ബൈബിളിന്റെ വീക്ഷണം
മതപരമായ എല്ലാ ആഘോഷങ്ങളും ദൈവത്തെ പ്രസാദിപ്പിക്കുന്നുവോ?
വിശ്വാസികളായ, 20,000 പേർ നഗരാങ്കണത്തിൽ ഒരു പ്രത്യേക കുർബ്ബാന ആഘോഷിക്കുന്നു. ശുശ്രൂഷ അവസാനിക്കുമ്പോൾ ഘോഷയാത്ര ആരംഭിക്കുന്നു. ആരാധകരുടെ കൂട്ടം ഇപ്പോൾ 60,000 പേരായി പെരുകുന്നു. അവർ എല്ലാവരും ബ്രസ്സീലിന്റെ പരിത്രാണക “പുണ്യവാള”നായ നോസ്സാ സാൻയോര അപർസീഡായുടെ പ്രതിമയെ പിൻതുടർന്നുകൊണ്ടു തെരുവുകളിലൂടെ പോകുന്നു. ഉച്ചക്ക്, തീർത്ഥാടകർ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നു കലാപ്രകടനം തുടങ്ങവേ പള്ളിയുടെ സമീപത്തുനിന്നു വലിയ സ്ഫോടനശബ്ദം കേൾക്കുന്നു.
ഘോഷയാത്രകളോടുകൂടിയ അത്തരം മതപരമായ ആഘോഷങ്ങൾ അനേകം ദേശങ്ങളിലും സാധാരണമാണ്. എന്നാൽ ഘോഷയാത്രകളിൽചേരാൻ ജനക്കൂട്ടത്തെ പ്രേരിപ്പിക്കുന്നതെന്താണ്? കത്തോലിക്കർക്കും ബുദ്ധമതക്കാർക്കും മററു ചില മതവിശ്വാസികൾക്കും പാരമ്പര്യവും ഭക്തിയുമാണു രണ്ട് അടിസ്ഥാന പ്രേരകങ്ങൾ. കൂടാതെ, കഴിഞ്ഞകാലങ്ങളിലേതുപോലെ വിനോദം ഒരു മുഖ്യഘടകമായിരിക്കാം. മധ്യകാലഘട്ടങ്ങളിൽ “മതപരമായ അനേകം ആഘോഷങ്ങൾ വിനോദത്തിന് ഊന്നൽ കൊടുത്തിരുന്നു. തങ്ങളുടെ ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകൾ മറക്കാൻ അവ ആളുകളെ സഹായിച്ചു” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ പ്രസ്താവിക്കുന്നു. ഇന്നും മിക്കപ്പോഴും ഇതുതന്നെ സത്യമാണ്. ഉദാഹരണമായി, ബ്രസ്സീലിലെ, സാൽവഡോർ മതപരവും ജനപ്രീതിയുള്ളതുമായ ആഘോഷങ്ങൾക്കു പ്രസിദ്ധമാണ്, അതു വസന്തമഹോത്സവത്തിൽ പാരമ്യത്തിലെത്തുന്ന വിവിധ ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ഗുപ്തവിദ്യയും വ്യത്യസ്ത ആഘോഷങ്ങളിലെ ഉല്ലാസപ്രകടനവും കൂട്ടിക്കലർത്തുന്നു. എന്നിരുന്നാലും, ചില മതപരമായ ഘോഷയാത്രകൾ ആഘോഷപരമായിരിക്കുമ്പോൾ മററു ചിലതു ഭയഭക്തിയോടെയുള്ളതാണ്.
“ചുരുക്കം ചിലർ പ്രതിമയോടും പുരോഹിതൻമാരോടും കൂടെ സഞ്ചരിച്ചുകൊണ്ടു ഒരു സ്തുതിഗീതം പാടിയപ്പോൾ മററുചിലർ നിശ്ശബ്ദരായി അനുഗമിച്ചു” എന്നു ബ്രസ്സീലിലെ ഒരു സാധാരണ ഘോഷയാത്രയിലെ ഒരു സന്ദർശകൻ പ്രസ്താവിക്കുന്നു. “എന്നാൽ ഗൗരവം അല്ലെങ്കിൽ ദുഃഖമായിരുന്നു രംഗത്തു മുന്തിനിന്നിരുന്നത്, ജനക്കൂട്ടം ഒരു ശവസംസ്കാരചടങ്ങിൽ പങ്കെടുക്കുന്നമട്ടിൽ.” “ഞാൻ ഒരിക്കൽ ചെയ്തതുപോലെ ആളുകൾ കുടുംബപ്രശ്നങ്ങൾക്ക് അല്ലെങ്കിൽ സാമ്പത്തിക പ്രശ്നങ്ങൾക്കു നിരാശയോടെ ഒരു ശമനം അഥവാ ഒരു പരിഹാരം തേടുന്നു. മിക്കപ്പോഴും പരിത്രാണക ‘പുണ്യവാള’നോടുള്ള ഭക്തിയിൽ പ്രതിമയെ മുത്തുന്നതും ഒരുവന്റെ കാൽമുട്ടിൽനടന്നു നടകൾ കയറുന്നതും അല്ലെങ്കിൽ ഒരുവൻ തലയിൽ ഒരു കല്ലുചുമന്നുകൊണ്ടു ദീർഘദൂരം നടക്കുന്നതും ഉൾപ്പെടുന്നു” എന്നു ബ്രസ്സീലിന്റെ ഉത്തരഭാഗത്തുനിന്നുള്ള ലൂസിയോ പറയുന്നു.
സ്വമേധയാ ചുമത്തുന്ന അത്തരം ത്യാഗങ്ങൾ അവിശ്വാസികൾക്കു വിചിത്രമായി തോന്നിയേക്കാം. എന്നിരുന്നാലും, പങ്കെടുക്കുന്നവർ തങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കുന്നതായി വിചാരിക്കുന്നു. എന്നാൽ അത് അങ്ങനെയാണോ? അത്തരം മതാഘോഷങ്ങളും ഘോഷയാത്രകളും ദൈവത്തെ പ്രസാദിപ്പിക്കുന്നുവോ ഇല്ലയോ എന്നു കാണാൻ ബൈബിൾ നമ്മെ സഹായിക്കുന്നു.
അവ ദൈവത്തിന്റെ അംഗീകാരം കൈവരുത്തുന്നുവോ?
പുരാതന ഇസ്രയേൽ ആഹ്ലാദത്തോടെ വാർഷികവും ആനുകാലികവുമായ പെരുന്നാളുകൾ നടത്തിയിരുന്നുവെന്നു ചരിത്രം നമ്മോടു പറയുന്നു. അത്തരം പെരുന്നാളുകൾ യഹോവയാം ദൈവത്തെ ബഹുമാനിച്ചു. (ആവർത്തനം 16:14, 15) ബൈബിൾപരമായ പെരുന്നാളുകളെക്കുറിച്ചു ദി ഇലസ്ട്രേററഡ് ബൈബിൾ ഡിക്ഷ്ണറി പറയുന്നു: “ആത്മാർത്ഥമായ സന്തോഷമായിരുന്നു പ്രകടമാക്കപ്പെട്ടത്. ദൈവത്തിന്റെ ദാനമെന്നപോലെ സങ്കല്പിക്കപ്പെട്ട ലൗകിക കാര്യങ്ങളിലുള്ള ആനന്ദം മതപ്രതിബദ്ധതയോടും പൊരുത്തപ്പെടാത്തതായിരുന്നില്ല.” മതപരമായ ആഘോഷങ്ങളുണ്ടായിരുന്നിട്ടും പുരോഹിതൻമാരും ഇസ്രയേൽ ജനവും അവരുടെ ആത്മീയതയെ അവഗണിച്ചു. (യെശയ്യാവു 1:15-17; മത്തായി 23:23) എന്നാൽ ചോദ്യം ഇതാണ്, മതപരമായ ഘോഷയാത്രകൾ ഒന്നാംനൂററാണ്ടിലെ ക്രിസ്ത്യാനിത്വത്തിന്റെ ഭാഗമായിരുന്നോ?
യേശുക്രിസ്തു ചില പ്രത്യേക യഹൂദ പെരുന്നാളുകൾ ആചരിച്ചിരുന്നുവെങ്കിലും യേശുവോ അവന്റെ അപ്പൊസ്തലൻമാരോ മതപരമായ ഘോഷയാത്രകൾക്കു തുടക്കം കുറിച്ചില്ല. “നാലാംനൂററാണ്ടിൽ കോൺസ്ററൻററയ്ൻ ക്രിസ്ത്യാനിത്വത്തെ സാമ്രാജ്യത്തിന്റെ മതമായി അംഗീകരിച്ചയുടനെയാണു ഘോഷയാത്രകൾ പ്രചാരത്തിലേക്കു വന്നതെന്നു കാണപ്പെടുന്നു” എന്നു ദി എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്ക പറയുന്നു. “പള്ളിപ്പെരുന്നാളുകൾ (അവയുടെ ഘോഷയാത്രകളോടൊപ്പം) അനേകം പുറജാതി സമ്പ്രദായങ്ങൾ ഏറെറടുക്കുകയും അവയ്ക്കു പുതിയ അർത്ഥങ്ങൾ കൊടുക്കുകയും ചെയ്തു.” എന്നു ദ വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ പറയുന്നു.
ക്രിസ്ത്യാനികൾ അത്തരം മതപരമായ ഉത്സവങ്ങളിലും ഘോഷയാത്രകളിലും പങ്കുചേരാനുള്ള കടപ്പാടിൻകീഴിലല്ല. പുരാതന ഇസ്രയേലിനുവേണ്ടിയുള്ള ദൈവത്തിന്റെ ന്യായപ്രമാണം നിഷ്ക്കർഷിച്ച ഉത്സവങ്ങളെ പരാമർശിച്ചുകൊണ്ട് അപ്പൊസ്തലനായ പൗലോസ് എഴുതി: “അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം [യഥാർത്ഥം, NW] എന്നതോ ക്രിസ്തുവിന്നുള്ളതു.” (കൊലൊസ്സ്യർ 2:16, 17) കൊലോസ്സ്യയിലുണ്ടായിരുന്ന ക്രിസ്ത്യാനികൾ, മോശൈക ന്യായപ്രമാണപ്രകാരമുള്ള പെരുന്നാളുകളുടെ ആചരണത്തിന്റെ അടിസ്ഥാനത്തിൽ ദൈവത്തിന്റെ മുമ്പാകെയുള്ള അവരുടെ നിലയെ വിധിക്കാൻ ആരെയും അനുവദിക്കാൻ പാടില്ലായിരുന്നു.
ഘോഷയാത്രകളേക്കാൾ മെച്ചമായത്
കൊലോസ്സ്യരെ സംബന്ധിച്ചടത്തോളം ക്രിസ്തീയവിശ്വാസം കർമ്മാനുഷ്ഠാനമാണെന്നുള്ള ധാരണ പുലർത്തുന്നത് അവരുടെ വിശ്വാസത്തിൽനിന്നുള്ള ഒരു പിന്നോക്കം പോകൽ ആയിരിക്കുമായിരുന്നു. സത്യത്തിന്റെ ഒരു നിഴലിനെ മാത്രം പിന്തുടരുന്നത് എന്തിന് എന്നതായിരുന്നു പൗലോസിന്റെ ന്യായവാദം. യഥാർത്ഥ സത്യം ക്രിസ്തുവിൽ ആകുന്നു. ആയതിനാൽ ഒരു പ്രാവചനിക നിഴലിനെ മുറുകെ പിടിക്കുന്നത് ആ കാര്യങ്ങൾ വിരൽചൂണ്ടിയ ആത്മീയ യാഥാർത്ഥ്യങ്ങളെ നിഷ്പ്രഭമാക്കലാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ പൗലോസ് പറഞ്ഞതുപോലെ, “യാഥാർത്ഥ്യം ക്രിസ്തുവിനുള്ളതാണ്.” അതുകൊണ്ട്, അത്തരം മതപരമായ ആചാരങ്ങൾ ഇന്നു സത്യക്രിസ്തീയ ആരാധനയുടെ ഭാഗമല്ല.
അതുകൊണ്ടു ക്രിസ്ത്യാനികൾ ദൈവിക ഉത്ഭവമുള്ള ഇത്തരം ആചാരങ്ങൾ അനുഷ്ഠിക്കണമെന്നു മേലാൽ ആവശ്യപ്പെടുന്നില്ല. വെറിക്കൂത്തും പ്രതിമകളുടെ ഉപയോഗവും ഉൾപ്പെട്ടേക്കാവുന്ന പുറജാതി ഉത്ഭവമുള്ള ആഘോഷങ്ങൾ അവർ തീർച്ചയായും ഒഴിവാക്കേണ്ടതുണ്ട്. (സങ്കീർത്തനം 115:4-8) അപ്പൊസ്തലനായ പൗലോസ് മുന്നറിയിപ്പു നൽകി: “നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിനും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ? ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം?” (2 കൊരിന്ത്യർ 6:14, 15) മററു വാക്കുകളിൽ പറഞ്ഞാൽ, നമ്മൾ ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നമുക്ക് സത്യാരാധനയും വ്യാജാരാധനയും തമ്മിൽ കൂട്ടികലർത്താൻ കഴിയുകയില്ല. നമുക്കെങ്ങനെ ദൈവത്തിന്റെ ഇഷ്ടം അവഗണിക്കാനും അതേസമയം അവനെ പ്രസാദിപ്പിക്കാനും കഴിയും?—മത്തായി 7:21.
ഇല്ല, ദൈവം പുറജാതി മതാഘോഷങ്ങളും അവരുടെ ഘോഷയാത്രകളും അംഗീകരിക്കുന്നില്ല. വാസ്തവത്തിൽ, ദൈവവചനത്തിൽ മുൻകൂട്ടി പറയപ്പെട്ടിരിക്കുന്നതുപോലെ യഹോവയെ അപമാനിക്കുന്ന എല്ലാ ആചാരങ്ങളോടുമൊപ്പം അവ അപ്രത്യക്ഷമാകും. വെളിപ്പാടു 18:21, 22-ൽ വ്യാജമതവും അതിന്റെ അനുഷ്ഠാനങ്ങളും പുറജാതി നഗരമായ ബാബിലോനോടു ബന്ധപ്പെട്ടിരിക്കുന്നു. അത് ഇങ്ങനെ വായിക്കുന്നു: “പിന്നെ ശക്തനായോരു ദൂതൻ തിരികല്ലോളം വലുതായോരു കല്ലു എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞതു: ഇങ്ങിനെ ബാബിലോൻ മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; വൈണികൻമാർ, വാദ്യക്കാർ, കുഴലൂത്തുകാർ, കാഹളക്കാർ എന്നിവരുടെ സ്വരം നിന്നിൽ ഇനി കേൾക്കുകയില്ല.” ബാബിലോന്യ മതാഘോഷങ്ങൾ ദൈവത്തെ അപ്രീതിപ്പെടുത്തുന്നുവെന്നു തിരിച്ചറിഞ്ഞതുകൊണ്ടു നിങ്ങൾ എന്തുചെയ്യും?
നിങ്ങളൊരു പ്രധാനസ്ഥലത്തേക്കുള്ള യാത്രയിലാണെന്നും വഴി തെററിയെന്നും സങ്കൽപ്പിക്കുക. നിങ്ങളുടെ ഉദ്ദിഷ്ടസ്ഥലത്തു സുരക്ഷിതമായി എങ്ങനെ എത്തിച്ചേരാമെന്ന് ആരെങ്കിലും ദയാപൂർവ്വം ചൂണ്ടിക്കാണിക്കുന്നുവെങ്കിൽ ശരിയായ പാത കണ്ടെത്തിയതിൽ നിങ്ങൾ നന്ദിയുള്ളവനായിരിക്കില്ലേ? സമാനമായി, മതപരമായ ഘോഷയാത്രകളെ ദൈവം എങ്ങനെ വീക്ഷിക്കുന്നുവെന്നു മനസ്സിലാക്കിയസ്ഥിതിക്ക് അവനെ പ്രസാദിപ്പിക്കുന്നതെന്താണന്നു കാണാൻ എന്തുകൊണ്ട് അവന്റെ വചനം കൂടുതലായി പഠിച്ചുകൂടാ? ബൈബിളിൽനിന്നു നിങ്ങൾ പഠിക്കുന്നതിനനുസൃതമായി പ്രവർത്തിക്കുന്നതു ദൈവവുമായുള്ള ഒരു നല്ല ബന്ധത്തിനു സംഭാവനചെയ്യും—അതു മതപരമായ ആഘോഷങ്ങളും ഘോഷയാത്രകളും ആചരിക്കുന്നതിനേക്കാൾ വളരെ മെച്ചമാണ്.—യോഹന്നാൻ 17:3. (g92 11⁄8)
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Dutch Easter procession, Harper’s, 19th century