മരക്കൊത്തുപണി—ഒരു പ്രാചീന ആഫ്രിക്കൻ കല
നൈജീരിയയിലെ ഉണരുക! ലേഖകൻ
ഇന്നത്തെ തെക്കൻ നൈജീരിയയിലുള്ള ബെനിൻ നഗരത്തിലെ മരക്കൊത്തുപണിക്കാർ ദീർഘനാളായി തിരക്കിലാണ്. നാനൂറു വർഷം മുമ്പ് ബെനിൻ നഗരം ശക്തവും സുസംഘടിതവുമായ ഒരു കാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. നഗരത്തിലെ നീണ്ടുനിവർന്നുകിടക്കുന്ന വിശാലമായ തെരുവുകളും നന്നായി ക്രമീകരിക്കപ്പെട്ട ഭവനങ്ങളും നിയമം അനുസരിക്കുന്ന അന്തസ്സുള്ള ജനതതിയും യൂറോപ്പിൽ നിന്നുള്ള സന്ദർശകരെ അത്ഭുതപ്പെടുത്തി. പശ്ചിമാഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ-സാംസ്കാരിക കേന്ദ്രങ്ങളിലൊന്നെന്ന നിലയിൽ ബെനിൻ നഗരം നൂറ്റാണ്ടുകളോളം അഭിവൃദ്ധിപ്രാപിച്ചുകൊണ്ടിരുന്നു.
ഓബാകൾ എന്നു വിളിക്കപ്പെട്ടിരുന്ന രാജാക്കന്മാരാണ് ബെനിൻ രാജ്യം വാണിരുന്നത്. ഓബാകൾ കലയെ നന്നായി പ്രോത്സാഹിപ്പിച്ചു. തടിയിൽ കൊത്തിയുണ്ടാക്കിയ ശിരസ്സുകളും ഓടിൽ വാർത്തുണ്ടാക്കിയ അലംകൃത ചുവർഫലകങ്ങളും ആനക്കൊമ്പിൽ സുന്ദരമായി കൊത്തിയുണ്ടാക്കിയ വിശിഷ്ട ശിൽപ്പങ്ങളും ബെനിൻ നഗരത്തിലുള്ള അവരുടെ പ്രൗഢിയേറിയ രാജധാനിയെ അലങ്കരിച്ചിരുന്നു. പ്രാചീന മരക്കൊത്തുപണികൾ കാലവും ചിതലുകളും വരുത്തിയ കെടുതികളെ അതിജീവിച്ചിട്ടില്ലെങ്കിലും മരക്കൊത്തുപണിക്കാർ രാജ്യത്ത് സജീവരായിരുന്നു എന്നതു വ്യക്തമാണ്. ലേഗോസിലെ ദേശീയ കാഴ്ചബംഗ്ലാവിന്റെ മുൻ സൂക്ഷിപ്പുകാരനായ മാർട്ടിൻസ് ആകാൻബ്യെമൂ എഴുതുന്നു: “ഓബായ്ക്കുവേണ്ടി പ്രവർത്തിച്ച ഏറ്റവും പുരാതന കരകൗശലസംഘം . . . മരക്കൊത്തുപണിക്കാരുടെ സംഘമായിരിക്കുന്നതായി കാണപ്പെടുന്നു.”
1897-ൽ ബ്രിട്ടീഷ് സേന ബെനിൻ നഗരം കൊള്ളയടിച്ച് അതിന്റെ കലാ നിധികൾ—2,000-ത്തിലേറെ എണ്ണം—യൂറോപ്പിലേക്കു കൊണ്ടുപോയി. അവ ഇപ്പോൾ അമൂല്യമാണ്. ബെനിൻകാരുടെ പുരാതന കലാവസ്തുക്കളുടെ ഏറ്റവും വലിയ ശേഖരങ്ങൾ ഇന്ന് പ്രദർശിപ്പിച്ചിരിക്കുന്നത് നൈജീരിയയിലല്ല, പിന്നെയോ ലണ്ടനിലെയും ബെർലിനിലെയും കാഴ്ചബംഗ്ലാവുകളിലാണ്.
മരക്കൊത്തുപണി ഇന്ന്
ബെനിൻ നഗരം ഇന്ന് നൈജീരിയയിലെ മറ്റു പല നഗരങ്ങളെയും പോലെതന്നെ തിരക്കുപിടിച്ചതാണ്. എങ്കിലും അതിന്റെ മുൻ പ്രതാപം മുഴുവനായും കെട്ടടങ്ങിയിട്ടില്ല. രാജധാനി പുനഃനിർമിക്കപ്പെട്ടു. ഇപ്പോഴത്തെ ഓബാ അവിടെയാണ് വസിക്കുന്നത്. പുരാതന നഗരത്തിനു ചുറ്റുമുണ്ടായിരുന്ന ആഴമുള്ള കിടങ്ങിന്റെ അവശിഷ്ടങ്ങൾ നിങ്ങൾക്കു കാണാൻ കഴിയും. സശ്രദ്ധം കാതോർക്കുന്നെങ്കിൽ ഉളി തടിയിൽ കൊള്ളുന്നതിന്റെ മൃദുവായ ടിക് ടിക് ടിക് ശബ്ദം നിങ്ങൾക്കു കേൾക്കാനാകും.
ജോൺസൻ 20 വർഷമായി ബെനിൻ നഗരത്തിലെ ഒരു മരക്കൊത്തുപണിക്കാരനാണ്. പൊയ്പോയ നൂറ്റാണ്ടുകളിൽ തടിയിലും പിച്ചളയിലും കൊത്തിയുണ്ടാക്കിയ ശിരസ്സുകൾ മരിച്ചുപോയവരുടെ ഓർമ നിലനിർത്തിയിരുന്നു; അവ പൈതൃകാരാധനാവേദികളെ അലങ്കരിച്ചിരുന്നു. എന്നാൽ ജോൺസൻ കൊത്തിയുണ്ടാക്കുന്ന ശിരസ്സുകൾക്ക് മതപരമായ ഉദ്ദേശ്യങ്ങൾക്കായി മുമ്പുപയോഗിച്ചിരുന്നവയോട് സാദൃശ്യമില്ല. അദ്ദേഹം നിർമിക്കുന്ന ശിരസ്സുകൾ അലങ്കാരത്തിനുവേണ്ടി മാത്രമുള്ളവയാണ്.
കൊത്തുപണിക്ക് ജോൺസൻ കരിന്താളിയാണ് ഉപയോഗിക്കുന്നത്. കാഠിന്യമുള്ളതും എളുപ്പത്തിൽ കൊത്താവുന്നതുമായ അതിന്റെ തടി കൊത്തുപണിക്കു പറ്റിയതാണ്. മരത്തിന്റെ കാതൽ അഥവാ അകംതടിയാണ് അദ്ദേഹം കൂടുതലും ഉപയോഗിക്കുന്നത്. മിക്ക നൈജീരിയൻ കരിന്താളികളുടെയും കാതലിന് കരിങ്കറുപ്പുനിറമാണ്. എങ്കിലും നാനാവർണത്തിലുള്ള വരകളോടുകൂടിയതോ ചാമ്പൽനിറംതുടങ്ങി കറുപ്പുവരെ നിറത്തിലുള്ളതോ ആയ കാതലുള്ളവയുമുണ്ട്. അദ്ദേഹം കൊത്തുപണിക്കായി കുറച്ചു വെള്ളയും—പുറംതടി—ഉപയോഗിക്കുന്നു; അതിന്റെ മനോഹരമായ ചെമപ്പു നിറം കറുപ്പു നിറത്തിനു മിഴിവേകുന്നു. പോളിഷു ചെയ്യുമ്പോൾ കരിന്താളിയുടെ ചെമന്ന ഭാഗവും കറുത്ത ഭാഗവും മനോഹരമായി വെട്ടിത്തിളങ്ങുന്നു.
കരിന്താളി നൈജീരിയയിൽ സുലഭമാണ്. മരം വെട്ടിയിട്ട ശേഷം പലപ്പോഴും ഉണങ്ങാനായി ഏതാനും മാസം കാട്ടിൽത്തന്നെയിടുന്നു. കരിന്താളി തടി ശിൽപ്പശാലയിൽ എത്തിച്ചുകഴിഞ്ഞും ഉപയോഗിക്കുന്നതിനു മുമ്പായി ജോൺസൻ അതു പല മാസങ്ങൾ ഉണക്കുന്നു. ഇത് അനിവാര്യമാണ്, എന്തുകൊണ്ടെന്നാൽ ഉണങ്ങിയില്ലെങ്കിൽ തടിയുടെ ആകൃതിക്കു മാറ്റംവരുകയും അതു പൊട്ടുകയും ചെയ്യും.
കൊത്തുപണിക്കു തയ്യാറായിക്കഴിയുമ്പോൾ ജോൺസൻ ഏകദേശം 38 സെൻറിമീറ്റർ നീളമുള്ള ഒരു തടിക്കഷണം കൈവാളുപയോഗിച്ചു മുറിച്ചെടുക്കുന്നു. അതു പൊട്ടുകയില്ലെന്ന് ഉറപ്പുവരുത്താനായി ഒരാഴ്ച കൂടി കാത്തിരുന്നശേഷം അദ്ദേഹം കൊത്തിയുണ്ടാക്കാൻ ആഗ്രഹിക്കുന്ന ശിരസ്സിന്റെ രൂപം ചോക്കുകൊണ്ട് തടിയിൽ വരയ്ക്കുന്നു. പിന്നെ പണി തുടങ്ങുകയായി.
അദ്ദേഹം ആദ്യം ഒരു പരന്ന ഉളിയും പിന്നെ വളഞ്ഞ ഉളിയും അവസാനം കൂർത്ത ഉളിയും ഉപയോഗിക്കുന്നു. അതിനുശേഷം അരമുപയോഗിച്ചു രാകുന്നു. രാകിക്കഴിഞ്ഞ് വിശദമായ കൊത്തുപണി ചെയ്യാൻ അദ്ദേഹം കൊത്തുപണിക്കത്തി ഉപയോഗിക്കുന്നു. പണിസമയത്തു ജോൺസൻ തടിയിൽ പൂർണമായി ശ്രദ്ധകേന്ദ്രീകരിക്കുന്നു. അൽപ്പം ശ്രദ്ധപതറിയാൽ മതി, കോടിമാടിയ ചിരിയോ കോങ്കണ്ണോ ഉള്ള ഒരു ശിൽപ്പമായിരിക്കും രൂപംകൊള്ളുക.
കൊത്തുപണി കഴിയുമ്പോൾ ജോൺസന്റെ ശിഷ്യർ തടിക്കഷണം സാൻഡ്പേപ്പറിടുന്നു. ആദ്യം പരുപരുപ്പു കൂടിയ സാൻഡ്പേപ്പറും പിന്നെപ്പിന്നെ പരുപരുപ്പു കുറഞ്ഞ സാൻഡ്പേപ്പറുകളുമാണ് ഉപയോഗിക്കുന്നത്. ഒടുവിൽ ഫർണിച്ചർ പോളിഷോ ഷൂ പോളിഷോ തേച്ചുപിടിപ്പിച്ചശേഷം ഷൂ ബ്രഷുകൊണ്ട് മിനുസപ്പെടുത്തുന്നു. ചിത്രത്തിൽ കാണുന്നതുപോലുള്ള ഒരു മരശിരസ്സ് കൊത്തിയുണ്ടാക്കാൻ രണ്ടു ദിവസമെടുക്കും. സാൻഡ്പേപ്പറിടാനും പോളിഷു ചെയ്യാനും വേറേ മൂന്നു ദിവസം കൂടെ വേണ്ടിവരും.
കൊത്തുപണി കഴിഞ്ഞ് ജോൺസൻ ശിൽപ്പത്തിന് പൊട്ടലുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനായി രണ്ടു മാസത്തേക്ക് അത് അനക്കാതെ വെക്കുന്നു. കൊത്തുപണി തുടങ്ങുന്നതിനു മുമ്പ് തടി നന്നായി ഉണങ്ങിയതാണെങ്കിൽ പൊട്ടലൊന്നും ഉണ്ടാകുകയില്ല. സാധാരണഗതിയിൽ ഉണ്ടാകാറില്ല. പൊട്ടലുണ്ടാകുന്ന പക്ഷം ശിൽപ്പത്തെ തിരിച്ച് ശിൽപ്പശാലയിലേക്കു കൊണ്ടുപോയി അതിന്റെ വിള്ളലടച്ച്, സാൻഡ്പേപ്പറിട്ട്, വീണ്ടും പോളിഷു ചെയ്യുന്നു.
കൊത്തുപണി എന്ന കല അഭ്യസിക്കൽ
ജോൺസന്റെ കീഴിൽ ആറു പേർ തൊഴിൽ പരിശീലിക്കുന്നുണ്ട്. അവർ 10 മുതൽ 18 വരെ വയസ്സുള്ളവരാണ്. അവർ കൊത്തുപണി പഠിക്കുന്നത് മുന്നിൽനിന്നു പിന്നിലേക്കാണ്, അതായത് അവസാനത്തെ ജോലിയാണ് ആദ്യം പഠിക്കുന്നത്. അങ്ങനെയാകുമ്പോൾ തൊഴിൽ പരിശീലിക്കുന്ന ഒരാൾ ആദ്യം പഠിക്കുന്നത് പോളിഷു ചെയ്യാനാണ്. പിന്നെ അയാൾ സാൻഡ്പേപ്പറിടാൻ പഠിക്കുന്നു. അതിനുശേഷം അരം ഉപയോഗിക്കുന്ന വിധം തൊഴിൽ പരിശീലകൻ അയാൾക്കു കാണിച്ചുകൊടുക്കുന്നു. ഒടുവിൽ അയാൾ ഒരു പരന്ന ഉളിയെടുത്ത് ഒരു പുതിയ തടിക്കഷണത്തിൽ ആദ്യമായി കൊത്തുന്ന ദിവസം വന്നെത്തുന്നു.
“എല്ലാവർക്കും ഒരു കൊത്തുപണിക്കാരനാകാൻ കഴിയില്ല. ആദ്യമുണ്ടായിരിക്കേണ്ടത് അഭിരുചിയും ഏകാഗ്രതയുമാണ്. പുരോഗതിയുടെ കാര്യത്തിൽ ക്ഷമയുള്ളവരായിരിക്കാനും തോൽവികളുമായി പൊരുത്തപ്പെടാനും നിങ്ങൾ പഠിക്കേണ്ടതുണ്ട്. സ്ഥിരോത്സാഹവും ആവശ്യമാണ്, എന്തുകൊണ്ടെന്നാൽ ഒരു നല്ല കൊത്തുപണിക്കാരനാകാൻ മൂന്നു വർഷമെങ്കിലും എടുക്കും. എന്നാൽ അവിടംകൊണ്ടവസാനിക്കുന്നില്ല—പഠനം ഒരിക്കലും പൂർത്തിയാകുന്നില്ല. കൊത്തുപണി ചെയ്യുന്തോറും നിങ്ങളുടെ കഴിവു മെച്ചപ്പെട്ടുവരുന്നു,” ജോൺസൻ പറയുന്നു.
[20-ാം പേജിലെ ചതുരം/ചിത്രം]
ചിതലും മരക്കൊത്തുപണിക്കാരനും
ആഫ്രിക്കൻ കലയ്ക്ക് ചിതലിനോടു കടപ്പാടുണ്ടെന്ന് ചിലർ പറയാറുണ്ട്. മരക്കൊത്തുപണിക്കാരൻ ഒരു ശിൽപ്പം നിർമിക്കുന്നു, ചിതൽ അതു നശിപ്പിക്കുന്നു (ഉഷ്ണമേഖലാ കാലാവസ്ഥയും ഇതിൽ കുറച്ചൊക്കെ അതിനെ സഹായിക്കുന്നു), ചിലപ്പോൾ ഏതാനും ദിവസങ്ങൾകൊണ്ട്! നൂറ്റാണ്ടുകളായി മരക്കൊത്തുപണിക്കാരനെ ചിതൽ തിരക്കുള്ളവനാക്കി നിർത്തിയിട്ടുണ്ട്. അത് അനന്തവും നിർമാണാത്മകവുമായ ഒരു പരിവൃത്തിയായിരുന്നിട്ടുണ്ട്: ചിതൽ നശിപ്പിക്കുന്നു, കൊത്തുപണിക്കാരൻ വീണ്ടും പുതിയതുണ്ടാക്കുന്നു. വൈദഗ്ധ്യം മെച്ചപ്പെടുത്താനും ഭാവനാത്മകമായ പുതിയ ശൈലികൾ വികസിപ്പിക്കാനും ഇത് അവസരങ്ങൾ പ്രദാനം ചെയ്യുന്നു.
ആഫ്രിക്കൻ കിങ്ഡംസ് എന്ന പുസ്തകം ഇപ്രകാരം പ്രസ്താവിക്കുന്നു: “പൂപ്പും ഉത്സാഹിയായ ചിതലും പഴയ കൊത്തുപണികൾ വരും തലമുറകളുടെ കൊത്തുപണിയെ സ്വാധീനിക്കുന്നതിനുള്ള എല്ലാ സാധ്യതകളെയും പാടേ നീക്കംചെയ്തു. തത്ഫലമായി, പുതിയ കൊത്തുപണികൾ വീണ്ടും ആവശ്യമായി വന്നപ്പോൾ വ്യത്യസ്ത രൂപത്തിലുള്ളവ നിർമിക്കുന്നതിനു കൂടുതലായ അവസരം ലഭിച്ചു; അനുകരണത്തെ വളരെയധികം ആശ്രയിക്കാതെ വ്യക്തികളുടെ വൈദഗ്ധ്യത്തെയും ഭാവനയെയും ആശ്രയിച്ച് ശിൽപ്പങ്ങളുണ്ടാക്കി.”
ഈ ആഫ്രിക്കൻ കലയെ ഇത്രയേറെ പ്രശസ്തമാക്കിയ കലാ മികവിനു കാരണം ചിതലും മരക്കൊത്തുപണിക്കാരനും തമ്മിലുള്ള ഈ ബന്ധമാണെന്നു ചിലർ പറയാറുണ്ട്. നൈജീരിയൻ ഇമേജസ് എന്ന തന്റെ പുസ്തകത്തിൽ പണ്ഡിതനായ വില്യം ഫാഗ് ഇങ്ങനെ പ്രസ്താവിക്കുന്നു: “നമുക്ക് . . . ചിതലിനു ബഹുമതി കൊടുക്കാം. അതിന്റെ മിക്ക പ്രവർത്തനങ്ങളും മനുഷ്യന് വിനാശകരമാണെങ്കിലും നൂറ്റാണ്ടുകളായി, അതേ സഹസ്രാബ്ദങ്ങളായി, അത് ഉഷ്ണമേഖലാ മരക്കൊത്തുപണിക്കാരനുമായി വളരെയധികം ഉത്പാദനക്ഷമവും വിട്ടുപിരിയാത്തതുമായ ബന്ധം പുലർത്തിയിരിക്കുന്നു.”
[ചിത്രത്തിന് കടപ്പാട്]
Courtesy of Dr. Richard Bagine
[19-ാം പേജിലെ ചിത്രങ്ങൾ]
ഒരു ശിൽപ്പം കൊത്തിയുണ്ടാക്കൽ:
1. ഏറ്റവും നല്ല തടിക്കഷണം തിരഞ്ഞെടുക്കുന്നു,
2. കൊത്തിയുണ്ടാക്കേണ്ട ശിരസ്സിന്റെ രൂപം വരയ്ക്കുന്നു,
3. ഉളി ഉപയോഗിക്കുന്നു, 4. സാൻഡ്പേപ്പറിടുന്നു, 5. പോളിഷു ചെയ്യുന്നു