യേശുവിന്റെ ജീവിതവും ശുശ്രൂഷയും
യേശു—“സ്വർഗ്ഗത്തിൽനിന്നുള്ള യഥാർത്ഥ അപ്പം”
ആ ദിവസം യഥാർത്ഥത്തിൽ സംഭവബഹുലമായിരുന്നു. യേശു അത്ഭുതകരമായി ആയിരങ്ങളെ പോഷിപ്പിക്കുകയും പിന്നീട് അവനെ രാജാവാക്കാനുള്ള ആളുകളുടെ ശ്രമത്തിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു. ആ രാത്രി അവൻ കൊടുങ്കാററിനാൽ ഇളകിമറിഞ്ഞുകൊണ്ടിരുന്ന ഗലീലക്കടലിനു കുറുകെ നടക്കുകയും കാററിനാൽ പ്രക്ഷുബ്ധമായ വെള്ളത്തിലൂടെ നടന്നപ്പോൾ മുങ്ങാൻ തുടങ്ങിയ പത്രോസിനെ രക്ഷിക്കുകയും അവന്റെ ശിഷ്യൻമാരെ കപ്പൽച്ചേതത്തിൽനിന്ന് രക്ഷിക്കാൻവേണ്ടി തിരമാലകളെ ശാന്തമാക്കുകയും ചെയ്തു.
യേശു ഗലീലക്കടലിന്റെ വടക്കുകിഴക്കുവെച്ച് അത്ഭുതകരമായി പോഷിപ്പിച്ച ആളുകൾ അടുത്ത ദിവസം അവനെ കഫർന്നഹൂമിനടുത്തു കാണുന്നു. യേശു അവരെ ശകാരിച്ചുകൊണ്ട് അവർ മറെറാരു സൗജന്യഭക്ഷണം പ്രതീക്ഷിക്കുന്നതുകൊണ്ടാണ് അവനെ അന്വേഷിച്ചുവന്നതെന്ന് പറയുന്നു. നശിച്ചുപോവുന്ന ആഹാരത്തിനുവേണ്ടിയല്ല നിത്യജീവനുവേണ്ടി നിലനിൽക്കുന്ന ആഹാരത്തിനുവേണ്ടി പ്രവർത്തിക്കാൻ അവൻ അവരെ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് ആളുകൾ, “ഞങ്ങൾ ദൈവത്തിന്റെ പ്രവൃത്തികളെ ചെയ്യേണ്ടതിന് എന്തു ചെയ്യണം?” എന്നു അന്വേഷിക്കുന്നു.
യേശു ഏററവും മൂല്യമുള്ള ഒരു പ്രവൃത്തിമാത്രം പറയുന്നു. “ദൈവത്തിന്റെ പ്രവൃത്തി ഇതാണ്,” അവൻ വിശദീകരിക്കുന്നു, “ആ ഒരുവൻ അയച്ചവനിൽ നിങ്ങൾ വിശ്വാസം പ്രകടമാക്കുന്നത്.”
എന്നിരുന്നാലും യേശു ചെയ്ത അത്ഭുതങ്ങൾ എല്ലാമുണ്ടായിരുന്നിട്ടും ആളുകൾ അവനിൽ വിശ്വാസം പ്രകടമാക്കുന്നില്ല. തലേദിവസം അവൻ അത്ഭുതകരമായി 5,000 പുരുഷൻമാരെയും കൂടാതെ സ്ത്രീകളെയും കുട്ടികളെയും പോഷിപ്പിച്ചിട്ടും അവർ ഇപ്പോൾ അവിശ്വാസപൂർവം ഇപ്രകാരം ചോദിക്കുന്നു: “ഞങ്ങൾ കണ്ടു നിന്നിൽ വിശ്വസിക്കേണ്ടതിന് ഒരു അടയാളമായി നീ എന്താണ് ചെയ്യുന്നത്? നീ എന്തു പ്രവൃത്തിയാണ് ചെയ്യുന്നത്? ‘ഭക്ഷിക്കേണ്ടതിന് അവൻ അവർക്ക് സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം കൊടുത്തു’ എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ ഞങ്ങളുടെ പൂർവപിതാക്കൻമാർ മരുഭൂമിയിൽ വെച്ച് മന്നാ തിന്നു.”
ഒരു അടയാളത്തിനുവേണ്ടിയുള്ള അവരുടെ അഭ്യർത്ഥനക്ക് പ്രതികരണമായി യേശു ഇപ്രകാരം പറഞ്ഞുകൊണ്ട് അത്ഭുതകരമായ കരുതലുകളുടെ ഉറവിടത്തെ വ്യക്തമാക്കുന്നു: “മോശ നിങ്ങൾക്ക് സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം തന്നില്ല, എന്നാൽ എന്റെ പിതാവ് നിങ്ങൾക്ക് സ്വർഗ്ഗത്തിൽനിന്നുള്ള യഥാർത്ഥ അപ്പം തരികതന്നെ ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ അപ്പം സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന് ലോകത്തിന് ജീവൻ കൊടുക്കുന്നവനാകുന്നു.”
“കർത്താവേ,” ആളുകൾ പറയുന്നു, “ഞങ്ങൾക്ക് ഈ അപ്പം എല്ലായ്പ്പോഴും തരേണമേ.”
“ജീവന്റെ അപ്പം ഞാനാകുന്നു,” യേശു വിശദീകരിക്കുന്നു. “എന്റെ അടുക്കൽ വരുന്നവന് ഒരിക്കലും വിശക്കയില്ല, എന്നിൽ വിശ്വാസംപ്രകടമാക്കുന്നവന് ഒരിക്കലും അശേഷം ദാഹിക്കുകയുമില്ല. എന്നാൽ നിങ്ങൾ എന്നെ കണ്ടിരിക്കുന്നുവെങ്കിലും എന്നിൽ വിശ്വസിക്കുന്നില്ല എന്ന് ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു. എന്റെ പിതാവ് എനിക്കു തരുന്നതു എല്ലാം എന്റെ അടുക്കൽ വരും, എന്റെ അടുക്കൽ വരുന്നവനെ ഞാൻ യാതൊരു പ്രകാരത്തിലും ഓടിച്ചുകളയുകയില്ല; എന്തുകൊണ്ടെന്നാൽ ഞാൻ എന്റെ ഇഷ്ടം ചെയ്യാനല്ല, എന്നാൽ എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യാനാണ് സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത്. അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ നഷ്ടപ്പെടുത്താതെ എല്ലാം ഒടുവിലത്തെ നാളിൽ ഉയർത്തെഴുന്നേൽപ്പിക്കണം എന്നാണ് എന്നെ അയച്ചവന്റെ ഇഷ്ടം. എന്തുകൊണ്ടെന്നാൽ പുത്രനെ ശ്രദ്ധിച്ച് അവനിൽ വിശ്വാസംപ്രകടിപ്പിക്കുന്ന എല്ലാവർക്കും നിത്യജീവൻ ഉണ്ടാകണം എന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം.”
“ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന അപ്പമാകുന്നു” എന്ന് യേശു പറഞ്ഞതിനാൽ യഹൂദൻമാർ അവനെക്കുറിച്ച് പിറുപിറുക്കാൻ തുടങ്ങി. അവർ അവനിൽ മാനുഷ മാതാപിതാക്കളിൽനിന്നുള്ള ഒരു പുത്രനേക്കാൾ അധികമായി യാതൊന്നും കാണുന്നില്ല, അതുകൊണ്ട് നസറേത്തിലെ ആളുകളെപ്പോലെതന്നെ എതിർക്കുന്നു: “ഇവൻ യോസേഫിന്റെ പുത്രനായ യേശുവല്ലയോ, അവന്റെ അപ്പനെയും അമ്മയെയും നാം അറിയുകയില്ലേ? പിന്നെ ‘ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു’ എന്ന് അവൻ പറയുന്നതെങ്ങനെ?”
യേശു പ്രതിവചിക്കുന്നു: “നിങ്ങൾ തമ്മിൽ പിറുപിറുക്കുന്നതു നിർത്തുക, എന്നെ അയച്ച എന്റെ പിതാവ് ആകർഷിക്കാതെ ഒരു മനുഷ്യനും എന്റെ അടുക്കൽ വരാൻ കഴിയുകയില്ല; ഞാൻ അവസാനനാളിൽ അവനെ ഉയർത്തെഴുന്നേൽപ്പിക്കും. ‘എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവർ ആകും’ എന്ന് പ്രവാചകപുസ്തകങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നു. പിതാവിൽനിന്നു കേട്ടുപഠിച്ചവർ എല്ലാവരും എന്റെ അടുക്കൽ വരുന്നു. ദൈവത്തിൽനിന്നു വന്നിട്ടുള്ളവൻ അല്ലാതെ ഏതെങ്കിലും മനുഷ്യൻ പിതാവിനെ കണ്ടിട്ടുണ്ട് എന്നല്ല; ഈ ഒരുവൻ പിതാവിനെ കണ്ടിട്ടുണ്ട്. ഏററവും സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്.”
തുടർന്ന് യേശു ഇപ്രകാരം ആവർത്തിക്കുന്നു: “ഞാൻ ജീവന്റെ അപ്പം ആകുന്നു. നിങ്ങളുടെ പൂർവപിതാക്കൻമാർ മരുഭൂമിയിൽവെച്ച് മന്നാ തിന്നിട്ടും മരിച്ചു. ഇത് സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുന്ന അപ്പം ആകുന്നു, അതുകൊണ്ട് ഇതു തിന്നുന്ന ഒരുവനും മരിക്കയില്ല. ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും.” ഉവ്വ്, ദൈവം അയച്ച ഒരുവനായ യേശുവിൽ വിശ്വാസം പ്രകടമാക്കിക്കൊണ്ട് ആളുകൾക്ക് നിത്യജീവൻ പ്രാപിക്കാൻ കഴിയും. മന്നായ്ക്കൊ അല്ലെങ്കിൽ അത്തരം മററു യാതൊരു അപ്പത്തിനൊ അതു പ്രദാനം ചെയ്യാൻ കഴികയില്ല!
സാദ്ധ്യതയനുസരിച്ച് സ്വർഗ്ഗത്തിൽനിന്നുള്ള അപ്പത്തേക്കുറിച്ചുള്ള ചർച്ച ആളുകൾ യേശുവിനെ കഫർന്നഹൂമിനു സമീപം കണ്ടെത്തിയശേഷം താമസിയാതെ തുടങ്ങി. എന്നാൽ പിന്നീട് യേശു കഫർന്നഹൂമിലെ ഒരു സിന്നഗോഗിൽ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഒരു പാരമ്യത്തിലെത്തുന്നതുവരെ അത് തുടർന്നുകൊണ്ടിരുന്നു. യോഹന്നാൻ 6:26-51, 59; സങ്കീർത്തനം 78:24; യെശയ്യാവ് 54:13; മത്തായി 13:55-57.
◆ ഏതു സംഭവങ്ങൾ സ്വർഗ്ഗത്തിൽനിന്നുള്ള അപ്പത്തേക്കുറിച്ചുള്ള യേശുവിന്റെ ചർച്ചക്കു മുമ്പു നടന്നു?
◆ യേശു അൽപ്പം മുമ്പു ചെയ്തുകഴിഞ്ഞതിന്റെ വീക്ഷണത്തിൽ ഒരു അടയാളത്തിനുവേണ്ടിയുള്ള അപേക്ഷ അത്യന്തം അനുചിതമായിരിക്കുന്നതെന്തുകൊണ്ട്?
◆ യേശു സ്വർഗ്ഗത്തിൽനിന്നുള്ള യഥാർത്ഥ അപ്പം ആണെന്നുള്ള അവന്റെ അവകാശവാദത്തെസംബന്ധിച്ച് യഹൂദൻമാർ പിറുപിറുക്കുന്നതെന്തുകൊണ്ട്?
◆ സ്വർഗ്ഗത്തിൽനിന്നുള്ള അപ്പത്തേക്കുറിച്ചുള്ള ചർച്ച എവിടെവെച്ച് നടന്നു? (w87 10⁄1)