എനിക്കു തൂക്കം കുറയ്ക്കാൻ കഴിഞ്ഞെങ്കിൽ ഏതൊരാൾക്കും കഴിയും!
നിങ്ങളുടെ തൂക്കം അളക്കുന്ന ത്രാസ്സിനെ നിങ്ങൾ വെറുക്കുന്നുവോ? ഞാൻ വെറുത്തു. കഴിഞ്ഞ വർഷം ത്രാസ്സിന്റെ സൂചി മറെറാരു പുതിയ ഉച്ചനിലയിലേക്ക് ഉയർന്നത്—ഏതാണ്ടു 110 കിലോഗ്രാം—വെറുപ്പോടെ തുറിച്ചുനോക്കുന്നതു ഞാൻ ഓർമ്മിക്കുന്നു. ‘എനിക്കു ലോക ഹെവിവെയ്ററ് ബോക്സിംഗ് ചാമ്പ്യനെക്കാളും അമേരിക്കയിലെ അനേകം പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരെക്കാളും കൂടുതൽ തൂക്കമുണ്ട്. ഇതു വളരെ അപഹാസ്യമാണ്. ഇത് അപകടകരമായിത്തീരുന്നു!’ എന്നു ഞാൻ ചിന്തിച്ചു.
ഒരുപക്ഷേ നിങ്ങൾക്ക് എന്നെപ്പോലെയുള്ള ഒരാളെ അറിയാമായിരിക്കും—നാല്പതുകളുടെ ആരംഭത്തിലുള്ള ഒരു ഓഫീസ് ജീവനക്കാരൻ, യൗവ്വനകാലത്തു ശാരീരികമായി നല്ല ഊർജ്ജസ്വലൻ, എന്നാൽ ഇപ്പോൾ പത്രപാരയണങ്ങൾക്കിടയിൽ ക്രമരഹിതമായി ഇടവേളകളിൽ വ്യായാമം ചെയ്യുന്നയാൾ. എന്റെ രക്തസമ്മർദ്ദം പരിധിയോളം ഉയർന്നിരിക്കുന്നു, സീറം കൊളൊസ്ട്രോൾ “കുറച്ച്” ഉയർന്നിരിക്കുന്നു, എനിക്ക് 20 കിലോഗ്രാം തൂക്കക്കൂടുതലുണ്ട്. പ്രശ്നം അത്ര ഗുരുതരമല്ലെന്നു ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു.
കൊള്ളാം, പ്രശ്നം ഗുരുതരമാണ്. എന്നെപ്പോലെ തന്നെയുള്ള ആളുകൾ ദൈനംദിനം ഹൃദ്രോഹം ബാധിച്ചു മരിച്ചുകൊണ്ടിരിക്കുന്നു—ധാരാളം ആളുകൾക്കു ഹൃദ്രോഗം ഉണ്ടാകുന്നു. ഓരോ അധിക കിലോഗ്രാമിന്റെയും അപകടങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവിരക്കണക്കു നിരത്തിവെക്കാൻ എനിക്കു കഴിയും, എന്നാൽ പ്രശ്നം സ്ഥിതിവിവര കണക്ക് അല്ല. തുറന്നുപറഞ്ഞാൽ പ്രശ്നം, വിധവകളും അനാഥരും ആണ്. പ്രശ്നം കുട്ടികളാണ്, എന്റെ രണ്ടു പെൺകുട്ടികളെപ്പോലെയുള്ളവർ—തങ്ങളുടെ ഡാഡി ഇല്ലാതെ വളരുന്ന കുട്ടികൾ തന്നെ.
ഡാഡിമാരെക്കുറിച്ചു ചിന്തിക്കുക.
തൂക്കം കുറയ്ക്കാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞപ്പോൾ, 1989 മെയ് 22-ലെ ഉണരുക!യിൽ “തൂക്കം കുറയ്ക്കുന്നതു പരാജയപ്പെടുന്ന ഒരു പോരാട്ടമോ? എന്ന ലേഖന പരമ്പരയിലെ വിശിഷ്ടമായ വിവരങ്ങൾ—വിശേഷാൽ ശരീരം വണ്ണംവെക്കുന്നതിനെതിരെയുള്ള പോരാട്ടത്തിൽ “വിജയിക്കുന്നതിനുള്ള നാലു മാർഗ്ഗങ്ങൾ”—ഞാൻ ഓർമ്മിച്ചു. നിർദ്ദേശിച്ചിരുന്ന നാലു മാർഗ്ഗങ്ങൾ ഇവയാണ്: (1) ശരിയായ ഭക്ഷണം, (2) ശരിയായ സമയത്ത്, (3) ശരിയായ അളവിൽ, (4) ശരിയായ വ്യായാമത്തോടെ.
ആ മാർഗ്ഗരേഖകൾ ഫലപ്രദമാണ്! അവ അനുസരിക്കുന്നതുകൊണ്ട് എനിക്കു 30 കിലോഗ്രാം തൂക്കം കുറയ്ക്കാൻ കഴിഞ്ഞു, നിങ്ങൾക്കും തൂക്കം കുറയ്ക്കാൻ കഴിയും. ആ പ്രക്രിയയിൽ ഞാൻ ചില കാര്യങ്ങൾ മനസ്സിലാക്കി. അവ സഹായകരമാണെന്നു നിങ്ങളും കണ്ടെത്തിയേക്കാം.
തൂക്കം കുറയ്ക്കൽ നിങ്ങളുടെ ചിന്താപ്രക്രിയയിൽ തുടങ്ങുന്നു
അമിതതൂക്കമുള്ള നമ്മിലനേകരും അതു സാവധാനം കൂട്ടിയെടുത്തതാണ്, ഒരു വർഷത്തിൽ ഏതാനും കിലോഗ്രാം, അത് മിക്കവാറും നമ്മുടെ 30-ൽ ആരംഭിക്കുന്നു. ഇടയ്ക്കിടയ്ക്കു നമ്മൾ മിതമായി ഭക്ഷണം കഴിച്ച് ഏതാനും കിലോഗ്രാം കുറയ്ക്കുന്നു, കുറച്ചതിനെക്കാൾ കൂടുതൽ വീണ്ടും കൂട്ടിക്കൊണ്ടുതന്നെ. ഇത് എനിക്കു സംഭവിച്ചപ്പോൾ അത് ശീലങ്ങളിലൂടെ അഭ്യസിച്ച ഒരുതരം നിസ്സഹായവസ്ഥയിൽ കലാശിച്ചു—ഒന്നും ഫലപ്രദമാകുകയില്ല, അതുകൊണ്ട് എന്തിനു പരിശ്രമിക്കണം എന്ന ഒരു തോന്നൽ തന്നെ.
അഭ്യസിച്ച ഈ നിസ്സഹായവസ്ഥയുടെ വലയം തകർക്കുന്നതിനുള്ള മാർഗ്ഗം നിങ്ങളുടെ അരക്കെട്ടിന്റെ വണ്ണം കണക്കിലെടുത്തല്ല, നിങ്ങൾ ആഹാരത്തെക്കുറിച്ചു ചിന്തക്കുന്ന വിധം കണക്കിലെടുത്ത് ആഹാരക്രമം തുടങ്ങുകയാണ്. ഇതിനു ചിലപ്പോൾ ചില കടുത്ത സത്യസന്ധത ആവശ്യമായേക്കാം, എന്നാൽ ഇതു കൂടാതെ നിങ്ങളുടെ ഭക്ഷണക്രമം തുടക്കംമുതൽ തന്നെ മിക്കവാറും പരാജയപ്പെടാൻ വിധിക്കപ്പെട്ടിരിക്കുകയാണ്.
എന്റെ കാര്യത്തിൽ, ഞാൻ ഒരാഴ്ച തിന്നതും കുടിച്ചതുമായ എല്ലാത്തിന്റെയും രേഖ സൂക്ഷിച്ചതു കണ്ണു തുറപ്പിച്ച ഒന്നായിരുന്നു. യഥാർത്ഥത്തിൽ, ഭക്ഷണ സമയങ്ങളിൽ ഞാൻ മിതമായി മാത്രമേ കഴിച്ചിരുന്നുള്ളു, എന്നാൽ വൈകുന്നേരത്തു ലഘുഭക്ഷണങ്ങൾ നിർത്താതെ കഴിച്ചതു പകലത്തെ ആത്മനിയന്ത്രണം കൊണ്ടു നേടിയ എല്ലാം നൻമയെയും തകർത്തു. ഞാൻ അത്താഴത്തിനുശേഷം കഴിച്ചിരുന്ന ചീസ്, പരിപ്പ്, നിലക്കടലവെണ്ണ, പലഹാരം എന്നിവയുടെ കലോറിയും കൂടി കൂട്ടിയപ്പോൾ ഞാൻ അമ്പരന്നുപോയി. ആ ലഘുഭക്ഷണങ്ങൾ കൊഴുപ്പും പഞ്ചസാരയും നിറഞ്ഞതായിരുന്നു. ഞാൻ വൈകുന്നേരത്തെ ലഘുഭക്ഷണങ്ങൾ ഒഴിവാക്കാതിരുന്നെങ്കിൽ എന്റെ കാര്യത്തിൽ ഒരു ഭക്ഷണക്രമവും ഫലപ്രദമാകുകയില്ലായിരുന്നു. നിങ്ങൾക്കുള്ള പ്രശ്നവും ഇതു തന്നെയോ?
എന്റെ സാധാരണ ഭക്ഷണക്രമത്തിൽനിന്നു എല്ലാ ലഹരിപാനീയങ്ങളും ഞാൻ ഒഴിവാക്കിയില്ലെങ്കിൽ എന്റെ തൂക്കം കുറയ്ക്കുന്നതിനും അത് അകററിനിർത്തുന്നതിനും കഴിയുകയില്ല എന്നതാണു ഞാൻ തിരിച്ചറിഞ്ഞ വേദനാജനകമായ അടുത്ത സംഗതി. മദ്യം കൂടുതൽ കലോറി അടങ്ങിയതും വേഗത്തിൽ കൊഴുപ്പ് ആയിത്തീരുന്നതുമാണ്; മാത്രമല്ല, എന്റെ ആത്മനിയന്ത്രണത്തെയും ലഘുഭക്ഷണം കഴിക്കാതിരിക്കാനുള്ള എന്റെ തീരുമാനത്തെയും ദുർബ്ബലമാക്കാൻ വൈകുന്നേരത്തെ ഒരു ഗ്ലാസ്സ് വീഞ്ഞുമാത്രം മതി. ഒരു ഗ്ലാസ്സ് വീഞ്ഞു വെറും ഒരു ഗ്ലാസ്സ് വീഞ്ഞല്ല. എന്റെ കാര്യത്തിൽ അത് ആറു ബിസ്ക്കററും ഒരു പാത്രം അണ്ടിപരിപ്പുകളും കൂടി ആയിരുന്നു! ഔഷധപാനീയങ്ങൾ വിശിഷ്ടമായ പകര പാനീയങ്ങളായിരിക്കുമെന്നു ഞാൻ കണ്ടെത്തി. ഞാൻ ലക്ഷ്യം വെച്ചിരുന്ന തൂക്കത്തിൽ എത്തിക്കഴിഞ്ഞിട്ടും ഞാൻ മുമ്പെത്തെക്കാൾ കുറച്ചു മദ്യം കുടിക്കുന്നു.
സത്യസന്ധമായ ഈ വിലയിരുത്തലുകൾ എന്റെ ഭക്ഷണനിയന്ത്രണത്തിലൂടെയുള്ള തൂക്കം കുറയ്ക്കൽകാലയളവിൽ ഉറപ്പായ രണ്ടു മാർഗ്ഗരേഖകളുടെ മൂല്യം എന്നെ ബോദ്ധ്യപ്പെടുത്തി.
1. വൈകുന്നേരങ്ങളിൽ എല്ലാ ലഘുഭക്ഷണങ്ങളും ഒഴിവാക്കുക.
2. എല്ലാ ലഹരിപാനീയങ്ങളും ഒഴിവാക്കുക.
നിങ്ങളുടെ ആഹാരക്രമത്തെ നിഷ്ഫലമാക്കുന്ന ഭക്ഷണങ്ങളെ തിരിച്ചറിയുക!
ഫ്രഞ്ചുകാർക്ക് എൻ മാൻഷാൻ ലാപററി വ്യാൻ എന്നൊരു ചൊല്ലുണ്ട്, നിങ്ങൾ എത്രയധികം കഴിക്കുന്നോ അത്രയധികം വിശപ്പു നിങ്ങൾക്ക് അനുഭവപ്പെടും എന്നാണ് അതിന്റെ അർത്ഥം. നമ്മിലനേകരെ സംബന്ധിച്ചും ഇത് അക്ഷരീയമായി സത്യമാണ്. നമ്മുടെ ഇഷ്ടപ്പെട്ട ആഹാരത്തിനുവേണ്ടി ഇരിക്കുമ്പോൾ നമുക്കു വിശപ്പു തോന്നുന്നില്ലായിരിക്കാം, എന്നാൽ നാം കഴിച്ചുതുടങ്ങുമ്പോൾ നമ്മിൽ എന്തോ പെട്ടെന്നു മാററം വരുത്തുന്നു, നാം പെട്ടെന്നു വിശപ്പുള്ളവരായിത്തീരുന്നു. അതുകൊണ്ടു നാം മുഴുവൻ ഭക്ഷണവും തീരുന്നതുവരെയോ അല്ലെങ്കിൽ നാലുതവണത്തെ വിളമ്പലിനുശേഷം നമ്മുടെ വേദനിച്ചുകൊണ്ടിരിക്കുന്ന വയറ് അവസാനം ഒരു ആശ്വാസത്തിനുവേണ്ടി അപേക്ഷിക്കുന്നതുവരെയോ നാം വളരെയധികം കഴിക്കുന്നു. എന്തു പററി?
എന്റെ കാര്യത്തിൽ പ്രശ്നം ബ്രഡ് ആയിരുന്നു, പ്രത്യേകിച്ചും വീട്ടിൽ ഉണ്ടാക്കുന്ന ബ്രഡ്. സ്വാദിഷ്ടമായ ബ്രഡ് ഉണ്ടാക്കുന്ന ദീർഘക്ഷമയുള്ള എന്റെ ഭാര്യ ബ്രഡുണ്ടാക്കുന്നതു കുറച്ചുകാലത്തേയ്ക്കു നിർത്തിവെക്കേണ്ടതായി വന്നു. ഒരു പുരുഷന് അല്പമായ പ്രലോഭനത്തെ മാത്രമേ ചെറുത്തുനിൽക്കാൻ കഴിയു! നിങ്ങളുടെ പ്രശ്നം ഒരുപക്ഷേ ചോക്ലേറേറാ അല്ലെങ്കിൽ മറെറന്തങ്കിലുമോ ആയിരിക്കാം. എന്നാൽ സംഗതി ഇതാണ്, നിങ്ങളുടെ ശത്രുവിനെ തിരിച്ചറിയുക. കഴിക്കുമ്പോൾ നിങ്ങൾക്കു വിശപ്പുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരു പട്ടിക ഉണ്ടാക്കുകയും അവയെ ഒഴിവാക്കുകയും ചെയ്യുക. തിരെഞ്ഞെടുക്കാൻ മററനേകം ഭക്ഷണസാധനങ്ങൾ ഉണ്ട്. സാലഡുകളും പുഴുങ്ങിയ പച്ചക്കറികളും നല്ല രുചിയുള്ളതാണെന്നും കൂടുതൽ കിട്ടാനുള്ള കൊതിയെ ഉത്തേജിപ്പിക്കാതെ അതെന്നെ തൃപ്തനാക്കുന്നുവെന്നും ഞാൻ കണ്ടെത്തി.
വിഷമഘട്ടത്തെ തരണംചെയ്യൽ
വീണ്ടും തൂക്കം കൂടാൻവേണ്ടി മാത്രം അതു കുറയ്ക്കുന്ന യൂ-യൂ ആഹാരക്രമം, ആളുകളെ മിക്ക വികസിത പാശ്ചാത്യ രാജ്യങ്ങളിലും തഴച്ചുവളരുന്ന, തൂക്കം കുറയ്ക്കാൻ സഹായിക്കുന്ന പരിപാടികളുടെ പ്രോത്സാഹകരെ സമ്പന്നരാക്കാനല്ലാതെ മറെറാന്നിനും ഉതകാത്ത, ലോകപരിചയമില്ലാത്തവരുടെ ഒരു കളിയാണ്. യൂ-യൂ ആഹാരക്രമത്തിലെ എന്റെ പങ്കു നിർവ്വഹിച്ചശേഷം ഇത്തവണ അതു വ്യത്യസ്തമായിരിക്കുമെന്നു ഞാൻ തീരുമാനിച്ചു. എന്നാൽ എങ്ങനെ?
സഹായം ആവശ്യപ്പെടാൻ ലജ്ജ തോന്നരുത്. നിങ്ങളുടെ ഡോക്ടറോടു സംസാരിക്കുക. തൂക്കം കുറയുമ്പോൾ ഓരോ ആഴ്ചയും നിങ്ങളെ അഭിനന്ദിക്കുകയും പ്രതിഫലം തരികയും ചെയ്യുന്ന ആളുകളെ കണ്ടെത്തുക. ഇത് ഒരുപക്ഷേ ഈ ആഹാരക്രമമുള്ള ഒരു മിത്രമോ ഒരു കുടുംബാംഗമോ ഡോക്ടറോ അല്ലെങ്കിൽ ഒരു പ്രശസ്തമായ തൂക്കം-കുറയ്ക്കൽ ചികിത്സാലയത്തിലെ ആളുകളൊ ആയിരിക്കാം. കൂട്ടായ പ്രവർത്തനവും പ്രബലീകരണവും വിഷമഘട്ടത്തെ തരണംചെയ്യാൻ—മുമ്പ് നിങ്ങളുടെ തൂക്കം-കുറയ്ക്കൽ ശ്രമങ്ങൾ പരാജയപ്പെട്ടിടത്ത്—നിങ്ങളെ സഹായിക്കും. ഈ സമയമാകുമ്പോഴേക്ക്, നിങ്ങൾക്കു കൂടുതൽ സുഖം അനുഭവപ്പെടുകയും ആളുകൾ നിങ്ങളുടെ ബാഹ്യാകാരത്തിൽ നിങ്ങളെ അഭിനന്ദിക്കാൻ തുടങ്ങുകയും ചെയ്യും. ആ ഘട്ടംമുതൽ മനശ്ശാസ്ത്രപരമായ ഘടകങ്ങൾ നിങ്ങൾക്കെതിരായല്ല, പകരം നിങ്ങൾക്കനുകൂലമായി പ്രവർത്തിക്കും.
വിഷമഘട്ടം തരണംചെയ്യുന്നതിനുള്ള മറെറാരു മുഖ്യഘടകം ന്യായയുക്തവും നിങ്ങൾക്കു പട്ടിണിയും ഇല്ലായ്മയും തോന്നിക്കാത്തതുമായ ഒരു ആഹാരക്രമം ഉണ്ടായിരിക്കുകയെന്നതാണ്. ആഹാരക്രമത്തെക്കുറിച്ച് എനിക്കു ലഭിക്കാൻ കഴിഞ്ഞ ഏററവും മെച്ചമായ ബുദ്ധ്യുപദേശം ഉചിതമായ ഭക്ഷണത്തെക്കുറിച്ച് 1989 മെയ് 22-ലെ ഉണരുക!യിൽ നൽകിയിരുന്ന പോയിൻറുകളുടെ വിശദീകരണം മാത്രമായിരുന്നുവെന്നു ഞാൻ കണ്ടെത്തി. എന്റെ തൂക്കം-കുറയ്ക്കാനുള്ള ആഹാരക്രമത്തിൽ പ്രഭാത ഭക്ഷണത്തിനു മധുരനാരങ്ങയുടെ പകുതി സഹിതം കൊഴുപ്പു കുറഞ്ഞ ധാന്യമോ കലോറി കുറഞ്ഞ മഫിൻസോ ആണ് ഉണ്ടായിരുന്നത്, ഉച്ചഭക്ഷണം കൊഴുപ്പുകുറഞ്ഞ കൂട്ടുസഹിതം ധാരാളം സാലഡും അത്താഴത്തിനു പുഴുങ്ങിയ പച്ചക്കറികളും കൊഴുപ്പില്ലാത്ത ഇറച്ചിയും ആയിരുന്നു, ബ്രഡും മധുരപലഹാരങ്ങളും ഇല്ലായിരുന്നു. ആയിരത്തി ഇരുന്നൂറുമുതൽ 1,500വരെ കലോറി ഊർജ്ജം ഒരോദിവസവും ലഭിക്കുന്നു, ആഹാരക്രമം കർശനമാണ്, എന്നാൽ കർക്കശമല്ല. ഒരു ആപ്പിൾ സൗകര്യപ്രദമായ മദ്ധ്യാഹ്ന ലഘുഭക്ഷണമാണ്, എന്നാൽ വിശപ്പിന്റെ രോദനങ്ങൾ അവഗണിക്കാൻ പററാത്ത അപൂർവ്വം ചില സന്ദർഭങ്ങളിൽ ഞാൻ എല്ലായ്പോഴും എന്റെ രഹസ്യ ആയുധങ്ങളിൽ ഒന്ന് ഉപയോഗിക്കുന്നു, ആഹാരക്രമം പാലിക്കുന്ന ആളിന്റെ അത്ഭുതകരമായ രഹസ്യം നിങ്ങളും അറിയേണ്ട ഒന്നാണ്.
രഹസ്യ ആയുധങ്ങൾ
ആ രഹസ്യം എന്താണ്? അതു നിങ്ങൾക്കു നല്ലതും മിക്കവാറും പെട്ടെന്നു നിങ്ങളുടെ വയറുനിറയ്ക്കുന്നതും ഏതെങ്കിലും തരത്തിലുള്ള കലോറി അടങ്ങിയിട്ടില്ലാത്തതും വിലകുറഞ്ഞതുമായ ഒരു വസ്തുവാണ്! വെള്ളം. ദിവസവും ആറുമുതൽ എട്ടുവരെ ഗ്ലാസ്സ് വെള്ളം നിങ്ങളുടെ പഥ്യാഹാരക്രമത്തിൽ വിജയിക്കാൻ നിങ്ങളെ സഹായിക്കുമെന്നത് ആശ്ചര്യകരമാണ്. വയറിന്റെ രോദനങ്ങൾക്കുള്ള നിങ്ങളുടെ ഉറച്ച പ്രതികരണം ഒരു ഗ്ലാസ്സ് വെള്ളമാണ് എന്ന് നിങ്ങളുടെ ശരീരം മനസ്സിലാക്കുമ്പോൾ അവ അപ്രത്യക്ഷമാകാൻ തുടങ്ങുന്നു. എന്റെ ആയുഷ്ക്കാല ശീലമായ സായ്ഹാന ലഘുഭക്ഷണം കഴിക്കൽ തരണംചെയ്യുന്നതിനു മറെറന്തിനെക്കാളും വെള്ളം എന്നെ സഹായിച്ചു.
ദീർഘകാല തൂക്കനിയന്ത്രണത്തിനുള്ള മറെറാരു രഹസ്യ ആയുധം ക്രമമായ വ്യായാമമാണ്. തീർച്ചയായും, തൂക്കം കുറയ്ക്കുന്നതിൽ വ്യായാമം സഹായിക്കുന്നുവെന്ന് എല്ലാവരും കേട്ടിട്ടുണ്ട്, അതുകൊണ്ട് അതിന്റെ രഹസ്യമെന്താണ്? ഈ കേസിൽ രഹസ്യം സുഖം തോന്നുന്നതിൽനിന്നും കാഴ്ചയിൽ നന്നായിരിക്കുന്നതിൽനിന്നും നിങ്ങൾക്കു ലഭിക്കുന്ന വർദ്ധിച്ച മാനസിക ഉന്നമനം ആണ്. ആ പ്രതിഫലം ചില പ്രത്യേക ഭക്ഷണങ്ങളുടെ അഭാവം പരിഹരിക്കുന്നതിലധികം ചെയ്യുന്നു. നിങ്ങൾക്കു ചുററുമുള്ള എല്ലാവരും ചോക്ലേററ് ഐസ്ക്രീം തിന്നുകയും നിങ്ങൾ തണുത്ത മുന്തിരി തിന്നുകയും ചെയ്യുമ്പോൾപ്പോലും അസൂയ തോന്നാൻ ഇടയാക്കാതെ അതിൽ തുടരുന്നതിന് ഇതു നിങ്ങളെ സഹായിക്കുന്നു.
ആഹാരക്രമവും വ്യായാമവും പൂർണ്ണമായും പരസ്പര പൂരകമായി പ്രവർത്തിക്കുന്നു. തൂക്കം കുറയ്ക്കുന്നതു നിങ്ങൾ രോഗിയായി കാണപ്പെടണമെന്ന് അർത്ഥമാക്കുന്നില്ല. ക്രമമായ വ്യായാമം നിങ്ങളുടെ മുഖത്ത് ആരോഗ്യത്തിന്റെ വർണ്ണശോഭ നിലനിർത്തുകയും നിങ്ങളുടെ പേശികൾ ഉറച്ചതും കരുത്തുള്ളതും ആയിത്തീരാൻ സഹായിക്കുകയും ചെയ്യും. വാസ്തവത്തിൽ, എന്റെ പേശികളുടെ മെച്ചപ്പെട്ട രൂപം യഥാർത്ഥത്തിൽ ആയിരുന്നതിനെക്കാൾ കൂടുതൽ വേഗത്തിൽ ഞാൻ തൂക്കം കുറയ്ക്കുകയാണെന്നുള്ള ഒരു മിഥ്യാധാരണ ആളുകളിൽ ഉളവാക്കി! എനിക്കു മററുള്ളവരോടൊപ്പം ആസ്വദിക്കാവുന്ന ടെന്നീസ്പോലുള്ള കളികളുടെയും ഏതു സമയത്തും ഒററക്കു ചെയ്യാവുന്ന ഭാരോദ്വഹനം പോലുള്ള വ്യായാമങ്ങളുടെയും ഒരു സങ്കലനം എനിക്ക് ആവശ്യമാണെന്നു ഞാൻ കണ്ടെത്തി. വ്യായാമം ആഹാരക്രമം കൂടുതൽ ഫലപ്രദമാണെന്നു തോന്നിച്ചതുപോലെ, ആഹാരക്രമം കഴിഞ്ഞ പത്തു വർഷമായി മൃദുലശരീരകലകളാൽ മറഞ്ഞുകിടന്നിരുന്ന പേശികളെ വ്യായാമത്താൽ വെളിയിൽ കൊണ്ടുവന്നുകൊണ്ടു വ്യായാമം കൂടുതൽ ഫലപ്രദമാണെന്നു തോന്നിച്ചു. എന്റെ തൂക്കം 110 കിലോയിൽനിന്നു 80-ലേക്കു കുറഞ്ഞപ്പോൾ ആരോഗ്യമുള്ള ചില പ്രാദേശിക ചെറുപ്പക്കാരോടൊപ്പം വ്യായാമം ചെയ്യാൻ ഞാൻ നോക്കിപ്പാർത്തു, അവർക്ക് എന്റെ ഒപ്പത്തിനൊപ്പം നില്ക്കാൻ കഴിയുമൊ എന്നറിയാൻ തന്നെ!
നിങ്ങൾ എന്നെപ്പോലെ ദീർഘകാലമായി അമിതതൂക്കം ഉള്ള ഒരാളായിരുന്നുവെങ്കിൽ ഒരു വലിയ തൂക്കം ചുമന്നുകൊണ്ടുനടക്കുന്നതു പോലുള്ള ഒരു തോന്നലും, എല്ലാ ദിവസവും രാവിലെ എഴുന്നേല്ക്കുമ്പോൾ ക്ഷീണം തോന്നുന്നതും ദിവസം മുഴുവൻ സാവധാനം നടക്കുകയും രാത്രിയിൽ ചാരുകസേരയിൽ കിടന്നു മയങ്ങുകയും ചെയ്യുന്നതും നിങ്ങൾക്കു പതിവായിക്കഴിഞ്ഞിരിക്കാം. ഇരുപതോ മുപ്പതോ കിലോ അധികഭാരം വഹിക്കുന്നതു ഭാരം കൊളുത്തിയിട്ട ഒരു ചങ്ങല കാലിൽ ഇട്ടു നടക്കുന്നതുപോലെയാണ്! ദിവസം മുഴുവൻ ചെലവഴിക്കാൻ ആവശ്യത്തിനുള്ള ഊർജ്ജത്തോടെ എഴുന്നേല്ക്കാനുള്ള ആകാംക്ഷയിൽ രാവിലെ കിടക്കയിൽനിന്നു ചാടിയെഴുന്നേല്ക്കുന്നത് എങ്ങനെയെന്നു ഞാൻ അക്ഷരാർത്ഥത്തിൽ ഓർമ്മിക്കുന്നില്ല. എന്നാൽ ഇപ്പോൾ എനിക്കറിയാം.
ഒരിക്കലും അവസാനിക്കുന്നില്ലാത്ത പോരാട്ടം
നിങ്ങളുടെ ലക്ഷ്യത്തിലുള്ള തൂക്കത്തിൽ എത്തിച്ചേരുന്നത് ഒരു നീണ്ടപോരാട്ടത്തിൽ വിജയിക്കുന്നതുപോലെയാണ്. എന്നാൽ ആ ആദ്യപോരാട്ടം കഴിഞ്ഞുകഴിയുമ്പോൾ യഥാർത്ഥത്തിലുള്ള പോരാട്ടം ആരംഭിച്ചിട്ടേയുള്ളു. നമ്മൾ പ്രയാസപ്പെട്ടു കുറച്ച തൂക്കം നിലനിർത്തണമെങ്കിൽ നമ്മുടെയിടെയിലെ മദ്ധ്യവയസ്ക്കരും ഇരുന്നുകൊണ്ടു ജോലിചെയ്യുന്നവരുമായ ആളുകൾ ഏതു തരത്തിലുള്ള ഭക്ഷണമാണു കഴിക്കുന്നതെന്ന് എല്ലായ്പ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ആഹാരക്രമം ഒരു ആജീവനാന്ത പദ്ധതിയായി കരുതുക എന്നതാണു മുഖ്യസംഗതി. അത് തൂക്കം കുറയ്ക്കുന്നതിനുപകരം തൂക്കം നിലനിർത്തുന്നതിനു മിതപ്പെടുത്താൻ സാധിക്കും, അത് ഒരിക്കലും അവസാനിക്കുന്നില്ല. നിങ്ങൾ പഴയ ആഹാരരീതികളിലേക്കു മടങ്ങിപോകുന്നുവെങ്കിൽ നിങ്ങളുടെ തൂക്കം നിങ്ങളിലേക്കു തിരിച്ചുവരും.
നിങ്ങളുടെ ലക്ഷ്യത്തിലുള്ള തൂക്കത്തിൽ എത്തിച്ചേരുന്നതോടെ ചില പുതിയ വസ്ത്രങ്ങൾ വാങ്ങി അത് എന്തുകൊണ്ട് ആഘോഷിച്ചുകൂടാ? അപ്പോൾ പഴയ വസ്ത്രങ്ങൾ ഉപേക്ഷിച്ചുകളയുന്നതിനെക്കുറിച്ചു പരിഗണിക്കുക. വീണ്ടും തൂക്കം വെച്ചേക്കുമോ എന്നുവെച്ച് ആ പഴയ വസ്ത്രങ്ങൾ സൂക്ഷിച്ചുവെക്കുന്നതു പരാജയത്തിനുവേണ്ടി പദ്ധതിയിടുന്നതുപോലെയാണ്. അധികം അയഞ്ഞതല്ലാത്ത വസ്ത്രങ്ങൾ ധരിക്കുക, ആഗ്രഹിക്കാത്ത വണ്ണം നിങ്ങളിലേക്കു തിരിച്ചുവരുന്നുണ്ടെങ്കിൽ അതു നിങ്ങളെ പെട്ടെന്നു ജാഗ്രതയുള്ളവരാക്കും. നിങ്ങളുടെ തൂക്കം കുറയ്ക്കൽആഹാരക്രമത്തെക്കാൾ കൂടുതൽ വൈവിധ്യം നിങ്ങളുടെ നിലനിർത്തൽ ആഹാരക്രമത്തിനുള്ളതിനാൽ നിങ്ങൾ കൊഴുപ്പു കുറഞ്ഞ, പഞ്ചസാര കുറഞ്ഞ, ഭക്ഷണങ്ങളിലേക്ക് ഒരു സ്ഥിരമായ, ആജീവനാന്ത മാററം വരുത്തുന്നുവെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ ക്രമമായ വ്യായാമവും ഉപേക്ഷിക്കരുത്. സുഖം തോന്നുന്നതിലെ ഒരു മുഖ്യഘടകം ആണ് അത്.—സംഭാവനചെയ്തത്. (g93 1/22)