ആൻഡ്രു കൊടുങ്കാററിനു നശിപ്പിക്കാൻ കഴിയാഞ്ഞ വസ്തുക്കൾ
കൊടുങ്കാററുകൾ ഉണ്ട്, അതേസമയം ചിലതു കൂടുതൽ നാശകാരികളായ കൊടുങ്കാററുകൾa ആണ്. ചിലതു കനത്ത മഴ കൊണ്ടുവരുന്നതും മരങ്ങൾ പിഴുതെറിയുന്നതുമായ ശക്തിയുള്ള കാററുകളായി പരിഗണിക്കപ്പെടുന്നവ മാത്രമാണ്. അതേസമയം ദക്ഷിണ ഫ്ളോറിഡായിലും (ആഗസ്ററ് 24, 1992) ലൂസിയാനയിലും (ആഗസ്ററ് 26, 1992) ആൻഡ്രു കൊടുങ്കാററും ഹവായിയിലെ കയൂയിൽ (സെപ്ററംബർ 12, 1992) ഇനിക്കി കൊടുങ്കാററും ഗ്വാമിൽ (ആഗസ്ററ് 28, 1992) ഓമർ ചുഴലിക്കാററും ഉണ്ടായിരുന്നു.
ഇവ കോടിക്കണക്കിനു ഡോളറിന്റെ വിനാശങ്ങൾ വരുത്തിക്കൂട്ടി. ഡസൻക്കണക്കിനു ജനങ്ങൾ ഫ്ളോറിഡയിൽ മരണമടഞ്ഞു. ആയിരക്കണക്കിനു കുടുംബങ്ങൾ ഭവനരഹിതരായി. ഇൻഷ്വറൻസ് പ്രതിനിധികൾ നശിപ്പിക്കപ്പെട്ട വീടുകളുടെ ഉടമസ്ഥരെ അന്വേഷിച്ചും ചെക്കുകൾ എഴുതിക്കൊണ്ടും ബദ്ധപ്പെട്ടുനടന്നിരുന്നു.
യഹോവയുടെ സാക്ഷികളുടെ ഫോർട്ട് ലോഡർഡെയിൽ ദുരിതാശ്വാസ കമ്മിററിയിൽനിന്നുള്ള ഒരു റിപ്പോർട്ടിൽ ആ പ്രദേശത്തുണ്ടായിരുന്ന യഹോവയുടെ സാക്ഷികളുടെ 1,033 ഭവനങ്ങളിൽ 518 എണ്ണം നന്നാക്കാൻ കഴിഞ്ഞിരുന്നുവെന്നു പറയുകയുണ്ടായി. ആ നിരക്കു മൊത്തത്തിൽ ബാധകമാക്കിയാൽ, ആൻഡ്രു വീശിയ പാതയിലുണ്ടായിരുന്ന വീടുകളുടെ 50 ശതമാനമെങ്കിലും നശിച്ചിരുന്നുവെന്ന് അത് അർത്ഥമാക്കും. കൊടുങ്കാററിനുശേഷവും അധിവാസയോഗ്യമായ വീടുണ്ടായിരിക്കാൻ ഭാഗ്യമുണ്ടായിരുന്നവർ അവരുടെ ഫർണീച്ചറുകളും തുണികളും ഉണക്കുന്നതിനും തകർന്ന മേൽക്കൂരയിലൂടെയുള്ള ജലപ്രവാഹത്തിൽ വീണടിഞ്ഞ സീലിംഗിൽനിന്ന് ഉണ്ടായ വെളുത്ത ചെളിനീക്കി വൃത്തിയാക്കുന്നതിനും പരിശ്രമിക്കുകയായിരുന്നു. തങ്ങളുടെ വീടുകളുടെ നഷ്ടശിഷ്ടങ്ങളിലേക്കു നോക്കുന്നതു അനേകർക്കു വിഷമമായിരുന്നു. ഒരുപക്ഷേ ഏററവുമധികം കഷ്ടപ്പെട്ടവർ ഉറപ്പുകുറഞ്ഞ, സഞ്ചരിക്കുന്ന വീടുകളിലോ ട്രെയിലറുകളിലോ താമസിച്ചവർ ആയിരുന്നു.
ആൻഡ്രു കൊടുങ്കാററ് ആരെയും ഒഴിവാക്കിയില്ല
ലിനാർഡും റെററി കിഫാറും അത്തരമൊരു ദമ്പതികൾ ആയിരുന്നു. ഫ്ളോറിഡ നഗരത്തിൽ അവരുടെ സഞ്ചരിക്കുന്ന ഭവനം കിടന്നിരുന്ന സ്ഥലം വീണ്ടും സന്ദർശിക്കാൻ പോയപ്പോൾ ആ പ്രദേശത്തു പ്രവേശിക്കുന്നതിന് ഒരു സൈനിക പരിശോധനാസ്ഥലത്ത് അവർ തങ്ങളെത്തന്നെ തിരിച്ചറിയിക്കേണ്ടതുണ്ടായിരുന്നു. ഉഗ്രസ്ഫോടന ശക്തിയുള്ള നൂറുകണക്കിനു ബോംബുകൾ—നിലത്തു കുഴികൾ ഒന്നും ഉണ്ടാക്കാതെ—പതിച്ചതുപോലെ കാണപ്പെട്ട ഒരു സഞ്ചരിക്കുന്ന ഭവന പാർക്കിംഗ് സ്ഥലമാണ് അവർ കണ്ടത്. വൃക്ഷങ്ങൾ പിഴുതെറിയപ്പെട്ടു. മുമ്പു വീടിന്റെ ഭിത്തികളും മേൽക്കൂരകളുമായിരുന്നതും ഒടിഞ്ഞുനുറുങ്ങിയതുമായ അലുമിനിയം ഷീററുകൾ വൃക്ഷങ്ങളെ പൊതിഞ്ഞും ചില തരത്തിലുള്ള വികൃതമായ ആഘോഷ അലങ്കാരങ്ങൾപോലെ കൊമ്പുകളിൽനിന്നു തൂങ്ങിയും കിടന്നിരുന്നു. വൈദ്യുത കമ്പികൾ എല്ലായിടത്തും വീണുകിടന്നിരുന്നു, മരം കൊണ്ടുള്ള കഴുക്കോലുകൾ തീപ്പെട്ടിക്കമ്പുകൾ പോലെ അറുത്തിട്ടിരുന്നു. കാറുകൾ കീഴ്മേൽ മറിക്കയും തകർക്കുകയും ചെയ്തിരുന്നു.
ബോബ് വാൻ ഡിക്കിന്റെ വീടു വാസയോഗ്യമല്ലെന്നു പ്രസ്താവിക്കപ്പെട്ടു, അദ്ദേഹം തന്റെ ഭവനത്തിലെ കാഴ്ചയെ ഇങ്ങനെ വർണ്ണിച്ചു: “തകർക്കാവുന്നതിനെ തകർത്തുകൊണ്ടും വളയ്ക്കാവുന്നതിനെ വളച്ചുകൊണ്ടും, ഭയപ്പെടുത്താവുന്ന ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ടും ഉഗ്രശബ്ദത്തോടെ സീലിംഗ് വീണുടഞ്ഞു.”
വ്യക്തിപരമായ വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, ഫോട്ടോകൾ, പുസ്തകങ്ങൾ എന്നിവ മുൻ ജീവിതരീതിയുടെ ദുഃഖസ്മരണകളെന്നോണം ചുററും കിടന്നു. ഒററപ്പെട്ട ഒരു കറുത്ത പൂച്ച തകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ ലക്ഷ്യമില്ലാതെ ചുററിക്കറങ്ങി. അതു കീഫർ ദമ്പതികളെ ജിജ്ഞാസയോടെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. ചെറിയ പല്ലികൾ മുൻപ് ആരുടെയോ മൂല്യവത്തായ സ്വത്തുക്കളായിരുന്നവയുടെ മുകളിലൂടെ പാഞ്ഞു. പൊട്ടിയ ശീതികരിണിയിൽനിന്നു ചീഞ്ഞഴുകിയ ഭക്ഷണത്തിന്റെ ദുർഗന്ധം വായുവിൽ വ്യാപിച്ചു. എല്ലാദിശയിലും ഉഗ്രനാശത്തിന്റെ ഒരു കാഴ്ച ആയിരുന്നു—എല്ലാം മണിക്കൂറിൽ 260 കിലോമീറററിൽ കൂടുതൽ വേഗത്തിൽ വീശിയ കാററിനാൽ, ശക്തിയേറിയ കാററിനാൽ ഉണ്ടായതു തന്നെ.
ഈ വീടുകളുടെ ഉടമകൾക്കും അന്തേവാസികൾക്കും അതു ഹൃദയഭേദകമായിരുന്നു. ഒരു കുടുംബത്തെ അനേകം വർഷങ്ങൾ വളർത്തിയതിനും ജീവിതം വിശിഷ്ടമായ സ്വന്തം വീടുകളിൽ പങ്കുവെച്ചതിനുശേഷം എല്ലാം തകർക്കപ്പെട്ടും ഛിന്നഭിന്നമായും കിടക്കുന്നതു കാണാൻ കീഫർ ദമ്പതികൾ തിരിച്ചുവന്നു. അവർ മുമ്പു നടത്തിയ ഒരു സന്ദർശനത്തിൽ അവരുടെ ചില സാധനങ്ങൾ നാശാവശിഷ്ടങ്ങൾക്കിടയിൽനിന്നു വീണ്ടെടുത്തിരുന്നു. എന്നാൽ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പരതിനടന്നത് അവർക്കു വളരെ ആഘാതമേൽപ്പിക്കുന്നതായിരുന്നു. എന്നിരുന്നാലും തങ്ങൾ അപ്പോഴും ജീവച്ചിരുന്നതിനെയും ദൈവത്തെ സേവിക്കാൻ സാധിച്ചതിനെയും അവർ വിലമതിച്ചു.
ആൻഡ്രു കൊടുങ്കാററ് ഒന്നിനെയും ഒഴിവാക്കിയില്ല. കടകമ്പോളങ്ങൾ, ഫാക്ടറികൾ, പാണ്ടികശാലകൾ—എല്ലാം പ്രകൃതിയുടെ കടന്നാക്രമണത്തിനു ഇരയായിത്തീർന്നു. ദുർബലരായ മനുഷ്യരുടെ കെട്ടിടനിർമ്മാണ നിയമങ്ങൾ നാശത്തെ തടഞ്ഞില്ല.
മനുഷ്യപ്രകൃതത്തിലെ ഏററവും നല്ലതും ഏററവും മോശവും
വ്യത്യസ്ത ദുരിതാശ്വാസ ഏജൻസികൾ സംഘടിപ്പിക്കപ്പെട്ടതോടെ രാജ്യത്തെല്ലായിടത്തുനിന്നും ഫ്ളോറിഡായിലേക്കു സഹായം പ്രവഹിക്കാൻ തുടങ്ങി. ന്യൂയോർക്ക്, ബ്രൂക്ക്ളിനിലെ യഹോവയുടെ സാക്ഷികളുടെ ഭരണസംഘം ഉടനെ പ്രതികരിക്കുകയും ഫോർട്ട് ലോഡർഡെയിലെ സമ്മേളനഹാളിൽ ക്രേന്ദീകരിച്ചു പ്രവർത്തിക്കുന്നതിന് ഒരു ദുരിതാശ്വാസ കമ്മിററിയെ നിയമിക്കുകയും ചെയ്തു. തുണികളും ഭക്ഷണവും അത്യാവശ്യ സാധനങ്ങളും വാങ്ങുന്നതിന് ഗണ്യമായ ഒരു തുകയും അവർ നീക്കിവെച്ചു. അതിന്റെ ഫലമായി, സാഹചര്യത്തോട് ആദ്യം പ്രതികരിച്ചവരിൽ സാക്ഷികൾ ഉൾപ്പെട്ടു, അവർ സന്നദ്ധസേവകരെ വിളിക്കാൻ തുടങ്ങി. വാസ്തവത്തിൽ അനേകർ വിളിക്കാതെയും വന്നു.
സാക്ഷികളായ പ്രവർത്തകർ കാലിഫോർണിയ, ഉത്തര കരോലിന, ഒറീഗൺ, വാഷിംങ്ടൺ സ്റേറററ്, പെൻസിൽവേനിയ, മിസ്സോറി എന്നിവിടങ്ങളിൽനിന്നും മററനേകം സ്ഥലങ്ങളിൽനിന്നും വന്നുചേർന്നു. സാധാരണമായി രാജ്യഹാളുകൾ പണിയുന്ന 18 പേരടങ്ങുന്ന ഒരു സംഘത്തെ മേൽക്കൂരകൾ നന്നാക്കുന്നതിനുവേണ്ടി ഒരു വിർജീനിയപ്രാദേശിക നിർമ്മാണക്കമ്മിററി അയച്ചു. അവിടെ എത്തിച്ചേരുന്നതിന് അവർ 18 മണിക്കൂർ കാറോടിച്ചു. ദുരിതമനുഭവിക്കുന്ന തങ്ങളുടെ സഹസാക്ഷികളുടെ അടുക്കൽ എത്താൻ ദുരിതാശ്വാസ പ്രവർത്തകർ അവധിസമയം വിനിയോഗിച്ചുകൊണ്ടോ ജോലിയിൽനിന്ന് അവധിയെടുത്തുകൊണ്ടോ രാജ്യത്തിലൂടെ നൂറുകണക്കിന് ആയിരക്കണക്കിനുപോലും കിലോമീറററുകൾ വണ്ടിയോടിച്ചു.
ദക്ഷിണ കരോലിനയിലെ ചാൾസ്ടൺ പ്രദേശത്തുനിന്നു വന്ന സംഘം വിലപ്പെട്ട സഹായം നൽകി. മുമ്പ് ആയിരത്തിത്തൊള്ളായിരത്തി എൺപത്തൊൻപതിൽ അവർക്കു ഹൂഗോ കൊടുങ്കാററിന്റെ കാര്യത്തിൽ അനുഭവപരിചയമുണ്ടായിരുന്നു. എന്താണു പ്രതീക്ഷിക്കേണ്ടത് എന്ന് അവർ അറിഞ്ഞിരുന്നു, പെട്ടെന്നുതന്നെ വൈദ്യുത ജനറേററർ, കെട്ടിടനിർമ്മാണ സാധനങ്ങൾ എന്നിവ ഉൾപ്പെടുന്ന ദുരിതാശ്വാസ സാമഗ്രികൾ സംഘടിപ്പിക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളിൽ സ്വമേധയാസേവകരുടെ സംഘം ഏതാണ് 800 വീടുകളിലെ വെള്ളം വററിക്കുകയും പലതിന്റെയും മേൽക്കൂരകൾ നന്നാക്കുകയും ചെയ്തിരുന്നു.
സാക്ഷികളല്ലായിരുന്ന അനേകം വിവാഹിതർക്കും അയൽക്കാർക്കും സാക്ഷികളായ കേടുപോക്കൽ സംഘങ്ങളുടെ സഹായത്തിൽനിന്നു പ്രയോജനം ലഭിച്ചു. പശ്ചിമ ഹോംസ്റെറഡിൽനിന്നുള്ള റോൺ ക്ലാർക്ക് ഇങ്ങനെ റിപ്പോർട്ടുചെയ്തു: “ഇതെല്ലാം അവിശ്വാസികളായ ഇണകളിൽ യഥാർത്ഥത്തിൽ മതിപ്പുളവാക്കിയിരുന്നു. സാക്ഷികൾ അവർക്കുവേണ്ടി ചെയ്തിരുന്നതിൽ വികാരാധീനരായി അവർ കരഞ്ഞു.” ഒരു സാക്ഷിയുടെ അവിശ്വാസിയായ ഭർത്താവിനെക്കുറിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു: “സാക്ഷികൾ ഇപ്പോൾ അദ്ദേഹത്തിനുവേണ്ടി മേൽക്കൂര ശരിയാക്കിക്കൊണ്ടിരിക്കുന്നു—അദ്ദേഹം ആഹ്ലാദചിത്തനാണ്.”
ഓരോ രാത്രിയിലും താൻ പരിശോധിച്ചുകൊണ്ടിരുന്ന സാക്ഷികളല്ലായിരുന്ന അയൽക്കാരെക്കുറിച്ചു മറെറാരു സാക്ഷി ഇപ്രകാരം പറഞ്ഞു. അവർ സുഖമായിരിക്കുന്നുവെന്ന് അവർ പറഞ്ഞു. അഞ്ചാമത്തെ ദിവസം ഭാര്യ നിയന്ത്രണംവിട്ടു കരഞ്ഞു. “ഞങ്ങൾക്കു കുട്ടിക്കുവേണ്ടി ഉടുതുണികൾ ഒന്നും ഇല്ല. കുട്ടിക്കുള്ള ഭക്ഷണം ഞങ്ങൾക്കില്ല. ഞങ്ങൾക്ക് ആവശ്യത്തിനുള്ള ഭക്ഷണവും വെള്ളവും ഇല്ല.” ഭർത്താവിനു 20 ലിററർ പെട്രോൾ വേണമായിരുന്നു, എന്നാൽ അത് എങ്ങുനിന്നും ലഭിച്ചില്ല. ആ ദിവസംതന്നെ അവർക്കാവശ്യമുണ്ടായിരുന്ന എല്ലാം രാജ്യഹാൾ ദുരിതാശ്വാസ ഡിപ്പോയിൽനിന്ന് ആ സാക്ഷി കൊണ്ടുവന്നു കൊടുത്തു. കൃതജ്ഞതകൊണ്ടു ഭാര്യ കരഞ്ഞു. ഭർത്താവു ദുരിതാശ്വാസവേലയ്ക്ക് ഒരു സംഭാവന കൊടുത്തു.
ദുരന്തമേഖലയിൽ പുനർനിർമ്മിക്കപ്പെട്ട വ്യത്യസ്ത രാജ്യഹാളുകളിൽ ഒരുമിച്ചു പ്രവർത്തിച്ച സഭാമൂപ്പൻമാരും ശുശ്രൂഷാദാസൻമാരും ദുരിതാശ്വാസം സംഘടിപ്പിക്കുന്നതിൽ ഒരു ജീവൽപ്രധാനമായ പങ്കുവഹിച്ചു. എല്ലാ സാക്ഷികളെയും കണ്ടെത്തുന്നതിനും അവരുടെ ആവശ്യങ്ങൾ നിശ്ചയപ്പെടുത്തുന്നതിനും അവർ അക്ഷീണം പ്രവർത്തിച്ചു. ഇതിനു വിപരീതമായി, മറെറാരു പ്രദേശത്തെ ദുരിതാശ്വാസ ശ്രമങ്ങളെ സംബന്ധിച്ച് ഒരു വ്യോമസേനാ മേധാവി ഇങ്ങനെ പറഞ്ഞതായി ഉദ്ധരിച്ചു: “എല്ലാ അധികാരികളും നിർദ്ദേശങ്ങൾ കൊടുക്കുന്നവർ മാത്രം ആയിരിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ ആരും ജോലി ആത്മാർത്ഥമായി കൃത്യം നിർവ്വഹിക്കുന്നതിനും യഥാർത്ഥത്തിൽ അഹിതകരമായ ജോലി ചെയ്യുന്നതിനും ആഗ്രഹിക്കുന്നില്ല.”
ദുരന്തങ്ങൾക്ക് ആളുകളിലെ ഏററവും നല്ലതും ഏററവും മോശവുമായ ഗുണങ്ങൾ വ്യക്തമാക്കാൻ കഴിയും. ഏററംമോശമായതിന്റെ ഒരു ദൃഷ്ടാന്തം കവർച്ചചെയ്യലായിരുന്നു. പ്രാദേശിക രാജ്യഹാളിലെ ദുരിതാശ്വാസ കേന്ദ്രത്തിന്റെ ഉപയോഗത്തിനുവേണ്ടി കുറഞ്ഞപക്ഷം തങ്ങളുടെ ശീതികരണിയും അലക്കുയന്ത്രവും സൂക്ഷിക്കാമെന്നു സാക്ഷികളുടെ ഒരു കുടുംബം തീരുമാനിച്ചു. ഒരു വണ്ടി വിളിക്കുന്നതിനുവേണ്ടി അവർ ഹാളിലേക്കു പോയി. അവർ തിരിച്ചെത്തുന്നതിനു മുമ്പേ കവർച്ചക്കാർ അതു രണ്ടും മോഷ്ടിച്ചിരുന്നു!
“ഞങ്ങൾ ശൂന്യമാക്കപ്പെട്ട തെരുവുകളിലൂടെ സഞ്ചരിച്ചപ്പോൾ കവർച്ചക്കാരോടു മാറിക്കൊള്ളാൻ ആവശ്യപ്പെടുന്ന മുന്നറിയിപ്പിൻ സൂചനകളോടുകൂടിയ വീടുകൾ ഞങ്ങൾ കണ്ടു” എന്ന് ഒരു ദൃക്സാക്ഷി റിപ്പോർട്ടുചെയ്തു. ചില സൂചനകൾ ‘കവർച്ചക്കാർ മരിക്കണം’, ‘കവർച്ചക്കാരെ വെടിവെക്കണം’ എന്നായിരുന്നു. മറെറാരെണ്ണം ‘രണ്ടു കവർച്ചക്കാരെ വെടിവെച്ചു. ഒരുവൻ മരിച്ചു’ എന്നായിരുന്നു. സംഭരണശാലകളും കടകളും കൊള്ളയടിക്കപ്പെട്ടിരുന്നു.” എൺപത്തിരണ്ടാമതു എയർബോൺ ഡിവിഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ചു കുറഞ്ഞപക്ഷം ഒരു കവർച്ചക്കാരൻ പിടിക്കപ്പെടുകയും ജനങ്ങളാൽ കൊല്ലപ്പെടുകയും ചെയ്തു.
അനേകർ അറസ്ററ് ചെയ്യപ്പെട്ടു. ഏതു ദുരന്തത്തിലും അക്രമികൾ കഴുകൻമാരെപ്പോലെ റാഞ്ചിയെടുക്കാൻ ഒരുങ്ങിയിരിക്കുകയാണ് എന്നു തോന്നുന്നു. കുററവാളികളല്ലാത്ത സാധാരണക്കാർപോലും കവർച്ചയിൽ പങ്കെടുക്കാൻ പ്രചോദിപ്പിക്കപ്പെടുന്നു. പണം മുടക്കാതെ ലഭിക്കുന്ന ഒന്നിനുവേണ്ടിയുള്ള പ്രലോഭനത്തിൽ മതവും നീതിശാസ്ത്രവും ധാർമ്മികനിഷ്ഠകളും അപ്രത്യക്ഷമാകുന്നതായി തോന്നുന്നു.
തുടക്കത്തിൽ ചില പടയാളികളുടെ വെടിയുണ്ട നിറയ്ക്കാത്ത തോക്കുകൾപോലും ആയുധധാരികളായ കവർച്ചക്കാർ അപഹരിച്ചുവെന്ന് ഉണരുക!യോടു പറഞ്ഞു. ചില പടയാളികൾ രാജ്യഹാൾ ദുരിതാശ്വാസകേന്ദ്രത്തെ മരുഭൂമിയിലെ മരുപ്പച്ചയായി വീക്ഷിക്കുന്നുവെന്നു പറയുന്നതായി കേട്ടു, “എന്തുകൊണ്ടെന്നാൽ,” അവർ പറഞ്ഞപ്രകാരം, “നിങ്ങൾ സാക്ഷികൾ തോക്കുകൾ കൊണ്ടുനടക്കുന്നില്ല.”
“വെറുതെ നിരുത്സാഹിതരായി ഇരിക്കരുത്”
പ്രകൃതി വിപത്തുകൾ സംബദ്ധിച്ച തങ്ങളുടെ അനുഭവങ്ങളിൽനിന്നു യഹോവയുടെ സാക്ഷികൾ എന്തു പഠിച്ചിരിക്കുന്നു? സാധ്യമാകുന്നത്ര വേഗത്തിൽ ആത്മീയ പ്രവർത്തനങ്ങൾ പുനരാരംഭിക്കുക. തിങ്കളാഴ്ചത്തെ കൊടുങ്കാററിനുശേഷം തുടർന്നുവന്ന ബുധനാഴ്ച മീററിംഗിനുവേണ്ടി ഒരു ഡബിൾരാജ്യഹാൾ സജ്ജമായിരുന്നുവെന്നു ഹോംസ്ററഡിലെ ഒരു മേൽവിചാരകൻ, എഡ് റുംസെ, ഉണരുക!യോടു പറഞ്ഞു. മേൽക്കൂരയുടെ കുറെഭാഗം പോയിരുന്നു, മച്ച് തകർന്ന് വെള്ളം ഉള്ളിൽ പ്രവേശിച്ചിരുന്നു. രാജ്യഹാളുകൾ മീററിംഗുകൾക്കുവേണ്ടിയും ശൂന്യമാക്കപ്പെട്ട തങ്ങളുടെ പ്രദേശത്തു ദുരിതാശ്വാസ വേല നിയന്ത്രിക്കാൻ നിർദ്ദേശങ്ങൾ കൊടുക്കുന്ന സ്ഥലമായി ഉപയോഗിക്കുന്നതിനുവേണ്ടിയും നന്നാക്കിയെടുക്കാൻ സ്വമേധയാസേവകർ പെട്ടെന്നു പ്രവർത്തിച്ചു. ദുരിതമനുഭവിക്കുന്നവർക്കും ദുരിതാശ്വാസപ്രവർത്തകർക്കും ഭക്ഷണം പ്രദാനം ചെയ്യാൻ കഴിയത്തക്കവണ്ണം അടുക്കളകൾ സ്ഥാപിച്ചു.
പ്രിൻസ്ടെൻ സ്പാനിഷ് സഭയിലെ ഒരു മൂപ്പൻ, ഫെർമിൻ പാസ്ട്രനാ, 80 സാക്ഷികളുള്ള തന്റെ സഭയിലെ 7 കുടുംബങ്ങൾക്ക് അവരുടെ വീടു പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നു റിപ്പോർട്ടുചെയ്തു. അദ്ദേഹം തന്റെ സഹസാക്ഷികൾക്ക് എന്തു പരിഹാരമാണു നിർദ്ദേശിച്ചിരുന്നത്? “ദുഃഖിക്കേണ്ട ആവശ്യമുണ്ടെങ്കിൽ ദുഃഖിക്കുക. എന്നാൽ വെറുതെ നിരുത്സാഹിതരായി ഇരിക്കരുത്. മററുള്ളവരെ സഹായിക്കുന്നതിൽ പ്രവർത്തനനിരതരാകുകയും സാധ്യമാകുന്ന അളവിൽ ശുശ്രൂഷയ്ക്കു പോകുകയും ചെയ്യുക. നമ്മുടെ ക്രിസ്തീയ യോഗങ്ങൾ മുടക്കരുത്. പരിഹരിക്കാവുന്നതു പരിഹരിക്കുക, എന്നാൽ പരിഹാരമില്ലാത്തതിനെക്കുറിച്ചു വിഷമിക്കരുത്.” തത്ഫലമായി, സാക്ഷികൾ പെട്ടെന്നുതന്നെ വീടുതോറും പ്രസംഗിക്കുകയും ദുരിതാശ്വാസ പെട്ടികൾ കൊണ്ടുപോകുകയും ചെയ്തിരുന്നു. ആൻഡ്രു അവരുടെ തീക്ഷ്ണത കെടുത്തിക്കളഞ്ഞില്ല.
‘അടുത്ത തവണ ഞങ്ങൾ ഒഴിഞ്ഞുപോകും!’
കററ്ലർ റിജിൽ നിന്നുള്ള ഒരു 37 വയസ്സുകാരി സ്ത്രീ, ഷാരൺ കാസ്ട്രോ അവരുടെ കഥ ഉണരുക!യോടു പറഞ്ഞു: “ഒഴിഞ്ഞുപോകേണ്ട എന്ന് എന്റെ പിതാവു തീരുമാനിച്ചു. കഴിഞ്ഞ തവണത്തെ കൊടുങ്കാററ് ഫ്ളോറിഡാ തീരത്തു വീശാതെ മാറിപ്പോയതിനാൽ ആൻഡ്രുവും അങ്ങനെതന്നെ ചെയ്യുമെന്നുവെന്ന് അദ്ദേഹത്തിനു തോന്നി. അദ്ദേഹം ജനലുകൾ പലകവെച്ച് അടയ്ക്കാൻപോലും തയ്യാറായിരുന്നില്ല. ഭാഗ്യവശാൽ എന്റെ സഹോദരൻ അവിടെ വരികയും പ്ലൈവുഡ്വെച്ചു ജനൽ മറയ്ക്കുന്നതിനു നിർബന്ധിക്കുകയും ചെയ്തു. സംശയലേശമെന്യേ അദ്ദേഹത്തിന്റെ പ്രവർത്തനം ഞങ്ങളുടെ ജീവൻ രക്ഷിച്ചു. ഞങ്ങളുടെ ജനലുകൾ ഛിന്നഭിന്നമായി പോകുകയും ഞങ്ങൾ കഷണംകഷണമായി മുറിഞ്ഞുപോകുകയും ചെയ്തേനെ.
“വെളുപ്പിന് ഏതാണ്ട് 4:30-നു വൈദ്യുതപ്രവാഹം നിലച്ചുപോയി. വെളിയിലെ ശബ്ദങ്ങൾ ഭയപ്പെടുത്തുന്നതായിരുന്നു. അതൊരു വലിയ തീവണ്ടിയുടെ ശബ്ദംപോലെയായിരുന്നു. വൃക്ഷങ്ങളും കെട്ടിടങ്ങളും ഒടിയുന്നതിന്റെയും തകരുന്നതിന്റെയും ശബ്ദമുണ്ടായിരുന്നു. ഞെട്ടിക്കുന്ന ഒരു കിറുകിറാ ശബ്ദം മേൽക്കൂരയിലുള്ള നീളമുള്ള ആണികൾ അയഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ഒച്ച ആയിരുന്നുവെന്നു ഞങ്ങൾ പിന്നീടു കണ്ടെത്തി. തട്ടിൻപുറം പറന്നുപോയി, മേൽക്കൂരയുടെ മൂന്നിലൊരു ഭാഗം പോയി. ഒടുവിൽ ഞങ്ങൾ, എന്റെ രോഗിയായ അമ്മയും 90 വയസ്സുള്ള വല്ല്യമ്മയും ഉൾപ്പെടെ 12 പേർ, ജനലുകൾ ഒന്നും ഇല്ലായിരുന്ന നടുവിലത്തെ മുറിയിൽ അഭയം പ്രാപിക്കേണ്ടി വന്നു. ഞങ്ങൾ തീർച്ചയായും അവിടെക്കിടന്നു മരിക്കാൻ പോകുകയാണെന്നു ഞങ്ങൾക്ക് ഉറപ്പുതോന്നി.”
ആ അനുഭവത്തിൽനിന്ന് ഈ സ്ത്രീ എന്തു പാഠമാണു പഠിച്ചത്? “അടുത്ത തവണ അവർ ഞങ്ങളോടു ഒഴിഞ്ഞുപോകാൻ പറയുമ്പോൾ—ഒന്നും ചോദിക്കാതെ—ഞങ്ങൾ ഒഴിഞ്ഞുപോകും. ഞങ്ങൾ മുന്നറിയിപ്പുകൾക്കു ശ്രദ്ധ കൊടുക്കും. ഞാൻ പങ്കുവെക്കാനും അല്പംകൊണ്ട് ഉപജീവനം കഴിക്കാനും പഠിച്ചു. കൂടാതെ, കരയുന്നതും ദുഃഖിക്കുന്നതും പിന്നെ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നതും ഉചിതമാണെന്ന് എനിക്കറിയാം.”
പത്രങ്ങളുടെ പ്രതികരണങ്ങൾ
യഹോവയുടെ സാക്ഷികൾ എത്ര നന്നായി സംഘടിതരായിരുന്നുവെന്നു മാധ്യമങ്ങൾപോലും കുറിക്കൊണ്ടു. ദ സാവന്ന ഇവനിംങ് പ്രസ് “യഹോവയുടെ സാക്ഷികൾക്കു ദക്ഷിണ ഫ്ളോറിഡായിൽ സ്വാഗതമുണ്ടെന്ന് അവർ കണ്ടെത്തുന്നു” എന്ന തലക്കെട്ടു വഹിച്ചു. “സാക്ഷികൾ അവർക്കും മററുള്ളവർക്കും വേണ്ടി കരുതുന്നു” എന്ന് മിയാമി ഹെറൾഡ് പ്രസ്താവിച്ചു. “ഈ ആഴ്ചയിൽ ഹോംസ്റെറഡിലുള്ള ആരും യഹോവയുടെ സാക്ഷികൾക്കുനേരെ അവരുടെ കതകുകൾ—അടയ്ക്കാനുള്ള കതകോടു കൂടിയ ഒരു വീട് അവർക്ക് ഇപ്പോഴും ഉണ്ടെങ്കിൽ—അടയ്ക്കുന്നില്ല. ഏതാണ്ട് 3,000-ത്തോളം സ്വമേധയാസേവക സാക്ഷികൾ രാജ്യത്തെമ്പാടുംനിന്നു ദുരന്തപ്രദേശത്ത് ഒരുമിച്ചുകൂടിയിരിക്കുന്നു, ആദ്യം അവരുടെ ആളുകളെയും പിന്നെ മററുള്ളവരെയും സഹായിക്കുന്നതിനു തന്നെ. . . . സാക്ഷികളുടെ കൃത്യതയിലും ശിക്ഷണത്തിലും കാര്യക്ഷമതയിലും ഏതു സൈനിക സ്ഥാപനവും അസൂയപ്പെടും” എന്ന് അതു പ്രസ്താവിച്ചു.
സാക്ഷികൾ അവരുടെ സമ്മേളനങ്ങളിലും കൺവെൻഷനുകളിലും വലിയ കൂട്ടങ്ങൾക്കു ഭക്ഷണം കൊടുക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ പരിചിതരാണ്. കൂടാതെ, രാജ്യഹാളുകളും വലിയ സമ്മേളനഹാളുകളും നിർമ്മിക്കുന്നതിന് അവർ ലോകവ്യാപകമായി നൂറുകണക്കിനു പ്രാദേശികനിർമ്മാണ കമ്മിററികൾ സംഘടിപ്പിച്ചിട്ടുണ്ട്. അങ്ങനെ, പെട്ടെന്നുള്ള ഒരു അറിയിപ്പിൽ പ്രതികരിക്കാൻ തയ്യാറുള്ള ആൾക്കാരെ അവർ പരിശീലിപ്പിച്ചിട്ടുണ്ട്.
എന്നിരുന്നാലും, മറെറാരു വസ്തുത അവരുടെ മനോഭാവമാണ്. അതേ റിപ്പോർട്ട് തുടർന്നു: “അവിടെ ഉദ്യോഗസ്ഥമേധാവിത്വം ഇല്ല. അഹംഭാവികളുടെ പോരാട്ടം ഇല്ല. പകരം, ജോലിക്കാർ എത്ര മുൻകോപികളോ, വഴങ്ങാത്തവരോ ക്ഷീണിതരോ ആയാലും വളരെ സന്തോഷമുള്ളവരും സഹകരണമനോഭാവമുള്ളവരും ആയി കാണപ്പെടുന്നു.” അത് എങ്ങനെയാണു വിശദീകരിക്കപ്പെട്ടത്? ഒരു സാക്ഷി ഉത്തരം നല്കി: “മററുള്ളവരോടു സ്നേഹം പ്രകടമാക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന, ദൈവവുമായുള്ള ഒരു ബന്ധത്തിൽനിന്നാണ് ഇതു വരുന്നതാണ്.” ആൻഡ്രുവിന് എടുത്തുകളയാൻ കഴിയാഞ്ഞ മറെറാന്നായിരുന്നത്, സാക്ഷികളുടെ ക്രിസ്തീയ സ്നേഹം.—യോഹന്നാൻ 13:34, 35.
സാക്ഷികൾ വൃക്ഷങ്ങളിൽനിന്നു പഠിച്ചത് ഒരു രസകരമായ താരതമ്യം ആണെന്നു തോന്നുന്നു. ഒരു ദൃക്സാക്ഷി അത് ഇപ്രകാരം അവതരിപ്പിച്ചു: “ഞാൻ ചുററിക്കറങ്ങി സഞ്ചരിച്ചപ്പോൾ നൂറുകണക്കിനു വലിയ വൃക്ഷങ്ങൾ കടപുഴകി നിലത്തു മറിഞ്ഞു വീണുകിടക്കുന്നതു കണേണ്ടിവന്നു. അത് എന്തുകൊണ്ടായിരുന്നു? അവയുടെ വലിപ്പം നിമിത്തം അവ ശക്തിയായ കാററിനെ ചെറുത്തു നിൽക്കാൻ ശ്രമിച്ചു, അവയ്ക്ക് പടർന്നുപന്തലിച്ചതും എന്നാൽ ആഴത്തിൽ ഇറങ്ങാത്തതുമായ ഒരു വേരുപടലമാണുണ്ടായിരുന്നത്. മറിച്ച്, വണ്ണംകുറഞ്ഞ പനവൃക്ഷങ്ങളിൽ മിക്കതും വീഴാതെനിന്നു. അവ കാററുകൊണ്ടു വളഞ്ഞു, ചിലതിന് അഗ്രഭാഗം നഷ്ടപ്പെട്ടു, എന്നാൽ അധികവും നിലത്തു വേരുറപ്പിച്ചുനിന്നു.”
ആ സാക്ഷികൾക്കു ദൈവവചനത്തിലെ വിശ്വാസത്തിന്റെ ആഴത്തിലുള്ള വേരുകൾ ഉണ്ടായിരുന്നു, അവർ പ്രതികരണങ്ങളിൽ വഴക്കമുള്ളവർ ആയിരുന്നു. സ്വത്തുക്കളും വീടുകളും അവർക്ക് സർവ്വസ്വവുമായിരുന്നില്ല. വിപത്തിൻ മദ്ധ്യേയും കുറഞ്ഞപക്ഷം അവർക്ക് ജീവിച്ചിരിക്കുന്നതിനും യഹോവയെ സേവിക്കുന്നതിൽ തുടരുന്നതിനും കഴിഞ്ഞു. ആൻഡ്രു അവരിൽനിന്ന് എടുക്കാതിരുന്ന ഒന്നായിരുന്നു ജീവൻ.
അത് എങ്ങനെ ചെയ്യുന്നു?
ആൻഹൊയിസർ ബുഷ് കമ്പനി ഒരു വണ്ടി നിറയെ കുടിവെള്ളം സംഭാവന ചെയ്തു. ആ പ്രദേശത്ത് എത്തിയപ്പോൾ വെള്ളം എവിടെ ഏല്പ്പിക്കണം എന്നു ഡ്രൈവർ അധികാരികളോടു ചോദിച്ചു. സംഘടിതമായ എന്തെങ്കിലും ഉണ്ടെങ്കിൽ അതു സാക്ഷികൾക്കു മാത്രമാണ് എന്ന് അദ്ദേഹത്തോട് അവർ പറഞ്ഞു. വാസ്തവത്തിൽ, ആൻഡ്രു ആഞ്ഞടിച്ചതിനുശേഷം ഒരാഴ്ചക്കുള്ളിൽ ഏതാണ്ട് 70 ട്രക്ക്-ട്രെയിലറിൽ വിതരണസാമാനങ്ങൾ യഹോവയുടെ സാക്ഷികളുടെ ഫോർട്ട് ലോഡർഡെയിലിലെ സമ്മേളനഹാളിൽ എത്തിച്ചേർന്നിരുന്നു.
അവിടുത്തെ ഒരു സ്വമേധയാസേവകൻ റിപ്പോർട്ടു ചെയ്യുന്നു: “ഞങ്ങൾക്ക് ഒരു വണ്ടി നിറയെ കുടിവെള്ളം ലഭിച്ചു. ഞങ്ങൾ പെട്ടെന്നുതന്നെ രാജ്യഹാളുകളിലെ വിതരണ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്ന മററു ഭക്ഷണപദാർത്ഥങ്ങളോടൊപ്പം ഇതും ഉൾപ്പെടുത്തി. അത് ആ പ്രദേശത്ത് ആവശ്യമുണ്ടായിരുന്ന സഹോദരങ്ങൾക്കും അയൽക്കാർക്കും പങ്കുവെച്ചു.” വാഷിംങ്ടൺ സ്റേറററിലെ ഒരു കടലാസു കമ്പനി 2,50,000 കടലാസു പാത്രങ്ങൾ സംഭാവന ചെയ്തു.
‘അവർ മാത്രമാണു ശരിയായ രീതിയിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്’ എന്നു പറഞ്ഞുകൊണ്ടു നഗര അധികാരികൾ തുടക്കത്തിൽ സാക്ഷികളല്ലാത്ത സ്വമേധയാസേവകരെ രാജ്യഹാളിലേക്ക് അയച്ചുകൊണ്ടിരുന്നു. ഒടുവിൽ സൈനികർ വരുകയും ഭക്ഷണ-ജല ദുരിതാശ്വാസകേന്ദ്രങ്ങളും നഗരകൂടാരങ്ങളും സ്ഥാപിച്ചു തുടങ്ങുകയും ചെയ്തു.
ദുരിതാശ്വാസക്കമ്മിററി ഫോർട്ട് ലോഡർഡെയിനിലെ സമ്മേളനഹാളിൽ സ്ഥാപിച്ച സാക്ഷികളുടെ ആദ്യ വിതരണകേന്ദ്രം ഹോംസ്റെറഡിനു ചുററുമുള്ള പ്രധാന ദുരന്തമേഖലയിൽനിന്ന് ഏതാണ്ട് 60 കിലോമീററർ വടക്കായിരുന്നു. ജോലി ഭാരം കുറയ്ക്കുന്നതിനുവേണ്ടി ഒരു പ്രാഥമിക വിതരണ സ്ഥലം ദുരന്തമേഖലയ്ക്ക് ഏതാണ്ട് 400 കിലോമീററർ വടക്കുപടിഞ്ഞാറുള്ള ഒർലാൻഡോയ്ക്കു സമീപം പ്ലാൻറ് സിററി സമ്മേളനഹാളിൽ സ്ഥാപിച്ചു. മിക്ക ദുരിതാശ്വാസ സാധനങ്ങളും വേർതിരിക്കുന്നതിനും പായ്ക്കുചെയ്യുന്നതിനുംവേണ്ടി അവിടെ എത്തിച്ചിരുന്നു. കമ്മിററി അവർക്കുവേണ്ടതു പ്ലാൻറ് സിററിയിൽനിന്നു ദൈനംദിന അടിസ്ഥാനത്തിൽ ഓർഡർ ചെയ്തിരുന്നു, അഞ്ചു മണിക്കൂർ യാത്രചെയ്തു ഫോർട്ട് ലോഡർഡെയിനിൽ എത്തുന്നതിനു വലിയ ട്രക്ക് ട്രെയിലറുകൾ ഉപയോഗിച്ചിരുന്നു.
തുടർന്ന് ഈ വിതരണകേന്ദ്രം ദുരന്തമേഖലയുടെ മദ്ധ്യഭാഗത്ത് റിപ്പയറിംഗ് നടത്തിക്കഴിഞ്ഞിരുന്ന മൂന്നു രാജ്യഹാളിൽ ഭക്ഷണവും, സാധനങ്ങളും വെള്ളവും ജനറേറററുകളും മററ് അത്യാവശ്യ സാധനങ്ങളും എത്തിച്ചു. അവിടെ, സമർത്ഥരായ സാക്ഷികൾ ശ്രദ്ധ ആവശ്യമായിരുന്ന നൂറുകണക്കിനു വീടുകൾ സന്ദർശിക്കുന്നതിന് നിർമ്മാണ, വൃത്തിയാക്കൽ സംഘങ്ങളെ സംഘടിപ്പിച്ചു. രാജ്യഹാൾ മൈതാനത്ത് അടുക്കളകളും ഭക്ഷണവിതരണ ലൈനുകളും തുറന്നു, ഏതൊരാൾക്കും സഹായത്തിനുവേണ്ടി വരാൻ സ്വാഗതമുണ്ടായിരുന്നു. ചില സൈനികർപോലും അവിടെ ഭക്ഷണം ആസ്വദിച്ചു, പിന്നീട് അവർ സംഭാവനപ്പെട്ടികളിൽ സംഭാവന ഇടുന്നതായും കണ്ടു.
പുരുഷൻമാർ വീടുകൾ കേടുപോക്കുന്നതിൽ ശ്രദ്ധവെച്ചപ്പോൾ ചില സ്ത്രീകൾ ആഹാരം തയ്യാറാക്കുകയായിരുന്നു. മററുള്ളവർ പ്രകൃതി വിപത്തിനെക്കുറിച്ചുള്ള ബൈബിളിന്റെ വിശദീകരണം പങ്കുവെക്കുന്നതിനുവേണ്ടിയും ആവശ്യമുള്ളവർക്കു ദുരിത്വശ്വാസ വസ്തുക്കളടങ്ങിയ പെട്ടികൾ കൊടുക്കുന്നതിനുവേണ്ടിയും തങ്ങൾക്കു കണ്ടെത്താൻ കഴിഞ്ഞ ആരെയും സന്ദർശിക്കാൻ പോയി. ഇവരിലൊരാൾ തെരേസാ പിരഡാ ആയിരുന്നു. അവരുടെ വീടിനു കേടുസംഭവിച്ചിരുന്നു, അവരുടെ കാറിന്റെ കതകുകൾ തകർക്കപ്പെട്ടിരുന്നു—എന്നിട്ടും അവരുടെ കാർ അയൽക്കാർക്കുവേണ്ടി തയാറാക്കിയ ദുരിതാശ്വാസ പെട്ടികൾകൊണ്ടു നിറച്ചു. അവരുടെ ഭർത്താവ്, ലൊസോരോ രാജ്യഹാളുകളിലൊന്നിൽ തിരക്കോടെ പ്രവർത്തിക്കുകയായിരുന്നു.—സഭാപ്രസംഗി 9:11; ലൂക്കൊസ് 21:11, 25.
ഭവനരഹിതരായവരിൽ അനേകർക്ക് ആൻഡ്രു ബാധിക്കാതിരുന്ന സാക്ഷികളുടെ വീടുകളിൽ താമസസൗകര്യങ്ങൾ കണ്ടെത്തി. മററുചിലർ വാടകയ്ക്കെടുത്തതോ ആ ഉദ്ദേശ്യത്തിൽ സംഭാവനചെയ്യപ്പെട്ടതോ ആയ ട്രെയിലറുകളിൽ താമസിച്ചു. ചിലർ സൈനികർ സ്ഥാപിച്ച നഗരകൂടാരങ്ങളിലേക്കു മാറി. മററുള്ളവർ തങ്ങളുടെ വീടു നഷ്ടപ്പെട്ടതായി പരിഗണിച്ചുകൊണ്ടു രാജ്യത്തിന്റെ മററു ഭാഗങ്ങളിലെ സുഹൃത്തുക്കളോടും ബന്ധുക്കളോടും കൂടെ പാർക്കാൻ പോയി. അവർക്കു വീടുകളോ ജോലിയോ ഉണ്ടായിരുന്നില്ല. വൈദ്യുതിയോ വെള്ളമോ വേണ്ടത്ര മാലിന്യനിർമ്മാർജ്ജന മാർഗ്ഗങ്ങളോ ഉണ്ടായിരുന്നില്ല—തന്നിമിത്തം അവർക്കുള്ള ഏററവും നല്ല പരിഹാരമാർഗ്ഗം അവർ തെരഞ്ഞെടുത്തു.
അവരെല്ലാവരും പഠിച്ച ഒരു പാഠം സ്പാനിഷ് സംസാരിക്കുന്ന ഒരു സാക്ഷി നന്നായി അവതരിപ്പിച്ചു: “ഞങ്ങളുടെ ജീവിതലക്ഷ്യങ്ങളെക്കുറിച്ചു പഠിച്ച പാഠത്തിനു ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്. നിങ്ങൾക്കു ഭവനം കെട്ടിപ്പെടുക്കുന്നതിനും ഭൗതികവസ്തുക്കൾ സ്വരൂപിക്കുന്നതിനും 15 അല്ലെങ്കിൽ 20 വർഷങ്ങൾ ജോലിചെയ്യാൻ കഴിയുമെന്നു നിങ്ങൾക്കറിയാം, എന്നാൽ ഒരു മണിക്കൂറുകൊണ്ട് അവയെല്ലാം കൈവിട്ടുപോയേക്കാം. ഇതു നമ്മുടെ ആത്മീയ ലക്ഷ്യങ്ങൾ തിരിച്ചറിയുന്നതിന്, ജീവിതം ലളിതമാക്കുന്നതിനും യഹോവയെ സേവിക്കുന്നതിനെക്കുറിച്ചു യഥാർത്ഥത്തിൽ ചിന്തിക്കുന്നതിനും നമ്മെ സഹായിക്കുന്നു.”
ഇത് ഏറെയും അപ്പോസ്തലനായ പൗലോസ് പ്രസ്താവിച്ചതുപോലെയാണ്: “എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. അത്രയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിനു . . . അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.”—ഫിലിപ്പിയർ 3:7-11.
നമ്മുടെ ഇപ്പോഴത്തെ ലോകത്തിൽ പ്രകൃതിവിപത്തുകൾ ജീവിതത്തിന്റെ ഒരു ഭാഗമാണ്. നമ്മൾ അധികാരികളിൽനിന്നുള്ള മുന്നറിയിപ്പുകൾ ശ്രദ്ധിക്കുന്നുവെങ്കിൽ നാം കുറഞ്ഞപക്ഷം നമ്മുടെ ജീവൻ രക്ഷിച്ചേക്കാം. ഒരുപക്ഷേ വീടുകളും സ്വത്തുക്കളും നഷ്ടപ്പെട്ടേക്കാം, എന്നാൽ “സർവ്വാശ്വാസവും നല്കുന്ന ദൈവ”വുമായുള്ള ഒരു ക്രിസ്ത്യാനിയുടെ ബന്ധം ദൃഢമാക്കപ്പെടണം. ഒരു ദുരന്തത്തിൽ ചിലർ മരിച്ചേക്കാമെങ്കിലും, പുനഃസ്ഥിതീകരിക്കപ്പെട്ട ഭൂമിയിലെ—പ്രകൃതിവിപത്തുകളാലുള്ള ദുരിതവും മരണവും മേലാൽ കാണുകയില്ലാത്ത ഒരു ഭൂമിയിലെ—ദൈവത്തിന്റെ പുതിയലോകത്തിൽ അവർക്കൊരു പുനരുത്ഥാനം യേശു വാഗ്ദാനം ചെയ്തു.—2 കൊരിന്ത്യർ 1:3, 4; യെശയ്യാവു 11:9; യോഹന്നാൻ 5:28, 29; വെളിപ്പാടു 21:3, 4. (g93 1⁄8)
[അടിക്കുറിപ്പുകൾ]
a ഒരു കൊടുങ്കാററ് “മണിക്കൂറിൽ 121 കിലോമീറററിൽ (75 mph) കൂടുതൽ വേഗത ആർജ്ജിക്കുന്ന, ഉത്തര അററ്ലാൻറിക് സമുദ്രത്തിനു മുകളിൽ രൂപംകൊള്ളുന്ന ഉഷ്ണമേഖലാ ചക്രവാതമാണ്.” (ദ കൺസൈസ് കൊളംബിയാ എൻസൈക്ലോപീഡിയ) ഒരു ചുഴലിക്കാററ് “പടിഞ്ഞാറൻ പസഫിക്കിലോ ചൈനാ സാഗരത്തിലോ ഉണ്ടാകുന്ന കൊടുങ്കാററ് ആണ്.”—ദ അമേരിക്കൻ ഹെറിറേറജ് ഡിക്ഷ്നറി ഓഫ് ദി ഇംഗ്ലീഷ് ലാംഗ്വേജ്.
[20-ാം പേജിലെ ചതുരം]
അത്യന്തം അശ്ചര്യപ്പെട്ടു
ദുരിതാശ്വാസത്തിൽ സഹായിക്കുന്നതിനുവേണ്ടി വെള്ളക്കാരായ 11 സാക്ഷികളുടെ ഒരു സംഘം ഫ്ളോറിഡായിലെ ററാമ്പായിൽനിന്നു യാത്രചെയ്തു വന്നു. അവർ സാധനസാമഗ്രികൾ സമ്പാദിക്കുകയും കറുത്തവർഗ്ഗക്കാരനായ ഒരു സഹോദരന്റെ മേൽക്കൂര നന്നാക്കാൻ തുടങ്ങുകയും ചെയ്തു. സാക്ഷിയല്ലായിരുന്ന ഒരു അനന്തരവൻ വന്നപ്പോൾ അദ്ദേഹത്തിനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല—വെള്ളക്കാരായ സാക്ഷികളുടെ ഒരു സംഘം അദ്ദേഹത്തിനു മുമ്പെ അവിടെ എത്തിച്ചേരുകയും അമ്മാവന്റെ വീടു നന്നാക്കുകയും ചെയ്യുന്നതു കണ്ടതിൽ അദ്ദേഹം അത്യന്തം ആശ്ചര്യപ്പെട്ടു. അദ്ദേഹത്തിനു വളരെ മതിപ്പുളവാകയാൽ നിർമ്മാണപ്രവർത്തനത്തിൽ അദ്ദേഹം സഹായിക്കുകപോലും ചെയ്തു.
അടുത്ത പ്രാവശ്യം സാക്ഷികൾ അദ്ദേഹത്തിന്റെ വീടിനടുത്തുകൂടി വരുമ്പോൾ ഒരു ബൈബിൾ അദ്ധ്യയനത്തിന് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ററാമ്പാ സംഘവുമായി സംസാരിച്ചപ്പോൾ അദ്ദേഹം അവരുടെ പ്രദേശത്തുനിന്നുള്ളവനാണെന്നു വ്യക്തമായി. ഉടനെതന്നെ ആ സംഘത്തിൽനിന്നുള്ള ഒരു മൂപ്പൻ തുടർന്നുവന്ന ആഴ്ചയിൽ ഒരു ബൈബിളദ്ധ്യയനത്തിനുള്ള ക്രമീകരണം ചെയ്തു! ഒരു സാക്ഷി പ്രസ്താവിച്ചതുപോലെ, സാക്ഷ്യം കൊടുക്കുന്നതിനു നിങ്ങൾ കതകിൽ മുട്ടേണ്ട ആവശ്യമില്ല എന്ന് ഇതു തെളിയിക്കുന്നു—നിങ്ങൾക്കു മേൽക്കൂരയിൽ മുട്ടാൻ സാധിക്കും!
[15-ാം പേജിലെ ചിത്രങ്ങൾ]
ആൻഡ്രു കൊടുങ്കാററ് ഒന്നും ഒഴിവാക്കിയില്ല, കെട്ടിടങ്ങൾക്കു ചെറുത്തുനില്ക്കാൻ കഴിഞ്ഞില്ല
കീഫറിന്റെ സഞ്ചരിക്കുന്ന വീട്—അതിന്റെ അവശേഷിക്കുന്ന ഭാഗങ്ങളും
[16-ാം പേജിലെ ചിത്രങ്ങൾ]
റിബേക്കാ പെരേസും പുത്രിമാരും മററ് 11 പേരും ഈ ചെറിയ സ്ഥലത്ത് അതിജീവിച്ചു
കവർച്ച തടയുന്നതിനു സൈന്യം കടന്നുവന്നു (മുകളിൽ വലത്ത്); കവർച്ചചെയ്യപ്പെട്ട കടകൾ (വലത്ത്)
കൊടുങ്കാററ് മേൽക്കൂരകളെ ഇളക്കിക്കളഞ്ഞു, വാഹനങ്ങൾ ചുഴററി എറിയപ്പെട്ടു
[17-ാം പേജിലെ ചിത്രങ്ങൾ]
രാജ്യഹാളുകളിൽ ദുരിതാശ്വാസം സംഘടിപ്പിക്കപ്പെട്ടു
സഞ്ചരിക്കുന്ന വീടുകൾ വൃക്ഷങ്ങളെ പൊതിഞ്ഞിരുന്നു; ഒരു കുട്ടിയുടെ കളിപ്പാട്ടങ്ങൾ മെത്തയിൽ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നു; നഷ്ടശിഷ്ടങ്ങളുടെ കൂട്ടത്തിൽ ബൈബിൾ സാഹിത്യം; തെരേസാ പിരഡയെപ്പോലുള്ള സാക്ഷികൾ അവരുടെ അയൽക്കാർക്കു വിതരണസാമാനങ്ങൾ എത്തിച്ചുക്കൊടുത്തു
സംഭാവനചെയ്യപ്പെട്ട നിർമ്മാണസാമഗ്രികൾ. തുണിത്തരങ്ങൾ വേർതിരിക്കുന്നു
[18-ാം പേജിലെ ചിത്രങ്ങൾ]
ഐക്യനാടുകളിൽ എല്ലായിടത്തുനിന്നുമുള്ള സ്വമേധയാസേവകർ ദുരിതാശ്വാസ പ്രവർത്തനത്തിൽ സഹായിച്ചു