേധാത്മക അർത്ഥം കൈവന്നിട്ടുണ്ട്. ഒരുപക്ഷേ അർഹിക്കുന്നതുതന്നെ. ഒരുപക്ഷേ, “മാരകവും വഞ്ചകവുമായ അർബ്ബുദം പോലെ പടരുന്ന” എന്നതുപോലെയുള്ള പ്രയോഗങ്ങൾ ഈ പദവും അതിന്റെ യഥാർത്ഥ സാർത്ഥകതയും സംബന്ധിച്ച് അനേകർ മനസ്സടച്ചുകളയാൻ പ്രേരിപ്പിച്ചിട്ടുണ്ട്.
എന്നിരുന്നാലും, ഇന്ന്, വസ്തുനിഷ്ഠമായ രീതിയിൽ ചർച്ച ചെയ്യപ്പെടുമ്പോൾ, ഈ വിഷയത്തോടു കുറഞ്ഞതോതിലുള്ള ഭയമേയുള്ളു. എല്ലായ്പ്പോഴും “മാരക”മായിരിക്കുന്നതിനു പകരം അതു മിക്കപ്പോഴും “സുഖപ്പെടുത്താവുന്ന”തായിത്തീരുന്നു. എല്ലായ്പ്പോഴും “പടരുന്ന”തായിരിക്കുന്നതിനു പകരം അതു മിക്കപ്പോഴും ഉണ്ടായസ്ഥാനത്തുതന്നെ നിർത്തൽ ചെയ്യപ്പെടുന്നു. അങ്ങനെയെങ്കിൽ, യഥാർത്ഥത്തിൽ കാൻസർ എന്താണ്? അതിന് കാരണമെന്ത്?
ബ്രിട്ടിഷ് വിദഗ്ദ്ധരായ സർ റിച്ചാർഡ് ഡോളും റിച്ചാർഡ് പെറ്റോയും വിശദീകരിക്കുന്നു: “വിവിധ മനുഷ്യ കാൻസറുകൾ മനുഷ്യശരീരത്തിന്റെ നിർമ്മാണഘടകമായ അനേകം കോശങ്ങളിലൊന്ന് അനുചിതമായി വീണ്ടും വീണ്ടും അതിന്റെ പകർപ്പുകൾ സ്വയം പെരുക്കുന്നതാണ്, അങ്ങനെ സ്വയം പെരുക്കുന്ന ദശലക്ഷക്കണക്കിന് സമാന കോശസന്തതികൾ ഉളവാക്കപ്പെടുന്നു, അവയിൽ ചിലത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ഒടുവിൽ ശരീരത്തെ അടിപ്പെടുത്തുകയും ചെയ്യുന്നു.”—കാൻസറിന്റെ കാരണങ്ങൾ
ഇപ്പോൾ വലിയ ചോദ്യം എന്തുകൊണ്ട് എന്നതാണ്, ചില കോശങ്ങൾ സാധാരണ പ്രകൃതം വിട്ട് അസാധാരണമായി പരക്കുന്നതെന്തുകൊണ്ട്?
നിങ്ങളുടെ ജീവിതരീതി ഒരു വ്യത്യാസമുളവാക്കുന്നുവോ?
കാൻസർ ഗവേഷണത്തിന്റെ ഇപ്പോഴത്തെ ഘട്ടത്തിൽ കാൻസർ ബാധസംബന്ധിച്ച് തീരെ പൂർണ്ണമല്ലാത്ത ഒരു ഉത്തരമാണുള്ളത്. അതു വർദ്ധിക്കുകയാണെന്നുള്ള വസ്തുത ഡോ. ജോൺ സി. ബയ്ലാറും ഇലേൽ എം. സ്മിത്തും സ്ഥിരീകരിക്കുന്നു. അവർ അടുത്ത കാലത്ത് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ഇങ്ങനെ പ്രസ്താവിച്ചു: “1973 മുതൽ 1981 വരെ എല്ലാ കാൻസർ ബാധകളുടെയും സംയുക്ത നിരക്ക് 13 ശതമാനം ഉയർന്നു. . . . പൊതുവേ കാൻസർ കുറഞ്ഞു വരുകയാണെന്നു വിചാരിക്കാൻ ന്യായമില്ല.”
ഒരു വലിയ അളവിൽ, കാൻസർ വിദഗ്ദ്ധർ മാരകമായ റ്റ്യൂമർകൾക്ക് മതിയായ ചികിത്സ കണ്ടെത്തേണ്ട ആവശ്യത്തെയും യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി നിവാരണത്തിനു പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യത്തെയും ഒരുപോലെ അഭിമുഖീകരിക്കുകയാണ്. കാരണത്തിന്റെ ഗവേഷണം വ്യത്യസ്ത സിദ്ധാന്തങ്ങളുടെ ഒരു വിഭ്രാമക പ്രദേശത്തേക്ക് നയിക്കുകയാണ്—കാരണം സ്ഥിതിചെയ്യുന്നത് വൈറസുകളിലാണോ, ജീനുകളിലാണോ, പ്രതിരക്ഷാപ്രതിവർത്തനങ്ങളിലാണോ, രാസവസ്തുക്കളിലാണോ, ഇവയുടെ സംയോജനത്തിലാണോ, അതോ മറ്റെന്തിലെങ്കിലുമാണോ? ഏതു പ്രക്രിയയാലാണ് ഒരു കോശം മാരകമാകുന്നതും അനന്തരം സംക്രമിക്കുന്നതും.
ഒരു കാൻസർ വിദഗ്ദ്ധനായ പ്രൊഫെസ്സർ സ്റ്റീഫൻ റ്റാനെബർഗർ ഇങ്ങനെ പ്രസ്താവിച്ചു:“ഇത് പല ഘട്ടങ്ങൾ ഉൾപ്പെടുന്ന ഒരു പ്രക്രിയയാണെന്നുള്ളത് തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്. അങ്ങനെ ഒരു പ്രത്യേക ജനിതക ഘടനയോടുകൂടിയ ഒരു സാധാരണ കോശം പല ഘടകങ്ങളുടെ സ്വാധീനത്താൽ ഒരു റ്റ്യൂമർ കോശമായി രൂപാന്തരപ്പെടുന്നു. വൈറസുകളും വികിരണവും രാസവസ്തുക്കളും അങ്ങനെയുള്ള ഘടകങ്ങളാണെന്ന് നമുക്കറിയാം. എന്നാൽ ഒരു ബഹുഘട്ട പ്രക്രിയയിൽ അത്തരം പല ഘടകങ്ങളുടെ പരസ്പര പ്രവർത്തനം മാത്രമേ ഒരു കാൻസർ കോശത്തെ ഉളവാക്കുകയുള്ളുവെന്നു പറയുന്നത് സുരക്ഷിതമായിരിക്കും.”—പ്രിസ്മാ
അനുദിന ജീവിതത്തിൽ ഇതു നമ്മേ സംബന്ധിച്ച് എന്ത് അർത്ഥമാക്കുന്നു? ഡോ. ചാൾസ് എ. ലേ മേസ്ത്രീ പറയുന്നതനുസരിച്ച് നമ്മുടെ അനുദിന ജീവിതശീലങ്ങൾക്ക് കാൻസറിന്റെ കാരണങ്ങളോടു ബന്ധമുണ്ട്. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ പ്രസിഡണ്ടായ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: “നമ്മുടെ അനുദിന ശീലങ്ങൾ—നാം എന്തു തിന്നുന്നു, കുടിക്കുന്നു, നാം പുകവലിക്കുന്നുണ്ടോ, നാം എത്ര കൂടെക്കൂടെ വെയിൽ കൊള്ളുന്നു, എന്നിവ—വലിയ അളവിൽ, അനേകം കാൻസറുകൾ പിടിപെടുന്നതിനുള്ള നമ്മുടെ അപകടസാദ്ധ്യതയെ നിശ്ചയിക്കുന്നു.”—എബണി മാസിക
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വിദഗ്ദ്ധരായ ഡോളിന്റെയും പെറ്റോയുടെയും ഗവേഷണം ഈ വീക്ഷണഗതിയെ സ്ഥിരീകരിക്കുന്നു. അവർ ഇങ്ങനെ പ്രസ്താവിക്കുന്നു: “മനുഷ്യപെരുമാറ്റത്തിന്റെ ചാപല്യങ്ങൾ സംബന്ധിച്ച നിരീക്ഷണങ്ങൾ ഒരു പരീക്ഷണശാലാ ഗവേഷകന് ഒരിക്കലും ഗ്രഹിക്കാൻ കഴിയാത്ത ആശയങ്ങൾ നിർദ്ദേശിച്ചേക്കാം. ചരിത്രപരമായി, അവ കൽക്കരിയുടെ ദഹന ഉല്പന്നങ്ങൾ, സൂര്യപ്രകാശം, എക്സറേ, ആസ്ബറ്റോസ്, എന്നിവയോടും മറ്റനേകം രാസ ഏജൻറ്സിനോടുമുള്ള സാമീപ്യത്തോടു ബന്ധപ്പെട്ട അപകടങ്ങൾ ചൂണ്ടിക്കാട്ടിയതിനാൽ കാൻസർ ഗവേഷണത്തിന്റെയെല്ലാം വലിയ ഒരു ഭാഗത്തിന്റെ ആരംഭസ്ഥാനം പ്രദാനം ചെയ്തു. അവ അടയ്ക്കാ, പുകയില, ചുണ്ണാമ്പ്, എന്നിവയുടെ വിവിധ മിശ്രിതങ്ങളുടെ ചവയ്ക്കലിനോടും പുകവലിയോടും ബന്ധപ്പെട്ട അപകടങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചു.”
ജീവിതശൈലിയും പരിഃസ്ഥിതിയും ഓരോ രാജ്യത്തും വ്യത്യസ്തങ്ങളാകയാൽ ചില രാജ്യങ്ങളിൽ ചിലതരം കാൻസറുകൾ കൂടുതലും മറ്റുതരം കുറവുമായിരിക്കാൻ ചായ്വുണ്ട്. ദൃഷ്ടാന്തമായി, ശതാബ്ദങ്ങളായി പുകയിലയുടെ ഉപയോഗം പ്രബലപ്പെട്ടിരിക്കുന്ന ഇംഗ്ലണ്ടിൽ ശ്വാസകോശകാൻസർ മുന്നിലാണ്. പുകയില ഉപയോഗം വ്യാപിച്ചിട്ടില്ലാത്ത നൈജീറിയായിൽ ഇപ്പോൾ ആ വ്യാധി വളരെ കുറച്ചേ ബാധിച്ചിട്ടുള്ളു. യു. എസ്. എ. യിലെ കണറ്റിക്കട്ട് വൻകുടൽ കാൻസറിലും മൂത്രാശയ കാൻസറിലും മുന്നിലാണ്. അതേസമയം നൈജീറിയായിൽ ഏറ്റവും താണ തോതാണുള്ളത്.
ജീവിത ശൈലി കാൻസറിന് എങ്ങനെ കാരണമാകാമെന്നുള്ളതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് സാധാരണഗതിയിൽ അപൂർവ്വമായ ഒരു കാൻസറായ കപോസിസ് സാർകോമാ. എയ്ഡ്സിന്റെ ഒരു പരിണതഫലമെന്ന നിലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സ്വവർഗ്ഗസംഭോഗികൾക്ക് അത് ബാധിച്ചിട്ടുണ്ട്. എയ്ഡ്സ് രോഗിയുടെ രോഗ പ്രതിരക്ഷാവ്യവസ്ഥയെ ദുർബ്ബലപ്പെടുത്തുകയും അയാളെ രോഗാണുബാധകൾക്കും ഈ കാൻസറിനും വിധേയനാക്കുകയും ചെയ്യുന്നു.
കാലിഫോർണിയാ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഡോ. കെന്നത്ത് ആർ. പെല്ലറ്റിയർ സാദ്ധ്യതയുള്ള മറ്റൊരു ഘടകത്തെ സൂചിപ്പിച്ചു: “സമ്മർദ്ദവും മനഃശാസ്ത്രപരമായ വിഷാദവും മറ്റ് മാനസികസാമൂഹിക ഘടകങ്ങളും കാൻസർപോലുള്ള രോഗബാധയെ തടയുന്നതിനോ അതിന്റെ വ്യാപനത്തെ പരിമിതപ്പെടുത്തുന്നതിനോ ഉള്ള ശരീരത്തിന്റെ പ്രാപ്തിയെ അപകടത്തിലാക്കുന്നുവെന്ന് നിരവധി മൃഗമാനുഷപരീക്ഷണ പഠനങ്ങൾ പ്രകടമാക്കിയിട്ടുണ്ട്.”—ഹോളിസ്റ്റിക്ക് മെഡിസിൻ.
അമിതമായ സമ്മർദ്ദത്തിന് രോഗപ്രതിരക്ഷാ വ്യവസ്ഥയെ ബാധിക്കാൻ കഴിയുമെന്നും അങ്ങനെ ഒരു വ്യക്തിയെ കാൻസറിനും മറ്റു രോഗങ്ങൾക്കും വിധേയനാക്കാനും കഴിയുമെന്നും മറ്റു ഡോക്ടർമാരും വിശ്വസിക്കുന്നു. ഇപ്പോൾ നമുക്ക് കാൻസറിന്റെ കൂടുതൽ സ്പഷ്ടമായ കാരണങ്ങളിൽ ചിലതിനെ കുറേക്കൂടെ അടുത്തു വീക്ഷിക്കാം.
പുകയില ഒരു മാരകശത്രു
ദശാബ്ദങ്ങളായി പുകയിലയെ കാൻസറിനോടു ബന്ധപ്പെടുത്തുന്നുണ്ട്. തന്നിമിത്തം, ചുവടെ ചേർക്കുന്ന പത്രവാർത്തകൾ വായിക്കുന്നത് ആശ്ചര്യം ജനിപ്പിക്കുന്നില്ല: “ഓരോ വർഷവും നടക്കുന്ന ഏതാണ്ട് പത്തു ലക്ഷത്തോളം മരണങ്ങൾ പുകയിലയുടെ ഉപയോഗത്താൽ ഉണ്ടാകുന്നതാണെന്ന് പറയാൻ കഴിയുമെന്നുള്ള ഒരു റിപ്പോർട്ട് എടുത്തുകാട്ടിക്കൊണ്ട് ലോകാരോഗ്യ സംഘടന പുകവലിയെയും പുകയില ഉപയോഗത്തെയും ശക്തമായി അപലപിച്ചു.” “സകല ശ്വാസകോശ കാൻസറിന്റെയും 90 ശതമാനത്തിനും പഴകിയ എല്ലാ കാസരോഗങ്ങളുടെയും 75 ശതമാനത്തിനും വിളർച്ചമൂലമുള്ള ഹൃദ്രോഗത്തിന്റെയും മറ്റുതരം കാൻസറുകളുടെയും ഗർഭവൈകല്യങ്ങളുടെയും ശ്വസനേന്ദ്രിയരോഗങ്ങളുടെയും 25 ശതമാനത്തിനും കാരണം പുകവലിയാണെന്ന്” ദ ന്യൂയോർക്ക് റ്റൈംസിൽ പ്രസിദ്ധീകരിച്ച ആ റിപ്പോർട്ട് തുടർന്നു പറഞ്ഞു.
പുകയില കാൻസർ സംബന്ധിച്ച് വളരെ പ്രധാനമായ ഒരു പങ്കു വഹിക്കുന്നതിനാൽ പുകയിലയിലുള്ള ആസക്തിയെ റ്റുബാക്കോയിസം എന്നും അതിന്റെ പരിണതഫലത്തെ കാൻസർ എന്നും വിളിക്കണമെന്ന് റ്റെക്സാസ് യൂണിവേഴ്സിറ്റി മെഡിക്കൽ ബ്രാഞ്ചിലെ ഡോ. ബൈറൻ ജെ. ബെയ്ലി വിശ്വസിക്കുന്നു. അദ്ദേഹം ജെ. എ. എം. എ. യിൽ (അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ മാസിക) ഇങ്ങനെ എഴുതി: “ഐക്യനാടുകളിലെ [ലോകത്തിലെ!] ഏറ്റവും മാരകമായ മയക്കുമരുന്നാസക്തി പുകയിലശീലമാണെന്നും അത് കോക്കേയിൻ, ഹെറോയിൻ, എയ്ഡ്സ്, ട്രാഫിക്ക് അപകടങ്ങൾ, കൊലപാതകം, ഭീകര പ്രവർത്തകരുടെ ആക്രമണങ്ങൾ എന്നിവ മൊത്തത്തിൽ വരുത്തുന്നതിനെക്കാൾ കൂടുതൽ ജീവഹാനിയും പണനഷ്ടവും വരുത്തുന്നുണ്ടെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.”
എന്നാൽ ഇപ്പോൾ ലോകവ്യാപകമായി ദശലക്ഷങ്ങളിൽ പ്രചരിച്ചിരിക്കുന്ന “പുകരഹിത പുകയില” എന്നറിയപ്പെടുന്നതിന്റെയും മൂക്കു പൊടിയുടെയും പുകയില ചവയ്ക്കലിന്റെയും ഉപയോഗം സംബന്ധിച്ചെന്ത്? “ഇൻഡ്യയിലും മദ്ധ്യേഷ്യയുടെ ഭാഗങ്ങളിലും ദക്ഷിണപൂർവ്വേഷ്യയിലും വായിലെ കാൻസർ ഐക്യനാടുകളിലേതിനെക്കാൾ വളരെ കൂടുതലാണ്. യഥാർത്ഥത്തിൽ, അതാണ് ആ പ്രദേശത്തെ അതിസാധാരണമായ കാൻസർ” എന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ റിപ്പോർട്ടു ചെയ്യുന്നു. റിപ്പോർട്ട് ഇങ്ങനെ തുടരുന്നു: “പുകയില മാത്രമോ അടയ്ക്കായും വെറ്റിലയും ചുണ്ണാമ്പും ചേർത്തോ ചവയ്ക്കുന്നത് വായിലെ കാൻസറിന്റെ അപകട സാദ്ധ്യതയെ അതിയായി വർദ്ധിപ്പിക്കുന്നതായി പ്രകടമാക്കപ്പെട്ടിരിക്കുന്നു.”
പുകയിലയും മദ്യവും—ഒരു ബന്ധമുണ്ടോ?
പുകവലിയും കുടിയും ഒത്തു ചേരുമ്പോഴെന്ത്? മദ്യം പുകയുമായി” പരസ്പര പ്രവർത്തനം” നടത്തുന്നുവെന്നും ഓരോന്നും മറ്റേതിന്റെ ഫലങ്ങളെ വർദ്ധിപ്പിക്കുന്നുവെന്നും ഡോക്ടർമാരായ ഡോളും പെറ്റോയും സ്ഥിരീകരിക്കുന്നു. കാൻസർ ഉല്പാദനത്തിൽ മദ്യം ഉൾപ്പെടുന്നുവെന്ന് 60 വർഷമായി സംശയമുണ്ട്. കാരണം വായിലെയും തൊണ്ടയിലെയും ശബ്ദനാളത്തിലെയും ഇസോഫാഗസിലെയും കാൻസറുകൾ വലിയ അളവിൽ മദ്യം ഉപയോഗിക്കുന്നതിനു പ്രോത്സാഹിപ്പിക്കുന്ന വ്യാപാരങ്ങളിൽ തൊഴിൽ ചെയ്യുന്ന ആളുകളിൽ ശരാശരിയിലും കൂടുതലായിരുന്നുവെന്ന് പ്രകടമാക്കപ്പെട്ടിട്ടുണ്ട്.
ജർമ്മൻ കാൻസർ വിദഗ്ദ്ധനായ പ്രൊഫസ്സർ റ്റാനബേർഗ്ഗർ ഈ നിഗമനത്തെ സ്ഥിരീകരിച്ചിരിക്കുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “പുകവലിയും അമിതകുടിയും പ്രമുഖമായി അപകടകാരികളാണ് . . . ഒരു വ്യക്തിയുടെ ജീവിതരീതിയും കാൻസർ ബാധയും തമ്മിൽ ഒരു ഹേതുകബന്ധം സ്ഥിതിചെയ്യുന്നുണ്ടെന്നുള്ള വസ്തുതയിൽ നിന്ന് ഒഴിഞ്ഞുമാറാവുന്നതല്ല.”
“നിർദ്ദോഷികളായ” കൊലയാളികൾ
ദശലക്ഷക്കണക്കിനാളുകൾ ഓരോ വർഷവും വളരെ ആസ്വാദ്യവും നിർദ്ദോഷവുമെന്നു തോന്നുന്ന ഒരു ആകസ്മിക കൊലയാളിക്ക്—സൂര്യരസ്മികൾക്ക്—തങ്ങളേത്തന്നെ വിധേയമാക്കുന്നുണ്ട്. എന്നിരുന്നാലും അമിതമായ സൂര്യസ്നാനം, വിശേഷിച്ച്, അത് യൗവനകാലത്ത് ഗുരുതരമായ വെയിൽ വിവർണ്ണതയിലേക്ക് നയിക്കുന്നുവെങ്കിൽ, മെലനോമ എന്ന കറുത്ത നിറത്തിലുള്ള ത്വക് കാൻസർ വരുത്തിയേക്കാം. ഒരു മെഡിക്കൽ കേന്ദ്രം വിശദീകരിക്കുന്ന പ്രകാരം. “പെട്ടെന്ന് പതം വരുത്താത്ത ത്വക്ക് സൂര്യപ്രകാശത്തിനു വിധേയമാക്കുന്നതായിരിക്കാം അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നത്.”—കാൻസറിന്റെ കാരണങ്ങൾ
ഐക്യനാടുകളിൽ മാത്രം ഈ വർഷം 23,000 പുതിയ കേസുകളും 5600 മരണങ്ങളും പ്രതീക്ഷിക്കപ്പെടുന്നതിനാൽ ഈ കാരണത്തെ നിസ്സാരമായി വീക്ഷിക്കാവുന്നതല്ല. ഏറ്റവും എളുപ്പം ബാധിക്കപ്പെടുന്നത് ഇളംനിറവും നീലക്കണ്ണുകളും വെളുത്തതോ ചുവന്നതോ ആയ മുടിയും പുള്ളികളുമുള്ളവരാണ്.
മെഡിക്കൽ പരിശോധനകളിൽ എക്സ്റേകൾക്ക് അമിതമായി വിധേയമാകുന്നത് കാൻസറിന്റെ മറ്റൊരു “നിർദ്ദോഷ” കാരണമായിരിക്കാം. ദൃഷ്ടാന്തമായി, “രോഗത്തിന്റെ സത്വരമായ വർദ്ധന . . . മറ്റ് ഏതുതരം റ്റ്യൂമറിനെക്കാളും കൂടുതലുള്ളത് തൈറോയിഡ് കാൻസറിലാണ്, ഭാഗികമായി അതിന്റെ കാരണം എക്സ്റേകളുടെ മെഡിക്കൽ ഉപയോഗത്താൽ വരുത്തപ്പെടുന്ന മാരകമല്ലാത്ത തൈറോയിഡ് കാൻസറുകളുടെ വ്യാപനമായിരിക്കാം.”—കാൻസറിന്റെ കാരണങ്ങൾ.
നാം കഴിക്കുന്ന ഭക്ഷണം തന്നെ കാൻസറിന്റെ സംശയിക്കപ്പെടാത്ത മറ്റൊരു കാരണമായിരിക്കാം. “ചില ഭക്ഷ്യങ്ങളും ആ ഭക്ഷ്യങ്ങളിലടങ്ങിയിരിക്കുന്ന പോഷക വസ്തുക്കളും കാൻസർ പിടിപെടുന്നതിനോടു ബന്ധപ്പെട്ടിരിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷ്യകൊഴുപ്പ് ധാരാളം കഴിക്കുന്നത് കാൻസറിന്റെ ഒരു അപകടസാദ്ധ്യതയാണെന്ന് കണ്ടുപിടുത്തങ്ങൾ സൂചിപ്പിക്കുന്നു . . .
“ശാസ്ത്രജ്ഞൻമാർ ചില വിറ്റാമിനുകളുടെ—എ. യുടെയും സി. യുടെയും—കുറവും കാൻസറും തമ്മിൽ കുറെ ബന്ധം കണ്ടെത്തിയിട്ടുണ്ട്. ദൃഷ്ടാന്തമായി, വിറ്റാമിൻ-എ കുറവായ ഭക്ഷണക്രമങ്ങളെ പുരുഷഗ്രന്ഥിയിലെയും ഗളഭാഗത്തെയും ത്വക്കിലെയും മൂത്രാശയത്തിലെയും വൻകുടലിലെയും കാൻസറുകളോട് ബന്ധപ്പെടുത്തിയിട്ടുണ്ട്.”—യു. എസ്. ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സർവീസസ്.
ജിജ്ഞാസ ഉളവാക്കുന്ന ഒരു ദൃഷ്ടാന്തം അപ്ലാറ്റോക്സിന്റേതാണ്, “അത് ആസ്പർഗില്ലസ് ഫ്ളാവസ് എന്ന പൂപ്പിന്റെ ഒരു ഉല്പന്നമാണ്, ചൂടും ഈർപ്പവുമുള്ള കാലാവസ്ഥകളിൽ സൂക്ഷിച്ചിരിക്കുന്ന നിലക്കടലകളെയും മറ്റ് പ്രധാന ധാന്യകഭക്ഷ്യങ്ങളെയുമാണ് പൊതുവേ ദുഷിപ്പിക്കുന്നത്.” ഡോക്ടർമാരായ ഡോളിന്റെയും പെറ്റോയുടെയും അഭിപ്രായപ്രകാരം “അത് ചില ഉഷ്ണമേഖലാ രാജ്യങ്ങളിൽ കരളിലെ കാൻസർ ഉണ്ടാക്കുന്നതിലെ ഒരു മുഖ്യ ഘടകമാണ്.”
കാരണത്തിനും കാര്യത്തിനുംശേഷം—അടുത്തതെന്ത്?
വ്യത്യസ്തവും പരസ്പരബന്ധവുമുള്ള അനേകം കാരണങ്ങളോടുകൂടിയ കുറഞ്ഞപക്ഷം 200 വ്യത്യസ്തതരം കാൻസറുകൾ ഉണ്ടെന്നുള്ളതാണ് സംഗതിയുടെ പരമാർത്ഥം. ചില കേസുകളിൽ കാരണങ്ങൾ ഇപ്പോഴും സുനിശ്ചിതമായി അറിയപ്പെടുന്നില്ല. ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കപ്പെടുന്ന രാസപദാർത്ഥങ്ങളും വ്യാവസായിക പ്രദൂഷകങ്ങളും സാദ്ധ്യതയുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഏതോ കാരണത്താൽ, പാലുല്പാദനത്തെ താമസിപ്പിച്ചുകൊണ്ട് ആദ്യകുട്ടി ഉണ്ടാകുന്നതിലുള്ള വിളംബത്തിനും സ്തനാർബ്ബുദം ഉണ്ടാകുന്നതിനോടു കുറെ ബന്ധമുണ്ട്. കാൻസറിന്റെ കാരണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 6-ാം പേജിലെ ചതുരം കാണുക.
അനേകം കാൻസറുകൾ മനുഷ്യപെരുമാറ്റവും പരിസരഘടകങ്ങളും നിമിത്തമാണെന്ന് ശാസ്ത്രജ്ഞൻമാർ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ, നാം കാൻസർ പ്രശ്നത്തിന്റെ പ്രധാനപ്പെട്ട പരിഹാരങ്ങളിലേക്കുള്ള വഴിയിലാണ്—നിവാരണവും ചികിത്സയും തന്നെ. അടുത്ത ലേഖനത്തിൽ ഇവ പരിചിന്തിക്കപ്പെടും. (g86 10/8)
[5-ാം പേജിലെ ചതുരം]
കാൻസർ സാങ്കേതിക ശാസ്ത്ര സംജ്ഞാ നിർവ്വചനങ്ങൾ
റ്റ്യൂമർ (മുഴ)—ഒരു അസാധാരണ ശരീരകലാപിണ്ഡം; ഏത് അനാരോഗ്യകരമായ വീക്കവും; ഒരു പുത്തൻ മുഴ അഥവാ പുതിയ വളർച്ച. അത് ലഘുതരമോ മാരകമോ ആകാം.
ബിനൈൻ (ലഘുതരം)—മറ്റു കലകളെ ആക്രമിക്കുകയോ അവയിലേക്കു നുഴഞ്ഞുകയറുകയോ ചെയ്യാത്ത കോശങ്ങൾ. എന്നിരുന്നാലും, ലഘുതരമായ ഒരു മുഴക്ക് അപകടകരമായ സമ്മർദ്ദത്തിനിടയാക്കാൻ കഴിയും.
മലൈഗ്നൻറ് (മാരകം)—ചുറ്റുപാടുമുള്ള കലകളെ ആക്രമിക്കുന്നതും അവയിലേക്ക് നുഴഞ്ഞുകടക്കുന്നതും, തടഞ്ഞില്ലെങ്കിൽ ഒടുവിൽ രോഗിയെ അടിപ്പെടുത്തുന്നതുമായ കോശങ്ങൾ.
കാൻസർ—മാരകമായ ഒരു റ്റ്യൂമർ. കാൻസറുകൾ രണ്ടു പ്രധാന വിഭാഗങ്ങളായി തരംതിരിക്കപ്പെടുന്നു: സാർക്കോമാസും കാർസിനോമാസും.
സാർക്കോമാസ്—അസ്ഥി, തരുണാസ്ഥി, കൊഴുപ്പ്, മാംസപേശി ഇവ ഉൾപ്പെടെയുള്ള ഘടനാപരമായ കോശങ്ങളിലെയും സന്ധാനകലകളിലെയും കാൻസറുകൾ.
കാർസിനോമാസ്—ത്വക്ക്, കുടൽ, ശ്വാസകോശങ്ങൾ, സ്തനങ്ങൾ മുതലായ ശരീരാവയവങ്ങളെ മൂടുന്ന കലകളെ ബാധിക്കുന്ന കാൻസറുകൾ.
കാർസിനോജൻ—കാൻസറുണ്ടാക്കുന്ന വസ്തു.
മെറ്റാസ്റ്റ്സിസ്—ഒരു രോഗത്തിന്റെ മൂലസ്ഥാനത്തുനിന്ന് ശരീരത്തിലെ മറ്റു സ്ഥാനങ്ങളിലേക്കുള്ള രോഗപ്പകർച്ച.
ലിംഫ് (ലസീക)—ശരീരത്തിലൂടെ ചംക്രമണം ചെയ്യുന്ന തെളിഞ്ഞ ഒരു ദ്രാവകം. അതിൽ വെളുത്ത രക്തകോശങ്ങളും പ്രതിദ്രവ്യങ്ങളും മാലിന്യങ്ങളും പോഷകവസ്തുക്കളും അടങ്ങിയിരിക്കുന്നു.
ലിംഫ് ഗ്ലാൻഡ്സ് (ലസീക ഗ്രന്ഥികൾ)—അല്ലെങ്കിൽ മുഴകൾ. സാധാരണഗതിയിൽ ഇവ ശരീരത്തിലെ മാലിന്യങ്ങളെ അരിച്ചു നീക്കുന്നു. രോഗാണു ബാധക്കെതിരായ ശരീരത്തിന്റെ പ്രതിരോധത്തിൽ ലസീകവ്യവസ്ഥ മർമ്മ പ്രധാനമാണ്.
(ഡോക്ടർമാരായ ഇവാൻ, കാമറോൺ, ലൈനസ് പോളിംഗ് എന്നിവർ രചിച്ച കാൻസറും വിറ്റാമിൻ സിയും എന്ന പുസ്തകത്തിലും കാൻസറിനെക്കുറിച്ചുള്ള വസ്തുതകൾ എന്ന ഡോ. ചാൾസ് എഫ് മാഖന്റെ പുസ്തകത്തിലും അധിഷ്ഠിതം)
[6-ാം പേജിലെ ചതുരം]
മനുഷ്യരിൽ കാൻസറുണ്ടാക്കുന്നതായി സ്ഥിരീകരിച്ചിരിക്കുന്ന ചില വസ്തുക്കൾ
കാരണം കാൻസറിന്റെ സ്ഥാനം
അഫ്ളാറ്റോക്സിൻ (പൂപ്പലുള്ള നിലക്കടലയിലുള്ളത്)_കരൾ
അമിത മദ്യപാനം_ വായ്, തൊണ്ട, ഇസോഫാഗസ്,കരൾ
ആസ്ബസ്റ്റോസ്_ ശ്വാസകോശം, ഉരസ്യാ, ഉദരം
വെറ്റിലയും പുകയിലയും ചുണ്ണാമ്പും ചവയ്ക്കൽ_ വായ്
ഗൃഹോപകരണം (കടുപ്പമേറിയ തടി)_ നാസാദരങ്ങൾ
തുകൽ വസ്തുക്കൾ_ നാസാദരങ്ങൾ
അമിതപോഷണം (പൂർണ്ണിപ്പുണ്ടാക്കുന്നത്)_ ഗർഭാശയദര ശ്ലേഷ്മ ചർമ്മം, പിത്തകോശം
താമസിച്ചുള്ള ആദ്യഗർഭം_ സ്തനം
സന്താനരാഹിത്യം, അല്ലെങ്കിൽ തീരെകുറച്ചു കുട്ടികൾ_ അണ്ഡാശയം
പരാദരോഗാണു ബാധകൾ:
സ്കിസ്റ്റോസോമാ ഹീമാറ്റോബിയം, ആഫ്രിക്കാ_ മൂത്രാശയം
ക്ലോണോർക്കിസ് സൈനൻസിസ്, ചൈനാ_ കരൾ
വിവേചനാരഹിത ലൈംഗികത_ ഗർഭാശയ ഗളഭാഗങ്ങൾ, ത്വക്ക്
സ്റ്റെറോയിഡുകൾ_ കരൾ
പുകയില_ വായ്, തൊണ്ട, ശ്വാസകോശം
വൈറസ് (ഹെപ്പാറ്റൈറ്റിസ്)_ കരൾ
(കാൻസറിന്റെ കാരണങ്ങൾ എന്ന പുസ്തകത്തിൽ അധിഷ്ഠിതം)