1995 നമ്മുടെ ഭാവി സംബന്ധിച്ചെന്ത്?
“ജനാധിപത്യവും വാണിജ്യാധിഷ്ഠിത സമ്പദ്വ്യവസ്ഥയും നടപ്പിലാക്കാനുള്ള കേവല ആഹ്വാനത്തെക്കാൾ മെച്ചമായ ഒരു മാർഗനിർദേശമാണു ലോകത്തിനാവശ്യം—പക്ഷേ അങ്ങനെയൊന്നു കിട്ടാനില്ല.”—വിൽ ഹട്ടൻ, ഗാർഡിയൻ വീക്ക്ലി.
മാനുഷിക വീക്ഷണത്തിൽ, ആ പ്രസ്താവന സത്യമാണെന്നു തോന്നിയേക്കാം. സമാധാനം, സുരക്ഷിതത്വം, നീതി, സമത്വം, നല്ല ഗവൺമെൻറ് എന്നിവയിലേക്കുള്ള വഴി ചൂണ്ടിക്കാട്ടുന്ന ആശ്രയയോഗ്യമായ മാർഗനിർദേശം ലോകത്തിനില്ലാത്തതായി തോന്നുന്നു. ഏകാധിപത്യ വ്യവസ്ഥതൊട്ടു റിപ്പബ്ലിക്കുകൾ വരെയും സ്വേച്ഛാധിപത്യ വ്യവസ്ഥകൾതൊട്ടു ജനാധിപത്യങ്ങൾ വരെയുമുള്ള സകലവിധ ഭരണസമ്പ്രദായങ്ങളും മനുഷ്യൻ പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. എന്നിട്ടും അവന്റെ ലോകം ഇപ്പോഴും ഭരിക്കാൻ വയ്യാത്ത അവസ്ഥയിലാണെന്ന് അവൻ കണ്ടെത്തുന്നു. ഇനി അവൻ എങ്ങോട്ടാണു തിരിയേണ്ടത്?
ഒരു തിരഞ്ഞെടുപ്പുള്ളതായി തോന്നുന്നു—ഒന്നുകിൽ അക്രമത്തിന്റെയും കുറ്റകൃത്യത്തിന്റെയും അഴിമതിയുടെയും അനീതിയുടെയും മതപരവും രാഷ്ട്രീയവുമായ കാപട്യത്തിന്റെയും ദേശീയ വിദ്വേഷത്തിന്റെയും ദരിദ്രരെ ചൂഷണം ചെയ്യുന്നതിന്റേതുമായ താഴേക്കുള്ള ഒരു ലോകത്തിലേക്കുള്ള വഴി. അതാണ് അരാജകത്വത്തിലേക്കു നയിക്കുന്നതെന്നു ചിലർ പറയുന്ന പാത.
അല്ലെങ്കിൽ, ഭരണകൂടം സംബന്ധിച്ചു ബൈബിൾ പറയുന്ന പ്രകാരമുള്ള ദൈവിക പരിഹാരത്തിലധിഷ്ഠിതമായ മെച്ചപ്പെട്ട ലോകത്തിലേക്കു കയറിപ്പോകുന്ന കഠിനവും ആത്മത്യാഗപരവുമായ മറ്റൊരു വഴി. അതു കഠിനമായിരിക്കുന്നത് അതിനു ധാർമിക ധൈര്യവും വ്യക്തിപരമായ ത്യാഗവും ജീവിതത്തോടുള്ള ഒരു ആത്മീയ വീക്ഷണവും ഉദ്ദേശ്യപൂർണനായ ഒരു ദൈവത്തിലുള്ള വിശ്വാസവും ആവശ്യമായിരിക്കുന്നതുകൊണ്ടാണ്. എന്നാൽ ആ കയറ്റം വിജയപ്രദമായിരിക്കുന്നതിനു മനുഷ്യൻ താഴ്മയുള്ളവനായിരിക്കണം—ദൈവത്തിന്റെ മുമ്പാകെയുള്ള താഴ്മ. നീതിയുള്ള ഭരണത്തിനായി അവൻ ദൈവത്തിലേക്കു തിരിയണം. അപ്പോസ്തലനായ പത്രോസ് ഇങ്ങനെ ബുദ്ധ്യുപദേശിച്ചു. “അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.”—1 പത്രൊസ് 5:6, 7; വെളിപ്പാടു 4:11.
ആരാണു വിദ്വേഷത്തിനു പ്രേരണയേകുന്നത്?
മനുഷ്യനു തനിയെ ഈ ലോകത്തെ മെച്ചപ്പെടുത്താൻ കഴിയുകയില്ല. കാരണം സ്വാർഥവും ദുഷ്ടവുമായ ഘടകങ്ങൾ വളരെയധികവും അതി ശക്തവുമാണ്. “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരേയാക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു” എന്നു യിരെമ്യാവ് എഴുതിയതു ശരിയായിരുന്നു. (യിരെമ്യാവു 10:23) ദൈവത്തെക്കൂടാതെ, മുഴു മനുഷ്യ കുടുംബത്തിന്റെയും പ്രയോജനത്തിനായി വിജയപൂർവം തന്റെ കാലടികളെ നയിക്കാൻ മനുഷ്യനു കഴിയുകയില്ല. അതെന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ നമ്മുടെ ജന്മസിദ്ധമായ അപൂർണതക്കു പുറമേ, റുവാണ്ടയിൽ ചെയ്തതുപോലെ മനുഷ്യർക്കിടയിൽ രക്തച്ചൊരിച്ചിലിന്റെ ഒരു അഴിഞ്ഞാട്ടത്തിനു പ്രേരിപ്പിക്കാൻ അദൃശ്യ ശത്രുവായ സാത്താൻ എപ്പോഴും തയ്യാറായി നിൽപ്പുണ്ട്.—ഉല്പത്തി 8:21; മത്തായി 4:1-11.
ആളുകളുടെ ഹൃദയത്തിലും മനസ്സിലും മുൻവിധി, വിദ്വേഷം, കൊലപാതകം എന്നിവയ്ക്കു പ്രേരണയേകിക്കൊണ്ട് സാത്താൻ ജനതകളിൽ ദേശീയവും വർഗീയവും മതപരവുമായ ശ്രേഷ്ഠതയുടെ ആശയങ്ങൾ നട്ടുവളർത്തിയിരിക്കുകയാണ്. അഗാധസ്ഥിതമായ ഈ വിദ്വേഷവിദ്യാഭ്യാസം ശൈശവം മുതലേ മാതാപിതാക്കൾ വളർത്തിയെടുക്കുന്നതാണ്, കാരണം മിക്കപ്പോഴും നൂറ്റാണ്ടുകളായുള്ള പാരമ്പര്യത്താൽ അവരുടെ മനസ്സുകൾ അതിൽ കുടുങ്ങിക്കിടക്കുകയാണ്. ഈ പാരമ്പര്യത്തെ സ്കൂൾ സമ്പ്രദായങ്ങളും മതപരമായ പഠിപ്പിക്കലുകളും പിന്നെ ഊട്ടിയുറപ്പിക്കുന്നു. അങ്ങനെ കോടിക്കണക്കിനാളുകൾ വളർന്നുവരുന്നതു വിദ്വേഷവും സ്പർധയും ഹൃദയത്തിൽ പേറിക്കൊണ്ടാണ്. തത്വദീക്ഷയില്ലാത്ത, മുതലെടുപ്പു നടത്തുന്ന, രാഷ്ട്രീയ, മത നേതാക്കൻമാരുടെ കൽപ്പനയിങ്കൽ തങ്ങളുടെ സഹമനുഷ്യനെതിരെ തിരിയാൻ തക്കവണ്ണം അവരെ ശൈശവം മുതൽ മസ്തിഷ്കപ്രക്ഷാളനം ചെയ്തു പരുവപ്പെടുത്തി വെച്ചിരിക്കുകയാണ്. ഒഴുകി വരുന്ന യുക്തിസഹമല്ലാത്ത മുദ്രാവാക്യങ്ങൾക്കും സംപ്രേക്ഷണം ചെയ്യപ്പെടുന്ന വാർത്താശകലങ്ങൾക്കും “വംശീയ ശുദ്ധീകരണ”ത്തിലോ ഒരു കൂട്ടക്കുരുതിയിലോ ചെന്നവസാനിക്കുന്ന ഒരു കാട്ടുതീയ്ക്കു തിരികൊളുത്താൻ കഴിയും.
സമീപഭാവിയിൽ എന്തു സംഭവിച്ചേക്കുമെന്നു സൂചിപ്പിച്ചുകൊണ്ട് ഇസ്രായേലിലെ ഒരു സൈനിക ചരിത്രകാരനായ മാർട്ടിൻ വാൻ ക്രെവെൽഡ് യുദ്ധത്തിൻ രൂപാന്തരീകരണം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഇങ്ങനെയെഴുതി: “ഇന്നത്തെ പരിസ്ഥിതി വെച്ചുനോക്കിയാൽ” പാശ്ചാത്യലോകത്തു “സായുധ യുദ്ധത്തിനു പ്രേരിപ്പിക്കാൻ, കഴിഞ്ഞ 300 വർഷങ്ങൾക്കിടയിൽ ഏതുസമയത്തും ഉണ്ടായിരുന്നതിനെക്കാൾ ഏറെ വലിയ പങ്കു മതപരമായ . . . മതഭ്രാന്തുകൾ വഹിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.” അതുകൊണ്ട്, സമാധാനത്തിനോ മനുഷ്യവർഗത്തിന്റെ ആത്മീയത ഉയർത്തുന്നതിനോ ഉള്ള ഒരു ശക്തിയായിരിക്കുന്നതിനു പകരം വിദ്വേഷം, യുദ്ധം, കൊലപാതകം എന്നിവയെ തുടർച്ചയായി ഊട്ടിവളർത്തുന്ന ഒരു ചരിത്രപരമായ പങ്കാണു മതത്തിനുള്ളത്.
ഒരു വ്യത്യസ്ത ഭാവി വാഗ്ദാനം ചെയ്യപ്പെടുന്നു
മനുഷ്യവർഗം നീതിയുള്ള ഒരു പുതിയ ലോകത്തിൽ ജീവിക്കാൻ യോഗ്യരാകണമെങ്കിൽ “അവൻ [യഹോവ] നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും. . . . അവൻ ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങൾക്കു വിധി കൽപ്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല” എന്ന യെശയ്യാവിന്റെ പ്രവചനം നിവർത്തിക്കുന്നതിൽ അവർ ഭാഗഭാക്കാവണം.—യെശയ്യാവു 2:3, 4.
ഈ അത്ഭുതകരമായ പ്രവചനത്തിനു ലോകവ്യാപകമായി ഇന്ന് ആരാണ് ചെവി കൊടുക്കുന്നത്? റുവാണ്ടയിൽ, ഒരു വ്യത്യസ്ത വർഗത്തിൽപ്പെട്ട സഹവിശ്വാസികളെ കൊല്ലുന്നതിനുപകരം മരണത്തെ സ്വാഗതം ചെയ്തവർ ആരായിരുന്നു? ഹിറ്റ്ലറിന്റെ സൈന്യത്തിൽ സേവിക്കുന്നതിനെക്കാൾ നാസി തടങ്കൽപ്പാളയത്തിൽ കിടന്നു മരിക്കാൻ തയ്യാറായവർ ആരായിരുന്നു? അനേകം രാജ്യങ്ങളിൽ, യുദ്ധം അഭ്യസിക്കുന്നതിനെക്കാൾ ഭേദം ജയിലുകളിൽ ജീവിതം കഴിച്ചു കൂട്ടുന്നതാണെന്നു തീരുമാനിച്ചവർ ആരാണ്? അതു “നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും” എന്ന യെശയ്യാവു 54:13-ന്റെ നിവൃത്തി ആസ്വദിച്ചിട്ടുള്ളവരാണ്.
ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾക്ക് ഇപ്പോൾ ആ സമാധാനമുണ്ട്, കാരണം യഹോവയുടെ വചനമാകുന്ന ബൈബിളിന്റെ പഠിപ്പിക്കൽ അവർ സ്വീകരിച്ചിരിക്കുന്നു. അവർ ക്രിസ്തുയേശുവിന്റെ പഠിപ്പിക്കലുകളും മാതൃകയും പിൻപറ്റുന്നു. അവൻ എന്താണു പറഞ്ഞത്? “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നൊരു പുതിയ കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നുതന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:34, 35) ഉത്തര അയർലൻഡിൽ മുമ്പു കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരുമായിരുന്നെങ്കിലും ഇപ്പോൾ ഒരുമിച്ച് ഐക്യത്തിൽ വേല ചെയ്യുന്ന അളവോളം യഹോവയുടെ സാക്ഷികൾ ഈ സ്നേഹം അവിടെ പ്രയോഗത്തിൽ വരുത്തുന്നു. മുമ്പു മതവൈരികളായിരുന്നെങ്കിലും ഇപ്പോഴവർ ഇസ്രായേലിലും ലെബനോനിലും മറ്റു ദേശങ്ങളിലും ക്രിസ്ത്യാനികളെന്നനിലയിൽ സഹകരിക്കുന്നു. അവർ മേലാൽ യുദ്ധം അഭ്യസിക്കുന്നില്ല. ലോകത്തിലുള്ള സകലരും യേശുവിന്റെ വാക്കുകൾ കേട്ട് അവ തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കിയിരുന്നെങ്കിൽ അത് എത്ര വ്യത്യസ്തമായിരിക്കുമായിരുന്നു!
ദൈവം വാഗ്ദത്തം ചെയ്ത പുതിയ ലോകം, ഒരു സ്വർഗീയ ഗവൺമെൻറിനാൽ ഭരിക്കപ്പെടുന്ന ലോകം, ആസന്നമാണെന്നു യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. ഇത്തരമൊരു ശുഭപ്രതീക്ഷയ്ക്ക് അവർക്ക് എന്തടിസ്ഥാനമാണുള്ളത്?
ദൈവം വാഗ്ദത്തം ചെയ്ത നിർണായക നടപടി
അനുസരണമുള്ള സകല മനുഷ്യവർഗത്തിനുംവേണ്ടി ദൈവം ഒരു നീതിയുള്ള ഭരണം തന്റെ വചനമായ ബൈബിളിൽ വാഗ്ദത്തം ചെയ്തിരിക്കുന്നു. ഈ വ്യവസ്ഥിതിയുടെ സമാപനത്തിങ്കൽ സ്ഥിരവും നീതിയുള്ളതുമായ ഒരു ഗവൺമെന്റു സ്ഥാപിക്കുമെന്ന് അവൻ തന്റെ പ്രവാചകനായ ദാനിയേൽ മുഖാന്തരം വാഗ്ദാനം ചെയ്തു. “ഈ രാജാക്കൻമാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരു നാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.” (ദാനീയേൽ 2:44) “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന തന്റെ വിഖ്യാതമായ പ്രാർഥനയിൽ, യാചിക്കാൻ യേശു വിശ്വാസികളെ പഠിപ്പിച്ച രാജ്യഭരണവും ഇതുതന്നെയാണ്.—മത്തായി 6:9, 10.
ആ പ്രാർഥനയിൽ നാം ദൈവത്തോട് അവന്റെ നീതിഭരണത്തോടു ബന്ധപ്പെട്ട വാഗ്ദത്തങ്ങൾ നിവർത്തിക്കാൻ യാചിക്കുകയാണ്. കാരണം നമുക്കറിയാം ദൈവത്തിനു നുണ പറയാൻ കഴിയില്ലെന്ന്. “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവ”നെക്കുറിച്ച് പൗലോസ് സംസാരിച്ചു. (തീത്തൊസ് 1:2; എബ്രായർ 6:17, 18) ദൈവം എന്താണു വാഗ്ദത്തം ചെയ്തിരിക്കുന്നത്? പത്രൊസ് അപ്പോസ്തലൻ മറുപടി നൽകുന്നു: “നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.”—2 പത്രൊസ് 3:13; യെശയ്യാവു 65:17; വെളിപ്പാടു 21:1-4.
ആ നീതിഭരണം ഇവിടെ ഭൂമിയിൽ പൂർണമായി ആസ്വദിക്കാൻ കഴിയുന്നതിനു മുമ്പ് ഒരു വൻ ശുദ്ധീകരണം നടക്കേണ്ടതുണ്ട്. സാത്താന്റെയും അവന്റെ ദുഷ്ട സൈന്യങ്ങളുടെയും ലോകത്തെ ശുദ്ധീകരിക്കുന്നതിനുള്ള ഈ നടപടി പെട്ടെന്നുതന്നെ നടക്കുമെന്നു ബൈബിൾ പ്രവചനങ്ങൾ ഒരുപോലെ സൂചന നൽകുന്നുണ്ട്. (മത്തായി 24-ാം അധ്യായം; ലൂക്കൊസ് 21-ാം അധ്യായം; മർക്കൊസ് 13-ാം അധ്യായം എന്നിവ കാണുക.) ശുദ്ധീകരണത്തിന്റെ ഈ അന്തിമ നടപടിയെയാണ് അർമഗെദോൻ യുദ്ധം അഥവാ “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം” എന്നു വിളിക്കുന്നത്.—വെളിപ്പാടു 16:14, 16.
ആരൊക്കെ എന്തൊക്കെ വിചാരിച്ചാലും കൊള്ളാം, 2000-ാമാണ്ട് സുപ്രധാനമായ ഒന്നല്ല. കാരണം, ക്രൈസ്തവലോകത്തിനല്ലേ അത് അർഥവത്തായിരിക്കുന്നുള്ളൂ. മറ്റു മതവിശ്വാസികൾക്കു തങ്ങളുടേതായ കാലഗണനകളുണ്ട്. എന്നാൽ പ്രാധാന്യമുള്ള സംഗതി “നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം” എന്താണെന്നു നിങ്ങൾ സ്വയം തെളിയിക്കേണ്ടതിനു ദൈവത്തിലേക്കും അവന്റെ വചനത്തിലേക്കും തിരിയുന്നതിനുള്ള സമയം ഇപ്പോഴാണ് എന്നതാണ്. (റോമർ 12:1, 2) തിരഞ്ഞെടുക്കുന്നതിനുള്ള നിങ്ങളുടെ സമയം ഇപ്പോഴാണെന്നതാണു പ്രസക്തമായ സംഗതി—ഒന്നുകിൽ ദൈവാനുഗ്രഹമുള്ള ഒരു ഭാവിയിലേക്കു മുന്നേറുക അല്ലെങ്കിൽ സാത്താന്റെ ലോകം വെച്ചുനീട്ടുന്ന നിരാശയുടെ പാതയിൽ തുടരുക. ദൈവത്തിന്റെ മാർഗം തിരഞ്ഞെടുക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ജീവനെ തിരഞ്ഞെടുത്തുകൊൾക!—ആവർത്തനപുസ്തകം 30:15, 16.
[14-ാം പേജിലെ ആകർഷകവാക്യം]
“നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.”—2 പത്രൊസ് 3:13
[13-ാം പേജിലെ ചിത്രം]
ദൈവരാജ്യഭരണത്തിൻ കീഴിൽ മാത്രമേ രാഷ്ട്രങ്ങൾക്കു വാസ്തവത്തിൽ തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കാൻ കഴിയൂ