നമ്മുടെ മാറുന്ന ലോകം—ഭാവി യഥാർത്ഥത്തിൽ എന്താണു കരുതിയിരിക്കുന്നത്?
നമ്മുടെ ലോകം മെച്ചപ്പെടണമെങ്കിൽ നമുക്ക് എന്തു തിരഞ്ഞെടുപ്പിൻ സാദ്ധ്യതകളാണുള്ളത്? ലോകത്തിലെ ഭരണാധികാരികളും നേതാക്കളും കാലക്രമത്തിൽ പരക്ഷേമകാംക്ഷയുള്ളവരായിത്തീരുമെന്നും മനുഷ്യവർഗ്ഗത്തെ പരസ്പര സഹിഷ്ണുതയുടെയും വിവേകത്തിന്റെയും സമാധാനത്തിന്റെയും വഴികളിലേക്കു നയിക്കുമെന്നും വിശ്വസിക്കുക എന്നതാണ് ഒന്ന്.
അതിന്റെ അർത്ഥം വർഗ്ഗീയതയും ദേശീയതയും തുടച്ചുനീക്കപ്പെടുമെന്നും പകരം ലോകത്തിൽ യോജിപ്പു കൈവരുത്താൻ കഴിയുന്ന ഒരു ദേശീയാതീത മനോഭാവം പുനഃസ്ഥാപിക്കാൻ കഴിയുമെന്നും വിശ്വസിക്കുകയെന്നാണ്.
അതിൽ, വൻതോതിലുള്ള തൊഴിലില്ലായ്മയുടേയും ഭവനരാഹത്യത്തിന്റേയും ഭീമമായ ചികിത്സാ ബില്ലുകളുടേതുമായ ഒരു ലോകത്തിൽ ലാഭമുണ്ടാക്കുക എന്ന ഒരൊററ ഉദ്ദേശ്യം അപര്യാപ്തമായ ഒരു നീതിസംഹിതയാണെന്നു മുതലാളിത്ത സമ്പത്വ്യവസ്ഥകളുടെ നേതാക്കൾ തിരിച്ചറിയുമെന്ന വിശ്വാസവും ഉൾപ്പെടുന്നു.
കൂടുതലായി, ലോകത്തിലെ സകല ആയുധനിർമ്മാതാക്കളും ലോകസമാധാനത്തിനുവേണ്ടി ഉൽക്കടമായി ആഗ്രഹിക്കാൻ തുടങ്ങുമെന്നും തങ്ങളുടെ വാളുകൾ കൊഴുക്കളായി അടിച്ചുതീർക്കുമെന്നും വിശ്വസിക്കുന്നതും അതിൽ ഉൾപ്പെടുന്നു.
അതുംകൂടാതെ, അധോലോകനായകൻമാരും പൗരസ്ത്യ അക്രമസംഘങ്ങളുടെ നേതാക്കളും തെക്കേ അമേരിക്കയിലെ മയക്കുമരുന്നു രാജാക്കൻമാരും ഉൾപ്പെടെ ലോകത്തിലെ കുററകൃത്യങ്ങൾ നടത്തുന്ന ഘടകങ്ങൾ പശ്ചാത്തപിക്കുകയും മെച്ചമായി പെരുമാറിത്തുടങ്ങുകയും ചെയ്യുമെന്ന് അത് അർത്ഥമാക്കുന്നു.
മററു വാക്കുകളിൽ പറഞ്ഞാൽ, മനുഷ്യനിർമ്മിതമായ ഒരു ആദർശരാഷ്ട്രത്തിൽ—അസംഭവ്യമായ ഒരു സ്വപ്നം—വിശ്വസിക്കുന്നതിനെ അതർത്ഥമാക്കുന്നു. ഈ സമവാക്യത്തിൽനിന്നു ദൈവത്തെ മാററി നിർത്തിയാൽ, അപ്പോൾ നാം ചരിത്രകാരനായ പോൾ ജോൺസൺ ആധുനിക ലോകത്തിന്റെ ഒരു ചരിത്രം (A History of the Modern World)എന്ന തന്റെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നതിനോടു സമാനമായ ഒരു സാഹചര്യത്തിലായിരിക്കും. നമ്മുടെ നൂററാണ്ടിലെ “അത്യാപത്കരമായ പരാജയങ്ങൾക്കും ദുരന്തസംഭവങ്ങൾക്കും” സംഭാവന ചെയ്യുന്ന അടിസ്ഥാന തിൻമകളിലൊന്ന് “പരസഹായമില്ലാതെ തങ്ങളുടെമാത്രം ബുദ്ധിശക്തികൾകൊണ്ടു പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രപഞ്ചത്തിലെ സകല ഗഹനവിഷയങ്ങളും വ്യക്തമാക്കാൻ കഴിയുമെന്ന ഗർവിഷ്ഠ ധാരണ”യാണെന്ന് അദ്ദേഹം എഴുതി.—യെശയ്യാവു 2:2-4 താരതമ്യം ചെയ്യുക.
എന്നിരുന്നാലും, ക്രിയാത്മകമായ മാററത്തിനു സാധുവായ മറെറാരു തിരഞ്ഞെടുപ്പുണ്ട്. അതു ഭൂമിയുടെ സ്രഷ്ടാവ്, നമ്മുടെ ഗ്രഹത്തിന്റെ ഉടമ, മാററത്തിന്റെ മഹാശില്പി, ആയ യഹോവയാം ദൈവം തന്റെ കൈവേലയെ രക്ഷിക്കുന്നതിനു മനുഷ്യകാര്യങ്ങളിൽ ഇടപെടുമെന്നു വിശ്വസിക്കുന്നതാണ്. കഴിഞ്ഞ കാലങ്ങളിൽ ദൈവം തന്റെ ഉദ്ദേശ്യങ്ങൾ പുരോഗമിപ്പിക്കുന്നതിനു നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു ബൈബിൾ ചരിത്രം പ്രകടമാക്കുന്നു. മനുഷ്യവർഗ്ഗത്തെക്കുറിച്ചും ഭൂമിയെക്കുറിച്ചുമുള്ള തന്റെ ആദിമോദ്ദേശ്യം നിവർത്തിക്കുന്നതിനു ദൈവം വീണ്ടും നടപടികൾ സ്വീകരിക്കുമെന്നും ബൈബിൾ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.—യെശയ്യാവു 45:18.
ആശ്രയയോഗ്യമായ വിവരങ്ങളുടെ ഒരു അതിവിശിഷ്ട ഉറവിടം
മനുഷ്യവർഗ്ഗത്തിനുവേണ്ടി ഭാവി കരുതിയിരിക്കുന്നതു സംബന്ധിച്ച യഥാർത്ഥ വിജ്ഞാനത്തിന്റെ വിശിഷ്ടമായ ഉറവിടത്തെ ബൈബിൾ പ്രവാചകനായ യെശയ്യാവു വർണ്ണിച്ചിരിക്കുന്നു: “പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു.”—യെശയ്യാവു 46:9-11.
മനുഷ്യവർഗ്ഗത്തെ ബാധിക്കാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ചു ദൈവത്തിനു മുന്നറിവുണ്ടായിരിക്കേണ്ടത് എന്തുകൊണ്ടാണ്? വീണ്ടും യെശയ്യാവു ഉത്തരം പറയുന്നു: “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.” മനുഷ്യവർഗ്ഗത്തിന്റെ ഭാവിയെ സംബന്ധിച്ച ദൈവത്തിന്റെ ചിന്തകൾ ബൈബിളിൽ വ്യക്തമാക്കിയിരിക്കുന്നു.—യെശയ്യാവു 55:9.
“ഇടപെടാൻ പ്രയാസകരമായ കാലങ്ങൾ”
നമ്മുടെ തലമുറക്കുവേണ്ടി ദൈവവചനമായ ബൈബിൾ എന്താണു മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത്? ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ മുന്നറിയിപ്പു നൽകി: “എന്നാൽ ഇതറിയുക, അന്ത്യനാളുകളിൽ ഇവിടെ ഇടപെടാൻ പ്രയാസകരമായ സമയങ്ങൾ ഉണ്ടാകും.” (2 തിമൊഥെയൊസ് 3:1, NW) ആയിരത്തിത്തൊള്ളായിരത്തിപതിനാലിനും ഒന്നാം ലോകമഹായുദ്ധത്തിനും ശേഷം എപ്പോഴും കൂടുതൽ കൂടുതൽ പ്രയാസകരമായിത്തീർന്നിരിക്കുന്ന സമയങ്ങളിലാണു നാം ജീവിക്കുന്നത്. മമനുഷ്യന്റെ സ്വാർത്ഥതയും അത്യാഗ്രഹവും അധികാരമോഹവും അവനെ സഹമനുഷ്യർക്കെതിരേ മാത്രമല്ല, പ്രകൃതിക്കെതിരേപോലും കൂടുതൽ കൂടുതൽ വഷളായ മഹാപാതകങ്ങൾ ചെയ്യുന്നതിലേക്കു നയിച്ചിരിക്കുന്നു. മനുഷ്യൻ പരിസ്ഥിതിയോടു കാട്ടുന്ന അനാസ്ഥ അവന്റെ മക്കളുടെയും പേരക്കുട്ടികളുടെയും ഭാവിഅസ്തിത്വത്തെ ഭീഷണിപ്പെടുത്തുകയാണ്.
ചെക്കോസ്ലൊവാക്യയിലെ മുൻപ്രസിഡണ്ട് വാട്സ്ലാഫ് ഹാഫെൽ ആ രാജ്യത്തെ അവസ്ഥകളെക്കുറിച്ചു എഴുതിയപ്പോൾ ഈ അത്യാസന്നമായ അപകടം എടുത്തുപറഞ്ഞു. അദ്ദേഹത്തിൻറ വാക്കുകൾ ഫലത്തിൽ ലോകവ്യാപകമായി ബാധകമാണ്: “ഇവ ലോകത്തോട്, പ്രകൃതിയോട്, മററു മനുഷ്യരോട്, എന്തിന്, ജീവനോടുതന്നെയുമുള്ള മമനുഷ്യന്റെ മനോഭാവത്തിന്റെ . . . പരിണതഫലങ്ങൾ മാത്രമാണ്. ഇവ . . . താൻ എല്ലാം ഗ്രഹിക്കുന്നുവെന്നും എല്ലാം അറിയുന്നുവെന്നും വിശ്വസിക്കുകയും പ്രപഞ്ചത്തിന്റെയും ലോകത്തിന്റെയും അധിപനെന്നു സ്വയം വിളിക്കുകയും ചെയ്യുന്ന ആധുനിക മമനുഷ്യന്റെ ഔദ്ധത്യത്തിന്റെ പരിണതഫലങ്ങളാണ്. . . . തന്നെക്കാൾ ഉയർന്ന . . . എന്തിനെയും അംഗീകരിക്കാൻ വിസമ്മതിക്കുന്ന മമനുഷ്യന്റെ ചിന്ത ഇപ്രകാരമായിരുന്നു.”
നേരത്തെ ഉദ്ധരിച്ച അൽ ഗോർ ഇങ്ങനെ എഴുതി: “അനവധി ആളുകൾക്കു ഭാവിയേക്കുറിച്ചുള്ള തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് എനിക്കു ബോദ്ധ്യമായിരിക്കുന്നു, കാരണം ഫലത്തിൽ നമ്മുടെ സംസ്കാരത്തിന്റെ എല്ലാ വശങ്ങളിലും നമ്മുടെ ഭാവി വാസ്തവത്തിൽ വളരെ സംശയകരമായിരിക്കുന്നതിനാൽ ഇപ്പോഴത്തെ ആവശ്യങ്ങളിലും ഹ്രസ്വകാല പ്രശ്നങ്ങളിലും മാത്രം ശ്രദ്ധ പതിപ്പിക്കുന്നതു കൂടുതൽ ബുദ്ധിപൂർവ്വകമാണ് എന്നതുപോലെ നാം പ്രവർത്തിച്ചുപോകുകയാണ്.” (തുലാസ്സിൽ തൂങ്ങുന്ന ഭൂമി, Earth in the Balance) തീർച്ചയായും, ഭാവിയെസംബന്ധിച്ച അശുഭപ്രതീക്ഷ പ്രബലപ്പെട്ടിരിക്കുന്ന ഒരു മനോഭാവമാണെന്നു തോന്നുന്നു.
ഈ അവസ്ഥ സംജാതമായതു ഭാഗികമായി പൗലോസിന്റെ അടുത്ത വാക്കുകൾ നിവർത്തിയേറിയിരിക്കുന്നതുകൊണ്ടാണ്: “മനുഷ്യർ സ്വസ്നേഹികളും പണസ്നേഹികളും സ്വയം ഉയർത്തിക്കാട്ടുന്നവരും അഹങ്കാരികളും ദൂഷണം പറയുന്നവരും അമ്മയപ്പൻമാരെ അനുസരിക്കാത്തവരും നന്ദിയില്ലാത്തവരും അവിശ്വസ്തരും സ്വാഭാവികപ്രിയമില്ലാത്തവരും യാതൊരു യോജിപ്പിനും വഴങ്ങാത്തവരും ഏഷണിപറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരരും നൻമയെ സ്നേഹിക്കാത്തവരും ചതിക്കുന്നവരും താന്തോന്നികളും നിഗളികളും ദൈവപ്രിയത്തിനുപകരം ഉല്ലാസപ്രിയരും ദൈവികഭക്തിയുടെ വേഷമുണ്ടെങ്കിലും അതിന്റെ ശക്തിയില്ലെന്നു തെളിയിക്കുന്നവരുമായിരിക്കും; അങ്ങനെയുള്ളവരെ വിട്ടൊഴിയുക.”—2 തിമൊഥെയൊസ് 3:2-5, NW.
ഒരു മെച്ചപ്പെട്ട തിരഞ്ഞെടുപ്പ്
എന്നാൽ ഭൂമിയിലെ കാര്യങ്ങൾ മെച്ചപ്പെടണമെന്നു ദൈവം ഉദ്ദേശിച്ചിരിക്കുന്നു. “നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും” താൻ കൊണ്ടുവരുമെന്ന് അവിടുന്നു വാഗ്ദത്തം ചെയ്തിരിക്കുന്നു. (2 പത്രൊസ് 3:13) മലിനീകരിക്കപ്പെട്ട ഈ ഭൂമിയെ ഒരു പറുദീസയുടെ അവസ്ഥയിലേക്കു പുനഃസ്ഥാപിക്കുന്നതിന്, യഹോവയാം ദൈവം ആദ്യം “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കണം.” (വെളിപ്പാടു 11:18) ഇതെങ്ങനെയാണു സംഭവിക്കാൻ പോകുന്നത്?
പ്രതീകാത്മക ഭാഷ ഉപയോഗിച്ചുകൊണ്ട്, മനുഷ്യവർഗ്ഗചരിത്രത്തിൽ ഒരുപക്ഷേ ഏററവും നിഷേധാത്മകമായ ശക്തിയുടെ—ഭൂവ്യാപകമായ മതത്തിന്റെ ദേശീയത്വപരവും വിഭാഗീയവുമായ സ്വാധീനത്തിന്റെ—അധികാരവും പ്രശസ്തിയും നശിപ്പിക്കാൻ ദൈവം ഐക്യരാഷ്ട്രങ്ങൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ ഘടകങ്ങളെ തോന്നിക്കുമെന്നു ബൈബിൾ സൂചിപ്പിക്കുന്നു.a യുദ്ധത്തിന്റെ രൂപാന്തരം (The Transformation of War) എന്ന തന്റെ പുസ്തകത്തിൽ മാർട്ടിൻ ഫാൻ ക്രേഫെൽഡ് പറയുന്നതനസുരിച്ചു “കഴിഞ്ഞ 300 വർഷങ്ങളായി കുറഞ്ഞപക്ഷം പാശ്ചാത്യനാടുകളിൽ സായുധ യുദ്ധത്തിനു കൊടുക്കുന്ന പ്രേരണയിൽ മതപരമായ മനോഭാവങ്ങളും വിശ്വാസങ്ങളും ഭ്രാന്തമായ ചിന്താഗതികളും വഹിച്ചിട്ടുള്ളതിനെക്കാൾ വലിയ തോതിലുള്ള പങ്ക് ഇനി അവ വഹിക്കാനുള്ള എല്ലാ സാദ്ധ്യതയും കാണുന്നുണ്ട്.” രാഷ്ട്രീയത്തിൽ ഇടപെടുന്നതുകൊണ്ടായിരിക്കാം, മതം രാഷ്ട്രീയശക്തികളാൽ ക്ലേശമനുഭവിക്കാൻ പോകുകയാണ്. എന്നുവരികിലും ആ ശക്തികൾ തങ്ങളറിയാതെതന്നെ ദൈവേഷ്ടമായിരിക്കും നിവർത്തിക്കുക.—വെളിപ്പാടു 17:16, 17; 18:21, 24.
ദൈവം അടുത്തതായി സാത്താന്റെ അഴിമതി നിറഞ്ഞ ലോകവ്യവസ്ഥിതിയിലെ ചൂഷണം ചെയ്യുന്നതും മൃഗസമാനവുമായ രാഷ്ട്രീയ ഘടകങ്ങളിലേക്കു തന്റെ ശ്രദ്ധ തിരിക്കുമെന്നും അവരെ തന്റെ അന്ത്യയുദ്ധത്തിൽ അഥവാ അർമ്മഗ്ഗെദ്ദോൻ യുദ്ധത്തിൽ ഉൾപ്പെടുത്തുമെന്നും ബൈബിൾ പ്രകടമാക്കുന്നു. ക്രൂരമായ രാഷ്ട്രീയ ക്രമങ്ങളെയും അവയുടെ വിദഗ്ദ്ധ സൂത്രധാരനായ സാത്താനെയും നീക്കം ചെയ്തശേഷം, ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന സമാധാനപൂർണ്ണമായ പുതിയ ലോകത്തിനു പാത തടസ്സരഹിതമായിരിക്കും.b—വെളിപ്പാടു 13:1, 2; 16:14-16.
വരാൻപോകുന്ന ഈ മാററങ്ങളെക്കുറിച്ചു യഹോവയുടെ സാക്ഷികൾ ഏതാണ്ട് 80 വർഷത്തോളമായി വീടുതോറും പ്രസംഗിച്ചുകൊണ്ടാണിരിക്കുന്നത്. ഈ കാലഘട്ടത്തിൽ മനുഷ്യവർഗ്ഗം വരുത്തിയിട്ടുള്ള മാററങ്ങൾ അവരും കാണുകയും അനുഭവിക്കുകയും ചെയ്തിരിക്കുന്നു. തങ്ങളുടെ ബൈബിളധിഷ്ഠിത തത്ത്വങ്ങൾ നിമിത്തം അവർ നാസി ജയിലുകളിലും തടങ്കൽപാളയങ്ങളിലും ദുരിതമനുഭവിച്ചിരിക്കുന്നു. ആഫ്രിക്കയിലെ പല ഭാഗങ്ങളിൽ ആഭ്യന്തരയുദ്ധങ്ങളും വർഗ്ഗീയലഹളകളും ഉൾപ്പെടെയുള്ള ജീവിതത്തിലെ യാതനകളും കഷ്ടതകളും അവർ അനുഭവിച്ചിരിക്കുന്നു. തങ്ങളുടെ നിഷ്പക്ഷതയും തീക്ഷ്ണമായ പ്രസംഗപ്രവർത്തനവും നിമിത്തം അവർ രാഷ്ട്രീയവും മതപരവുമായ മിക്ക സംഘടനാപദ്ധതികളാലുള്ള പീഡനം സഹിച്ചുനിന്നിട്ടുണ്ട്. ഇതെല്ലാമുണ്ടായിട്ടും അവർ തങ്ങളുടെ ആഗോള വിദ്യാഭ്യാസവേലയുടെമേൽ ദൈവത്തിന്റെ അനുഗ്രഹം കണ്ടിരിക്കുന്നു. കാരണം 1914-ലെ ഏതാനും ആയിരങ്ങളിൽനിന്നു 1993 ആയപ്പോഴേക്ക് അവർ ഏതാണ്ടു 45 ലക്ഷമായി വളർന്നിരിക്കുന്നു.
ശുഭാപ്തിവിശ്വാസത്തിനുള്ള കാരണങ്ങൾ
അശുഭാപ്തിവിശ്വാസത്തിന് അടിമപ്പെടുന്നതിനു പകരം സാക്ഷികൾക്ക് ശുഭാപ്തിവിശ്വാസപരമായ ഒരു വീക്ഷണമാണുള്ളത്. കാരണം, ഏററവും നല്ലതും മഹത്തമവുമായ മാററങ്ങളാണ് ഈ ഭൂമിയിൽ താമസിയാതെ സംഭവിക്കാൻ പോകുന്നതെന്ന് അവർക്കറിയാം. രാജ്യാധികാരത്തിലുള്ള യേശുവിന്റെ അദൃശ്യസാന്നിദ്ധ്യത്തിന്റെ സമയം കുറിച്ചുകൊണ്ടും സത്വരഭാവിയിലെ പ്രതീക്ഷകളെ ഒരു ഫ്രഞ്ച് എഴുത്തുകാരൻ ലാ മോണ്ട എന്ന പത്രത്തിൽ വർണ്ണിച്ചപ്രകാരം, നാം മനുഷ്യപ്രേരിതമായ ഏതു “പുതിയലോക ക്രമരാഹിത്യ”ത്തിന്റെയും അന്ത്യകാലത്താണു നാം എന്നു സൂചിപ്പിച്ചുകൊണ്ടും യേശു നൽകിയ പ്രവചനങ്ങളെ 1914 മുതലുള്ള സംഭവങ്ങൾ നിവർത്തിച്ചിരിക്കുന്നു. യേശു പറഞ്ഞു: “ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഗ്രഹിച്ചുകൊൾവിൻ.”—ലൂക്കൊസ് 21:7-32.
മമനുഷ്യന്റെ “പുതിയ ലോകക്രമം” മനുഷ്യപ്രകൃതത്തിന്റെ ന്യൂനതകൾക്ക്—അതിമോഹം, അധികാരമോഹം, അത്യാഗ്രഹം, അഴിമതി, അനീതി എന്നിവക്ക്—വിധേയമാണ്. ദൈവത്തിന്റെ പുതിയ ലോകം നീതിക്ക് ഉറപ്പുവരുത്തും. അവിടത്തെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു: “അവൻ പാറ അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.”—ആവർത്തനം 32:4.
ഒരു അമേരിക്കൻ വിദേശനയകാര്യവിദഗ്ദ്ധനായ മക്ക്ജോർജ് ബണ്ടി “ജനനായകർക്ക് ഇളക്കിവിടാവുന്ന ഇടുങ്ങിയ ദേശീയത്വ വികാരങ്ങൾ” എന്നു വിളിച്ചതിനു മമനുഷ്യന്റെ “പുതിയ ലോകക്രമം” വിധേയമാണ്. തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “സാമ്പത്തികവും സാമൂഹികവുമായ പരാജയങ്ങൾക്ക് ഇത്തരം തീവ്രവാദികൾക്ക് എങ്ങനെ ശക്തി പകരാൻ കഴിയുമെന്നു ചരിത്രത്തിൽ നിന്നു നമുക്കറിയാം. അത്തരം ദേശീയത്വം, അതെവിടെ സംഭവിച്ചാലും, അപകടകരമാണെന്നും നമുക്കറിയാം.”
സകല വർഗ്ഗങ്ങളിലും ദേശങ്ങളിലുമുള്ള ജനങ്ങൾ യഹോവയുടെ നിഷ്പക്ഷതയുടെയും സ്നേഹത്തിന്റെയും വഴികൾ പഠിപ്പിക്കപ്പെടുമെന്നതിനാൽ ദൈവത്തിന്റെ പുതിയ ലോകം അവർക്കിടയിലെ ഐക്യത്തിനും സമാധാനത്തിനും ഉറപ്പുനൽകുന്നു. യെശയ്യാവു ഇങ്ങനെ പ്രവചിച്ചു: “നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതുമായിരിക്കും.” (യെശയ്യാവു 54:13) ക്രിസ്തീയ അപ്പൊസ്തലനായ പത്രൊസ് ഇങ്ങനെ പറഞ്ഞു: “ദൈവത്തിനു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു.”—പ്രവൃത്തികൾ 10:34, 35.
യാതൊരു സംശയവും കൂടാതെ, നമുക്കറിയാവുന്ന ലോകത്തിൽ, സത്വരഭാവിയിൽ നാടകീയമായ സംഭവവികാസങ്ങൾ ഉണ്ടായിരിക്കും. എന്നിരുന്നാലും, ഏററവും വലിയ, സ്ഥിരവും പ്രയോജനപ്രദവുമായ, മാററങ്ങൾ ദൈവം കൊണ്ടുവരുമെന്നു വാഗ്ദത്തം ചെയ്തിട്ടുള്ളവയാണ്; ദൈവത്തിനു ‘ഭോഷ്കു പറയാൻ കഴിയുകയില്ല.’—തീത്തൊസ് 1:2. (g93 1⁄8)
[അടിക്കുറിപ്പുകൾ]
a വ്യാജമതലോകസാമ്രാജ്യം ബൈബിളിൽ “മഹാബാബിലോൻ, വേശ്യകളുടെ മാതാവ്” ആയി തിരിച്ചറിയിക്കപ്പെട്ടിരിക്കുകയാണ്. അവൾ രക്തപങ്കിലയായ ഒരു രാജ്ഞിയാണ്. അവളുടെ “പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു.” (വെളിപ്പാടു 17:3-6, 16-18; 18:5-7) മഹാബാബിലോന്റെ തിരിച്ചറിയൽ സംബന്ധിച്ച കൂടുതൽ സവിസ്തരമായ ഒരു വിശദീകരണത്തിനു വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ദൈവത്തെ കണ്ടെത്താനുള്ള മനുഷ്യവർഗ്ഗത്തിന്റെ അനേഷണം, (ഇംഗ്ലീഷ്) പേജ് 368-71 കാണുക.
b ബൈബിളിൽ പ്രവചിച്ചിരിക്കുന്ന ഈ സംഭവങ്ങളുടെ കൂടുതൽ സവിസ്തരമായ വിശദീകരണത്തിനു വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി 1988-ൽ പ്രസിദ്ധീകരിച്ച വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 30 മുതൽ 42 വരെയുള്ള അദ്ധ്യായങ്ങൾ കാണുക.