ലോകത്തെ വീക്ഷിക്കൽ
ജലപ്രതിസന്ധി
2000-മാണ്ടോടെ ഭൂമിക്കു ചുററുമുള്ള ഏകദേശം 30 രാജ്യങ്ങൾക്കു ഗുരുതരമായ ജലക്ഷാമം നേരിടുമെന്ന് എഫ്എഒയുടെ (ഐക്യരാഷ്ട്രങ്ങളുടെ ഭക്ഷ്യ-കാർഷിക സംഘടന) ഏററവും പുതിയ റിപ്പോർട്ടു പറയുന്നു. എഫ്എഒ പറയുന്നതനുസരിച്ച് പരിമിതമായ ജലവിഭവങ്ങൾക്കായി വർധിച്ച കിടമത്സരം ഉള്ളതുകൊണ്ട് കോടിക്കണക്കിനാളുകൾക്ക് അവരുടെ അതിജീവനത്തിനാവശ്യമായ വെള്ളം ലഭിക്കുകയില്ല. ഏററവുമധികം അപകടാവസ്ഥയിലായിരിക്കുന്ന ജനങ്ങൾ ഉത്തരാഫ്രിക്കയിലും സഹാറായുടെ തെക്കുഭാഗത്തും ഏഷ്യയുടെ തെക്കുപടിഞ്ഞാറും ഹംഗറിയിലും ഉള്ളവരാണ്. ഭൂമിയിലെ ശുദ്ധജലശേഖരത്തിന്റെ ഏതാണ്ട് 70 ശതമാനവും (വികസ്വരരാജ്യങ്ങളിൽ 90 ശതമാനം) കൃഷികളുടെ ജലസേചനത്തിനായി ഉപയോഗിക്കുന്നുവെന്ന് ലാ മോൺട് എന്ന പാരീസ് പത്രത്തിൽ വന്ന ഒരു റിപ്പോർട്ടു പറയുന്നു. ഫലപ്രദമല്ലാത്ത ജലസേചന രീതികൾ മൂലം ഈ ജലത്തിന്റെ 60 ശതമാനത്തോളം പാഴായിപ്പോകുകയാണെന്ന് എഫ്എഒ കണക്കാക്കുന്നു.
പോയ്മറയുന്ന ഒരു ജാപ്പനീസ് പാരമ്പര്യമോ?
ജപ്പാനിലെ ആളുകൾ പ്രായമുള്ളവരോട് പരമ്പരാഗതമായി കാട്ടിവന്ന ആഴമായ ഭയാദരവ് കുറഞ്ഞുവരുന്നതായി തോന്നുന്നു. പ്രായമായവരുടെ നേർക്കുള്ള ശാരീരികവും മാനസികവുമായ ഉപദ്രവം വർധിച്ചുവരികയാണ്. ഒരു വിദഗ്ധൻ പറയുന്നതനുസരിച്ച്, മനസ്സില്ലാമനസ്സോടെയാണ് അനേകം ആധുനിക കുടുംബങ്ങളും തങ്ങളുടെ പ്രായമുള്ള ബന്ധുക്കളെ പരിപാലിക്കുന്നത്, സമ്മർദത്തെ നേരിടാനും അവർക്കു കഴിയുന്നില്ല എന്ന് മൈനിച്ചി ഡെയ്ലി ന്യൂസ് വിശദീകരിക്കുന്നു. അവർ പലപ്പോഴും അക്രമവും അവഗണനയും അവലംബിക്കുന്നു. മൈനിച്ചി ഡെയ്ലി ന്യൂസ് പറയുന്നതനുസരിച്ച്, “പെൻഷൻ പണം കൊടുക്കാൻ വിസ്സമ്മതിച്ചപ്പോഴെല്ലാം 75 വയസ്സുള്ള തന്റെ പിതാവിനെ പൊതിരെ തല്ലുന്ന സ്വഭാവം” ഒരു മനുഷ്യൻ പുലർത്തിപ്പോന്നു. ഇത്തരം ഉദാഹരണങ്ങളിൽ, പ്രായാധിക്യം ചെന്ന ഒരു പിതാവിന്റെ കൈകാലുകൾ കെട്ടി മുറിയിൽ അടച്ചുപൂട്ടിയതും ഒരു വൃദ്ധയുടെ വായിൽ തുണി കുത്തിതിരുകിവെച്ചതും ഉൾപ്പെടുന്നു.
വ്യായാമ മുന്നറിയിപ്പ്
“വളരെ കഠിനമായ വ്യായാമത്തിൽ ഒരു ജ്വരംകണക്കേ ഏർപ്പെട്ടാൽ” അതിന് ആന്തരകർണത്തിൽ കുഴപ്പങ്ങൾ വരുത്തിവെക്കാൻ കഴിയുമെന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ആവർത്തിച്ചാവർത്തിച്ച് തീവ്രമായ ചാട്ടത്തിലേർപ്പെട്ടാൽ അത് ആന്തരകർണത്തിലെ ലോല കണികകൾക്കു (granules) സ്ഥായിയായ കുഴപ്പം വരുത്തിവെക്കുമെന്ന കാര്യം വ്യക്തമാണ്. അതിന്റെ സാധാരണമായ ചില ലക്ഷണങ്ങൾ തലകറക്കം, സമനില നഷ്ടം, യാത്ര ചെയ്യുന്നതിനോടു ബന്ധപ്പെട്ട അസുഖം, ചെവിയിലെ മുഴക്കം തുടങ്ങിയവയാണ്. ദിവസവും രണ്ടുപ്രാവശ്യം വ്യായാമമുറ ക്ലാസ്സുകളെടുത്ത സ്ത്രീകളെക്കുറിച്ച് അടുത്ത കാലത്തു നടത്തിയ ഒരു സർവേ വെളിപ്പെടുത്തിയത് അവരിൽ 83 ശതമാനം പേർക്കും ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം കേൾക്കുന്നതിൽ കുഴപ്പമുണ്ടായിരുന്നു എന്നാണ്. കഠിന വ്യായാമത്തോട് ചില സ്ത്രീകൾ ഒരുതരം ആസക്തി, “വ്യായാമജ്വരം” വളർത്തിയെടുക്കുന്നതായി തോന്നുന്നു എന്നതാണ് ഉത്കണ്ഠയ്ക്കുള്ള മറെറാരു കാരണം. ഇതിന്റെ ഇരകൾ “പേശികൾക്കു ബലം നഷ്ടപ്പെട്ട്, സമ്മർദം നിമിത്തം അസ്ഥികളിൽ ചെറിയ പൊട്ടലുകൾ ബാധിച്ച്, തളർന്നവശരാകുന്നു; കഠിനമായ പരിശീലന ക്ലാസ്സുകളിൽ ഏർപ്പെട്ടാൽ അവർക്കു സമനില സംബന്ധിച്ച പ്രശ്നങ്ങളും ഉണ്ടാകുന്നു,” ദ ടൈംസ് അഭിപ്രായപ്പെടുന്നു.
ചൈനയിൽ കാറുകൾ വളരെ കുറവായിരിക്കുന്നതിന്റെ കാരണം
നൂറു കോടിയിലധികം ജനസംഖ്യയുള്ള ചൈനയിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള 50,000 വാഹനങ്ങളേയുള്ളൂ. എന്നിട്ടും, ചൈന ടുഡേ പറയുന്നതനുസരിച്ച് “വളരെ വലിയ ഒരു കുതിച്ചുചാട്ട”ത്തെയാണ് ഈ സംഖ്യ പ്രതിനിധാനം ചെയ്യുന്നത്. 1983-ൽ ആ രാജ്യത്തുള്ള സ്വകാര്യ കാറുകളുടെ എണ്ണം 60 ആയിരുന്നത്രേ! സമീപ ഭാവിയിൽ കാറുടമസ്ഥരുടെ എണ്ണം വർധിക്കുമെന്നു കരുതപ്പെടുന്നു. എന്നാൽ ഭാവിയിൽ കാർ വാങ്ങാനിരിക്കുന്ന ഒരുവൻ അതിന്റെ ലാഭനഷ്ടങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. വാഹനങ്ങൾക്കു തീവില കൊടുക്കേണ്ടിവരത്തക്കവണ്ണം 40-ലധികം വ്യത്യസ്തതരം നികുതികൾ ചൈനയിലുണ്ട്. ഉദാഹരണത്തിന് “ചൈനയിൽ ഒരു കാറിന് 3,00,000 യുവാൻ (ഏകദേശം 37,000 യുഎസ് ഡോളർ) വില വരും, എന്നാൽ മററു രാജ്യങ്ങളിൽ അതിന് 10,000 യുഎസ് ഡോളറിലധികം വില വരില്ല.” ഡ്രൈവിങ് പഠിക്കുന്നതിനു മുടക്കേണ്ടിവരുന്ന പണമോ? “ശരാശരി വേതനം പററുന്ന ഒരുവന്റെ വാർഷിക വരുമാനത്തിന്റെ ഇരട്ടി”യാണ് ഒരു ഡ്രൈവിങ് സ്കൂൾ ഈടാക്കുന്നതെന്ന് ചൈന ടുഡേ പറയുന്നു.
ക്യാമറകൾ വ്യത്യാസമുളവാക്കുന്നു
വളരെ വേഗത്തിൽ ഓടിച്ചുപോകുന്ന വാഹനങ്ങളുടെ ലൈസൻസ് പ്ലേററിന്റെ ചിത്രങ്ങളെടുക്കാൻ ക്യാമറകൾ സജ്ജീകരിച്ചിട്ടുള്ള സ്ഥലങ്ങളിൽ വേഗതാലംഘനങ്ങളിൽ കാര്യമായ കുറവുള്ളതായി ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള ട്രാൻസ്പോർട്ട് വകുപ്പ് റിപ്പോർട്ടു ചെയ്യുന്നു. ഈ ക്യാമറകൾ അധികാരികൾക്കു കൊടുക്കുന്ന ഫോട്ടോകൾ, വളരെ വേഗത്തിൽ വാഹനമോടിച്ചുപോകുന്ന ഡ്രൈവർമാരെ ശിക്ഷിക്കാൻ ഉപയോഗിക്കുന്നു. ചെമന്ന ട്രാഫിക് ലൈററ് അടയാളം ലംഘിക്കുന്നവർക്കെതിരെ ശരിയായ തെളിവു നൽകാനും അവയ്ക്കു കഴിയും. ക്യാമറകൾ സ്ഥാപിച്ചതിനുശേഷം “ഈ പദ്ധതിക്കുവേണ്ടി തിരഞ്ഞെടുത്ത റോഡുകളിൽവെച്ച് സാരമായ അപകടം സംഭവിച്ചവരുടെ സംഖ്യ മൂന്നിലൊന്നു കുറഞ്ഞതായി” ന്യൂ സയൻറിസ്ററ് എന്ന മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയതിൽപ്പിന്നെ നിയമപരമായി ഏററവും കൂടിയ സ്പീഡ് ലിമിററായ മണിക്കൂറിൽ 20 മൈലിലധികം വേഗതയിൽ ഓടിക്കുന്ന വാഹനങ്ങളുടെ എണ്ണം ദിവസം 1,000-ത്തിൽനിന്ന് 30 ആയി കുറഞ്ഞു. “ട്രാഫിക് ലൈററുകളെ അവഗണിക്കുന്ന ഡ്രൈവർമാരുടെ എണ്ണത്തിൽ 40 ശതമാനം കുറവുണ്ട്, റോഡു കുറുകെ കടക്കുന്നിടത്തെ അപകടങ്ങളുടെ സംഖ്യയിൽ 60 ശതമാനം കുറവും,” ന്യൂ സയൻറിസ്ററ് അഭിപ്രായപ്പെടുന്നു.
1914-ലെ തലമുറ
ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത 47,43,826 യുഎസ് സ്ത്രീപുരുഷൻമാരിൽ 2,72,000 പേർ മാത്രമേ 1984-ൽ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളൂ. (1988 ഏപ്രിൽ 8-ലെ ഉണരുക! [ഇംഗ്ലീഷ്]) ഡിപ്പാർട്ടുമെൻറ് ഓഫ് വെറററാൻസ് അഫയേഴ്സ് പറയുന്നതനുസരിച്ച്, ഇന്ന് ആ സംഖ്യ ഏതാണ്ട് 30,000 ആയി കുറഞ്ഞിരിക്കുന്നു, അവരുടെ ശരാശരി വയസ്സ് 95 ആണ്. എന്നിരുന്നാലും 1914-ലോ അതിനു മുമ്പോ ജനിച്ച തലമുറയിൽപ്പെട്ട 6,14,86,000 പേർ 1992-ൽ ലോകമൊട്ടാകെ ജീവിച്ചിരിപ്പുണ്ടായിരുന്നു.
നട്ടെല്ലില്ലാത്ത ജീവികളെ രക്ഷിക്കുക
പ്രാണികളും നട്ടെല്ലില്ലാത്ത മററു ജീവികളും ഇല്ലാതെപോയാൽ “ഗോളവ്യാപകമായ ആവാസവ്യവസ്ഥ തകർന്നടിയും, മനുഷ്യരും നട്ടെല്ലുള്ള മററു ജീവികളും ഏതാനും മാസങ്ങൾ മാത്രമേ ജീവനോടിരിക്കുകയുള്ളൂ, അങ്ങനെ ഈ ഗ്രഹം മുഖ്യമായും കടൽപ്പോച്ചയ്ക്കും ഫംഗസിനും ഉള്ളതായിത്തീരും,” ദ ന്യൂയോർക്ക് ടൈംസ് അഭിപ്രായപ്പെടുന്നു. തിമിംഗലങ്ങളെയും കടുവകളെയും അപകടത്തിലായ മററു വർഗങ്ങളെയും രക്ഷിക്കുന്നതിനോടു ബന്ധപ്പെട്ട പൊതുജന താത്പര്യം നട്ടെല്ലില്ലാത്ത ജീവികളുടെ കാര്യത്തിലേക്കും വ്യാപിപ്പിക്കണമെന്ന് അടുത്ത കാലത്തെ ഒരു പഠനത്തെ അധികരിച്ച ടൈംസിലെ ആ ലേഖനം മുന്നറിയിപ്പു നൽകുന്നു. ആവാസവ്യവസ്ഥയിൽ നടക്കുന്ന പ്രധാനപ്പെട്ട അനേകം പ്രക്രിയകളിലും ഈ ചെറുജീവികൾ പങ്കുവഹിക്കുന്നു. പാഴ്വസ്തുക്കൾ തിന്നുതീർക്കൽ, സസ്യങ്ങളിൽ പരാഗണം നടത്തൽ, വിത്തുകൾ മററു സ്ഥലങ്ങളിൽ എത്തിക്കൽ, മാലിന്യം നീക്കം ചെയ്യൽ തുടങ്ങിയ കാര്യങ്ങൾ ആ പ്രക്രിയകളിൽ ഉൾപ്പെടുന്നു. ഐക്യനാടുകളിൽ മാത്രം, ഒരു വർഷത്തെ മനുഷ്യവിസർജ്യങ്ങൾ 13 കോടി ടൺ വരും, മൃഗങ്ങളുടേത് 1,200 കോടി ടണ്ണും. ഈ മാലിന്യത്തിന്റെ 99 ശതമാനവും “വിഘടിപ്പിക്കുന്നത് നട്ടെല്ലില്ലാത്ത ജീവികളാണെന്നു കരുതപ്പെടുന്നു.”
പ്രചാരലുബ്ധമാകുന്ന ഭാഷകൾ
നാനാതരം ഭാഷകളുള്ള പാപ്പുവ ന്യൂ ഗിനി എന്ന രാജ്യത്തെ അനേകം ഭാഷകൾ പോയ്മറയുമെന്ന അപകടത്തിലാണ്. കഴിഞ്ഞ 40 വർഷങ്ങളിൽ അഞ്ചു ഭാഷകൾ ഇതിനോടകംതന്നെ പ്രചാരലുബ്ധമായിരിക്കുന്നു. ഇനി “ആ രാജ്യത്തു ശേഷിക്കുന്നത് കേവലം 867 ഭാഷകളാണ്” എന്ന് പാപ്പുവ ന്യൂ ഗിനിയിലെ പോസ്ററ്-കുരിയർ പറയുന്നു. ഈ രാജ്യത്തെ “ഭാഷാപരമായ നാനാത്വം അനേകം വർഗങ്ങൾ രാജ്യത്തിന്റെ മധ്യഭാഗത്തുള്ള പർവതവനപ്രദേശങ്ങളിൽ ഒററപ്പെട്ടുപോയതുകൊണ്ടാണ്” എന്ന് പോസ്ററ്-കുരിയർ വിശദീകരിക്കുന്നു. “22 ഭാഷകളിൽ ഓരോന്നും സംസാരിക്കുന്നവർ 100-ൽ കുറവാണ്, ഏഴു ഭാഷകളിൽ ഓരോന്നും 20-ൽ കുറഞ്ഞ ആളുകളേ സംസാരിക്കുന്നുള്ളൂ, 10 ഭാഷകളിൽ ഓരോന്നും സംസാരിക്കുന്നവർ 10-ൽ കുറവാണ്” എന്ന് ആ പത്രം കൂട്ടിച്ചേർക്കുന്നു. അപകടത്തിലായ ഭാഷകളിലൊന്ന് യൂറുവാവ ആണ്, അതു സംസാരിക്കുന്നവരോ അഞ്ചുപേർ മാത്രം. ബീനയും യോബയും രണ്ടുപേർ വീതമേ സംസാരിക്കുന്നുള്ളൂ.
പാമ്പിന്റെ പിളർന്ന നാക്ക്
പാമ്പിന്റെ നാക്ക് പിളർന്നിരിക്കുന്നതുകൊണ്ട് അതിനെന്താണു പ്രയോജനം? ഇൻറർനാഷണൽ ഹെറാൾഡ് ട്രിബ്യൂണിൽ വന്ന ഒരു റിപ്പോർട്ടനുസരിച്ച്, ഒരു ശബ്ദത്തിന്റെ ദിശ മനസ്സിലാക്കാൻ നാം രണ്ടു ചെവികൾ ഉപയോഗിക്കുന്ന അതേ വിധത്തിൽ മണം പിടിച്ചുപോകാൻ പാമ്പിന്റെ നാക്ക് അതിനെ സഹായിക്കുന്നു. പാമ്പ് അതിന്റെ ഇരയുടെയോ ഇണയുടെയോ മണം പിടിച്ചുപോകുമ്പോൾ നാക്ക് തുടരെത്തുടരെ പുറത്തേക്കു നീട്ടുന്നു, അതിന്റെ അഗ്രങ്ങൾ കഴിവതും വിടർത്തിപ്പിടിച്ചുകൊണ്ട്. ഈ വിധത്തിൽ പാമ്പ് രണ്ടഗ്രങ്ങൾക്കൊണ്ട് ഗന്ധരൂക്ഷത തിരിച്ചറിയുന്നു. അങ്ങനെ, തിരയുന്ന മൃഗം പോയ വഴി മനസ്സിലാക്കാൻ അതു പാമ്പിനെ സഹായിക്കുന്നു.
രോഗികൾ ലൈംഗികോപദ്രവം ചെയ്യുന്നു
അനേകം വനിതാഡോക്ടർമാർക്കും ജോലിയിലായിരിക്കെ ലൈംഗികോപദ്രവം നേരിടേണ്ടിവരുന്നുവെന്ന് അടുത്ത കാലത്തെ ഒരു പഠനം വെളിപ്പെടുത്തുന്നു. ഒരു സർവേ നടത്തിയപ്പോൾ പ്രതികരിച്ചവരിൽ 77 ശതമാനം പേർ “ഏതെങ്കിലും തരത്തിലുള്ള ലൈംഗികോപദ്രവം രോഗികളിൽനിന്ന് ഉണ്ടായതായി റിപ്പോർട്ടു ചെയ്തു” എന്ന് ദ മെഡിക്കൽ പോസ്ററ് വിശദീകരിക്കുന്നു. ഈ പ്രശ്നത്തിന്റെ പരിഹാരം ഡോക്ടർമാരുടെ ചുമലിൽത്തന്നെ ആണെന്ന് പലരും വിശ്വസിക്കുന്നു. രോഗികളെ ചികിത്സിക്കുമ്പോൾ ബിസിനസ്സുകാരെപ്പോലെയും പ്രൊഫഷണൽ ആളുകളെപ്പോലെയും പ്രവർത്തിക്കാനും ലാബ് കോട്ട് ധരിക്കാനും വിവാഹമോതിരം ഇടാനും അവരെ പ്രോത്സാഹിപ്പിക്കുന്നു. എന്നിരുന്നാലും, വനിതാഡോക്ടർമാരുടെ നേർക്കുള്ള ലൈംഗികോപദ്രവം ഒഴിവാക്കാൻ യാതൊന്നുംതന്നെ ചെയ്യാനില്ലെന്നു മററു ചിലർ വിചാരിക്കുന്നു. “ലൈംഗികോപദ്രവവും അതു സംബന്ധിച്ച ഭയവും സ്ത്രീസഹജമായിരിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണ് സ്ത്രീകൾ” എന്നു പറയുമ്പോൾ പോസ്ററ് വ്യക്തമാക്കുന്ന അഭിപ്രായം ഇതാണ്.
പൊള്ളലേൽക്കുന്ന കാചപടലങ്ങൾ
തങ്ങളുടെ മുടി സ്റൈറൽ ചെയ്യാൻ വേണ്ടി ചെറുപ്പക്കാരായ സ്ത്രീകൾ മുടി ചുരുട്ടാനുള്ള ഉപകരണം ഉപയോഗിക്കുമ്പോൾ യാദൃശ്ചികവശാൽ തങ്ങളുടെ കണ്ണിന്റെ കാചപടലങ്ങൾക്കു പൊള്ളലേൽപ്പിക്കുന്നതായി അടുത്തകാലത്ത് ഒരു വൈദ്യശാസ്ത്ര പത്രിക റിപ്പോർട്ടു ചെയ്യുകയുണ്ടായി. പെൻസിൽവേനിയയിലെ ഷൈയ നേത്ര ഇൻസ്ററിററ്യൂട്ടിന്റെ യൂണിവേഴ്സിററിയിലെ ഡോ. ഡീൻ ഓവാനോ പറയുന്നതനുസരിച്ച് “ചൂടുനിമിത്തം കണ്ണിനുണ്ടാകുന്ന സർവസാധാരണമായ അപകടമാണ്” ഇത്. മിക്ക കേസുകളിലും കണ്ണിനു ദീർഘകാല കുഴപ്പം നേരിടാത്തതായി ഒരു പഠനം പ്രകടമാക്കുന്നു, പല കേസുകളിലും പൊള്ളലേററ കണ്ണ് മൂന്നു ദിവസങ്ങൾക്കുള്ളിൽ സുഖം പ്രാപിക്കുന്നു. എന്നിരുന്നാലും, ടൊറൊന്റോയിലുള്ള ബോക്നർ നേത്ര ഇൻസ്ററിററ്യൂട്ടിലെ ഡോ. ആൽബർട്ട് ചെസ്കസ് ഇത്തരം അപകടത്തെ “വളരെ അപകടകര”മായിരുന്നേക്കാവുന്നതായി വർണിക്കുന്നു. “മുടി ചുരുട്ടാനുള്ള ഉപകരണം ധാരാളമായി ഉപയോഗിക്കുന്നതുകൊണ്ടും സ്ത്രീകൾ തിരക്കു പിടിക്കുന്നതുകൊണ്ടുമാണ്” ഇതു സംഭവിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
സ്കൂൾമുററത്തെ കുററകൃത്യങ്ങൾ
“സ്കൂളിലെ അക്രമം വളരെ വൃത്തികെട്ടതും വ്യാപകവും അധ്യാപകരെയും രാഷ്ട്രീയക്കാരെയും അഭിമുഖീകരിക്കുന്ന ഏററവും ചൂടുപിടിച്ച പ്രശ്നവും ആയിത്തീർന്നുകൊണ്ടിരിക്കുന്നു” എന്ന് ദ ടൊറൊന്റോ സ്ററാർ തറപ്പിച്ചു പറയുന്നു. ഓരോ വർഷം പിന്നിടുമ്പോഴും നടമാടുന്ന അക്രമപ്രവർത്തനങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്. 1993-ൽ ടൊറൊന്റോ പ്രദേശത്തെ സ്കൂൾവളപ്പുകളിൽ അരങ്ങേറിയ കുററകൃത്യങ്ങളിൽ 810 ആക്രമണങ്ങളും 131 ലൈംഗികാക്രമണങ്ങളും 7 വിഷം കൊടുക്കലും മാരകായുധങ്ങൾ ഉപയോഗിച്ചുള്ള 141 അക്രമങ്ങളും ഉൾപ്പെട്ടിരുന്നു. പൊലീസ് “വിദ്യാർഥികളിൽനിന്ന് തോക്കുകൾ, കത്തികൾ, വടികൾ, ഗദകൾ, മററായുധങ്ങൾ എന്നിവയുടെ ഒരു ശേഖരംതന്നെ പിടിച്ചെടുത്തു” എന്ന് സ്ററാർ കൂട്ടിച്ചേർക്കുന്നു. പരിഭ്രാന്തരായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ അയയ്ക്കുന്നതിന് അപകടംപിടിച്ച സ്ഥലമായാണ് വിദ്യാലയങ്ങളെ കാണുന്നത്. പഠനത്തിനു യോജിച്ച അഭയകേന്ദ്രങ്ങളായിരുന്നു വിദ്യാലയങ്ങൾ, “എന്നാൽ ഇപ്പോൾ നിങ്ങൾ നേരിടുന്നത് അക്രമസംഘങ്ങളെയും കൂട്ടംചേർന്നുള്ള ഭീഷണിപ്പെടുത്തലിനെയും ആയുധങ്ങളെയുമാണ്,” സ്ററാർ റിപ്പോർട്ടു ചെയ്യുന്നു.