യുവജനങ്ങൾ ചോദിക്കുന്നു. . .
എനിക്ക് എങ്ങനെ തൂക്കം കുറയ്ക്കാനാവും?
“ഒരു കൗമാരപ്രായക്കാരന്റെ ജീവിതത്തിൽ സംഭവിക്കാവുന്ന ഏററവും ഭയങ്കര സംഗതിയാണ് വണ്ണംവെയ്ക്കൽ.” ഇത് ജഡ് എന്നു പേരായ ഒരു കൗമാരപ്രായക്കാരന്റെ വിലാപമാണ്. നിങ്ങൾക്ക് അമിതതൂക്കമുണ്ടെങ്കിൽ അവനിത് എങ്ങനെ അനുഭവപ്പെടുന്നു എന്ന് നിങ്ങൾക്കു മനസ്സിലാകും.
എന്നിരുന്നാലും, അമിതവണ്ണത്തിനു കേവലം നിങ്ങളുടെ ആകാരഭംഗിക്കു മാത്രമല്ല ദോഷം വരുത്താവുന്നത്, അതിലും കൂടുതൽ ദോഷം വരുത്തിവെക്കാനാവും. നിങ്ങളുടെ പൊണ്ണത്തടി ആരോഗ്യപരമായ ഒരുപാട് അപകടങ്ങൾക്ക് ഇടയാക്കിയേക്കാം—അസ്ഥിസന്ധികളിലെ കുഴപ്പങ്ങൾ, ശ്വസനേന്ദ്രിയ രോഗങ്ങൾ, പ്രമേഹം. ഇവ കൂടാതെ പിൽക്കാല ജീവിതത്തെ ബാധിക്കാവുന്ന മരണകാരികളായ ഹൃദ്രോഗം, വൻകുടൽ അർബുദം എന്നിവയുമുണ്ട്.a
നിങ്ങൾക്കു വണ്ണം അൽപ്പം കൂടുതൽ ഉണ്ടെന്നുവെച്ച് നിങ്ങൾ തൂക്കം കുറയ്ക്കണമെന്നൊന്നും ഇതിനർഥമില്ല. അൽപ്പം വണ്ണക്കൂടുതലുള്ള ശരീരപ്രകൃതി നമ്മിൽ ചിലർക്കു പാരമ്പര്യമായി കിട്ടിയെന്നേയുള്ളൂ. നമുക്കു വേണ്ടത്ര തൂക്കം മാത്രം ഉള്ളപ്പോൾ പോലും, ആഗ്രഹിക്കുന്നതിൽ കൂടുതൽ തൂക്കമുള്ളതായി കാണപ്പെടുന്നു.b എന്നാൽ ആരോഗ്യമുള്ളവനായിരിക്കാൻ ആവശ്യമായതിൽ കൂടുതൽ ശരീരക്കൊഴുപ്പ് നിങ്ങൾക്കുണ്ടെന്നു നിങ്ങളുടെ ഡോക്ടർ പറയുന്നെങ്കിൽ പല ഘടകങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുണ്ടാകാം. ആരോഗ്യവാനായ കൗമാരപ്രായക്കാരൻ [ഇംഗ്ലീഷ്] എന്ന പുസ്തകം പറയുന്നത് ഇങ്ങനെയാണ്: “പാൻക്രിയാസ്, തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥി എന്നിങ്ങനെയുള്ള അന്തഃസ്രാവഗ്രന്ഥികളുടെ ക്രമക്കേടിന് . . . ചിലയാളുകളിലെ പൊണ്ണത്തടിയുമായി ബന്ധമുണ്ട്.”
അമിതഭക്ഷണം, വ്യായാമക്കുറവ്
പലരുടെയും കാര്യത്തിൽ, പോഷണക്കുറവുള്ള ആഹാരശീലങ്ങൾ, വ്യായാമമില്ലായ്മ എന്നിവയുടെ ഫലമായാണ് പൊണ്ണത്തടി ഉണ്ടാകുന്നത്. യുവാവായ ജഡ് ഓർമിക്കുന്നു: “ഞങ്ങളെ പോററാൻ അമ്മയ്ക്കു ജോലിക്കു പോകേണ്ടിയിരുന്നതുകൊണ്ട്, എനിക്കും എന്റെ സഹോദരനും . . . ഭക്ഷണമുണ്ടാക്കാൻ ഞങ്ങൾതന്നെ വേണമായിരുന്നു. അതുകൊണ്ട്, മധുരപലഹാരങ്ങളും രണ്ടു ലിററർ സോഡയുമാണ് ഞങ്ങൾ കഴിച്ചിരുന്നത്.” എന്താ അങ്ങനെ ചെയ്തു പരിചയമുണ്ടോ?
എന്നിരുന്നാലും, പരിപോഷണത്തിനും ശമനത്തിനുമുള്ള ആവശ്യത്തെ തൃപ്തിപ്പെടുത്തിക്കൊണ്ട് വിശപ്പു മാററാനല്ല മററു ചില യുവാക്കൾ ഭക്ഷിക്കുന്നത്. അത്തരം യുവാക്കൾ അമിതമായി ഭക്ഷിക്കുന്നു. മാതാപിതാക്കളുടെ വിവാഹമോചനം, പ്രിയപ്പെട്ടയാളുടെ മരണം, അല്ലെങ്കിൽ മറെറന്തെങ്കിലും മനോവ്യഥ എന്നിവയിൽനിന്നെല്ലാം തെല്ലൊരാശ്വാസം ലഭിക്കാനുള്ള ഒരു മാർഗമായി അവർ അതിനെ തെററിദ്ധരിച്ചിരിക്കുന്നു.
വ്യായാമമില്ലെങ്കിൽ പലപ്പോഴും അമിതതീററ എന്ന പ്രശ്നം കൂടുതൽ വഷളാകുന്നു. ഭക്ഷണം കഴിക്കുന്നതിലെ ക്രമക്കേടുകളും പൊണ്ണത്തടിയും സംബന്ധിച്ച് ഒരു രക്ഷകർത്താവിനുള്ള സഹായി [ഇംഗ്ലീഷ്] എന്ന പുസ്തകം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ടെലിവിഷനുമുമ്പിൽ ശാരീരികപ്രവർത്തനം ആവശ്യമായിവരുന്നില്ല. എന്നാൽ അതിലെ പരിപാടികളും പരസ്യങ്ങളും തിന്നാൻ . . . തിന്നാൻ . . . കൂടുതൽക്കൂടുതൽ തിന്നാൻ പ്രോത്സാഹിപ്പിക്കുന്നു.”
ഭക്ഷണംചുരുക്കി പട്ടിണികിടക്കുന്നതിന്റെ കെണി
നാല് അമേരിക്കക്കാരിൽ ഒരാൾ ഭക്ഷണകാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള പഥ്യം നോക്കുന്നവരാണ് എന്ന് ചിലർ അവകാശപ്പെടുന്നു. എന്നിട്ടും, ഭക്ഷണം ചുരുക്കി തൂക്കം കുറയ്ക്കുന്നവരിൽ 90 ശതമാനം പേർക്കു വീണ്ടും തൂക്കം വെക്കുന്നു. എന്താണു കുഴപ്പം?
നിങ്ങളുടെ ശരീരം ഒരു ചൂള പോലെയാണ്, നിങ്ങളുടെ തലച്ചോറ് താപസ്ഥാപി (thermostat) പോലെയും. നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ, നിങ്ങളിലെ ഉപാപചയപ്രക്രിയകൾ ഭക്ഷണത്തെ ദഹിപ്പിച്ച് ഊർജത്തെ മുക്തമാക്കുന്നു. ശരീരത്തിന് ആവശ്യമുള്ളതിലധികം ഇന്ധനം ഉൾക്കൊള്ളുമ്പോൾ അതു കൊഴുപ്പായി സംഭരിച്ചുവെക്കപ്പെടുന്നു. നിങ്ങൾ തൂക്കം കുറയ്ക്കാൻവേണ്ടി ഭക്ഷണം കുറയ്ക്കുന്നു. ആരംഭത്തിൽ തൂക്കം കുറയുന്നു. പക്ഷേ, നിങ്ങളുടെ ശരീരം പെട്ടെന്നുതന്നെ ഒരു ‘പ്രതിസന്ധിഘട്ട’ത്തിലേക്കു കടക്കുകയും നിങ്ങളുടെ ഉപാപചയപ്രക്രിയകളെ മന്ദഗതിയിലാക്കിക്കൊണ്ട് താപസ്ഥാപിയുടെ പ്രവർത്തനത്തെ കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണം ചുരുക്കിയ ആ അവസ്ഥയിലും നിങ്ങൾക്കു വീണ്ടും തൂക്കം കൂടുന്നു. നിങ്ങൾ ഭക്ഷിക്കുന്നതിൽ ഒരു നല്ല പങ്ക് കൊഴുപ്പായി സംഭരിക്കപ്പെടുന്നു. നിങ്ങൾ കുറച്ച ഓരോ കിലോ തൂക്കവും അതിൽ കൂടുതലും തിരിച്ചുവരുന്നു. നിരാശനായ നിങ്ങൾ മറെറാരു പഥ്യംകൂടി പരീക്ഷിച്ചുനോക്കുന്നു. പക്ഷേ, എന്തുമാത്രം കുറയുന്നുവോ അത്രയും തിരിച്ചുവരുന്നു.
അപ്പോൾ ഭക്ഷണനിയന്ത്രണ പരിപാടികൾ കേവലം പ്രായോഗികമല്ലെന്നു നിങ്ങൾക്കു മനസ്സിലാക്കാവുന്നതാണ്. ഡയററ് പിൽസ് കുറെ സമയത്തേക്ക് നിങ്ങളുടെ വിശപ്പിനെ നിയന്ത്രിച്ചുനിർത്തിയേക്കാം. പക്ഷേ, ശരീരം അതുമായി പെട്ടെന്നു പൊരുത്തപ്പെടും. അപ്പോൾ നിങ്ങൾക്കു വീണ്ടും വിശപ്പു തോന്നുന്നു. അല്ലെങ്കിൽ നിങ്ങളുടെ ഉപാപചയപ്രക്രിയകൾ മന്ദഗതിയിലാകുന്നു, പിന്നെയും തൂക്കം കൂടുന്നു. ചിലർക്ക് അനുഭവപ്പെട്ടിട്ടുള്ള തലകറക്കം, ഉയർന്ന രക്തസമ്മർദം, ഉത്കണ്ഠയാലുള്ള ക്രമക്കേടുകൾ, ആസക്തി തുടങ്ങിയവപോലുള്ള ദൂഷ്യഫലങ്ങളെപ്പററി പറയുകയും വേണ്ടാ. ജലത്തെ നീക്കുന്നതോ നിങ്ങളുടെ ഉപാപചയപ്രക്രിയകളെ ത്വരിതപ്പെടുത്തുന്നതോ ആയ ഗുളികകളെപ്പററിയും ഇതുതന്നെ പറയാവുന്നതാണ്. ഡോ. ലോറൻസ് ലാം ഇതാ വെട്ടിത്തുറന്നു പറയുന്നു: “വണ്ണം കുറയ്ക്കാനുള്ള സുരക്ഷിതവും ഫലപ്രദവുമായ ഗുളിക, അങ്ങനെ ഒരു സാധനമേയില്ല.”
ഒരു യുവാവ് എന്നനിലയിൽ നിങ്ങളുടെ ശരീരത്തിനു ന്യായമായ അളവിൽ താപവും പോഷകാംശങ്ങളും ദിവസേന ആവശ്യമാണ്. വെട്ടിച്ചുരുക്കിയ ഒരു ഭക്ഷണക്രമത്തിന് നിങ്ങളുടെ വളർച്ചയെത്തന്നെ അക്ഷരാർഥത്തിൽ മുരടിപ്പിക്കാനാവും. 1 ശമൂവേൽ 28:20-ൽ ശൗൽ രാജാവിനെപ്പററി ബൈബിൾ പറയുന്നതു പരിചിന്തിക്കുക: “അവനിൽ ഒട്ടും ബലമില്ലാതെയായി; അന്നു രാവും പകലും മുഴുവൻ അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.” അതുപോലെ, ഒരു ഡോക്ടർ പറയുന്നതനുസരിച്ച് തങ്ങളെത്തന്നെ പട്ടിണിക്കിടുന്ന യുവാക്കൾക്ക് ഈ വക കഷ്ടങ്ങൾ ഉണ്ടാവാം: “ക്ഷീണം, . . . വിഷാദം, കുളിര്, സ്കൂളിൽ നന്നായി പഠിക്കാതിരിക്കൽ, മലബന്ധം, ഉത്കണ്ഠ, ആർത്തവരാഹിത്യം [അസാധാരണമാംവിധം മാസമുറ നിലച്ചുപോകുക], മാനസികാലസ്യം.”
സുരക്ഷിതമായ തൂക്കം കുറയ്ക്കൽ
കുടുംബഡോക്ടർ നിങ്ങളെ നന്നായിട്ടൊന്നു പരിശോധിക്കണം. അങ്ങനെയാണ് തൂക്കം കുറയ്ക്കാനുള്ള സുരക്ഷിതമാർഗം തുടങ്ങുന്നത്. ലളിതമായ ഒരു ഭക്ഷണക്രമ പരിപാടിയെ ഫലരഹിതമാക്കുന്ന എന്തെങ്കിലും ആരോഗ്യക്രമക്കേടുകൾ ഉണ്ടോ എന്ന് അദ്ദേഹത്തിനു പരിശോധിച്ചറിയാവുന്നതാണ്. തൂക്കം എന്തുമാത്രമായി കുറയ്ക്കണം എന്ന ന്യായയുക്തമായ ഒരു ലാക്ക് വെക്കാനും ന്യായയുക്തമായ സമയത്തിനുള്ളിൽ അതിൽ എത്തിച്ചേരാനുള്ള തന്ത്രം ആവിഷ്കരിക്കാനും അദ്ദേഹത്തിനു നിങ്ങളെ സഹായിക്കാനാവും.
“തിന്നു കുടിച്ചു തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന്നു മറെറാരു നൻമയുമില്ല” എന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗി 2:24) അതുകൊണ്ട്, ഭക്ഷണം കഴിക്കുന്നതിലെ സന്തോഷത്തെ നിങ്ങളിൽനിന്ന് കവർന്നുകളയുന്ന ഒരു ഭക്ഷണക്രമത്തിനു ദീർഘകാല അടിസ്ഥാനത്തിൽ പ്രായോഗികമായിരിക്കാൻ സാധ്യതയില്ല. എന്നാൽ, ബൈബിൾ കുററംവിധിക്കുന്നത് അമിതതീററിയെയാണ്. (സദൃശവാക്യങ്ങൾ 23:20, 21) തിന്നുന്ന കാര്യത്തിൽ “മിതശീലങ്ങൾ” ഉള്ളവരായിരിക്കാൻ നിങ്ങളെ സഹായിക്കാനിതാ ഏതാനും നിർദേശങ്ങൾ.—1 തിമോത്തി 3:11, NW.
പ്രാതൽ വേണ്ടന്നുവെക്കരുത്! “വിശപ്പും താൻ ഒന്നും കഴിച്ചില്ലല്ലോ എന്ന തോന്നലും നിങ്ങളെ പിടികൂടുന്നു. ഉച്ചതിരിഞ്ഞുള്ള സമയങ്ങളിൽ വളരെയധികം ഭക്ഷണം—കലോറികളും—കഴിക്കാനുള്ള പ്രവണത നിങ്ങൾക്കുണ്ടാകും” എന്നാണ് ദ ന്യൂ ടീനേജ് ബോഡി ബുക്ക് മുന്നറിയിപ്പു നൽകുന്നത്.
ഓരോ പ്രാവശ്യവും ഭക്ഷിക്കുന്നതിനു മുമ്പ് ഒരു വലിയ ഗ്ലാസ് നിറയെ വെള്ളം കുടിക്കുക. ഇതു നിങ്ങളുടെ വയറു നിറയ്ക്കും. വേണ്ടുവോളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പുശേഖരം കുറയ്ക്കുന്നതിൽ ഒരു പങ്കു വഹിക്കുന്നതായി കാണപ്പെടുന്നു. അതുകൊണ്ട്, ഡോക്ടർമാരുടെ ശുപാർശ ദിവസം എട്ടു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാനാണ്.
ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കരുത്. “നിങ്ങൾ ടിവി കാണുന്ന തിരക്കിലാണെങ്കിൽ . . . , ഒരു യന്ത്രത്തെപ്പോലെയാണ് ഭക്ഷണം കഴിച്ചുതുടങ്ങാൻ നിങ്ങൾക്ക് [കഴിയുക]” എന്ന് ഡോ. സെയ്മോർ ഐസൻബർഗ് പറയുന്നു.
ഭക്ഷിക്കുന്നതിനു മുമ്പു പ്രാർഥിക്കുക. “ഈ ഭക്ഷണസാധനങ്ങളാകട്ടെ, വിശ്വസിക്കുകയും സത്യം അറിയുകയും ചെയ്യുന്നവർ കൃതജ്ഞതാപൂർവം ആസ്വദിക്കാൻവേണ്ടി ദൈവം സൃഷ്ടിച്ചവയാണ്” എന്ന് ഓർക്കുക. (1 തിമോത്തേയോസ് 4:3, പി.ഒ.സി. ബൈബിൾ) സ്രഷ്ടാവുമായുള്ള അടുത്ത ബന്ധം മനസ്സിൽ സൂക്ഷിക്കുന്ന ദൈവഭയമുള്ള ഒരു യുവാവ് ചിന്തയിലും പ്രവൃത്തിയിലും തന്നെ മന്ദതയുള്ളവനാക്കുന്ന അളവോളം അമിതതീററിയിൽ ഏർപ്പെടാൻ ആഗ്രഹിക്കില്ല. മിതമായി ഭക്ഷിക്കാനുള്ള നിങ്ങളുടെ തീരുമാനത്തിനു കരുത്തേകാൻ പ്രാർഥനയ്ക്കു കഴിയും.
സാവധാനം ഭക്ഷിക്കുക. നിറഞ്ഞു എന്നുള്ള സിഗ്നൽ തലച്ചോറിലേക്ക് എത്തിക്കാൻ വയറിന് ഏതാണ്ട് ഇരുപതു മിനിററു വേണം. അതിനാൽ, സാവധാനം ഭക്ഷിക്കുക. അപ്പോൾ “തൃപ്തിയായി ഭക്ഷി”ക്കാൻ അതു നിങ്ങളെ സഹായിക്കും, അല്ലാതെ കൂടുതൽ കഴിക്കാനല്ല!—ലേവ്യപുസ്തകം 25:19.
തീററിക്കു പകരമായി ആരോഗ്യകരമായ മറെറന്തെങ്കിലും കണ്ടെത്തുക—ബോറടി, പിരിമുറുക്കം, ഏകാന്തത, അല്ലെങ്കിൽ വിഷാദം എന്നിവ അനുഭവപ്പെടുമ്പോഴെല്ലാം ഭക്ഷണം കഴിക്കുന്ന സ്വഭാവമാണു നിങ്ങൾക്കുള്ളതെങ്കിൽ ഇതു വിശേഷാൽ ചെയ്യുക. നിങ്ങൾക്കു വിശ്വാസമുള്ള ആരെങ്കിലുമായി സംഭാഷണത്തിൽ ഏർപ്പെടുക. നടക്കാൻ പോകുകയോ വ്യായാമത്തിൽ ഏർപ്പെടുകയോ ചെയ്യുക. ഒരു ഹോബിയിൽ ഏർപ്പെടുക. സംഗീതം ആസ്വദിക്കുക. ഇതിനെക്കാളുമെല്ലാം മെച്ചമായതുണ്ട്, നിങ്ങളുടെ ആത്മീയ വിശപ്പ് തൃപ്തിപ്പെടുത്താൻ ശ്രമിക്കുക. (1 പത്രൊസ് 2:2) എന്തൊക്കെയായാലും, ഭക്ഷണം വിശ്വാസത്തെ കെട്ടുപണി ചെയ്യുന്നില്ലല്ലോ. (താരതമ്യം ചെയ്യുക: എബ്രായർ 13:9.) പക്ഷേ ബൈബിൾ വായിക്കുന്നത് അങ്ങനെ ചെയ്യുന്നു. വിശക്കുന്നു എന്ന ചിന്തയില്ലാതെ നിങ്ങളുടെ മനസ്സിനെ അടക്കിനിർത്താൻ ഇതു നിങ്ങളെ സഹായിച്ചേക്കും.
നിങ്ങളുടെ ആഹാരക്രമത്തിനും ജീവിതശൈലിക്കും മാററംവരുത്തൽ
നിങ്ങൾ എന്തു ഭക്ഷിക്കുന്നുവോ അതിലും മാററങ്ങൾ വരുത്തേണ്ടതുണ്ടായിരിക്കാം. മേദസ്സ് കഴിക്കുന്നതിനെ മോശൈക ന്യായപ്രമാണം വിലക്കിയിരുന്നു. (ലേവ്യപുസ്തകം 3:16, 17) ഇതു മതപരമായ കാരണങ്ങളാലായിരുന്നു. എങ്കിലും, വെണ്ണയും ഇറച്ചിയും ചേർത്ത പലഹാരമോ എണ്ണയിൽ വറുത്ത ആഹാരസാധനങ്ങളോ പോലുള്ള കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതു നല്ല ആഹാരക്രമമാണ്. അതുപോലെതന്നെ, പഞ്ചസാര ചേർത്ത ലഘുപാനീയങ്ങൾ, കൊഴുപ്പും മധുരവുമുള്ള ബേക്കറി സാധനങ്ങൾ എന്നിവയിൽ പോഷകഗുണം കുറവും കലോറി കൂടുതലുമായിരിക്കും. നന്നായി ഉപ്പുചേർത്ത നെയ്യില്ലാത്ത മാംസക്കഷണത്തിനു നല്ല രുചിയുണ്ടായേക്കാം. എങ്കിലും നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ അതു കാരണമാകും.
വല്ലപ്പോഴുമൊക്കെ നിങ്ങൾക്കിഷ്ടപ്പെട്ട ഭക്ഷണം കുറച്ചു കഴിക്കുന്നതിൽ ദോഷമൊന്നുമില്ല എന്ന് ഭക്ഷണക്രമവിദഗ്ധരിൽ മിക്കവരും സമ്മതിക്കുന്നുണ്ട്. എന്നാൽ തൂക്കം കുറയ്ക്കാൻ നിങ്ങൾ വാസ്തവമായും ആഗ്രഹിക്കുന്നെങ്കിൽ പഴവർഗങ്ങൾ, പരിപ്പുവർഗങ്ങൾ, ഉമി കളയാത്ത ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവപോലെ കൂടുതൽ ആരോഗ്യപ്രദമായ ഭക്ഷണസാധനങ്ങളോട് ഒരു അഭിരുചി വളർത്തിയെടുക്കണം. ഒരു ഭക്ഷണക്രമവിദഗ്ധ ഇങ്ങനെ ശുപാർശ ചെയ്യുന്നു: “ബോറടിക്കാതിരിക്കാൻ വ്യത്യസ്തതരം ഭക്ഷണങ്ങൾ കഴിക്കുക.” നിങ്ങൾ വീട്ടിൽ പാചകം ചെയ്യാറില്ലേ? അങ്ങനെയെങ്കിൽ മമ്മിയോടു പറഞ്ഞ് നിങ്ങളെ സഹായിക്കാനാവുമോ എന്നു നോക്കുക. ഓരോ ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ ആരോഗ്യപ്രദമായ മാററങ്ങൾ വരുത്തിയാൽ, വാസ്തവത്തിൽ അതു മുഴുകുടുംബത്തിനുമാണ് മെച്ചമുണ്ടാക്കുക.
ഉചിതമായവ ഭക്ഷിക്കുക എന്നതു പ്രധാനമാണ്. അപ്പോഴും നിങ്ങളുടെ തലച്ചോറിന്റെ “താപസ്ഥാപി”യുടെ പ്രവർത്തനം വർധിപ്പിക്കുന്നില്ലെങ്കിൽ നിങ്ങളുടെ തൂക്കം കുറഞ്ഞുകിട്ടില്ല. എങ്ങനെ? ശ്വാസോച്ഛ്വാസം ചെയ്യുന്ന വായുവിന്റെ അളവുകൂട്ടി ഹൃദയമിടിപ്പു കൂട്ടുന്ന മിതമായ വ്യായാമം (aerobic exercise) ആഴ്ചയിൽ മൂന്നു പ്രാവശ്യമെങ്കിലും 20 മിനിററു നേരം ചെയ്തുകൊണ്ട്. (1 തിമൊഥെയൊസ് 4:8) വേഗത്തിലുള്ള ഒരു നടത്തമോ പടികൾ കയറുന്നതോ പോലുള്ളത്ര ലളിതമായ എന്തെങ്കിലും മതിയാകും. നിങ്ങളുടെ തൂക്കം അല്ലെങ്കിൽ ശരീരപ്രകൃതം എങ്ങനെയായിരുന്നാലും വണ്ണം കുറഞ്ഞവരായും ഒതുക്കമുള്ളവരായും കാണപ്പെടാൻ വ്യായാമം നിങ്ങളെ സഹായിക്കുന്നു. നിങ്ങളിലെ ഉപാപചയപ്രവർത്തന ചൂളയുടെ പ്രവർത്തനം വർധിപ്പിക്കുമ്പോൾ നിങ്ങൾ കലോറികളെ വിഘടിപ്പിക്കുന്നു, തുടർന്നു കൊഴുപ്പിനെയും. വ്യായാമത്തിലൂടെ നിങ്ങളുടെ ശരീരത്തിലെ രാസപ്രക്രിയകളെ നിങ്ങൾക്കു മാററിയെടുക്കാൻ കഴിയും. നിങ്ങൾക്കു മാംസപേശികളുടെ അളവു വർധിപ്പിക്കാവുന്നതാണ്. നിങ്ങൾ ഉറങ്ങുമ്പോൾപ്പോലും മാംസപേശികൾ കലോറികൾ വിഘടിപ്പിക്കുന്നു!
സ്ഥിരോത്സാഹവും ദൃഢനിശ്ചയവുമുണ്ടെങ്കിൽ അമിതതൂക്കത്തിനെതിരായുള്ള പോരാട്ടത്തിൽ നിങ്ങൾക്കു വിജയം വരിക്കാം.c ഏതാനും റാത്തൽ ഭാരം കുറയ്ക്കുന്നത് നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയില്ലെന്നതു ശരിതന്നെ. എന്നാൽ നിങ്ങൾക്കു കൂടുതൽ അഴകും ആശ്വാസവും ലഭിച്ചേക്കാം. ഇപ്പോൾ പണ്ടത്തെക്കാൾ ഭേദം എന്നൊരു തോന്നലും നിങ്ങൾക്കു നിങ്ങളെക്കുറിച്ചുതന്നെ ഉണ്ടായെന്നും വരാം.
[അടിക്കുറിപ്പുകൾ]
a ഭക്ഷണം കഴിക്കുന്നതിൽ ഗുരുതരമായ ക്രമക്കേടുകളുള്ള വ്യക്തികൾക്ക് തങ്ങളുടെ അരിഷ്ടതയെ നേരിടാൻ വിദഗ്ധ വൈദ്യസഹായം ആവശ്യമായേക്കാം.
b പൊണ്ണത്തടിയുള്ള യുവാക്കളിൽ 80 ശതമാനം പേർ പ്രായപൂർത്തിയായാലും അവരുടെ പൊണ്ണത്തടിക്കു മാററമൊന്നും സംഭവിക്കുന്നില്ല.
c ഉണരുക!യുടെ 1994 ഏപ്രിൽ 22 ലക്കത്തിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് ഇത്ര വണ്ണം എന്തുകൊണ്ട്?” എന്ന ലേഖനം കാണുക.
[21-ാം പേജിലെ ചിത്രം]
വ്യായാമവും പോഷകഗുണമുള്ള സമീകൃതാഹാരവുമാണ് സുരക്ഷിതമായ തൂക്കം കുറയ്ക്കലിനുള്ള താക്കോൽ