ജീവിത കഥ
ഒരു മിഷനറിയാകാനുള്ള എന്റെ ആഗ്രഹത്തെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചു
ഷീല വിൻഫിൽഡ് ഡാ കോൻസേസൗൻ പറഞ്ഞപ്രകാരം
ആഫ്രിക്കയിൽനിന്നുള്ള ഒരു മിഷനറി ഒരിക്കൽ ഞങ്ങളെ സന്ദർശിച്ചു. തന്റെ നിയമനപ്രദേശത്ത് ആളുകളെല്ലാവരും അവരെ വീടിനുള്ളിലേക്കു ക്ഷണിച്ച് ദൈവരാജ്യ സുവാർത്ത ശ്രദ്ധയോടെ കേൾക്കാറുണ്ടെന്നു പറഞ്ഞപ്പോൾ, ‘അതുപോലുള്ള ഒരു പ്രദേശത്ത് പ്രവർത്തിക്കാനായിരുന്നെങ്കിൽ!’ എന്നു ഞാൻ ചിന്തിച്ചു. അന്നെനിക്ക് 13 വയസ്സായിരുന്നു. അവരുടെ വാക്കുകൾ ഒരു മിഷനറിയാകാനുള്ള ആഗ്രഹം എന്നിൽ അങ്കുരിപ്പിച്ചു.
എന്നാൽ അതിനു വളരെ മുമ്പുതന്നെ ഞങ്ങളുടെ കുടുംബം യഹോവയെക്കുറിച്ചു പഠിക്കാൻ തുടങ്ങിയിരുന്നു. അതിനെക്കുറിച്ചു ഞാൻ വിശദീകരിക്കാം. 1939-ലെ ഒരു സുപ്രഭാതത്തിൽ വൃത്തിയായി വസ്ത്രം ധരിച്ച രണ്ടു ചെറുപ്പക്കാർ ഞങ്ങളുടെ വീട്ടിൽ വന്നു. ഇംഗ്ലണ്ടിലെ ഗ്രേറ്റർ ലണ്ടനു വെളിയിലുള്ള ഹെമൽ ഹെംപ്സ്റ്റഡിലായിരുന്നു അന്നു ഞങ്ങൾ താമസിച്ചിരുന്നത്. അവർ യഹോവയുടെ സാക്ഷികളായിരുന്നു. അന്നെനിക്ക് ഏകദേശം ഒരു വയസ്സേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവർ വന്നതൊന്നും എനിക്ക് ഓർമയില്ല. അവരെ എങ്ങനെയെങ്കിലും പറഞ്ഞയയ്ക്കാനായി, ഡാഡിക്ക് ഒരുപക്ഷേ ഇതിൽ താത്പര്യമുണ്ടായിരിക്കുമെന്നും എന്നാൽ രാത്രി 9 മണിയാകാതെ അദ്ദേഹം വീട്ടിൽ തിരിച്ചെത്തില്ലെന്നും മമ്മി അവരോടു പറഞ്ഞു. അന്നു രാത്രിതന്നെ അവർ മടങ്ങിവന്നത് മമ്മിയെ ആശ്ചര്യപ്പെടുത്തി. രാഷ്ട്രീയവും ദേശീയവുമായ കാര്യങ്ങളിലുള്ള അവരുടെ നിലപാട് എന്താണെന്ന് ഉറപ്പുവരുത്തിയതിനുശേഷം ഡാഡി—അദ്ദേഹത്തിന്റെ പേര് ഹെൻറി വിൻഫിൽഡ് എന്നായിരുന്നു—അവരെ അകത്തേക്കു ക്ഷണിക്കുകയും ബൈബിളധ്യയനത്തിനു സമ്മതിക്കുകയും ചെയ്തു. ഡാഡി പെട്ടെന്നു പുരോഗതി പ്രാപിച്ച് സ്നാപനമേറ്റു. കുറച്ചു വർഷങ്ങൾക്കുശേഷം മമ്മി കാത്ലിനും പഠിക്കാൻ തുടങ്ങി, 1946-ൽ സ്നാപനമേൽക്കുകയും ചെയ്തു.
1948-ൽ ഞാൻ സുവാർത്താ പ്രസംഗവേലയിൽ ക്രമമായി പങ്കുപറ്റാൻ തുടങ്ങി. ശുശ്രൂഷയിൽ ചെലവഴിക്കുന്ന സമയം കൃത്യമായി റിപ്പോർട്ടു ചെയ്യുന്നതിന് ഒരു വാച്ചുള്ളത് നല്ലതായിരിക്കുമെന്ന് ഞാൻ കരുതി. ഞങ്ങൾ വഴക്കൊന്നുമുണ്ടാക്കാതെ നല്ല കുട്ടികളായിരിക്കുകയാണെങ്കിൽ എല്ലാ ശനിയാഴ്ചയും ആറു പെനിയുടെ ഒരു നാണയം ഞങ്ങൾക്ക് പോക്കറ്റ് മണിയായി കിട്ടുമായിരുന്നു. കിട്ടാവുന്നതിൽ ഏറ്റവും വില കുറഞ്ഞ വാച്ച് വാങ്ങാനായി ലഭിക്കുന്ന പണം മുഴുവൻ ഞാൻ രണ്ടു വർഷത്തോളം സൂക്ഷിച്ചു വെച്ചു. എന്റെ കൊച്ചനുജൻ റേയ്ക്ക് എപ്പോഴും ആറു പെനിയുടെ ഒരു തുട്ടിനുപകരം മൂന്നു പെനിയുടെ രണ്ടു തുട്ടുകൾ വേണമായിരുന്നു. ഒരു ദിവസം അവൻ അതിനായി വല്ലാതെ വാശിപിടിച്ചപ്പോൾ ഡാഡിക്കു ദേഷ്യംവന്നു. അത് തനിക്കും യഹോവയ്ക്കും മാത്രമറിയാവുന്ന ഒരു കാര്യത്തിനാണെന്ന് അപ്പോൾ അവൻ കരഞ്ഞുകൊണ്ടു പറഞ്ഞു. ഒടുവിൽ അവൻ ആ രഹസ്യം വെളിപ്പെടുത്തി. “ഒരു തുട്ട് സംഭാവനപ്പെട്ടിയിൽ ഇടാനും മറ്റേത് എനിക്കും,” അവൻ പറഞ്ഞു. അതുകേട്ട് മമ്മി സന്തോഷംകൊണ്ട് കരഞ്ഞുപോയി. ഡാഡി പെട്ടെന്നുതന്നെ രണ്ടു തുട്ടുകൾ അവനു സംഘടിപ്പിച്ചുകൊടുത്തു. അങ്ങനെ, രാജ്യവേലയെ സാമ്പത്തികമായി പിന്തുണയ്ക്കുന്നത് എത്ര പ്രധാനമാണെന്നു ഞാൻ മനസ്സിലാക്കി.
ഏതാണ്ട് ഈ സമയം ആയപ്പോഴേക്കും ഡാഡി രാജ്യഘോഷകരുടെ ആവശ്യം കൂടുതലുള്ളിടത്തേക്ക് മാറിപ്പാർക്കാനുള്ള ക്രമീകരണം ചെയ്തു. 1949-ൽ ഡാഡി കൃഷിയിടവും മണലും ചരലും വിൽക്കുന്ന ബിസിനസ്സും വിറ്റിട്ട് പയനിയർ—യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകൻ—ആയി സേവിക്കാൻ തുടങ്ങി. 1950 സെപ്റ്റംബർ 24-ാം തീയതി ഞാൻ യഹോവയ്ക്കുള്ള എന്റെ സമർപ്പണത്തിന്റെ പ്രതീകമായി സ്നാപനമേറ്റു. അന്നുമുതൽ എല്ലാവർഷവും, വേനലവധിക്ക് മാസം 100 മണിക്കൂർ ശുശ്രൂഷയിൽ ചെലവഴിച്ചുകൊണ്ട് ഞാൻ അവധിക്കാല പയനിയറിങ് (ഇന്ന് സഹായ പയനിയറിങ് എന്നറിയപ്പെടുന്നു) ചെയ്യുമായിരുന്നു. എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു. നിർമലാരാധന ഉന്നമിപ്പിക്കുന്നതിൽ വർധിച്ച പങ്ക് ഉണ്ടായിരിക്കാനുള്ള ശക്തമായ ആഗ്രഹം താമസിയാതെ എന്റെ ഹൃദയത്തിൽ നാമ്പെടുത്തു.
മിഷനറിയായിത്തീരാനുള്ള ആഗ്രഹം മൊട്ടിടുന്നു
1951-ൽ ഡാഡിക്ക് നോർത്ത് ഡെവണിലെ ബിഡഫർഡിലേക്കു നിയമനം ലഭിച്ചു. അവിടെയെത്തി അധികം താമസിയാതെ, ആഫ്രിക്കയിൽ സേവനമനുഷ്ഠിക്കുന്ന ഒരു മിഷനറി ഞങ്ങളുടെ സഭ സന്ദർശിച്ചു. അതിനെക്കുറിച്ചാണ് ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചത്. അതിനുശേഷം, ഒരു മിഷനറിയായിത്തീരാനുള്ള ആഗ്രഹം എന്റെ എല്ലാ തീരുമാനങ്ങളെയും സ്വാധീനിക്കാൻ തുടങ്ങി. എന്റെ ജീവിതലക്ഷ്യം മനസ്സിലാക്കിയ സ്കൂളിലെ അധ്യാപകർ എന്നെ അതിൽനിന്നു പിന്തിരിപ്പിക്കാനായി പഠിച്ച പണി പതിനെട്ടും നോക്കി. ഞാനൊരു ലൗകിക ജോലി സമ്പാദിക്കണമെന്നായിരുന്നു അവരുടെയൊക്കെ ആഗ്രഹം. എന്നാൽ, അധ്യാപകരോടു നന്ദി പറയാനും യാത്രചൊല്ലി പിരിയാനുമായി സ്കൂളിലെ അവസാന ദിവസം ഞാൻ അവരുടെ മുറിയിൽ ചെന്നപ്പോൾ അവരിലൊരാൾ എന്നോടിങ്ങനെ പറഞ്ഞു: “ജീവിതത്തിൽ യഥാർഥ ലക്ഷ്യബോധമുള്ള ഒരേയൊരു വിദ്യാർഥിനി നീയാണ്. അഭിനന്ദനങ്ങൾ! നീ നിന്റെ ലക്ഷ്യത്തിൽ എത്തിച്ചേരട്ടെ എന്നു ഞങ്ങൾ ആശിക്കുന്നു.”
ഒട്ടും സമയം പാഴാക്കാതെ ഞാൻ ഒരു പാർട്ട്-ടൈം ജോലി കണ്ടെത്തി. 1955 ഡിസംബർ 1-ന് ഞാനൊരു സാധാരണ പയനിയറായിത്തീർന്നു. പിന്നീട് മമ്മിയും എന്റെ ആങ്ങളമാരും പയനിയറിങ് ആരംഭിച്ചു. അങ്ങനെ കുറെ വർഷത്തേക്ക് വീട്ടിലുള്ള എല്ലാവരും മുഴുസമയ സേവകരായിരുന്നു.
അയർലൻഡിലേക്ക്
ഒരു വർഷം കഴിഞ്ഞപ്പോൾ അയർലൻഡിൽ സേവിക്കാൻ എനിക്കു ക്ഷണം ലഭിച്ചു. ഒരു മിഷനറിയായിത്തീരുക എന്ന എന്റെ ലക്ഷ്യത്തിലേക്കുള്ള ഒരു ചവിട്ടുപടിയായിരുന്നു ഇത്. 1957 ഫെബ്രുവരിയിൽ ഞാൻ തെക്കൻ അയർലൻഡിലെ കോർക്കിൽ എത്തിച്ചേർന്നു. ജൂൺ നേപിയർ എന്നും ബെറിൽ ബാർക്കർ എന്നും പേരുള്ള മറ്റു രണ്ടു യുവ പയനിയർമാരും എന്നോടൊപ്പമുണ്ടായിരുന്നു.
അയർലൻഡിൽ വയൽസേവനം വെല്ലുവിളി നിറഞ്ഞതായിരുന്നു. റോമൻ കത്തോലിക്കാ സഭയിൽനിന്നു ഞങ്ങൾക്ക് കഠിനമായ എതിർപ്പു നേരിട്ടു. ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലോ ഹൗസിങ് കോളനിയിലോ ചെല്ലുമ്പോൾ, പെട്ടെന്നു സ്ഥലംവിടേണ്ടിവരുന്നപക്ഷം പുറത്തുകടക്കാനുള്ള മാർഗം ഞങ്ങൾ എപ്പോഴും കണ്ടുപിടിച്ചുവെക്കുമായിരുന്നു. ആരുടെയും കണ്ണിൽപ്പെടാതിരിക്കാനായി സൈക്കിളുകൾ ഞങ്ങൾ കുറച്ചകലെ മാറ്റിവെക്കുമായിരുന്നു. എന്നാൽ മിക്കപ്പോഴും ആരെങ്കിലുമൊക്കെ അവ കണ്ടുപിടിച്ച് കാറ്റഴിച്ചുവിടുകയോ ടയറു കുത്തിക്കീറുകയോ ചെയ്തു.
ഒരിക്കൽ ഞാനും ബെറിലും കൂടി ഒരു വലിയ ഹൗസിങ് കോളനിയിലെ വീടുകൾ സന്ദർശിക്കുകയായിരുന്നു. അപ്പോൾ ഒരു കൂട്ടം കുട്ടികൾ ഓരോന്നു വിളിച്ചുപറഞ്ഞ് ഞങ്ങളെ അധിക്ഷേപിക്കാനും ഞങ്ങളുടെ നേരെ കല്ലെറിയാനും തുടങ്ങി. അപ്പോൾ ഞങ്ങൾ ഒരു വീടിനോടു തൊട്ടുചേർന്നുള്ള പാലു വിൽക്കുന്ന ഒരു കടയിലേക്കു കയറി. കടയുടെ വെളിയിൽ ആളുകൾ തടിച്ചുകൂടാൻ തുടങ്ങി. ബെറിലിന് പാലു വലിയ ഇഷ്ടമായിരുന്നതിനാൽ അവൾ രണ്ടു മൂന്നു ഗ്ലാസ് പാലു വാങ്ങി സാവകാശം കുടിക്കാൻ തുടങ്ങി. അതു കുടിച്ചുതീരുന്ന സമയംകൊണ്ട് ആൾക്കൂട്ടം പിരിഞ്ഞുപോകുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എന്നാൽ അവർ അവിടെനിന്ന് അനങ്ങുന്ന ലക്ഷണമൊന്നും കണ്ടില്ല. അപ്പോഴാണ് ഒരു യുവ പുരോഹിതൻ കടയിലേക്കു വന്നത്. ഞങ്ങൾ ടൂറിസ്റ്റുകളാണെന്നു കരുതിയ അദ്ദേഹം ഞങ്ങളെ അവിടമൊക്കെ ചുറ്റിനടന്നു കാണിക്കാമെന്നു പറഞ്ഞു. എന്നാൽ അദ്ദേഹം ഞങ്ങളെ ആദ്യം കൊണ്ടുപോയത് ആ വീട്ടിലെ മറ്റൊരു മുറിയിലേക്കാണ്. അവിടെ പ്രായംചെന്ന ഒരാൾ മരിക്കാറായി കിടപ്പുണ്ടായിരുന്നു. പുരോഹിതൻ അയാൾക്ക് അന്ത്യകൂദാശ നൽകവേ ഞങ്ങൾ അവിടെ നിശ്ശബ്ദരായി ഇരുന്നു. പിന്നെ ഞങ്ങൾ പുരോഹിതനോടൊപ്പം ആ വീട്ടിൽനിന്നിറങ്ങി. ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചുകൊണ്ടുപോകുന്നതു കണ്ടപ്പോൾ ആൾക്കൂട്ടം പിരിഞ്ഞുപോയി.
ഗിലെയാദിലേക്ക്
1958-ൽ ‘ദിവ്യഹിത അന്താരാഷ്ട്ര സമ്മേളനം’ ന്യൂയോർക്കിൽവെച്ച് നടക്കാനിരിക്കുകയായിരുന്നു. ഡാഡി അതിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. എനിക്കും പോകാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കയ്യിൽ പണമില്ലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ്, വല്യമ്മച്ചി അപ്രതീക്ഷിതമായി മരണമടയുന്നത്. മരിക്കുന്നതിനുമുമ്പ് വല്യമ്മച്ചി എനിക്കു തരാനായി 100 പൗണ്ട് (280 യു.എസ്. ഡോളർ) മാറ്റിവെച്ചിരുന്നു. സമ്മേളനത്തിനു പോയിവരാൻ 96 പൗണ്ട് മതിയാകുമായിരുന്നു. അതുകൊണ്ട് ഞാൻ ഉടൻതന്നെ വിമാന ടിക്കറ്റ് ബുക്കു ചെയ്തു.
താമസിയാതെ, യഹോവയുടെ സാക്ഷികളുടെ ബ്രിട്ടനിലെ ബ്രാഞ്ച് ഓഫീസിൽനിന്നുള്ള ഒരു പ്രതിനിധി ഞങ്ങളെ സന്ദർശിച്ചു. അദ്ദേഹം, സമ്മേളനത്തിനു പോകുന്ന എല്ലാ പ്രത്യേക പയനിയർമാരെയും വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിലെ മിഷനറി പരിശീലനത്തിനായി അപേക്ഷ അയയ്ക്കാൻ പ്രോത്സാഹിപ്പിച്ചു. എനിക്കെന്റെ കാതുകളെ വിശ്വസിക്കാനായില്ല! അദ്ദേഹം എല്ലാവർക്കും അപേക്ഷാഫാറങ്ങൾ നൽകി. പ്രായം കുറവായിരുന്നതിനാൽ എനിക്കു മാത്രം തന്നില്ല. എന്നാൽ, സ്വദേശം വിട്ട് മറ്റൊരിടത്തു വന്നു സേവിക്കുന്ന ഞാൻ ഒരർഥത്തിൽ ഇപ്പോൾത്തന്നെ മിഷനറി സേവനമാണു ചെയ്യുന്നതെന്നും അതുകൊണ്ട് ഗിലെയാദിൽ പോകുന്നവരുടെ കൂട്ടത്തിൽ എന്നെക്കൂടെ ഉൾപ്പെടുത്തണമെന്നും ഞാൻ അഭ്യർഥിച്ചു. എന്റെ ദൃഢനിശ്ചയം കണ്ടപ്പോൾ അദ്ദേഹം എനിക്കൊരു ഫാറം എടുത്തുതന്നു. അപേക്ഷ സ്വീകരിക്കപ്പെടണമേയെന്ന് ഞാൻ ഉള്ളുരുകി പ്രാർഥിച്ചു. എന്റെ പ്രാർഥനയ്ക്കു പെട്ടെന്നുതന്നെ ഉത്തരം കിട്ടി—ഗിലെയാദിൽ സംബന്ധിക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു.
14 രാജ്യങ്ങളിൽനിന്നുള്ള മറ്റ് 81 പയനിയർമാരോടൊപ്പം ഞാൻ 33-ാമത്തെ ഗിലെയാദ് ക്ലാസ്സിൽ ചേർന്നു. എനിക്കു സന്തോഷം അടക്കാനായില്ല. അഞ്ചു മാസങ്ങൾ വളരെ പെട്ടെന്നാണ് കൊഴിഞ്ഞുപോയത്. കോഴ്സിനൊടുവിൽ നേഥൻ എച്ച്. നോർ സഹോദരൻ നാലു മണിക്കൂർ നേരത്തെ പ്രചോദനാത്മകമായ ഒരു പ്രസംഗം നടത്തി. ഏകാകികളായി തുടരാൻ സാധിക്കുന്നവരെ അങ്ങനെ ചെയ്യാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. (1 കൊരിന്ത്യർ 7:37, 38, NW) എന്നാൽ, ഭാവിയിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരോട്, യോജിച്ച ഒരു ഇണയ്ക്ക് ഉണ്ടായിരിക്കാനാഗ്രഹിക്കുന്ന യോഗ്യതകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കാൻ അദ്ദേഹം നിർദേശിച്ചു. അങ്ങനെയാകുമ്പോൾ, മനസ്സിനിണങ്ങിയ ഒരാളെ കണ്ടുമുട്ടുന്നപക്ഷം, ഈ യോഗ്യതകളുടെ വെളിച്ചത്തിൽ ആ വ്യക്തിയെ വിലയിരുത്താൻ കഴിയുമായിരുന്നു.
എന്റെ സങ്കൽപ്പത്തിലെ ഭർത്താവിന് പിൻവരുന്ന യോഗ്യതകൾ ഉണ്ടായിരിക്കാനാണ് ഞാൻ ആഗ്രഹിച്ചത്: അദ്ദേഹം എന്നപ്പോലെതന്നെ ഒരു മിഷനറിയായിരിക്കണം, യഹോവയെ സ്നേഹിക്കുന്ന വ്യക്തിയായിരിക്കണം, എന്നെക്കാളധികം ബൈബിൾ പരിജ്ഞാനം ഉണ്ടായിരിക്കണം, മുഴുസമയ സേവനത്തിൽ തുടരാനായി അർമഗെദോനുമുമ്പ് കുട്ടികൾ വേണ്ടെന്നു വെക്കാൻ മനസ്സുള്ള ആളായിരിക്കണം, ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കണം, എന്നെക്കാൾ പ്രായമുണ്ടായിരിക്കണം. ഒരു ദൂരദേശത്ത് നിയമനം സ്വീകരിക്കാനൊരുങ്ങുന്ന ഒരു 20 വയസ്സുകാരിയായ എനിക്ക് ഈ ലിസ്റ്റ് വലിയ സഹായമായിരുന്നു.
ബ്രസീലിലേക്ക്
ഒടുവിൽ ബിരുദദാനച്ചടങ്ങിന്റെ ദിവസം വന്നെത്തി. 1959 ആഗസ്റ്റ് 2 ഞായറാഴ്ചയായിരുന്നു അത്, അന്ന് ഞങ്ങളുടെ നിയമനങ്ങളെക്കുറിച്ച് ഞങ്ങളെ അറിയിച്ചു. വിയനൂഷ് യാസെഡ്ജിയാൻ, സേറ ഗ്രെക്കോ, റേ ഹാറ്റ്ഫിൽഡ്, ഭാര്യ ഇങ്ങർ, സോണിയ സ്പ്രിങ്ഗേറ്റ്, ഡോറിൻ ഹൈൻസ് എന്നിവർക്കും എനിക്കും ബ്രസീലിലേക്കു നിയമനം ലഭിച്ചു. ആ വാർത്ത ഞങ്ങളുടെ മനസ്സിൽ ആവേശം നിറച്ചു. ബ്രസീൽ എന്നു കേട്ടപ്പോൾ എന്റെ മനസ്സിൽ ഓടിയെത്തിയത് വനങ്ങളും പാമ്പുകളും റബർ മരങ്ങളും അവിടത്തെ ഇന്ത്യക്കാരുമൊക്കെയാണ്. എന്നാൽ അവിടെയെത്തിയ ഞങ്ങളെ വരവേറ്റത് ആമസോൺ മഴക്കാടുകളല്ലായിരുന്നു, പിന്നെയോ വെയിലിൽ കുളിച്ചു നിൽക്കുന്ന റിയോ ഡി ജനീറോ എന്ന ആധുനിക നഗരമായിരുന്നു. അന്നത് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു.
പോർച്ചുഗീസ് വശമാക്കുന്നതായിരുന്നു ഞങ്ങളുടെ ആദ്യത്തെ വെല്ലുവിളി. ആദ്യ മാസം ഞങ്ങൾ ദിവസവും 11 മണിക്കൂർ ഭാഷാപഠനത്തിനായി മാറ്റിവെച്ചു. റിയോ ഡി ജനീറോയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിൽ താമസിച്ചുകൊണ്ട് ഞാൻ കുറച്ചുനാൾ അവിടെ പ്രസംഗവേലയിൽ ഏർപ്പെട്ടു. തുടർന്ന് എന്നെ സാവൊ പൗലോ സംസ്ഥാനത്തുള്ള പിരാസികാബയിലുള്ള മിഷനറി ഭവനത്തിലേക്കും അവിടെനിന്ന് പിന്നീട് റിയൂ ഗ്രാൻഡി ഡൂ സൂൽ സംസ്ഥാനത്തെ പോർട്ടൂ ആലേഗ്രിയിലുള്ള മിഷനറി ഭവനത്തിലേക്കും അയച്ചു.
അങ്ങനെയിരിക്കെ 1963 ആരംഭത്തിൽ ബ്രാഞ്ചിലെ പരിഭാഷാ വിഭാഗത്തിൽ സേവിക്കാൻ എനിക്കു ക്ഷണം ലഭിച്ചു. ബ്രസീലിൽ എത്തിയ സമയത്ത് ഞങ്ങളെ പോർച്ചുഗീസ് പഠിപ്പിച്ച ഫ്ളോറിയാനൂ അഗ്നേസ് ഡാ കോൻസേസൗനിനായിരുന്നു ആ ഡിപ്പാർട്ട്മെന്റിന്റെ ചുമതല. 1944-ൽ—അന്ന് ബ്രസീലിൽ 300-ഓളം സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ—സത്യം പഠിച്ച അദ്ദേഹം 22-ാമത്തെ ഗിലെയാദ് ക്ലാസ്സിൽ സംബന്ധിക്കുകയും ചെയ്തിരുന്നു. മാസങ്ങൾ കടന്നുപോയി. ഒരു ദിവസം കോൻസേസൗൻ സഹോദരൻ, ഉച്ചയ്ക്കത്തെ ബെല്ലടിച്ചുകഴിഞ്ഞ് നിൽക്കണമെന്നും അദ്ദേഹത്തിന് എന്നോടെന്തോ സംസാരിക്കാനുണ്ടെന്നും പറഞ്ഞു. ആദ്യം എനിക്കു പേടിയാണു തോന്നിയത്. ‘അരുതാത്തത് എന്തെങ്കിലും ഞാൻ ചെയ്തുകാണുമോ?’ ഞാൻ ചിന്തിച്ചു. ഒടുവിൽ ബെല്ലടിച്ചു. എന്നോട് എന്താണു പറയാനുള്ളതെന്ന് ഞാൻ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടിയും ഒരു ചോദ്യമായിരുന്നു. “നീ എന്നെ വിവാഹം കഴിക്കുമോ?” ഞാനാകെ സ്തംഭിച്ചുപോയി. ചിന്തിക്കാനുള്ള സമയം തരണമെന്ന് പറഞ്ഞിട്ട് ഞാൻ പെട്ടെന്നുതന്നെ ഉച്ചഭക്ഷണം കഴിക്കാനായി പോയി.
എന്നിൽ താത്പര്യം കാണിച്ച ആദ്യത്തെ വ്യക്തിയായിരുന്നില്ല ഫ്ളോറിയാനൂ. എന്നാൽ, അവരാരും അനുയോജ്യനായ ഒരു വിവാഹ ഇണയെ സംബന്ധിച്ച എന്റെ സങ്കൽപ്പങ്ങളുമായി ചേർന്നുപോകുന്നവരായിരുന്നില്ല. അപ്പോഴൊക്കെ, തെറ്റായ തീരുമാനം എടുക്കുന്നത് ഒഴിവാക്കാൻ ഞാനുണ്ടാക്കിയ ലിസ്റ്റ് എന്നെ സഹായിച്ചു എന്നാണു ഞാൻ കരുതുന്നത്. പക്ഷേ ഫ്ളോറിയാനൂ എന്റെ എല്ലാ സങ്കൽപ്പങ്ങളെയും തൃപ്തിപ്പെടുത്തി! അങ്ങനെ 1965 മേയ് 15-ന് ഞങ്ങൾ വിവാഹിതരായി.
ആരോഗ്യസ്ഥിതി മോശമാകുന്നു
എനിക്കും ഫ്ളോറിയാനൂവിനും പല വെല്ലുവിളികളും അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നുവെങ്കിലും ഞങ്ങളുടെ വിവാഹജീവിതം സന്തോഷം നിറഞ്ഞതാണ്. ഫ്ളോറിയാനൂവിന്റെ ആരോഗ്യപ്രശ്നമാണ് ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുള്ള ഒരു വെല്ലുവിളി. വിവാഹത്തിനു കുറച്ചുനാൾ മുമ്പായിരുന്നു അതിന്റെ തുടക്കം. അതിനു വർഷങ്ങൾക്കു മുമ്പുതന്നെ അദ്ദേഹത്തിന്റെ ഇടത്തെ ശ്വാസകോശത്തിന്റെ പ്രവർത്തനം നിലച്ചിരുന്നു. അതിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോൾ അദ്ദേഹത്തെ വലയ്ക്കാൻ തുടങ്ങി. തത്ഫലമായി, ഞങ്ങൾക്ക് ബെഥേലിൽനിന്നു പോകേണ്ടിവന്നു. റിയോ ഡി ജനീറോ സംസ്ഥാനത്തിലെ പർവത പ്രദേശമായ ടേറേസോപൂലിസ് നഗരത്തിൽ പ്രത്യേക പയനിയർമാരായി ഞങ്ങളെ നിയമിച്ചു. അവിടത്തെ കാലാവസ്ഥ സുഖംപ്രാപിക്കാൻ അദ്ദേഹത്തെ സഹായിക്കുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ.
അങ്ങനെയിരിക്കുമ്പോഴാണ്, 1965 ഡിസംബറിൽ, എന്റെ മമ്മി കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന വാർത്ത കേൾക്കുന്നത്. കത്തുകളിലൂടെ ഞങ്ങൾ ക്രമമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഞങ്ങൾ തമ്മിൽ കണ്ടിട്ട് 7 വർഷമായിരുന്നു. അതുകൊണ്ട് ഇംഗ്ലണ്ടിലേക്കു ചെല്ലാനുള്ള തുക മമ്മി ഞങ്ങൾക്കു തന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും ഡോക്ടർമാർക്ക് കാൻസർ നീക്കംചെയ്യാൻ കഴിഞ്ഞില്ല. തീരെ സുഖമില്ലാതെ കിടപ്പിലായിരുന്നെങ്കിലും പ്രസംഗവേലയിൽ പങ്കെടുക്കാനുള്ള മമ്മിയുടെ ആഗ്രഹത്തിന് മങ്ങലേറ്റില്ല; കത്തുകൾ മുഖേന മമ്മി സാക്ഷീകരണം നടത്തുമായിരുന്നു. കിടപ്പുമുറിയിൽത്തന്നെ ടൈപ്പ്റൈറ്റർ ഉണ്ടായിരുന്നതിനാൽ എഴുതാനുള്ളത് പറഞ്ഞുകൊടുത്ത് ആരെക്കൊണ്ടെങ്കിലും ടൈപ്പ് ചെയ്യിക്കുകയായിരുന്നു പതിവ്. കൂടാതെ, സന്ദർശകരോടും ഹ്രസ്വമായി സാക്ഷീകരിക്കുമായിരുന്നു. 1966 നവംബർ 27-ാം തീയതി മമ്മി മരണമടഞ്ഞു. ആ മാസം പത്തു മണിക്കൂർ വയൽസേവനമാണ് മമ്മി റിപ്പോർട്ടു ചെയ്തത്! ഡാഡി 1979-ൽ മരിക്കുന്നതുവരെ പയനിയർ സേവനത്തിൽ വിശ്വസ്തനായി തുടർന്നു.
മമ്മിയുടെ മരണശേഷം ഫ്ളോറിയാനൂവും ഞാനും ബ്രസീലിലേക്കു മടങ്ങിപ്പോയി. അന്നുമുതൽ ഞങ്ങൾ അവിടത്തെ റിയോ ഡി ജനീറോ സംസ്ഥാനത്തു പ്രവർത്തിച്ചുവരുന്നു. സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് സർക്കിട്ട് വേലയിൽ ഏർപ്പെടാനുള്ള നിയമനമാണ് ആദ്യം ഞങ്ങൾക്കു ലഭിച്ചത്. എന്നാൽ ആ സന്തോഷം ഏറെനാൾ നിന്നില്ല. ഫ്ളോറിയാനൂവിന് വീണ്ടും സുഖമില്ലാതായി. അതുകൊണ്ട് ഞങ്ങൾ വീണ്ടും ടേറേസോപൂലിസിൽ പ്രത്യേക പയനിയർമാരായി സേവിക്കാൻ തുടങ്ങി.
വർഷങ്ങളോളം വേദനാകരമായ ചികിത്സകൾക്കു വിധേയനായശേഷം ഒടുവിൽ 1974-ൽ ഡോക്ടർമാർ ഫ്ളോറിയാനൂവിന്റെ ഇടത്തെ ശ്വാസകോശം നീക്കം ചെയ്തു. ഈ സമയത്ത് അദ്ദേഹത്തിന് അധ്യക്ഷ മേൽവിചാരകനോ പ്രത്യേക പയനിയറോ ആയി സേവിക്കാൻ കഴിയുമായിരുന്നില്ല. എങ്കിലും സന്ദർശകർക്ക് ആശുപത്രിക്കുള്ളിൽ പ്രവേശനം അനുവദിക്കുന്ന സമയങ്ങളിൽ ബൈബിളധ്യയനങ്ങൾ എടുക്കാൻ അദ്ദേഹത്തിനു സാധിച്ചു. ബോബ് എന്നു പേരുള്ള റിട്ടയർ ചെയ്ത ഒരു അമേരിക്കക്കാരനായിരുന്നു അദ്ദേഹത്തോടൊപ്പം ബൈബിൾ പഠിച്ച ഒരാൾ. ഇംഗ്ളീഷിലായിരുന്നു അധ്യയനം. ബോബ് സത്യം സ്വീകരിക്കുകയും പിന്നീട് സ്നാപനമേൽക്കുകയും ചെയ്തു. ഫ്ളോറിയാനൂ ക്രമേണ സുഖംപ്രാപിച്ചു. അന്നുമുതൽ അദ്ദേഹം ഒരു സാധാരണ പയനിയർ ആയി സേവിച്ചുവരുന്നു.
യഹോവ എന്റെ ശുശ്രൂഷയെ അനുഗ്രഹിച്ചിരിക്കുന്നു
വർഷങ്ങളിലുടനീളം, പ്രത്യേക പയനിയർ സേവനത്തിൽ തുടരാൻ എനിക്കു കഴിഞ്ഞിരിക്കുന്നു. യഹോവ എന്റെ ശുശ്രൂഷയെ അനുഗ്രഹിക്കുകയും ചെയ്തിരിക്കുന്നു. ടേറേസോപൂലിസിലായിരിക്കെ, യഹോവയ്ക്ക് തങ്ങളുടെ ജീവിതം സമർപ്പിക്കുന്നതിന് 60-ലധികം പേരെ സഹായിക്കുകയെന്ന മഹത്തായ പദവി എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞു. അതിലൊരാൾ ഷൂപിറ എന്നു പേരുള്ള സ്ത്രീയായിരുന്നു. അവരെ ഞാൻ വായനയും പഠിപ്പിച്ചു. ക്രമേണ അവരുടെ പ്രായപൂർത്തിയായ എട്ടു മക്കൾ എന്നോടൊപ്പം ബൈബിൾ പഠിച്ചു. ഫലമോ? ഇന്ന് ഷൂപിറയും അവരുടെ കുടുംബാംഗങ്ങളിൽ 20-ലധികം പേരും യഹോവയെ സജീവമായി സേവിക്കുന്നു. അതിൽ ഒരാൾ മൂപ്പനും മൂന്നുപേർ ശുശ്രൂഷാദാസന്മാരും രണ്ടുപേർ പയനിയർമാരും ആണ്.
സത്യം പഠിക്കാൻ സാധ്യതയുള്ളവരായാണ് ഞാൻ ആളുകളെ എപ്പോഴും വീക്ഷിക്കുന്നത്. അത്തരമൊരു മനോഭാവമുണ്ടായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. ഒരിക്കൽ ആൽസമിറ എന്ന യുവതിക്ക് ഞാൻ ബൈബിളധ്യയനം എടുക്കുകയായിരുന്നു. ഞാൻ ഉടനെ അവരുടെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയില്ലെങ്കിൽ വലിയ രണ്ടു പട്ടികളെ അഴിച്ചുവിടുമെന്നു പറഞ്ഞ് അവരുടെ ഭർത്താവ് ആന്റോണിയൂ എന്നെ ഭീഷണിപ്പെടുത്തി. അതിനുശേഷം ഞാൻ ആൽസമിറയെ വല്ലപ്പോഴുമേ കണ്ടിരുന്നുള്ളൂ. അങ്ങനെ ഏഴു വർഷത്തോളം കടന്നുപോയി. ഒടുവിൽ ഞാൻ അവരുമായി അധ്യയനം പുനരാരംഭിക്കുന്നതിനുള്ള അനുവാദം ആന്റോണിയൂവിൽനിന്ന് ഒരുപ്രകാരത്തിൽ നേടിയെടുത്തു. എങ്കിലും, ബൈബിളിനെക്കുറിച്ച് അദ്ദേഹത്തോടു സംസാരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. എന്നാൽ മഴയുള്ള ഒരു ദിവസം വീട്ടിലുണ്ടായിരുന്ന ആന്റോണിയൂവിനെ, അധ്യയനത്തിൽ പങ്കെടുക്കാൻ ഞാൻ ക്ഷണിച്ചു. അക്ഷരാഭ്യാസം ഇല്ലാത്തതാണ് അദ്ദേഹത്തിന്റെ പ്രശ്നമെന്ന് അപ്പോൾ എനിക്കു മനസ്സിലായി. തുടർന്ന് ഫ്ളോറിയാനൂവും മറ്റുചിലരും അദ്ദേഹത്തോടൊപ്പം അധ്യയനം നടത്തുകയും അദ്ദേഹത്തെ വായിക്കാൻ പഠിപ്പിക്കുകയും ചെയ്തു. ഇന്ന് ആൽസമിറയും ആന്റോണിയൂവും സ്നാപനമേറ്റ ക്രിസ്ത്യാനികളാണ്. യുവപ്രായത്തിലുള്ള പലരോടുമൊപ്പം ശുശ്രൂഷയിൽ സജീവമായി പങ്കുപറ്റുന്ന അദ്ദേഹം സഭയ്ക്കൊരു മുതൽക്കൂട്ടാണ്.
ടേറേസോപൂലിസിലെ 20-ലധികം വർഷത്തെ സേവനത്തിനിടയിൽ ഞങ്ങൾക്കുണ്ടായ ഏതാനും ചില അനുഭവങ്ങൾ മാത്രമാണിവ. 1988 ആരംഭത്തിൽ ഞങ്ങൾക്ക് ഒരു പുതിയ നിയമനം ലഭിച്ചു—നിറ്റെറോയ് നഗരത്തിലേക്ക്. തുടർന്നുവന്ന അഞ്ചുവർഷം അവിടെ സേവിച്ചശേഷം ഞങ്ങൾ സാന്റൂ ആലേഷൂവിലേക്കു പോയി. അവിടെനിന്ന് സംസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള ഷാപൂയിബ സഭയിലേക്കു മാറ്റം കിട്ടിയ ഞങ്ങൾക്ക് റിബേറ സഭ തുടങ്ങുന്നതിനുള്ള പദവി ലഭിച്ചു.
ലളിതമെങ്കിലും അനുഗൃഹീതമായ ജീവിതം
യഹോവയ്ക്കു ജീവിതം സമർപ്പിക്കുന്നതിന് 300-ലധികം പേരെ സഹായിക്കാൻ ഫ്ളോറിയാനൂവിനും എനിക്കും കഴിഞ്ഞിരിക്കുന്നു. അവരിൽ ചിലർ ഇന്ന് ബ്രാഞ്ചിൽ സേവിക്കുന്നു. മറ്റുചിലർ പയനിയർമാരും മൂപ്പന്മാരും ശുശ്രൂഷാദാസന്മാരുമാണ്. ഇത്രയധികം പേരെ സഹായിക്കുന്നതിന് ദൈവം തന്റെ പരിശുദ്ധാത്മാവു മുഖാന്തരം ഞങ്ങളെ ഉപയോഗിച്ചിരിക്കുന്നതിൽ ഞാൻ എത്ര നന്ദിയുള്ളവളാണെന്നോ!—മർക്കൊസ് 10:29, 30.
ഫ്ളോറിയാനൂവിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി മല്ലിടേണ്ടിവന്നിരിക്കുന്നു എന്നതു ശരിയാണ്. ഈ അവസ്ഥയിലും അദ്ദേഹം സ്ഥിരോത്സാഹവും സന്തോഷവും യഹോവയിലുള്ള ആശ്രയവും നിലനിറുത്തുന്നു. അദ്ദേഹം പലപ്പോഴും ഇങ്ങനെ പറയാറുണ്ട്: “ഇന്നു നമ്മുടെ സന്തോഷത്തിന് ആധാരമായിരിക്കുന്നത് പ്രശ്നവിമുക്തമായ ഒരു ജീവിതമല്ല. പിന്നെയോ, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ യഹോവയുടെ സഹായം അനുഭവിച്ചറിയുന്നതാണ്.”—സങ്കീർത്തനം 34:19.
2003-ൽ എന്റെ ഇടത്തെ കണ്ണിൽ കാൻസർ ഉണ്ടെന്നു കണ്ടുപിടിച്ചു. ഞാൻ ശസ്ത്രക്രിയയ്ക്കു വിധേയയാകുകയും എന്റെ കണ്ണു മാറ്റി ഒരു കൃത്രിമ കണ്ണു വെക്കുകയും ചെയ്തു. ഇത് ദിവസം പല തവണ വൃത്തിയാക്കണം. ഇങ്ങനെയൊക്കെയാണെങ്കിലും പ്രത്യേക പയനിയർ എന്ന നിലയിൽ യഹോവയുടെ സേവനത്തിൽ തുടരാനുള്ള കരുത്തു നൽകി അവൻ എന്നെ അനുഗ്രഹിച്ചിരിക്കുന്നു.
ഭൗതിക കാര്യങ്ങളെ സംബന്ധിച്ചാണെങ്കിൽ, ഞാൻ ഒരു ലളിത ജീവിതമാണു നയിച്ചിരിക്കുന്നത്. എന്നാൽ, യഹോവ എന്റെ നിയമനത്തിൽ എന്നെ അനുഗ്രഹിക്കുകയും എന്നെ ആത്മീയമായി സമ്പന്നയാക്കുകയും ചെയ്തിരിക്കുന്നു. ആഫ്രിക്കയിലെ പ്രസംഗവേലയെക്കുറിച്ചുള്ള ആ മിഷനറി സഹോദരിയുടെ അഭിപ്രായംതന്നെയാണ് ബ്രസീലിലെ ഞങ്ങളുടെ നിയമനത്തെക്കുറിച്ച് ഞങ്ങൾക്കും പറയാനുള്ളത്. ഒരു മിഷനറിയായിരിക്കാനുള്ള എന്റെ ആഗ്രഹത്തെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കുകതന്നെ ചെയ്തിരിക്കുന്നു!
[9-ാം പേജിലെ ചിത്രം]
എന്റെ കുടുംബത്തോടൊപ്പം, 1953
[9-ാം പേജിലെ ചിത്രം]
അയർലൻഡിൽ സാക്ഷീകരിക്കുന്നു, 1957
[10-ാം പേജിലെ ചിത്രം]
1959-ൽ ബ്രസീലിൽവെച്ച് സഹ മിഷനറിമാരോടൊപ്പം. ഇടുത്തുനിന്ന്: ഞാൻ, ഇങ്ങർ ഹാറ്റ്ഫിൽഡ്, ഡോറിൻ ഹൈൻസ്, സോണിയ സ്പ്രിങ്ഗേറ്റ്
[10-ാം പേജിലെ ചിത്രം]
ഭർത്താവിനോടൊപ്പം