രാജ്യഹാൾ നിർമാണം—വിശുദ്ധസേവനത്തിന്റെ ഒരു സുപ്രധാന സവിശേഷത
1. രാജ്യഹാൾ നിർമാണത്തിൽ എന്തു നേട്ടമുണ്ടായിട്ടുണ്ട്, എന്നാൽ ഇനിയും എത്രത്തോളം ആവശ്യം നിലനിൽക്കുന്നു?
1 കഴിഞ്ഞ വർഷം ഇന്ത്യയിൽ പുതുതായി 19 രാജ്യഹാളുകൾ നിർമിച്ചു. അതിനായി കഠിനാധ്വാനം ചെയ്ത എല്ലാവർക്കും ഞങ്ങളുടെ ഹൃദയംഗമമായ നന്ദി. രാജ്യഹാൾ നിർമാണത്തിൽ ഇതിനോടകം വളരെയേറെ വേല നിർവഹിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും ധാരാളം ചെയ്യാനുണ്ട്. നിലവിൽ 175 രാജ്യഹാളുകൾകൂടെ അടിയന്തിരമായി നമുക്കു വേണം. യഹോവയ്ക്കുള്ള വിശുദ്ധസേവനത്തിന്റെ ഈ സുപ്രധാന വശത്തെ നമുക്കെല്ലാം എങ്ങനെ പിന്തുണയ്ക്കാൻ കഴിയും?—വെളിപ്പാടു 7:15.
2. നമുക്ക് രാജ്യഹാൾ നിർമാണ പ്രവർത്തനത്തെ നേരിട്ടു പിന്തുണയ്ക്കാൻ കഴിയുന്നതെങ്ങനെ?
2 സന്നദ്ധരായിരിക്കുക: നിങ്ങൾ സ്നാപനമേറ്റ ഒരു പ്രസാധകനാണെങ്കിൽ, ‘രാജ്യഹാൾ നിർമാണ വിഭാഗ’ത്തോടൊപ്പം ഒരു സ്വമേധയാ സേവകനായി പ്രവർത്തിക്കുന്നതിന് രാജ്യഹാൾ നിർമാണ സ്വമേധയാസേവകർക്കായുള്ള അപേക്ഷ (A-25) പൂരിപ്പിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. (സങ്കീർത്തനം 110:3) അതിനായി മുന്നോട്ടുവരുന്ന എല്ലാവരും സേവനസന്നദ്ധരും സഹകരണ മനോഭാവമുള്ളവരും ആയിരിക്കണം. (സങ്കീർത്തനം 133:1) ഒരുപക്ഷേ നിർമാണവൈദഗ്ധ്യം ഇല്ലെങ്കിൽപ്പോലും ഒരു നിർമാണ പദ്ധതിയുടെ വിജയത്തിനായി നിങ്ങൾക്കു പലതും ചെയ്യാനാകും. നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനും ആവശ്യമായ അനുമതികൾ നേടുന്നതിൽ സഹായിക്കുന്നതിനും യോഗ്യതയുള്ള സഹോദരന്മാരെ ഇപ്പോൾ ആവശ്യമുണ്ട്. കൂടാതെ നിർമാണ രംഗത്തു ലഭിക്കുന്ന പരിശീലനം ഭാവിയിൽ കൂടുതൽ നിർമാണ പദ്ധതികളിൽ പങ്കെടുക്കാൻ നിങ്ങളെ പ്രാപ്തരാക്കും.
3. ഈ ക്രമീകരണത്തെ മറ്റേതെല്ലാം വിധങ്ങളിൽ നമുക്ക് പിന്തുണയ്ക്കാൻ സാധിക്കും?
3 രാജ്യഹാൾ നിർമാണ പ്രവർത്തനത്തിൽ സ്വമേധയാ സേവകനായി പ്രവർത്തിക്കാൻ നിങ്ങളുടെ സാഹചര്യം അനുവദിക്കുന്നില്ലെങ്കിൽ അതിൽ പങ്കെടുക്കാനാകുന്നവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നിങ്ങളുടെ പിന്തുണ പ്രകടമാക്കാൻ കഴിയും. ഈ സ്വമേധയാസേവകർ സ്ഥലത്തില്ലാത്തപ്പോൾ അവരുടെ സഭാനിയമനങ്ങൾ ഏറ്റെടുത്തു നടത്തിക്കൊണ്ട് നിങ്ങൾക്ക് അവരെ സഹായിക്കാവുന്നതുമാണ്. സഭയിലെ ആരെങ്കിലും ഒരു രാജ്യഹാൾ പദ്ധതിയിൽ പ്രവർത്തിക്കുമ്പോൾ, മൂപ്പന്മാർ മുന്നമേ കാര്യങ്ങൾ ആസൂത്രണം ചെയ്തുകൊണ്ട് സഭാപ്രവർത്തനങ്ങൾ നന്നായി നിർവഹിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. രാജ്യതാത്പര്യങ്ങളുടെ ഉന്നമനത്തിനായി നാം ഐക്യത്തിൽ പ്രവർത്തിക്കുന്നത് തീർച്ചയായും യഹോവയെ പ്രസാദിപ്പിക്കും.—എബ്രായർ 13:16.
4. രാജ്യഹാൾ നിർമാണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരോടു നമുക്കെങ്ങനെ ക്രിയാത്മക മനോഭാവം പ്രകടമാക്കാം?
4 പ്രോത്സാഹിപ്പിക്കുന്നവരായിരിക്കുക: ആരാധനാലയങ്ങൾ നിർമിക്കുന്നതിനു വളരെയധികം സമയവും കഠിനാധ്വാനവും ആവശ്യമാണ്. ആ സ്ഥിതിക്ക് രാജ്യഹാൾ നിർമാണ പദ്ധതിയിൽ പ്രവർത്തിക്കാൻ ക്ഷണിക്കപ്പെടുന്നവർ സ്വന്തം സഭയിൽനിന്നും ചിലപ്പോൾ മാറിനിൽക്കേണ്ടിവരും. ഈ സുപ്രധാന വേലയ്ക്കായി ത്യാഗങ്ങൾ ചെയ്യുന്നവരെ അഭിനന്ദിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും നമുക്ക് ഉത്സുകരായിരിക്കാം.—പ്രവൃത്തികൾ 6:3; റോമർ 14:19.
5. നിർമാണ സ്വമേധയാസേവകർക്ക് സമനിലയുള്ളവരായിരിക്കാൻ എങ്ങനെ കഴിയും?
5 സമനിലയുള്ളവരായിരിക്കുക: നമ്മുടെ മുഖ്യ ദിവ്യാധിപത്യ പ്രവർത്തനം ദൈവരാജ്യസുവാർത്താ പ്രസംഗമാണ്. (മർക്കൊസ് 13:10) ഇതു കണക്കിലെടുത്തുകൊണ്ടാണ് നിർമാണ പദ്ധതികൾ പട്ടികപ്പെടുത്താറുള്ളത്. അതുകൊണ്ട് സ്വമേധയാസേവകർക്ക് അനാവശ്യമായി തങ്ങളുടെ സഭയിൽനിന്നു മാറി നിൽക്കേണ്ടിവരുന്നില്ല. അതുപോലെതന്നെ സ്വമേധയാസേവകരും തങ്ങളുടെ വ്യത്യസ്ത ഉത്തരവാദിത്വങ്ങൾ സമനിലയോടെ നിർവഹിക്കാൻ ശ്രമിക്കുന്നു. നിർമാണപ്രവർത്തനത്തോടു ബന്ധപ്പെട്ട് ദൂരെയായിരിക്കുമ്പോൾ തങ്ങളുടെ സഭാ ഉത്തരവാദിത്വങ്ങൾ നിർവഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ അവർ പ്രത്യേകം ശ്രദ്ധിക്കുന്നു.
6. സത്യാരാധനയുടെ ഉന്നമനത്തിനായി സഭയിലെ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കുമ്പോൾ എന്തു നേട്ടമുണ്ടാകുന്നു?
6 ‘സ്നേഹത്തിലുള്ള വർദ്ധനെക്കായി വളർച്ച പ്രാപിക്കേണ്ടതിന്’ സഭാംഗങ്ങൾ ഐക്യത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നതായി അപ്പൊസ്തലനായ പൗലൊസ് വിവരിച്ചു. (എഫെസ്യർ 4:16) യഹോവയോടും സത്യാരാധനയോടും ഉള്ള നമ്മുടെ സ്നേഹം സുവാർത്ത പ്രസംഗവേലയെയും രാജ്യഹാൾ നിർമാണപ്രവർത്തനത്തെയും പിന്തുണയ്ക്കുന്നതിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.