യുവജനങ്ങൾ ചോദിക്കുന്നു. . .
എനിക്കു മദ്യപാനം എങ്ങനെ നിർത്താൻ കഴിയും?
“പിറേറന്ന് എല്ലായ്പ്പോഴും വൈകാരികമായും ആത്മീയമായും ഭയാനകമായ തോന്നൽ എനിക്കനുഭവപ്പെട്ടു!”—ബോബ്.
“വീട്ടിലും സ്കൂളിലും കൂട്ടുകാരോടും പോലീസിനോടും തുടരെ തുടരെ ഞാൻ കുഴപ്പത്തിൽ അകപ്പെടുകയായിരുന്നു!”—ജറോം.
വളരെയധികവും കൂടെക്കൂടെയും മദ്യപിച്ചതിനു ബോബും ജറോമും ഒരു വില കൊടുക്കേണ്ടിവന്നു. രണ്ടുപേരും മദ്യാസക്തരായിത്തീർന്നു. അവസാനം ബോബിനു മദ്യപാനം പൂർണ്ണമായി നിർത്തുവാൻ കഴിഞ്ഞപ്പോൾ, ജറോം മദ്യപാനാസക്തിയെ കീഴടക്കുവാൻ ഇപ്പോഴും പരിശ്രമിക്കുകയാണ്.
ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള യുവജനങ്ങൾക്കിടയിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണു മദ്യാസക്തി. ഐക്യനാടുകളിൽമാത്രം ഗുരുതരമായ മദ്യപാനപ്രശ്നം ഉള്ള യുവാക്കൾ ഏകദേശം 50 ലക്ഷത്തോളമുള്ളതായി ചിലർ കണക്കാക്കുന്നു. നിങ്ങളൊരു ക്രിസ്തീയ യുവാവാണെങ്കിൽ, പ്രത്യേകിച്ചു കൗമാരപ്രായത്തിലുള്ള മദ്യപാനം നിങ്ങളുടെ സമുദായത്തിൽ നിയമവിരുദ്ധമാണെങ്കിൽ, മദ്യവുമായുള്ള പരീക്ഷണം നിങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നുള്ളതിനു സംശയമില്ല. എന്നിരുന്നാലും, ഒന്നാമതുതന്നെ, ചുരുങ്ങിയപക്ഷം നിങ്ങൾക്കു പ്രായമാകുകയും മദ്യം കൈകാര്യം ചെയ്യുവാൻ മെച്ചമായി സജ്ജനാകുകയും ചെയ്യുന്നതുവരെയെങ്കിലും കുടിയിൽ ഉൾപ്പെടാതിരിക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ ശക്തിപ്പെടുത്തുവാൻ പിൻവരുന്ന വിവരങ്ങൾ സഹായിക്കും. എന്നാൽ നിങ്ങൾ മദ്യത്തിന്റെ കുരുക്കിലകപ്പെട്ട ഒരുവനാണെങ്കിൽ ഈ പ്രശ്നത്തോടു പോരാടുവാൻ ഈ വിവരങ്ങൾ സഹായിക്കുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു. നിങ്ങളുടെ ഭാഗത്തെ യഥാർത്ഥ ശ്രമത്താലും യഹോവയാം ദൈവത്തിന്റെ സഹായത്താലും പൂർവ്വസ്ഥിതിപ്രാപിക്കൽ സാദ്ധ്യമാണ്.
നിഷേധിക്കലിനെ കീഴടക്കൽ
നിങ്ങളെടുക്കേണ്ട പ്രഥമവും ഏററവും ബുദ്ധിമുട്ടുള്ളതുമായ നടപടി നിഷേധിക്കലിനെ കീഴടക്കുക എന്നതാണ്. കുടിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്നം തങ്ങൾക്കുള്ളതായി വിശ്വസിക്കുവാൻ മദ്യാസക്തർ സാധാരണമായി കൂട്ടാക്കാറില്ല. ‘അതെനിക്കു കൈകാര്യം ചെയ്യാവുന്നതേയുള്ളു,’ എന്നാണു മദ്യാസക്തന്റെ സങ്കടകരമായ വീമ്പിളക്കൽ. ദൃഷ്ടാന്തത്തിന് ഒരു 15 വയസ്സുകാരൻ പറഞ്ഞതു ശ്രദ്ധിക്കുക: “കുടികൊണ്ടൊരു പ്രശ്നമുള്ളയാളല്ല ഞാൻ. വൈകുന്നേരം ഒരു ആറു കുപ്പി ബിയർ മാത്രമേ ഞാൻ കഴിക്കാറുള്ളൂ.” “തന്റെ കുററം തെളിഞ്ഞു വെറുപ്പായ്തീരുകയില്ല എന്നിങ്ങനെ . . . തന്നോടു തന്നേ മധുരവാക്കുപറയുന്ന” മനുഷ്യനെക്കുറിച്ചുള്ള ബൈബിൾ വിവരണത്തെ ഇതു നമ്മുടെ ഓർമ്മയിൽ കൊണ്ടുവരുന്നു.—സങ്കീർത്തനം 36:2.
അതേ, നിഷേധിക്കൽ മാരകമാണ്. അതുകൊണ്ടു കുടി നിങ്ങൾക്ക് ഒരു പ്രശ്നം ആണെങ്കിൽ, ആ വേദനാജനകമായ സത്യം നിങ്ങൾ നിങ്ങളോടുതന്നെ സമ്മതിക്കണം.a നിങ്ങൾ വളരെയധികം മദ്യപിക്കുന്നു എന്നു നിങ്ങളോടു പറയുന്ന സുഹൃത്തുക്കളെയോ സഹോദരങ്ങളെയോ മാതാപിതാക്കളെയോ അവഗണിക്കരുത്. സത്യം പറയുന്നതുകൊണ്ട് അവർ നിങ്ങളുടെ ശത്രുക്കളല്ല. (ഗലാത്യർ 4:16 താരതമ്യപ്പെടുത്തുക.) (ആരംഭത്തിൽ പരാമർശിച്ചിരിക്കുന്ന) ബോബ് വാരാന്തങ്ങളിൽ നന്നായി മദ്യപിക്കുക പതിവായിരുന്നു. ഒരു സുഹൃത്ത് അവനോട് അതിനെപ്പററി സൂചിപ്പിച്ചപ്പോൾ തനിക്കു മദ്യപാനത്തിന്റേതായ ഒരു പ്രശ്നമുണ്ടെന്ന ആശയത്തെപ്പോലും ബോബ് നിഷേധിക്കുകയും സംസാരം അവിടെ നിർത്തുകയും ചെയ്തു. എന്നാൽ ബോബിന്റെ ജീവിതത്തെ മദ്യം എങ്ങനെയാണു ബാധിച്ചിരുന്നത്? “കുടിച്ചില്ലെങ്കിൽ ഞാൻ അങ്ങേയററം അധീരനും ഉൽക്കണ്ഠാകുലനുമാകുമായിരുന്നു, കുടിച്ചാൽ എനിക്കു നിയന്ത്രണം നഷ്ടപ്പെടുമായിരുന്നു,” ബോബ് സമ്മതിച്ചുപറയുന്നു. “ദൈവവുമായുള്ള എന്റെ ബന്ധം പോലെതന്നെ എന്റെ കുടുംബജീവിതവും തകർന്നിരുന്നു.”
മറെറാരു സന്ദർഭത്തിൽ ബോബ് തന്റെ ചെറുത്തുനിൽപ്പ് അവസാനിപ്പിച്ചു മദ്യത്തോടുള്ള തന്റെ ഉൽക്കടമായ ആഗ്രഹം അവന്റെ സുഹൃത്തിനോടു സമ്മതിച്ചുപറഞ്ഞു. നിഷേധത്തിന്റെ മതിൽ പൊളിച്ചുകൊണ്ടു തന്റെ തിരിച്ചുവരവിനു തുടക്കമിടാൻ ബോബിനു സാധിച്ചു.
നിർത്താനുള്ള ദൃഢനിശ്ചയം വികസിപ്പിച്ചെടുക്കുക
പ്രൊഫസർ ജോർജ്ജ് വായോൻ എഴുതുന്നു: “മദ്യപാനാസക്തി . . . നന്നായി ചികിത്സിച്ചുഭേദമാക്കാവുന്ന ഒന്നാണ്, എന്നാൽ . . . രോഗിയുടെ ഭാഗത്തു വലിയ ഉത്തരവാദിത്വം ആവശ്യമായിരിക്കും.” അതിൽ മദ്യപാനം നിർത്താൻ, നിങ്ങൾ ദൃഢനിശ്ചയം ചെയ്യുന്നത് ഉൾപ്പെടുന്നു. ദൃഢനിശ്ചയത്തിന്റെ അഭാവം ഒരു മദ്യാസക്തനായി ജീവിക്കുന്നതിനെയും മരിക്കുന്നതിനെയും അർത്ഥമാക്കിയേക്കാം. എന്തിനു സഹായിക്കാൻ കഴിയും? മദ്യപാനാസക്തിയുടെ വിനാശകത്വത്തിൻമേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു “ദോഷത്തെ വെറു”ക്കാൻ നിങ്ങളെ സഹായിക്കുകയും എന്നെന്നേക്കുമായി മദ്യപാനം നിർത്തുവാനുള്ള നിങ്ങളുടെ തീരുമാനത്തെ ശക്തിപ്പെടുത്തുകയും ചെയ്തേക്കാം.—സങ്കീർത്തനം 97:10.
ദൃഷ്ടാന്തത്തിന്, മദ്യപാനാസക്തി ശാരീരികമായും വൈകാരികമായും ധാർമ്മികമായും വരുത്തിക്കൂട്ടുന്ന വമ്പിച്ച തകരാറിനെക്കുറിച്ചു നിങ്ങൾ വളരെയധികം ചിന്തിച്ചേക്കാം. അല്പസമയത്തേക്കു നിങ്ങളുടെ ആന്തരിക വേദനയെയോ അല്ലെങ്കിൽ തന്നെക്കുറിച്ചുതന്നെയുള്ള മതിപ്പില്ലായ്മയെയോ ഒരു കുടി ദൂരീകരിക്കുന്നു എന്നു തോന്നിയേക്കാമെന്നതു ശരിതന്നെ. എന്നാൽ അവസാനം മദ്യത്തിലുള്ള ആശ്രയം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനേ ഉപകരിക്കുന്നുള്ളൂ; സുഹൃദ്ബന്ധങ്ങൾ തകരുന്നു, കുടുംബബന്ധങ്ങൾ ഉലയുന്നു. കൂടുതലായി, മദ്യം നിങ്ങളുടെ നിയന്ത്രണങ്ങളെ കുറയ്ക്കുന്നതുകൊണ്ട് അതിന് എളുപ്പത്തിൽ “ബുദ്ധിയെ കെടുത്തുകളയാ”നും നിങ്ങളെ ഗുരുതരമായ ദുർന്നടത്തയിലേക്കു നയിക്കാനും കഴിയും.—ഹോശേയ 4:11.
വലിയ അളവുകളിലുള്ള മദ്യത്തിനു നിങ്ങളുടെ മർമ്മപ്രധാനമായ അവയവങ്ങളെ ക്രമേണ വിഷലിപ്തമാക്കിക്കൊണ്ടു ശരീരത്തോട് എന്തു ചെയ്യാൻ കഴിയുമെന്നു ചിന്തിക്കുക. അമിതമായ മദ്യപാനം “ദുരിതത്തിലും പശ്ചാത്താപത്തിലും കലഹങ്ങളിലും ഉൽക്കണ്ഠയിലും ചതവുകളി”ലും കലാശിക്കുന്നുവെന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 23:29-30, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) നിങ്ങൾക്കു ലഭിക്കുന്ന ഏതെങ്കിലും ക്ഷണികമായ സുഖത്തിനു കൊടുക്കാവുന്നതാണോ ഈ വില?
സന്തോഷവാനായിരിക്കുവാൻ നിങ്ങൾക്കു മദ്യത്തിന്റെ ആവശ്യമില്ലെന്നു നിങ്ങളെത്തന്നെ അനുസ്മരിപ്പിക്കുന്നതു സഹായിച്ചേക്കാം. ആത്മാഭിമാനവും നല്ല ആരോഗ്യവും വിശ്വസ്തരായ സുഹൃത്തുക്കളും ഒരു സ്നേഹമുള്ള കുടുംബവും ഉണ്ടായിരിക്കാൻ ഒരു കൃത്രിമ ഔന്നത്യത്തിന്റെ ആവശ്യം നിങ്ങൾക്കില്ല. ജീവിതത്തിന്റെ ഈ മണ്ഡലങ്ങളിലുള്ള വിജയം വരുന്നതു ദൈവവചനം ബാധകമാക്കുന്നതിലൂടെയാണ്. (സങ്കീർത്തനം 1:1-3) വൈകാരികമോ ശാരീരികമോ ആയ വേദനയില്ലാത്ത നിത്യമായ ജീവിതമെന്ന ഏറെ ശോഭനമായ ഒരു ഭാവിക്കായുള്ള ഒരു പ്രത്യാശയുംകൂടെ ആ വചനം നിങ്ങൾക്കു നല്കുന്നു! (വെളിപ്പാടു 21:3, 4) അത്തരമൊരു പ്രത്യാശ മദ്യം വർജ്ജിക്കാൻ നിങ്ങൾക്കു മറെറാരു കാരണംകൂടെ നല്കുന്നു.—1 കൊരിന്ത്യർ 6:9, 10 താരതമ്യപ്പെടുത്തുക.
സഹായം സ്വീകരിക്കുക
എന്നിരുന്നാലും പൂർവ്വസ്ഥിതിപ്രാപിക്കാനുള്ള വെറുമൊരു ആഗ്രഹം സാധാരണമായി മതിയായിരിക്കുന്നില്ല. മററുള്ളവരിൽനിന്നുമുള്ള പിന്തുണയും സഹായവുംകൂടെ നിങ്ങൾക്കാവശ്യമായിരിക്കും. “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു” എന്നു ശലോമോൻ രാജാവു പറഞ്ഞു. “വീണാൽ ഒരുവൻ മറേറവനെ എഴുന്നേല്പിക്കും.” (സഭാപ്രസംഗി 4:9, 10) നിങ്ങളുടെ പ്രശ്നത്തിൽ നിങ്ങളെ സഹായിക്കാൻ ആരെയെങ്കിലും ആശ്രയിക്കുന്നത് എളുപ്പമായിരിക്കില്ല. എന്നാൽ പൂർവ്വസ്ഥിതിപ്രാപിച്ചുവരുന്ന കാത്തി എന്നു പേരുള്ള ഒരു മദ്യാസക്ത ഈ ഉപദേശം നല്കുന്നു: “ആളുകളിൽ വിശ്വാസമർപ്പിക്കാൻ പഠിക്കൂ, പ്രത്യേകിച്ചു നിങ്ങളുടെ കുടുംബത്തിൽ.” അതേ, മിക്കവാറും സംഗതികളിൽ നിങ്ങളുടെ കുടുംബം നിങ്ങൾക്കാവശ്യമുള്ള സ്നേഹവും പിന്തുണയും നല്കാൻ കഴിയുന്ന ഏററവും നല്ല സ്ഥാനത്താണ്.
നിങ്ങൾ മദ്യപാനത്തിൽ ഉൾപ്പെടാനുള്ള ഒന്നാമത്തെ കാരണം നിങ്ങളുടെ കുടുംബ സാഹചര്യമായിരിക്കാമെന്നതു സത്യമായിക്കൊള്ളട്ടെ. എന്നാൽ നിങ്ങളുടെ സാഹചര്യത്തെപ്പററി മാതാപിതാക്കളെ ബോധവാൻമാരാക്കിയാൽ വീട്ടിലെ കാര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യം അവർക്കു കാണാനാവില്ലേ? തന്നിമിത്തം നിങ്ങൾക്ക് ഒരു ഗുരുതരമായ പ്രശ്നമുണ്ടെന്നു പറഞ്ഞുകൊണ്ടു മാതാപിതാക്കളെ സമീപിക്കാൻ നിങ്ങൾക്ക് എന്തുകൊണ്ടു ശ്രമിച്ചുകൂടാ? സകല കുററവും അവരുടെമേൽ വെക്കുന്നതിനുപകരം, അവരുടെ സഹായത്തിനും പിന്തുണയ്ക്കും വേണ്ടി അഭ്യർത്ഥിക്കുക. മാതാപിതാക്കളോടു തുറന്നതും സത്യസന്ധവുമായ ഒരു സമീപനം സ്വീകരിക്കുന്നത്, ദൈവഭവനത്തെപ്പോലെ “യുക്തമായി ചേർന്നു . . . ഏകീഭവിക്കാൻ” നിങ്ങളുടെ കുടുംബത്തെ സഹായിക്കും. (എഫെസ്യർ 4:16) ഈ വിധത്തിൽ നിങ്ങൾക്കെല്ലാവർക്കും വിജയകരമായ ഒരു തിരിച്ചുവരവിനായി ഒരുമിച്ചു പ്രവർത്തിക്കുന്നതിനു തുടക്കമിടാനാകും.
കുടുംബത്തിൽനിന്നു പിന്തുണ ലഭിക്കുന്നില്ലെങ്കിൽ, മററുള്ളവർക്കു സഹായമെത്തിക്കാൻ കഴിയും.b (സദൃശവാക്യങ്ങൾ 17:17) ബോബുമായി ഒരു ക്രിസ്തീയ മൂപ്പൻ സൗഹൃദം സ്ഥാപിച്ചു. അദ്ദേഹം ഓരോ ആഴ്ചയിലും അവനെ കാണുകയും അങ്ങനെ മാസങ്ങളോളം അവന്റെ പുരോഗതി ശ്രദ്ധാപൂർവം നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ബോബ് പറയുന്നു: “അദ്ദേഹത്തിന്റെ താത്പര്യവും ശ്രദ്ധയും എന്റെ ദുഷിച്ച സ്വഭാവം മാററാൻ ആവശ്യമായ ആത്മാഭിമാനം എനിക്കു നല്കി.”—യാക്കോബ് 5:13, 14.
സകലത്തിലുമുപരിയായി, യഹോവയാം ദൈവത്തിന്റെ സഹായം നിങ്ങൾക്ക് ആവശ്യമാണെന്നു തിരിച്ചറിയുക. ബലത്തിനായി അവനിൽ ആശ്രയിക്കുക. അതെ, ദൈവത്തിന്റെ സഹായത്താൽ “മനംതകർന്നവർ”ക്കു യഹോവയുടെ ‘സൗഖ്യമാക്കലും അവരുടെ മുറിവുകളുടെ കെട്ട’ലും അനുഭവിക്കാൻ സാധിക്കും.—സങ്കീർത്തനം 147:3; സങ്കീർത്തനം 145:14 കൂടെ കാണുക.
പുതിയ സുഹൃത്തുക്കളെ കണ്ടെത്തുക
മദ്യം ദുരുപയോഗിക്കുന്ന ചെറുപ്പക്കാരുടെമേലുള്ള മുഖ്യമായ ഒരു സ്വാധീനം സുഹൃത്തുക്കളാണെന്നു ന്യൂസിലൻഡിലെ ഒരു സർവ്വേ റിപ്പോർട്ടു ചെയ്യുന്നു. അതുകൊണ്ടു കുടിയൻമാരുമായി നിങ്ങൾ സഹവസിക്കുകയാണെങ്കിൽ മദ്യപാനം നിർത്തുന്നതു ദുഷ്ക്കരമാണെന്നു നിങ്ങൾ കണ്ടെത്തും. ഇക്കാരണത്താൽ ബൈബിൾ പ്രബോധിപ്പിക്കുന്നു: “നീ വീഞ്ഞു കുടിക്കുന്നവരുടെ (മുഴുകുടിയൻമാരുടെ, NW) കൂട്ടത്തിൽ . . . ഇരിക്കരുത്.” (സദൃശവാക്യങ്ങൾ 23:20) പുതിയതും ആരോഗ്യാവഹവുമായ സുഹൃദ്ബന്ധങ്ങൾ വളർത്തിയെടുക്കുക. “ചീത്ത സഹവാസം പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കിക്കളയുന്നു”വെന്നതു സത്യമായിരിക്കുന്നതുപോലെ, നല്ല സുഹൃത്തുക്കൾ ഒരു ഗുണപരമായ സ്വാധീനമാണ്.—1 കൊരിന്ത്യർ 15:33, NW.
ഇതു സത്യമാണെന്നു കിം കണ്ടെത്തി. അവൾ ഇങ്ങനെ സമ്മതിച്ചുപറയുന്നു: “അതു ദുഷ്ക്കരമായിരുന്നു, എന്നാൽ എന്റെ സുഹൃത്തുക്കളെ എനിക്കു മാറേറണ്ടിവന്നു . . . മദ്യത്തിന്റെയോ മയക്കുമരുന്നുകളുടെയോ അരികത്തായിരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല.” മദ്യപിക്കാത്ത സുഹൃത്തുക്കളെ കണ്ടെത്തുക പ്രയാസമാണെന്നു സമ്മതിക്കാം. എന്നിരുന്നാലും യഹോവയുടെ സാക്ഷികളുടെ ഇടയിലെ മാതൃകായോഗ്യരായ യുവജനങ്ങൾ നിയമവിരുദ്ധ മദ്യപാനത്തിൽ ഏർപ്പെടുന്നില്ലെന്നു നിങ്ങൾക്കു കാണാം. വിനോദത്തിന്റെയോ മോചനത്തിന്റെയോ ഒരു ഉറവെന്നനിലയിൽ അവർ മദ്യത്തിൽ ആശ്രയിക്കുന്നുമില്ല. അതുകൊണ്ടു “പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകള”യാനുള്ള നിങ്ങളുടെ ശ്രമങ്ങളെ സഹായിക്കാൻ—തടയാനല്ല—അവർക്കു കഴിയും.—കൊലൊസ്സ്യർ 3:9.
നിങ്ങൾക്കു പൂർവ്വസ്ഥിതി പ്രാപിക്കാൻ കഴിയും!
മദ്യം കൂടാതെ ജീവിക്കുന്നതു നിങ്ങൾക്കു നീണ്ടുപോകുന്ന ഒരു പോരാട്ടമായിരിക്കും. വർജ്ജനം ചില സമയങ്ങളിൽ വളരെ വിഷമകരമായിരിക്കാം. “(മദ്യപിക്കാനുള്ള) വളരെ ശക്തമായ നിർബന്ധം എന്നിൽ ഇപ്പോഴുമുണ്ട്, പ്രത്യേകിച്ചു ഞാൻ ആകുലചിത്തയോ കുണ്ഠിതയോ വിഷണ്ണയോ വ്രണിതയോ ആയിരിക്കുമ്പോൾ”, എന്ന് അന സമ്മതിച്ചുപറഞ്ഞു. അതിനാൽ പൂർവ്വസ്ഥിതിപ്രാപിച്ചുവരുന്ന ഒരു മദ്യാസക്തന് അത്യുഗ്രമായ കുററബോധങ്ങളിലേക്കു നയിക്കുന്ന ഒരു പുനഃപതനം അനുഭവപ്പെടുകയെന്നത് അസാധാരണമായ ഒരു സംഗതിയല്ല. അപ്രകാരം സംഭവിക്കുന്നെങ്കിൽ, “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു” എന്ന് ഓർമ്മിക്കുക. (യാക്കോബ് 3:2) നിങ്ങളുടെ ബലഹീനതകളെ അറിയുന്ന കരുണയുടെ ഒരു ദൈവമാണു യഹോവ എന്നതും ഓർമ്മിക്കുക.—സങ്കീർത്തനം 103:14
എന്നിരുന്നാലും, ദൈവത്തിന്റെ ദയയെ ദുരുപയോഗപ്പെടുത്താതിരിക്കാൻ ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ തെററിൽനിന്നു പഠിക്കുക, വീണ്ടുമൊരു പുനഃപതനത്തിലേക്കെത്തിപ്പെടാതിരിക്കാൻ മുമ്പെന്നത്തേക്കാളുമധികമായി ദൃഢനിശ്ചയം ചെയ്യുക. അത്തരമൊരു ദൃഢനിശ്ചയം പ്രകടമാക്കിയതിനാൽ, ബോബിനു മദ്യപാനം നിർത്തുവാൻ കഴിഞ്ഞു. അന്നുമുതൽ, അവന്റെ കുടുംബവുമായും ദൈവവുമായും സമാധാനപൂർണ്ണമായ ബന്ധങ്ങൾ ആസ്വദിക്കാൻ അവനു സാധിച്ചിരിക്കുന്നു. ഇപ്പോഴത്തെ അവന്റെ സന്തുഷ്ടമായ ജീവിതത്തിൽ ഒരു മുഴുസമയ ശുശ്രൂഷകനെന്നനിലയിലുള്ള സേവനവും ഉൾപ്പെടുന്നു. മദ്യത്തിനെതിരായ പോരാട്ടത്തിൽ നിങ്ങൾ വിജയിച്ചാൽ, സന്തുഷ്ടിയും മനഃസമാധാനവും നിങ്ങൾക്കുമുണ്ടാകും. (g93 1/22)
[അടിക്കുറിപ്പുകൾ]
a “യുവജനങ്ങൾ ചോദിക്കുന്നു . . . കുടിക്ക് എന്നെ വാസ്തവത്തിൽ കുരുക്കിലാക്കാനാവുമോ?” (ഉണരുക! 1993, ഏപ്രിൽ 8) എന്ന ലേഖനം ഈ കാര്യത്തിൽ നിങ്ങൾക്കൊരു പ്രശ്നമുണ്ടോയെന്നു നിശ്ചയിക്കുവാൻ നിങ്ങളെ സഹായിക്കും.
b മദ്യാസക്തിയുള്ളവരെ കൈകാര്യംചെയ്യാൻ പരിശീലനം സിദ്ധിച്ചിട്ടുള്ള ഡോക്ടർമാരുടെയും ഉപദേഷ്ടാക്കളുടെയും സഹായത്തിൽനിന്നു ധാരാളം പേർക്കു പ്രയോജനം ലഭിച്ചിട്ടുണ്ട്. ചില വിദഗ്ദ്ധർ വിശ്വസിക്കുന്നത് ആസക്ത സ്വഭാവംതന്നെ നിർത്തുന്നതുവരെ പൂർവ്വസ്ഥിതിയിലാക്കുന്നതിന്റെ മററുവശങ്ങളിൻമേലുള്ള ശ്രമത്തിനു വിജയിക്കാനാവില്ല എന്നാണ്. ഇതിനാലും മററു കാരണങ്ങളാലും, മദ്യാസക്തിനിർമ്മാർജ്ജന പരിപാടിക്കായി മദ്യാസക്തർ ഒരു ആശുപത്രിയിലോ ക്ലിനിക്കിലോ പ്രവേശിക്കണമെന്നാണു ചിലർ ശുപാർശ ചെയ്യുന്നത്.
[16-ാം പേജിലെ ചിത്രം]
യുവ മദ്യാസക്തർ തങ്ങൾക്കൊരു പ്രശ്നമുണ്ടെന്നു നിഷേധിക്കാൻ ചായ്വു കാണിക്കുന്നു