ഞങ്ങളുടെ വായനക്കാരിൽനിന്ന്
ശരീരത്തിന്റെ മുന്നറിയിപ്പുകളെ ശ്രദ്ധിക്കൽ കഴിഞ്ഞവർഷം അണ്ഡാശയത്തകരാറുകൾ കാരണം മൂന്നുമാസത്തേക്കു ഞാൻ ആശുപത്രിയിലാക്കപ്പെട്ടു. വർഷങ്ങളോളം മുന്നറിയിപ്പുസൂചനകൾ ഉണ്ടായിരുന്നെങ്കിലും, ഞാൻ അത്ര കാര്യമാക്കിയില്ല. അവസാനം ഞാൻ ആശുപത്രിയിൽ പോകുകയും പെട്ടെന്നു ശസ്ത്രക്രിയ ആവശ്യമാണെന്നു മനസ്സിലാക്കുകയും ചെയ്തു. നിങ്ങളുടെ “ശരീരത്തിന്റെ മുന്നറിയിപ്പുകളെ ശ്രദ്ധിക്കൽ” എന്ന ലേഖനം (ഒക്ടോബർ 8, 1992) അന്നു കിട്ടിയിരുന്നെങ്കിൽ, നേരത്തേതന്നെ എനിക്ക് ഒരു ഡോക്ടറുടെ അടുത്തു പോകാനുള്ള ധൈര്യം ഉണ്ടായിരിക്കുമായിരുന്നു.
എം. യു., ജപ്പാൻ
എയർകണ്ടീഷനിംഗ് മുപ്പത്തിയഞ്ചുവർഷത്തിലധികമായി ഞാൻ എയർകണ്ടീഷണറുകൾ നന്നാക്കിക്കൊണ്ടിരിക്കുന്നതിനാൽ, “എയർകണ്ടീഷനിംഗ് നിങ്ങൾക്ക് ആവശ്യമാണോ?” എന്ന ലേഖനം (ജൂലൈ 8, 1992) എനിക്ക് ആകർഷകമായിരുന്നു. മുമ്പ് 1950-കളിൽ, എന്റെ തൊഴിൽ ഞാൻ പഠിക്കാൻ തുടങ്ങിയപ്പോൾ, ബ്രിട്ടീഷ് തെർമൽ യൂണിററ് എന്ന വിഷയം പല ദിവസങ്ങൾ പഠിക്കേണ്ടിവന്നു. നിങ്ങൾ ഈ വിഷയം വെറും ഒരു ഖണ്ഡികയിൽ വളരെ സരളവും മനസ്സിലാക്കാവുന്നതുമായ വിധത്തിൽ വിവരിച്ചു! ഈ ലേഖനം അന്നു കിട്ടിയിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു.
എ. ഡി., ഐക്യനാടുകൾ
വികലശേഖരം “വികലശേഖരം നിയന്ത്രണാതീതമാകുമ്പോൾ” എന്ന ലേഖനത്തിന് (ഓഗസ്ററ് 8, 1992) നിങ്ങൾക്കു നന്ദി. എന്റെ ജീവിതത്തിലെ 44 വർഷങ്ങളിൽ മിക്കപ്പോഴും ഞാൻ ഈ പോരാട്ടം നടത്തിക്കൊണ്ടിരിക്കയായിരുന്നു, അതുകൊണ്ടു ലഭിക്കാവുന്ന ഏതു സഹായവും ഉപയോഗിക്കാൻ എനിക്കു സാധിക്കും. ഏററം പ്രായോഗികമായ നിങ്ങളുടെ നിർദ്ദേശങ്ങൾക്കു നന്ദി.
സി. ആർ., ഐക്യനാടുകൾ
എന്റെ ഭർത്താവ് ആദ്യം ലേഖനം വായിക്കുകയും ഞങ്ങളുടെ ഭവനത്തിൽ വികലശേഖരമുള്ളതായി സൂചിപ്പിക്കുകയും ചെയ്തു! ഞങ്ങളുടെ വസന്തകാലശുചീകരണം ഈയിടെ തീർത്തിരുന്നതിനാൽ, ഞങ്ങളുടെ ഭവനം ഇതിനേക്കാൾ ഒരിക്കലും മെച്ചമായി കാണപ്പെട്ടിരുന്നില്ലെന്ന് എനിക്കു തോന്നി. അനന്തരം ലേഖനം വായിച്ചു ഗ്രഹിക്കാനുള്ള എന്റെ ഊഴം വന്നു. എന്റെ ഭവനത്തിന്റെ യഥാർത്ഥ അവസ്ഥ തിരിച്ചറിഞ്ഞപ്പോൾ ഞാൻ എത്രമാത്രം ചിരിച്ചുപോയി! നിങ്ങളുടെ ലേഖനം വികലശേഖരക്കുന്നുകൾതന്നെ നീക്കം ചെയ്യാൻ എന്നെ സഹായിച്ചു. നിങ്ങൾക്കു നന്ദി.
എസ്. സി., ഐക്യനാടുകൾ
അന്തർദ്ദേശീയ നിർമ്മാണം “നിങ്ങൾ അതു ചെയ്തേ തീരൂ” (സെപ്ററംബർ 8, 1992) എന്ന ലേഖനം കിട്ടയതിൽ ഞങ്ങൾ പുളകിതരായി. തെക്കേ അമേരിക്കയിലെ കൊളംബിയായിലുള്ള ഒരു വാച്ച് ടവർ നിർമ്മാണ പദ്ധതിയിൽ സന്നദ്ധസേവകരായി സേവിക്കുന്നതിന് എന്റെ ഭാര്യയും ഞാനും പോകുന്നതിനു വെറും ഒരാഴ്ചമുമ്പാണ് അതെത്തിയത്. ലേഖനം, ഞങ്ങൾ എന്തു പ്രതീക്ഷിക്കണം എന്നതിനെപ്പററി ‘മുമ്പേ തന്നെ എത്തിനോക്കാൻ’ അവസരം നൽകി. പോരുന്നതിനുമുമ്പായി കുടുംബക്കാർക്കും തൊഴിലുടമകൾക്കും താത്പര്യക്കാർക്കും ബൈബിൾ വിദ്യാർത്ഥികൾക്കും പല പ്രതികൾ സമർപ്പിക്കാനും ഞങ്ങൾക്കു സാധിച്ചു. ഞങ്ങൾക്കു പങ്കെടുക്കാൻ പദവിലഭിച്ചിരുന്ന വേലയേപ്പററി മെച്ചപ്പെട്ട ഒരു ഗ്രാഹ്യം ലഭിക്കാൻ ഇത് അവരെ സഹായിച്ചു.
ററി. ജി., ഐക്യനാടുകൾ
കുടുംബങ്ങൾ വളർത്തൽ “ലോകവ്യാപകമായി കുടുംബങ്ങൾ വളർത്തൽ—സ്നേഹത്തോടും ശിക്ഷണത്തോടും മാതൃകയോടും ആത്മീയ മൂല്യങ്ങളോടും കൂടെ മാതാപിതാക്കളായി വർത്തിച്ചുകൊണ്ടുതന്നെ” എന്ന ലേഖനം (ഒക്ടോബർ 8, 1992) ഒരു പുതിയ ബൈബിൾ വിദ്യാർത്ഥി എന്നനിലയിൽ എനിക്കു വലിയ പ്രോത്സാഹനമായിരുന്നു. ഞങ്ങൾ ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങിയപ്പോൾ, എന്റെ മകൻ കുസൃതി കാട്ടുകയും ഉന്മത്തനേപ്പോലെ കരയുകയും ചെയ്തിരുന്നു. എന്നാൽ ഞങ്ങളോടൊത്തു പഠിക്കുന്ന ക്രിസ്തീയ സ്ത്രീയിൽനിന്നുള്ള സഹായത്താലും നിങ്ങൾ പ്രസിദ്ധീകരിക്കുന്ന മാസികകളിൽനിന്നുള്ള പ്രോത്സാഹനത്താലും ഞാൻ ഇപ്പോൾ ഫലം കൊയ്യുകയാണ്. എന്റെ രണ്ടരവയസ്സുള്ള മകൻ ഇപ്പോൾ യോഗങ്ങൾക്ക് അടങ്ങിയിരിക്കുകമാത്രമല്ല ചെറിയ ഉത്തരങ്ങൾ പറയുകപോലും ചെയ്യുന്നു.
എം. ററി., ജപ്പാൻ
കുശുകുശുപ്പ് ഞാൻ ഒരു ഭയങ്കര കുശുകുശുപ്പുകാരൻ ആയിരുന്നു. എന്നാൽ ഒരുദിവസം സ്കൂളിൽനിന്നു വീട്ടിൽ വന്നശേഷം ഞാൻ “കുശുകുശുപ്പ്, ദ്രോഹിക്കപ്പെടുന്നത് എങ്ങനെ ഒഴിവാക്കാം” എന്ന പരമ്പര (ഏപ്രിൽ 8, 1992) വായിച്ചു. നിങ്ങളുടെ സഹായത്തോടെ ആ ദുശ്ശീലം നിർത്താൻ എനിക്കു കഴിഞ്ഞു. കുശുകുശുപ്പ് ഇത്ര ഗുരുതരമാണെന്നും അതിന് ആരുടെയെങ്കിലും സൽപ്പേരിനെ നശിപ്പിക്കാൻ കഴിയുമെന്നും ഞാൻ യഥാർത്ഥത്തിൽ അറിഞ്ഞിരുന്നില്ല. ഈ വിവരത്തിനു ഞാൻ വളരെ നന്ദിയുള്ളവനാണ്.
എഫ്. ബി., ഐക്യനാടുകൾ
ഈ ലേഖനങ്ങൾ വാസ്തവമായും എന്റെ ജോലിയെ രക്ഷിച്ചു. ഞാൻ ജോലിചെയ്തുകൊണ്ടിരുന്ന ഫാക്ടറി അടച്ചുപൂട്ടുകയാണെന്ന ഒരു കിംവദന്തി ഞാനും പരത്തി. ആ ദിവസം തീരുന്നതിനുമുമ്പ് ഞാൻ എന്റെ മേലുദ്യോഗസ്ഥന്റെ ഓഫീസിലേക്ക് വിളിക്കപ്പെട്ടു. ഞാൻ കുശുകുശുപ്പ് നടത്തുകയാണെന്നും ജോലികളുടെ ദൗർലഭ്യം നിമിത്തം ഇത്തരം കാര്യങ്ങളുടെ പ്രചരണം ആളുകളെ ഭയചകിതരാക്കുകയെ ഉള്ളു എന്നും അദ്ദേഹം പറഞ്ഞു. ഞാൻ ജോലി ചെയ്യുന്നിടത്ത് ആളുകളെ ഒഴിവാക്കാൻ ശ്രമിക്കയായിരുന്നു. എന്നെ ഒഴിവാക്കുന്നതിനുള്ള അവരുടെ ഒരു ഒഴികഴിവാണിത് എന്ന് ഞാൻ നിഗമനം ചെയ്തു. കുശുകുശുപ്പിനെ സംബന്ധിച്ച ഉണരുക! ലഭിച്ചപ്പോൾ ഞാൻ അതിനെ മുകളിൽ നിന്നുള്ള ഒരു ബുദ്ധ്യുപദേശമായി കണക്കാക്കി. ഞാൻ അത് എന്റെ മേലുദ്യോഗസ്ഥനെ കാണിക്കുകയും ഞാൻ പഠിച്ചതെന്താണെന്നും കുശുകുശുപ്പിൽ നിന്ന് ഒഴിവായി നിൽക്കുന്നതിന് എന്നാലാവതെല്ലാം ഞാൻ ചെയ്യുമെന്നും അദ്ദേഹത്തോടു പറയുകയും ചെയ്തു. അദ്ദേഹം എനിക്കു നന്ദി പറഞ്ഞു—എനിക്ക് ഇപ്പോഴും എന്റെ ജോലിയുണ്ട്.
എൽ. ജി. ഐക്യനാടുകൾ