തടികൊണ്ടു നിർമിക്കുന്നത് എന്തിന്?
ജപ്പാനിലെ ഉണരുക! ലേഖകൻ
വടക്കുപടിഞ്ഞാറൻ റഷ്യയിൽ തടികൊണ്ടു നിർമിച്ച ഒരു ദേവാലയത്തിന്റെ മുകളിൽ ഇളംവെയിലിൽ രജതവർണമുള്ള മീൻചെതുമ്പലുകൾപോലെ വെട്ടിത്തിളങ്ങുന്ന, ഉള്ളിയുടെ ആകൃതിയുള്ള 22 താഴികക്കുടങ്ങളുണ്ട്. അടുത്തുചെന്നു നോക്കിയാൽ ഈ താഴികക്കുടങ്ങൾ കാലപ്പഴക്കം കൊണ്ട് അപക്ഷയം സംഭവിച്ച പരസഹസ്രം തടിക്കഷണങ്ങൾ കൊണ്ടു പൊതിഞ്ഞിരിക്കുന്നതായി കാണാം. ഏതാണ്ടു മുന്നൂറു വർഷങ്ങളായി ഒനെഗാ തടാകത്തിലെ ഒരു ദ്വീപിലുള്ള, തടിയിൽ തീർത്ത ഈ കെട്ടിടം ആ നാട്ടിലെ രൂക്ഷമായ മഞ്ഞുകാലങ്ങളെ ചെറുത്തുനിൽക്കുകയാണ്. തടിയുടെ വിസ്മയിപ്പിക്കുന്ന ഈടുറപ്പിന് അതു നിശബ്ദം സാക്ഷ്യം വഹിക്കുന്നു.
മറ്റു കെട്ടിടങ്ങൾ കൂടുതൽ ശക്തമായ സാക്ഷ്യം നൽകുന്നു. വളരെക്കാലമായി ഉപയോഗത്തിലിരിക്കുന്ന തടികൊണ്ടുള്ള നിർമിതികൾ ഉത്തര യൂറോപ്പിൽ അങ്ങോളമിങ്ങോളമുണ്ട്. ഉദാഹരണത്തിന്, 12-ാം നൂറ്റാണ്ടിനോടടുത്ത കാലഘട്ടത്തിൽ തടികൊണ്ടു കെട്ടിടങ്ങൾ നിർമിക്കുന്നതിന്റെ ലഹരിയിലായിരുന്ന നോർവേക്കാരുടെ കൈവേലകൾ ഇപ്പോഴും ഗ്രാമപ്രദേശങ്ങളിൽ അവിടവിടെയായി കാണാം. ഇംഗ്ലണ്ടിൽ, എസ്സെക്സിലെ ഒംഗോറിൽ മോശമെന്നു പരക്കെ അറിയപ്പെടുന്ന കാലാവസ്ഥയെ അതിജീവിച്ചു നിൽക്കുന്ന, ഏതാണ്ട് 1013-ാമാണ്ടിനോടടുത്ത കാലഘട്ടത്തിൽ നിർമിക്കപ്പെട്ട, ഒരു തടിക്കെട്ടിടമുണ്ട്. ഇതൊക്കെയാണെങ്കിലും, ജപ്പാനിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ദാരുക്ഷേത്രമാണ് ഇവയുടെയെല്ലാം മുതുമുത്തച്ഛനെന്നു തോന്നുന്നു.
ഏറ്റവും പഴക്കമുള്ള തടിക്കെട്ടിടം
തടിയിൽ തീർത്ത ഈ ഹൊറ്യൂജി ക്ഷേത്രത്തിന് ഇത്രകാലം നിലനിൽക്കാൻ കഴിയുന്നതെങ്ങനെ? അടിസ്ഥാനപരമായി, അതിന്റെ കാരണം തടിയെ സംബന്ധിച്ച് ആദ്യതച്ചന്മാർക്കുള്ള ഗഹനമായ അറിവാണ്. നിർദിഷ്ടമായ ഓരോ ധർമങ്ങൾക്കും ഏതുതരം തടി തിരഞ്ഞെടുക്കണം, ഏതു ഭാഗങ്ങൾ ഉപയോഗിക്കണം എന്നൊക്കെ അവർക്കറിയാമായിരുന്നു. ഈ ക്ഷേത്രത്തിനു വേണ്ടി അവർ തിരഞ്ഞെടുത്തത്, മുറിച്ചപ്പോൾ കുറഞ്ഞത് ആയിരം വർഷമെങ്കിലും പഴക്കമുണ്ടായിരുന്ന ഹിനോക്കി (ജപ്പാനിലെ സൈപ്രസ്മരം) ആയിരുന്നു.
അടുത്തയിടെ നിര്യാതനായ, പെരുന്തച്ചൻ റ്റ്സുനെകോസൂ നിഷിയോകോ തന്റെ ജീവിതത്തിന്റെ ഏറിയപങ്കും ക്ഷേത്രപുനരുദ്ധാരണരംഗത്താണു ചെലവഴിച്ചത്. ജപ്പാനിലെ സൈനികരുടെ വാളുകൾ നിർമിക്കുന്ന അതേരീതിയിൽ ആവർത്തിച്ചുള്ള അടിച്ചുപരത്തൽ-ചൂടാക്കൽ പ്രക്രിയകൾ വഴി ഉണ്ടാക്കിയ ആണികൾക്കും ഈ ക്ഷേത്രത്തിന്റെ ആയുർദൈർഘ്യത്തിൽ ഒരു പങ്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. പുനരുദ്ധാരണപ്രവർത്തനത്തിൽ പഴയ ആണികളാണ് ഉപയോഗിച്ചത്. അദ്ദേഹം പറഞ്ഞതനുസരിച്ച്, “ഇപ്പോഴത്തെ ആണികൾ 20 വർഷത്തേക്കുപോലും നിൽക്കുകയില്ല” എന്നതാണു കാരണം.
ഹൊറ്യൂജി ക്ഷേത്രത്തിന്റെ 35 ശതമാനം ഭാഗങ്ങൾ ഈ നൂറ്റാണ്ടിൽ മാറ്റിസ്ഥാപിച്ചതായതുകൊണ്ട് വാസ്തവത്തിൽ അത് 1,300 വർഷം പഴക്കമുള്ളതാണെന്നു പറയാൻ കഴിയുമോ എന്നു ചിലർ ചോദിച്ചേക്കാം. എന്നാലും മുഖ്യതൂണുകളിൽ മിക്കവയും പ്രധാന ഉത്തരങ്ങളും ഇറമ്പുകളും ആദ്യമുണ്ടായിരുന്നവ തന്നെയാണ്. “ക്ഷേത്രം ഇനിയും 1,000 വർഷത്തേക്കുകൂടി നിലനിൽക്കുമെന്നാണ് എനിക്കു തോന്നുന്നത്” എന്നു നിഷിയോകോ പറഞ്ഞു.
ഇത്തരം മുന്തിയ ഇനം വൃക്ഷങ്ങൾ തങ്ങളുടെ ചുറ്റും വളരുന്നതുകൊണ്ടു പുരാതന ജപ്പാൻകാർക്ക് തടിയോട് ഒരു പ്രിയം ഉണ്ടായിരുന്നതിൽ തെല്ലും അതിശയിക്കാനില്ല. ഈ പ്രിയം അവർക്കു പകർന്നുകിട്ടിയിട്ടുണ്ടെന്നാണ് ഇപ്പോഴും അവരുടെ വീടുകൾ തെളിയിക്കുന്നത്.
ജപ്പാനിലെ വീടുകൾ
വീടിനുള്ളിൽ തടി ധാരാളമായി ഉപയോഗിച്ചിട്ടുണ്ടെങ്കിലും അവ പെയിന്റു ചെയ്തവയല്ല. തൂണുകൾ, കതകുകൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയിലെല്ലാം തടിയിലെ വിരിപ്പുകളും അതിന്റെ നിറവും കൗതുകം ജനിപ്പിക്കത്തക്ക വിധത്തിൽ മിനുക്കുപണികൾ നടത്തിയിട്ടുണ്ട്. വരാന്തയിലിട്ടിരിക്കുന്ന പലകകൾ മിനുക്കിയിട്ടേയില്ല. മിനുക്കാത്ത തടി തോട്ടത്തിലെ വൃക്ഷങ്ങളും കുറ്റിച്ചെടികളുമായി ഒരു സ്വാഭാവികബന്ധം നൽകുന്നു. ഉണർവിനെക്കാളധികം ക്രമവും പ്രശാന്തതയുമാണ് അതിന്റെ ഫലം.
തങ്ങൾ സ്വപ്നം കാണുന്ന വീട് ഇത്തരത്തിലുള്ളതാണെന്ന് അനേകം ജപ്പാൻകാർ പറയാറുണ്ട്. എങ്കിലും ഇന്ന്, ഇത്തരമൊരു ഭവനം നിർമിക്കാനാവശ്യമായ മുന്തിയ ഇനം തടി ഒരു സാധാരണ ജോലിക്കാരനെ സംബന്ധിച്ചിടത്തോളം വളരെ ചെലവേറിയതാണ്. അങ്ങനെയാണെങ്കിലും, ജപ്പാൻകാർ തങ്ങൾക്കു കഴിയുന്നിടത്തൊക്കെ തടി ഉപയോഗിക്കുന്നു. അതിനു കാരണം കാഴ്ചയ്ക്കു ഭംഗിയുണ്ടാകുമെന്നതു കൂടാതെ തുടർച്ചയായ ഭൂചലനങ്ങളും ചുഴലിക്കാറ്റുകളും ചൂടുള്ള ആർദ്രതയേറിയ വേനൽക്കാലങ്ങളും തണുത്ത മഞ്ഞുകാലങ്ങളും എല്ലാമടങ്ങുന്ന അവരുടെ ചുറ്റുപാടുകൾക്കു തടി യോജിക്കുമെന്ന് ചരിത്രം അവരെ പഠിപ്പിച്ചിരിക്കുന്നു എന്നുള്ളതാണ്.
കല്ലു തുടങ്ങിയ മറ്റു പദാർഥങ്ങൾ സമ്മർദത്തിനു വിധേയമാകുമ്പോൾ പൊട്ടിപ്പോകുന്നിടത്ത്, തടി സൗകര്യപൂർവം വളയുകയും കോടുകയും ചെയ്യുന്നു എന്നതുകൊണ്ട് ഭൂകമ്പോന്മുഖരാജ്യങ്ങളിൽ തടി ഒരു വരദാനമാണ്. തടിക്ക് ഈർപ്പനിയന്ത്രണം, രോധനം തുടങ്ങിയ സവിശേഷഗുണങ്ങളുമുണ്ട്. ജപ്പാനിൽ ജൂണിൽ തുടങ്ങി ആഗസ്റ്റുവരെ നീണ്ടുനിൽക്കുന്ന മഴയും ഈർപ്പവുമുണ്ടെങ്കിലും വീടുകൾ ജീർണിക്കുന്നില്ല. തടിക്ക് അന്തരീക്ഷത്തിൽനിന്ന് ഈർപ്പത്തെ ആഗിരണം ചെയ്യാനും പിന്നീടു പുറത്തുകളയാനും കഴിയുന്നതുകൊണ്ട് അത് ആ ചുറ്റുപാടുകളുമായി പൊരുത്തപ്പെടുകയും ഒരളവിൽ സുഖം പകരുകയും ചെയ്യുന്നു. ഇതൊന്നും കൂടാതെ മറ്റനവധി കാരണങ്ങളാലും തടി സാധാരണ മനുഷ്യന് ആകർഷകമാണ്.
തടിയുടെ ഭംഗി
ലോകത്തുടനീളം അനേകരും തടി ഉപയോഗിക്കുന്നത് അതിന്റെ ഭംഗി കാരണമാണ്. ആൽബർട്ട് ജാക്സണും ഡേവിഡ് ഡേയും കോളിൻസ് ഗുഡ് വുഡ് ഹാൻഡ്ബുക്ക് എന്ന തങ്ങളുടെ പുസ്തകത്തിൽ ഇങ്ങനെ വിവരിക്കുന്നു: “തടി പ്രകൃതിയുടെ ഒരു ഉത്പന്നമായതുകൊണ്ട് ഓരോ കഷണവും പ്രത്യേകതയുള്ളതായിരിക്കും. ഒരേ മരത്തിൽനിന്നോ ഒരേ പലകയിൽ നിന്നുപോലുമോ എടുക്കുന്ന ഓരോ തടിക്കഷണവും വ്യത്യസ്തമായിരിക്കും. അവയ്ക്ക് ഒരേ നിറവും ഒരേ കടുപ്പവും ആയിരിക്കും ഉള്ളത്, പക്ഷേ വിരിപ്പുകളുടെ ആകൃതി വ്യത്യസ്തമായിരിക്കും. സ്വഭാവത്തിലും കടുപ്പത്തിലും നിറത്തിലും ഉപയോഗക്ഷമതയിലും എന്തിന്, ഗന്ധത്തിൽപോലുമുള്ള ഈ വൈവിധ്യമാണു തടിയെ ഇത്ര ആകർഷകമാക്കുന്നത്.
തടിയുടെ വിരിപ്പുകളിൽ ഇത്രയധികം വൈവിധ്യം കാണാൻ കഴിയുന്നതെന്തുകൊണ്ടാണ്? കൊള്ളാം, ഒന്നാമതായി, ചില തടികൾ നേരേയുള്ള വിരിപ്പുകളുമായി വളരുമ്പോൾ ചിലവ ചുറ്റിപ്പിണഞ്ഞ വിരിപ്പുകൾ രൂപീകരിക്കുന്നു, ഇനിയും ചിലവ വളഞ്ഞുപുളഞ്ഞതോ ചുരുളുകളുടെ ആകൃതിയുള്ളതോ ആയ വിരിപ്പുകൾ സൃഷ്ടിക്കുന്നു. പിന്നീട്, മരങ്ങൾ വളരുന്നതനുസരിച്ച് അവ വളരുന്ന ദിശ തിരിച്ചുവിടുകയോ മാറ്റുകയോ ചെയ്യുന്നു. അവ ശാഖകൾ പുറപ്പെടുവിക്കുന്നു, അവയിൽ ജീവികൾ വരികയും പോവുകയും ചെയ്യുന്നു. ഇതെല്ലാം രസകരമായ ആകൃതികൾ രൂപംകൊള്ളാനിടയാക്കുന്നു. കൂടാതെ, തടികൾ മുറിക്കുന്ന ദിശക്കനുസരിച്ച് ഈ ആകൃതികൾ വ്യത്യസ്തമായി കാണപ്പെടുന്നു. കറുപ്പിനോടടുത്ത നിറമുള്ള വരകളുണ്ടാകത്തക്കവിധം മുറിച്ച ചുവപ്പുകലർന്ന തവിട്ടു നിറമുള്ള ഒരു തടിക്ക് ചില രാജ്യങ്ങളിൽ സീബ്രാ തടിയെന്നും മറ്റു ചിലയിടങ്ങളിൽ ടൈഗർ തടിയെന്നും പേരിട്ടിരിക്കുന്നു.
തടിയുടെ ഭംഗിക്കു വീണ്ടും മാറ്റു കൂട്ടുന്നത് അവയ്ക്കുള്ള നിരവധി നിറഭേദങ്ങളാണ്. എല്ലാ തടികളും തവിട്ടു നിറമല്ല. കരിന്താളിയുടെ കറുത്ത കാതൽ ഇന്ത്യയിലും ശ്രീലങ്കയിലും, ചുവപ്പിൽ തുടങ്ങി ഊതനിറവും തവിട്ടും കലർന്നവ വരെയുള്ള പെരുന്തകര മരം പശ്ചിമാഫ്രിക്കയിലും, ഇരുണ്ട ചുവപ്പു നിറമുള്ള മഹാഗണി മധ്യഅമേരിക്കയിലും തെക്കേ അമേരിക്കയിലും ആണുള്ളത്. അന്തരീക്ഷസമ്പർക്കത്താൽ ഒരു കടുത്ത ചുവപ്പു കലർന്ന തവിട്ടുനിറമായിത്തീരുന്ന തെളിഞ്ഞ ഓറഞ്ചു കലർന്ന ചുവപ്പു നിറമുള്ള ബ്രസീൽതടി ബ്രസീലിലാണുണ്ടാകുന്നത്. ചില തടികൾ പച്ച നിറമുള്ളവയും മറ്റു ചിലവ പാടലവർണമുള്ളവയുമാണ്. ഇളംമഞ്ഞ നിറമുള്ള ദേവദാരുത്തടി അലാസ്കയിൽ ലഭിക്കുന്നു, യൂറോപ്പിലെ കാട്ടത്തി അതിലും ഇളംനിറത്തിലുള്ളതാണ്. വർണരാജിയിൽ ഏറ്റവും നിറം കുറഞ്ഞത് ഏതാണ്ടു വർണരഹിതമെന്നു പറയാവുന്നത്ര നിറം കുറഞ്ഞ രസദാരുവൃക്ഷങ്ങളാണ്.
മിക്കയാളുകൾക്കും ആകർഷകമായ മറ്റൊരു സംഗതി തടിയുടെ പരിമളമാണ്. പരിമളമുള്ള ഒരു തടി ശലോമോന്റെ തച്ചൻമാർ ആലയത്തിന്റെ തറയിൽ പാകാനുപയോഗിച്ച സരളവൃക്ഷത്തടിയാണ്. (1 രാജാക്കൻമാർ 6:15) ഒരുപക്ഷേ സരളവൃക്ഷത്തടിയുടെ പരിമളം അന്തരീക്ഷത്തെ സാന്ദ്രമാക്കുകയും ഇടയ്ക്കൊക്കെ കുന്തിരിക്കത്തിന്റെ സുഗന്ധവുമായി ഇടകലരുകയും ചെയ്തിരിക്കാം. (2 ദിനവൃത്താന്തം 2:4) സരളവൃക്ഷം അതിന്റെ പരിമളംകൊണ്ടു മാത്രമല്ല, ദീർഘകാലം ഈടുനിൽക്കുന്നതായിരിക്കുന്നതുകൊണ്ടും അപക്ഷയത്തെ ചെറുക്കുന്നതുകൊണ്ടും പേരുകേട്ടതാണ്.
തടിയെ വാഴ്ത്തി വളരെ വളരെ പറയാൻ കഴിയും. അതിനെതിരായി എന്തെങ്കിലും പറയാനുണ്ടോ എന്നു നിങ്ങൾ അതിശയിക്കുമാറ് അതിന്റെ നന്മകൾ അത്രയധികമുണ്ട്.
തടി എന്ന ദാനം
എല്ലാ തടികളും കീടങ്ങളെ ചെറുക്കുന്നില്ല, എല്ലാം ആയിരക്കണക്കിനു വർഷങ്ങൾ ഈടുനിൽക്കുകയോ അപക്ഷയത്തെ ചെറുത്തുനിൽക്കുകയോ ചെയ്യുന്നില്ലെന്നതു വാസ്തവമാണ്. തടികൊണ്ടു നിർമിക്കുമ്പോഴുള്ള മുഖ്യപ്രശ്നം തീയാണ്. എന്നാലും കടുപ്പമേറിയ തടി ഉന്നതതാപത്തിൽ സാവകാശമേ കത്തിക്കരിഞ്ഞ് അതിന്റെ കടുപ്പം നഷ്ടപ്പെടുന്നുള്ളു എന്നുമാത്രമല്ല, ഉരുക്കിനെക്കാൾ സാവകാശമേ അതു കത്തി താഴെ വീഴുകയുള്ളു. എന്നാൽ ഇന്നത്തെ ചുരുക്കം ചില വീടുകൾക്കേ പഴയമാതിരിയിലുള്ള കടുപ്പമേറിയ തടികൊണ്ടുള്ള ഉത്തരങ്ങളും തൂണുകളും മറ്റുമുള്ളു. അതുകൊണ്ട് കത്തിയെരിയുന്ന ഒരു വീട്ടിൽനിന്ന് ഒരാൾ എത്രയും വേഗം രക്ഷപ്പെടേണ്ടിയിരിക്കുന്നു.
തടി ഒരു വിലകുറഞ്ഞ, താണ നിർമാണവസ്തുവല്ല. നന്നായി തിരഞ്ഞെടുത്തതും കൈകാര്യം ചെയ്യുന്നതുമായ തടിക്ക് സുസംരക്ഷിതവും ആയിരക്കണക്കിനു വർഷങ്ങൾ ഉപയോഗിക്കാൻ കഴിയുന്നതുമായ ഒരു ഭവനമായിത്തീരാൻ കഴിയും. നാമതിനെ വേണ്ടവിധം പരിരക്ഷിക്കുകയാണെങ്കിൽ അത് അപക്ഷയത്തിനു വിധേയമാകുകയില്ലെന്നു ചില പ്രാമാണികർ അവകാശപ്പെടുന്നു. എന്തുതന്നെയായാലും, സ്രഷ്ടാവു നൽകിയിരിക്കുന്ന നിർമാണവസ്തുക്കളിൽ ഏറ്റവും മികച്ചവയിലൊന്നാണു തടി എന്നതു തർക്കമറ്റതാണ്.
[17-ാം പേജിലെ ചിത്രം]
ഒനെഗാ തടാകത്തിലുള്ള ദ്വീപിൽ തടികൊണ്ടുള്ള ദേവാലയത്തിന്റെ മുകളിൽ ഉള്ളിയുടെ ആകൃതിയുള്ള താഴികക്കുടങ്ങൾ
[കടപ്പാട്]
Tass/Sovfoto
[18-ാം പേജിലെ ചിത്രങ്ങൾ]
ജപ്പാനിലെ ഹൊറ്യൂജി ദാരുക്ഷേത്രം