വീടുകളിലെ അക്രമത്തിന് ഒരു അന്തം
“ഭവനത്തിലെ അക്രമത്തെ തടയുന്നതിലും കുടുംബത്തിലെ അക്രമം കുറയ്ക്കുന്നതിലും സമൂഹത്തിലെയും കുടുംബത്തിലെയും ഘടനാപരമായ വലിയ മാററങ്ങൾ ഉൾപ്പെടുന്നു.”—കതകുകൾ അടച്ചിട്ടുകൊണ്ട്.
മാനവ ചരിത്രത്തിലെ ആദ്യത്തെ കൊലപാതകം സഹോദരൻമാർ ഉൾപ്പെട്ടതായിരുന്നു. (ഉല്പത്തി 4:8) അതിൽപ്പിന്നെ സഹസ്രാബ്ദങ്ങളായി മനുഷ്യൻ വീട്ടിലെ സകലവിധ അക്രമത്താലും ബാധിക്കപ്പെട്ടിരിക്കുകയാണ്. അനേകം പരിഹാരങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്, പക്ഷേ മിക്കതിനും ന്യൂനതകളുണ്ട്.
ഉദാഹരണത്തിന് പുനഃരധിവസിപ്പിക്കൽ തങ്ങളുടെ പ്രശ്നത്തെ അംഗീകരിക്കുന്ന അപരാധികളെ മാത്രമേ സഹായിക്കുന്നുള്ളു. സുഖംപ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാര്യാദ്രോഹി ഇങ്ങനെ വിലപിച്ചു: “(പുനഃരധിവസിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന) ഞങ്ങളിൽ ഓരോരുത്തർക്കും ‘നിന്റെ കിളവിയെ നിയന്ത്രണത്തിൽ നിർത്തേണ്ടതുണ്ട്’ എന്നു പറയുന്ന മൂന്നുപേർ പുറത്ത് ഉണ്ട്.” അതുകൊണ്ട് ഒരു ഉപദ്രവകാരി അയാളുടെ സാഹചര്യവുമായി പൊരുത്തപ്പെടേണ്ടത് ആവശ്യമാണ്. അയാൾ ഒരു ഉപദ്രവകാരിയായിത്തീർന്നത് എന്തുകൊണ്ടാണ്? സ്വന്തം തെററുകൾ തിരുത്തുവാൻ സഹായം സ്വീകരിക്കുന്നതിനാൽ അയാൾക്കു കാലക്രമത്തിൽ പ്രശ്നത്തെ തരണം ചെയ്യാവുന്നതാണ്.
എന്നാൽ സാമൂഹിക പരിപാടികളിൽ ജോലിക്കാരുടെ എണ്ണം കുറവാണ്. തത്ഫലമായി ഐക്യനാടുകളിൽ കുട്ടികളുടെ കൊലക്കേസുകളിൽ, 90 ശതമാനത്തിലും ആപത്കരമായ കുടുംബസാഹചര്യങ്ങൾ കൊലയ്ക്കു മുമ്പേ റിപ്പോർട്ടു ചെയ്തിരുന്നതായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട്, സാമൂഹിക പരിപാടികൾക്കും പോലീസുകാരുടെ സംഘടനകൾക്കും ഒരു പരിധിവരെ മാത്രമേ പ്രവർത്തിക്കാൻ കഴിയുന്നുള്ളു. മുഖ്യമായി ആവശ്യമായിരിക്കുന്നതു മററുചിലതുണ്ട്.
“പുതിയ വ്യക്തിത്വം”
“കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ഒരു ഉടച്ചുവാർക്കലാണ് ആവശ്യമായിരിക്കുന്നത്” എന്ന് ഒരു ഗവേഷണസംഘം പറയുന്നു. വീട്ടിലെ അക്രമം വെറും ദേഹോപദ്രവത്തിന്റെ പ്രശ്നമല്ല; അതു പ്രധാനമായും മനസ്സിന്റെ ഒരു പ്രശ്നമാണ്. കുടുംബാംഗങ്ങൾ—ഭാര്യ, ഭർത്താവ്, കുട്ടി, മാതാവ്, പിതാവ്, സഹോദരി, സഹോദരൻ—എപ്രകാരം പരസ്പരം വീക്ഷിക്കുന്നു എന്നതിലാണ് അതിന്റെ ഉത്ഭവം. ഈ ബന്ധങ്ങൾ ഉടച്ചുവാർക്കുന്നതിന്റെ അർത്ഥം ബൈബിൾ പറയുന്ന “പുതിയ വ്യക്തിത്വം” ധരിക്കുക എന്നതാണ്.—എഫേസ്യർ 4:22-24, NW; കൊലൊസ്സ്യർ 3:8-10.
കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധത്തെ മെച്ചപ്പെടുത്താൻ ഉതകുന്ന പുതിയ ക്രിസ്തുതുല്യ വ്യക്തിത്വം ധരിക്കാൻ സഹായകമായ കുടുംബസംബന്ധമായ ബൈബിൾ തത്ത്വങ്ങൾ നമുക്കു പരിശോധിക്കാം.—മത്തായി 11:28-30 കാണുക.
മക്കളെ വീക്ഷിക്കൽ: മാതാപിതാക്കളായിരിക്കുന്നതിൽ മക്കളെ ജനിപ്പിക്കുന്നതിലും കൂടുതൽ ഉൾപ്പെട്ടിരിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, ഇന്നു പല മാതാപിതാക്കളും തങ്ങളുടെ മക്കളെ ഒരു ഭാരമായി വീക്ഷിക്കുകയും തന്നിമിത്തം മാതാപിതാക്കളെന്ന നിലയിലുള്ള തങ്ങളുടെ ധർമ്മത്തോടു പ്രതിബദ്ധത ഇല്ലാതിരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവർ ഉപദ്രവകാരികളായിത്തീരാൻ സാദ്ധ്യതയുണ്ട്.
ബൈബിൾ മക്കളെ വിളിക്കുന്നത് “യഹോവ നല്കുന്ന അവകാശവും” “പ്രതിഫലവും” എന്നാണ്. (സങ്കീർത്തനം 127:3) ആ അവകാശത്തിനുവേണ്ടി കരുതുന്നതിൽ മാതാപിതാക്കൾ സ്രഷ്ടാവിനോട് ഉത്തരംപറയാൻ ബാദ്ധ്യസ്ഥരാണ്. മക്കളെ ഭാരമായി കാണുന്നവർ ഇക്കാര്യത്തിൽ ഒരു പുതിയ വ്യക്തിത്വം വളർത്തിയെടുക്കേണ്ടത് ആവശ്യമാണ്.a
കുട്ടികളെ സംബന്ധിച്ച യാഥാർത്ഥ്യബോധത്തോടു കൂടിയ പ്രതീക്ഷ: ഉപദ്രവകാരികളായ അനേകം മാതാക്കൾ കുട്ടികൾ ഒരു വയസ്സാകുമ്പോഴേക്കും ശരിയും തെററും തിരിച്ചറിയാൻ പ്രതീക്ഷിക്കുന്നതായി ഒരു പഠനം തെളിയിച്ചു. സർവ്വേചെയ്തവരിൽ മൂന്നിലൊരു ഭാഗം ആറുമാസത്തെ പ്രായം നിർദ്ദേശിച്ചു.
സകലരും അപൂർണ്ണരായിട്ടാണു ജനിക്കുന്നതെന്നു ബൈബിൾ കാണിക്കുന്നു. (സങ്കീർത്തനം 51:5; റോമർ 5:12) വിവേകം ജനനത്തിൽ ആർജ്ജിക്കുന്നുവെന്ന് അത് അവകാശപ്പെടുന്നില്ല. മറിച്ച് അതു പറയുന്നത് “നൻമതിൻമകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവർക്കേ പററുകയുള്ളു” എന്നാണ്. (എബ്രായർ 5:14) കൂടാതെ ബൈബിൾ “ശിശുവിനുള്ള ലക്ഷണങ്ങൾ,” ബാല്യത്തിന്റെ “ഭോഷത്വം,” യൌവനത്തിന്റെ “മായ” എന്നിവയെപ്പററി പറയുന്നു. (1 കൊരിന്ത്യർ 13:11; സദൃശവാക്യങ്ങൾ 22:15; സഭാപ്രസംഗി 11:10) മാതാപിതാക്കൾ ഈ പരിമിതികൾ മനസ്സിലാക്കുകയും കുട്ടിയുടെ പ്രായത്തിലും പ്രാപ്തിയിലും കവിഞ്ഞതു പ്രതീക്ഷിക്കാതിരിക്കുകയും ചെയ്യേണ്ടതുണ്ട്.
കുട്ടികൾക്കു ശിക്ഷണം കൊടുക്കൽ: ബൈബിളിൽ “ശിക്ഷണം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അർത്ഥം “പഠിപ്പിക്കുക” എന്നാണ്. അതുകൊണ്ട് ശിക്ഷണത്തിന്റെ ലക്ഷ്യം പ്രഥമമായി, വേദനിപ്പിക്കുകയല്ല മറിച്ചു പരിശീലിപ്പിക്കുകയാണ്. കൈകൊണ്ടുള്ള അടി ചിലസമയങ്ങളിൽ ആവശ്യമാണെങ്കിൽപ്പോലും മിക്ക സമയങ്ങളിലും അതുകൂടാതെ തന്നെ പരിശീലനം നിർവ്വഹിക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 13:24) ബൈബിൾ പറയുന്നു: “പ്രബോധനം കേട്ടു ബുദ്ധിമാൻമാരായിരിപ്പിൻ.” (സദൃശവാക്യങ്ങൾ 8:33) ഒരുവൻ “ദീർഘക്ഷമ”യോടെ ശാസനകൊടുത്തുകൊണ്ട് “ദോഷം സഹിക്കുന്നവൻ” ആയിരിക്കേണം, എന്ന് അപ്പോസ്തലനായ പൗലോസും എഴുതി. (2 തിമൊഥെയൊസ് 2:24; 4:2) അടി ആവശ്യമായിരിക്കുമ്പോൾപോലും, ഇതു കോപംപൂണ്ടുള്ള പൊട്ടിത്തെറിയെയും അമിതബലപ്രയോഗത്തെയും തടയുന്നു.
ഈ ബൈബിൾ തത്ത്വങ്ങളുടെ വീക്ഷണത്തിൽ നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്റെ ശിക്ഷണം പഠിപ്പിക്കുന്നുണ്ടോ, അതോ അതു വേദനപ്പിക്കുന്നതിനാൽ നിയന്ത്രിക്കുന്നതേ ഉള്ളോ? എന്റെ ശിക്ഷണം ശരിയായ തത്ത്വങ്ങൾ ആണോ വെറും ഭയമാണോ മനസ്സിൽ പതിപ്പിക്കുന്നത്?’
പ്രായപൂർത്തിയായവർക്കു പെരുമാററ നിയന്ത്രണങ്ങൾ: ഒരു ഉപദ്രവകാരി കേവലം “നിയന്ത്രണങ്ങൾ വിട്ടുപോയ”തിനാൽ ഭാര്യയെ പ്രഹരിച്ചതായി അവകാശപ്പെട്ടു. ഭാര്യയെ അയാൾ എന്നെങ്കിലും കുത്തിമുറിവേൽപ്പിച്ചിട്ടുണ്ടോ എന്ന് ഒരു ഉപദേശകൻ ചോദിച്ചപ്പോൾ “ഒരിക്കലും ഞാനതു ചെയ്യുകയില്ല!” എന്ന് അയാൾ പ്രത്യുത്തരം നല്കി. ഒരുകൂട്ടം നിയന്ത്രണങ്ങൾക്കുള്ളിലാണ് അയാൾ പ്രവർത്തിച്ചത് എന്നു മനസ്സിലാക്കാൻ അയാളെ സഹായിച്ചുവെങ്കിലും അവ ശരിയായ നിയന്ത്രണങ്ങളല്ലായിരുന്നു എന്നതാണു പ്രശ്നം.
നിങ്ങൾ എവിടെയാണു നിയന്ത്രണങ്ങൾ വെച്ചിരിക്കുന്നത്? ഒരു അഭിപ്രായവ്യത്യാസം ഏതെങ്കിലും ദുഷ്പെരുമാററമായി തീരുന്നതിനുമുമ്പു നിങ്ങൾ നിർത്തുന്നുണ്ടോ? അതോ നിങ്ങൾക്കു ആത്മനിയന്ത്രണം ഇല്ലാതാവുകയും തത്ഫലമായി ഒടുവിൽ ആക്രോശിക്കുകയും അപമാനിക്കുകയും തള്ളുകയും സാധനങ്ങൾ എടുത്തെറിയുകയും മർദ്ദിക്കുകയും ചെയ്യുന്നുവോ?
പുതിയ വ്യക്തിത്വത്തിനു മാനസിക ദുഷ്പെരുമാററത്തിനോ ദേഹോപദ്രവത്തിനോ ഇടം കൊടുക്കാത്ത കർശനമായ പരിധിയുണ്ട്. “ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുത്” (ഇററാലിക്സ് ഞങ്ങളുടേത്.) എന്നു എഫെസ്യർ 4:29 പറയുന്നു. “എല്ലാ കൈപ്പും കോപവും ക്രോധവും കൂററാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ” എന്നു 31-ാം വാക്യം കൂട്ടിച്ചേർക്കുന്നു. “ക്രോധം” എന്നതിന്റെ ഗ്രീക്കു പദം “ആവേശ പ്രകൃതത്തെ” കുറിക്കുന്നു. കുട്ടികളെ ദ്രോഹിക്കുന്നവരുടെ ഇടയിലുള്ള ഒരു പൊതുസ്വഭാവം “ഞെട്ടിക്കുന്ന ആവേശ നിയന്ത്രണമില്ലായ്മ”യാണ് എന്നു ടോക്സിക്ക് പേരൻറ്സ് എന്ന പുസ്തകം കുറിക്കൊള്ളുന്നു. പുതിയ വ്യക്തിത്വം ശാരീരികമായും വാക്കാലും ഉള്ള ആവേശങ്ങൾക്കു ദൃഢമായ പരിധികൾ വെക്കുന്നു.
തീർച്ചയായും പുതിയ വ്യക്തിത്വം ഭർത്താവിനു ബാധകമാകുന്നതുപോലെ ഭാര്യക്കും ബാധകമാണ്. അവൾ ഭർത്താവിനെ പ്രകോപിപ്പിക്കാതെ, അയാൾ കുടുംബത്തെ സംരക്ഷിക്കുന്നതിനുവേണ്ടി ചെയ്യുന്ന പരിശ്രമങ്ങളോടു വിലമതിപ്പു പ്രകടമാക്കിക്കൊണ്ട് അയാളോടു സഹകരിക്കാൻ ശ്രമിക്കണം. അതേസമയം ഇരുവർക്കും ഉളവാക്കാൻ കഴിയാത്തത്—പൂർണ്ണത—പരസ്പരം ആവശ്യപ്പെടരുത്. മറിച്ച് ഇരുവരും 1 പത്രൊസ് 4:8-ൽ പറയുന്നതു ബാധകമാക്കണം: “സകലത്തിന്നും മുമ്പേ തമ്മിൽ ഉററ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.”
പ്രായമുള്ളവരോടുള്ള ബഹുമാനം: “പ്രായമുള്ള ആളുകളോടു ബഹുമാനം കാട്ടുകയും അവരെ മാനിക്കുകയും ചെയ്യുക” എന്നു ലേവ്യപുസ്തകം 19:32 പറയുന്നു. (ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) പ്രായമുള്ള മാതാപിതാക്കളിൽ ഒരാൾ രോഗിയും അമിതാവശ്യങ്ങൾ ഉന്നയിക്കുന്ന ആളും ആണെങ്കിൽ ഇതൊരു വെല്ലുവിളിയായേക്കാം. ഒന്നു തിമോഥെയോസ് 5:3, 4, NW മാതാപിതാക്കൻമാർക്കു “മാന”വും “തക്കപ്രതിഫല”വും കൊടുക്കുന്നതിനെക്കുറിച്ചു പറയുന്നു. ഇതിൽ സാമ്പത്തികമായ കരുതലുകളും ബഹുമാനവും ഉൾപ്പെട്ടേക്കാം. നമ്മൾ നിസ്സഹായരായ ശിശുക്കളായിരുന്നപ്പോൾ മാതാപിതാക്കൾ നമുക്കുവേണ്ടി ചെയ്ത എല്ലാകാര്യങ്ങളുടെയും വീക്ഷണത്തിൽ ആവശ്യമുള്ളപ്പോൾ നമ്മൾ അവർക്കു സമാനമായ പരിഗണന നൽകേണ്ടതാണ്.
സഹോദരങ്ങൾ തമ്മിലുള്ള മത്സരത്തെ ജയിച്ചടക്കുക: കയീന്റെ പക തന്റെ സഹോദരനായ ഹാബേലിനെ കൊലചെയ്യുന്നതിലേക്കു നയിക്കുന്നതിനു മുമ്പ് “പാപം നിന്റെ വാതിൽക്കൽ പതുങ്ങി കിടക്കുന്നു. അതു നിന്നെ ഭരിക്കാനാഗ്രഹിക്കുന്നു, പക്ഷേ നീ അതിനെ കീഴടക്കണം” എന്നു അവൻ ഗുണദോഷിക്കപ്പെട്ടിരുന്നു. (ഉല്പത്തി 4:7, TEV) വികാരങ്ങളെ നിയന്ത്രിക്കാവുന്നതാണ്. പരസ്പരം ക്ഷമാശീലരായിരിക്കാൻ പഠിക്കുക, “നിങ്ങൾ പരസ്പരം സ്നേഹിക്കുന്നതുകൊണ്ട് ഔദാര്യപൂർവ്വം വിട്ടുവീഴ്ച ചെയ്തുകൊണ്ട്”—എഫേസ്യർ 4:2, ഫിലിപ്സ്.
വിശ്വാസമർപ്പിക്കാൻ പഠിക്കൽ
വീട്ടിലെ അക്രമത്തിന്റെ അനേകം ഇരകളും അതു നിശ്ശബ്ദം സഹിക്കുന്നവരാണ്. എന്നാൽ “മർദ്ദിത സ്ത്രീകൾ പ്രാപ്തിയുള്ള മൂന്നാമതൊരാളിൽനിന്നു വൈകാരികവും ശാരീരികവുമായ സംരക്ഷണം തേടേണ്ടതാണ്” എന്നു ഡോ. ജോൺ റൈററ് ഉദ്ബോധിപ്പിക്കുന്നു. ദ്രോഹിക്കപ്പെട്ട ഏതു കുടുംബാംഗങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്.
ചില സമയങ്ങളിൽ ഇരയായ ഒരാൾ മറെറാരു വ്യക്തിയിൽ വിശ്വാസമർപ്പിക്കുന്നതു ബുദ്ധിമുട്ടാണെന്നു കണ്ടെത്തുന്നു. ഏതായാലും ഏററവും അടുത്ത സാമൂഹിക ഘടകത്തിനുള്ളിൽ—കുടുംബത്തിൽ—വിശ്വാസം വേദനയിൽ കലാശിച്ചിരിക്കുകയാണ്. എന്നിരുന്നാലും “സഹോദരനെക്കാളും പററുള്ള സ്നേഹിതൻമാരും ഉണ്ട്” എന്നു സദൃശവാക്യങ്ങൾ 18:24 പറയുന്നു. അപ്രകാരമുള്ള ഒരു സ്നേഹിതനെ കണ്ടുപിടിക്കുന്നതും വിവേകത്തോടെ വിശ്വാസമർപ്പിക്കാൻ പഠിക്കുന്നതും ആവശ്യമായ സഹായം ലഭിക്കുന്നതിനുള്ള ഒരു മൂല്യവത്തായ നടപടിയാണ്. തീർച്ചയായും ഉപദ്രവകാരിക്കും സഹായത്തിന്റെ ആവശ്യമുണ്ട്.
ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകൾ യഹോവയുടെ സാക്ഷികളായിത്തീരുന്നുണ്ട്. ഇവർ പുതിയ വ്യക്തിത്വം ധരിക്കുന്നതിനുള്ള വെല്ലുവിളി സ്വീകരിക്കുന്നു. ഇവരിൽ മുമ്പ് വീട്ടിൽ അക്രമം ചെയ്തിട്ടുള്ളവരും ഉണ്ട്. ഏതു പിൻമാററപ്രവണതക്കെതിരായും പ്രവർത്തിക്കുന്നതിന് അവർ “ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജന”കരമായിത്തീരാൻ ബൈബിളിനെ തുടർന്നും അനുവദിക്കേണ്ടതുണ്ട്.—2 തിമൊഥെയൊസ് 3:16.
ഈ പുതിയ സാക്ഷികൾക്കു പുതിയ വ്യക്തിത്വം ധരിക്കുകയെന്നതു തുടർച്ചയായ ഒരു പ്രക്രിയയാണ്, കാരണം കൊലൊസ്സ്യർ 3:10 പറയുന്നത് അതു “പുതുക്കം പ്രാപിച്ചുകൊണ്ടിരിക്കുന്ന”തായിട്ടാണ്. അതുകൊണ്ട് തുടർച്ചയായുള്ള പരിശ്രമം ആവശ്യമാണ്. സന്തുഷ്ടികരമെന്നുപറയട്ടെ, യഹോവയുടെ സാക്ഷികൾക്ക് ഒരു വലിയ കൂട്ടം ആത്മീയ “സഹോദരൻമാരുടെയും സഹോദരിമാരുടെയും അമ്മമാരുടെയും മക്കളുടെയും” പിന്തുണ ലഭ്യമാണ്.”—മർക്കൊസ് 10:29, 30; എബ്രായർ 10:24, 25 കൂടെ കാണുക.
വീണ്ടും, ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുടെ ഏകദേശം 70,000 സഭകളിലും “കാററിന്നു ഒരു സങ്കേതവും കൊടുങ്കാററിന്നു ഒരു മറവും” പോലെ സേവനമനുഷ്ഠിക്കുന്ന സ്നേഹവാൻമാരായ മേൽവിചാരകൻമാരും ഉണ്ട്. “അവരുടെ കണ്ണുകളും ചെവികളും ജനങ്ങളുടെ ആവശ്യങ്ങൾക്കായി തുറന്നിരിക്കും.” (യെശയ്യാവു 32:2, 3, TEV) അങ്ങനെ യഹോവയുടെ പുതിയ സാക്ഷികൾക്കും കൂടുതൽ പരിചയസമ്പന്നരായവർക്കും പുതിയ വ്യക്തിത്വം ധരിക്കാൻ പരിശ്രമിക്കുമ്പോൾ അത്ഭുതകരമായ സഹായത്തിന്റെ സംഭരണി ക്രിസ്തീയ സഭകളിൽ ലഭ്യമാണ്.
അനുകമ്പയുള്ള മേൽവിചാരകൻമാർ
യഹോവയുടെ സാക്ഷികളുടെ സഭകളിലെ ക്രിസ്തീയ മേൽവിചാരകൻമാരുടെ അരികെ ആളുകൾ ബുദ്ധ്യുപദേശത്തിനായി ചെല്ലുമ്പോൾ നിഷ്പക്ഷമായി എല്ലാവരെയും ശ്രദ്ധിക്കാൻ അവർ പരിശീലിപ്പിക്കപ്പെടുന്നു. എല്ലാവരോടും വിശേഷാൽ ക്രൂരമായ ദുർവിനിയോഗത്തിന് ഇരയായവരോടു വലിയ അനുകമ്പയും വിവേകവും പ്രകടിപ്പിക്കാൻ അവർ പ്രോത്സാഹിപ്പിക്കപ്പെടുന്നു.—കൊലൊസ്സ്യർ 3:12; 1 തെസ്സലൊനീക്യർ 5:14.
ഉദാഹരണത്തിന് മർദ്ദനമേററ ഒരു ഭാര്യക്കു ഗുരുതരമായി പരുക്കേററിരിക്കാം. ഇന്ന് അനേകം ദേശങ്ങളിൽ അതേ മർദ്ദനം കുടുംബത്തിനു വെളിയിലുള്ള ആരെയെങ്കിലും ഏൽപ്പിച്ചിരുന്നെങ്കിൽ ഉപദ്രവകാരി തടവിലായേനെ. അതുകൊണ്ട് ലൈംഗിക ദുർവിനിയോഗംപോലെ മറെറല്ലാ തരത്തിലുമുള്ള ദുഷ്പെരുമാററത്തിന് ഇരയാകുന്നവരോട് അസാധാരണമായ ദയയോടെ പെരുമാറേണ്ടതുണ്ട്.
മാത്രവുമല്ല, ദൈവിക നിയമത്തിനെതിരായി കുററംചെയ്യുന്നവരോടു കണക്കു ചോദിക്കേണ്ടതുണ്ട്. ഇപ്രകാരം സഭയെ ശുദ്ധമായി സൂക്ഷിക്കുകയും മററു നിരപരാധികളായ ആളുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. വളരെ പ്രധാനമായി, ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവാഹത്തിനു തടസ്സം നേരിടുന്നില്ല.—1 കൊരിന്ത്യർ 5:1-7; ഗലാത്യർ 5:9.
വിവാഹത്തെപ്പററി ദൈവത്തിന്റെ വീക്ഷണം
യഹോവയുടെ സാക്ഷികളായിത്തീരുന്നവർ ദൈവവചനത്തിൽ കാണുന്ന ക്രിസ്തീയ ജീവിത തത്ത്വങ്ങൾ അനുസരിക്കാമെന്നു സമ്മതിക്കുന്നു. കുടുംബത്തെ സത്യാരാധനയിൽ വഴികാട്ടുന്നതിനു പുരുഷനെ കുടുംബത്തിന്റെ തലവനായി നിയോഗിച്ചിരിക്കുന്നുവെന്ന് അവർ മനസ്സിലാക്കുന്നു. (എഫെസ്യർ 5:22) എങ്കിലും ശിരഃസ്ഥാനം ഒരിക്കലും ഭാര്യയോടു മൃഗീയമായി പെരുമാറി അവളുടെ വ്യക്തിത്വത്തെ ഞെരുക്കുന്നതിനോ അവളുടെ അഭിലാഷങ്ങളെ അവഗണിക്കുന്നതിനോ അനുവദിക്കുന്നില്ല.
മറിച്ച് ഭർത്താക്കൻമാർ “ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ (തങ്ങളുടെ) ഭാര്യമാരെ സ്നേഹിപ്പിൻ . . . അവൻ . . . തന്നെത്താൻ അവൾക്കു വേണ്ടി എല്പിച്ചുകൊടുത്തു. അവ്വണ്ണം ഭർത്താക്കൻമാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലൊ; . . . അതിനെ പോററി പുലർത്തുകയത്രേ ചെയ്യുന്നതു” എന്നു ദൈവവചനം വ്യക്തമാക്കുന്നു. (എഫെസ്യർ 5:25, 28, 29) വാസ്തവമായും ഭാര്യമാർക്കു “ബഹുമാനം” കൊടുക്കണമെന്നു ദൈവവചനം സ്പഷ്ടമായി പറയുന്നു.—1 പത്രൊസ് 3:7; റോമർ 12:3, 10; ഫിലിപ്പിയർ 2:3, 4 കൂടെ കാണുക.
ഭാര്യയെ വാക്കിനാലോ ശാരീരികമായോ ഉപദ്രവിക്കുകയാണെങ്കിൽ ഒരു ക്രിസ്തീയ ഭർത്താവിനു താൻ അവളെ സ്നേഹിക്കുന്നു അല്ലെങ്കിൽ ബഹുമാനിക്കുന്നു എന്നു വിശ്വാസയോഗ്യമായി അവകാശപ്പെടാൻ കഴിയുകയില്ല. അതു കാപട്യമായിരിക്കും, കാരണം ദൈവത്തിന്റെ വചനം പറയുന്നു: “ഭർത്താക്കൻമാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവളോടു കൈപ്പായിരിക്കയുമരുതു.” (കൊലൊസ്സ്യർ 3:19) താമസിയാതെ, അർമ്മഗെദ്ദോനിൽ ദൈവം ഈ ദുഷ്ട വ്യവസ്ഥിതിയുടെമേൽ തന്റെ ന്യായവിധി നടത്തുമ്പോൾ ദൈവ ഭരണത്തിന്റെ എതിരാളികൾക്കുണ്ടാകുന്ന അതേ ഭാവി കപടഭക്തിക്കാരും അനുഭവിക്കും.—മത്തായി 24:51.
ദൈവഭയമുള്ള ഭർത്താവു ഭാര്യയെ സ്വന്തം ശരീരത്തെപ്പോലെ സ്നേഹിക്കേണ്ടതുണ്ട്. അയാൾ സ്വന്തം ശരീരത്തെ പ്രഹരിക്കുകയൊ മുഖത്തു മുഷ്ടിപ്രഹരം നടത്തുകയൊ സ്വന്തം തലമുടി വലിച്ചുപറിക്കുകയോ ചെയ്യുമോ? അയാൾ മററുള്ളവരുടെ മുന്നിൽവച്ചു പുച്ഛത്തോടും പരിഹാസത്തോടും കൂടെ സ്വയം നിസ്സാരീകരിക്കുമോ? അപ്രകാരം ചെയ്യുന്ന ഒരാൾ, ചുരുക്കിപ്പറഞ്ഞാൽ മാനസികമായി സമനിലതെററിയ ആളായി പരിഗണിക്കപ്പെടും.
ഒരു ക്രിസ്തീയ പുരുഷൻ ഭാര്യയെ മർദ്ദിക്കുകയാണെങ്കിൽ ആ പ്രവൃത്തി അയാളുടെ സമൂല ക്രിസ്തീയ പ്രവൃത്തികളെയും ദൈവമുമ്പാകെ വിലയില്ലാത്തതാക്കി തീർക്കുന്നു. ഒരു “തല്ലുകാരൻ” ക്രിസ്തീയ സഭയിൽ പദവികൾക്കു യോഗ്യനാകുന്നില്ല എന്നുള്ളകാര്യം ഓർക്കുക. (1 തിമൊഥെയൊസ് 3:3; 1 കൊരിന്ത്യർ 13:1-3) തീർച്ചയായും ഇതേ രീതിയിൽ ഭർത്താവിനോടു പെരുമാറുന്ന ഭാര്യമാരും ദൈവത്തിന്റെ നിയമത്തെ ലംഘിക്കുകയാണ്.
ഗലാത്യർ 5:19-21-ൽ ദൈവം കുററംവിധിക്കുന്ന പ്രവൃത്തികളിൽ “പക, പിണക്കം, . . . ക്രോധം” എന്നിവ ഉൾപ്പെടുത്തുകയും “ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല” എന്നു പ്രസ്താവിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇണയെയോ മക്കളെയോ മർദ്ദിക്കുന്നത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. അതു സാധാരണയായി ദേശത്തെ നിയമത്തിന് എതിരാണ്, തീർച്ചയായും ദൈവത്തിന്റെ നിയമത്തിനും എതിരാണ്.
യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന വീക്ഷാഗോപുരം എന്ന മാസിക ക്രിസ്താനികളെന്ന് അവകാശപ്പെടുകയും അതേസമയം മർദ്ദകർ ആയിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചു പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് ഒരു തിരുവെഴുത്തു വീക്ഷണം നല്കിയിരിക്കുന്നു: “ക്രിസ്ത്യാനിയെന്ന് അവകാശപ്പെടുകയും ആവർത്തിച്ചും അനുതാപമില്ലാതെയും അക്രമാസക്തമായ കോപാവേശം പ്രകടമാക്കുകയും ചെയ്യുന്ന ഒരുവനെ സഭയിൽനിന്നു പുറത്താക്കാവുന്നതാണ്,” ബഹിഷ്ക്കരിക്കാവുന്നതാണ്.—മെയ് 1, 1975, പേജ് 287; 2 യോഹന്നാൻ 9, 10 താരതമ്യം ചെയ്യുക.
ദൈവത്തിന്റെ നിയമം അനുവദിക്കുന്നത്
തന്റെ നിയമത്തെ ലംഘിക്കുന്നവരെ ദൈവം ഒടുവിൽ ന്യായം വിധിക്കും. അതിനിടയിൽ കുററവാളി മാററം വരുത്താതെ തന്റെ മർദ്ദനം തുടരുമ്പോൾ മർദ്ദിതരായ ക്രിസ്തീയ ഇണകൾക്കു ദൈവവചനം എന്തു കരുതൽ ചെയ്യുന്നു? നിരപരാധികളായവർ ശാരീരികവും മാനസികവും ആത്മീയവുമായ തങ്ങളുടെ ആരോഗ്യത്തെ, ഒരുപക്ഷേ അവരുടെ ജീവനെ പോലും അപകടപ്പെടുത്താൻ കടപ്പെട്ടിരിക്കുന്നുവോ?
വീക്ഷാഗോപുരം, ഭവനത്തിൽ നടക്കുന്ന അക്രമത്തെപ്പററി അഭിപ്രായം പറഞ്ഞുകൊണ്ടു ദൈവവചനം അനുവദിക്കുന്നതെന്താണെന്നു കുറിക്കൊള്ളുന്നു. അതിങ്ങനെ പ്രസ്താവിക്കുന്നു: “അപ്പോസ്തലനായ പൗലോസ് ഗുണദോഷിക്കുന്നു: ‘ഭാര്യ ഭർത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാർക്കേണം; അല്ലെന്നു വരികിൽ ഭർത്താവോടു നിരന്നുകൊള്ളേണം; ഭർത്താവു ഭാര്യയെ ഉപേക്ഷിക്കയുമരുതു.’” ഇതേ ലേഖനം തുടർന്നു പറയുന്നു: “ഉപദ്രവം അസഹ്യമാവുകയൊ ജീവൻ തന്നെ അപകടത്തിലാകുകയൊ ചെയ്യുന്നപക്ഷം വിശ്വാസിയായിരിക്കുന്ന ഇണക്കു ‘വേർപിരിയാം’. പക്ഷേ കാലക്രമേണ ‘നിരന്നുകൊള്ളു’ന്നതിനായി പരിശ്രമിക്കണം. (1 കൊരിന്ത്യർ 7:10-16) എന്നിരുന്നാലും, ‘വേർപിരിയൽ’ അതിൽത്തന്നെ വിവാഹമോചനത്തിനും പുനർവിവാഹത്തിനും തിരുവെഴുത്തുകാരണങ്ങൾ നൽകുന്നില്ല; എങ്കിലും നിയമാനുസൃതമായ ഒരു വിവാഹമോചനം അല്ലെങ്കിൽ നിയമാനുസൃതമായ വേർപാടു കൂടുതലായ ദുഷ്പെരുമാററത്തിൽനിന്ന് ഒരളവുവരെ സംരക്ഷണം നൽകിയേക്കാം.”—മാർച്ച് 15, 1983, പേജുകൾ 28-9; നവംബർ 1, 1988, പേജുകൾ 22-3 കൂടെ കാണുക.
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എന്തു ചെയ്യണമെന്നത് ഇരയായ ആളുടെ വ്യക്തിപരമായ തീരുമാനമായിരിക്കണം. “ഒരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ.” (ഗലാത്യർ 6:5) മറെറാരാൾക്കും അവൾക്കുവേണ്ടി തീരുമാനമെടുക്കാൻ കഴിയുകയില്ല. തന്റെ ആരോഗ്യത്തിനും ജീവനും ആത്മീയതക്കും ഭീഷണി ഉയർത്തുന്ന ഒരു ദ്രോഹിയായ ഭർത്താവിന്റെ അടുക്കലേക്കു തിരികെ പോകാൻ ആരും അവളെ നിർബന്ധിക്കാൻ ശ്രമിക്കരുത്. അതു സ്വന്തം ഇച്ഛാസ്വാതന്ത്ര്യപ്രകാരമുള്ള സ്വന്തം തീരുമാനം ആയിരിക്കണം, മററുള്ളവരുടെ ഇഷ്ടം അവളുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതുകൊണ്ടായിരിക്കരുത്.—ഫിലേമോൻ 14.
വീടുകളിലെ അക്രമത്തിന് അന്തം
വീട്ടിലെ അക്രമം അന്ത്യനാളുകളുടെ സ്വഭാവമായി ബൈബിൾ മുൻകൂട്ടിപറഞ്ഞിട്ടുള്ളതാണെന്നും അന്ന് അനേകർ “ഉപദ്രവകാരി”കളും “സ്വാഭാവിക പ്രിയമില്ലാത്തവരും” “ഉഗ്രൻമാരും” ആയിരിക്കുമെന്നും യഹോവയുടെ സാക്ഷികൾ മനസ്സിലാക്കിയിരിക്കുന്നു. (2 തിമൊഥെയൊസ് 3:2, 3, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) ദൈവം, ഈ അന്ത്യനാളുകളെ തുടർന്ന് സമാധാനപൂർണ്ണമായ ഒരു പുതിയലോകം ആനയിക്കുമെന്നു വാഗ്ദാനം ചെയ്യുന്നു, അതിൽ ജനങ്ങൾ “നിർഭയമായി വസിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.”—യഹസ്ക്കേൽ 34:28.
ആ അത്ഭുതകരമായ പുതിയ ലോകത്തിൽ വീട്ടിലെ അക്രമം എന്നേക്കും ഒരു കഴിഞ്ഞകാല കാര്യമായിരിക്കും. “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനങ്ങൾ 37:11.
ഭാവിയെ സംബന്ധിച്ചുള്ള ബൈബിൾ വാഗ്ദാനങ്ങളെപ്പററി കൂടുതൽ പഠിക്കുവാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. തീർച്ചയായും ബൈബിൾ തത്ത്വങ്ങൾ നിങ്ങളുടെ കുടുംബ ചുററുപാടുകളിൽ ബാധകമാക്കിക്കൊണ്ടു നിങ്ങൾക്ക് ഇപ്പോൾ പോലും പ്രയോജനങ്ങൾ അനുഭവിക്കാൻ കഴിയും. (g93 2/8)
[അടിക്കുറിപ്പുകൾ]
a എററവും ഫലപ്രദമായി മക്കളെ വളർത്തുന്നതിനു സഹായകമായ വളരെയധികം ബുദ്ധിയുപദേശം, വാച്ച് ടവർ ബൈബിൾ ആൻറ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചിട്ടുള്ള നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ, എന്ന പുസ്തകത്തിൽ “മക്കൾ—ഒരു ഉത്തരവാദിത്വവും പ്രതിഫലവും,” “മാതാപിതാക്കൻമാർ എന്ന നിലയിൽ നിങ്ങളുടെ ധർമ്മം,” “കുട്ടികളെ ശൈശവം മുതൽ പരിശീലിപ്പിക്കുക,” എന്നിങ്ങനെ 7മുതൽ 9വരെയുള്ള അദ്ധ്യായങ്ങളിൽ അടങ്ങിയിട്ടുണ്ട്.
[10-ാം പേജിലെ ചിത്രങ്ങൾ]
ബൈബിൾ തത്ത്വങ്ങൾ കുടുംബ കലഹങ്ങൾ പരിഹരിക്കുന്നതിനു സഹായിക്കുന്നു
[13-ാം പേജിലെ ചിത്രം]
പീഡിതർ പ്രാപ്തിയുള്ള സുഹൃത്തിനെ വിശ്വസിക്കേണ്ടത് ആവശ്യമാണ്