സംഹാരകനായ ചുഴലിക്കാറ്റാഞ്ഞടിച്ചപ്പോൾ!
സോളമൻ ദ്വീപുകളിലെ ഉണരുക! ലേഖകനിൽ നിന്ന്
സംഹാരി ആദ്യം സാവധാനം നീങ്ങി. തെക്കുകിഴക്കേ ദിശയിലേക്ക് ഇഴഞ്ഞുനീങ്ങിക്കൊണ്ട് സോളമൻ ദ്വീപസമൂഹങ്ങളിൽ ഒന്നായ മലാറ്റയിൽ അത് പെട്ടെന്ന് ഒരു നീണ്ടനിര സൃഷ്ടിച്ചു. അത് അവിടെ അതിന്റെ മരണവേട്ടയാരംഭിച്ചു. വഴിയിലുണ്ടായിരുന്ന സർവ്വതിനെയും ഇടിച്ചുതകർത്തുകൊണ്ട് മണിക്കൂറിൽ 115 മൈൽ വരെ വേഗതയിൽ കാറ്റുകൾ ചുറ്റിത്തിരിഞ്ഞു. മരങ്ങൾ കടപുഴകി വീണു . . . വീടുകൾ നിലംപരിചായി. മേൽക്കൂരകൾ കാറ്റിൽ പറക്കാൻ തുടങ്ങി. മഴ നിലത്താഞ്ഞടിച്ചു. ഇരമ്പിപ്പായുന്ന കാറ്റുകളുടെ പ്രഹരമേറ്റ് സമുദ്രവാർഫുകളും പാലങ്ങളും തകർന്നു തരിപ്പണമായി. ശാന്തമായൊഴുകിയ പുഴ നിറഞ്ഞു കവിഞ്ഞ് തെരുവുകളും കൃഷിയിടങ്ങളും മുക്കികളഞ്ഞു.
നാമു എന്ന പേരിലുള്ള സംഹാരകനായ ഒരു ഉഷ്ണമേഘലാ ചുഴലിക്കാറ്റ് സോളമൻ ദ്വീപുകളെ ആക്രമിച്ചിരിക്കുന്നു. ആക്രമണം ആരംഭിച്ചത് 1986 മെയ് 17, 18 വാരാന്ത്യത്തിലായിരുന്നു. ഗൗഡൽക്കനാൽ ദ്വീപിലെ ഹോനിയാരാ എന്ന സ്ഥലത്ത് യഹോവയുടെ സാക്ഷികളുടെ ഇരുദിന സർക്കിട്ട് സമ്മേളനം നടന്ന ദിവസങ്ങളായിരുന്നു അവ. പിന്നീട് സംഭവഗതി തെളിയിച്ചതുപോലെ ഈ സമ്മേളനത്തിനു തിരഞ്ഞെടുത്ത സമയം പലർക്കും ജീവരക്താകരമായി ഭവിച്ചു.
“ഈ വഴിയേ പോകരുതേ!”
സോളമൻ ദ്വീപുകളിൽ ശനിയാഴ്ച ദിനം ആരംഭിച്ചത് ഏതൊരു മഴദിവസവും പോലെയായിരുന്നുവെന്ന് യഹോവയുടെ സാക്ഷികളുടെ ഒരു ശുശ്രൂഷകനായ റോളൻറ് സെൻറ് അനുസ്മരിച്ചു. “ഞങ്ങൾ സർക്കിട്ട് സമ്മേളനത്തിലേക്ക് ഉറ്റുനോക്കിക്കോണ്ടിരിക്കുകയായിരുന്നു. അന്തരീക്ഷ സ്ഥിതി അത്ര ഗൗനിച്ചില്ല.” (സമ്മേളന ഹാജർ 491 ആയിരുന്നു) പക്ഷെ സമ്മേളനത്തിന്റെ സമാപ്തി ആയപ്പോഴേക്ക് ഇത് ഒരു സാധാരണ മഴക്കാറ്റായിരുന്നില്ല എന്നു വ്യക്തമായി.
“ഒരു ചുഴലിക്കാറ്റ് ഞങ്ങൾക്കരികിലൂടെ കടന്നുപോയെന്നും ഗൗഢൽക്കനാലിന്റെ മറുവശത്ത് അത് സ്ഥിരമായിനിന്നു” എന്നും സെൻറ് പറഞ്ഞു. ഹോനിയേരായ്ക്ക് കിഴക്ക് ഏതാണ്ട് 19 മൈൽ (30കി. മീ.) അകലെയുള്ള റ്റീറ്റെറിലെ സാക്ഷികൾ തൻനിമിത്തം ഒറ്റപ്പെട്ടു, റോഡുകൾ പ്രളയത്തിലകപ്പെടുകയും ചെയ്തു: അതുകൊണ്ട് മിക്കവരും സമ്മേളനസ്ഥലത്തുനിന്ന് 9 മൈൽ (15കി. മീ) അകലെയുള്ള ഹോനിയാരയിലെ ഫോക്സ്വുഡ് എന്ന സുരക്ഷിത സ്ഥലത്ത് രാത്രി ചെലവഴിച്ചു.
റോളണ്ട് സെൻറ് ഫോക്സ്വുഡ് പ്രദേശത്താണ് താമസിക്കുന്നത്. അതുകൊണ്ട് തന്റെ കുടുംബത്തെ വീട്ടിലേക്ക് കാറിൽ കൊണ്ടാക്കിയിട്ട്, മറ്റൊരു കുടുംബത്തെ അവരുടെ വീടുപറ്റാൻ സഹായിക്കുന്നതിന് അദ്ദേഹം സമ്മേളനസ്ഥലത്തേക്ക് മടങ്ങി. പക്ഷേ യാത്ര ചെയ്യുക ദുഷ്ക്കരമായിത്തീർന്നിരിക്കുന്നു എന്നു അദ്ദേഹം പെട്ടെന്നു കണ്ടെത്തി. “പുഴകളെല്ലാം കവിഞ്ഞൊഴുകുകയാണ്” എന്ന് അദ്ദേഹം ഓർമ്മിക്കുന്നു. “ങ്ങാലിബു നദിയിൽ വൻ ഉരുളൻ തടികൾ പാലത്തിനരികിൽ തിങ്ങിയടിഞ്ഞു. എതിരെവന്ന ഒരു ഡ്രൈവർ ഞങ്ങളാവഴിയെ പോകരുതേ എന്ന് നിർബന്ധിച്ചു പറഞ്ഞു! അതുകൊണ്ട് ഞാനാ കുടുംബത്തെ ഉയർന്ന സ്ഥാനത്തുള്ള എന്റെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി.
സി. ഡി. സി. യിൽ പരിഭ്രാന്തി
ങ്ങാലിമ്പു പുഴയിലെ ഒരു പാർപ്പിട കേന്ദ്രമായിരുന്നു സി. ഡി. സി. ഇവിടത്തെ നിവാസികളിൽ അധികപങ്കും കോരിച്ചൊരിയുന്ന മഴയെച്ചൊല്ലി അത്രയൊന്നും വ്യാകുലപ്പെടാതെ ഞായറാഴ്ച രാത്രി ഉറങ്ങാൻ കിടന്നു. പക്ഷേ തങ്ങളുടെ വീടുകൾ നദിക്കരയുടെ വക്കത്തായിരുന്ന രണ്ടാളുകൾ ഉറങ്ങിയില്ല. ഭയാനകമായ രൂപത്തിൽ പുഴ ഉയരുന്നത് അവർ ആശങ്കയോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു.
എന്നാൽ വെളുപ്പിനു 3.00 മണിക്ക് ജലം പിൻവാങ്ങിക്കഴിഞ്ഞിരുന്നു. ആ രണ്ടാളുകൾ ഉറങ്ങാൻ കിടന്നു. അവരിലൊരാൾ 5.00 മണിക്ക് ഒരു ഫോൺ വിളികേട്ട് എഴുന്നേറ്റു. അയാളെ ഭയചകിതനാക്കുമാറ് തന്റെ മുറ്റം അപ്പോഴേക്ക് വെള്ളത്തിലടിപ്പെട്ടു കഴിഞ്ഞതായി അയാൾക്കു കാണാൻ കഴിയുമായിരുന്നു! അയാളും അയാളുടെ ഭാര്യയും ഉടനെ തങ്ങളുടെ കാറിൽ ചാടിക്കയറി ഫോക്സ്വുഡ് എന്ന സ്ഥലത്തിനടുത്തുള്ള സുരക്ഷിത സ്ഥാനത്തേയ്ക്ക് ഓടിച്ചു പോയി.
പുഴവക്കത്തു വീടുണ്ടായിരുന്ന മറ്റേ ആളുടെ കാര്യമോ? അയാളുടെ പേര് ജെയിംസ് സുലിമെയ് എന്നായിരുന്നു. അയാൾ ഒരു യഹോവയുടെ സാക്ഷിയാണ്. അയാളും ഉണർന്ന് തന്റെ അയൽക്കാരെ മുന്നറിയിക്കാൻ ഓടി. ഭയവിഹ്വലരായ കുടുംബങ്ങളോടൊത്ത് ഫോക്സ് വുഡിനടുത്തുള്ള സുരക്ഷിത സ്ഥാനത്തേക്കയാൾ കുതിച്ചു. മറ്റുള്ളവരെ ഒഴിപ്പിച്ചു കൊണ്ടുപോകാൻ രണ്ടു പ്രാവശ്യം അയാൾ മടങ്ങിവന്നു.
പിറ്റേന്നു പ്രഭാതം
തിങ്കളാഴ്ച ദിവസം പൊട്ടിവിടർന്നത് വളരെയധികം കാറ്റുമായിട്ടാണ് എന്ന് റോളൻറ് സെൻറ് ഓർമ്മിച്ചു. സി. ഡി. സി. യിൽ നിന്ന് ആളുകളെ നീക്കം ചെയ്യാൻ സഹായിക്കുന്നതിന് ആഹ്വാനം ഉണ്ടായി. എനിക്കും തന്നത്താൻ രണ്ടു രക്ഷായാത്രകൾ നടത്താൻ കഴിഞ്ഞു. ആളുകൾ അക്ഷരാർത്ഥത്തിൽ ഒരു ട്രക്കിന്റെ മുകളിലേക്ക് വലിച്ചെറിയപ്പെട്ടു. പുരുഷൻമാർ നിലവിളിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും രോദനം കേൾക്കാമായിരുന്നു.” ഇത് എന്തുകൊണ്ടായിരുന്നുവെന്ന് കാണുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. ങ്ങാലിമ്പു നദിക്കു മുകളിലുണ്ടായിരുന്ന പാലം ഇപ്പോൾ ഒരു വൻ അണക്കെട്ടു പോലെയായിത്തീരുകയും പ്രളയജലം സർവ്വരെയും മുക്കിക്കൊല്ലാൻ ഭീഷണി ഉയർത്തുകയും ചെയ്തു!
പക്ഷെ എല്ലാവരും നീക്കം ചെയ്യപ്പെട്ടില്ല. സി. ഡി. സി.യിൽ ജീവിക്കുന്ന സോണിയാ ഡിക്സൺ എന്ന മറ്റൊരു സാക്ഷി ഇങ്ങനെ പറഞ്ഞു: “മുറ്റത്തു വെള്ളം കയറുമ്പോലുള്ള ചില ചെറിയ അസൗകര്യങ്ങളൊക്കെ ഉണ്ടാകുമെന്നു ഞങ്ങൾ വിചാരിച്ചു. അതിനെതിരെ മാത്രമേ ഞങ്ങൾ കരുതിയിരുന്നുള്ളു. പക്ഷേ ഞങ്ങളുടെ ഇരുനില ഭവനത്തിലേക്ക് കുടുംബങ്ങൾ വന്നു ചേരാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾ ഗുരുതരമായിരിക്കുമെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. പത്തു മണിയായപ്പോഴേക്ക് ഞങ്ങളുടെ മുറ്റത്തുകൂടെ ഒരു പുഴ ഒഴുകാൻ തുടങ്ങി!
“മൂന്നു ശിശുക്കളുൾപ്പെടെ 22 പേരുടെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള കരുതൽ നടപടികളുടെ തിരക്കിലായി ഞാൻ. ചിലർ ഞങ്ങളുടെ വരാന്തയിലേക്ക് നീന്തിത്തുടിച്ചെത്തി. അവരെ അകത്തേക്കു കയറ്റി തോർത്തി ചൂടുകാപ്പിയും ഭക്ഷണവും നൽകി. എന്നെ സഹായിക്കവേ എന്റെ ഭർത്താവായ പീറ്റർ അയ കുത്തിനിർത്തിയിരുന്ന കോൽ അളവുദണ്ഡായി ഉപയോഗിച്ചുകൊണ്ട് ആകാംക്ഷയോടെ ജലനിരപ്പ് നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇരച്ചു പായുന്ന പുഴ ഒഴുക്കിക്കൊണ്ടു വന്ന കൂറ്റൻ ഉരുളൻ തടികൾ വീടിനിട്ട് ഇടിച്ചുകൊണ്ടിരുന്നു.
പീറ്ററിന്റെ മുഖം വിളറി. എന്റെ വയറ്റിനുള്ളിൽ ഭയം കൊണ്ട് കോച്ചിവലിയുന്നപോലെ അനുഭവപ്പെട്ടു. പീറ്റർ ഞങ്ങളുടെ 8 വയസ്സ് പ്രായമായ മകൾ എലിസബത്തിനെ അരികെ ചേർത്ത് അവളോടൊപ്പം പ്രാർത്ഥിച്ചു. ഞങ്ങളുടെ സഭയിൽ നിന്നുള്ള മറ്റൊരു സാക്ഷിയും ഞാനും പ്രാർത്ഥിച്ചു. വെള്ളത്തിനാഴമേറിക്കൊണ്ടിരുന്നു. പൊടുന്നനെ ഒരു രക്ഷാമാർഗ്ഗം തുറന്നു. കൂറ്റൻ തടികൾ ഞങ്ങളുടെ മുറ്റത്തിനു ചുറ്റിലുമുള്ള പരുത്തിവേലിക്കൽ വന്നടിഞ്ഞു അണപോലെ കെട്ടി നിന്ന വെള്ളം ഞങ്ങളുടെ വരാന്തയ്ക്കപ്പുറത്ത് ഏകദേശം 15 വാര (14 മീ.) അകലെയായി ഒഴുകിപ്പോയി. ഇത് ഞങ്ങളുടെ ജീവൻ രക്ഷിച്ചു.
സാക്ഷികൾ മറ്റുള്ളവരെ സഹായിക്കുന്നു.
തന്റെ രക്ഷാസേവനങ്ങൾ ഇനിയും ആവശ്യമില്ലാത്തതിനാൽ സെൻറ് വീട്ടിലേക്കു മടങ്ങിപ്പോന്നു. അവിടെ മറ്റു മൂന്നു കുടുംബങ്ങൾ—കൊടുംങ്കാറ്റിൽ നിന്നുള്ള അഭയാർത്ഥികൾ—തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞുകൂടിയിരുന്നു. മറ്റു സാക്ഷി കുടുംബങ്ങൾ ഇതുപോലെ താന്താങ്ങളുടെ അയൽക്കാർക്ക് ആതിഥ്യം നൽകി. ഒരു കുടുംബം 48 അഭയാർത്ഥികൾക്ക് ഭക്ഷണവും സംരക്ഷണവും നൽകിക്കൊണ്ട് അവരെ തങ്ങളുടെ ഭവനത്തിൽ കൈക്കൊണ്ടു.
ചില സാക്ഷികൾ തങ്ങളുടെ അയൽക്കാർക്കുവേണ്ടി സ്വന്ത ജീവൻ പണയപ്പെടുത്തി. പുഴയിൽ നിന്നു രക്ഷപ്പെടാൻ ചില ആളുകളെ സഹായിക്കവെ മൂന്നു സാക്ഷികൾ പെട്ടെന്നു കുത്തിയൊഴുക്കിലകപ്പെട്ടുപോയി. പക്ഷേ അവർ അകപ്പെട്ടുപോയ ഒരു ചുഴി അവരെ തിരികെ കരയ്ക്കെത്തിച്ചു!
“ഇപ്പോൾ ചുഴലിക്കാറ്റ് ചുറ്റിത്തിരിഞ്ഞ് ഞങ്ങളെ അതിന്റെ അതിരൂക്ഷമായ പ്രഹരമേല്പിച്ചു. ഞങ്ങളിൽ നിന്നും 200 വാരയകലെ (180 മീ.) ഒരു വീടിന്റെ മേൽകൂര വൈദ്യുത ലൈനുകളും വലിച്ചു പറിച്ചെടുത്തുകൊണ്ട് കാറ്റിൽ പറന്നു. ഞങ്ങൾക്ക് അവസാനമായി വൈദ്യുതിയുണ്ടായിരുന്നത് ആ ആഴ്ചയിലായിരുന്നു. തിങ്കളാഴ്ച മുഴുവൻ കാറ്റും മഴയും തകർത്തുകൊണ്ടിരുന്നു. പക്ഷേ ചൊവ്വാഴ്ച മഴ നിന്നു.”
മൂന്നാം ദിവസം മഴ അല്പം പിൻവാങ്ങിയെന്ന് സോണിയ ഓർക്കുന്നു. “അപ്പോഴതാ! സഭയിലെ മറ്റു മൂന്നു യുവാക്കളോടൊപ്പം മൂപ്പനും ഒരു മുഴുസമയ പ്രവർത്തകനുമായ എൽസൺ സൈറ്റ് അല്ലാതെ ആരു പ്രത്യക്ഷപ്പെടാൻ! അവർ ഞങ്ങൾക്ക് ഒരു വലിയ ഏത്തപ്പഴക്കുലയും ഒരു സഞ്ചിനിറയെ ഉരുളക്കിഴങ്ങും കൊണ്ടുവന്നുതന്നു. ഞങ്ങൾക്ക് വെള്ളം കുറവാണെന്നറിഞ്ഞപ്പോൾ അവർ അപ്രത്യക്ഷരാവുകയും മൂന്നു നാഴിക കഴിഞ്ഞ് കുപ്പികളും പ്ലാസ്റ്റിക് പാത്രങ്ങളും നിറയെ കുടിവെള്ളവുമായി എത്തുകയും ചെയ്തു. ഒടുവിൽ വെള്ളിയാഴ്ചയോടെ സോണിയായിക്കും കുടുംബത്തിനും അവരുടെ വീടു വിട്ടുപോകാൻ കഴിഞ്ഞു.
കൊടുങ്കാറ്റിന്റെ അനന്തരഫലം
സംഹാരകനായ നാമു അതിന്റെ ചെയ്തി അവസാനിപ്പിച്ചു. ദ്വീപുകളിലെ നിവാസികൾക്ക് മരണപ്പെട്ടവരുടെ എണ്ണം എടുത്തും നാശനഷ്ടങ്ങൾ എണ്ണിയും കൊണ്ട് വിനാശങ്ങളിൽ നിന്നു കരകയറാൻ കഴിഞ്ഞു. ഒരു നൂറിലേറെയാളുകൾ മരിച്ചു. ഏകദേശം 90,000 പേർ ഭവനരഹിതരായിത്തീർന്നു. സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയായ കാർഷിക വ്യവസായങ്ങൾ ഉലഞ്ഞു.
വീട്, ഭക്ഷണം, മുറ്റം എന്നിവ നഷ്ടമായവരിൽ യഹോവയുടെ സാക്ഷികളും ഉണ്ട്. അവർ ആരാധനയ്ക്കായി കൂടിവന്നിരുന്ന പത്ത് രാജ്യഹോളുകൾ അപകടവിധേയമായി. പക്ഷേ സാക്ഷികളാരും കൊല്ലപ്പെട്ടില്ല. അടുത്തു കിടക്കുന്ന പാപ്പുവാ ന്യൂഗിനിയായിൽനിന്നും ഓസ്ട്രേലിയായിൽ നിന്നും സാക്ഷികൾ പെട്ടെന്ന് ടൺ കണക്കിന് ഭക്ഷ്യവിഭവങ്ങൾ അയച്ചു. ടീറ്റെറിൽ നിന്നുള്ള സാക്ഷികൾക്ക് സമ്മേളനം ഒരനുഗ്രഹമായി ഭവിച്ചു. ആപേക്ഷിക സുരക്ഷിതത്വം മാത്രമേകിയ ഫോക്സ്വുഢിലെ കൊടുംങ്കാറ്റിൽനിന്ന് അവർക്ക് വിമുക്തി ലഭിച്ചു.
രണ്ടു ദിവസങ്ങൾക്കുശേഷം ആരാധനയ്ക്കായി താറുമാറായ അവരുടെ രാജ്യഹോളിലേക്കു പോകുക എന്നത് സോണിയയ്ക്കും അവളുടെ കുടുംബത്തിനും ഹൃദയഭേദകമായ ഒരു നിമിഷമായിരുന്നു. സോണിയാ ഓർമ്മിക്കുന്നു. “ഞങ്ങൾ ഒരു പാട്ടുപാടവെ അതിന്റെ അവസാനവാചകം, നാം ബലഹീനരെ സഹായിച്ചാൽ യഹോവ നമ്മെ നിലനിർത്തും എന്ന് വായിച്ചപ്പോൾ വികാരം കൊണ്ടെന്റെ കണ്ഠമിടറി.
“‘നാം ബലഹീനരെ സഹായിച്ചാൽ യഹോവ നമ്മെ നിലനിർത്തും’ എന്ന അതിന്റെ അവസാന ഈരടി പാടിയപ്പോൾ വികാരം കൊണ്ടെന്റെ കണ്ഠമിടറി.” (g86 11/22)
[16-ാം പേജിലെ ചിത്രം]
നാമു ചുഴലിക്കാറ്റിൽ ങ്ങാലിബ്ലു പാലത്തിന്റെ പകുതി ഒഴുകിപോയി
[17-ാം പേജിലെ ചിത്രം]
നാമു ചുഴലിക്കാറ്റ് ഈ കപ്പലിനെ ഹോണ്ടിയാറായിലെ കരയിൽ അടിയാൻ ഇടയാക്കി.