ലോകത്തെ വീക്ഷിക്കൽ
വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങൾ
ജർമനിയിലെ പരിസ്ഥിതി ഫെഡറൽ മന്ത്രിയായ ആൻഷെല മെർക്കൽ ആ രാജ്യത്തെ ജീവിവർഗങ്ങളുടെ വലിയൊരു ശതമാനം വംശനാശഭീഷണി നേരിടുന്നതിലുള്ള തന്റെ ഉത്കണ്ഠ പരസ്യമായി പ്രകടിപ്പിക്കുകയുണ്ടായി. മന്ത്രാലയം പ്രസിദ്ധീകരിച്ച പരിസ്ഥിതിയെക്കുറിച്ചുള്ള ഒരു പുസ്തകം പ്രസാധനം ചെയ്യവേ മെർക്കൽ ഞെട്ടിക്കുന്ന ചില സ്ഥിതിവിവരക്കണക്കുകൾ തുറന്നു കാട്ടി. ജർമനിയിലെ കശേരുകികളായ “സസ്തനങ്ങളുടെ 40 ശതമാനവും ഉരഗങ്ങളുടെ 75 ശതമാനവും ഉഭയജീവികളുടെ 58 ശതമാനവും ശുദ്ധജലമത്സ്യങ്ങളുടെ 64 ശതമാനവും പക്ഷികളുടെ 39 ശതമാനവും വംശനാശഭീഷണി നേരിടുന്നവയാണ്” എന്ന് വിദഗ്ധർ കണക്കാക്കുന്നതായി സ്യൂറ്റ്ഡോയിച്ച് റ്റ്സൈറ്റുങ് റിപ്പോർട്ടു ചെയ്യുന്നു. സസ്യങ്ങളുടെ സ്ഥിതിയും ഒട്ടും മെച്ചമല്ല. മുഴു സസ്യവർഗങ്ങളുടെയും 26 ശതമാനം വംശനാശഭീഷണി നേരിടുന്നു. സ്വാഭാവിക പരിസ്ഥിതിക്കുള്ള അപകടം കുറയ്ക്കുന്നതിന് കഴിഞ്ഞകാലത്തു നടത്തിയ ശ്രമങ്ങൾ അപര്യാപ്തമായിരുന്നു. “പ്രകൃതി സംരക്ഷണത്തിനായി ഒരു പുതിയ പദ്ധതി ആരംഭിക്കേണ്ടതിന്റെ” ആവശ്യം മെർക്കൽ ചൂണ്ടിക്കാട്ടി.
തട്ടിക്കൊണ്ടുപോകുന്നവരിൽനിന്നു കുട്ടികളെ സംരക്ഷിക്കൽ
ജർമനിയിലെ മാതാപിതാക്കൾ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഏറെ ഉത്കണ്ഠാകുലരായിത്തീർന്നുകൊണ്ടിരിക്കുകയാണ്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിൽ ആ രാജ്യത്ത് അടുത്തയിടെ വർധനവുണ്ടായി എന്നതാണ് ഇതിന്റെ മുഖ്യ കാരണം. നാസൊയിഷെ നോയിയെ പ്രെസെ റിപ്പോർട്ടുചെയ്യുന്ന പ്രകാരം കുട്ടികളുടെ സംരക്ഷണത്തിനായുള്ള ജർമൻ അസോസിയേഷനിലെ ഒരു തെറാപ്പിസ്റ്റായ യൂലിയുസ് നീബെർഗാ ചില കരുതൽ നടപടികൾ നിർദേശിക്കുകയുണ്ടായി. ഉദാഹരണത്തിന്, സ്കൂളിലേക്കു പോകുന്ന വഴിക്കും തിരിച്ചുവരുന്ന വഴിക്കുമുള്ള ചില സ്ഥലങ്ങൾ—കടയോ വീടോ—മാതാപിതാക്കൾക്ക് കുട്ടികളോടു പറഞ്ഞുകൊടുക്കാൻ കഴിയും. അടിയന്തിരാവശ്യം വന്നാൽ കുട്ടികൾക്ക് ഇവിടെ സഹായം തേടാൻ കഴിയും. അപരിചിതരോട് സംസാരിക്കരുതെന്നും അപരിചിതർ തങ്ങളെ തൊടാൻ അനുവദിക്കരുതെന്നും കുട്ടികളെ പഠിപ്പിക്കണം. മുതിർന്നവരോടും “ഇല്ല എന്നു പറയാൻ തങ്ങൾക്ക് അനുവാദമുണ്ടെന്ന് കുട്ടികൾ മനസ്സിലാക്കേണ്ടതുണ്ട്” എന്ന് നീബെർഗാ തറപ്പിച്ചുപറഞ്ഞു. പ്രത്യേകിച്ചും ഒരാൾ തട്ടിയെടുക്കുമെന്ന് ഭീഷണിയുള്ളപ്പോൾ കുട്ടികൾ മറ്റു മുതിർന്നവരോട് സഹായത്തിനായി അപേക്ഷിക്കേണ്ടതുണ്ട്. “ദയവായി എന്നെ സഹായിക്കൂ. എനിക്ക് ഈ മനുഷ്യനെ പേടിയാണ്” എന്നു പറയാൻ അവരെ പഠിപ്പിക്കാൻ കഴിയും.
അക്രമാസക്തരായ യാത്രക്കാർ
കോപാക്രാന്തരായ യാത്രക്കാരുടെ അക്രമാസക്തമായ പെരുമാറ്റം കുതിച്ചുയർന്നിരിക്കുന്നതായി വാണിജ്യ എയർലൈനുകൾ റിപ്പോർട്ടു ചെയ്യുന്നു. ഫ്ളൈറ്റുകൾ താമസിച്ചുവരുകയും ലഗേജ് നഷ്ടപ്പെടുകയും ചെയ്യുമ്പോൾ പരിഭ്രാന്തരാകുന്ന യാത്രക്കാർ “ഫ്ളൈറ്റ് അറ്റെൻഡന്റുമാരെ തുപ്പുകയും ഭക്ഷണ ട്രേകൾ വലിച്ചെറിയുകയും ചിലപ്പോൾ ജോലിക്കാരെ അടിക്കുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ അവർ പൈലറ്റുമാരെ പോലും ആക്രമിക്കുന്നു” എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളിൽ സംഭവിക്കുന്ന അത്തരം ആക്രമണങ്ങളെക്കുറിച്ച് അധികാരികൾ വിശേഷിച്ചും ഉത്കണ്ഠയുള്ളവരാണ്. എന്തുകൊണ്ടെന്നാൽ അതുമതി വിമാനം തകരാൻ. വാക്കാലോ ശാരീരികമായോ ഉള്ള ആക്രമണത്തിന്റെ 100-ഓളം കേസുകൾ ഒരു എയർലൈൻ മാസംതോറും റിപ്പോർട്ടു ചെയ്യുന്നു. “കലഹക്കാരായ യാത്രക്കാരിൽ ഇരുലിംഗത്തിലുംപെട്ട വ്യത്യസ്ത നിറങ്ങളിലും പ്രായത്തിലുമുള്ള ആളുകൾ ഉൾപ്പെടുന്നു. ഇക്കോണമി ക്ലാസ്സിലും ബിസിനസ് ക്ലാസ്സിലും ഫസ്റ്റ് ക്ലാസ്സിലും അവരുടെ പ്രവർത്തനം ഒരുപോലെ നിന്ദ്യമാണ്. ഏതാണ്ട് മൂന്നിലൊരാൾ വീതം മദ്യപിച്ചിരുന്നു,” ടൈംസ് പറയുന്നു.
പെൺകുട്ടികളുടെ അംഗച്ഛേദനം തുടരുന്നു
പെൺകുട്ടികളുടെ ജനനേന്ദ്രിയച്ഛേദനം (എഫ്ജിഎം) പല രാജ്യങ്ങളിലും, പ്രത്യേകിച്ച് ആഫ്രിക്കയിൽ, ഒരു പ്രശ്നമായി തുടരുകയാണെന്ന് ഐക്യരാഷ്ട്രങ്ങൾ പ്രസിദ്ധീകരിച്ച ഒരു വാർഷിക റിപ്പോർട്ടായ ദ പ്രോഗ്രസ് ഓഫ് നേഷൻസ് 1996 പറയുന്നു. ഈ മൃഗീയ നടപടിക്കെതിരെ പല രാജ്യങ്ങളും നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ടെങ്കിലും പ്രതിവർഷം 20 ലക്ഷത്തോളം പെൺകുട്ടികൾ അംഗച്ഛേദനം ചെയ്യപ്പെടുന്നു. അംഗച്ഛേദനത്തിന് ഇരയാകുന്നത് കൂടുതലും 4-നും 12-നും ഇടയ്ക്കു പ്രായമുള്ളവരാണ്. “ഭയം, വേദന തുടങ്ങിയ തത്ക്ഷണ ഭവിഷ്യത്തുകൾക്കു പുറമേ നീണ്ടുനിൽക്കുന്ന രക്തസ്രാവം, രോഗബാധ, വന്ധ്യത, മരണം തുടങ്ങിയ മറ്റു ഭവിഷ്യത്തുകളും ഉണ്ടാകാവുന്നതാണ്” എന്ന് ആ റിപ്പോർട്ടു പറയുന്നു. (എഫ്ജിഎം-നെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി 1993 ഏപ്രിൽ 8 ലക്കം ഉണരുക!യുടെ 20-3 പേജുകൾ കാണുക.)
അപസ്മാര രോഗികൾക്ക് ശ്വാന സഹായം
രോഗമൂർച്ഛയുണ്ടാകാൻ പോകുന്നതായി അപസ്മാര രോഗികൾക്കു മുന്നറിയിപ്പു കൊടുക്കുന്നതിന് ഇംഗ്ലണ്ടിൽ നായ്ക്കളെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രോഗിക്ക് തയ്യാറെടുക്കാനാവശ്യമായ സമയം നൽകുന്നുവെന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടുചെയ്യുന്നു. “അപസ്മാര മൂർച്ഛയുടെ സമയത്ത് കുരച്ചതിന് നായയ്ക്കു പ്രതിഫലം കൊടുക്കുമ്പോൾ അത് രോഗമൂർച്ഛയ്ക്കു തൊട്ടുമുമ്പ് രോഗി പ്രകടിപ്പിക്കുന്ന സൂചനകളോടും ലക്ഷണങ്ങളോടും ഇണങ്ങുന്നു. അപ്രകാരം പ്രതികരിച്ചാൽ പ്രതിഫലം ലഭിക്കുമെന്നറിയുമ്പോൾ നായ് അത്തരം സൂചനകളോട് സൂക്ഷ്മമായ സംവേദനക്ഷമതയുള്ളവനാകുന്നു” എന്ന് അവശരായവർക്കുവേണ്ടി നായ്ക്കളെ പരിശീലിപ്പിക്കുന്ന ഒരു ധർമസ്ഥാപനത്തിന്റെ മാനേജർ വിശദീകരിക്കുന്നു.
ജപ്പാനിൽ പുതിയ മനോഭാവങ്ങൾ
ജപ്പാനിലെ യുവജന ഇൻസ്റ്റിറ്റ്യൂട്ട് അടുത്തയിടെ അവിടുത്തെ 1,000 ഹൈസ്കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സർവേ നടത്തിയതായി ദ ഡെയ്ലി യോമിയൂരി റിപ്പോർട്ടു ചെയ്യുന്നു. വിദ്യാർഥികളുടെ 65.2 ശതമാനം ക്ലാസ്സുകൾ മുടക്കുന്നതിൽ യാതൊരു തെറ്റും കാണുന്നില്ലാത്തതായി സർവേ വെളിപ്പെടുത്തി. അധ്യാപകരോട് അനുസരണക്കേടു കാണിക്കുന്നതു സംബന്ധിച്ച് 80 ശതമാനത്തോളം പേർക്ക് അങ്ങനെതന്നെയാണ് തോന്നുന്നത്. വിദ്യാർഥികളുടെ ഏതാണ്ട് 85 ശതമാനം മാതാപിതാക്കളോടുള്ള അനുസരണക്കേടിനെ കാര്യമായി കണക്കാക്കുന്നില്ല. പെൺകുട്ടികളുടെ 25.3 ശതമാനം സ്കൂൾ പ്രായത്തിൽ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പിൽ ഉൾപ്പെട്ടിരിക്കേണ്ട ഒരു കാര്യമാണെന്നു വിചാരിക്കുന്നതായി അതേ സർവേ വെളിപ്പെടുത്തിയെന്ന് ദ ഡെയ്ലി യോമിയൂരി പറയുന്നു.
അപകടകരമായ ഡ്രൈവിങ് ശീലങ്ങൾ
● “ബ്രസീലിലെ വാഹനാപകട മരണങ്ങളുടെ അമ്പതു ശതമാനത്തിനു കാരണം മദ്യപാനമാണ്” എന്ന് ബ്രസീലിലെ കുരിറ്റിബയിലെ വർത്തമാനപത്രമായ ഗാസെറ്റ ഡോ പോവൂ പ്രസ്താവിക്കുന്നു. മദ്യപിച്ചു വണ്ടിയോടിക്കൽ “പ്രതിവർഷം 26,000-ത്തിലധികം മരണങ്ങൾക്ക്” ഇടയാക്കുന്നു. ഈ അപകടങ്ങളിൽ “അധികവും സംഭവിക്കുന്നത് ഹ്രസ്വദൂര യാത്രകളിലും നല്ല കാലാവസ്ഥയിലുമാണ്.” മദ്യപിച്ചിരിക്കുന്ന ഡ്രൈവർക്ക് നല്ല ആത്മവിശ്വാസം തോന്നിയേക്കാമെങ്കിലും അയാൾക്ക് പെട്ടെന്നു പ്രതികരിക്കാനുള്ള കഴിവ് കുറവായിരിക്കും. അങ്ങനെ അയാൾ തന്റെയും റോഡിലുള്ള മറ്റുള്ളവരുടെയും സുരക്ഷിതത്വം അപകടത്തിലാക്കുന്നു. മദ്യത്തിന്റെ സ്വാധീനമുള്ളപ്പോൾ അപ്രതീക്ഷിത സാഹചര്യങ്ങളെ കൈകാര്യം ചെയ്യുക ബുദ്ധിമുട്ടാണെന്ന്, അസാധ്യം പോലുമാണെന്ന്, പരിശോധനകൾ കാണിക്കുന്നു. പത്രം പറയുന്നതനുസരിച്ച്, ഉപാപചയ പ്രവർത്തനത്തിലൂടെ മദ്യം ശരീരത്തിൽനിന്നു നീക്കംചെയ്യപ്പെടാൻ ആറുമുതൽ എട്ടുവരെ മണിക്കൂറെടുത്തേക്കാം. കടുപ്പത്തിലുള്ള കാപ്പിയോ തണുത്ത വെള്ളത്തിലുള്ള കുളിയോ മദ്യപിച്ചിരിക്കുന്ന ഡ്രൈവറെ സുരക്ഷിതമായി വണ്ടിയോടിക്കാൻ സഹായിക്കുകയില്ല.
● ഒരു സാധാരണ മോട്ടോർവാഹന ഡ്രൈവർ ആഴ്ചയിൽ 50 ഗുരുതരമായ പിഴവുകൾ വരുത്തുന്നുവെന്ന് ഒരു ബ്രിട്ടീഷ് സർവേ കാണിക്കുന്നു. സർവേ ചെയ്യപ്പെട്ട 300 ഡ്രൈവർമാരും തങ്ങളുടെ 98 ശതമാനം യാത്രകളിലും ഒരിക്കലെങ്കിലും അശ്രദ്ധ കാട്ടിയതായി സമ്മതിച്ചുപറഞ്ഞുവെന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. രണ്ടിലൊന്നു യാത്രകളിൽവീതം അവർ കോപിഷ്ഠരായിരുന്നു. മിക്ക ഡ്രൈവർമാരുടെയും കാര്യത്തിൽ അപകടകരമായ സംഗതി വേഗതയാണ്, തങ്ങൾ അപകടത്തിലകപ്പെട്ടതായി പകുതിയിലേറെ പേർ പറയുകയും ചെയ്തു. വണ്ടിയോടിക്കുമ്പോൾ കാർ ഫോണുപയോഗിക്കുന്ന ഡ്രൈവർമാർക്ക് അപകടത്തിലകപ്പെടാൻ നാലിരട്ടി സാധ്യതയുള്ളതായി കാനഡയിലെ ടൊറൊന്റോയിൽ നടന്ന ഗവേഷണം സൂചിപ്പിക്കുന്നു. ഫോണിൽ സംസാരം തുടങ്ങി ആദ്യത്തെ പത്തു മിനിറ്റിനുള്ളിലാണ് അപകടമുണ്ടാകാൻ ഏറ്റവും സാധ്യത. സാധ്യതയനുസരിച്ച് ഇതിന്റെ കാരണം ഡ്രൈവറുടെ ശ്രദ്ധ മാറുന്നതും അതിനാൽ പെട്ടെന്നു പ്രതികരിക്കാൻ കഴിയാതെ വരുന്നതുമാണ്.
പാചകം—നാമാവശേഷമാകുന്ന ഒരു കലയോ?
പാചക കല നാമാവശേഷമായേക്കാമെന്ന് ഓസ്ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്ലാൻഡിൽ നടത്തിയ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള 12 മാസക്കാലത്തെ ഒരു പഠനം സൂചിപ്പിക്കുന്നു. 25 വയസ്സിൽ താഴെയുള്ള മിക്കവർക്കും തങ്ങൾക്കുവേണ്ട ആഹാരമുണ്ടാക്കാനറിയില്ലെന്ന് ദ കൊരിയർ മെയ്ൽ റിപ്പോർട്ടു ചെയ്യുന്നു. പഴയകാലത്ത് യുവജനങ്ങൾ—പ്രത്യേകിച്ചും പെൺകുട്ടികൾ—വീട്ടിൽ തങ്ങളുടെ അമ്മമാരിൽനിന്നോ സ്കൂളിൽനിന്നോ പാചകംചെയ്യാൻ പഠിക്കുമായിരുന്നുവെന്ന് ആ പഠനം നടത്തിയ പൊതുജനാരോഗ്യ ലെക്ചററായ മാർഗരറ്റ് വിംഗെറ്റ് പറഞ്ഞു. എന്നാൽ ഇപ്പോൾ പെൺകുട്ടികളുൾപ്പെടെ മിക്ക യുവജനങ്ങൾക്കും പാചകംചെയ്യാനറിയില്ലാത്തതായി തോന്നുന്നു, അവർക്ക് പഠിക്കാനൊട്ടു താത്പര്യവുമില്ല. മുൻകൂട്ടി പായ്ക്കുചെയ്തതോ പെട്ടെന്നുണ്ടാക്കാവുന്നതോ ആയ ആഹാരമാണ് പലർക്കുമിഷ്ടം. അത്തരം ഭക്ഷണശീലങ്ങൾ രക്താതിസമ്മർദത്തിന്റെയും പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയും വർധനവിനിടയാക്കാമെന്ന് ചിലർ വിചാരിക്കുന്നു.
റേഡിയോ ആക്ടീവതയുള്ള കെട്ടിടങ്ങൾ
ഏഷ്യാവീക്ക് മാഗസിൻ പറയുന്നതനുസരിച്ച് വടക്കൻ തായ്വാനിലെ “മൊത്തം 1,249 അപ്പാർട്ട്മെന്റുകളുള്ള 105 കെട്ടിടങ്ങൾ” റേഡിയോ ആക്ടീവതയാൽ “മലീമസമാണ്.” ഒരു ഊർജോത്പാദന കമ്പനിയിലെ ജോലിക്കാരനാണ് ഇതു കണ്ടുപിടിച്ചത്. അദ്ദേഹം റേഡിയേഷൻ മോണിറ്റർ പ്രവർത്തിക്കുന്ന വിധം മകനു കാണിച്ചുകൊടുക്കുകയായിരുന്നു. അടുക്കളയിലെ റീഡിങ് എടുത്തപ്പോൾ സൂചകം അപകട മേഖലയിലേക്കു ചാടുന്നതു കണ്ട് അയാൾ ഞെട്ടിപ്പോയി. കൂടുതലായ പരിശോധനയിൽ ആ അപ്പാർട്ട്മെൻറ് കെട്ടിടവും മറ്റു കെട്ടിടങ്ങളും മലീമസമാണെന്നു സ്ഥിരീകരിക്കപ്പെട്ടു. കെട്ടിട ഭിത്തികളിൽ ബലത്തിനായി സ്ഥാപിച്ചിരിക്കുന്ന ഉരുക്കു കമ്പികളിൽ നിന്നാണ് അണുപ്രസരണം ഉണ്ടാകുന്നതെന്ന് പരിശോധനകൾ പ്രകടമാക്കി. ഉരുക്ക് റേഡിയോ ആക്ടീവതയുള്ളതായിത്തീർന്നതെങ്ങനെ എന്ന കാര്യത്തിൽ അധികൃതർക്കു ഭിന്നാഭിപ്രായങ്ങളാണുള്ളത്.
മോഷണത്തിനെതിരെ ഉയർന്ന സാങ്കേതികവിദ്യയിലുള്ള ഉപകരണങ്ങൾ
രഹസ്യ സന്ദേശങ്ങൾ അയയ്ക്കുന്നതിന് ഒരുകാലത്ത് ചാരൻമാർ ഉപയോഗിച്ചിരുന്ന മൈക്രോഡോട്ട് ബ്രിട്ടനിൽ ഭവനഭേദനം തടയുന്നതിന് ഉപയോഗിച്ചുവരുന്നു. ഒരു പൂർണവിരാമ ചിഹ്നത്തെക്കാൾ ഒട്ടും വലുതല്ലാത്ത ഡോട്ടുകൾ വീട്ടുകാരന്റെ തപാൽ കോഡ് 60-ഓ 70-ഓ തവണ ഉൾക്കൊള്ളുന്നു. കള്ളൻമാരെ ആകർഷിക്കുന്ന സാധനങ്ങൾ അടയാളപ്പെടുത്താൻ അവയുപയോഗിക്കാവുന്നതാണ്. ഈ ഡോട്ടുകൾ “നെയിൽപോളീഷിന്റെ കുപ്പിപോലുള്ള ഒരു കുപ്പിയിൽ ശക്തികൂടിയ പശയോടൊപ്പമാണ് കിട്ടുന്നത്, കൂട്ടത്തിൽ ഒരു ബ്രഷും കാണും. ഓരോ കുപ്പിയിലും 1,000 മൈക്രോഡോട്ടുകൾ വരെ കാണും. ഒരാൾക്ക് അതു വാങ്ങി തന്റെ സാധനങ്ങളുടെ പുറത്ത് ഇഷ്ടംപോലെ അൽപ്പമോ ഏറെയോ തേച്ചുപിടിപ്പിക്കാൻ കഴിയും” എന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടുചെയ്യുന്നു. എളുപ്പത്തിൽ കാണാവുന്ന ഒരു ലേബൽ മോഷ്ടാവിന് മുന്നറിയിപ്പുകൊടുക്കുന്നു. ഒളിഞ്ഞിരിക്കുന്ന എല്ലാ ഡോട്ടുകളും നീക്കംചെയ്തെന്ന് അയാൾക്ക് ഒരിക്കലും ഉറപ്പുണ്ടായിരിക്കാൻ കഴിയില്ല. അതുപോലെതന്നെ, വിയറ്റ്നാം യുദ്ധസമയത്ത് മരിച്ചവരും പരിക്കേറ്റവരുമായ യുദ്ധവിമാന പൈലറ്റുമാരെ തിരിച്ചറിയുന്നതിന് വികസിപ്പിച്ചെടുത്ത ഒരു കംപ്യൂട്ടർ ചിപ്പ് ഇപ്പോൾ ചിത്രങ്ങളും കൊത്തുപണികളും ഫർണിച്ചറും തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ഒരു നെന്മണിയുടെ അത്രയും മാത്രം വലുപ്പമുള്ള ചിപ്പ് ഏതെങ്കിലും സാധനത്തിനുള്ളിലേക്കു കടത്തിവെച്ചാൽ കണ്ണിൽ പെടുകയില്ല. ചരിത്രം, വിശദാംശം, ഉടമസ്ഥന്റെ പേര് എന്നിവ അതുൾക്കൊള്ളുന്നു. ഒരു സ്കാനറിന് ആ വിശദാംശങ്ങൾ വായിച്ചെടുക്കാൻ കഴിയും. കുറ്റവാളികളുടെ പക്കൽനിന്നു കണ്ടെത്തുന്ന സാധനങ്ങളുടെ ശരിയായ ഉടമസ്ഥരെ കണ്ടുപിടിക്കുന്നതിന് ഈ വിവരം സഹായിക്കുമെന്ന് ദ ടൈംസ് പറയുന്നു.