വിറക്—അതിന്റെ ഭാവി കത്തിയെരിഞ്ഞു കൊണ്ടിരിക്കുകയാണോ?
നൈജീരിയയിലെ ഉണരുക! ലേഖകൻ
ആഫ്രിക്കൻ വാനത്തെ ചുവപ്പിച്ചുകൊണ്ടു സൂര്യൻ ചക്രവാളത്തിൽ മറയുന്നു. സാമ്പാ ഭർത്താവിനും കുട്ടികൾക്കും വേണ്ടി ഭക്ഷണം പാചകപ്പെടുത്തുകയാണ്. അവൾ വെള്ളം ഒരു തൊട്ടിയിൽനിന്നും മുക്കിയെടുത്തു പുകപിടിച്ചു കറുത്ത ഒരു അലുമിനിയം കലത്തിലേക്കു പകരുന്നു. കലത്തിനു കീഴെ ഘനമുള്ള മൂന്നു വിറകുകോലുകൾ പടപടകത്തുന്നുണ്ട്.
കൂടുതൽ വിറക് അടുത്തു കൂമ്പാരം കൂട്ടിയിട്ടിരിക്കുന്നു. സാമ്പാ ഇതു മലമുകളിൽനിന്നും കൊണ്ടുവരുന്നവരിൽനിന്നും വാങ്ങുന്നതാണ്. വിറക് അത്യന്താപേക്ഷിതമാണ്. വിറകില്ലാതെ തീ കത്തിക്കാനാവില്ല. തീ കൂടാതെ നിങ്ങൾക്ക് ഭക്ഷണം പാചകം ചെയ്യാൻ കഴിയുകയില്ലല്ലൊ.
സാമ്പായുടെ മൂത്ത മകൻ പറയുന്നു: “വിറകില്ലാത്തപ്പോൾ, ഞങ്ങൾ ഭക്ഷിക്കുന്നില്ല.” അവൻ കുന്നിന്റെ മുകളിലുള്ള പണക്കാരുടെ വീടുകളിലേക്ക് ആംഗ്യം കാട്ടുന്നു. “ആ വീടുകളിൽ വിദ്യുച്ഛക്തിയുണ്ട്. വിദ്യുച്ഛക്തികൊണ്ടു പ്രവർത്തിക്കുന്ന അടുപ്പുകളും ഗ്യാസുകൊണ്ടു പ്രവർത്തിക്കുന്ന ഇരുമ്പടുപ്പുമുണ്ട്.” തീയിലേക്കു തിരിഞ്ഞു തോൾ കുലുക്കിക്കൊണ്ടവൻ പറയുന്നു: “ഞങ്ങൾ വിറകാണ് ഉപയോഗിക്കുന്നത്.”
ഇക്കാര്യത്തിൽ സാമ്പായുടെ കുടുംബത്തിനു ധാരാളം ചങ്ങാതികളുണ്ട്. വികസ്വരരാജ്യങ്ങളിൽ ഓരോ നാലു പേരിലും മൂന്നുപേർ പാചകം ചെയ്യുന്നതിനും ചൂടാക്കുന്നതിനും ഉള്ള ഇന്ധനത്തിന് ഏക ഉറവിടമായി വിറകിൽ ആശ്രയിക്കുന്നു. പക്ഷേ വിറകിനു കടുത്ത ക്ഷാമം ഉണ്ട്.
എഫ്എഒ (ഐക്യരാഷ്ട്ര ഭക്ഷ്യ-കാർഷിക സംഘടന) പറയുന്നതനുസരിച്ചു യഥാർത്ഥത്തിൽ വിറകിന്റെ പ്രതിസന്ധിയുടെ വ്യാപ്തി രൂക്ഷമാകുകയാണ്. വികസ്വരരാജ്യങ്ങളിൽ ഏകദേശം 100 കോടി ജനങ്ങൾ വിറകിന്റെ ക്ഷാമം അഭിമുഖീകരിക്കുന്നു. ഇതേ ഗതി തുടർന്നാൽ ഈ നൂററാണ്ടിന്റെ അവസാനത്തോടെ ഈ സംഖ്യ നിഷ്പ്രയാസം ഇരട്ടിച്ചേക്കാം. “ലോകത്തിലെ വിശക്കുന്നവർക്ക്, പാചകം ചെയ്യുന്ന സാമഗ്രിയുടെ അഭാവമുള്ളപ്പോൾ ഭക്ഷ്യവസ്തുക്കൾ പ്രദാനം ചെയ്യുന്നതിൽ യാതൊരു പ്രയോജനവും ഇല്ല” എന്നു എഫ്എഒ യുടെ ഒരു പ്രതിനിധി പ്രസ്താവിച്ചു.
ക്ഷാമം എന്തുകൊണ്ട്?
പുരാതനകാലം മുതൽ മനുഷ്യവർഗ്ഗം ഇന്ധനത്തിനായി വിറക് ഉപയോഗിക്കുന്നു. അതിനു കാരണമെന്താണ്? വിറകു വളരെ സൗകര്യപ്രദമാണ്. അതു പെറുക്കികൂട്ടുന്നതിനു നിങ്ങൾക്കു വിലയേറിയ ഉപകരണമോ സമ്മിശ്രമായ സാങ്കേതികവിദ്യയോ ആവശ്യമില്ല. അമിതചൂഷിതമാകാതിരുന്നാൽ പുതിയ മരങ്ങളുടെ വളർച്ചയാൽ വിറകിന്റെ വിതരണത്തെ നിലനിർത്താൻ കഴിയും. വിറകുപയോഗിച്ചു പാചകംചെയ്യുന്നതിനും ചൂടാക്കുന്നതിനും ഇരുമ്പടുപ്പിന്റെയോ വൈദ്യുതി അടുപ്പിന്റെയോ ആവശ്യമില്ല. താരതമ്യേന വിറകു എളുപ്പവും ലഭ്യവുമാണല്ലൊ. കഴിഞ്ഞ 200 വർഷങ്ങൾക്കുള്ളിൽ മാത്രമാണു ലോകത്തിന്റെ സമ്പന്ന രാഷ്ട്രങ്ങൾ ഗ്യാസ്, കൽക്കരി, എണ്ണ മുതലായ മററ് ഇന്ധനങ്ങളുടെ ഉപയോഗത്തിലേക്കു കടന്നത്. മററുള്ള രാഷ്ട്രങ്ങൾ വിറകിൽ ആശ്രയിച്ചു കഴിയുന്നു.
വിസ്മയാവഹമായ ജനസംഖ്യാവർദ്ധനവാണ് ഇന്നത്തെ പ്രശ്നങ്ങളുടെ അന്തസ്സാരമെന്നു ചില വിദഗ്ദ്ധർ പറയുന്നു. ജനങ്ങൾ എണ്ണത്തിൽ പെരുകുമ്പോൾ അധിവസിക്കുന്നതിനും കൃഷിവികസനത്തിനും വ്യവസായത്തിനു തടി പ്രദാനംചെയ്യുന്നതിനും ഇന്ധനത്തിനും വേണ്ടി വനങ്ങൾ വെട്ടിതെളിക്കുകയാണ്. മിക്കവാറും എല്ലാ രാജ്യങ്ങളുടെയും വികസനം ത്വരിതഗതിയിലുള്ള വനനശീകരണത്തിനിടയാക്കുന്നു. വടക്കെ അമേരിക്കയും യൂറോപ്പും അപ്രകാരമുള്ള ഒരവസ്ഥയിൽ കൂടി കടന്നുപോയിരിക്കുന്നു.
എന്നാൽ ഇന്നത്തെ ജനസംഖ്യ പരിഭ്രമിപ്പിക്കുന്ന നിരക്കിൽ വളരുകയാണ്. ഈ ഗ്രഹത്തിൽ ഇപ്പോൾത്തന്നെ ഏറെക്കുറെ 550 കോടി ജനങ്ങളുണ്ട്. വികസ്വരരാജ്യങ്ങളിൽ ഓരോ 20മുതൽ 30വരെ വർഷങ്ങളിൽ ജനസംഖ്യ ഇരട്ടിക്കുന്നു. ജനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ചു വിറകിന്റെ ആവശ്യവും വർദ്ധിക്കുന്നു. ഇത്, ദിവസം ചെല്ലുന്തോറും കൂടുതൽ വലുതായിക്കൊണ്ടിരിക്കുന്നതും അതിവിശപ്പുള്ള, തൃപ്തിപ്പെടുത്താനാകാത്ത വിശപ്പുള്ളതുമായ ഒരു വനംതീനി കാട്ടുമൃഗത്തെപ്പോലെ ജനസംഖ്യ ആയിത്തീർന്നിരിക്കുന്നതുപോലെയാണ്. ഇന്ധനങ്ങൾ പകരംസ്ഥാപിക്കുന്നതിനു മുമ്പേ അവയുടെ ശേഖരം തീർന്നുപോകുന്നു. ഇരുപത്തിയാറു രാഷ്ട്രങ്ങളിൽ പത്തുകോടിയിൽ കൂടുതൽ ജനങ്ങൾ അവരുടെ ഏററവും അടിസ്ഥാന ആവശ്യങ്ങൾക്കു പോലും വിറകു കരസ്ഥമാക്കാൻ ഇപ്പോൾത്തന്നെ പ്രാപ്തിയില്ലാതിരിക്കുന്നതായി എഫ്എഒ പറയുന്നു.
എന്നിരുന്നാലും തീവ്രമായ ദൗർല്ലഭ്യമുള്ള രാജ്യങ്ങളിൽ ജീവിക്കുന്ന എല്ലാവരെയും ഇത് ഒരുപോലെ ബാധിക്കുന്നില്ല. പ്രാപ്തിയുള്ളവർ മണ്ണെണ്ണ, സിലണ്ടറിൽ സംഭരിച്ചുവെക്കുന്നഗ്യാസ് തുടങ്ങിയ ഇന്ധനസാമഗ്രികൾ ഉപയോഗിക്കുന്നു. വിറകിന്റെ പ്രതിസന്ധി എണ്ണത്തിൽ വർദ്ധിച്ചുവരുന്ന ദരിദ്രരുടേതാണ്.
ജനങ്ങളുടെമേലുള്ള ഫലം
ഈ കഴിഞ്ഞ വർഷങ്ങളിൽ വിറകിന്റെ വില ഇരട്ടിയോ, മൂന്നിരട്ടിയോ, ചിലയിടങ്ങളിൽ നാലിരട്ടിവരെയോ ആയി വർദ്ധിച്ചിട്ടുണ്ട്. നഗരങ്ങൾക്കു ചുററുമുള്ള പ്രദേശങ്ങളിലെ മരങ്ങൾപിഴുതെടുത്ത് അവിടം ശൂന്യമാക്കിയിടുന്നതോടെ വിറകിന്റെ വില നിരന്തരം വർദ്ധിക്കുകയാണ്. ഏഷ്യയിലെയും ആഫ്രിക്കയിലെയും അനേകം പട്ടണങ്ങൾ തീർത്തും കാടുതെളിക്കപ്പെട്ട സ്ഥലങ്ങളാൽ ചുററപ്പെട്ടിരിക്കുന്നു. ചില പട്ടണങ്ങളിലേക്ക് 160 കിലോമീററർ ദൂരെനിന്നുവരെ വിറകു കൊണ്ടുവരേണ്ടതായിട്ടുണ്ട്.
വിലവർദ്ധനവ് മുമ്പേതന്നെ നിവൃത്തിയില്ലാതെ വലയുന്ന ദരിദ്രരായവരെ ഞെരുക്കുകയാണ്. മദ്ധ്യ അമേരിക്കയിലെയും ഉത്തര ആഫ്രിക്കയിലെയും ചില ഭാഗങ്ങളിൽ ജോലിക്കാരുടെ കുടുംബം തങ്ങളുടെ മൊത്തം വരുമാനത്തിന്റെ 30 ശതമാനം വിറകിനുവേണ്ടി മുടക്കുന്നുവെന്നു പഠനങ്ങൾ തെളിയിക്കുന്നു. മററുള്ള ആവശ്യങ്ങളെല്ലാം—ഭക്ഷണം, വസ്ത്രം, ഭവനം, ഗതാഗതം, വിദ്യാഭ്യാസം മുതലായവ—ശേഷിക്കുന്ന വരുമാനത്തിലേക്കു ചേർക്കപ്പെടേണ്ടതുണ്ട്. അവരെ സംബന്ധിച്ച്, “കലത്തിനടിയിലേക്കു പോകുന്നതു കലത്തിനുള്ളിലേക്കു പോകുന്നതിനേക്കാൾ മുതൽമുടക്കുള്ളതാണ്” എന്ന പ്രസ്താവന വാസ്തവമാണ്.
അവർ കാര്യങ്ങൾ എങ്ങനെ നടത്തുന്നു? വിറകിന്റെ ദൗർല്ലഭ്യവും വിലക്കൂടുതലുമുള്ളേടത്തു ജനങ്ങൾ ചൂടുഭക്ഷണം കഴിക്കുന്നതിന്റെ അളവു വെട്ടിചുരുക്കുകയാണ്. അവർ ചെലവുകുറഞ്ഞതോ ചുരുങ്ങിയ അളവിലോ ഭക്ഷ്യസാധനങ്ങൾ വാങ്ങുന്നു, തത്ഫലമായി സമീകൃതാഹാരത്തിനു കുറവു സംഭവിക്കുന്നു. അവർ തങ്ങളുടെ ഭക്ഷണം കുറച്ചുമാത്രം വേവിക്കുന്നു. തന്നിമിത്തം രോഗാണുക്കളും പരജീവികളും ചാകുന്നില്ലെന്നുമാത്രമല്ല അല്പംമാത്രം പോഷകങ്ങളെ ശരീരം ആഗീരണം ചെയ്യുന്നുമുള്ളു. വെള്ളം തിളപ്പിച്ചുകുടിക്കുന്നതിൽ അവർ പരാജയപ്പെടുന്നു. കത്തുന്ന എന്തിനെങ്കിലും വേണ്ടി അവർ തെരുവു തൂത്തുവാരുകയാണ്.
ലക്ഷക്കണക്കിനാളുകൾ വൈക്കോൽ, മടൽ, ഉണങ്ങിയചാണകം മുതലായ താഴ്ന്നനിലവാരമുള്ള ഇന്ധനങ്ങളിലേക്കു തിരിഞ്ഞിരിക്കുന്നു. വിറകിനു വിലക്കൂടുതലും ചാണകത്തിന് അത്രയും വിലയില്ലാതിരിക്കുകയുമാകുമ്പോൾ വയലിൽ ഇടുന്നതിനു പകരം ചാണകം തീകത്തിക്കാനുപയോഗിക്കുന്നതു സാമ്പത്തികമായി ബുദ്ധിപൂർവ്വകമാണ്. ഒട്ടുമിക്കപ്പോഴും വേറെ മാർഗ്ഗമൊന്നുമില്ല. മണ്ണിന് അമൂല്യ ജൈവപദാർത്ഥങ്ങൾ നിഷേധിച്ചുകൊണ്ടാണ് ഇപ്രകാരം ചെയ്യുന്നത്. കാലക്രമേണ മണ്ണിന്റെ ഫലപുഷ്ടി നശിക്കുകയും മണ്ണു വരണ്ടുകീറുകയും ചെയ്യുന്നു.
ഗ്രാമപ്രദേശത്തു ജീവിക്കുന്നവർക്കു വിറകിനുവേണ്ടി പണം മുടക്കേണ്ടതില്ലെങ്കിലും അതിന്റെ ദൗർല്ലഭ്യം അതു പെറുക്കികൂട്ടുന്നതിന് അധികം സമയം ചെലവഴിക്കാനിടയാക്കിത്തീർക്കുന്നുണ്ട്. തെക്കെ അമേരിക്കയിൽ സ്ത്രീകൾ അവരുടെ ദിവസത്തിന്റെ പത്തു ശതമാനം വിറകുപെറുക്കുന്നതിനു ചെലവിടുന്നു. ചില ആഫ്രിക്കൻ നാടുകളിൽ ഒരു മുഴുദിവസത്തെ വിറകുപെറുക്കൽ മൂന്നുദിവസത്തെ ആവശ്യത്തിനു മാത്രമാണ് ഉതകുന്നത്. ചില സമയങ്ങളിൽ ദിവസം മുഴുവനും വിറകു പെറുക്കിക്കൂട്ടുന്നതിനുവേണ്ടി കുടുംബങ്ങൾ ഒരു കുട്ടിയെ നിയോഗിക്കുന്നു.
ഒട്ടുമിക്കവാറും പട്ടണത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി ഗ്രാമീണ പരിസ്ഥിതി ത്യജിക്കപ്പെടുന്നു. മരങ്ങൾ വളരുന്നതിലും വളരെവേഗത്തിൽ അതു വെട്ടിയിടുകയും വില്ക്കുകയും ചെയ്യുന്നു. തത്ഫലമായി ലഭ്യത കുറയുകയും കുടുംബങ്ങൾ ഒന്നുകിൽ പട്ടണങ്ങളിലേക്കു മാറി താമസിക്കുകയോ അല്ലെങ്കിൽ വിറകുപെറുക്കിക്കൊണ്ട് അധികം സമയം ചെലവിടുകയോ ചെയ്യേണ്ടതായിവരുന്നു.
ഇങ്ങനെ ലക്ഷക്കണക്കിനു ജനങ്ങൾ തങ്ങളുടെ അടിസ്ഥാന ആവശ്യമായ ഇന്ധനങ്ങൾക്കുവേണ്ടി അധികം സമയവും പണവും മുടക്കുന്നു. അല്ലാതെ വേറെ മാർഗ്ഗമെന്താണ്? പാവങ്ങൾക്ക് ഇതു കുറച്ചു ഭക്ഷിക്കുക, കുളിർന്നിരിക്കുക, രാത്രിയിൽ പ്രകാശമില്ലാതെ കഴിയുക എന്നാണ് അർത്ഥമാക്കുന്നത്.
നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്
കുറെ വർഷങ്ങൾക്കുമുമ്പ് വിറകിന്റെ പ്രതിസന്ധി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപററാൻ തുടങ്ങി. വനവൽക്കരണ പദ്ധതിക്കായി ലോകബാങ്കും മററു പ്രവർത്തനസംഘങ്ങളും പണം ചൊരിയാൻ തുടങ്ങി. എല്ലാപദ്ധതികളും വിജയപ്രദമായിരുന്നില്ലെങ്കിലും അനേകം കാര്യങ്ങൾ മനസ്സിലാക്കാനിടയായി. അധികം മരങ്ങൾ നടുകയെന്നതു മാത്രമല്ല ഈ പ്രതിസന്ധിക്കുള്ള പരിഹാരമെന്ന് അനുഭവങ്ങൾ തെളിയിച്ചു. ആസൂത്രണക്കാർ മിക്കപ്പോഴും പ്രാദേശിക ജനങ്ങളുടെ ചേതോവികാരങ്ങളെ പരിഗണിക്കുന്നതിൽ ചിലസമയങ്ങളിൽ പരാജയപ്പെട്ടു എന്നത് ഒരു പ്രശ്നമായിരുന്നു. അങ്ങനെ ഒരു പശ്ചിമാഫ്രിക്കൻ രാജ്യത്തു പരമ്പരാഗത കന്നുകാലിമേച്ചിൽ സ്ഥലത്തു വൃക്ഷത്തൈകൾ നട്ടുവെന്ന കാരണത്താൽ ഗ്രാമീണർ അവയെ നശിപ്പിച്ചുകളഞ്ഞു.
മറെറാരു തടസ്സം പുനഃവനവൽക്കരണം ഒരു ദീർഘകാല സംഗതിയായിരിക്കുന്നുവെന്നതാണ്. മരങ്ങൾ സ്വയംപര്യാപ്തതയുടെ അടിസ്ഥാനത്തിൽ വിറക് ഉത്പാദിപ്പിക്കുന്നതിന് 25 വർഷം വരെ എടുത്തേക്കാം. ഇതിന്റെ അർത്ഥം മുടക്കുമുതലിനും ആദായത്തിനുമിടക്ക് താമസമുണ്ടാകുന്നുവെന്നതാണ്. തത്കാല ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ തൈവെക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല എന്നും കൂടെ ഇതർത്ഥമാക്കുന്നു.
അനേകരാജ്യങ്ങളിലും പുനഃവനവൽക്കരണ പദ്ധതി പ്രാബല്യത്തിലുണ്ട്. എന്നാൽ അതു ഭാവിയിലെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുമോ? ഇല്ല എന്നാണു വനശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്. മരങ്ങൾ വീണ്ടും വെച്ചുപിടിപ്പിക്കുന്നതിനേക്കാൾ വളരെ വേഗത്തിൽ മരങ്ങൾ വീണ്ടും വെട്ടിയിടുന്നു. ലോകവീക്ഷണ സ്ഥാപനത്തിന്റെ ഒരു ഗവേഷക ഇപ്രകാരം എഴുതുന്നു: “നിർഭാഗ്യവശാൽ അനേക ഉഷ്ണമേഖലാ മൂന്നാംലോകരാജ്യങ്ങളിലും വനനശീകരണത്താൽ പോഷിപ്പിക്കപ്പെട്ട പരിവൃത്തി ഭഞ്ജിക്കുന്നതിന് ആവശ്യമായ മാർഗ്ഗങ്ങളുടെ രാഷ്ട്രീയേച്ഛയും വാക്കുകൊടുക്കലും കുറവാണ്. ഇപ്പോൾ മരങ്ങൾ വെട്ടിമാററപ്പെടുന്ന ഓരോ പത്തു ഹെക്ടറിനും പകരമായി ഒററ ഹെക്ടറിൽ മാത്രമേ മരങ്ങൾ നടുന്നുള്ളു. ആഫ്രിക്കയിൽ വിടവു വളരെ വലുതാണ്, വെട്ടിമാററപ്പെടുന്ന 29 മരങ്ങളുടെ സ്ഥാനത്ത് ഒന്നു നടുന്നുവെന്നതാണ് അവിടത്തെ നിരക്ക്. മൂന്നാം ലോകരാജ്യങ്ങളിലെ കണക്കാക്കപ്പെട്ട വിറകിന്റെ ആവശ്യത്തെ നേരിടുന്നതിനു 2000-ാമാണ്ടോടെ, വ്യവസായേതര ഉപയോഗങ്ങൾക്കായി ഇപ്പോൾ നടുന്ന മരങ്ങളുടെ നിരക്കിന്റെ പതിമൂന്നിരട്ടി വർദ്ധനവ് ആവശ്യമാണ്.”
ഭാവി പ്രത്യാശകൾ
ഇന്നു വിറകിന്റെ ക്ഷാമം പരിഹരിക്കുന്നതിന് ആത്മാർത്ഥരായ അനേകമാളുകൾ സജീവമായി പരിശ്രമിക്കുന്നുണ്ട്. എങ്കിലും ഭാവിയെപ്പററിയുള്ള അവരുടെ കണക്കുകൂട്ടലുകളെല്ലാം ആശയററതാണ്. “വർദ്ധിച്ചുവരുന്ന [വിറകിന്റെ പ്രതിസന്ധിക്കെതിരെ] പൊരുതാൻ ഉപയോഗിക്കുന്ന എല്ലാനടപടികളും ഒന്നിച്ചുചേർത്താലും ഇന്ധനക്ഷാമവും ദരിദ്രരുടെമേൽ ചുമത്തുന്ന വർദ്ധിച്ച വിറകുവിലയുടെ ഭാരവും കുറയ്ക്കാൻ കഴിയുകയില്ല” എന്നു ഭൂഗർഭ ഗവേഷകർ അവരുടെ ഫ്യൂവൽവുഡ്—ദി എനർജി ക്രൈസിസ് ദാററ് വോണ്ട് ഗോ എവേ എന്ന ഗ്രന്ഥത്തിൽ എഴുതുന്നു. ജനസംഖ്യാവർദ്ധനവു നിയന്ത്രിക്കാതിരുന്നാൽ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഏതു സമാരംഭവും സഫലമാകാനുള്ള സാധ്യതയില്ല എന്നു എഫ്എഒ-യുടെ ഫ്യൂവൽ വുഡ് ക്രൈസിസ് ആൻഡ് പോപ്പുലേഷൻ—ആഫ്രിക്ക എന്ന അനുശാസന ലഘുപത്രിക പ്രസ്താവിക്കുന്നു. ജനസംഖ്യ വർദ്ധിച്ചുകൊണ്ടേയിരിക്കുമെന്ന് ഈ പ്രസിദ്ധീകരണം എടുത്തുകാണിക്കുന്നു, “കാരണം നാളത്തെ മാതാപിതാക്കൾ ഇന്നത്തെ മാതാപിതാക്കളെക്കാൾ അത്യധികമാണ്. നാളത്തെ മാതാപിതാക്കൾ ഇപ്പോൾതന്നെ ജനിച്ചു കഴിഞ്ഞു.”
ഇപ്രകാരമുള്ള മങ്ങിയ കണക്കുകൂട്ടലുകൾക്കു വിപരീതമായി സർവ്വശക്തനായ ദൈവത്തിനു ഭൂമിയിൽ പറുദീസയുടെ സമ്പൂർണ്ണ പുനഃസ്ഥാപനത്തെക്കാൾ ഒട്ടും കുറയാത്ത ഉദ്ദേശ്യം ഉള്ളതായി ബൈബിൾ പ്രവചനങ്ങൾ തെളിവായി കാണിക്കുന്നു. (ലൂക്കൊസ് 23:43) വിറകിനെയും ജനസംഖ്യാപെരുപ്പത്തെയും ദാരിദ്ര്യത്തെയും സംബന്ധിച്ച സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നത് അവിടത്തെ കഴിവിനതീതമല്ല.—യെശയ്യാവു 65:17-25.
വിറകിന്റെ ഭാവി കത്തിയെരിഞ്ഞുകൊണ്ടിരിക്കുകയാണോ? തീർച്ചയായും അല്ല! നമ്മുടെ സ്നേഹവാനായ സൃഷ്ടികർത്താവിനെക്കുറിച്ചുള്ള ഈ പ്രവചനം പെട്ടെന്നു നിറവേറും: “നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.”—സങ്കീർത്തനം 145:16. (g92 12/8)
[14-ാം പേജിലെ ആകർഷകവാക്യം]
പാചകം ചെയ്യുന്ന സാമഗ്രിയുടെ അഭാവമുള്ളപ്പോൾ ഭക്ഷ്യവസ്തുക്കൾ പ്രദാനം ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല