കാൻസർ നാം എങ്ങനെ കൈകാര്യം ചെയ്യുന്നു?
കാൻസറിനെക്കുറിച്ചുള്ള ലേഖനങ്ങളുടെ ഈ പരമ്പര ഈ രോഗത്തിനു ചികിത്സിക്കുന്നതിൽ നേടിയിട്ടുള്ള പുരോഗതിയെക്കുറിച്ച് ഒരു പ്രായോഗിക വീക്ഷണം ലഭിക്കുന്നതിന് വായനക്കാരനായ നിങ്ങളെ സഹായിക്കാനാണ് അവതരിപ്പിക്കുന്നത്. സമീപകാല ദശാബ്ദങ്ങളിൽ കാൻസറിന്റെ കാരണങ്ങളിൽ ചിലതിനെക്കുറിച്ചുള്ള ഗ്രാഹ്യത്തിൽ പുരോഗതി നേടിയിട്ടുണ്ട്. ഇപ്പോൾ രോഗപ്രതിരോധം സംബന്ധിച്ച് നല്ല ബുദ്ധിയുപദേശം ലഭ്യമാണ്. ഇക്കാലത്ത് നേരത്തെ രോഗനിർണ്ണയം ചെയ്യാനും കൂടുതൽ എളുപ്പമാണ്. രോഗം ഭേദപ്പെടുന്നതിനുള്ള സാദ്ധ്യതയും കൂടുതലാണ്. യു. എസ്. ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് അതിനെ ഇങ്ങനെ സംഗ്രഹിക്കുന്നു:
“നല്ല വാർത്ത: എല്ലാവർക്കും കാൻസർ പിടിപെടുന്നില്ല. 3-ൽ 2 അമേരിക്കക്കാർക്ക് ഒരിക്കലും അതു പിടിപെടുകയില്ല. ഏറെ നല്ല വാർത്ത: ഓരോ വർഷവും കാൻസറുള്ള അധികമധികമാളുകൾ സൗഖ്യം പ്രാപിക്കുന്നു. ഏറ്റവും നല്ല വാർത്ത: ഓരോ ദിവസവും നിങ്ങളേത്തന്നെ കാൻസറിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നതിന് നിങ്ങൾക്ക് ചിലത് ചെയ്യാൻ കഴിയും.
ഞങ്ങൾ ഈ വിഷയത്തെ ശുഭ സൂചകമായ ഒരു വീക്ഷണത്തോടെ പരിചിന്തിക്കാൻ ഉദ്ദേശിക്കുന്നില്ല. ഏതായാലും അമേരിക്കൻ ഐക്യനാടുകളിൽതന്നെ “ഇപ്പോൾ ജീവിക്കുന്ന 58 ദശലക്ഷം അമേരിക്കക്കാർക്ക് ഒടുവിൽ കാൻസർ പിടിപെടും” എന്ന് ഒരു മെഡിക്കൽ കേന്ദ്രം സൂചിപ്പിക്കുന്നു. മറ്റനേകം രാജ്യങ്ങൾക്കും സമാനമായ ഒരു അനുപാതം ഉണ്ട്. തന്നിമിത്തം തെറ്റായ ശുഭാപ്തി വിശ്വാസം അനാവശ്യമാണ്. എന്നിരുന്നാലും, വസ്തുതകളിലധിഷ്ഠിതമായ ശുഭാപ്തി വിശ്വാസം യാഥാർത്ഥ്യത്തെ പ്രത്യാശാപൂർവ്വം അഭിമുഖീകരിക്കുന്നതിന് എല്ലാവരെയും സഹായിക്കുകയും കൂടുതൽ ഫലപ്രദമായ പോരാട്ടം നടത്തുന്നതിന് കാൻസർ രോഗികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
കാൻസർ സുഖപ്പെടുത്താൻ കഴിയുമോ?
വിദഗ്ദ്ധൻമാർ ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം നൽകുന്നു?
ചുവടെ ചേർത്തിരിക്കുന്നതു ശ്രദ്ധിക്കുക: “കാൻസറിന് വിജയകരമായി ചികിത്സിക്കാൻ കഴിയും. പലപ്പോഴും അത് പൂർണ്ണമായി സുഖപ്പെടുത്താൻ കഴിയും. കാൻസറിന് ചികിത്സിക്കപ്പെട്ടിട്ടുള്ള അസംഖ്യമാളുകൾ രോഗത്തിന്റെ യാതൊരു ലാഞ്ചനയും ലക്ഷണവുമില്ലാതെ ദീർഘിച്ച, ആരോഗ്യകരമായ ജീവിതം നയിച്ചിട്ടുണ്ട്. . . . കാൻസർ തീർച്ചയായും സുഖപ്പെടുത്താവുന്നതാണ്.”—ഡോ. ബഞ്ചമിൻ എഫ്. മില്ലർ എഴുതിയ ദി കംപ്ലീറ്റ് മെഡിക്കൽ ഗൈഡ്.
“ഈ രോഗത്തെക്കുറിച്ചുള്ള ഭയം, കാൻസർ ബാധിച്ചിട്ടുള്ളവരിൽ പകുതിയോളം പേരെ സുഖപ്പെടുത്താൻ കഴിയുമെന്നും സുഖപ്പെടുത്താൻ കഴിയാത്തവരുടെ ഉചിതമായ ചികിത്സയ്ക്ക് ആശ്വാസകരവും ഉല്പാദനക്ഷമവുമായ ജീവിതവർഷങ്ങൾ കൂട്ടാൻ കഴിയുമെന്നുമുള്ള വസ്തുതയെ മറച്ചിരിക്കുന്നു.”—കാൻസറിനെക്കുറിച്ചുള്ള വസ്തുതകൾ, യേൽ യൂണിവേഴ്സിറ്റിയിലെ സർജറി പ്രൊഫസ്സറായ ഡോ. ചാൾസ് എഫ്. മാഖൻ എഴുതിയത്.
“ചില കാൻസറുകൾ അനായാസം സുഖപ്പെടുത്താവുന്നവയാണ്; അതേ സമയം മറ്റു ചിലത് രോഗനിർണ്ണയം ചെയ്തു കഴിയുമ്പോഴേക്ക് മിക്കവാറും എല്ലായ്പ്പോഴും പൂർണ്ണമായി സുഖപ്പെടുത്താൻ കഴിയാത്തവയാണ് . . . മൂന്ന് അവയവങ്ങളിലെ കാൻസറുകൾ ഇപ്പോൾ ഐക്യനാടുകളിലെ കാൻസർ മരണങ്ങളിൽ പകുതിക്കും കാരണമായിരിക്കുന്നതിനാൽ അവ (ശ്വാസകോശം, സ്തനം, വൻകുടൽ എന്നിവയിലെ കാൻസർ) ഇക്കാലത്ത് മുന്തിയ പ്രാധാന്യമുള്ളവയാണ്.”—കാൻസറിന്റെ കാരണങ്ങൾ, സർ റിച്ചാർഡ് ഡോളും റിച്ചാർഡ് പെറ്റോയും, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഇംഗ്ലണ്ട്.
എന്നാൽ ഈ ചിത്രത്തോട് കൂട്ടേണ്ട ഗൗരവാവഹമായ ഒരു വസ്തുതയുണ്ട്. ലക്ഷ്യം—കാൻസർ എന്ന തന്റെ പുസ്തകത്തിൽ ശാസ്ത്രലേഖകനായ എഡ്വേഡ് ജെ. സിൽവസ്റ്റർ ഇങ്ങനെ പ്രസ്താവിക്കുന്നു: “കൊലയാളിയെ തീർച്ചയായും പിടികൂടിയിട്ടില്ല. ഐക്യനാടുകളിലെ ഏറ്റവും മാരകമായ കാൻസറുകൾ—ശ്വാസകോശ കാൻസർ—രജോവിരാമാനന്തര സ്തനാർബ്ബുദം, ആന്ത്രഗുദ കാൻസർ—ഇപ്പോൾ മുപ്പതോ, നാല്പതോ വർഷം മുമ്പത്തേതിലും ഭേദപ്പെടുത്താവുന്നവയല്ല, . . . ഈ കാൻസറുകളുള്ള ആളുകൾ ചില കേസുകളിൽ കൂടുതൽ ജീവിച്ചിരിക്കുന്നുണ്ടെങ്കിലും.”
കാൻസർ ഗവേഷണത്തിന് ഓരോ വർഷവും വൻതുകകൾ ചെലവഴിക്കുന്നുണ്ട്, എന്നാൽ അത് മനുഷ്യൻ അറിഞ്ഞിട്ടുള്ളതിൽവച്ച് ഏറ്റവുമധികം വഴുതിമാറുന്ന മാരകരോഗങ്ങളിലൊന്നാണ്. എന്നുവരികിലും, പ്രസ്താവിക്കപ്പെട്ട മൂന്നുതരം കാൻസറുകൾ സംബന്ധിച്ച് ശുഭാപ്തി വിശ്വാസം നൽകുന്ന ഒരു വസ്തുതയുണ്ട്—ചിലർ “കൂടുതൽ ജീവിച്ചിരിക്കുന്നു.”
കാൻസറിന്റെ സംഗതിയിൽ നമ്മളെല്ലാം അതു പിടിപെടാൻ സാദ്ധ്യതയുള്ളവരാണോ? അതോ, അതിനെ തടയാൻ നമുക്കു ചെയ്യാൻ കഴിയുന്ന എന്തെങ്കിലുമുണ്ടോ? കാൻസർ ബാധയോട് ഭക്ഷണത്തിനും ജീവിതരീതിക്കും എന്തെങ്കിലും ബന്ധമുണ്ടോ?
തുടർന്നു വരുന്ന ലേഖനങ്ങളിൽ കാൻസറിന്റെ അറിയപ്പെടുന്ന കാരണങ്ങളിൽ ചിലതും പ്രതിരോധത്തിന്റെയും ചികിത്സയുടെയും രീതികളും, അതുപോലെതന്നെ കാൻസറിനെ കീഴടക്കുന്നതിൽ ലഭിച്ച വിജയത്തിന്റെ ഒരു ദൃഷ്ടാന്തവും നമ്മൾ പരിചിന്തിക്കുന്നതായിരിക്കും. അന്തിമലേഖനം കാൻസർ താമസിയാതെ കീഴടക്കപ്പെടുമെന്ന് നമുക്ക് എങ്ങനെ അറിയാമെന്ന് വിശദീകരിക്കും. (g86 10/8)