രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ദൈവജനം തങ്ങളെ സ്വമനസ്സാലെ സമർപ്പിക്കുന്നു
യോസേഫ് എന്നായിരുന്നു അവന്റെ പേര്. സൈപ്രസ് ദ്വീപിലെ ഒരു നിവാസിയായിരുന്ന അവൻ ക്രിസ്ത്യാനിത്വത്തിന്റെ പുരോഗമനത്തിനുവേണ്ടി നിലങ്ങളും വീടുകളും വിററ ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളിൽ ഒരാളായിരുന്നു. തന്റെ ഹൃദയോഷ്മളതയും ഔദാര്യ മനസ്ഥിതിയുംമൂലം അവൻ “പ്രബോധനപുത്രൻ” എന്നർഥമുള്ള ബർന്നബാസ് എന്ന് അറിയപ്പെടാൻ ഇടയായി.—പ്രവൃത്തികൾ 4:34-37.
മററുള്ളവരിൽ പ്രകടിപ്പിക്കുന്ന അത്തരം ആത്മാർഥമായ താത്പര്യം എല്ലായ്പോഴും യഹോവയുടെ സത്യാരാധകരുടെ മുഖമുദ്രയായിരുന്നിട്ടുണ്ട്. യഹോവയുടെ സാക്ഷികൾ ഇന്നും വ്യത്യസ്തരല്ലെന്ന് സോളമൻ ദീപുകളിൽനിന്നുള്ള പിൻവരുന്ന അനുഭവത്തിൽ പ്രദീപ്തമാക്കിയിരിക്കുന്നു.
ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും നിന്നായി 60-ലധികം സാക്ഷികളുടെ ഒരു കൂട്ടം സോളമൻ ദ്വീപിന്റെ തലസ്ഥാനമായ ഗ്വാഡൽകനാലിലെ ഹൊണിയാറയിലേക്കു യാത്രയായി. വലിയ ക്രിസ്തീയ കൂട്ടങ്ങൾക്കുവേണ്ടിയുള്ള ഒരു സമ്മേളന ഹാളിന്റെ നിർമാണത്തിൽ സഹായിക്കുന്നതിനാണ് അവർ വന്നെത്തിയത്. ഏതാണ്ട് 1,200 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഒരു ഹാൾ പണിതുയർത്തുന്നതിന് അവർക്ക് ഏതാണ്ടു രണ്ടാഴ്ചയേ വേണ്ടിവന്നുള്ളൂ!
ഏതാണ്ട് അതേ സമയംതന്നെ ന്യൂ ജോർജിയ ദ്വീപിലുള്ള ഒരു ചെറിയ പട്ടണമായ മുണ്ടയിലെ പ്രാദേശിക അധികാരികൾ പട്ടണത്തിന്റെ ഹൃദയഭാഗത്തുതന്നെ യഹോവയുടെ സാക്ഷികളുടെ സഭയ്ക്കു സ്ഥലം അനുവദിക്കുകയുണ്ടായി. ആരാധനയ്ക്കുവേണ്ടി ഒരു രാജ്യഹാൾ പണിയാൻ അവർക്ക് ആഗ്രഹമുണ്ടായിരുന്നു. വാസ്തവത്തിൽ അവർക്ക് ഒരെണ്ണം ആവശ്യമായിരുന്നു. അവർ യോഗം കൂടിക്കൊണ്ടിരുന്നത് ഓലമേഞ്ഞ ഒരു ചെറിയ വീടിന്റെ സ്വീകരണ മുറിയിലായിരുന്നു, എന്നാൽ ഒരു രാജ്യഹാൾ പണിയുന്നതിനുള്ള സാമ്പത്തികസ്ഥിതി അവർക്കില്ലായിരുന്നു.a സഭയിലെ മിക്കവരും പ്രായംചെന്നവരും അശക്തരും ആയിരുന്നു. കൂടാതെ, നിർമാണ വേലയിൽ അനുഭവപരിചയമുള്ള ആരുമില്ലായിരുന്നുതാനും.
ഗ്വാഡൽക്കനാൽ ദ്വീപിൽനിന്ന് ഏതാണ്ടു 380 കിലോമീററർ അകലെ ഹൊണിയാറ നഗരത്തിലുള്ള സാക്ഷികൾ തങ്ങളെ സ്വമനസ്സാലെ സമർപ്പിച്ചു. (സങ്കീർത്തനം 110:3) “മററുരാജ്യങ്ങളിലുള്ള നമ്മുടെ സഹോദരങ്ങൾ രണ്ടാഴ്ചകൊണ്ടു നമുക്ക് ഒരു സമ്മേളന ഹാൾ നിർമിച്ചുതരാൻ ഒരുക്കമുള്ളവരായിരുന്നെങ്കിൽ രണ്ടാഴ്ചകൊണ്ട് ഒരു രാജ്യഹാൾ നിർമിക്കുന്നതിനു മുണ്ടയിലുള്ള നമ്മുടെ സഹോദരങ്ങളെ നമുക്കു തീർച്ചയായും സഹായിക്കാനാവും” എന്ന് അവർ ന്യായവാദംചെയ്തു.
സംഭവിച്ചതും അതുതന്നെയാണ്. സന്തുഷ്ടരും ഉത്സുകരുമായ സാക്ഷികളെയും വഹിച്ചുകൊണ്ടുള്ള ഒരു കടത്തുബോട്ട് ഒരുദിവസം മുണ്ടയിൽ എത്തിച്ചേർന്നു. പുരുഷൻമാരും സ്ത്രീകളും പ്രായംചെന്നവരും ചെറുപ്പക്കാരുമെല്ലാം തിരക്കിട്ടു തങ്ങളുടെ സാധനങ്ങൾ ഇറക്കിവച്ചിട്ട് തങ്ങൾക്കു മുമ്പായി എത്തിച്ചേർന്ന തടി, സിമൻറ്, മേൽക്കൂരയ്ക്കുള്ള ഇരുമ്പുദണ്ഡ് എന്നിവയും മററു സാമഗ്രികളും ഉപയോഗിച്ചുകൊണ്ടു പണി ആരംഭിച്ചു.
പണി തുടങ്ങിയ ഉടനെ ഇടിയോടും മിന്നലോടും കൂടിയ ഒരു ശക്തമായ കൊടുങ്കാററ് പട്ടണത്തിലെ ജലവിതരണത്തിനു ഭംഗം വരുത്തി. എങ്കിലും ഇതു തരണം ചെയ്യാനാവാത്ത ഒരു പ്രശ്നമായിരുന്നില്ല. നിർമാണപ്രവർത്തനം തീരുംവരെ ജലം വിതരണം ചെയ്ത ഒരു കിണർ സാക്ഷികൾ കുഴിച്ചു. ജോലിക്കാർക്കെല്ലാംവേണ്ട ഭക്ഷണമോ? അതും ഒരു പ്രശ്നമായിരുന്നില്ല. ഹൊണിയാറയിലുള്ള സഭകൾ സന്നദ്ധസേവകർക്ക് ആവശ്യമായ ഭക്ഷണം സഹിതമാണ് അവരെ ഹൊണിയാറയിൽനിന്ന് അയച്ചത്. അവർ തങ്ങളുടെ പാചകക്കാരെപ്പോലും കൂടെ കൊണ്ടുവന്നിരുന്നു!
അയൽപക്കക്കാർ നിർമിതിയുടെ പുരോഗതി അത്ഭുതസ്തംബ്ധരായി നിന്നു വീക്ഷിച്ചു. അവരിലൊരാൾ ഇങ്ങനെ പറഞ്ഞു: “ദിവസങ്ങൾ കൊണ്ടൊന്നും ഇവിടെ ഒന്നും സംഭവിക്കാറില്ല. വർഷങ്ങൾതന്നെ വേണ്ടിവരും.” മതനേതാവായിരുന്ന വേറൊരു അയൽപക്കക്കാരൻ, കഴിഞ്ഞ 20 വർഷമായി തന്റെ പള്ളിയുടെ നിർമാണം നടന്നുവരുകയാണെന്നും അതിപ്പോഴും പൂർത്തിയായിട്ടില്ലെന്നും സമ്മതിച്ചുപറഞ്ഞു. അതിനു നേർ വിപരീതമായി മുണ്ടയിലുള്ള യഹോവയുടെ സാക്ഷികളുടെ പുതിയ രാജ്യഹാൾ വെറും പത്തുദിവസംകൊണ്ടു പൂർത്തിയായി!
[അടിക്കുറിപ്പുകൾ]
a കുററിക്കാട്ടിലോ വനത്തിലോനിന്നു വെട്ടിയെടുത്ത വസ്തുക്കൾകൊണ്ടുണ്ടാക്കിയ ഓലമേഞ്ഞ ഒരു വീട്. ചട്ടക്കൂട് കമ്പുകളും തൂണുകളും കൊണ്ടുണ്ടാക്കിയതും മേൽക്കൂരയും ഭിത്തിയും മുന്തിരിവള്ളികൊണ്ടു കോർത്തുകെട്ടിയ മെടഞ്ഞ തെങ്ങോലകൾകൊണ്ടു മറച്ചതുമാണ്.
[24-ാം പേജിലെ ഭൂപടങ്ങൾ]
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]
ദക്ഷിണ പസഫിക് സമുദ്രം
സോളമൻ ദ്വീപുകൾ
മുണ്ട
ഗ്വാഡൽകനാൽ
ഹൊണിയാറ
[ഭൂപടം]
ഓസ്ട്രേലിയ
ന്യൂ സിലൻഡ്