ഞങ്ങൾ ഒന്നാമതു രാജ്യം അന്വേഷിച്ചു
ഓലവ് സ്പ്രിങ്ഗെയ്ററ് പറഞ്ഞ പ്രകാരം
ഞങ്ങളുടെ പ്രാർഥന കേട്ടിട്ട് അമ്മ വിളക്കു കെടുത്തി മുറി വിട്ടുപോയതേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ എന്റെ അനുജൻ എന്നോടു ചോദിച്ചു: “ഓലവ്, ഇഷ്ടികമതിലിലൂടെ ദൈവത്തിനു നമ്മെ കാണാനും കേൾക്കാനും കഴിയുന്നതെങ്ങനെയാ?”
“എന്തിലൂടെയും നമ്മെ കാണാൻ അവിടുത്തേക്കു സാധിക്കും, നമ്മുടെ ഹൃദയങ്ങളിലേക്കുപോലും” എന്ന് അമ്മ പറയുന്നു, ഞാൻ മറുപടി കൊടുത്തു. ദൈവഭയവും ബൈബിൾവായനയിൽ കമ്പവുമുണ്ടായിരുന്ന അമ്മ, കുട്ടികളായ ഞങ്ങളിൽ ദൈവത്തോടും ബൈബിൾതത്ത്വങ്ങളോടും ആഴമായ ഒരാദരവു നിവേശിപ്പിച്ചിരുന്നു.
ഇംഗ്ലണ്ടിലെ കെൻറ് കൗണ്ടിലെ ചററം എന്ന ചെറുപട്ടണത്തിലെ ആംഗ്ലിക്കൻസഭാംഗങ്ങളായിരുന്നു ഞങ്ങളുടെ മാതാപിതാക്കൾ. അമ്മ ക്രമമായി പള്ളിയിൽ പോയിരുന്നു, എങ്കിലും ഒരു ക്രിസ്ത്യാനിയെന്നാൽ അർഥം ആഴ്ചയിലൊരിക്കൽ പള്ളിയിൽ ചെന്ന് കുത്തിയിരിക്കുന്നതുമാത്രമല്ല എന്ന് അവർ വിശ്വസിച്ചിരുന്നു. ദൈവത്തിന് ഒരു സത്യസഭയേ ഉണ്ടായിരിക്കൂ എന്നതിലും അവർക്ക് ഉറപ്പുണ്ടായിരുന്നു.
ബൈബിൾസത്യത്തോടു വിലമതിപ്പ്
എനിക്ക് അഞ്ചു വയസ്സുണ്ടായിരുന്നപ്പോൾ, അതായത് 1918-ൽ, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ ആദ്യ പ്രസിഡൻറായ ചാൾസ് ററി. റസ്സൽ എഴുതിയ തിരുവെഴുത്തുകളുടെ പഠനങ്ങൾ എന്ന ശീർഷകത്തിലുള്ള വാല്യങ്ങൾ അമ്മയുടെ കയ്യിലെത്തി. ഏതാനും വർഷങ്ങൾ കടന്നുപോയി, ഞങ്ങൾ വിഗ്മോർ എന്നൊരു കൊച്ചുപ്രദേശത്തു ജീവിക്കുമ്പോൾ ബൈബിൾ വിദ്യാർഥികളിൽപ്പെട്ട—ഇപ്പോൾ യഹോവയുടെ സാക്ഷികൾ എന്നറിയപ്പെടുന്നവരിൽപ്പെട്ട—ഒരാൾ അമ്മയെ കണ്ടുമുട്ടാനിടയായി. ആ വ്യക്തിയിൽനിന്നും ദൈവത്തിന്റെ കിന്നരം എന്നൊരു ബൈബിൾ പഠനസഹായി അമ്മക്കു ലഭിച്ചു. അതോടെ ബൈബിളിനെ സംബന്ധിച്ച് അവർക്കുണ്ടായിരുന്ന പല ചോദ്യങ്ങൾക്കും അതിൽനിന്ന് ഉത്തരം കണ്ടെത്താൻ തുടങ്ങി. ഓരോ അധ്യായത്തിന്റെയും അച്ചടിച്ച ചോദ്യങ്ങളുള്ള ഇളംചുവപ്പു നിറത്തിലുള്ള ഒരു കാർഡ് ഓരോ ആഴ്ചയിലും തപാലിൽ വരുമായിരുന്നു. ഉത്തരങ്ങൾ എവിടെ കണ്ടെത്താമെന്നും കാർഡിൽ കൊടുത്തിരുന്നു.
1926-ൽ മാതാപിതാക്കളോടൊപ്പം ഞാനും എന്റെ അനുജത്തി ബരിലും ആംഗ്ലിക്കൻസഭ വിട്ടു. കാരണം, സഭയുടെ രാഷ്ട്രീയ ഇടപെടലുകളിലും യുക്തിക്കു നിരക്കാത്ത അതിന്റെ പല പഠിപ്പിക്കലുകളിലും ഞങ്ങൾ മടുത്തിരുന്നു. ദൈവം ആളുകളെ അനന്തകാലത്തേക്കു തീനരകത്തിലിട്ടു ദണ്ഡിപ്പിക്കും എന്നതായിരുന്നു ഒരു പ്രമുഖ പഠിപ്പിക്കൽ. വാസ്തവത്തിൽ ബൈബിൾസത്യത്തിനുവേണ്ടി പരതുകയായിരുന്ന അമ്മക്ക് ആംഗ്ലിക്കൻസഭ സത്യസഭയല്ലെന്നു ബോധ്യമായി.
അധികം നാളായില്ല, അമ്മയുടെ ആത്മാർഥമായ പ്രാർഥനക്ക് ഉത്തരമെന്നോണം ബൈബിൾ വിദ്യാർഥിനിയായ മിസ്സിസ് ജാക്സൻ ഞങ്ങളെ സന്ദർശിച്ചു. ഞങ്ങളുടെ ചോദ്യങ്ങൾക്കു ബൈബിളിൽനിന്നുള്ള ഉത്തരങ്ങൾ നിരത്തിക്കൊണ്ടു രണ്ടു മണിക്കൂറോളം അവർ എന്നോടും അമ്മയോടും സംസാരിച്ചിരുന്നു. നമ്മുടെ പ്രാർഥനകൾ അർപ്പിക്കേണ്ടതു യേശുക്രിസ്തുവിന്റെ പിതാവായ യഹോവയാം ദൈവത്തിനാണ്, അല്ലാതെ ദുർജ്ഞേയമായ ഏതോ ത്രിത്വത്തിനല്ല എന്നതുപോലുള്ള അനേകം സംഗതികൾ പഠിച്ചതിൽ ഞങ്ങൾ ആഹ്ലാദംകൊണ്ടു. (സങ്കീർത്തനം 83:18; യോഹന്നാൻ 20:17) എന്നാൽ അമ്മ ചോദിച്ച ഒരു ചോദ്യം എനിക്ക് ഒരിക്കലും മറക്കാനാവാത്തതായിരുന്നു: “ഒന്നാമതു രാജ്യം അന്വേഷിക്കുക എന്നാൽ എന്താണ് അർഥമാക്കുന്നത്?”—മത്തായി 6:33.
ബൈബിളധിഷ്ഠിതമായ ഉത്തരം ഞങ്ങളുടെ ജീവിതത്തെ ആഴത്തിൽ സ്പർശിച്ചു. ആ ആഴ്ചതന്നെ ഞങ്ങൾ ബൈബിൾ വിദ്യാർഥികളുടെ യോഗങ്ങൾക്കു ഹാജരാകാനും പഠിക്കുന്ന കാര്യങ്ങൾ മററുള്ളവരുമായി പങ്കുവെക്കാനും തുടങ്ങി. കണ്ടെത്തിയിരിക്കുന്നതു സത്യമാണെന്നു ഞങ്ങൾക്കു ബോധ്യമായി. ഏതാനും മാസങ്ങൾക്കുശേഷം, 1927-ൽ, യഹോവയെ സേവിക്കാനുള്ള തന്റെ സമർപ്പണത്തിന്റെ പ്രതീകമായി അമ്മ സ്നാപനമേററു, 1930-ൽ ഞാനും.
പയനിയർ സേവനത്തിലേക്ക്
ഏതാണ്ട് 25 അംഗങ്ങളോളം ഉണ്ടായിരുന്ന ഗില്ലിഘാം സഭയിലാണു ഞങ്ങളുടെ കുടുംബം സംബന്ധിച്ചിരുന്നത്. അവരിൽ പലരും പയനിയർമാർ എന്നു വിളിക്കപ്പെട്ടിരുന്ന മുഴുസമയ ശുശ്രൂഷകരായിരുന്നു, എല്ലാവരും സ്വർഗീയപ്രത്യാശയുള്ളവർ. (ഫിലിപ്പിയർ 3:14, 20) അവരുടെ ക്രിസ്തീയ തീക്ഷ്ണത പടർന്നുപിടിക്കുന്നതായിരുന്നു. 1930-കളുടെ ആരംഭത്തിൽ, കൗമാരപ്രായത്തിലായിരുന്നിട്ടുപോലും ബെൽജിയത്തിൽവെച്ചു ഞാനും കുറച്ചുകാലം പയനിയറിങ് നടത്തി. ഇതു രാജ്യസേവനത്തിൽ കൂടുതലായി ഏർപ്പെടാനുള്ള എന്റെ ആഗ്രഹത്തെ ജ്വലിപ്പിച്ചു. രാജ്യം, ലോകത്തിന്റെ പ്രത്യാശ എന്ന ചെറുപുസ്തകത്തിന്റെ പ്രതികൾ ഓരോ പുരോഹിതനും വിതരണം ചെയ്യുന്നതിൽ അക്കാലത്തു ഞങ്ങളും പങ്കെടുത്തു.
കാലം കടന്നുപോയതോടെ ഞങ്ങളുടെ ക്രിസ്തീയ പ്രവർത്തനത്തോട് എന്റെ പിതാവിനു കടുത്ത വിരോധമായി. 1932-ൽ കോളെജു പഠനത്തിനായി ഞാൻ ലണ്ടനിലേക്കു താമസംമാററിയതിനുള്ള ഒരു കാരണം ഇതായിരുന്നു. പിന്നീടു നാലു വർഷത്തേക്കു ഞാൻ സ്കൂളിൽ പഠിപ്പിച്ചു, അന്നു ലണ്ടനിൽ ആകെയുണ്ടായിരുന്ന നാലു സഭകളിൽ ഒന്നായ ബ്ലാക്ക്ഹീത്ത് സഭയുമായിട്ടായിരുന്നു ആ സമയത്തെല്ലാം എന്റെ സഹവാസം. ഹിററ്ലറുടെ ജർമനിയിൽ നമ്മുടെ സഹോദരൻമാരും സഹോദരിമാരും, ഹിററ്ലറുടെ യുദ്ധശ്രമങ്ങളെ പിന്തുണക്കാൻ വിസ്സമ്മതിച്ചതിനാൽ, നേരിടേണ്ടിവന്ന തടവുകളെയും കഷ്ടപ്പാടുകളെയും കുറിച്ചുള്ള റിപ്പോർട്ടുകൾ ഞങ്ങൾ കേൾക്കാൻ തുടങ്ങുന്നത് അപ്പോഴായിരുന്നു.
1938-ൽ, ഞാൻ കടമായി എടുത്തിരുന്ന പുസ്തകങ്ങളുടെ വില കൊടുത്തുതീർത്ത അതേ മാസത്തിൽത്തന്നെ, ഒരു പയനിയർ ആകണമെന്ന എന്റെ ആഗ്രഹം സാധിക്കാൻവേണ്ടി ഞാൻ ജോലി ഉപേക്ഷിച്ചു. അതേസമയത്തുതന്നെ എന്റെ സഹോദരി ബരിൽ ലണ്ടനിൽ പയനിയറിങ് തുടങ്ങി, എന്നാൽ മറെറാരു പയനിയർഹോമിലായിരുന്നു അവരുടെ താമസം. എന്റെ ആദ്യ പയനിയർ പങ്കാളിയായിരുന്നു മിൽഡ്രഡ് വില്ലററ്, പിന്നീട് അവർ വിവാഹിതയായി, ഭർത്താവ് ജോൺ ബാർ ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗമാണ്. ഞങ്ങളുടെ കൂട്ടത്തിലെ മററുള്ളവരുമൊത്തു പ്രദേശത്തേക്കു സൈക്കിളിൽ പോയി ദിവസം മുഴുവൻ ഞങ്ങൾ അവിടെ ചെലവഴിക്കുമായിരുന്നു, മഴയൊന്നും ഒരു പ്രശ്നമായിരുന്നില്ല.
യുദ്ധത്തിൻ കാർമേഘങ്ങൾ യൂറോപ്പിനുമേൽ വ്യാപിക്കാൻ തുടങ്ങിയിരുന്നു. വിഷവായുരക്ഷാമുഖംമൂടി അണിയാനുള്ള പരിശീലനം പൗരൻമാർക്കു കൊടുത്തുകൊണ്ടിരുന്നു, യുദ്ധമുണ്ടാകുന്നെങ്കിൽ നഗരപ്രാന്തങ്ങളിലേക്കോ ചെറുപട്ടണങ്ങളിലേക്കോ കുട്ടികളെ മാററിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. എന്റെ കയ്യിലാണെങ്കിൽ ഒരു ജോഡി ഷൂസ് വാങ്ങാനുള്ള പണമേ ഉണ്ടായിരുന്നുള്ളൂ, മാതാപിതാക്കളിൽനിന്നു സാമ്പത്തികസഹായം ലഭിക്കാൻ സാധ്യതയില്ലായിരുന്നു. എന്നാൽ ‘നിങ്ങൾ ഒന്നാമതു രാജ്യം അന്വേഷിച്ചാൽ മററുള്ളവയെല്ലാം കൂട്ടിച്ചേർക്കപ്പെടും’ എന്നു യേശു പറഞ്ഞിരുന്നില്ലേ? (മത്തായി 6:33, NW) യഹോവ ഞങ്ങളുടെ സകല ആവശ്യങ്ങളും നിറവേററിത്തരുമെന്ന് എനിക്കു പൂർണവിശ്വാസമുണ്ടായിരുന്നു, ഇക്കാലമത്രയും അവിടുന്നു സമൃദ്ധമായിത്തന്നെ അങ്ങനെ ചെയ്തിട്ടുണ്ട്. യുദ്ധസമയത്തു ലഭിച്ചിരുന്ന നിസ്സാര റേഷനുപുറമേ, ലോറിയിൽനിന്നു റോഡിൽ വീണ പച്ചക്കറി സാധനങ്ങൾ ഞാൻ പെറുക്കിയെടുക്കുമായിരുന്നു. പിന്നെ, പലപ്പോഴും പഴവർഗങ്ങളും പച്ചക്കറികളും സംഘടിപ്പിച്ചിരുന്നതു ബൈബിൾ സാഹിത്യങ്ങൾ പകരം കൊടുത്തിട്ടായിരുന്നു.
എന്റെ സഹോദരി സോണിയയുടെ ജനനം 1928-ൽ ആയിരുന്നു. ഏഴു വയസ്സുള്ളപ്പോൾത്തന്നെ അവൾ തന്റെ ജീവിതം യഹോവക്കു സമർപ്പിച്ചു. അത്ര ചെറുപ്രായത്തിൽപ്പോലും പയനിയറിങ്ങായിരുന്നു തന്റെ ജീവിതലക്ഷ്യം എന്നു സോണിയ പറയുന്നു. 1941-ൽ ജലനിമജ്ജനത്താൽ തന്റെ സമർപ്പണം പ്രതീകപ്പെടുത്തിയ ഉടൻ അവളെയും അമ്മയെയും സൗത്ത് വെയിൽസിലെ കാർഫിലീയിലേക്കു പയനിയർമാരായി നിയമിച്ചയച്ചു. അപ്പോൾ അവളുടെ ആ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടു.
യുദ്ധവർഷങ്ങളിലെ ഞങ്ങളുടെ ശുശ്രൂഷ
1939 സെപ്ററംബറിൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു, ബ്രിട്ടനിലെ നമ്മുടെ സഹോദരീസഹോദരൻമാർ തടവിലാക്കപ്പെടുകയായിരുന്നു. നാസിജർമനിയിലെ സഹവിശ്വാസികൾ തടവിലാക്കപ്പെട്ട അതേ കാരണംതന്നെ ഇവിടെയും—യുദ്ധത്തിൽ പങ്കെടുക്കുന്നതിലുള്ള അവരുടെ നിഷ്പക്ഷമായ നിലപാട്. 1940-ന്റെ മധ്യത്തോടെ ഇംഗ്ലണ്ടിനുമേൽ ബോബുവർഷം തുടങ്ങി. രാത്രിതോറും നടന്ന മിന്നലാക്രമണത്തിന്റെ ശബ്ദം കാതടപ്പിക്കുന്നതായിരുന്നു, എന്നാൽ യഹോവയുടെ സഹായംകൊണ്ടു ഞങ്ങൾക്കു കുറച്ചൊക്കെ ഉറങ്ങാനും അടുത്ത ദിവസം നവോൻമേഷപ്രദരായി പ്രസംഗവേലക്കു പോകാനും കഴിഞ്ഞിരുന്നു.
ചിലപ്പോഴൊക്കെ, മിക്ക വീടുകളും തകർന്നു തരിപ്പണമായിക്കിടക്കുന്ന കാഴ്ചയാണു പ്രസംഗപ്രദേശത്ത് എത്തുന്ന ഞങ്ങൾ കാണാറ്. നവംബറിൽ, ഞങ്ങളിൽ അധികംപേരും താമസിച്ചിരുന്ന വീടിന് ഏതാനും മീററർമാത്രം അകലെയായിരുന്നു ഒരു ബോംബ് വീണത്, ജനാലകൾ പൊട്ടിത്തകർന്ന് ആയിരക്കണക്കിനു കഷണങ്ങളായി. കനത്ത മുൻവാതിൽ പൊളിഞ്ഞു നിലംപൊത്തി, ചിമ്മിനി ഇടിഞ്ഞുപൊളിഞ്ഞു താഴെവീണു. രാത്രിയുടെ ശേഷിച്ച യാമങ്ങൾ ഒരു വിമാനാക്രമണ രക്ഷാസങ്കേതത്തിൽ കഴിച്ചുകൂട്ടിയ ഞങ്ങൾ പിന്നീട്, പരസ്പരം വേർപെട്ടു പല സാക്ഷികളുടെ ഭവനങ്ങളിലായി താമസിച്ചു.
കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ ഗ്രേററർ ലണ്ടനിലെ ക്രോയ്ഡനിലേക്ക് എനിക്കൊരു നിയമനം ലഭിച്ചു. പിൽക്കാലത്തു പോർട്ടറിക്കോയിലെ ബ്രാഞ്ച് കമ്മിററി കോ-ഓർഡിനേററർ ആയിത്തീർന്ന റാൻ പാർക്കന്റെ സഹോദരിയായ അൻ പാർക്കൻ ആയിരുന്നു എന്റെ പയനിയർപങ്കാളി. പിന്നെ ഞാൻ പോയതു സൗത്ത് വെയിൽസിലെ ബ്രിജൻറിലേക്കായിരുന്നു, അവിടെ ആറു മാസം കുതിരവണ്ടിയിൽ താമസിച്ചുകൊണ്ടു പയനിയറിങ് തുടർന്നു. പോർട്ട് ററൽബററിൽ ഒരു വലിയ സഭയുണ്ടായിരുന്നു, ഞങ്ങളോട് ഏററവും അടുത്ത ആ സഭയിലേക്ക് ആറു കിലോമീററർ സൈക്കിളിൽ യാത്രചെയ്തായിരുന്നു ഞങ്ങൾ പോയിരുന്നത്.
ആ സമയമായപ്പോഴേക്കും പൊതുജനം ഞങ്ങളോടു തികച്ചും ശത്രുതാ മനോഭാവത്തിലായിക്കഴിഞ്ഞിരുന്നു, “കെഞ്ചീസ്” (മനസ്സാക്ഷിപ്രേരിതമായി വിസ്സമ്മതിക്കുന്നവർ) എന്നായിരുന്നു അവർ ഞങ്ങളെ വിളിച്ചിരുന്നത്. ഇതുമുഖാന്തരം ഞങ്ങൾക്കു താമസസൗകര്യം ലഭിക്കുക ദുഷ്കരമായി, എന്നാൽ വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ യഹോവ ഞങ്ങൾക്കു വേണ്ട കരുതലുകൾ ചെയ്തു.
പിന്നീട്, ഞങ്ങൾ എട്ടുപേർ പ്രത്യേക പയനിയർമാരായി സ്വാൻസിയിലേക്കു പോയി, സൗത്ത് വെയിൽസിലെ ഒരു തുറമുഖപട്ടണമായിരുന്നു അത്. യുദ്ധം രൂക്ഷമായി, അങ്ങനെതന്നെ ഞങ്ങൾക്കെതിരെയുള്ള മുൻവിധിയും. ഞങ്ങളുടെ പയനിയർഹോമിന്റെ മതിലിൽ “കരിങ്കാലികൾ,” “ഭീരുക്കൾ” തുടങ്ങിയ വാക്കുകൾ അവർ എഴുതിവെച്ചു. നമ്മുടെ നിഷ്പക്ഷ നിലപാടിനെ കുററംവിധിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്തിയ പത്രങ്ങളായിരുന്നു ഈ വിരോധം ഇളക്കിവിട്ടത്. അവസാനം, ഓരോരുത്തരായി ഞങ്ങളിൽ ഏഴുപേരും ജയിലിലായി. 1942-ൽ കാർഡീഫ് ജയിലിൽ ഒരു മാസം ഞാനും കിടന്നു, പിന്നെ എനിക്കു പിന്നാലെ എന്റെ സഹോദരി ബരിലും. ഭൗതികമായി ഞങ്ങൾക്കു കാര്യമായിട്ടൊന്നും ഇല്ലായിരുന്നു, പരിഹാസത്തിനും ആക്ഷേപത്തിനും വിധേയരായി, എന്നാലും ആത്മീയമായി ഞങ്ങൾ സമ്പന്നരായിരുന്നു.
അതിനിടെ, കാർഫിലീയിൽ പയനിയറിങ്ങിലായിരുന്ന അമ്മക്കും സോണിയക്കും സമാനമായ അനുഭവങ്ങൾതന്നെയായിരുന്നു ഉണ്ടായത്. സോണിയ നടത്തിയ ആദ്യ ബൈബിളധ്യയനംതന്നെ ഒരു സ്ത്രീയുമായിട്ടായിരുന്നു, സന്ദർശനം ക്രമീകരിച്ചിരുന്നതു വെള്ളിയാഴ്ച വൈകുന്നേരം. അമ്മയും കൂടെപോരുമെന്നായിരുന്നു സോണിയ ധരിച്ചത്, എന്നാൽ അമ്മ ഇങ്ങനെ വിശദീകരിച്ചു: “ഞാൻ വേറൊരു സ്ഥലത്തു ചെല്ലാമെന്നേററിട്ടുണ്ട്. അതുകൊണ്ട്, നീ ചെല്ലാമെന്നേററിരിക്കുന്നിടത്തു നീ തനിയെ പോകേണ്ടിവരും.” അന്നു സോണിയക്കു 13 വയസ്സേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവൾ ഒററക്കു പോയി. ആ സ്ത്രീ ആത്മീയമായി നല്ല പുരോഗതി നേടി, പിന്നീട് ഒരു സമർപ്പിത സാക്ഷിയായിത്തീർന്നു.
യുദ്ധാനന്തരപ്രവർത്തനം—പിന്നെ ഗിലെയാദ്
1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോൾ ഡാർബീഷീറെയിലെ ഒരു ഒററപ്പെട്ട പ്രദേശമായ വാലിബ്രിഡ്ജിലായിരുന്നു ഞാൻ പ്രവർത്തിച്ചിരുന്നത്. രാവിലെ യുദ്ധവിരാമ പ്രഖ്യാപനം ഉണ്ടായി, യുദ്ധംകൊണ്ട്—അതിന്റെ പരിണതഫലമായ അനാഥരും വിധവമാരും അംഗഭംഗം ഭവിച്ചവരുമായ ആളുകളെക്കൊണ്ട്—അപ്പോഴേക്കും തീർത്തും പൊറുതിമുട്ടിയ ആളുകളെ സന്ദർശിച്ച് ഞങ്ങൾ ആശ്വസിപ്പിച്ചു.
കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ, സൊസൈററി എമറാൾഡ് അയിൽ എന്നറിയപ്പെടുന്ന അയർലൻഡിൽ പ്രവർത്തിക്കാൻ സന്നദ്ധസേവകരെ ക്ഷണിച്ചു. അപ്പോൾ ആ ദ്വീപിൽ യഹോവയുടെ സാക്ഷികൾ 140 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിനാൽ മിഷനറിപ്രദേശമായിട്ടായിരുന്നു അതു കരുതപ്പെട്ടിരുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ 40-ഓളം പ്രത്യേക പയനിയർമാരെ അങ്ങോട്ടു നിയമിച്ചയച്ചു, അതിലൊരാൾ ഞാനായിരുന്നു.
വടക്ക് കോൾറാൻ, കുക്ക്സ്ടൗൺ എന്നിവിടങ്ങളിൽ കുറച്ചുനാൾ വേലചെയ്തതിനുശേഷം മററു മൂന്നു പേരോടൊപ്പം എന്നെ കിഴക്കേത്തീരത്തുള്ള ഡ്രോയിഡെയിലേക്ക് അയച്ചു. അയർലൻഡുകാർ പ്രകൃത്യാതന്നെ ചുറുചുറുക്കുള്ളവരും അതിഥിപ്രിയരുമാണെങ്കിലും അവരുടെ മതപരമായ മുൻവിധി വളരെ വലുതാണ്. അതുകൊണ്ട്, ഒരു വർഷം മുഴുവൻ പ്രവർത്തിച്ചിട്ടും ഞങ്ങൾക്കു സമർപ്പിക്കാൻ കഴിഞ്ഞതു വളരെ കുറച്ചു ബൈബിൾപഠനസഹായികൾ (വാസ്തവത്തിൽ ഒരു പുസ്തകവും കുറച്ചു ചെറുപുസ്തകങ്ങളും) മാത്രമായിരുന്നു.
ഡ്രോയിഡെയിലെ ഞങ്ങളുടെ താമസത്തിനിടയിൽ ഒരിക്കൽ ഞാൻ കൃഷിയിടങ്ങൾതോറും സൈക്കിളിൽ സഞ്ചരിക്കുകയായിരുന്നു, പെട്ടെന്ന് ഒരു യുവകർഷകൻ കുററിച്ചെടികൾക്കിടയിൽനിന്നു റോഡിലേക്കു ചാടിവീണു. റോഡിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിട്ടു സ്വരംതാഴ്ത്തി അയാൾ ചോദിച്ചു: “നിങ്ങൾ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരുവളാണോ?” ആണെന്നു ഞാൻ മറുപടിപറഞ്ഞപ്പോൾ, അദ്ദേഹം ഇങ്ങനെ തുടർന്നു: “നിങ്ങളെക്കുറിച്ച് ഇന്നലെ രാത്രി ഞാനും എന്റെ പ്രതിശ്രുതവധുവും തമ്മിൽ ഒരു പൊരിഞ്ഞ വാദമുണ്ടായി, അവസാനം ഞങ്ങൾ തല്ലിപ്പിരിഞ്ഞു. കത്തോലിക്കാ പുരോഹിതരും പത്രങ്ങളും പറയുന്നതുപോലെ നിങ്ങൾ കമ്യൂണിസ്ററുകാരാണെന്ന് അവൾ ശക്തിയായി വാദിക്കുന്നു, അതു സത്യമാവാൻ തരമില്ലെന്നു ഞാനും, കാരണം നിങ്ങൾ പരസ്യമായി വീടുതോറും പോകുന്നു.”
വായിക്കാൻ ഞാൻ കൊടുത്ത ഒരു ചെറുപുസ്തകം അയാൾ പോക്കററിൽ ഒളിപ്പിച്ചു, ഇരുട്ടായതിനുശേഷം ഒരുമിച്ചുകൂടി കൂടുതൽ സംസാരിക്കാമെന്നേററു. കാരണം “ഞാൻ നിങ്ങളോടു സംസാരിക്കുന്നതായി ആരെങ്കിലും കണ്ടാൽമതി എന്റെ പണി പോകാൻ” എന്ന് അയാൾ പറഞ്ഞു. ആ രാത്രി ഞങ്ങൾ രണ്ടുപേർ പോയി അയാളെ കണ്ടു, അദ്ദേഹത്തിന്റെ ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരവും കൊടുത്തു. ഇതു സത്യമാണെന്ന് അയാൾക്കു ബോധ്യമായതായി തോന്നി, മറെറാരു രാത്രി ഞങ്ങളുടെ വീട്ടിൽ വന്നു കൂടുതൽ പഠിക്കാമെന്ന് അയാൾ വാഗ്ദാനം ചെയ്തു. അയാൾ ഒരിക്കലും വന്നില്ല, കടന്നുപോയ സൈക്കിൾയാത്രികർ ആരെങ്കിലും ആ ആദ്യരാത്രി അയാളെ തിരിച്ചറിഞ്ഞിരിക്കാം, അങ്ങനെ ചിലപ്പോൾ അയാൾക്കു ജോലി നഷ്ടമായിരിക്കാം എന്നു ഞങ്ങൾ കരുതി. അയാൾ എപ്പോഴെങ്കിലും ഒരു സാക്ഷിയായിട്ടുണ്ടാകുമോ എന്നു ഞങ്ങൾ കൂടെക്കൂടെ ഓർക്കുമായിരുന്നു.
1949-ൽ ഇംഗ്ലണ്ടിന്റെ തെക്കേ തീരത്തെ ബ്രൈററനിൽ ഡിസ്ട്രിക്ററ് കൺവെൻഷനിൽ സംബന്ധിച്ചുകഴിഞ്ഞപ്പോൾ ഞങ്ങളിൽ പലർക്കും ന്യൂയോർക്ക് സംസ്ഥാനത്തെ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിലേക്കുള്ള ക്ഷണം ലഭിച്ചു. 15-ാമത്തെ ക്ലാസ്സിൽ ബ്രിട്ടനിൽനിന്ന് ആകെ 26 പേർ പങ്കെടുത്തു, 1950 ജൂലൈ 30-ന് യാങ്കീസ്റേറഡിയത്തിൽ നടന്ന സാർവദേശീയ കൺവെൻഷനിൽ വെച്ചായിരുന്നു ബിരുദദാനം നടന്നത്.
ബ്രസീലിലെ ഞങ്ങളുടെ ശുശ്രൂഷ
അടുത്തവർഷം എന്നെ ലോകത്തിലെ ഏററവും വേഗത്തിൽ വളരുന്ന പട്ടണങ്ങളിലൊന്നായ, ബ്രസീലിലെ സാവോ പോളോയിലേക്കു നിയമിച്ചയച്ചു. ആ സമയത്ത് അവിടെ യഹോവയുടെ സാക്ഷികളുടെ അഞ്ചു സഭകളേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ അവയുടെ എണ്ണം 600-ഓളം വരും! അയർലൻഡിലെ വേലയിൽനിന്ന് എത്ര വ്യത്യസ്തം! സാവോ പോളോയിലെ ഞങ്ങളുടെ പ്രദേശത്തെ വീടുകളിൽ അധികവും വൻസൗധങ്ങളായിരുന്നു, അവയ്ക്കു ചുററും ഉയർന്ന ഇരുമ്പുവേലികളും കലാപരമായി പച്ചിരുമ്പിൽ നിർമിച്ച ഗെയ്ററുകളും ഉണ്ടായിരുന്നു. ഞങ്ങൾ വീടിന്റെ ഉടമസ്ഥനെയോ അവിടത്തെ വേലക്കാരിയെയോ കൈകൊട്ടിവിളിക്കുമായിരുന്നു.
വർഷങ്ങൾ കടന്നുപോയതോടെ പുതിയ നിയമനങ്ങൾ ഉണ്ടായി. സാവോ പോളോ സംസ്ഥാനത്തിന്റെ ഉൾഭാഗങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിലായി പുതിയ സഭകൾ രൂപീകരിക്കുന്നതിനു സഹായിക്കാനുള്ള പദവി എനിക്കു ലഭിച്ചു, 1955-ൽ ഒരെണ്ണം സുണ്ടിയയിലും 1958-ൽ മറെറാരെണ്ണം പിരസകബയിലും. പിന്നീട്, 1960-ൽ എന്റെ സഹോദരി സോണിയ എനിക്കു മിഷനറി പങ്കാളിയായെത്തി. റിയോഗ്രാൻഡി ഡെ സൂൾ എന്ന സംസ്ഥാനത്തിന്റെ തലസ്ഥാനമായ പോർട്ടോ എലെഗ്രയിലേക്കായിരുന്നു ഞങ്ങളുടെ നിയമനം. നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകും, അവൾ എങ്ങനെ ബ്രസീലിൽ എത്തിയെന്ന്?
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സോണിയയും അമ്മയും ഇംഗ്ലണ്ടിൽ പയനിയറിങ് തുടർന്നുപോന്നു. എന്നാൽ 1950-കളുടെ ആരംഭത്തിൽ അമ്മക്ക് ഒരു ക്യാൻസർ ഓപ്പറേഷൻ വേണ്ടിവന്നു, അതോടെ അവശയായ അവർക്കു വീടുതോറും പോകാൻ വയ്യാതായി. എങ്കിലും ബൈബിളധ്യയനങ്ങളും കത്തെഴുതലും അവർ മുടക്കിയില്ല. സോണിയ പയനിയർവേല തുടർന്നു, ഒപ്പം അമ്മയെ ശുശ്രൂഷിക്കലും. 1959-ൽ സോണിയക്കു ഗിലെയാദിന്റെ 33-ാമത്തെ ക്ലാസ്സിൽ സംബന്ധിക്കാനുള്ള പദവിയുണ്ടായി, അങ്ങനെ ബ്രസീലിലേക്കു നിയമിക്കപ്പെടുകയും ചെയ്തു. അതിനിടയിൽ ബരിൽ അമ്മയുടെ ശുശ്രൂഷ ഏറെറടുത്തു, 1962-ൽ അവർ മരിക്കുന്നതുവരെ അതു തുടർന്നു. അപ്പോഴേക്കും ബരിലിന്റെ വിവാഹം കഴിഞ്ഞിരുന്നു, അവരും കുടുംബവും യഹോവയെ വിശ്വസ്തതയോടെ സേവിച്ചുകൊണ്ടിരിക്കുന്നു.
ബ്രസീലിൽ ഞാനും സോണിയയും പലരെയും സമർപ്പണവും സ്നാപനവും എന്ന പടിയിലേക്ക് എത്താൻ സഹായിച്ചു. എന്നിരുന്നാലും, ബ്രസീൽകാർക്കുണ്ടായിരുന്ന അനേകം പ്രശ്നങ്ങളിൽ ഒന്ന് അവരുടെ വിവാഹം നിയമാനുസൃതമാക്കുക എന്നതായിരുന്നു. ബ്രസീലിൽ വിവാഹമോചനം ലഭിക്കുക ബുദ്ധിമുട്ടായതിനാൽ വിവാഹംചെയ്യാതെ ദമ്പതികൾ ഒരുമിച്ചു ജീവിക്കുക എന്നത് അസാധാരണമായിരുന്നില്ല, വിശേഷിച്ചും ഇണകളിൽ ഒരാൾ മുമ്പത്തെ നിയമാനുസൃത വിവാഹിത ഇണയെ വിട്ടുപിരിഞ്ഞു വന്നതാണെങ്കിൽ.
ഞങ്ങൾ സന്ദർശിച്ച ഇഫ എന്നു പേരായ ഒരു സ്ത്രീ അത്തരമൊരു അവസ്ഥയിലായിരുന്നു. നിയമാനുസൃത ഇണ അവളെ വിട്ട് എവിടെയോ പോയി. അതുകൊണ്ട്, ആളെ കണ്ടുപിടിക്കാൻവേണ്ടി ഞങ്ങൾ റേഡിയോയിൽ ഒരറിയിപ്പു കൊടുത്തു. ഭർത്താവിനെ കണ്ടെത്തിയപ്പോൾ വിവാഹംചെയ്യാതെ അവൾ ഇപ്പോൾ ഒരുമിച്ചുതാമസിക്കുന്ന വ്യക്തിയുമായുള്ള ബന്ധം നിയമാനുസൃതമാക്കാൻ സഹായിക്കുന്ന ഒരു രേഖയിൽ അയാളുടെ ഒപ്പിടുവിക്കുവാൻ അവൾ മറെറാരു നഗരത്തിലേക്കു പോയപ്പോൾ ഞാനും കൂടെ പോയി. അവൾ വൈവാഹികനില നേരെചൊവ്വെയാക്കുവാൻ ആഗ്രഹിക്കുന്നതെന്തുകൊണ്ട് എന്ന് വാദം കേൾക്കുന്നതിനിടയിൽ ന്യായാധിപൻ എന്നോടും ഇഫയോടും ചോദിച്ചു. വിശദീകരണം കേട്ട ന്യായാധിപന് അത്ഭുതം, ഒപ്പം സംതൃപ്തിയും.
മറെറാരവസരത്തിൽ, എന്റെ ബൈബിൾ വിദ്യാർഥികളിൽ ഒരുവളുടെ കൂടെ, അവളുടെ കേസ് കൈകാര്യംചെയ്യാൻ ഒരു അഭിഭാഷകനെ ഏർപ്പാടാക്കാൻ ഞാനും പോയി. അവിടെയും, വിവാഹത്തെയും ദൈവത്തിന്റെ ധാർമികനിലവാരങ്ങളെയും കുറിച്ച് ഒരു നല്ല സാക്ഷ്യം കൊടുത്തു. ഈ കേസിൽ വിവാഹമോചനത്തിന്റെ വില വളരെ വലുതായിരുന്നു, രണ്ട് ഇണകളും ഫീസുകൊടുക്കാൻ ജോലി ചെയ്യേണ്ടിവന്നു. എന്നാൽ ഈ പുതിയ ബൈബിൾ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അതു പ്രവൃത്തിക്കുതക്ക മൂല്യമുള്ളതായിരുന്നു. അവരുടെ വിവാഹത്തിന്റെ സാക്ഷികളാകാനുള്ള പദവി എനിക്കും സോണിയക്കും ഉണ്ടായി, അതിനുശേഷം, അവരുടെ വീട്ടിൽവെച്ചു നടന്ന ഒരു ഹ്രസ്വ ബൈബിൾപ്രസംഗം കേൾക്കാൻ ഞങ്ങളോടൊപ്പം കൗമാരപ്രായത്തിലെത്തിയ അവരുടെ മൂന്നു കുട്ടികളുമുണ്ടായിരുന്നു.
സമൃദ്ധവും പ്രതിഫലദായകവുമായ ജീവിതം
ഞാനും സോണിയയും ഞങ്ങളുടെ ജീവിതം യഹോവക്കു സമർപ്പിച്ചു പയനിയർമാരായിത്തീർന്നപ്പോൾ, സാധ്യമെങ്കിൽ മുഴുസമയ ശുശ്രൂഷ ഞങ്ങളുടെ ജീവിതവൃത്തിയാക്കണമെന്ന് അന്നേ ഉദ്ദേശിച്ചിരുന്നു. ഞങ്ങളുടെ പിൽക്കാലജീവിതത്തിൽ എന്തു സംഭവിക്കും, രോഗം പിടിപെടുമോ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാകുമോ എന്നൊന്നും ഞങ്ങൾ ഒരിക്കലും ചിന്തിച്ചുവിഷമിച്ചില്ല. എങ്കിലും, യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ, ഞങ്ങളെ അവിടുന്ന് ഒരിക്കലും കൈവിട്ടില്ല.—എബ്രായർ 13:6.
അതേ, പണത്തിന്റെ ബുദ്ധിമുട്ടു ചിലപ്പോഴൊക്കെ ഒരു പ്രശ്നമായിരുന്നിട്ടുണ്ട്. ഒരിക്കൽ ഒരു വർഷത്തോളം ഞാനും പങ്കാളിയും ഉച്ചഭക്ഷണമായി ഭക്ഷിച്ചതു കൊത്തമ്പാലരിച്ചീരകൊണ്ടുള്ള സാൻഡ്വിച്ചാണ്, പക്ഷേ ഒരിക്കലും പട്ടിണി കിടക്കുകയോ അടിസ്ഥാനാവശ്യങ്ങൾക്കുള്ള വകയില്ലാതെവരുകയോ ചെയ്തിട്ടില്ല.
വർഷങ്ങൾ കടന്നുപോയതനുസരിച്ച് ഞങ്ങളുടെ ശാരീരിക ശക്തിയും ക്ഷയിച്ചുകൊണ്ടിരുന്നു. 1980-കളുടെ മധ്യേ ഞങ്ങൾക്കു രണ്ടുപേർക്കും വലിയ ഓപ്പറേഷനുകൾ വേണ്ടിവന്നു, ഇതു ഞങ്ങളുടെ പ്രസംഗവേലയെ കാര്യമായി ബാധിച്ചതുകൊണ്ട് അതു ഞങ്ങൾക്കൊരു കടുത്ത പരിശോധനയായി. 1987 ജനുവരിയിൽ യഹോവയുടെ സാക്ഷികളുടെ ബ്രസീലിലുള്ള ഹെഡ്ക്വാർട്ടേഴ്സ് സ്ററാഫിലെ അംഗങ്ങളാകാൻ ഞങ്ങൾ ക്ഷണിക്കപ്പെട്ടു.
ആയിരത്തിലധികംവരുന്ന ശുശ്രൂഷകരുള്ള ഞങ്ങളുടെ വലിയ കുടുംബം സ്ഥിതിചെയ്യുന്നതു സാവോ പോളോയിൽനിന്നും 140 കിലോമീററർ അകലെയാണ്. മനോജ്ഞമായ കെട്ടിടസമുച്ചയമുള്ള ഇവിടെനിന്നാണു ഞങ്ങൾ ബ്രസീലിനും തെക്കേ അമേരിക്കയുടെ മററു ഭാഗങ്ങൾക്കും വേണ്ടിയുള്ള ബൈബിൾ സാഹിത്യങ്ങൾ അച്ചടിക്കുന്നത്. ഇവിടെ ഞങ്ങൾക്കു ദൈവത്തിന്റെ സമർപ്പിതദാസരിൽനിന്നുള്ള സ്നേഹനിർഭരമായ പരിപാലനം ലഭിക്കുന്നു. 1951-ൽ ഞാൻ ആദ്യമായി ബ്രസീലിൽ വന്നപ്പോൾ രാജ്യസന്ദേശം ഘോഷിക്കുന്നവരായി ഉണ്ടായിരുന്നത് ഏതാണ്ടു 4,000 പേരായിരുന്നു, എന്നാൽ ഇപ്പോൾ അതു 3,66,000-ത്തിൽ കവിഞ്ഞിരിക്കുന്നു! കരുണാസമ്പന്നനായ നമ്മുടെ സ്വർഗീയ പിതാവു ‘മററുള്ള സകല സംഗതികളും’ ഞങ്ങൾക്കു ലഭ്യമാക്കിയിരിക്കുന്നു, എന്തെന്നാൽ ഞങ്ങൾ ഒന്നാമതു രാജ്യം അന്വേഷിച്ചു.—മത്തായി 6:33, NW.
[22-ാം പേജിലെ ചിത്രം]
1939-ൽ ഒരു പ്രചരണവാഹനത്തിനരികെ മിൽഡ്രഡ് വില്ലററിനോടൊത്ത് ഓലവ്
[25-ാം പേജിലെ ചിത്രം]
ഓലവും സോണിയ സ്പ്രിങ്ഗെയ്ററും