ലോകത്തെ വീക്ഷിക്കൽ
ഹൃദ്രോഗത്തിന് ഒടുക്കേണ്ടിവരുന്ന വില
ലോകവ്യാപക മരണങ്ങളിൽ ഏകദേശം നാലിലൊന്നിന് ഇടയാക്കുന്ന ഹൃദയസംബന്ധമായ രോഗങ്ങളാണ് (CVD) മനുഷ്യവർഗ്ഗത്തിന്റെ ഏററവും വലിയ കൊലയാളികൾ. WHO (ലോകാരോഗ്യ സംഘടന) 1992-ൽ പ്രസിദ്ധപ്പെടുത്തിയ 1991 വേൾഡ് ഹെൽത്ത് സ്ററാററിസ്ററിക്സ് ആനുവൽ അപ്രകാരം പ്രസ്താവിക്കുന്നു. ആയിരത്തിതൊള്ളായിരത്തി എൺപതുകളിൽ ഒരു ശ്രദ്ധേയമായ കുറവു കണ്ടെങ്കിലും ആസ്ട്രേലിയ, കാനഡ, ജപ്പാൻ, ഐക്യനാടുകൾ എന്നിങ്ങനെയുള്ള വികസിത രാഷ്ട്രങ്ങളിൽ CVD മൊത്തം മരണങ്ങളുടെ ഏതാണ്ടു പകുതിക്കും കാരണമാകുന്നു. വികസ്വരരാഷ്ട്രങ്ങളിൽ മൊത്തം മരണങ്ങളുടെ 16 ശതമാനം മാത്രമേ CVD നിമിത്തമുണ്ടാകുന്നുള്ളു. എന്നിരുന്നാലും, WHO പറയുന്നതനുസരിച്ച്, “പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പകർച്ചവ്യാധിയുടെ ലക്ഷണങ്ങളുണ്ട് . . . CVD വികസ്വരലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വർദ്ധിച്ചുവരുന്നു.”
അസഹിഷ്ണുതയുള്ള അയൽക്കാർ
നിങ്ങളുടെ തൊട്ടടുത്ത് ആർ താമസിക്കുന്നതാണു നിങ്ങൾക്ക് ഒട്ടും ഇഷ്ടമില്ലാത്തത്? പൊതുഭയങ്ങളും മുൻവിധികളും കണ്ടുപിടിക്കാനുള്ള ഒരു ശ്രമത്തിൽ യൂറോപ്യൻ മൂല്യവ്യവസ്ഥാ പഠനവിഭാഗം ആ ചോദ്യം 14 രാജ്യങ്ങളിലെ 20,000 വ്യക്തികളോടു ചോദിച്ചു. അറിയപ്പെടുന്നതനുസരിച്ച്, പോർട്ടുഗൽ ഏററവും കുറച്ചു സഹിഷ്ണുതയുള്ള രാജ്യമായിരിക്കെ, “ഏററവും സഹിഷ്ണുതയുള്ള രാഷ്ട്രം ഡെൻമാർക്കാണ്” എന്നു ദി യൂറോപ്യൻ കുറിക്കൊള്ളുന്നു. വളരെയധികം കത്തോലിക്കരുള്ള ഇററലി, സ്പെയിൻ, അയർലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ആളുകൾ എയ്ഡ്സ് രോഗമുള്ള അയൽക്കാരോട് ഏററവുമധികം വിരോധം പുലർത്തി, എന്നാൽ ബെൽജിയംകാർ വർഗ്ഗീയവും മതപരവുമായി കൂടുതൽ അസഹിഷ്ണുത പ്രകടമാക്കി. ജർമ്മനിയിലുള്ളവർ അയൽക്കാരെന്നനിലയിൽ രാഷ്ട്രീയ തീവ്രവാദികളോടു വെറുപ്പുള്ളവരായിരുന്നു. അസഹിഷ്ണുതയുടെ കാര്യത്തിൽ പുരുഷൻമാരും സ്ത്രീകളും വ്യത്യാസമൊന്നും പ്രകടമാക്കിയില്ല. എന്നാൽ എല്ലാ രാജ്യങ്ങളിലും ഒരു ഘടകം അസഹിഷ്ണുതയോടു ബന്ധപ്പെട്ടിരിക്കുന്നതായി തോന്നി—പ്രായം. പ്രായമുള്ളവർ പൊതുവെ ആരെ അയൽക്കാരായി ആഗ്രഹിക്കുന്നു എന്നതിൽ കൂടുതൽ സൂക്ഷ്മത പുലർത്തിയിരുന്നു.
കടുവകളുടെ എണ്ണം കുറയുന്നു
ഇൻഡ്യയുടെ വലിയ പ്രകൃതി സംരക്ഷണകേന്ദ്രങ്ങളിൽ ഒന്നിൽ അപൂർവ്വയിനം ബംഗാൾ കടുവകൾ കുറഞ്ഞുവരികയാണെന്ന് ന്യൂ സൈൻറിസ്ററ് മാസിക റിപ്പോർട്ടു ചെയ്യുന്നു. രന്തമ്പൂർ സംരക്ഷണകേന്ദ്രത്തിൽ നടത്തിയ അടുത്ത കാലത്തെ ഒരു കണക്കെടുപ്പു 15 കടുവകളെ മാത്രമേ കണ്ടെത്തിയുള്ളു—മൂന്നു വർഷം മുമ്പുണ്ടായിരുന്ന 44-ൽ നിന്നു കുറഞ്ഞു. അതിശയിക്കേണ്ടതില്ല, പ്രശ്നം അനധികൃത വേട്ടയാടലാണ്. ഈ നാളുകളിൽ വേട്ടക്കാർക്കു മനോഹരമായ തോൽ മാത്രമല്ല വേണ്ടത്. കടുവകളുടെ അസ്ഥികൾ ചില ഏഷ്യൻ രാജ്യങ്ങളിൽ ടോണിക് എന്നനിലയിൽ പ്രസിദ്ധമായ “കടുവയെല്ലുകൊണ്ടുള്ള വീഞ്ഞ്” ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. അനധികൃതവേട്ടക്കാർ സാധാരണയായി വിഷം പുരട്ടിയ ഇര ഉപയോഗിച്ചു കടുവകളെ കൊല്ലുന്നു, ചിലപ്പോൾ തള്ളക്കടുവകളോടുകൂടെ അവയുടെ കുഞ്ഞുങ്ങളെയും കൊന്നുകൊണ്ടുതന്നെ. വൈരുദ്ധ്യമെന്നു പറയട്ടെ, ആദ്യം രന്തമ്പൂർ സംരക്ഷണകേന്ദ്രം കടുവാ പദ്ധതിയുടെ—ബംഗാൾ കടുവയെ വംശനാശത്തിൽനിന്നു രക്ഷിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു സംരക്ഷണശ്രമം—ഒരു പ്രദർശനകേന്ദ്രമായിരുന്നു. ഈ മനോജ്ഞമായ മൃഗങ്ങളിൽ 6,000 മുതൽ 9,000 വരെ എണ്ണം മാത്രമേ ലോകത്തിൽ ആകെ അവശേഷിച്ചിട്ടുള്ളു.
പുകവലിയും പൊട്ടിയ അസ്ഥികളും
“അസ്ഥിരോഗ ശസ്ത്രക്രിയാവിദഗ്ദ്ധർ പോലും തങ്ങളുടെ രോഗികളോടു പുകവലി നിർത്താൻ ആവശ്യപ്പെടുന്ന ദിവസം വന്നെത്തിയിരിക്കുന്നു” എന്ന് ബ്രസ്സീലിയൻ പത്രമായ ഫോൽയ ഡി എസ്. പൗലോ റിപ്പോർട്ടു ചെയ്യുന്നു. അസ്ഥിയൊടിഞ്ഞ 29 പേരിൽ നടത്തിയ ഒരു പഠനം പുകയിലധൂമത്തിലുള്ള നിക്കോട്ടിൻ പഴകിയ പുകവലിക്കാരുടെ രക്തക്കുഴലുകളെ കൂടുതൽ കാഠിന്യമുള്ളതാക്കിയെന്നു വെളിപ്പെടുത്തി. മറിച്ച്, പുകവലിക്കാത്തവർക്കും രണ്ടുവർഷത്തിൽ താഴെ പുകവലിച്ചവർക്കും, അസ്ഥിയുടെ പൊട്ടലുകളെ കൂടുതൽ വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുംവിധം സങ്കോചിക്കാനും വികസിക്കാനും കഴിയുന്ന രക്തക്കുഴലുകൾ ഉണ്ടായിരുന്നു. സാധാരണമായി, ദീർഘകാല പുകവലിക്കാരേക്കാൾ പുകവലിക്കാത്തവരിലെ അസ്ഥിയുടെ പൊട്ടലുകൾ 28 ശതമാനം വേഗത്തിൽ സുഖപ്പെട്ടു. കൂടാതെ, പൊട്ടിയ അസ്ഥിക്കു കുറഞ്ഞ പോഷണം ലഭ്യമാക്കിത്തീർത്തുകൊണ്ട്, പുകവലിക്കുമ്പോൾ ഉള്ളിലേക്കു വലിക്കുന്ന കാർബൺ മോണോക്സൈഡ് ഓക്സിജന്റെ പ്രവാഹത്തെ കുറയ്ക്കുന്നു.
വൃത്തിഹീനമായ കൈകൾ
ഐക്യനാടുകളിലെ ആരോഗ്യരക്ഷാ പ്രവർത്തകരിലധികവും തങ്ങളുടെ രോഗികളെ പരിശോധിക്കുന്നതിനു മുമ്പായി കൈകൾ കഴുകാൻ കൂട്ടാക്കാറില്ലെന്ന് അടുത്ത കാലത്തെ ഒരു പഠനം വെളിപ്പെടുത്തി. കൂടാതെ, വാഷിംഗ്ടൺ പോസ്ററ് പറയുന്നതനുസരിച്ച്, “ഡോക്ടർമാർ കൈയ്യുറകൾ മാറേണ്ടപ്പോൾ അവർ അതു മാറുന്നില്ലെന്നു മററു പഠനങ്ങൾ സൂചിപ്പിച്ചിരിക്കുന്നു.” ഈ പ്രശ്നം നിസ്സംശയമായും രോഗവ്യാപനത്തിനു സംഭാവന ചെയ്തിരിക്കുന്നു. ഡോക്ടർമാരുടെയും നേഴ്സുമാരുടെയും ഇടയിലെ കഴുകാത്ത കൈകൾ, “സുഖപ്പെടുത്തുന്നതിന് ഓരോ വർഷവും 1,000 കോടി ഡോളർ വേണ്ടിവരുന്ന രോഗാണുസംക്രമണം ആശുപത്രിയിലെ രോഗികളിൽ എന്തുകൊണ്ടുണ്ടാകുന്നു എന്നു വിശദീകരിക്കാൻ സഹായിച്ചേക്കാമെന്ന്” ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ പറയുന്നതായി പോസ്ററ് റിപ്പോർട്ടു ചെയ്യുന്നു.
അപകടത്തിലായ പക്ഷികൾ
ജർമ്മനിയിൽ പ്രജനനം നടത്തുന്ന 273 തരം പക്ഷികളിൽ 166 ഇനം അപകടത്തിലാണെന്നു ജർമ്മൻ സംരക്ഷണ സൊസൈററി അവകാശപ്പെടുന്നു. ലഭ്യമായ പ്രദേശത്തു റോഡുകളുടെയും വ്യവസായത്തിന്റെയും വർദ്ധിച്ച കൃഷിയുടെയും വിനോദസഞ്ചാരവ്യവസായത്തിന്റെയും കടന്നാക്രമണമാണു കാരണങ്ങളെന്നു പറയപ്പെടുന്നു. ജർമ്മനിയിലെ അനേകം തടാകങ്ങളും നദീജലപ്രവാഹഗതിയും ചതുപ്പുനിലങ്ങളും സംരക്ഷിതമേഖലകളായി പ്രഖ്യാപിച്ചിരിക്കുകയാണെങ്കിൽപോലും ഈ നടപടികൾ കറുത്ത കടൽക്കാക്കയും ചെറിയ ചതുപ്പുനിലഞാറയും വെള്ളവാലുള്ള കടൽകഴുകനും പോലുള്ള വർഗ്ഗങ്ങളെ വേണ്ടത്ര സഹായിക്കുന്നില്ലെന്ന് ഫ്രാങ്ക്ഫർട്ടർ അൽഗമീന ററ്സിററൂംഗ് എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. ആഫ്രിക്കയിലേതുപോലുള്ള പക്ഷികളുടെ ശീതകാല അഭയസ്ഥാനങ്ങളും സംരക്ഷിക്കാത്തപക്ഷം പ്രജനന നിലങ്ങളുടെ സംരക്ഷണം വലിയ നേട്ടം ഉണ്ടാക്കുന്നില്ല. അതുകൊണ്ട് പത്രം ഇപ്രകാരം കുറിക്കൊള്ളുന്നു: “പല സംഗതികളിലും അന്തർദേശീയ സഹകരണത്തെത്തുടർന്നു മാത്രമേ സംരക്ഷണത്തിനു ഫലമുളവാക്കാൻ സാധിക്കൂ.”
കുട്ടികളെ തിരുമ്മുന്നതിന്റെ പ്രയോജനങ്ങൾ
“വ്യക്തികൾ തമ്മിലുള്ള സ്പർശനം ആരോഗ്യപ്രദമാണെന്നു സഹജാവബോധവും വ്യക്തിപരമായ അനുഭവവും നമ്മോടു പറയുന്നു” എന്നു സ്ട്രെസ്സ് ആൻഡ് ഹെൽത്ത് റിപ്പോർട്ട് പറയുന്നു. ഈ തത്ത്വം മാസം തികയാതെ പിറന്ന ഒരു സംഘം ശിശുക്കളുടെ പരിചരണത്തിനു ബാധകമാക്കി. കാലിഫോർണിയായിലെ എൻലോ ആശുപത്രി പ്രസിദ്ധപ്പെടുത്തിയ വാർത്താലേഖനം അത്തരം നാല്പതു ശിശുക്കളുടെ ഒരു ശാസ്ത്രീയ പഠനം ഉദ്ധരിക്കുന്നു. അവരിൽ 20 ശിശുക്കളെ ദിവസവും 15 മിനിട്ടുനേരം മൂന്നുപ്രാവശ്യം മൃദുവായി തിരുമ്മി. വേറെ 20 അകാലശിശുക്കൾക്കു സാധാരണ പരിപാലനവും ലഭിച്ചു. തിരുമ്മിയ 20 പേർ മറേറ 20 പേരേക്കാൾ അനേകവിധങ്ങളിൽ മെച്ചപ്പെട്ടവരായിരുന്നു. അവരുടെ ദൈനംദിന തൂക്കവർദ്ധനവു ശരാശരി 47 ശതമാനം ഉയർന്നതായിരുന്നു, പെരുമാററപരമായ ടെസ്ററുകളിൽ അവരുടെ സ്കോറുകൾ ഉയർന്നതായിരുന്നു. അവർ കൂടുതൽ ചുണയും ചുറുചുറുക്കുമുള്ളവരായി കാണപ്പെട്ടു. സ്ട്രെസ്സ് ആൻഡ് ഹെൽത്ത് ഇങ്ങനെ ഉപസംഹരിക്കുന്നു: “വളരെ ചെറിയ ശിശുക്കൾക്കു നല്ലതായിരിക്കുന്നതു മിക്കവാറും നമുക്കെല്ലാവർക്കും നല്ലതാണ്.”
വീർപ്പുമുട്ടുന്ന തടാകം
ലോകത്തിലെ രണ്ടാമത്തെ ഏററവും വലിയ ശുദ്ധജലത്തടാകമായ ആഫ്രിക്കയിലെ ഗംഭീരമായ വിക്ടോറിയ തടാകം ശ്വാസംമുട്ടൽ നിമിത്തം ദാരുണമായ മരണം അഭിമുഖീകരിക്കുകയാണെന്നു ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഈ തടാകത്തട്ടിൽ അതിലെ ഓക്സിജനെ ഊററിയെടുത്തുകൊണ്ട് കടൽപ്പോച്ച പെരുകിവരികയാണെന്നു തോന്നുന്നു. കാരണം? ഒററവാക്കിൽ, മനുഷ്യൻ, വനനശീകരണത്തിലൂടെയും കൃഷിയിലൂടെയും അമിതജനപ്പെരുപ്പത്തിലൂടെയും തന്നെ. ഉയർന്ന അളവിൽ മണ്ണൊലിപ്പിൽനിന്നും മലിനവസ്തുക്കളിൽനിന്നും വിറകു പുകയിൽനിന്നുമുള്ള പോഷകങ്ങൾ കടൽപ്പോച്ചയെ പോററുകയാണ്. കൂടാതെ, 30 വർഷങ്ങൾക്കുമുമ്പു നൈൽ പെർച്ച് മത്സ്യങ്ങളെ അവതരിപ്പിച്ചുകൊണ്ടു മത്സ്യബന്ധന ഉദ്യോഗസ്ഥൻമാർ മത്സ്യബന്ധന വ്യവസായത്തെ പിൻതാങ്ങാൻ തീരുമാനിച്ചു. ഈ നവാഗതർ തഴച്ചുവളർന്നു. ആസൂത്രണം ചെയ്തതുപോലെതന്നെ മത്സ്യബന്ധന വ്യവസായം അഭിവൃദ്ധിപ്പെട്ടു. എന്നിരുന്നാലും, ദീർഘകാലം കടൽപ്പോച്ച തിന്നുകൊണ്ട് സന്തുലനം നിലനിർത്തിയ ചെറുമത്സ്യത്തെ നൈൽ പെർച്ച് മത്സ്യങ്ങൾ വിഴുങ്ങി. അത്തരം മത്സ്യങ്ങളുടെ പകുതിയിലധികം ഇനങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. ഇപ്പോൾ അതിമത്സ്യബന്ധനവും ഓക്സിജൻ ശോഷണവും നിമിത്തം ഈ പെർച്ചുമത്സ്യവും അപകടത്തിലായേക്കാവുന്ന സ്ഥിതിയിലാണ്. ഏതാണ്ട് 30 ദശലക്ഷം ആളുകൾ വിക്ടോറിയ തടാകത്തിലെ മത്സ്യബന്ധന വ്യവസായത്തെ ആശ്രയിച്ചുകഴിയുന്നവരാണ്.
മസ്തിഷ്ക വ്യായാമം
“ആരോഗ്യമുള്ള മസ്തിഷ്കങ്ങൾ.” തലച്ചോർ ഉപയോഗിക്കുന്നതിന് ഊന്നൽ കൊടുക്കുന്ന ഒരു ഫിന്നീഷ് പരിപാടിയുടെ പോരാണത്. കാര്യം ലളിതം. നാം തലച്ചോർ എത്ര കൂടുതൽ ഉപയോഗിക്കുന്നുവോ—വിചിന്തനം ചെയ്തുകൊണ്ടും ആസൂത്രണം ചെയ്തുകൊണ്ടും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടും—അത്ര മെച്ചമായി പ്രവർത്തിക്കുന്നു. “തലച്ചോറിൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അനന്തമായ ഒരു ശക്തി നമുക്കുണ്ട്. എന്നാൽ നിർഭാഗ്യവശാൽ മനുഷ്യൻ സാധാരണമായി അതിന്റെ പ്രാപ്തിയുടെ പത്തിലൊന്നു മാത്രമേ ഉപയോഗിക്കുന്നുള്ളു” എന്ന് ഈ പരിപാടിയുടെ പ്രോജക്ട് മാനേജരായി പ്രവർത്തിക്കുന്ന മസ്തിഷ്ക ഗവേഷകനും ആശുപത്രി നടത്തിപ്പുകാരനുമായ യുഹാനി യുൻറുനെൻ ഊന്നിപ്പറയുന്നു. “നിങ്ങളുടെ തലച്ചോറിനെ മെച്ചപ്പെടുത്തുക, പുതിയ കാര്യങ്ങൾ പഠിക്കുക, നിങ്ങൾക്കു സ്വന്തമായി കൂടുതൽ പ്രാപ്തിയുണ്ടായിരിക്കും” എന്നദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു. അനേകർ യുവജനങ്ങളെ പൂജിക്കുകയും മുതിർന്ന ആളുകളുടെ മസ്തിഷ്ക പ്രാപ്തിയെ താഴ്ത്തിമതിക്കുകയും ചെയ്യുന്നത് അസഹ്യപ്പെടുത്തുന്നതായി അദ്ദേഹം കണ്ടെത്തുന്നു, എന്തെന്നാൽ ചില വശങ്ങളിൽ പ്രായമുള്ള തലച്ചോറുകൾ പ്രായം കുറഞ്ഞവയെക്കാൾ നന്നായി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. “പ്രായമുള്ളവർ ഉന്നത സ്ഥാനങ്ങളലങ്കരിക്കുന്നത് ആകസ്മിക സംഭവമല്ല” എന്ന് യുൻറുനെൻ അഭിപ്രായപ്പെടുന്നു. “തലച്ചോർ മോശമായിക്കൊണ്ടിരിക്കുന്ന ഒരു ഉപകരണം ആയിരിക്കാം, എന്നാൽ പ്രായമുള്ളവർ ചെറുപ്പക്കാരെക്കാൾ കൂടുതൽ വൈദഗ്ദ്ധ്യത്തോടെ അത് ഉപയോഗിക്കുന്നു.”
ക്ഷയിച്ചുകൊണ്ടിരിക്കുന്ന വിവിധയിനങ്ങൾ
ബ്രസ്സീലിയൻ പത്രമായ സൂപ്പറിൻററെസ്സാൻറാ പറയുന്നതനുസരിച്ച് സ്പെയിനിൽ പലതരം തണ്ണിമത്തങ്ങകളും മദ്ധ്യേഷ്യയിൽ വിവിധയിനം ഉള്ളികളും അപ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബ്രസ്സീലിൽ കരിമ്പിന്റെയും ചോളത്തിന്റെയും ചില ഇനങ്ങൾക്ക് ഇപ്പോൾത്തന്നെ ഉൻമൂലനം സംഭവിച്ചിരിക്കുന്നു. “കുഴപ്പം വ്യവസായത്തിലും എല്ലായ്പ്പോഴും ഒരേ ഉല്പന്നങ്ങൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കളിലുമാണു സ്ഥിതിചെയ്യുന്നത്” എന്ന് യൂഎൻ ഭക്ഷ്യ-കൃഷി സംഘടനയുടെ ഡയറക്ടർ ജനറലായ ആഡ്വർ സൗമ പറയുന്നതായി ഉദ്ധരിച്ചിരിക്കുന്നു. ആ മാസിക ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “കൃഷിക്കാർ കമ്പോളത്തെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നതുകൊണ്ട് ഈ ഇനങ്ങളുടെ നഷ്ടം ഓരോ ദിവസവും നിർണ്ണായകമായിത്തീരുകയാണ്.” അത്തരം മാനകീകരണംനിമിത്തം വരുംദശകങ്ങളിൽ മനുഷ്യവർഗ്ഗത്തിനു 40,000 ഇനം പച്ചക്കറികൾ നഷ്ടമായേക്കാമെന്നു സൗമ മുന്നറിയിപ്പു നൽകുന്നു. ജൈവശാസ്ത്രപരമായ വൈവിധ്യങ്ങളില്ലെങ്കിൽ വിളകൾ രോഗബാധയ്ക്കു കൂടുതൽ സാധ്യതയുള്ളതായിത്തീരുമെന്നു ശാസ്ത്രജ്ഞർ ഭയപ്പെടുന്നു.
ഏററവും മാരകമായി ആസക്തിയുളവാക്കുന്ന പദാർത്ഥം
സിഗറററുകൾ ഏററവും ആസക്തിയുളവാക്കുന്ന മയക്കുമരുന്നുകളുടെ കൂട്ടത്തിൽപ്പെടുക മാത്രമല്ല, അവ “ഏററവും മാരകവു”മാണെന്നു പുകവലി പെരുമാററവും നയവും സംബന്ധിച്ചു പഠിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടർ തോമസ് സി. ഷെല്ലിംഗ് പ്രസ്താവിക്കുന്നു. ഉപേക്ഷിക്കുന്നതു വിഷമകരമാണ്, 1992 ജനുവരി 24-ലെ സയൻസ് മാസികയുടെ ലക്കത്തിൽ അദ്ദേഹം പറയുന്നു. രണ്ടു വർഷത്തേക്കോ അധികമോ ഉപേക്ഷിക്കുന്നതിലുള്ള വിജയനിരക്ക് ഒരു ശ്രമത്തിന് 5-ൽ 1 ആണ്. ഉപേക്ഷിക്കുന്നത് ഇത്ര പ്രയാസകരമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഷെല്ലിംഗ് ഈ കാരണങ്ങൾ പട്ടികപ്പെടുത്തുന്നു: സിഗറററുകൾ വിലകുറഞ്ഞവയാണ്, എളുപ്പം ലഭ്യമാണ്, കൊണ്ടുനടക്കാവുന്നവയാണ്, ശേഖരിച്ചുവയ്ക്കാനും കഴിയും; അവ ഒരു പ്രാപ്തിക്കും തകരാറു വരുത്തുന്നില്ല; പുകവലിയ്ക്ക് ഒരു ഉപകരണവും ആവശ്യമില്ല. “കുഴപ്പം താമസിച്ചേ വരുന്നുള്ളു. പുകവലി നിമിത്തമുള്ള ക്യാൻസറും, ശ്വാസകോശ, ഹൃദയ, രോഗങ്ങളും ബാധിച്ചിരിക്കുന്ന ആളുകൾ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിനുമുമ്പായി മൂന്നുദശകങ്ങളോ അതിലധികമോ സാധാരണമായി പുകവലിച്ചിട്ടുണ്ട്” എന്നദ്ദേഹം പറയുന്നു. സിഗറററുപുകയിലെ ആസക്തിയുളവാക്കുന്ന പാദാർത്ഥം നിക്കോട്ടിനാണെങ്കിലും പുകയിലധൂമത്തിന്റെ സ്വാദും പുകവലിയാൽ ഉളവാകുന്ന മാനസികാവസ്ഥയുടെ നിയന്ത്രണവും ഈ ആസക്തിയെ വർദ്ധിപ്പിച്ചേക്കാമെന്നു ഷെല്ലിംഗ് സംശയിക്കുന്നു. വീഴ്ച സാധാരണമായിരിക്കുന്നത് എന്തുകൊണ്ട്? “പുകവലി ഉപേക്ഷിച്ച അനേകരും അടുത്ത സിഗറററിൽനിന്നു കഷ്ടിച്ച് 5 മിനിട്ടിൽ കൂടുതൽ സമയം വേർപെട്ടിരിക്കുന്നില്ല. പുകവലിക്കാനുള്ള പ്രചോദനത്തെ പൂർത്തീകരിക്കാൻ ആത്മനിയന്ത്രണത്തിന്റെ ഏററവും ഹ്രസ്വമായ കാലത്തെ അഭാവം മാത്രം മതി” എന്നദ്ദേഹം പറയുന്നു.