യുവജനങ്ങൾ ചോദിക്കുന്നു. . .
എയ്ഡ്സ് ബാധിക്കുന്നത് എനിക്കെങ്ങനെ ഒഴിവാക്കാം?
“ഇതു സംഭവിക്കാൻ ഞാൻ അനുവദിച്ചത് എന്നെ കുപിതയാക്കുന്നു” എന്നു കെയ് പറയുന്നു. “ഞാൻ എടുത്ത തിരഞ്ഞെടുപ്പുകൾ, ഭാവിയിൽ എനിക്കു സ്വീകരിക്കാൻ കഴിയുമായിരുന്ന തിരഞ്ഞെടുപ്പുകൾക്കുള്ള അവസരങ്ങളെ നഷ്ടമാക്കി.” (ന്യൂസ്വീക്ക് മാഗസിൻ, 1992 ഓഗസ്ററ് 3) പതിനെട്ടാമത്തെ വയസ്സിൽ കെയ്ക്ക് എയ്ഡ്സ് വൈറസ് പിടിപെട്ടു.
ഐക്യനാടുകളിൽ മാരകമായ എച്ച്ഐവി (ഹ്യൂമൻ ഇമ്യൂണോഡിഫിഷൻസി വൈറസ്) ബാധിച്ച പത്തുലക്ഷത്തിലധികം പേരിൽ കേവലം ഒരാളാണ് കെയ്. ഈ വൈറസാണു ഭീതിതമായ എയ്ഡ്സ്a രോഗം വരുത്തുന്നതെന്നു ഡോക്ടർമാർ പറയുന്നു. യുവജനങ്ങളിൽ എത്ര പേർ അണുബാധിതരാണെന്നു വാസ്തവത്തിൽ കൃത്യമായി ആർക്കും അറിയില്ല, പക്ഷേ യുവജനങ്ങൾ ഉത്കണ്ഠാകുലരാണെന്നതു സ്പഷ്ടം. ബ്രിട്ടനിലെ യുവജനങ്ങളുടെ ഇടയിൽ എയ്ഡ്സ് രോഗമാണ് ഏററവും വലിയ ഉത്കണ്ഠയ്ക്കു കാരണമായിരിക്കുന്നതെന്ന് ഒരു സർവേ വെളിപ്പെടുത്തി. അത്തരം ഉത്കണ്ഠ ഉണ്ടായിരുന്നിട്ടും, “എച്ച്ഐവി പിടിപെടുന്നതിന്റെ അപകടസാധ്യതയുള്ള നടപടികളിൽ കൗമാരപ്രായത്തിലുള്ള പലരും തുടർന്നും ഏർപ്പെടുന്നു” എന്നു യു.എസ്. രോഗനിയന്ത്രണകേന്ദ്രങ്ങൾ പറയുന്നു.
എയ്ഡ്സ് എപ്പോഴും മാരകമാണ്, അതു ലോകമെമ്പാടും വ്യാപകമായ നിരക്കുകളിൽ വ്യാപിക്കുകയാണ്. നിങ്ങൾക്കു സ്വയം എങ്ങനെ സംരക്ഷിക്കാനാവും?
എയ്ഡ്സ്—സങ്കല്പത്തെ വസ്തുതയിൽനിന്നു വേർപെടുത്തൽ
“എച്ച്ഐവി അണുബാധ ‘വെറുതെയങ്ങ് ഉണ്ടാകുന്നില്ല.’ ജലദോഷമോ ജ്വരമോ പോലെ നിങ്ങൾക്ക് അതു ‘പിടിപെടില്ല’” എന്നു രോഗനിയന്ത്രണത്തിനായുള്ള യു.എസ്. കേന്ദ്രങ്ങൾ തയ്യാറാക്കിയ ഒരു ചെറുപുസ്തകം വിശദീകരിക്കുന്നു. അതുകൊണ്ട് എയ്ഡ്സ് രോഗികളുമായുള്ള സാധാരണ അനുദിന സമ്പർക്കം അപകടകരമാണെന്നു തോന്നുന്നില്ല. രോഗം ബാധിച്ച ഒരു സഹപാഠിയുടെ അടുത്ത് ഇരിക്കുന്നതുകൊണ്ടു മാത്രം അവനിൽനിന്നോ അവളിൽനിന്നോ രോഗം പിടിപെടുമെന്നതു സംബന്ധിച്ചു നിങ്ങൾ ഉത്കണ്ഠപ്പെടേണ്ടതില്ല. എച്ച്ഐവി അണുക്കൾ വായുവിൽ കൂടി പകരുന്ന ഒരു വൈറസല്ല, അതുകൊണ്ട് ഒരു എയ്ഡ്സ് രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താൽ നിങ്ങൾ ഉത്കണ്ഠപ്പെടേണ്ടതില്ല. വാസ്തവത്തിൽ, തോർത്തുകളും ഭക്ഷണം കഴിക്കുന്ന പാത്രങ്ങളും പല്ലു തേയ്ക്കുന്ന ബ്രഷുകളും പരസ്പരം മാറി ഉപയോഗിച്ചിട്ടും എയ്ഡ്സ് രോഗികളുടെ കുടുംബാംഗങ്ങൾക്കു വൈറസ്b പകരാതിരുന്നിട്ടുണ്ട്.
ഒരു വ്യക്തിയുടെ രക്തത്തിലോ ബീജത്തിലോ യോനീസ്രവങ്ങളിലോ ആണു മാരകമായ ഈ വൈറസ് സ്ഥിതി ചെയ്യുന്നത് എന്നതാണ് ഇതിന്റെ കാരണം. അപ്പോൾ മിക്ക കേസുകളിലും, സ്വവർഗരതിയാകട്ടെ സ്വാഭാവികരതിയാകട്ടെ ലൈംഗിക ബന്ധത്തിലൂടെയാണ് എയ്ഡ്സ് പകരുന്നത്.c മയക്കുമരുന്നു കുത്തിവയ്ക്കുന്നതിന് എച്ച്ഐവിd ബാധിച്ച ആരെങ്കിലുമായി സൂചികളോ സിറിഞ്ചുകളോ പങ്കുവച്ചതു നിമിത്തവും അനവധി പേർക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട്. സൂക്ഷ്മമായ അരിച്ചുമാററൽ (screening) മുഖാന്തരം അപായസാധ്യത “പ്രായോഗികമായി നിർമാർജനം ചെയ്തിരിക്കുന്നു” എന്നു ഡോക്ടർമാർ അവകാശപ്പെടുന്നുണ്ടെങ്കിലും രക്തപ്പകർച്ചകളിലൂടെ എയ്ഡ്സ് രോഗം പകരാം.
വിവാഹത്തിനു മുമ്പത്തെ ലൈംഗികതയിൽ ഏർപ്പെടുകയോ കുത്തിവച്ച നിയമവിരുദ്ധ മയക്കുമരുന്നുകൾക്കൊണ്ടു പരീക്ഷണം നടത്തുകയോ ചെയ്യുന്ന ഏതൊരാൾക്കും എയ്ഡ്സ് രോഗബാധയുടെ ഉയർന്ന അപകടസാധ്യതയുണ്ട്. രോഗബാധയുണ്ടായിരിക്കാൻ സാധ്യതയുള്ള ഒരു ലൈംഗിക പങ്കാളിയെ കണ്ടാൽ രോഗിയാണെന്നു തോന്നാതിരിക്കാമെന്നതു സത്യം തന്നെ. സ്വമേധയായുള്ള എച്ച്ഐവി ഉപദേശവും പരിശോധനയും: വസ്തുതകൾ, വിവാദങ്ങൾ, ഉത്തരങ്ങൾ [ഇംഗ്ലീഷ്] എന്ന ചെറുപുസ്തകം ഇപ്രകാരം അനുസ്മരിപ്പിക്കുന്നു: “ആരെയെങ്കിലും നോക്കി അവന് അല്ലെങ്കിൽ അവൾക്ക് എച്ച്ഐവി അണുബാധയുണ്ടോയെന്നു നിങ്ങൾക്കു പറയാനാവില്ല. കണ്ടാൽ പൂർണ ആരോഗ്യവാനെന്നു തോന്നിയാലും ആ വ്യക്തിക്കു രോഗബാധയുണ്ടായിരിക്കാം. അതുകൊണ്ട് എച്ച്ഐവി അണുബാധയുള്ള മിക്ക ആളുകൾക്കും അത് അറിയില്ല.”
“സുരക്ഷിത ലൈംഗികത”?
അതുകൊണ്ട് ഒട്ടനവധി ആരോഗ്യരക്ഷാപ്രവർത്തകരും ഉപദേഷ്ടാക്കളും ഗർഭനിരോധന ഉറകളുടെe ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഈ ഗർഭനിരോധന ഉപാധിയുടെ ഉപയോഗം ലൈംഗികതയെ “സുരക്ഷിത”മാക്കുന്നു അല്ലെങ്കിൽ ചുരുങ്ങിയപക്ഷം “ഏറെ സുരക്ഷിത”മാക്കുന്നു എന്ന സന്ദേശത്തെ ടിവി പരസ്യങ്ങൾ, പരസ്യബോർഡുകൾ, സ്കൂൾ പ്രസംഗങ്ങൾ തുടങ്ങിയവ വ്യാപിപ്പിച്ചിരിക്കുന്നു. ചില സ്കൂളുകൾ വിദ്യാർഥികൾക്കു ഗർഭനിരോധന ഉറകൾ വിതരണം ചെയ്യുകപോലും ചെയ്തിട്ടുണ്ട്. അത്തരം പ്രചരണത്താൽ ഉത്തേജിതരായി മുമ്പന്നെത്തേതിലും അധികം യുവജനങ്ങൾ ഇപ്പോൾ അവ ഉപയോഗിച്ചുവരുന്നു.
അങ്ങനെയാണെങ്കിൽപ്പോലും “സുരക്ഷിത ലൈംഗികത” എത്രത്തോളം സുരക്ഷിതമാണ്? “ഗർഭനിരോധന ഉറകൾക്കു രോഗബാധ ഒഴിവാക്കാനുള്ള നിങ്ങളുടെ സാധ്യതകളെ വർധിപ്പിക്കാൻ കഴിയും” എന്ന് അമേരിക്കൻ റെഡ് ക്രോസ്സിന്റെ ഒരു ലഘുപത്രിക പറയുന്നു. സദാ മാരകമെന്നു തെളിയുന്ന ഒരു രോഗത്തെ ഒഴിവാക്കാനുള്ള ‘നിങ്ങളുടെ സാധ്യതകളെ വർധിപ്പിക്കുക’ മാത്രം ചെയ്താൽ നിങ്ങൾക്കു സുരക്ഷിതത്വം തോന്നുമോ? “ലാറെറക്സ് ഗർഭനിരോധന ഉറകൾ എച്ച്ഐവി അണുബാധയും മററു ലൈംഗികജന്യ രോഗങ്ങളും തടയാൻ സഹായിക്കുന്നതായി കണ്ടിട്ടുണ്ട് . . . എന്നാൽ അവ കുററമററതല്ല” എന്നു യു.എസ്. രോഗനിയന്ത്രണകേന്ദ്രങ്ങൾ സമ്മതിച്ചു പറയുന്നു. തീർച്ചയായും, സംഭോഗസമയത്ത് അവ പൊട്ടുകയോ കീറുകയോ ഊരിപ്പോകുകയോ ചെയ്യാം. ടൈം പറയും പ്രകാരം “ഉറകൾക്ക് 10%-ത്തിനും 15%-ത്തിനും ഇടയ്ക്കു പരാജയനിരക്ക് ഉണ്ടായിരിക്കാൻ കഴിയും”! അത്തരം പരാജയസാധ്യതകളിൽ നിങ്ങൾ സ്വന്തം ജീവനെ അപകടപ്പെടുത്തുമോ? ഐക്യനാടുകളിൽ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്ന യുവജനങ്ങളിൽ ഏതാണ്ടു പകുതി പേർ ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നുവെന്നതു കാര്യങ്ങളെ ഏറെ വഷളാക്കുന്നു.
അതുകൊണ്ട്, “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു” എന്ന സദൃശവാക്യങ്ങൾ 22:3-ലെ ബുദ്ധ്യുപദേശം സന്ദർഭോചിതമാണ്. എയ്ഡ്സ് പിടിപെടുന്നത് ഒഴിവാക്കുന്നതിനുള്ള ഉത്തമമായ മാർഗങ്ങളിലൊന്ന് മയക്കുമരുന്നു ദുരുപയോഗത്തിൽനിന്നും അധാർമിക ലൈംഗികതയിൽനിന്നും പൂർണമായി ഒഴിഞ്ഞിരിക്കുക എന്നതാണ്. പറയാനെത്രയെളുപ്പം എന്നു നിങ്ങൾക്കു തോന്നുന്നുണ്ടാകും? യുവജനങ്ങൾ നേരിടുന്ന വമ്പിച്ച സമ്മർദങ്ങളുടെ കാഴ്ചപ്പാടിൽ വിശേഷാൽ ഒട്ടനവധി പേർ അങ്ങനെ വിചാരിക്കുന്നു.
സമ്മർദങ്ങൾ
“നവയൗവന” നാളുകളിൽ ലൈംഗിക മോഹങ്ങൾ തീവ്രമാണ്. (1 കൊരിന്ത്യർ 7:36, NW) ഇപ്പോൾ ടെലിവിഷനും ചലച്ചിത്രങ്ങൾക്കുമുള്ള സ്വാധീനവും കൂടിയാകുമ്പോൾ പറയുകയും വേണ്ട. ചില പഠനങ്ങൾ കാണിക്കുന്ന പ്രകാരം കൗമാരപ്രായക്കാർ ദിവസവും അഞ്ചു മണിക്കൂറിലധികം ടിവി പരിപാടികൾ കാണുന്നു—അവയിലധികവും ലൈംഗികമായി തുറന്നു കാട്ടുന്നവയാണ്. എന്നാൽ ടിവിയുടെ സങ്കല്പ കഥാലോകത്തു ലൈംഗികതയ്ക്കു യാതൊരു ഭവിഷ്യത്തുകളുമില്ല. യു.എസ്. ടെലിവിഷനിൽ “വിപരീതലിംഗത്തിൽപ്പെട്ട അവിവാഹിത ഇണകൾ വിവാഹിതരായ സ്ത്രീപുരുഷൻമാരെക്കാൾ നാലു മുതൽ എട്ടു വരെ തവണ കൂടുതലായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു. മിക്കവാറുംതന്നെ ഗർഭനിരോധനോപാധികൾ ഒരിക്കൽപ്പോലും പരാമർശിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല, പക്ഷേ സ്ത്രീകൾ ഗർഭിണികളാകുന്നില്ല; വേശ്യകളോ സ്വവർഗരതിക്കാരോ അല്ലാത്തപക്ഷം സ്ത്രീപുരുഷൻമാർക്കു ലൈംഗികജന്യ രോഗങ്ങൾ പിടിപെടുന്നുമില്ല” എന്ന് ഒരു പഠനം വെളിപ്പെടുത്തി.—സെൻറർ ഫോർ പോപ്പുലേഷൻ ഓപ്ഷൻസ്.
വൻതോതിലുള്ള അത്തരം സംപ്രേക്ഷണത്തിനു യഥാർഥത്തിൽ നിങ്ങളുടെ അടിസ്ഥാന പെരുമാററരീതിയെ ബാധിക്കാൻ കഴിയുമോ? ഗലാത്യർ 6:7, 8-ലെ ബൈബിൾ തത്ത്വമനുസരിച്ച് അതിനു കഴിയും: “വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും. ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും.” “ടെലിവിഷനിലെ ‘ലൈംഗിക പരിപാടികൾ’ വർധിച്ച അളവിൽ കണ്ടവർ കുറച്ചു കണ്ടവരെക്കാൾ ലൈംഗികബന്ധങ്ങളിലേർപ്പെടാൻ കൂടുതൽ സാധ്യതയുള്ളവരായിരുന്നു” എന്നു 400 യുവജനങ്ങളിൽ നടത്തിയ ഒരു പഠനം കണ്ടെത്തി.
ശക്തമായ മറെറാരു സ്വാധീനം സമപ്രായക്കാരുടെ സമ്മർദമാണ്. “എനിക്കു യോജിച്ച ഒരു സുഹൃദ്വലയം ഞാൻ അന്വേഷിക്കുകയായിരുന്നു, എന്നാൽ അതു ദുഷ്കരമാണ്,” ഡേവിഡ് എന്നു പേരുള്ള ഒരു കൗമാരപ്രായക്കാരൻ തുറന്നു സമ്മതിച്ചു. “ഞാൻ നിരവധി തവണ തീർത്തും അനാരോഗ്യകരമായ സാഹചര്യത്തിൽ ചെന്നുപെട്ടിട്ടുണ്ട്. . . . പരിശോധനയിൽ എനിക്ക് എയ്ഡ്സ് വൈറസ് ഉണ്ടെന്നു കണ്ടെത്തി.” സമാനമായി, ബൈബിൾ കാലങ്ങളിലെ യുവജനങ്ങൾ സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തിനു പലപ്പോഴും വിധേയരായിരുന്നു. എന്നാൽ ബൈബിളിന്റെ ബുദ്ധ്യുപദേശം എന്താണ്? “മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു” എന്നു സദൃശവാക്യങ്ങളുടെ എഴുത്തുകാരൻ പറഞ്ഞു.—സദൃശവാക്യങ്ങൾ 1:10.
ഇല്ല എന്നു പറയൽ
വർജിക്കുക എന്നതു പ്രായോഗികമല്ലെന്നു “സുരക്ഷിത ലൈംഗികത”യുടെ വക്താക്കൾ വാദിക്കുന്നു. എന്നാൽ അധാർമികതയെ വച്ചുപൊറുപ്പിക്കുന്നത് എന്തെങ്കിലും പ്രയോജനത്തിൽ കലാശിക്കുമോ? “ലൈംഗികതയോടു കേവലം ഇല്ല എന്നു പറഞ്ഞ് ശുദ്ധരും നിർമലരുമായി നിലകൊള്ളുന്നതു നല്ലതാണെന്ന് അവർ ഞങ്ങളോടു പറയുന്നു. അതേസമയം, ഗർഭനിരോധന ഉറകൾ വിതരണം ചെയ്തുകൊണ്ടു പരിണതഫലങ്ങളുടെ കടുത്ത വിലയൊടുക്കാതെ സുരക്ഷിതമായ ലൈംഗികതയിൽ എങ്ങനെ ഏർപ്പെടാമെന്നും ഞങ്ങളോടു പറയുന്നു” എന്നു പ്രസ്താവിച്ചുകൊണ്ട് ഇതു യുവജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുക മാത്രമേ ചെയ്യുന്നുള്ളു എന്ന് ഒരു കൗമാരപ്രായക്കാരൻ സമ്മതിച്ചു പറയുന്നു.
അത്തരം ധാർമിക ആശയക്കുഴപ്പത്തിന്റെ ഒരു ഇരയാകാതിരിക്കുക. ബൈബിൾ പഴഞ്ചനെന്നു തോന്നിയാലും, എയ്ഡ്സ് രോഗബാധയുടെ അപകടസാധ്യതയിൽ നിങ്ങളെ ആക്കിവെക്കാൻ കഴിയുന്ന നടത്ത ഒഴിവാക്കാൻ അതു നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ‘രക്തത്തിൽനിന്ന് ഒഴിഞ്ഞിരിക്കാ’നുള്ള ബൈബിൾ കല്പന നിങ്ങൾ അനുസരിക്കുന്നപക്ഷം, രക്തപ്പകർച്ചയിലൂടെ നിങ്ങൾക്ക് എയ്ഡ്സ് പിടിപെടില്ല. (പ്രവൃത്തികൾ 15:29, NW) “മയക്കുമരുന്നാസക്തി”ക്കെതിരെയുള്ള ബൈബിളിന്റെ വിലക്കിനു ശ്രദ്ധ കൊടുക്കുക, മലീമസമായ ഒരു കുത്തിവയ്പു സൂചിയിലൂടെ രോഗബാധയുണ്ടാകുമെന്നു നിങ്ങൾക്കു ഭയപ്പെടേണ്ടി വരില്ല. (ഗലാത്യർ 5:20; വെളിപ്പാട് 21:8; ദ കിങ്ഡം ഇൻറർലീനിയർ) പ്രത്യേകിച്ച്, ലൈംഗിക ധാർമികത സംബന്ധിച്ച ബൈബിൾ സംഹിത നിങ്ങളെ സംരക്ഷിക്കും. “ദുർന്നടപ്പു വിട്ടു ഓടുവിൻ” എന്നു ബൈബിൾ കല്പിക്കുന്നു. “മനുഷ്യൻ ചെയ്യുന്ന [മററ്] ഏതു പാപവും ശരീരത്തിനു പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു.” (1 കൊരിന്ത്യർ 6:18) എയ്ഡ്സ് വിഷമസന്ധി ആ വാക്കുകളിലെ ജ്ഞാനത്തിന് അടിവരയിടുന്നു.
അധാർമികത “വിട്ടു ഓടുവാൻ” ഒരു യുവാവിന് എങ്ങനെ കഴിയും? കൂട്ടത്തോടൊപ്പം ഡേററിങ് നടത്തുക, അനുരഞ്ജനപ്പെടുത്തുന്ന സാഹചര്യങ്ങൾ (എതിർലിംഗവർഗത്തിൽപ്പെട്ട ഒരാളോടൊത്ത് ഒരു മുറിയിലോ കെട്ടിടത്തിലോ നിറുത്തിയിട്ടിരിക്കുന്ന കാറിലോ ഒററയ്ക്കായിരിക്കുന്നതു പോലുള്ള സാഹചര്യങ്ങൾ) ഒഴിവാക്കുക, സ്നേഹപ്രകടനങ്ങൾക്കു പരിധി കൽപ്പിക്കുക, ലഹരിപാനീയത്തിന്റെ ഉപയോഗത്തിൽനിന്ന് ഒഴിഞ്ഞിരിക്കുക (ലഹരിപാനീയം മിക്കപ്പോഴും നല്ല ന്യായബോധത്തെ കെടുത്തിക്കളയുന്നു), ലൈംഗികമായി ചൂടുപിടിച്ച സന്ദർഭങ്ങൾf ഉണ്ടാകുന്നെങ്കിൽ ദൃഢമായി ഇല്ല എന്നു പറയുക തുടങ്ങി പ്രായോഗികമായ ധാരാളം നിർദേശങ്ങൾ “യുവജനങ്ങൾ ചോദിക്കുന്നു . . .” എന്ന പരമ്പരയിലുള്ള ലേഖനങ്ങൾ വർഷങ്ങളിലുടനീളം പ്രദാനം ചെയ്തിട്ടുണ്ട്. ശാരീരികമായി അപായസാധ്യതയുള്ളതോ ആത്മീയമായി അപകടം ചെയ്യുന്നതോ ആയ പെരുമാററത്തിലേക്കു യാതൊരു കാര്യത്തിലും നിങ്ങളെ നിർബന്ധപൂർവം വലിച്ചിഴയ്ക്കാൻ ആരെയും അനുവദിക്കാതിരിക്കുക. (സദൃശവാക്യങ്ങൾ 5:9-14) “നിങ്ങളുടെ ജീവൻ മറെറാരു വ്യക്തിയുടെ കൈകളിൽ വെച്ചുകൊടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?,” ന്യൂസ്വീക്കിലെ ഒരു ലേഖനത്തിൽ ഉദ്ധരിക്കപ്പെട്ട എമി എന്നു പേരുള്ള ഒരു യുവതി ചോദിച്ചു. ഹൈസ്കൂൾ പഠനം പൂർത്തീകരിക്കുന്നതിനു മുമ്പ് ഒരു കൂട്ടുകാരനിൽനിന്ന് അവൾക്ക് എയ്ഡ്സ് പിടിപെട്ടു. അവൾ കൃത്യമായി ഇങ്ങനെ ചോദിച്ചു: “അവനോ അവൾക്കോ വേണ്ടി മരിക്കേണ്ടയാവശ്യമുണ്ടോ? എനിക്കു തോന്നുന്നില്ല.” (g93 9/8)
[അടിക്കുറിപ്പുകൾ]
a ഉണരുക!യുടെ 1993 ഡിസംബർ 8-ലെ ലക്കത്തിലുള്ള “യുവജനങ്ങൾ ചോദിക്കുന്നു . . . എയ്ഡ്സ്—ഞാൻ അപകടത്തിലാണോ?” എന്ന ലേഖനം കാണുക.
b “ഈ രാജ്യത്ത് എയ്ഡ്സ് കേസുകളിൽ ആദ്യത്തേതു റിപ്പോർട്ടു ചെയ്യപ്പെട്ടത് 1981-ലാണ്. ലൈംഗികമല്ലാത്ത സാധാരണ സമ്പർക്കത്തിലൂടെ എയ്ഡ്സ് പകർന്നിരുന്നെങ്കിൽ ഇപ്പോഴേക്കും നാം അറിയുമായിരുന്നു” എന്നു പറഞ്ഞുകൊണ്ട് ഐക്യനാടുകളിലെ മുൻ സർജൻ ജനറലായ ഡോ. സി. എവറററ് കൂപ്പ് സംശയവാദികൾക്കു മറുപടി കൊടുത്തു.
c അധരഭോഗവും ഗുദഭോഗവും ഇതിലുൾപ്പെടുന്നു.
d “നിങ്ങളുടെ കാതു കുത്താൻ ആഗ്രഹിക്കുന്നെങ്കിൽ . . . , പുതിയതോ അണുനശീകരണം നടത്തിയതോ ആയ ഉപകരണം ഉപയോഗിക്കുന്ന യോഗ്യതയുള്ള ഒരു വ്യക്തിയുടെ പക്കലാണു പോകുന്നതെന്ന് ഉറപ്പു വരുത്തുക. ചോദ്യങ്ങൾ ചോദിക്കാൻ നാണിക്കരുത്” എന്നു യു.എസ്. രോഗനിയന്ത്രണകേന്ദ്രങ്ങൾ മുന്നറിയിപ്പു നൽകുന്നു.
e “ഈ ഗർഭനിരോധന ഉറ പുരുഷലിംഗത്തെ മുഴുവനായും മൂടുന്ന ഒരു ആവരണമാണ്. ബീജവും രക്തവും യോനീദ്രവങ്ങളും ഒരു വ്യക്തിയിൽനിന്നു മറെറാരാളിലേക്കു കടക്കുന്നതു തടയാൻ ഒരു പ്രതിരോധകമോ ഭിത്തിയോ പോലെ വർത്തിച്ചുകൊണ്ട് അതു ലൈംഗികജന്യ രോഗങ്ങൾക്കെതിരെ സംരക്ഷണം നൽകുന്നു” എന്ന് എഫ്ഡിഎ കൺസ്യൂമർ എന്ന മാഗസിൻ വിശദീകരിക്കുന്നു.
f ഉദാഹരണത്തിന്, ഇംഗ്ലീഷ് ഉണരുക!യുടെ 1986 ഏപ്രിൽ 22; 1989 ഏപ്രിൽ 22; 1992 ഏപ്രിൽ 22 എന്നീ ലക്കങ്ങളിലെ “യുവജനങ്ങൾ ചോദിക്കുന്നു . . .” ലേഖനങ്ങൾ കാണുക.
[17-ാം പേജിലെ ചിത്രം]
ലൈംഗിക സമ്മർദത്തിനു വഴങ്ങിക്കൊടുക്കുന്നത് എയ്ഡ്സിലേക്കു നയിച്ചേക്കാം