യഹോവയുടെ ഇന്നത്തെ രക്ഷാപ്രവൃത്തികൾ
യഹോവയെക്കുറിച്ചു ബൈബിൾ നമ്മോട് ഇങ്ങനെ പറയുന്നു: “നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാററിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.” “ദൈവഭയമുള്ളവരെ പരീക്ഷകളിൽനിന്ന് എങ്ങനെ രക്ഷിക്കണമെന്നു . . . കർത്താവ് അറിയുന്നു.”—സങ്കീർത്തനം 34:19; 2 പത്രോസ് 2:9, പി.ഒ.സി. ബൈ.
യഹോവ അരിഷ്ടതയിലായിരിക്കുന്ന തന്റെ ജനങ്ങളുടെ സഹായത്തിനെത്തുന്നതെങ്ങനെ? ദൈവം ചെയ്യണമെന്നു ചിലയാളുകൾ വിചാരിക്കുന്നതുപോലെ അവിടുന്ന് അത്ഭുതകരമായി പ്രകൃതിശക്തികളെ പിന്നോട്ടു തിരിച്ചുകൊണ്ടോ മറേറതെങ്കിലും അമാനുഷിക പ്രവൃത്തി ചെയ്തുകൊണ്ടോ അല്ല ചെയ്യുന്നത്. അത് മിക്കയാളുകൾക്കും പൂർണമായും പിടികിട്ടാത്ത ഒരു ശക്തിയാലാണ്—സ്നേഹത്താൽ. അതേ, യഹോവ തന്റെ ജനത്തെ സ്നേഹിക്കുന്നു, അവിടുന്ന് അവർക്കിടയിൽ ഒരു പരസ്പര സ്നേഹത്തെ പരിപോഷിപ്പിച്ചിരിക്കുന്നു, അത് ഏതാണ്ട് അത്ഭുതകരമെന്നു തോന്നുന്ന സംഗതി അവിടുന്ന് അവർക്കുവേണ്ടി നിവർത്തിച്ചുകൊടുക്കാൻ മാത്രം അത്രയ്ക്കു ശക്തമാണ്.—1 യോഹന്നാൻ 4:10-12, 21.
ഒരു അത്യാഹിതം സംഭവിക്കുന്ന നേരത്ത് ആവശ്യമായിരിക്കുന്നതു ഭക്ഷണവും മരുന്നും ഉപകരണങ്ങളുമാണ്, അല്ലാതെ സ്നേഹമല്ല എന്ന് ചിലർ വാദിച്ചേക്കാം. തീർച്ചയായും ഭക്ഷണവും മരുന്നും ഉപകരണങ്ങളും പ്രധാനമാണ്. എന്നിരുന്നാലും അപ്പോസ്തലനായ പൗലോസിന്റെ ന്യായവാദം ഈ വിധമാണ്: “മലകളെ നീക്കുവാൻതക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല. എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.”—1 കൊരിന്ത്യർ 13:2, 3.
വാസ്തവത്തിൽ ദുരിതാശ്വാസം ആവശ്യമുള്ളവരെ രോഗവും പട്ടിണിയും കൊന്നൊടുക്കുമ്പോൾ ദുരിതാശ്വാസ സാധനങ്ങൾ തുറമുഖങ്ങളിൽ ചീഞ്ഞഴുകുകയോ ക്ഷുദ്രജീവികൾ തിന്നുതീർക്കുകയോ ചെയ്യുന്നതായി നാം കൂടെക്കൂടെ വായിക്കാറുണ്ടല്ലോ. അല്ലെങ്കിൽ അതിലും കഷ്ടമായി, അത്തരം സാധനങ്ങൾ അത്യാർത്തിപൂണ്ട, മനസ്സാക്ഷിയില്ലാത്ത ലാഭക്കൊതിയൻമാരായ ആളുകളുടെ കൈകളിലെത്തിപ്പെട്ടേക്കാം. അതുകൊണ്ട്, സാധനങ്ങൾ ഉണ്ടായിരിക്കുന്നതുകൊണ്ടു മാത്രം അതു ദുരിതമനുഭവിക്കുന്നവർക്കു പ്രയോജനപ്പെടണമെന്നില്ല. യഥാർഥ സ്നേഹവും താത്പര്യവുമുണ്ടെങ്കിൽ സംഗതി തികച്ചും ഇങ്ങനെയൊന്നുമാകില്ല.
സ്നേഹം പ്രവർത്തനത്തിൽ
1992 സെപ്ററംബറിലായിരുന്നു 55,000 പേർ വസിക്കുന്ന ഹവായിയൻ ദ്വീപായ കയൂയിൽ ഇനിക്കി കൊടുങ്കാററ് ആഞ്ഞടിച്ചത്. അതുണ്ടാക്കിയ കാററിന്റെ വേഗത മണിക്കൂറിൽ 210 കിലോമീറററായിരുന്നു, ചിലപ്പോളതു മണിക്കൂറിൽ 260 കിലോമീററർ വരെയെത്തി. രണ്ടു പേരുടെ മരണത്തിനിടയാക്കിയ ഈ കൊടുങ്കാററ് 98 പേർക്കു പരിക്കേൽപ്പിച്ചു, 75 ശതമാനം വീടുകൾക്കു കേടുവരുത്തി, 8,000 പേരെ ഭവനരഹിതരാക്കി, ഏതാണ്ട് 100 കോടി ഡോളറിന്റെ നാശനഷ്ടങ്ങൾ ഉണ്ടാക്കി. ഈ ചെറിയ ദ്വീപിൽ ജീവിച്ചിരുന്നവരുടെ കൂട്ടത്തിൽ 6 സഭകളിലായി 800-ഓളം യഹോവയുടെ സാക്ഷികൾ ഉണ്ടായിരുന്നു. അവരെ ഇതെങ്ങനെയാണ് ബാധിച്ചത്?
ഇനിക്കി ആഞ്ഞടിക്കുന്നതിനു മുമ്പുതന്നെ സഞ്ചാരമേൽവിചാരകന്റെ നേതൃത്വത്തിൽ സഭാമൂപ്പൻമാർ എല്ലാ സഭാംഗങ്ങളുമായി നേരത്തെതന്നെ ബന്ധപ്പെട്ട് അവർ സുരക്ഷിതരും ഈ അത്യാഹിതത്തെ നേരിടാൻ സജ്ജരുമാണ് എന്ന് ഉറപ്പുവരുത്തിയിരുന്നു. സാക്ഷികൾക്കിടയിൽ ഗുരുതരമായ പരിക്കും മരണവും തടയുന്നതിന് അത്തരം സ്നേഹനിർഭരമായ ശ്രദ്ധ കാരണമായി.—യെശയ്യാവു 32:1, 2 താരതമ്യം ചെയ്യുക.
വാർത്താവിതരണ-ഗതാഗത മാർഗങ്ങളെല്ലാം തകരാറിലായിരുന്നിട്ടുപോലും കൊടുങ്കാററിനെത്തുടർന്ന് ആദ്യം രംഗത്തെത്തിയവരിൽ മൂന്നു പേർ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ ഹോണൊലുലു ബ്രാഞ്ച് ഓഫീസിൽനിന്നുള്ള പ്രതിനിധികളായിരുന്നു. കയൂയിലേക്കു പറക്കാൻ അവർക്ക് ആഭ്യന്തരസേനയുടെ അനുമതി ലഭിച്ചിരുന്നു. അതിശീഘ്രം പ്രാദേശിക സാക്ഷികളുമായി ബന്ധപ്പെട്ട അവർ ദുരിതാശ്വാസപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി പിറേറന്നു രാവിലെതന്നെ ഒരു യോഗം വിളിച്ചുകൂട്ടി. ആവശ്യങ്ങൾ നിർണയിച്ച് ഹോണൊലുലു ബ്രാഞ്ച് ഓഫീസിലൂടെ അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ ഒരു ദുരിതാശ്വാസ കമ്മിററി രൂപീകരിച്ചു. രാപകൽ ജോലി ചെയ്തുകൊണ്ട് ആവശ്യക്കാർക്ക് സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിന്റെയും കേടുപാടു സംഭവിച്ച വീടുകൾ ശുചിയാക്കി അററകുററപ്പണികൾ നടത്തുന്നതിന്റെയും വേലയ്ക്ക് അവർ നേതൃത്വം കൊടുത്തു.
മററു ദ്വീപുകളിലെ സാക്ഷികളും സഹായം ആവശ്യമായിരുന്ന തങ്ങളുടെ സഹോദരൻമാരോടു ശീഘ്രം പ്രതികരിച്ചു. കയൂയിലെ വിമാനത്താവളം തുറന്നുകൊടുത്തയുടൻ സഹായം നൽകാനായി 70 സാക്ഷികൾ അങ്ങോട്ടു പറന്നു. ജനറേറററുകൾ, ചെറിയ ഇനം സ്ററൗകൾ, കൈവിളക്കുകൾ, ഭക്ഷണസാധനങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 1,00,000 ഡോളർ വിലവരുന്ന ദുരിതാശ്വാസ സാധനങ്ങൾ അങ്ങോട്ടേക്കു കപ്പലിൽ എത്തിച്ചു. ദ്വീപിലെ രാജ്യഹാളിലൊന്നായിരുന്നു സംഭരണശാലയായി ഉപയോഗിച്ചത്; എന്നാൽ അതു കൊള്ളയടിക്കപ്പെടുവാനുള്ള സാധ്യതയുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഏതാനും സൈനിക ട്രക്കുകൾ രാജ്യഹാളിന്റെ പാർക്കിങ് സ്ഥലത്തേക്ക് ഓടിച്ചുവന്നിട്ട് തങ്ങൾക്ക് അവിടെ പാർക്ക് ചെയ്യാമോ എന്ന് ആ ഡ്രൈവർമാർ ചോദിച്ചു. അങ്ങനെ ട്രക്ക് സംരക്ഷണത്തിനു കാവൽനിന്ന പട്ടാളക്കാർ ദുരിതാശ്വാസ സാധനങ്ങൾ കൊള്ളയടിക്കപ്പെടുമെന്ന പ്രശ്നവും ദൂരീകരിച്ചു.
ജനറേറററുകളുമായി വീടുതോറും പോയ സഹോദരൻമാർ രണ്ടു മൂന്നു മണിക്കൂറോളം അതു പ്രവർത്തിപ്പിച്ച് ആളുകളുടെ ഫ്രീസ്സറുകൾ ഉപയോഗപ്രദമാക്കിക്കൊടുത്തു. വിവിധ വീടുകളുടെ ശുചീകരണത്തിനും അററകുററപ്പണികൾക്കുമായി സഹോദരൻമാരെ കൂട്ടംകൂട്ടമായി അയച്ചു. കൂട്ടത്തിൽ, ഭർത്താവിൽനിന്നുള്ള കടുത്ത എതിർപ്പിൽ കഴിഞ്ഞിരുന്ന ഒരു സഹോദരിയുടെ വീട്ടിലും അവർ വേല ചെയ്യുകയുണ്ടായി, ഭർത്താവിന്റെ മനസ്സുമാറാൻ അതു മതിയായിരുന്നു, നോക്കിനിന്നു കരയാനല്ലാതെ അദ്ദേഹത്തിനു മറെറാന്നിനും കഴിഞ്ഞില്ല. സാക്ഷികളുടെ മറെറാരു കൂട്ടം വേല ചെയ്യുന്നതു കണ്ട് അവരുടെ പ്രവർത്തനത്തിലും സംഘാടനത്തിലും മതിപ്പു തോന്നിയ പുറമേനിന്നുള്ള ഒരു സന്ദർശകൻ സാക്ഷികളുടെ അടുത്തു വന്നിട്ട് ഇത്രയ്ക്കു വ്യത്യസ്തരായിരിക്കാൻ കാരണമെന്ത് എന്നു ചോദിച്ചു. അതിനു കാരണം ദൈവത്തോടും തങ്ങളുടെ സഹക്രിസ്ത്യാനികളോടുമുള്ള സ്നേഹമാണ് എന്ന് ഒരു സഹോദരൻ വിശദീകരിച്ചപ്പോൾ “എനിക്ക് എങ്ങനെയാണു ദൈവത്തെ അറിയാൻ കഴിയുക?” എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. (മത്തായി 22:37-40) തുടർന്ന് അയാൾ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഞാൻ ഫ്ളോറിഡയിലേക്കു തിരികെ ചെല്ലുമ്പോഴേക്ക് നിങ്ങളിലൊരാൾ എന്റെ വീട്ടിൽ എന്നെയും കാത്തുനിൽക്കുന്നുണ്ടാകും, നിങ്ങൾ അത്രയ്ക്കു സംഘടിതരാണ്!”
കയൂയിൽ യഹോവയുടെ സാക്ഷികൾ ശുചീകരണത്തിലും അററകുററപ്പണികളിലും സഹായിച്ചതു മൊത്തം 295 വീടുകളിലായിരുന്നു. ഇവയിൽ 207 എണ്ണത്തിനു നിസ്സാരമായ കേടുപോക്കലേ വേണ്ടിവന്നുള്ളു, എന്നാൽ 54 എണ്ണത്തിനു കാര്യമായ തകരാറുകൾ സംഭവിച്ചിരുന്നു, 19 എണ്ണം പാടെ തകർന്നിരുന്നു. ദ്വീപിലെ ഓരോ സാക്ഷിയുടെയും വീടു സന്ദർശിച്ച് അവർക്കു വേണ്ട സഹായം ലഭിച്ചുവോ എന്ന് ഉറപ്പാക്കുന്നതും അവരുടെ ജോലിയിൽ ഉൾപ്പെട്ടിരുന്നു. ഒരു സഹോദരിക്ക് അവശ്യസാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതു കണ്ട ബുദ്ധമതവിശ്വാസിയായ അവരുടെ അയൽക്കാരൻ തനിക്ക് ഒരു ചായപായ്ക്കററുപോലും തന്റെ സമൂഹത്തിൽനിന്നു ലഭിച്ചില്ലെന്നു പറഞ്ഞു. സാക്ഷികളുടെ ഒരു ഗണം മറെറാരു സ്ത്രീയുടെ വീടു വൃത്തിയാക്കിക്കൊടുത്തപ്പോൾ അവർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: “ദീർഘനാളായി നിങ്ങൾ എന്റെ വീട്ടിൽ വന്നുകൊണ്ടിരിക്കുകയായിരുന്നു, ഞാൻ നിങ്ങളെ നല്ല അയൽക്കാരായി കരുതി. എന്നാൽ അയൽക്കാരോടുള്ള ഈ സ്നേഹപ്രകടനം നിങ്ങളുടെ സ്ഥാപനം വാസ്തവത്തിൽ എന്തെന്നു വെളിവാക്കുന്നു. നിങ്ങളുടെ എല്ലാ കഠിനവേലയ്ക്കും നന്ദി.”
തങ്ങളുടെ സഹക്രിസ്ത്യാനികളുടെ ഭൗതികാവശ്യങ്ങൾക്കു ശ്രദ്ധ കൊടുത്തതു കൂടാതെ ദുരിതാശ്വാസ വേലയ്ക്കു ചുമതലയുണ്ടായിരുന്നവർക്കു സമാനമായ താത്പര്യം അവരുടെ ആത്മീയ ക്ഷേമത്തിലും ഉണ്ടായിരുന്നു. കൊടുങ്കാററു കഴിഞ്ഞു രണ്ടു ദിവസമായില്ലായിരുന്നു, പല സഭകളും സഭായോഗത്തിനു കൂടിവന്നു. പെട്ടെന്നുതന്നെ ചെറിയ പുസ്തകാധ്യയന കൂട്ടങ്ങൾ വീണ്ടും പ്രവർത്തിച്ചുതുടങ്ങി. ദ്വീപിലെ ഓരോ സാക്ഷിക്കും ഇടയസന്ദർശനം നടത്തുന്നതിനു കയൂയിലെ പ്രാദേശിക മൂപ്പൻമാരെ സഹായിക്കാൻവേണ്ടി മററു ദ്വീപുകളിൽനിന്നു പത്തു മൂപ്പൻമാർ എത്തിച്ചേർന്നു. പിറെറ ഞായറാഴ്ച ആറു സഭകളിലും വീക്ഷാഗോപുരാധ്യയനം, ദുരിതാശ്വാസ നടപടിക്രമങ്ങളെക്കുറിച്ചു ദുരിതാശ്വാസ കമ്മിററിയിലെ ഒരംഗത്തിന്റെ ഒരു 30 മിനിററ് പ്രസംഗം, ഇതുമായി ബന്ധപ്പെട്ട് ഹോണൊലുലു ബ്രാഞ്ചിൽനിന്നെത്തിയ ബ്രാഞ്ച്കമ്മിററിയംഗത്തിന്റെ 30 മിനിററ് ഉപസംഹാരപ്രസംഗം എന്നീ പരിപാടികൾ ഉണ്ടായിരുന്നു. ഒരു ദൃക്സാക്ഷിയുടെ റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “അവർക്കെല്ലാം സാന്ത്വനമേകുന്നതായിരുന്നു അവിടെനിന്നു ലഭിച്ച ഉത്തമ നിർദേശം, തങ്ങളുടെ അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങൾ ആത്മീയമായി സുസജ്ജരാണെന്നും അവർക്ക് അതുനിമിത്തം തോന്നി. പരിപാടി അതിന്റെ സമാപനത്തിലേക്കു വന്നതോടെ കണ്ണുനിറയാത്തവരായി സദസ്സിൽ ആരുമുണ്ടായിരുന്നില്ല, അവർ വികാരവായ്പോടെ കയ്യടിക്കുകയും ചെയ്തു.”
ലോകവ്യാപക സാഹോദര്യം
അത്തരം സ്നേഹവും താത്പര്യവും ലോകത്തിലെവിടെയുമുള്ള യഹോവയുടെ സാക്ഷികളുടെ മുഖമുദ്രയാണ്. ഏതാണ്ട് ഒരു വർഷം മുമ്പ് വൽ ചുഴലിക്കാററ് പശ്ചിമ സമോവയിൽ തൂത്തുവാരി ഒട്ടനവധി നാശനഷ്ടങ്ങൾ വരുത്തിക്കൂട്ടി. എന്നാൽ ലോകത്തിന്റെ മററു ഭാഗങ്ങളിലുള്ള യഹോവയുടെ സാക്ഷികൾ പെട്ടെന്നുതന്നെ പ്രളയബാധിതരെ സഹായിക്കാൻ അവിടെയെത്തി. പിന്നീട്, അററകുററപ്പണികൾക്കുവേണ്ടി യഹോവയുടെ സാക്ഷികൾക്കുൾപ്പെടെ എല്ലാ മതങ്ങൾക്കും ഗവൺമെൻറ് ദുരിതാശ്വാസ ഫണ്ടു നൽകിയപ്പോൾ സാക്ഷികൾ ആ തുക ഗവൺമെൻറിനെ തിരിച്ചേൽപ്പിച്ചു, തങ്ങളുടെ അററകുററപ്പണികളെല്ലാം ഇതിനോടകം നടത്തിക്കഴിഞ്ഞതിനാൽ പ്രസ്തുത തുക ഏതെങ്കിലും ഗവൺമെൻറ് കെട്ടിടങ്ങളുടെ കേടുപാടുകൾ തീർക്കാൻ ഉപയോഗിക്കാവുന്നതാണെന്നു പ്രസ്താവിച്ചുകൊണ്ട് ഒരു എഴുത്തും അതോടൊപ്പം വെച്ചുകൊടുത്തു. അവരുടെ ഈ നടപടി പ്രാദേശിക പത്രം റിപ്പോർട്ടു ചെയ്തു. തന്റെ സഭയുടെ കാര്യമോർത്തു തനിക്കു ലജ്ജ തോന്നുന്നു എന്നാണ് ഇതു ശ്രദ്ധിച്ച ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥൻ ഒരു സാക്ഷിയോടു പറഞ്ഞത്, കാരണം ചുഴലിക്കാററിൽ കേടുപാടു സംഭവിച്ച അവരുടെ എല്ലാ കെട്ടിടങ്ങളും ഇൻഷ്വർ ചെയ്തിരുന്നു, എന്നിട്ടുപോലും അവർ ഗവൺമെൻറിന്റെ പണം സ്വീകരിച്ചു.
അതുപോലെതന്നെ, 1992 സെപ്ററംബറിൽ ഊവസ് നദി കരകവിഞ്ഞൊഴുകി വസ്സൊൻലാറോമനിലും ചുററുപാടുമുള്ള 15 സമൂഹങ്ങളിലും നാശം വിതച്ചപ്പോൾ സാക്ഷികൾ പ്രതികരിച്ചതു വളരെ പെട്ടെന്നായിരുന്നു. ഒററ രാത്രികൊണ്ട് വെള്ളപ്പൊക്കം 40 പേരെ കൊന്നൊടുക്കി, 400 വീടുകൾ തകർത്തു, നൂറുകണക്കിനു വീടുകൾക്കു കേടുവരുത്തി, ആയിരക്കണക്കിനു കുടുംബങ്ങൾക്കു വെള്ളവും വൈദ്യുതിയും മുടക്കി. പ്രാദേശിക സഭകളിൽനിന്നുള്ള സാക്ഷികളായിരുന്നു തങ്ങളുടെ സഹോദരങ്ങളെ സഹായിക്കാൻ തൊട്ടടുത്ത ദിവസം അതിരാവിലെതന്നെ ആദ്യമായി അവിടെ എത്തിച്ചേർന്നത്. കിടക്കാൻ ഇടമില്ലാത്തവരെ ആ പ്രദേശത്തെ സാക്ഷിക്കുടുംബങ്ങൾ സ്നേഹപൂർവം സ്വീകരിച്ചു. അടുത്തുനിന്നും അകലെനിന്നുമായി നൂറുകണക്കിനു സാക്ഷികൾ സഹായത്തിനെത്തി. സ്വമേധയാപ്രവർത്തകരുടെ നാലു സംഘങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സമീപ നഗരമായ ഒറഞ്ചിൽ ഒരു ദുരിതാശ്വാസ കമ്മിററി രൂപീകരിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലുടനീളം അവർ ചെളി നീക്കി വീടുകൾ വൃത്തിയാക്കി, ചെളിയിൽപ്പൊതിഞ്ഞ വസ്ത്രങ്ങൾ അലക്കി, ഭക്ഷണം തയ്യാറാക്കി കുടിവെള്ളത്തോടൊപ്പം വിതരണം ചെയ്തു. ഒരു പ്രാദേശിക സ്കൂളും പല മുൻസിപ്പൽ കെട്ടിടങ്ങളും പോലും ശുചിയാക്കാൻ അവർ മനസ്സൊരുക്കം കാട്ടി. അവരുടെ സഹോദരങ്ങളും ആ സമൂഹത്തിലെ ജനങ്ങളും ഒരുപോലെ സാക്ഷികളുടെ അക്ഷീണ ശ്രമങ്ങളെ വിലമതിച്ചു.
മററു പലയിടങ്ങളിലും പ്രളയങ്ങൾ, കൊടുങ്കാററുകൾ, ഭൂമികുലുക്കങ്ങൾ എന്നിവപോലുള്ള വിപത്തുകൾ ഹേതുവായി മററുള്ളവർക്കൊപ്പം യഹോവയുടെ സാക്ഷികളും ദുരിതമനുഭവിച്ചിട്ടുണ്ട്. മുൻകൂട്ടിക്കാണാനാവാത്ത അഥവാ തടയാനാകാത്ത സാഹചര്യങ്ങളുടെ അനന്തരഫലങ്ങളാണിവയെന്നു മനസ്സിലാക്കിക്കൊണ്ട് അവർ ദൈവത്തെയോ മററാരെയെങ്കിലുമോ പഴിചാരുന്നില്ല. (സഭാപ്രസംഗി 9:11) തങ്ങൾക്ക് എത്ര വലിയ ബുദ്ധിമുട്ടുകൾ വന്നാലും സഹവിശ്വാസികളുടെ ആത്മത്യാഗപരമായ സ്നേഹം തങ്ങളുടെ രക്ഷയ്ക്കെത്തുമെന്ന് അവർക്കു നല്ല ഉറപ്പുണ്ട്. അത്തരം സ്നേഹപ്രവൃത്തികൾ അവർക്കു പൊതുവായുള്ള വിശ്വാസത്തിന്റെ ഫലമാണ്. ശിഷ്യനായ യാക്കോബ് ഇങ്ങനെ വിശദീകരിക്കുന്നു: “ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ നിങ്ങളിൽ ഒരുത്തൻ അവരോടു: സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്തു? അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതാകയാൽ സ്വതവെ നിർജ്ജീവമാകുന്നു.”—യാക്കോബ് 2:15-17.
യഥാർഥ സംരക്ഷണത്തിന്റെ ഉറവിടം
ദൈവത്തിന്റെ ഇടപെടൽ പോലുള്ള ഏതെങ്കിലും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നതിനു പകരം സംരക്ഷണം കണ്ടെത്തേണ്ടതു തങ്ങളുടെ ലോകവ്യാപക ക്രിസ്തീയ സാഹോദരവർഗത്തിലാണെന്നു യഹോവയുടെ സാക്ഷികൾ തിരിച്ചറിയുന്നു. വാസ്തവത്തിൽ, വിഷമഘട്ടങ്ങളിൽ ആ സഹോദരവർഗം സാധിച്ചെടുക്കുന്ന കാര്യം അത്ഭുതത്തിൽ കുറഞ്ഞ ഒന്നല്ല. “നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെനിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല” എന്ന മത്തായി 17:20-ൽ കാണുന്ന യേശുവിന്റെ വാക്കുകൾ അവർ അനുസ്മരിക്കുന്നു. അതേ, യഥാർഥ ക്രിസ്തീയ വിശ്വാസവും സ്നേഹവും ഒത്തുചേർന്നു പ്രവൃത്തിപഥത്തിൽ വരുമ്പോൾ പർവതസമാനമായ പ്രതിബന്ധങ്ങൾ ഓടിമറയുന്നു.
അസ്ഥിരവും അപകടകരവുമായ ഈ കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള യഹോവയുടെ ജനം തങ്ങളുടെ ദൈവത്തിന്റെ രക്ഷിക്കുന്ന കരത്തെ അനുഭവിച്ചറിയുന്നു. “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്” എന്നു പറഞ്ഞ ദാവീദിനെപ്പോലെ അവരും വിചാരിക്കുന്നു. (സങ്കീർത്തനം 4:8) ആത്മവിശ്വാസത്തോടെ അവർ തങ്ങളുടെ മുമ്പാകെയുള്ള വേലയ്ക്കു ശ്രദ്ധ കൊടുക്കുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) മനുഷ്യനിർമിതമോ പ്രകൃത്യാലുള്ളതോ ആയ വിപത്തുകൾ മേലാൽ അനുഭവിക്കേണ്ടിവരില്ലാത്ത സമാധാനപൂർണവും നീതിനിഷ്ഠവുമായ പുതിയ ലോകം എന്ന യഹോവയുടെ വാഗ്ദാനത്തിന്റെ പൂർത്തീകരണ സമയം അവർ ഉറപ്പോടെ നോക്കിപ്പാർത്തുകൊണ്ടിരിക്കുന്നു.—മീഖാ 4:4.
[12-ാം പേജിലെ ചിത്രം]
വെള്ളപ്പൊക്കത്തിനിരയായവരെ സഹായിക്കാൻ സാക്ഷികൾ അടുത്തുനിന്നും അകലെനിന്നും എത്തിച്ചേർന്നു