മ്യാൻമാറിലെ ചുഴലിക്കാറ്റ് ദുരന്തബാധിതർക്കു സഹായം
രണ്ടായിരത്തി എട്ട് മേയ് 2. നർഗീസ് ചുഴലിക്കൊടുങ്കാറ്റ് മ്യാൻമാറിൽ സംഹാരതാണ്ഡവമാടിയത് അന്നാണ്. ലോകമെങ്ങും ജനശ്രദ്ധ പിടിച്ചുപറ്റിയ വാർത്തയായിരുന്നു അത്. കൊടുങ്കാറ്റിനൊപ്പം ഇരച്ചെത്തിയ വെള്ളം ഇറാവാഡി ഡെൽറ്റാ സമതലത്തെ വിഴുങ്ങിക്കളഞ്ഞു. ദുരന്തത്തിൽ മരിക്കുകയോ കാണാതാവുകയോ ചെയ്തവരുടെ എണ്ണം ഏതാണ്ട് 1,40,000 ആയിരുന്നു.
യഹോവയുടെ സാക്ഷികളായ നിരവധി പേർ ആ പ്രദേശത്ത് താമസിക്കുന്നുണ്ടായിരുന്നു. എന്നാൽ അതിശയകരമായി, അവരിലാർക്കും ജീവഹാനി സംഭവിച്ചില്ല. പ്രദേശത്തെ കെട്ടുറപ്പുള്ള രാജ്യഹാളുകളിൽ അഭയംതേടിയതാണ് അവരിൽ പലർക്കും രക്ഷയായത്. പ്രളയജലം 15 അടിയോളമെത്തിയ ഒരു പ്രദേശത്ത് യഹോവയുടെ സാക്ഷികളായ 20 പേരും വേറെ 80 ഗ്രാമീണരും അവിടത്തെ രാജ്യഹാളിന്റെ മേൽക്കൂരയിൽ ഒമ്പതു മണിക്കൂർ കഴിച്ചുകൂട്ടി. എല്ലാവരും രക്ഷപ്പെടുകയും ചെയ്തു. പക്ഷേ അതേ ഗ്രാമത്തിലുള്ള 300 പേർ മരണത്തിനിരയായി. പല ഗ്രാമങ്ങളിലും നശിക്കാതെ അവശേഷിച്ചത് രാജ്യഹാളുകൾ മാത്രമായിരുന്നു.
കൊടുങ്കാറ്റ് നാശം വിതച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോൾ യഹോവയുടെ സാക്ഷികളുടെ യങ്ഗോണിലുള്ള ബ്രാഞ്ച് ഓഫീസ് ഇറാവാഡി നദീമുഖത്തുള്ള ബോത്തിങ്ഗോൺ സഭയിലുള്ളവരെ സഹായിക്കാനായി ഒരു ദുരിതാശ്വാസ സംഘത്തെ അയച്ചു. ദുരന്തം വേട്ടയാടിയ സ്ഥലങ്ങളിലൂടെ, അഴുകിത്തുടങ്ങിയ ശവശരീരങ്ങൾക്കിടയിലൂടെ, പിടിച്ചുപറിക്കാരുടെ കണ്ണുവെട്ടിച്ച് അവർ അരിയും നൂഡിൽസും വെള്ളവും മെഴുകുതിരിയുമൊക്കെയായി ബോത്തിങ്ഗോണിലെത്തിച്ചേർന്നു. ആ പ്രദേശത്തെത്തിയ ആദ്യത്തെ ദുരിതാശ്വാസ സംഘമായിരുന്നു അത്. ദുരിതാശ്വാസ സാമഗ്രികളെല്ലാം സാക്ഷികൾക്കിടയിൽ വിതരണംചെയ്തശേഷം ആ ദുരന്തബാധിതർക്കു ധൈര്യം പകരാനായി അവർ ബൈബിളധിഷ്ഠിത പ്രസംഗങ്ങൾ നടത്തി; കൊടുങ്കാറ്റിൽ സകലതും നഷ്ടപ്പെട്ടിരുന്ന അവർക്ക് സംഘത്തിലുള്ളവർ ബൈബിളും ബൈബിൾ സാഹിത്യങ്ങളും വിതരണംചെയ്തു.
ദുരന്തത്തിനിരയായ ആ സാക്ഷികളുടെ മനോഭാവം തികച്ചും പ്രശംസാർഹമായിരുന്നു. ദുരന്തം ആഞ്ഞടിച്ച ഇറാവാഡി പ്രദേശത്തെ ഒരു യഹോവയുടെ സാക്ഷി ഇപ്രകാരം പറഞ്ഞു: “വീടുകൾ ഉൾപ്പെടെ സകലതും ഞങ്ങൾക്കു നഷ്ടപ്പെട്ടു. കൃഷി നശിച്ചു. കുടിവെള്ളംപോലും കിട്ടാനില്ല. എന്നാൽ മറ്റുള്ളവർക്കുള്ളതുപോലുള്ള ആശങ്കയൊന്നും സഹോദരങ്ങൾക്കില്ല. അവർ യഹോവയിലും അവന്റെ സംഘടനയിലും വിശ്വാസമർപ്പിച്ചിരിക്കുന്നു. ലഭിക്കുന്ന നിർദേശങ്ങൾ ഏതു സാഹചര്യത്തിലും ഞങ്ങൾ പിൻപറ്റും.”
30 പേരടങ്ങുന്ന സാക്ഷികളുടെ ഒരു കൂട്ടം, ദുരിതാശ്വാസ സംഘങ്ങൾ ക്യാമ്പ്ചെയ്തിരുന്ന സ്ഥലത്തേക്കു പോകുകയായിരുന്നു. അവിടെ അവർക്ക് ആഹാരവും വസ്ത്രവും താമസസൗകര്യവുമൊക്കെ ഒരുക്കിയിരുന്നു. പത്തുമണിക്കൂർ നീണ്ട ഒരു യാത്രയായിരിക്കുമായിരുന്നു അത്. സകലതും നഷ്ടപ്പെട്ടിരുന്നെങ്കിലും യാത്രയിലുടനീളം അവർ സന്തോഷത്തോടെ രാജ്യഗീതങ്ങൾ ആലപിച്ചുകൊണ്ടിരുന്നു. എന്നാൽ അവിടെയെത്തുന്നതിനുമുമ്പ്, അടുത്തുള്ള പട്ടണത്തിൽ യഹോവയുടെ സാക്ഷികളുടെ ഒരു സർക്കിട്ട് സമ്മേളനം നടക്കുന്നുണ്ടെന്ന് അവർ അറിയാനിടയായി. ആദ്യം സമ്മേളനത്തിൽ പങ്കെടുക്കാൻ അവർ തീരുമാനിച്ചു. കാരണം അവിടെ അവർക്ക് ആത്മീയ ഭക്ഷണവും ക്രിസ്തീയ സഹവാസവും വേണ്ടുവോളം ആസ്വദിക്കാനാകുമായിരുന്നു.
കൊടുങ്കാറ്റ് താണ്ഡവമാടിയ പ്രദേശത്ത് യഹോവയുടെ സാക്ഷികളുടേതായ 35 വീടുകൾ പാടേ നശിച്ചു; 125 വീടുകൾ ഭാഗികമായി തകർന്നു; 8 രാജ്യഹാളുകൾക്ക് ചെറിയ കേടുപാടുകളുണ്ടായി. എന്നാൽ ബ്രാഞ്ച് കെട്ടിടങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല.
കൊടുങ്കാറ്റിൽ കടപുഴകിവീണ വൻവൃക്ഷങ്ങൾ ബ്രാഞ്ച് ഓഫീസിലേക്കുള്ള റോഡുകളിൽ മാർഗതടസ്സം സൃഷ്ടിച്ചു; ബ്രാഞ്ച് ഒറ്റപ്പെട്ട അവസ്ഥയിലായി. കാറ്റ് ശമിച്ച് ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾതന്നെ ബ്രാഞ്ചിൽനിന്നുള്ള 30-ലധികംപേർ മരങ്ങൾ നീക്കംചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. യന്ത്രസാമഗ്രികളുടെയൊന്നും സഹായംകൂടാതെ അവരിതു ചെയ്യുന്നത് അമ്പരപ്പോടെ ആളുകൾ നോക്കിനിന്നു. കുറച്ചുകഴിഞ്ഞപ്പോഴേക്കും യഹോവയുടെ സാക്ഷികളായ കുറെ സ്ത്രീകൾ കൂൾഡ്രിങ്ക്സും പഴങ്ങളുമായെത്തി, പണിയെടുക്കുന്നവർക്കും അയൽക്കാർക്കും വിതരണംചെയ്തു. ഇതെല്ലാം കാണാനിടയായ ഒരു മാധ്യമപ്രവർത്തകൻ, “ഇത്ര കാര്യക്ഷമതയോടെ ജോലിചെയ്യുന്ന ഇവർ ആരാണ്” എന്നു ചോദിച്ചുപോയി. അവർ ആരാണെന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹത്തിന്റെ അഭിപ്രായം ഇതായിരുന്നു: “യഹോവയുടെ സാക്ഷികൾക്കുള്ള ഇതേ പ്രതിബദ്ധത എല്ലാവർക്കും സമൂഹത്തോട് ഉണ്ടായിരുന്നെങ്കിൽ!”
വൈകാതെതന്നെ സാക്ഷികൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി രാജ്യത്ത് രണ്ടു വ്യത്യസ്ത സ്ഥലങ്ങളിലായി ദുരിതാശ്വാസ കമ്മിറ്റികൾക്കു രൂപംനൽകി. ഇരുടീമുകളിലുമായി നൂറുകണക്കിനു സന്നദ്ധസേവകർ ഉണ്ടായിരുന്നു. വീടുകൾ നഷ്ടപ്പെട്ട സാക്ഷികൾക്ക് ദിവസങ്ങൾക്കകം അവർ പുതിയ വീടുകൾ പണിതുകൊടുത്തു. വീടു നഷ്ടപ്പെട്ട ഒരു സാക്ഷിക്ക് പുതിയ വീടുവെച്ചുകൊടുക്കാനായി സന്നദ്ധസേവകർ എത്തിയപ്പോൾ അവരുടെ അയൽക്കാർക്ക് അത് അവിശ്വസനീയമായി തോന്നി. അയൽക്കാരിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷിയായ ഈ സ്ത്രീക്ക് അവരുടെ സഭക്കാർ വീടുവെച്ചുകൊടുക്കുന്നു! ബുദ്ധമതക്കാരായ എന്റെ സുഹൃത്തുക്കളാണെങ്കിൽ എന്നെയൊന്നു തിരിഞ്ഞുനോക്കിയതുപോലുമില്ല. ആ സ്ത്രീ എന്നോട് അവരുടെ വിശ്വാസത്തെക്കുറിച്ചു പറഞ്ഞപ്പോൾ ഞാനും ഒരു സാക്ഷിയാകേണ്ടതായിരുന്നു!”
ദുരിതാശ്വാസ കമ്മിറ്റിയിലുള്ളവരും നിർമാണ പ്രവർത്തകരും താൻലിനിൽ ഒരു വീടിന്റെ അവസ്ഥ വിലയിരുത്താനെത്തി. വീടിന്റെ അവസ്ഥ വളരെ ശോചനീയമായിരുന്നു. എങ്കിലും യഹോവയുടെ സാക്ഷികളായ ആ വീട്ടുകാർ പറഞ്ഞത് ഇങ്ങനെയായിരുന്നു: “ഞങ്ങളുടെ വീടിന് ഒന്നും സംഭവിച്ചിട്ടില്ല. ഞങ്ങൾക്ക് ഇവിടെ താമസിക്കാൻ ഒരു പ്രശ്നവുമില്ല. തല ചായ്ക്കാൻപോലും ഇടമില്ലാത്ത സഹോദരങ്ങളുണ്ട്. അവരെ പോയി സഹായിച്ചോളൂ.” ആ മറുപടി ദുരിതാശ്വാസ സംഘത്തിലുള്ളവരുടെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു.
യങ്ഗോണിൽ ചിലർ ഒരു പള്ളിയിൽ അഭയംതേടിച്ചെന്നു. എന്നാൽ പള്ളി പൂട്ടിക്കിടക്കുകയായിരുന്നതിനാൽ ആർക്കും അകത്തു കടക്കാനായില്ല. രോഷാകുലരായ ആളുകൾ വാതിൽ പൊളിച്ച് അകത്തു കടക്കാൻ ശ്രമിച്ചു. യഹോവയുടെ സാക്ഷികൾ പക്ഷേ തങ്ങളുടെ രാജ്യഹാളുകളിൽ നിരവധി പേർക്ക് അഭയംനൽകി. ഉദാഹരണത്തിന് ഡാലായിലുള്ള രാജ്യഹാളിൽ, യഹോവയുടെ സാക്ഷികളായ ഒരു ഭാര്യയും ഭർത്താവും അയൽക്കാരായ 20 പേർക്ക് അഭയംനൽകി. രാവിലെയായപ്പോൾ ഈ ആളുകൾക്ക് പോകാൻ ഒരിടവുമില്ലായിരുന്നു. മാത്രമല്ല, അവർ വിശന്നുവലഞ്ഞ അവസ്ഥയിലുമായിരുന്നു. അപ്പോൾ ഭർത്താവ് അരി വിൽക്കുന്ന ഏതോ സ്ഥലം കണ്ടുപിടിച്ച് എല്ലാവർക്കുംവേണ്ട അരി വാങ്ങിക്കൊണ്ടുവന്നു.
യങ്ഗോണിലുള്ള ഒരു വീട്ടിൽ കുറെ പേർ യഹോവയുടെ സാക്ഷികളും മറ്റുള്ളവർ വേറെ സഭക്കാരുമായിരുന്നു. ദുരന്തമുണ്ടായശേഷം ആ കുടുംബം മുഴുവൻ യോഗത്തിൽ സംബന്ധിക്കാനായി രാജ്യഹാളിൽ വന്നു. അതിനുള്ള കാരണം കുടുംബത്തിലുള്ള ഒരാൾ വിശദീകരിച്ചു: “കൊടുങ്കാറ്റ് അടങ്ങിയശേഷം ഞങ്ങളെ വന്നു കാണുമെന്നാണ് ഞങ്ങളുടെ പള്ളിയിലുള്ളവർ പറഞ്ഞത്. പക്ഷേ അവരാരും വന്നില്ല. യഹോവയുടെ സാക്ഷികൾ മാത്രമേ എത്തിയുള്ളൂ. ഞങ്ങൾക്ക് ചോറും വെള്ളവുമൊക്കെ തന്നത് നിങ്ങളാണ്. മറ്റു സഭക്കാരെപ്പോലെയല്ല നിങ്ങൾ.” വീക്ഷാഗോപുരം മാസികയിലെ, “യഹോവ നമ്മുടെ നിലവിളി കേൾക്കുന്നു” എന്ന ലേഖനത്തിന്റെ ചോദ്യോത്തര ചർച്ച സാക്ഷികളല്ലാത്ത കുടുംബാംഗങ്ങൾക്കും ഇഷ്ടമായി. അവർ ചർച്ചയിൽ സജീവമായി പങ്കെടുക്കുകപോലും ചെയ്തു.
സാക്ഷികളോടൊത്ത് ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ കൊടുങ്കാറ്റ് ഉണ്ടായതിന്റെ തൊട്ടടുത്ത ആഴ്ച സഭായോഗത്തിനു വന്നു. യോഗത്തിനിടെ ബ്രാഞ്ച് ഓഫീസിൽനിന്നുള്ള ഒരു കത്ത് സഭയിൽ വായിച്ചു. ദുരന്തബാധിതരെ സഹായിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കത്തിൽ വിശദീകരിച്ചിരുന്നു. രക്ഷപ്പെട്ടവരുടെ അനുഭവങ്ങളും അതിൽ ഉൾപ്പെടുത്തിയിരുന്നു. കത്ത് വായിച്ചുകേട്ടപ്പോൾ സ്ത്രീ പൊട്ടിക്കരഞ്ഞു. സാക്ഷികളെല്ലാവരും സുരക്ഷിതരാണെന്നു കേട്ടതിൽ അവർക്ക് അതിയായ സന്തോഷം തോന്നി. പിന്നീട് സാക്ഷികൾ അവർക്ക് ചില സഹായങ്ങൾ എത്തിച്ചുകൊടുത്തു. അവരുടെ വീടിനടുത്തായി അവർക്ക് ഒരു ടെന്റും പണിതുകൊടുത്തു. സാക്ഷികൾ തനിക്ക് വളരെ സഹായം ചെയ്തുവെന്ന് അവർ വിലമതിപ്പോടെ പറഞ്ഞു.
“നിങ്ങൾക്കു പരസ്പരം സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാകുന്നുവെന്ന് എല്ലാവരും അറിയും” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 13:35) സത്യവിശ്വാസത്തിന് സത്പ്രവൃത്തികളുടെ പിൻബലം ഉണ്ടായിരിക്കുമെന്ന് ശിഷ്യനായ യാക്കോബ് കൂട്ടിച്ചേർത്തു. (യാക്കോബ് 2:14-17) യഹോവയുടെ സാക്ഷികൾ ഈ ഉപദേശം വളരെ ഗൗരവമായെടുക്കുന്നു. സഹായം ആവശ്യമുള്ളവരെ പിന്തുണച്ചുകൊണ്ട് അവർ ആ സ്നേഹത്തിനു തെളിവുനൽകുന്നു.
[27-ാം പേജിലെ ആകർഷക വാക്യം]
സത്യവിശ്വാസത്തിന് സത്പ്രവൃത്തികളുടെ പിൻബലം ഉണ്ടായിരിക്കുമെന്ന് ബൈബിൾ പറയുന്നു