“സ്വാതന്ത്ര്യസ്നേഹികൾ” ഡിസ്ട്രിക്ററ് കൺവെൻഷനുകളിലേക്കു സ്വാഗതം!
സ്വാതന്ത്ര്യം! ആ വാക്കിന് എത്ര ഇമ്പകരമായ ധ്വനിയാണുള്ളത്! ആരും അടിമത്തത്തിൽ അഥവാ ദാസത്വത്തിൽ ആയിരിക്കാനാഗ്രഹിക്കുന്നില്ല. ഓർമ്മയിലുള്ള മററ് ഏതു കാലത്തേതിലുമധികമായി സമീപകാലവർഷങ്ങളിൽ പ്രത്യാശിക്കപ്പെട്ടിരുന്ന രാഷ്ട്രീയസ്വാതന്ത്ര്യത്തിലേക്കുള്ള നീക്കം ഉണ്ടായി.
എന്നിരുന്നാലും, രാഷ്ട്രീയസ്വാതന്ത്ര്യം അഭിലഷണീയമാണെങ്കിലും അതിനെക്കാൾ വളരെ പ്രധാനവും അഭിലഷണീയവുമായ ഒരു സ്വാതന്ത്ര്യമുണ്ട്. അത് ദൈവപുത്രനായ യേശുക്രിസ്തു തന്റെ ശിഷ്യൻമാരോട് പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ പ്രസ്താവിച്ച സ്വാതന്ത്ര്യമാണ്: “നിങ്ങൾ എന്റെ വചനത്തിൽ നിലനിൽക്കുന്നുവെങ്കിൽ, നിങ്ങൾ യഥാർത്ഥമായി എന്റെ ശിഷ്യരായി നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹന്നാൻ 8:31, 32) ഇത് വ്യാജമതവിശ്വാസങ്ങളിൽനിന്നും മാനുഷഭയത്തിൽനിന്നും പാപപൂർണ്ണമായ ആസക്തിയോടുള്ള അടിമത്തത്തിൽനിന്നും മററു പലതിൽനിന്നുമുള്ള സ്വാതന്ത്ര്യമാണ്.
ഈ സ്വാതന്ത്ര്യമാണ് 1991-ന്റെ ഉത്തരാർദ്ധത്തിൽ തുടങ്ങി ലോകത്തിലെങ്ങും യഹോവയുടെ സാക്ഷികൾ നടത്താനിരിക്കുന്ന “സ്വാതന്ത്ര്യസ്നേഹികൾ” ഡിസ്ട്രിക്ററ് കൺവെൻഷനുകളുടെ ചിന്താവിഷയം. അവരുടെയിടയിൽ നേതൃത്വമെടുക്കുന്നവരുടെമേലുള്ള ഗവൺമെൻറ്നിരോധനങ്ങൾ നീക്കപ്പെട്ട വർഷമായ 1919 മുതൽ ദൈവജനം തങ്ങളുടെ നിർമ്മലാരാധനസംബന്ധിച്ച് വർദ്ധിച്ചുവരുന്ന സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ടാണിരിക്കുന്നത്.
പല വർഷങ്ങളിൽ “‘സ്വതന്ത്ര ജനത’യുടെ ദിവ്യാധിപത്യസമ്മേളനം” “‘സ്വതന്ത്ര ദൈവപുത്രൻമാരുടെ ഡിസ്ട്രിക്ററ് സമ്മേളനങ്ങൾ” എന്നിങ്ങനെയുള്ള വിഷയങ്ങളോടുകൂടിയ ദിവ്യാധിപത്യ കൺവെൻഷനുകളിൽ സ്വാതന്ത്ര്യമെന്ന വിഷയം പ്രദീപ്തമാക്കപ്പെട്ടിരിക്കുന്നത് അത്യന്തം ഉചിതമാണ്. “സത്യം നിങ്ങളെ സ്വതന്ത്രരാക്കും,” “ദൈവപുത്രൻമാരുടെ സ്വാതന്ത്ര്യത്തിൽ നിത്യജീവൻ” എന്നിങ്ങനെയുള്ള പ്രസിദ്ധീകരണങ്ങളിലും സ്വാതന്ത്ര്യം വിപുലമായി ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്.
യഹോവയുടെ ദാസൻമാർക്കുള്ള ദൈവദത്തമായ സ്വാതന്ത്ര്യം തങ്ങളുടെ സ്വന്തം ക്ഷേമത്തിനും ആസ്വാദനത്തിനുംവേണ്ടി മാത്രമുള്ളതല്ല. നാം ഗലാത്യർ 5:13-ൽ വായിക്കുന്ന പ്രകാരം: “സഹോദരൻമാരേ, തീർച്ചയായും നിങ്ങൾ സ്വാതന്ത്ര്യത്തിനുവേണ്ടി വിളിക്കപ്പെട്ടു; ജഡത്തിന് ഒരു പ്രേരണയായി ഈ സ്വാതന്ത്ര്യം ഉപയോഗിക്കമാത്രം ചെയ്യരുത്, എന്നാൽ സ്നേഹത്തിലൂടെ അന്യോന്യം അടിമവേല ചെയ്യുക.” “സ്വാതന്ത്ര്യസ്നേഹികൾ” ഡിസ്ട്രിക്ററ് കൺവെൻഷൻ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കുന്നതിന് നമ്മെ സഹായിക്കുകയും നമ്മുടെ വിലപ്പെട്ട സ്വാതന്ത്ര്യത്തോടു പററിനിൽക്കാൻ നമ്മെ പ്രാപ്തരാക്കുകയും അത് എങ്ങനെ ഏററം നന്നായി ഉപയോഗപ്പെടുത്താമെന്ന് നമുക്ക് കാണിച്ചുതരുകയും ചെയ്യും.
കൺവെൻഷൻ വെള്ളിയാഴ്ച രാവിലെ 10:20ന് തുടർന്നുവരാനുള്ള ആത്മീയഭക്ഷണത്തിനുവേണ്ടി നമ്മെ ശരിയായ മന:സ്ഥിതിയിലാക്കുന്ന ഒരു സംഗീതപരിപാടിയോടെ ആരംഭിക്കും. ഒന്നാം ദിവസത്തെ ചിന്താവിഷയം “നമ്മെ സ്വതന്ത്രരാക്കുന്ന സത്യം അറിയൽ” എന്നതാണ്, അത് യോഹന്നാൻ 8:32-നെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഉച്ചക്കുമുമ്പത്തെ സവിശേഷത അദ്ധ്യക്ഷന്റെ സ്വാഗതപ്രസംഗവും “നമ്മുടെ ദൈവദത്തമായ സ്വാതന്ത്ര്യത്തിന്റെ ഉദ്ദേശ്യവും ഉപയോഗവും” എന്ന മുഖ്യവിഷയപ്രസംഗവുമായിരിക്കും. ഈ പ്രസംഗം യഹോവയുടെ സമ്പൂർണ്ണസ്വാതന്ത്ര്യവും ദൈവം നമുക്കനുവദിച്ചുതരുന്ന ആപേക്ഷികസ്വാതന്ത്ര്യവും തമ്മിലുള്ള വ്യത്യാസം ഊന്നിപ്പറയും. അത് നമുക്കുള്ള സ്വാതന്ത്ര്യത്തെ സാദ്ധ്യമാകുന്നതിൽവെച്ച് ഏററം നന്നായി ഉപയോഗിക്കാനും നമ്മെ പ്രോൽസാഹിപ്പിക്കും. ഉച്ചതിരിഞ്ഞുള്ള പരിപാടി നമ്മുടെ സ്വാതന്ത്ര്യത്തിന്റെയും നമ്മുടെ ശുശ്രൂഷയുടെയും വിവിധ വശങ്ങൾ കൈകാര്യംചെയ്യുകയും സത്യാരാധന പുരോഗമിപ്പിക്കാൻ സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു എന്ന ഒരു നാടകത്തോടെ പര്യവസാനിക്കുകയും ചെയ്യും.
രണ്ടാം ദിവസത്തെ ചിന്താവിഷയം ഗലാത്യർ 5:1-നെ അടിസ്ഥാനപ്പെടുത്തി “നമ്മുടെ ദൈവദത്തമായ സ്വാതന്ത്ര്യത്തിൽ ഉറച്ചുനിൽക്കൽ” എന്നതാണ്. രാവിലത്തെ പരിപാടി ഒരു കുടുംബത്തിലെ ഓരോരോ അംഗത്തിനും കുടുംബവൃത്തത്തിനുള്ളിൽ ദൈവദത്തമായ സ്വാതന്ത്ര്യം എങ്ങനെ ആസ്വദിക്കാൻകഴിയുമെന്ന് പ്രകടമാക്കുന്ന ഒരു സിംപോസിയം വിശേഷവൽക്കരിക്കും. സ്നാപനമേൽക്കാൻ ഒരുങ്ങിയിട്ടുള്ളവർ സമർപ്പണത്താലും സ്നാപനത്താലും സ്വാതന്ത്ര്യം സമ്പാദിക്കപ്പെടുന്നതെങ്ങനെയെന്നുള്ള ആശയങ്ങളെ വിശേഷാൽ വിലമതിക്കും. ഉച്ചതിരിഞ്ഞുള്ള പരിപാടിയിൽ വിവാഹം സന്തുഷ്ടിക്കുള്ളള താക്കോൽ ആണോ അല്ലയോ എന്ന ഒരു കൗതുകകരമായ ചർച്ച ഉൾപ്പെടും. സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്തവശങ്ങൾ സംബന്ധിച്ച ഒരു സിംപോസിയവും പിന്നീട് സ്വാതന്ത്ര്യവും നിത്യജീവനും പ്രദാനംചെയ്യാനുള്ള ദൈവത്തിന്റെ മുഖ്യകാര്യസ്ഥനിൽ കേന്ദ്രീകരിക്കുന്ന ഒരു ഉപസംഹാരപ്രസംഗവുമുണ്ടായിരിക്കും.
ഞായറാഴ്ച 2 കൊരിന്ത്യർ 3:17-നെ അടിസ്ഥാനപ്പെടുത്തി “ദൈവാത്മാവിനു ചേർച്ചയായി നമ്മുടെ സ്വാതന്ത്ര്യം ഉപയോഗിക്കൽ” എന്ന വിഷയമാണുണ്ടായിരിക്കുക. പരിപാടിയിൽ മത്തായി 13:47-50-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ഉപമയെ സംബന്ധിച്ച അത്യന്തം രസാവഹമായ ഒരു സിംപോസിയം വിശേഷവൽക്കരിക്കുകയും യഹോവയുടെ സാക്ഷികൾ മനുഷ്യരെ വീശിപ്പിടിക്കുന്നവരായി സേവിക്കുന്നതെങ്ങനെയെന്ന് വെളിപ്പെടുത്തുകയും ചെയ്യും. ഉച്ചകഴിഞ്ഞുള്ള പബ്ലിക്ക് പ്രസംഗം “സ്വാതന്ത്ര്യമുള്ള ദൈവത്തിന്റെ പുതിയ ലോകത്തെ സ്വാഗതംചെയ്യൽ!” എന്നതാണ്. അതിനെതുടർന്ന് ഡിസ്ട്രിക്ററ് കൺവെൻഷനിലെ ഒരു പുതിയ സവിശേഷത ഉണ്ടായിരിക്കും: ആ വാരത്തിലെ വീക്ഷഗോപുര പാഠത്തിന്റെ ഒരു സംഗ്രഹം. നമ്മുടെ നടത്തയിലും നമ്മുടെ സാക്ഷീകരണത്തിലും നമ്മുടെ ദൈവദത്തമായ സ്വാതന്ത്ര്യം നന്നായി ഉപയോഗിക്കുന്നതിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിന് നമുക്കെല്ലാമുള്ള തിരുവെഴുത്തുപ്രബോധനത്തോടെ പരിപാടി സമാപിക്കും.
എല്ലാ സ്വാതന്ത്ര്യസ്നേഹികളോടും സങ്കീർത്തനക്കാരനായ ദാവീദിന്റെ വാക്കുകളിൽ ഞങ്ങൾ പറയുന്നു: “യഹോവ നല്ലവനെന്ന് രുചിച്ചറിയുക.” (സങ്കീർത്തനം 34:8) ഈ കൺവെൻഷന് വന്നുചേരുന്നതിന് സകല ശ്രമവും ചെയ്യുക. വെള്ളിയാഴ്ച രാവിലത്തെ പ്രാരംഭയോഗം മുതൽ ഞായറാഴ്ച ഉച്ചതിരിഞ്ഞുള്ള സമാപനപ്രസംഗംവരെ സന്നിഹിതനായിരിക്കാൻ ദൃഢനിശ്ചയംചെയ്യുക. നിങ്ങളുടെ ആത്മീയാവശ്യത്തെക്കുറിച്ചുള്ള പൂർണ്ണബോധത്തോടെ ആരോഗ്യാവഹമായ ഒരു ആത്മീയവിശപ്പുസഹിതം നിങ്ങൾ വരുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും സന്തുഷ്ടരായിരിക്കും! (മത്തായി 5:3) “സമൃദ്ധമായി വിതക്കുന്നവൻ സമൃദ്ധമായി കൊയ്യുകയും ചെയ്യും” എന്ന തത്വം നമുക്ക് അവഗണിക്കാതിരിക്കാം. ഹാജരാകാൻ മുന്നമേ നാം എത്ര ആത്മാർത്ഥമായി ഒരുക്കംചെയ്യുന്നുവെന്നതിനും പരിപാടി അവതരിപ്പിക്കപ്പെടുമ്പോൾ നാം എത്ര ഉത്സുകമായി ശ്രദ്ധിക്കുന്നുവെന്നതിനും “സ്വാതന്ത്ര്യസ്നേഹികൾ” ഡിസ്ട്രിക്ററ് കൺവെൻഷനോടുള്ള ബന്ധത്തിൽ നമുക്കു ലഭ്യമായ ഏത് സ്വമേധയാസേവനപദവികളെയും നാം എത്ര ഉത്സാഹപൂർവം ഏറെറടുക്കുന്നുവെന്നതിനും ഇത് ബാധകമാകുന്നു.—2 കൊരിന്ത്യർ 9:6. (w91 5⁄1)