“നമ്മുടെ അന്നന്നുള്ള അപ്പം”
“ഞങ്ങളുടെ അന്നന്നുള്ള അപ്പം ഞങ്ങൾക്ക് ഇന്നു തരേണമേ.” കർത്താവിന്റെ പ്രാർത്ഥന എന്നു വിളിക്കപ്പെടുന്ന ഏതു കാലത്തും ഉച്ചരിക്കപ്പെട്ടിട്ടുള്ള ഏററവുമധികം അറിയപ്പെടുന്ന പ്രാർത്ഥനയുടെ ഒരു ഭാഗമാണ് അത്. (മത്തായി 6:9, 11, കിംഗ് ജെയിംസ് വേർഷൻ) പണ്ടു യേശുവിന്റെ കാലത്തു ഇസ്രയേലിലെ പ്രധാന ആഹാരം അപ്പമായിരുന്നു. ശാരീരിക പോഷണത്തിന്റെ ഒരു പ്രതീകമായി അതിനു വർത്തിക്കാൻ കഴിഞ്ഞു.
ഇന്നു ലോകത്തിന്റെ അനേകം ഭാഗങ്ങളിലും അപ്പം ഭക്ഷണക്രമത്തിൽ മുഖ്യപങ്കു വഹിക്കുന്നില്ല. മിക്കപ്പോഴും നമ്മുടെ അന്നന്നുള്ള അപ്പം ഭക്ഷണത്തിന്റെ ഒരു ഉപവിഭവം മാത്രമാണ്. എന്നിരുന്നാലും ലോകത്തുടനീളം ലക്ഷക്കണക്കിനു ജീവിതങ്ങളിൽ അപ്പം ഒരു പ്രധാന പങ്കു വഹിക്കുന്നു.
മെക്സിക്കോയിലെ വീട്ടമ്മമാർ റേറാർട്ടില്ല എന്നു വിളിക്കപ്പെടുന്ന കട്ടികുറഞ്ഞ അപ്പക്കഷണങ്ങൾ ഉണ്ടാക്കുന്നു. എത്യോപ്യയിൽ സ്ത്രീകൾ സൂപ്പുപോലുള്ള ദ്രാവകം ചൂടായ ദോശക്കല്ലിൽ വൃത്താകാരത്തിൽ ഒഴിച്ചുകൊണ്ടു ലളിതമായതരം അപ്പം ഉണ്ടാക്കുന്നു. പാശ്ചാത്യനാടുകളിൽ ആകൃതികളുടെയും വലിപ്പത്തിന്റെയും അമ്പരപ്പിക്കുന്ന ഒരു വൈവിധ്യത്തിൽ അപ്പം ഉണ്ടാക്കുന്നു. ഭവനനിർമ്മിത ഇനങ്ങൾകൊണ്ട് ആ നാടുകളിലെ വീട്ടമ്മമാർ തങ്ങളുടെ കുടുംബങ്ങളെ സന്തോഷിപ്പിക്കുന്നു.
അടുപ്പിൽനിന്നു ചൂടോടെ എടുക്കുന്ന അപ്പത്തിന്റെ പരിമളത്താൽ ആരാണു വശീകരിക്കപ്പെടാത്തത്? ആ സുഗന്ധത്തിനു വഴിപോക്കനെ കടയിലേക്കാകർഷിക്കാൻ കഴിയും. അത് അനേകർക്കു ഭവനത്തിന്റെയും ശൈശവത്തിലെ സുരക്ഷിതത്വത്തിന്റെയും ഊഷ്മളമായ ഓർമ്മയെ അനുസ്മരിപ്പിക്കുന്നു.
അപ്പനിർമ്മാണത്തിന്റെ കല ആർ കണ്ടുപിടിച്ചു എന്ന് അറിവില്ല. ഉല്പത്തി 3:19-ൽ ആദ്യ മാനുഷിക പാപികളോട് ഇങ്ങനെ പറയപ്പെട്ടു: “നീ നിലത്തേക്കു മടങ്ങുന്നതുവരെ നീ നിന്റെ മുഖത്തെ പൊടികൊണ്ട് അപ്പം ഭക്ഷിക്കും.” [NW] വ്യക്തമായും, പൊതുവിൽ ഭക്ഷണത്തിന്റെ ഒരു പ്രതീകമായി “അപ്പം” എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നു. മെൽക്കീസെദക്ക് ഗോത്രപിതാവായ അബ്രഹാമിനെ അനുഗ്രഹിക്കാൻ വന്നപ്പോൾ അവൻ “അപ്പവും വീഞ്ഞും കൊണ്ടുവന്ന”തായി നാം ഉല്പത്തി 14:18, 19-ൽ വായിക്കുന്നു. പുരാതന കാലത്തെ ജനങ്ങളുടെ പ്രധാനഭക്ഷണമായി വർത്തിച്ച ഒരുതരം അപ്പത്തെ ഇതു പരാമർശിച്ചുവെന്നതിനു യാതൊരു സംശയവും ഇല്ല. മദ്ധ്യപൂർവ്വദേശത്തെ ചില ഭാഗങ്ങളിൽ അപ്പം അങ്ങനെതന്നെ തുടരുന്നു.
പുരാതന ഈജിപ്ററിനു വാണിജ്യ അപ്പനിർമ്മാതാക്കൾ ഉണ്ടായിരുന്നു. പിന്നീടുള്ള രാഷ്ട്രങ്ങളായ ഗ്രീസിലും റോമിലും അങ്ങനെയുള്ളവർ ഉണ്ടായിരുന്നു. പത്തൊൻപതാം നൂററാണ്ടിന്റെ അവസാനത്തോടെ വ്യവസായ വിപ്ലവം പൂർണ്ണമായും പ്രവർത്തനനിരതമായിരുന്നു. അപ്പനിർമ്മാണം ഭവനങ്ങളിൽനിന്നും വമ്പിച്ച ഉത്പാദനത്തിനു ഫാക്ടറികളിലേക്കു നീങ്ങുകയായിരുന്നു. ധാരാളം കണ്ടുപിടിത്തങ്ങൾ ഈ ഉത്പാദന ആവശ്യങ്ങളെ സഹായിച്ചു: കുഴയ്ക്കൽ യന്ത്രങ്ങൾ, ചെയിൻ കൺവെയറുകൾ, യാന്ത്രിക അപ്പനിർമ്മാണ അടുപ്പുകൾ, അതുപോലെതന്നെ അരിയാനും പൊതിയാനുമുള്ള യന്ത്രങ്ങൾ. അപ്പനിർമ്മാണം ഭവനകലയിൽനിന്നും വാണിജ്യശാസ്ത്രത്തിലേക്കു വികസിച്ചു.
വ്യവസായവത്കൃത നാടുകളിൽ ചെലവാകുന്ന അപ്പത്തിന്റെ അധികപങ്കും, ഏററവും അധികമല്ലെങ്കിലും, വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതാണ്. അനേകം സംസ്കാരങ്ങളിലും അടുക്കളിയിലെ പ്രധാനപ്പെട്ട ഒരു ഭാഗമായി അതു തുടരുന്നു. മൊരിഞ്ഞ ഇററാലിയൻ റൊട്ടിയില്ലാത്ത ഒരു സ്പഗററി അത്താഴം എങ്ങനെയുള്ളതാണ്? അല്ലെങ്കിൽ ഞറുഞറയുള്ള യവയപ്പമില്ലാതെയുള്ള ഹൃദയഹാരിയായ ഉപ്പിലിട്ട ജർമ്മൻ മൊട്ടക്കോസ് വിഭവത്തേക്കുറിച്ചു ചിന്തിക്കുക! ഒരു തണുത്ത ശൈത്യകാലപ്രഭാതത്തിൽ പാൻകേക്കുകൾ തിന്നാതിരിക്കാൻ ആർക്കു കഴിയും? പാൻകേക്കുകൾ ചോളം കൊണ്ടോ ഗോതമ്പുകൊണ്ടോ ബക്ക് ഗോതമ്പുപൊടികൊണ്ടോ പെട്ടെന്നു ചുട്ടെടുക്കുന്നതാണ്.
പാശ്ചാത്യ നാടുകളിൽ വളരെ ജനപ്രീതിയുള്ള ഒരുതരം അപ്പമാണ് ഇററാലിയൻ പിററ്സയിൽ ഉപയോഗിക്കുന്നത്. അതു പാകം ചെയ്യുന്നതു കാണാനും വളരെ ആസ്വാദ്യമാണ്; ഒരു പിററ്സ അപ്പക്കാരൻ ഒരു സർക്കസ് അഭ്യാസിയുടെ മികവോടെ കുഴച്ച മാവിന്റെ ഒരു പാളി തന്റെ തലയ്ക്കുമീതെ ചുഴററുന്നതു മുതിർന്നവർപോലും ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ നോക്കിനിന്നുപോകും.
എല്ലാവർക്കും എന്തെങ്കിലും ഒന്നുണ്ടോ? ഉവ്വ്, തീർച്ചയായും! അപ്പം ആസ്വദിക്കാനുള്ള ഏററവും മികച്ച വിധങ്ങളിൽ ഒന്നു നിങ്ങൾതന്നെ അപ്പമുണ്ടാക്കി ഒന്നു പരീക്ഷിച്ചുനോക്കുന്നതാണ്. നേരിട്ടു ചെയ്യുന്നതിൽനിന്നും ഉളവാകുന്ന സംതൃപ്തിയിൽ നിങ്ങൾതന്നെ അത്ഭുതപ്പെട്ടേക്കാം. അലക്കുമുറിയിലോ ചുരണ്ടിതേക്കുന്ന ബക്കററിലോ കണ്ടെത്താൻ കഴിയാത്ത നിർമ്മാണാത്മക നേട്ടത്തിന്റെ ഒരു വികാരം അത് ഒരു വീട്ടമ്മയ്ക്കു കൈവരുത്തിയേക്കാം.
പാശ്ചാത്യദേശങ്ങളിൽ പ്രസിദ്ധമായ യീസ്ററിട്ടു വീർപ്പിച്ച അപ്പം ഉണ്ടാക്കാൻ ഇതോടൊപ്പം കൊടുത്തിരിക്കുന്ന പാചകവിധി നിങ്ങളെ സഹായിക്കും. ചേരുവകൾ അളന്നെടുക്കുന്നതും കൂട്ടിക്കലർത്തുന്നതും രസകരമാണ്. മാവു കുഴയ്ക്കുന്നത് എല്ലാത്തരം നിരാശകളുടെയും ഒരു ആരോഗ്യാവഹമായ ബഹിർഗമനമായിരിക്കാൻ കഴിയും! അപ്പം പൊന്തിവരുന്നത് അപ്പനിർമ്മാണത്തിലെ മനോജ്ഞമായ ഒരു വശമാണ്. പുളിപ്പു നിമിത്തമാണ് പൊങ്ങിവരുന്നത്. മാവിനോടുകൂടി യീസ്ററു ചേർക്കുമ്പോൾ അതിനെ ദ്വാരങ്ങൾ നിറഞ്ഞതാക്കിക്കൊണ്ടു യീസ്ററ് കാർബൺ ഡൈഓക്സൈഡ് ഉത്പാദിപ്പിക്കുന്നു. ഇനി മാവ് ഇടിച്ച് റൊട്ടികളുടെ ആകൃതിയിൽ ഉണ്ടാക്കുന്നു. ചുട്ടെടുക്കുന്നതിനു മുമ്പായി അത് അപ്പപ്പാത്രങ്ങളിൽ പൊങ്ങിവരാൻ അനുവദിക്കുന്നു. ഈ റൊട്ടികൾ അടുപ്പിൽ വയ്ക്കുന്നു—എന്തൊരു വിസ്മയകരമായ പരിമളമാണ് നിങ്ങളുടെ ഭവനത്തെ നിറയ്ക്കുന്നത്! ഏററവും ഉത്തമം അതു രുചിച്ചുനോക്കലാണ്. കടകളിൽനിന്നും വാങ്ങുന്ന അപ്പത്തിലേക്കു മടങ്ങിപ്പോകാൻ വിഷമമുള്ളതായി നിങ്ങൾ കണ്ടെത്തിയേക്കാം. ഒരിക്കൽ അപ്പമുണ്ടാക്കുന്ന വിദ്യ പിടികിട്ടിയാൽ ഗോതമ്പ്, യവം, വരകുധാന്യം, ചോളം, അരി, ഉരുളക്കിഴങ്ങ്, അല്ലെങ്കിൽ സോയാബീൻ എന്നിവയുടെ വ്യത്യസ്ത പൊടികൾകൊണ്ടു പരീക്ഷണം നടത്താൻ നിങ്ങൾ പ്രേരിതനായേക്കാം.
വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന വിവിധതരം അപ്പം വാങ്ങുന്നതു നിങ്ങൾക്ക് എളുപ്പമായിരിക്കാമെന്നതു സത്യംതന്നെ. എന്നാൽ നിങ്ങളുടെ സന്തോഷം അപ്പം നിർമ്മിക്കുന്നതിലായാലും അതു തിന്നുന്നതിലായാലും, അതു നിങ്ങളുടെ ഭക്ഷണക്രമത്തിലെ ഒരു മുഖ്യഭാഗമായിരുന്നലും ചെറിയ ഭാഗമായിരുന്നാലും അപ്പത്തെ കുറഞ്ഞ വിലമതിപ്പോടെ വീക്ഷിക്കരുത്. “നമ്മുടെ അന്നന്നുള്ള അപ്പം” തരുന്നതു യഹോവയാണ്!
[28-ാം പേജിലെചതുരം/ചിത്രം]
അപ്പത്തിന്റെ പാചകവിധി
ഒരു കഷണം യീസ്ററ് (അല്ലെങ്കിൽ 3 പാക്കററ് ഉണങ്ങിയ യീസ്ററ്) നാലു കപ്പു ചൂടുവെള്ളത്തിൽ ലയിപ്പിക്കുക
അഞ്ചു കപ്പ് മാവ് (മുഴുവൻ ഗോതമ്പോ വെള്ളഗോതമ്പോ) ചേർത്ത് ഇളക്കുക
ചൂടുള്ള ഒരു സ്ഥലത്ത് അതിന്റെ ഇരട്ടി വലിപ്പമായി പൊങ്ങിവരാൻ അനുവദിക്കുക
രണ്ടു ടീസ്പൂൺ ഉപ്പും 1⁄2 കപ്പ് പഞ്ചസാരയും 1⁄2 കപ്പ് അരിഞ്ഞ പച്ചക്കറിയും ചേർക്കുക
നന്നായി കൂട്ടിക്കലർത്തുക
മാവു കട്ടിയുള്ളതാക്കാൻ ഏകദേശം 4 കപ്പ് മാവുകൂടെ ചേർക്കുക
മാവുപൊടിയിട്ട പ്രതലത്തിൽ 15 മിനിട്ടുനേരം കുഴയ്ക്കുക
എണ്ണ പുരട്ടിയ ഒരു പാത്രത്തിൽവച്ച് അതിന്റെ ഇരട്ടിയായി പൊങ്ങിവരാൻ അനുവദിക്കുക
ലഘുവായി കുഴച്ച് 4 റൊട്ടിയായി രൂപപ്പെടുത്തുക
എണ്ണതേച്ച പരന്ന പാത്രത്തിൽ ഏതാനും മിനിററുകൾ വച്ച് പൊങ്ങിവരാൻ അനുവദിക്കുക
ഒരു മണിക്കൂർനേരം 163 ഡിഗ്രി ചൂടിൽ ചുട്ടെടുക്കുക