സ്വാതന്ത്ര്യ സൂചിക
എൺപത്തെട്ട വ്യത്യസ്ത രാജ്യങ്ങളിലെ ജനങ്ങൾ എന്തുമാത്രം സ്വാതന്ത്ര്യം ആസ്വദിക്കുന്നുണ്ട് എന്നു സൂചിപ്പിച്ച ഒരു “മാനുഷ സ്വാതന്ത്ര്യ സൂചിക” യുഎൻഡിപി (യുണൈററഡ് നേഷൻസ് ഡിവലപ്മെൻറ് പ്രോഗ്രാം) പ്രസിദ്ധീകരിച്ചു. മനുഷ്യാവകാശങ്ങളുടെ സാർവ്വലൗകിക പ്രഖ്യാപനത്തിൽ പ്രസ്താവിച്ചിരിക്കുന്ന 40 അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും അടിസ്ഥാനത്തിൽ ആ സൂചിക ഒരു രാജ്യത്തിന് ഓരോ സ്വാതന്ത്ര്യത്തിനും ഒരു പോയിൻറു വീതം കൊടുക്കുന്നു.
യൂറോപ്യൻ സമൂഹം പ്രസിദ്ധീകരിക്കുന്ന ദ കുരിയർ എന്ന മാസിക പറയുന്നതനുസരിച്ച് യുഎൻഡിപി അളന്ന ചില സ്വാതന്ത്ര്യങ്ങൾ ഇവയാണ്: സമാധാനപരമായി സമ്മേളിക്കുന്നതിനും സഹവസിക്കുന്നതിനുമുള്ള അവകാശം; വിദ്യാലയങ്ങളിലെ നിർബന്ധിത മതശിക്ഷണത്തിൽ നിന്ന് അല്ലെങ്കിൽ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽനിന്നുള്ള സാതന്ത്ര്യം; സ്വതന്ത്രമായി പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം; വ്യക്തിപരമായ സ്വത്തു ബലാത്ക്കാരമായി പിടിച്ചെടുക്കുന്നതിൽനിന്നുള്ള സ്വാതന്ത്ര്യം; ഏതു മതവും ആചരിക്കുന്നതിനുള്ള വ്യക്തിപരമായ അവകാശം. രാജ്യങ്ങൾ എങ്ങനെ അളക്കപ്പെടുന്നു?
ഒരു രാജ്യത്തിനും നാല്പതു പോയിൻറും കിട്ടിയില്ലെങ്കിലും സ്വീഡനും ഡെൻമാർക്കും 38 പോയിൻറുകളോടെ ഏററവും അടുത്തെത്തി, നെതർലൻഡ്സ് 37 പോയിൻറുകളോടെ മൂന്നാമതെത്തി. ലിസ്ററിന്റെ അടിയിലേക്കു ചെല്ലുമ്പോൾ ഒന്നോ രണ്ടോ പോയിൻറുകൾ ലഭിച്ച രാജ്യങ്ങൾ ഉണ്ടായിരുന്നു, ലിസ്ററിന്റെ ഏററവും അടിയിലുണ്ടായിരുന്ന രാജ്യത്തിന് ഒരു പോയിൻറും ലഭിച്ചില്ല. എന്നിരുന്നാലും, ഈ “സൂചിക 1985-ലെ സാഹചര്യത്തെ സംബന്ധിക്കുന്നതാണെന്നും” അന്നുമുതൽ ലോകം വളരെക്കൂടുതൽ സ്വാതന്ത്ര്യം ആർജ്ജിച്ചിട്ടുണ്ട് എന്നും ശ്രദ്ധിക്കേണ്ടതാണ് എന്ന് യുഎൻഡിപി റിപ്പോർട്ടു പറയുന്നു.
“അയർലൻഡ് (23-ാം സ്ഥാനം) സ്പെയ്ൻ (24-ാമത്) എന്നീ യൂറോപ്യൻ രാജ്യങ്ങളെക്കാൾ കോസ്ററാറിക്ക (18-ാമത്) പാപ്പുവ ന്യൂഗിനി (20-ാമത്) വെനെസ്വേല (22-ാമത്) എന്നിവപോലുള്ള വികസ്വര രാജ്യങ്ങൾ ഈ ലിസ്ററിൽ ഉയർന്ന പോയിൻറ് നേടി” എന്നു ഡച്ച് മാസികയായ ഇൻറർനാഷനല സാമെൻവെർക്കിംഗ് കുറിക്കൊള്ളുന്നു.
പൊതുവെ പറഞ്ഞാൽ, സ്വാതന്ത്ര്യവും വികസനവും തമ്മിൽ ഒരു ബന്ധമുണ്ടെന്നു പറഞ്ഞുകൊണ്ടു റിപ്പോർട്ട് ഉപസംഹരിക്കുന്നു. സ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങൾ മിക്കപ്പോഴും മോശമായ വികസനത്തിന്റെ ഭാരംപേറുമ്പോൾ ഒരു ഉയർന്ന അളവിൽ സ്വാതന്ത്ര്യം ഉള്ള മിക്കരാജ്യങ്ങളും മാനുഷ വികസനത്തിന്റെ ഉയർന്ന തലം ആസ്വദിക്കുന്നതായി കാണുന്നു. “സ്വാതന്ത്ര്യം തങ്ങൾക്കും തങ്ങളുടെ സമുദായത്തിനും സാമ്പത്തികമായ അവസരങ്ങൾ തക്കത്തിൽ വിനിയോഗിക്കാനുള്ള ജനങ്ങളുടെ സർഗ്ഗാത്മക ശക്തിയെ കെട്ടഴിച്ചുവിടുന്നു” എന്ന് യുഎൻഡിപി റിപ്പോർട്ട് കുറിക്കൊള്ളുന്നു.
തീർച്ചയായും, മാനുഷ സമുദായത്തിലെ അഭികാമ്യ ലാക്കുകളായി യുഎൻഡിപി ലിസ്ററ് ചെയ്ത 40 സ്വാതന്ത്ര്യങ്ങളിൽ രോഗത്തിന്റെയും വാർദ്ധക്യത്തിന്റെയും മരണത്തിന്റെയും ക്ഷയിപ്പിക്കുന്ന ഫലങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യം ഉൾപ്പെട്ടിരുന്നില്ല. അത്തരം സ്വാതന്ത്ര്യങ്ങൾ ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ കൈകളിലെ ദൈവരാജ്യം മാത്രമേ നമുക്കു നൽകുകയുള്ളു. “സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും” എന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു.—റോമർ 8:21. (g93 2/8)
[31-ാം പേജിലെ ചിത്രം]
ബെർലിൻ മതിലിന്റെ പൊളിക്കൽ കിഴക്കൻ യൂറോപ്പിൽ വർദ്ധിച്ച സ്വാതന്ത്ര്യത്തെ ലക്ഷ്യപ്പെടുത്തി