ദൈവദത്തസ്വാതന്ത്ര്യസ്നേഹികളുമായി സമ്മേളിക്കുന്നു
യഹോവയുടെ സാക്ഷികൾ ഒട്ടേറെ വിധങ്ങളിൽ അനുപമരാണ്. അവർമാത്രമേ “നിർമ്മലഭാഷ” സംസാരിക്കുന്നുള്ളു. (സെഫന്യാവ് 3:9) യേശുക്രിസ്തു വർണ്ണിച്ച സ്നേഹത്തിന്റെ തിരിച്ചറിയിക്കൽ ലക്ഷണത്തോടെ ഐക്യപ്പെട്ടിരിക്കുന്നത് അവർ മാത്രമാണ്. (യോഹന്നാൻ 13:35) “നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” എന്ന് യോഹന്നാൻ 8:32-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം സത്യം കൈവരുത്തുമെന്ന് യേശുക്രിസ്തു പറഞ്ഞ സ്വാതന്ത്ര്യം അവർ മാത്രമേ ആസ്വദിക്കുന്നുള്ളു.
ദൈവപുത്രനായ യേശുക്രിസ്തു തന്റെ ശിഷ്യരിലേക്ക് തിരിച്ചുവിട്ട ആ വാക്കുകൾ സത്യമെന്ന് തെളിഞ്ഞിരിക്കുന്നു. “സ്വാതന്ത്ര്യസ്നേഹികൾ” ഡിസ്ട്രിക്ററ് കൺവെൻഷനുകൾക്ക് ഹാജരായ യഹോവയുടെ സാക്ഷികളെല്ലാം ആ വാക്കുകളെ പൂർവാധികം വിലമതിക്കുന്നു. കൺവെൻഷൻപരിപാടി തങ്ങളുടെ സ്വാതന്ത്ര്യത്തെ എങ്ങനെ ഉപയോഗിക്കണം, തങ്ങളുടെ സ്വാതന്ത്ര്യത്തോടുകൂടെ കൈവരുന്ന ഉത്തരവാദിത്വം, ഒരു സ്വതന്ത്രജനമായിരിക്കുന്നതിൽ തങ്ങൾ എത്ര അനുഗൃഹീതർ എന്നിങ്ങനെ തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ വിവിധ വശങ്ങൾ അവരെ ബോധ്യപ്പെടുത്തി.
കാലോചിതവും പ്രായോഗികവുമായിരുന്ന ഈ കൺവെൻഷനുകൾ ഉത്തരാർദ്ധഗോളത്തിൽ യു.എസ്.എ.യിലെ കാലിഫോർണിയാ, ലോസ് ആൻജെലസിൽ 1991 ജൂൺ 7ന് തുടങ്ങി. പരിപാടി ഒരു സംഗീതാവതരണത്തോടെ രാവിലെ 10:20ന് തുടങ്ങി. തുടർന്ന് ഗീതവും പ്രാർത്ഥനയും നടന്നു. പ്രാരംഭ പ്രസംഗം യാക്കോബ് 1:25നെ അടിസ്ഥാനപ്പെടുത്തി ആഞ്ഞുപതിക്കുന്ന ഒരു അവതരണമായിരുന്നു. ജറൂസലം ബൈബിൾ അനുസരിച്ച്, ഈ വാക്യം ഇങ്ങനെ വായിക്കപ്പെടുന്നു: “സ്വാതന്ത്ര്യത്തിന്റെ പൂർണ്ണതയുള്ള നിയമത്തിലേക്ക് സ്ഥിരമായി നോക്കുകയും അതു തന്റെ ശീലമാക്കുകയും ചെയ്യുന്ന—ശ്രദ്ധിക്കുകയും അനന്തരം മറക്കുകയും ചെയ്യാതെ സജീവമായി അതു പ്രായോഗികമാക്കുന്ന—മനുഷ്യൻ താൻ ചെയ്യുന്ന സകലത്തിലും സന്തുഷ്ടനായിരിക്കും.” നാം നമ്മുടെ പ്രകൃതിയിൽ അഭിവൃദ്ധി വരുത്തേണ്ടതെവിടെയെന്നു കാണാൻ ഒരു കണ്ണാടിയിൽ നോക്കുന്നതുപോലെ, നാം നമ്മുടെ വ്യക്തിത്വത്തിൽ എവിടെ മാററങ്ങൾ വരുത്തേണ്ടതുണ്ടെന്ന് മനസ്സിലാക്കാൻ ദൈവത്തിന്റെ പൂർണ്ണതയുള്ള സ്വാതന്ത്ര്യത്തിന്റെ നിയമത്തിലേക്ക് ഉററുനോക്കുന്നതിൽ നിർബന്ധം പിടിക്കേണ്ടതുണ്ട്. നാം ആ കണ്ണാടിയിൽ നിർബന്ധപൂർവം നോക്കേണ്ടതാണ്.
പിന്നീട് അദ്ധ്യക്ഷപ്രസംഗം നടന്നു, “സ്വാതന്ത്ര്യസ്നേഹികളായ നിങ്ങൾക്കെല്ലാവർക്കും സ്വാഗതം.” യഹോവയുടെ സാക്ഷികൾ സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്നു. അവർ സ്വതന്ത്രരായി കഴിയാനാഗ്രഹിക്കുന്നു. നിയമമില്ലെങ്കിൽ സ്വാതന്ത്ര്യമുണ്ടായിരിക്കാൻ കഴികയില്ലെന്നു പ്രകടമാക്കിയിട്ടുള്ള നിയമപ്രാമാണികരെ പ്രസംഗകൻ ഉദ്ധരിച്ചു. അതെ, ക്രിസ്ത്യാനികൾ യഥേഷ്ടം പ്രവർത്തിക്കാൻ സ്വതന്ത്രരല്ല, എന്നാൽ യഹോവയുടെ ഇഷ്ടംചെയ്യാൻ സ്വതന്ത്രരാണ്. അവർ തങ്ങളുടെ സ്വാതന്ത്ര്യത്തെ പൂർണ്ണമായി ഉപയോഗിക്കാനാഗ്രഹിക്കുന്നു, എന്നാൽ ദുർവിനിയോഗം ചെയ്യാനല്ല. വിശേഷിച്ച് 1919മുതൽ യഹോവയുടെ സാക്ഷികൾ വർദ്ധിച്ച സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ടാണിരിക്കുന്നത്. പ്രസംഗകൻ കൺവെൻഷൻപരിപാടികളിലും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിലും സ്വാതന്ത്ര്യത്തിനു കൊടുക്കപ്പെട്ട ഊന്നൽ വിവരിച്ചു. സമ്മേളിതരെല്ലാം ദൈവദത്തമായ സ്വാതന്ത്ര്യത്തെയും അതുപയോഗിക്കേണ്ട വിധത്തെയും കുറിച്ച് കൂടുതൽ പഠിക്കും.
ആ കാലോചിതമായ പ്രസ്താവനകളെ തുടർന്ന് കൺവെൻഷനിൽ ഹാജരായിരിക്കുന്നതിൽ സന്തോഷിച്ച സ്വാതന്ത്ര്യസ്നേഹികളുമായുള്ള അഭിമുഖങ്ങൾ നടന്നു. അങ്ങനെയുള്ള കൺവെൻഷനുകൾ സന്തോഷത്തിനുള്ള സമയങ്ങളാണ്, പുരാതന ഇസ്രയേലിന്റെ മൂന്ന് വാർഷികപെരുന്നാളുകളിൽ വലിയ സന്തോഷമുണ്ടായിരുന്നതുപോലെതന്നെ. കൺവെൻഷനുകൾ ആത്മീയമായി പരിപുഷ്ടിപ്പെടുത്തുന്ന സന്തോഷിക്കലിനുള്ള സമയങ്ങളാണെന്ന് പല അഭിമുഖങ്ങൾ തെളിയിക്കുകയുണ്ടായി.
പിന്നിട് മുഖ്യപ്രസംഗം നടന്നു, “നമ്മുടെ ദൈവദത്തമായ സ്വാതന്ത്ര്യത്തിന്റെ ഉദ്ദേശ്യവും ഉപയോഗവും.” യഹോവ പരമോന്നതനായ അധികാരിയും സർവശക്തനുമാകയാൽ അവനു മാത്രമാണ് സമ്പൂർണ്ണമായ സ്വാതന്ത്ര്യമുള്ളതെന്ന് ഈ പ്രസംഗത്തിൽനിന്ന് സമ്മേളിതർ പഠിച്ചു. ഏതായാലും, തന്റെ നാമത്തിനുവേണ്ടിയും തന്റെ സൃഷ്ടികളുടെ പ്രയോജനത്തിനുവേണ്ടിയും അവൻ കോപത്തിനു താമസമുള്ളവനായിരുന്നുകൊണ്ടും ആത്മനിയന്ത്രണം പാലിച്ചുകൊണ്ടും ചിലപ്പോൾ തന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു. അവന്റെ ബുദ്ധിശക്തിയുള്ള സൃഷ്ടികൾക്കെല്ലാം ആപേക്ഷിക സ്വാതന്ത്ര്യമാണുള്ളത്, എന്തുകൊണ്ടെന്നാൽ അവർ യഹോവക്ക് കീഴ്പെട്ടിരിക്കുന്നവരും ഭൗതികവും ധാർമ്മികവുമായ അവന്റെ നിയമങ്ങളാൽ പരിമിതപ്പെട്ടിരിക്കുന്നവരുമാണ്. യഹോവ അവരുടെ ആസ്വാദനത്തിനു വേണ്ടി, വിശേഷാൽ തന്നെ ആരാധിക്കുന്നതിനാൽ തനിക്ക് ബഹുമാനവും സന്തോഷവും കൈവരുത്താൻവേണ്ടിയാണ് അവർക്ക് സ്വാതന്ത്ര്യം കൊടുത്തിരിക്കുന്നത്. യഹോവയുടെ സാക്ഷികൾ തങ്ങളുടെ സ്വാതന്ത്ര്യം നന്നായി ഉപയോഗിക്കുകനിമിത്തം നല്ല നടത്തക്കും തങ്ങളുടെ ശുശ്രൂഷയിലെ തീക്ഷ്ണതക്കും ലോകവ്യാപകമായ കീർത്തി നേടിയിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്
“തിരക്കുള്ളവർ—നിർജ്ജീവപ്രവൃത്തികളിലോ അതോ യഹോവയുടെ സേവനത്തിലോ?” എന്നതായിരുന്നു വെള്ളിയാഴ്ച ഉച്ചതിരിഞ്ഞുള്ള സെഷനു തുടക്കം കുറിച്ച പ്രസംഗത്തിന്റെ ചിന്തോദ്ദീപകമായ വിഷയം. നിർജ്ജീവപ്രവൃത്തികളിൽ ജഡത്തിന്റെ പ്രവൃത്തികൾ മാത്രമല്ല, ആത്മീയമായി മൃതവും വ്യർത്ഥവും, പണസമ്പാദനപദ്ധതികൾ പോലെ നിഷ്ഫലവുമായ പ്രവൃത്തികളും ഉൾപ്പെടുന്നു. ഈ കാര്യത്തിൽ, നാം രാജ്യത്തെ ഒന്നാമതു കരുതുന്നുണ്ടോയെന്ന് നിർണ്ണയിക്കാൻ സത്യസന്ധമായ ആത്മപരിശോധന അത്യന്താപേക്ഷിതമാണ്.
ഏറെയും അതേ ലക്ഷ്യമുള്ളതായിരുന്നു അടുത്ത പ്രസംഗം, “ദൈവശുശ്രൂഷകരെന്ന നിലയിൽ നമ്മുടെ ദൗത്യം നിറവേററൽ.” ക്രിസ്ത്യാനികൾ കേവലം നാമമാത്രമായ സേവനംകൊണ്ട്, അല്ലെങ്കിൽ മണിക്കൂർലാക്കിലെത്തുന്നതുകൊണ്ട്, തൃപ്തിപ്പെടരുതെന്ന് പ്രസംഗകൻ പ്രകടമാക്കി. അവർ തങ്ങളുടെ ക്രിസ്തീയ ശുശ്രൂഷയുടെ സകല വശങ്ങളിലും ഫലപ്രദരായിരിക്കാൻ ആഗ്രഹിക്കണം. ഈ ആശയങ്ങൾ ഒരു പ്രകടനത്താലും അഭിമുഖങ്ങളാലും വ്യക്തമായി ഗ്രഹിപ്പിക്കപ്പെട്ടു. തങ്ങളുടെ ശുശ്രൂഷ സാദ്ധ്യമാകുന്നടത്തോളം ഏററവും തികഞ്ഞ അളവിൽ നിറവേററാൻ എല്ലാവരും ഉദ്ബോധിപ്പിക്കപ്പെട്ടു.
“ഒരു സ്വതന്ത്രജനം, എന്നാൽ ഉത്തരവാദിത്തമുള്ളവർ” എന്ന പ്രസംഗത്തിൽ, യഹോവയുടെ ജനം സത്യം തങ്ങൾക്കു കൈവരുത്തിയിരിക്കുന്ന സ്വാതന്ത്ര്യത്തെ വിലമതിക്കുന്നുവെങ്കിലും അതോടുകൂടെ ഉത്തരവാദിത്തം കൈവരുന്നുണ്ടെന്ന് അവർ ഓർക്കണമെന്ന് പ്രസംഗകൻ ഊന്നിപ്പറഞ്ഞു. അവർ തങ്ങളുടെ സ്വാതന്ത്ര്യം ഉപയോഗിക്കേണ്ടത് ദുർന്നടത്തക്കുള്ള ഒരു ഒഴികഴിവായിട്ടല്ല, പിന്നെയോ യഹോവയുടെ സ്തുതിക്കായിട്ടായിരിക്കണം. ക്രിസ്ത്യാനികളെന്ന നിലയിൽ, അവർ “ശ്രേഷ്ഠാധികാരങ്ങ”ളോട് കണക്കു ബോധിപ്പിക്കേണ്ടവരാണ്, സഭാമൂപ്പൻമാരോട് സഹകരിക്കുകയും വേണം. (റോമർ 13:1) മാത്രവുമല്ല, അവർ തങ്ങളുടെ വസ്ത്രധാരണവും ചമയവും നടത്തയും സംബന്ധിച്ച് കണക്കുബോധിപ്പിക്കേണ്ടവരാണ്. “നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടിവരും” എന്ന് അവർ ഒരിക്കലും മറക്കരുത്.—റോമർ 14:12; 1 പത്രോസ് 2:16.
പിന്നീട് ക്രിസ്ത്യാനികൾ “ഈ ലോകത്തിന്റെ അന്തം സമീപിക്കവേ നിർഭയർ” ആയിരിക്കേണ്ടതിന്റെ ആവശ്യകതസംബന്ധിച്ച് ഒരു ചർച്ച നടന്നു. ഭാവി കൈവരുത്തിയേക്കാവുന്നതിനെക്കുറിച്ച് മനുഷ്യവർഗ്ഗം ഭയചകിതരായിരിക്കെ, ക്രിസ്ത്യാനികൾ തങ്ങളുടെ ശുശ്രൂഷ നിർവഹിക്കാൻ നിർഭയരായിരിക്കേണ്ടയാവശ്യമുണ്ട്. നിർഭയത്വം യഹോവയിലുള്ള ആശ്രയത്തിന്റെ ഒരു ഫലമാണ്, എന്തുകൊണ്ടെന്നാൽ ഒരു ക്രിസ്ത്യാനി ദൈവത്തെ അപ്രീതിപ്പെടുത്താൻ എത്രയധികം ഭയപ്പെടുന്നുവോ അത്ര കുറച്ചേ അയാൾ സൃഷ്ടികളെ ഭയപ്പെടുകയുള്ളു. ആശ്വാസപ്രദമായ തിരുവെഴുത്തുകൾ ഓർമ്മയിൽ വെക്കുന്നത് ഒരു വ്യക്തിയെ നിർഭയനായിരിക്കാൻ ബലിഷ്ഠനാക്കും. ആത്മീയമായി ശക്തരും നിർഭയരുമായിരിക്കാൻ ദൈവദാസർ സഹവിശ്വാസികളുമായി സഹവസിക്കാനുള്ള സകല അവസരങ്ങളെയും നന്നായി വിനിയോഗിക്കേണ്ടയാവശ്യമുണ്ട്. നിർഭയരായിരിക്കുന്നതിൽ പ്രാർത്ഥന വഹിക്കുന്ന പങ്കും ഓരോരുത്തരും ഓർത്തിരിക്കേണ്ടതുണ്ട്. നിർഭയരായിരുന്നുകൊണ്ട് ക്രിസ്ത്യാനികൾ യഹോവയാം ദൈവവുമായി നല്ല ബന്ധം നിലനിർത്തും.
ഒന്നാം ദിവസത്തെ പരിപാടി സത്യാരാധന നിർവഹിക്കാൻ സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു എന്ന വളരെ പ്രബോധനാത്മകമായിരുന്ന ഒരു നാടകത്തോടെ പര്യവസാനിച്ചു. എസ്രായിൽനിന്നും യെരൂശലേമിലേക്കു മടങ്ങിപ്പോകാൻ ത്യാഗങ്ങൾ സഹിച്ച അവന്റെ 7000പേരടങ്ങിയ സംഘത്തിൽനിന്നും ഒരു ആധുനികകുടുംബം എങ്ങനെ ഒരു പാഠം പഠിച്ചുവെന്ന് അത് പ്രകടമാക്കി. തന്റെ മുൻഗണനകളെ പരിശോധിക്കുന്നതിനും തന്റെ സേവനപദവികളെ എങ്ങനെ വർദ്ധിപ്പിക്കാൻ കഴിയുമെന്ന് കാണുന്നതിനും അത് കൺവെൻഷനു ഹാജരായ ഓരോരുത്തരെയും പ്രാപ്തനാക്കി. ഈ നാടകത്തിൽ പ്രായമുള്ളവർക്കും ചെറുപ്പക്കാർക്കും പഠിക്കാൻ ചിലതുണ്ടായിരുന്നു.
ശനിയാഴ്ച രാവിലെ
ഒരു സംഗീതപരിപാടിക്കും ഗീതത്തിനും പ്രാർത്ഥനക്കും ദൈനംദിന ബൈബിൾവാക്യപരിശോധനക്കും ശേഷം ശനിയാഴ്ച രാവിലത്തെ പരിപാടി “കുടുംബവൃത്തത്തിലെ ഉത്തരവാദിത്തത്തോടുകൂടിയ സ്വാതന്ത്ര്യം” എന്ന വിഷയത്തോടുകൂടിയ ഒരു സിംപോസിയം വിശേഷവൽക്കരിച്ചു. “പിതാക്കൻമാർക്ക് യഹോവയെ എങ്ങനെ അനുകരിക്കാൻ കഴിയും?” എന്ന ആദ്യ ഭാഗത്ത് തങ്ങളുടെ സ്വർഗ്ഗീയ പിതാവിനെ അനുകരിക്കാൻ കഴിയുന്ന വിവിധ മാർഗ്ഗങ്ങൾ സംബന്ധിച്ച് പിതാക്കൻമാർ ബുദ്ധിയുപദേശിക്കപ്പെട്ടു. അവർ ഭൗതികമായി മാത്രമല്ല, ആത്മീയമായും കരുതേണ്ടതാണെന്ന് ഒന്നു തിമൊഥെയോസ് 5:8 ആവശ്യപ്പെടുന്നു. അവർ തങ്ങളുടെ കുടുംബങ്ങളുടെ നല്ല ഉപദേഷ്ടാക്കളായിരിക്കുന്നതിനാലും ആവശ്യാനുസരണം സ്നേഹപൂർവകമായ ശിക്ഷണം കൊടുക്കുന്നതിനാലും യഹോവയെ അനുകരിക്കുന്നു. ഈ ആശയങ്ങൾ പല അഭിമുഖങ്ങളിലൂടെ വിശദമാക്കപ്പെട്ടു.
“ഭാര്യയുടെ പിന്തുണക്കുന്ന പങ്ക്” എന്നതായിരുന്നു ഈ സിംപോസിയത്തിലെ അടുത്ത ഭാഗം. ഒരു ഭാര്യക്ക് ക്രിസ്തീയ ഭവനത്തിൽ പിന്തുണ കൊടുക്കുന്നവളായിരിക്കുക എന്ന മാന്യമായ ഒരു സ്ഥാനമുണ്ടെന്നുള്ളതിന് ഊന്നൽ കൊടുത്തുകൊണ്ടാണ് അത് ആരംഭിച്ചത്. ഇത് അവളിൽനിന്ന് എന്താവശ്യപ്പെടുന്നു? താൻ ആഗ്രഹിക്കുന്നതുമാത്രം ചെയ്യാൻ ഒരിക്കലും തന്റെ ഭർത്താവിന്റെമേൽ സമ്മർദ്ദംചെലുത്താതെ അവൾ ഉചിതമായി കീഴ്പെട്ടിരിക്കണമെന്നുതന്നെ. അവൾ തന്റെ ഭർത്താവിനോടും കുട്ടികളോടുമുള്ള കടപ്പാടുകൾ നന്നായി നിറവേറേറണ്ടയാവശ്യമുണ്ട്. തന്റെ ഭവനം ശുചിയായും ഭംഗിയായും സൂക്ഷിക്കുന്നതിൽനിന്ന് അവൾക്ക് യഥാർത്ഥ സന്തുഷ്ടി നേടാൻ കഴിയും. ഒരു ക്രിസ്തീയ ശുശ്രൂഷകയെന്ന നിലയിൽ വയൽസേവനത്തിലേർപ്പെടാൻ അവൾക്ക് അനേകം അവസരങ്ങളുണ്ടായിരിക്കാം. ഒരു കുടുംബവുമായുള്ള ഒരു അഭിമുഖം അങ്ങനെയുള്ള തിരുവെഴുത്തുബുദ്ധിയുപദേശത്തിന്റെ ജ്ഞാനത്തിന് അടിവരയിട്ടു.
“ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുന്ന കുട്ടികൾ” എന്ന ഭാഗത്ത് ചെറുപ്പക്കാർക്ക് ശ്രദ്ധ ലഭിച്ചു. ശ്രദ്ധിക്കാനും പഠിക്കാനും തങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കുന്നതിനാൽ മാതാപിതാക്കൾ യഹോവക്ക് ബഹുമതി കൈവരുത്തുകയും തങ്ങളുടെ ആത്മീയ സഹോദരൻമാരോടും തങ്ങളുടെ സ്വന്തം സന്താനങ്ങളോടും സ്നേഹം പ്രകടമാക്കുകയും ചെയ്യുന്നു. മാതാപിതാക്കൻമാരും കുട്ടികളും ഒത്തൊരുമിച്ച് മൂല്യവത്തായി സമയം ചെലവഴിക്കുന്നുവെങ്കിൽ അവരുടെ ഇടയിൽ ശക്തമായ ബന്ധം നിലനിൽക്കും. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സജ്ജരായിരിക്കുകയും അവരുടെ വിജ്ഞാനദാഹത്തെ ഉത്തേജിപ്പിക്കുകയും ചെയ്യണം. വീണ്ടും, ഇത് എങ്ങനെ ചെയ്യാൻ കഴിയുമെന്ന് അഭിമുഖങ്ങൾ പ്രകടമാക്കി.
അടുത്തതായി “യഹോവയെ സേവിക്കാൻ സ്വതന്ത്രനായി നിലകൊള്ളുക” എന്ന നല്ല ബുദ്ധിയുപദേശം വന്നു. ഇത് എങ്ങനെ ചെയ്യപ്പെടുന്നു? ലൗകിക ജീവിതവൃത്തികളും സമയംകൊല്ലുന്ന വിനോദത്തൊഴിലുകളും ഭൗതികലക്ഷ്യങ്ങളും പിന്തുടരുന്നതിൽനിന്ന് വിമുക്തരായിരിക്കുന്നതിനാൽ. ആത്മത്യാഗികളായിരുന്നുകൊണ്ട് യേശുവും അപ്പോസ്തലനായ പൗലോസും നമുക്ക് നല്ല മാതൃകകൾ വെച്ചു. യഹോവയുടെ ജനം രാജ്യതാത്പര്യങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ട് ലഘുവായ കണ്ണ് നിലനിർത്തേണ്ടതാണ്. ഭൗതികവസ്തുക്കൾ സമ്പാദിക്കുന്ന കാര്യത്തിൽ ഇപ്പോൾ പണം സ്വരൂപിച്ചിട്ട് പിന്നീട് വാങ്ങുകയാണ് ഇപ്പോൾ വാങ്ങിയിട്ട് പിന്നീട് പണം സ്വരൂപിക്കുന്നതിലും നല്ലത്. യുവജനങ്ങൾ ലൈംഗിക ഉല്ലാസങ്ങളെയും ലൗകികജീവിതവൃത്തികളെയും കുറിച്ച് വിചിത്രഭാവനകൾ വെച്ചുപുലർത്തുന്നതിനെതിരെ ജാഗരിക്കണം. യഹോവയെ സേവിക്കാൻ ഒരുവൻ സ്വതന്ത്രനായിരിക്കുമ്പോൾ കൈവരുന്ന അനുഗ്രഹങ്ങൾ ഒരു അവിവാഹിത പയനിയറുമായുള്ള അഭിമുഖം പ്രകടമാക്കി.
ശനിയാഴ്ച രാവിലത്തെ പരിപാടി “സമർപ്പണവും സ്നാപനവും മുഖേന സ്വാതന്ത്ര്യത്തിലേക്കു പ്രവേശിക്കുക” എന്ന പ്രസംഗത്തേടെ പര്യവസാനിച്ചു. ആദാമിന്റെ മത്സരത്താൽ സൃഷ്ടി അടിമത്വത്തിൽ ആണ്ടുപോയെങ്കിലും ശക്തനായ വിമോചകനായ യേശുക്രിസ്തു തന്റെ ബലിയാൽ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി തുറന്നുവെന്ന് സ്നാപനാർത്ഥികൾ അനുസ്മരിപ്പിക്കപ്പെട്ടു. പ്രസംഗകൻ ദൈവേഷ്ടം ചെയ്യാൻ സ്വതന്ത്രരാകുന്നതിൽ എന്താണുൾപ്പെട്ടിരിക്കുന്നതെന്ന് പ്രകടമാക്കുകയും സ്നാപനമേൽക്കുന്നവരുടെ ഭാഗധേയമായിരിക്കുന്ന കടപ്പാടുകളെയും അനുഗ്രഹങ്ങളെയും പ്രദീപ്തമാക്കുകയും ചെയ്തു.
ശനിയാഴ്ച ഉച്ചതിരിഞ്ഞ്
ശനിയാഴ് ഉച്ചതിരിഞ്ഞുള്ള പരിപാടി “നിങ്ങൾ ആരുടെ ഗുണം അന്വേഷിക്കുന്നു?” എന്ന ഉള്ളറിയുന്ന ചോദ്യത്തോടെയാണ് ആരംഭിച്ചത്? ലോകം പിശാചിന്റെ സ്വാർത്ഥാന്വേഷണ മനോഭാവം പ്രതിഫലിപ്പിക്കുന്നു. ഏതായാലും, ക്രിസ്ത്യാനികൾ അനുകരിക്കേണ്ടത് യേശുക്രിസ്തുവിന്റെ ആത്മത്യാഗപരമായ മനോഭാവമാണ്. അവൻ എന്തൊരു മാതൃകയാണ് വെച്ചത്! അവൻ സ്വർഗ്ഗീയ മഹത്വം വിടുകയും അനന്തരം നമ്മുടെ പ്രയോജനത്തിനുവേണ്ടി തന്റെ മനുഷ്യജീവനെ ബലിചെയ്യുകയും ചെയ്തു. ബിസിനസ് അല്ലെങ്കിൽ സാമ്പത്തിക കാര്യങ്ങളിൽ തെററിദ്ധാരണകൾ ഉള്ളപ്പോഴും വ്യക്തിത്വഭിന്നതകൾ ഉള്ളപ്പോഴും മററും നാം ആരുടെ ഗുണം അന്വേഷിക്കുന്നുവെന്നതിലുള്ള വെല്ലുവിളികൾ ഉയർന്നുവരുന്നു. അങ്ങനെയുള്ള കാര്യങ്ങൾ ക്രിസ്തീയ സ്നേഹത്തെ പരിശോധിക്കുന്നു. എന്നാൽ മററുള്ളവരുടെ ഗുണം അന്വേഷിക്കുന്നതിനാൽ ഒരു വ്യക്തി കൊടുക്കലിന്റെ ഏറിയ അനുഗ്രഹം പ്രാപിക്കുമെന്ന് ഉറപ്പാണ്, അയാൾ യഹോവയുടെ അംഗീകാരവും നേടും.
പിന്നീട് “ആത്മീയ ദൗർബല്യം തിരിച്ചറിഞ്ഞ് അതിനെ തരണംചെയ്യൽ” എന്ന അടുത്തുബന്ധപ്പെട്ട വിഷയം അവതരിപ്പിക്കപ്പെട്ടു. ഈ പ്രസംഗം ആത്മീയ ദൗർബല്യത്തിന്റെ ലക്ഷണങ്ങളെ തിരിച്ചറിയേണ്ടതിന്റെയും അനന്തരം സാത്താനെയും അവന്റെ കെണികളെയും കീഴടക്കാനുള്ള പോരാട്ടത്തിൽ നിർണ്ണായകമായി പ്രവർത്തിക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞു. യഹോവയുടെ ദാസൻമാർ അവനോടുള്ള അഗാധമായ സ്നേഹവും തിൻമയോടുള്ള വെറുപ്പും നട്ടുവളർത്തേണ്ടതാണ്. ഇത് നിരന്തരം ഉദ്ദേശ്യപൂർവം നടത്തുന്ന വ്യക്തിപരവും കുടുംബപരവുമായ ബൈബിളദ്ധ്യയനം ആവശ്യമാക്കിത്തീർക്കുന്നു. അവർ അക്രമത്തെയും ലൈംഗിക ദുർമ്മാർഗ്ഗത്തെയും മഹത്വപ്പെടുത്തുന്ന വിനോദത്തിന്റെ സകല രൂപങ്ങളും ഒഴിവാക്കണം. (എഫേസ്യർ 5:3-5) ആത്മീയരോഗങ്ങളെ തരണംചെയ്യുന്നതിലുള്ള വിജയത്തിന് നിരന്തരമായ പ്രാർത്ഥനയും യോഗഹാജരും അടിസ്ഥാനപരമായിട്ടുള്ളതാണ്.
ഒരുപക്ഷേ കൺവെൻഷനിൽ നടത്തപ്പെട്ട മററ് ഏതൊരു പ്രസംഗത്തെയുംകാൾ കൂടുതൽ ചർച്ചക്കിടയാക്കിയത് “വിവാഹം സന്തുഷ്ടിയുടെ താക്കോലോ?” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രസംഗമായിരുന്നു. അനേകം യുവജനങ്ങൾ അങ്ങനെ വിചാരിക്കുന്നു! എന്നാൽ വിവാഹിതരല്ലെങ്കിലും സന്തുഷ്ടരായിരിക്കുന്ന വിശ്വസ്തരായ എണ്ണമററ വിശ്വസ്ത ആത്മജീവികളുണ്ടെന്ന് പ്രസംഗകൻ വ്യക്തമാക്കി, അതുപോലെതന്നെ സമർപ്പിതരായ അനേകം ക്രിസ്ത്യാനികൾ വിവാഹത്തിൽ ഒത്തുചേർന്നിട്ടില്ലെങ്കിലും വളരെ സന്തുഷ്ടരാണ്. തന്നെയുമല്ല, ഉയർന്ന വിവാഹമോചനനിരക്കിനാൽ സൂചിപ്പിക്കപ്പെടുന്നതുപോലെ അനേകം ദമ്പതികൾ സന്തുഷ്ടരല്ല. വിവാഹത്തിന് ഒരു അനുഗ്രഹമായിരിക്കാൻ കഴിയുമെങ്കിലും അത് സന്തുഷ്ടിയുടെ താക്കോലല്ലെന്ന് തിരിച്ചറിയാൻ ഒരുവൻ സകല സമർപ്പിതക്രിസ്ത്യാനികളും ആസ്വദിക്കുന്ന അനേകം അനുഗ്രഹങ്ങളെക്കുറിച്ച് വിചിന്തനംചെയ്യേണ്ടതുണ്ട്.
അതിനെ തുടർന്ന് “നമ്മുടെ നാളിലെ ക്രിസ്തീയ സ്വാതന്ത്ര്യം” എന്ന സിംപോസിയം നടന്നു. ആദ്യപ്രസംഗകൻ “നമ്മുടെ ക്രിസ്തീയ സ്വാതന്ത്ര്യത്തിന്റെ സവിശേഷ വശങ്ങൾ” ചർച്ചചെയ്തു. ഇവയിൽ ത്രിത്വം, മനുഷ്യദേഹിയുടെ അമർത്യത, നിത്യദണ്ഡനം എന്നിങ്ങനെയുള്ള വ്യാജമതോപദേശങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യം ഉൾപ്പെടുന്നു. ഇനി പാപത്തിന്റെ അടിമത്വപരമായ ബന്ധനമുണ്ട്. ക്രിസ്ത്യാനികൾ അപൂർണ്ണരാണെങ്കിലും അവർ പുകവലി, ചൂതാട്ടം, മദ്യാസക്തി, വിവേചനാരഹിതമായ ലൈംഗികത എന്നിങ്ങനെയുള്ള ദുശ്ശീലങ്ങളിൽനിന്ന് സ്വതന്ത്രരാണ്. നിരാശയിൽനിന്നുള്ള സ്വാതന്ത്ര്യവുമുണ്ട്, എന്തെന്നാൽ അവർക്ക് പറുദീസയുടെ ശോഭനമായ പ്രത്യാശയുണ്ട്, അത് അതിനെക്കുറിച്ച് മററുള്ളവരോടു പറയാൻ അവരെ പ്രേരിപ്പിക്കുന്നു.
അടുത്ത പ്രസംഗകൻ “നിങ്ങൾ വ്യക്തിപരമായി അത്തരം സ്വാതന്ത്ര്യത്തെ വിലമതിക്കുന്നുവോ?” എന്ന ചോദ്യം ചോദിച്ചു. വിലമതിക്കുകയെന്നാൽ വിലപ്പെട്ടതായി കരുതുക, ശ്രദ്ധാപൂർവം പോററിപ്പുലർത്തുക എന്നാണർത്ഥം. അതു ചെയ്യുന്നതിന്, ഒരു ദൈവദാസൻ ക്രിസ്തീയസ്വാതന്ത്ര്യത്തിന്റെ പരിധികൾക്കതീതമായി പോകുന്നതിനെതിരെ ജാഗരിക്കേണ്ടതാണ്. ലോകത്തിന്റെ സ്വാതന്ത്ര്യം വഞ്ചനാത്മകമായ ഒരു ഭോഷ്ക്കാണ്, എന്തെന്നാൽ അത് പാപത്തിനും അഴിമതിക്കുമുള്ള അടിമത്വത്തിൽ കലാശിക്കുന്നു.
ഈ സിംപോസിയത്തിലെ അവസാനപ്രസംഗകൻ “സ്വാതന്ത്ര്യസ്നേഹികൾ ഉറച്ചുനിൽക്കുന്നു” എന്ന വിഷയത്തെ ആസ്പദിച്ചു പ്രസംഗിച്ചു. അതു ചെയ്യുന്നതിന്, ക്രിസ്ത്യാനികൾ തങ്ങളുടെ സ്വർഗ്ഗീയ മാതാപിതാക്കളോട്, യഹോവയോടും അവന്റെ ഭാര്യാസമാനമായ സ്ഥാപനത്തോടും, അടുത്തു പററിനിൽക്കേണ്ടതാണ്. യഹോവയുടെ ജനത്തിന് വിശ്വാസത്യാഗപരമായ പ്രചാരണത്താൽ വ്യതിചലിപ്പിക്കപ്പെടാൻ തങ്ങളേത്തന്നെ അനുവദിക്കാൻ കഴിയില്ല; അവർ അധാർമ്മിക നിർദ്ദേശങ്ങളുമായി വരുന്നവരെ നിരസിക്കണം. ദൈവിക സ്വാതന്ത്ര്യത്തിൽ ഉറച്ചുനിൽക്കുന്നതിന്, ക്രിസ്ത്യാനികൾ “ആത്മാവിനെ അനുസരിച്ച് ജീവി”ക്കണം.—ഗലാത്യർ 5:25.
അന്നത്തെ അന്തിമപ്രസംഗം യഥാർത്ഥത്തിൽ അത്യാഹ്ലാദത്തിന്റെ ഒരു ഉറവായിരുന്നു. അതിന്റെ വിഷയം “ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ” എന്നതായിരുന്നു. യേശുക്രിസ്തു ആയിരുന്നു ഏററവും മഹാനായ മനുഷ്യൻ, എന്തുകൊണ്ടെന്നാൽ അവൻ സകല സൈന്യങ്ങളും നാവികശക്തികളും പാർലമെൻറുകളും രാജാക്കൻമാരും ഒത്തുചേരുന്നതിനേക്കാൾ ശക്തമായി മനുഷ്യവർഗ്ഗത്തിന്റെ ജീവിതത്തെ ബാധിച്ചു. അവൻ ഭൂമിയിലേക്ക് വരുന്നതിനു മുമ്പ് സ്വർഗ്ഗത്തിൽ സ്ഥിതിചെയ്ത ദൈവപുത്രനായിരുന്നു. അവൻ സംസാരിച്ചതിലും പഠിപ്പിച്ചതിലും ജീവിച്ച വിധത്തിലും തന്റെ സ്വർഗ്ഗീയ പിതാവിനെ വളരെ നന്നായി പകർത്തിയതുകൊണ്ട് “എന്നെ കണ്ടവൻ പിതാവിനെയും കണ്ടിരിക്കുന്നു” എന്ന് അവനു പറയാൻ കഴിഞ്ഞു. (യോഹന്നാൻ 14:9, NW) “ദൈവം സ്നേഹം ആകുന്നു” എന്ന് യേശു എത്ര നന്നായി പ്രകടമാക്കി! (1 യോഹന്നാൻ 4:8) യേശുവിന്റെ ഗുണങ്ങളെക്കുറിച്ച് ദീർഘമായി പ്രതിപാദിച്ചശേഷം, “യേശുവിന്റെ ജീവിതവും ശുശ്രൂഷയും” എന്ന പേരിൽ ഒരു ലേഖന പരമ്പര 1985 ഏപ്രിൽ മുതൽ വാച്ച്ററവറിൽ പ്രസിദ്ധീകരിച്ചിരുന്നതായി പ്രസംഗകൻ കുറിക്കൊണ്ടു. അനേകം അപേക്ഷകളോടുള്ള പ്രതികരണമായി സൊസൈററി ഇപ്പോൾ ജീവിച്ചിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുതിയ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു. അതിന് 133 അദ്ധ്യായങ്ങളുണ്ട്, മുഴുവർണ്ണത്തിൽ അച്ചടിക്കുകയും ചെയ്തിരിക്കുന്നു. പരമ്പരയിലെ വിവരങ്ങൾ പരിഷ്ക്കരിച്ചിട്ടുണ്ട്, അതെല്ലാം പുസ്തകത്തിലെ 448 പേജുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സത്യമായി, ഈ കൺവെൻഷൻദിവസം വിശേഷാൽ ഉയർന്ന ഒരു ആഹ്ലാദാന്തരീക്ഷത്തിൽ അവസാനിച്ചു.
ഞായറാഴ്ച ഉച്ചക്കുമുമ്പ്
ഞായറാഴ്ച രാവിലത്തെ സെഷനിൽ പ്രാരംഭത്തിൽതന്നെ “മനുഷ്യരെ പിടിക്കുന്നവരായി സേവിക്കൽ” എന്ന സിംപോസിയം നടന്നു. “മീൻപിടുത്തം—അക്ഷരീയവും ആലങ്കാരികവും” എന്ന പ്രസംഗം തുടർന്നുവന്ന പ്രസംഗങ്ങളുടെ അടിത്തറ പാകി. യേശു അത്ഭുതകരമായ ഒരു മീൻപിടുത്തത്തിനിടയാക്കിയശേഷം അവൻ, ഉൾപ്പെട്ടിരുന്ന മീൻപിടുത്തക്കാരെ മനുഷ്യരെ പിടിക്കുന്നവരായിത്തീരാൻ ക്ഷണിച്ചുവെന്ന് പ്രസംഗകൻ പ്രകടമാക്കി. മനുഷ്യരെ പിടിക്കുന്നവരായിത്തീരാൻ യേശു തന്റെ ശിഷ്യൻമാരെ കുറേക്കാലം പരിശീലിപ്പിച്ചു. ക്രി.വ. 33ലെ പെന്തെക്കോസ്തു മുതൽ സ്ത്രീപുരുഷൻമാരുടെ സമൂഹങ്ങളെ മനുഷ്യരെ പിടിക്കുന്നവരായിത്തീരാൻ സഹായിക്കുന്നതിൽ അവർ വിജയികളായി.
അടുത്ത പ്രസംഗകൻ മത്തായി 13:47-50-ൽ രേഖപ്പെടുത്തിയിരിക്കുന്ന കോരുവലയുടെ ഉപമ കൈകാര്യംചെയ്തു. പ്രതീകാത്മക കോരുവലയിൽ അഭിഷിക്തക്രിസ്ത്യാനികളും ക്രൈസ്തവലോകവും ഉൾപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, അത് ബൈബിളുകൾ ഭാഷാന്തരപ്പെടുത്തുകയും പ്രസിദ്ധപ്പെടുത്തുകയും വിതരണംചെയ്യുകയും ചെയ്യുന്നതിലുള്ള ഒടുവിൽ പറഞ്ഞവരുടെ വേല നിമിത്തമായിരുന്നു, അവരുടെ ശ്രമങ്ങൾ കൊള്ളുകയില്ലാത്ത വമ്പിച്ച മത്സ്യസമൂഹങ്ങളെ ശേഖരിച്ചുവെങ്കിലും. വിശേഷിച്ച് 1919മുതൽ വേർതിരിക്കൽവേല നടന്നിരിക്കുന്നു. കൊള്ളുകയില്ലാത്ത മത്സ്യങ്ങൾ എറിയപ്പെട്ടു. അതേസമയം കൊള്ളാവുന്നവ സത്യക്രിസ്ത്യാനികളെ സംരക്ഷിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യാൻ സഹായിച്ചിരിക്കുന്ന പാത്രസമാന സഭകളിലേക്ക് ദിവ്യസേവനത്തിനുവേണ്ടി ശേഖരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
“ആഗോള വെള്ളങ്ങളിൽ മനുഷ്യർക്കുവേണ്ടി വല വീശുന്നു” എന്ന മൂന്നാമത്തെ പ്രസംഗം ലോകവ്യാപക മീൻപിടുത്തത്തിൽ പങ്കെടുക്കാനുള്ള സകല സമർപ്പിതക്രിസ്ത്യാനികളുടെയും കടപ്പാടിനെ ഊന്നിപ്പറഞ്ഞു. ഇപ്പോൾ 212 രാജ്യങ്ങളിൽ 40,00,000ത്തിൽ പരം പേർ ഈ വേലയിൽ പങ്കെടുക്കുന്നുണ്ട്. സമീപവർഷങ്ങളിൽ ഓരോ വർഷവും 2,00,000ത്തിലും വളരെക്കൂടുതൽ പേർ സ്നാപനമേൽക്കുന്നുണ്ട്. തങ്ങളുടെ മത്സ്യബന്ധന വൈദഗ്ദ്ധ്യങ്ങൾ മെച്ചപ്പെടുത്താൻ യഹോവയുടെ സകല ജനവും പ്രോൽസാഹിപ്പിക്കപ്പെട്ടു. വിശേഷാൽ വിജയികളായിരുന്ന “മീൻപിടുത്തക്കാരു”മായി അഭിമുഖം നടത്തപ്പെട്ടു.
“അന്ത്യകാലത്ത് ഉണർന്നിരിക്കൽ” എന്ന അടുത്ത പ്രസംഗത്തിൽ ഉണർന്നിരിക്കാൻ ദൈവജനത്തെ സഹായിക്കുന്നതിനുള്ള ഏഴു സഹായങ്ങൾ പ്രസംഗകൻ വിവരിച്ചുപറഞ്ഞു: ശ്രദ്ധാശൈഥില്യങ്ങളോടു പൊരുതുക, ആത്മാർത്ഥമായി പ്രാർത്ഥിക്കുക, ഈ വ്യവസ്ഥിതിയുടെ അന്തത്തെസംബന്ധിച്ചുള്ള മുന്നറിയിപ്പു മുഴക്കുക, ആത്മപരിശോധന നടത്തുക, നിവൃത്തിയേറിയ പ്രവചനങ്ങളെക്കുറിച്ച് ധ്യാനിക്കുക, തങ്ങളുടെ രക്ഷ തങ്ങൾ വിശ്വാസികളായിത്തീർന്ന സമയത്തേക്കാൾ അടുത്തിരിക്കുന്നു എന്ന് മനസ്സിൽപിടിക്കുക.
രാവിലത്തെ പരിപാടി “‘കഷ്ടകാല’ത്ത് ആർ രക്ഷിക്കപ്പെടും?” എന്നതിന്റെ ഒരു പരിചിന്തനത്തോടെ പര്യവസാനിച്ചു. യോവേലിന്റെ പ്രവചനം അപ്പോസ്തലിക നാളുകളിൽ ഒരു പരിധിവരെ നിവൃത്തിയായതെങ്ങനെയെന്നും അത് നമ്മുടെ നാളിൽ കൂടുതലായി എങ്ങനെ നിവൃത്തിയേറുന്നുവെന്നും സമീപഭാവിയിൽതന്നെ അതിനു പൂർണമായ നിവൃത്തിയുണ്ടാകുമെന്നും പ്രസംഗകൻ വിശദമാക്കി.
ഞായറാഴ്ച ഉച്ചതിരിഞ്ഞ്
ഉച്ചതിരിഞ്ഞുള്ള പരിപാടി “സ്വാതന്ത്ര്യമുള്ള ദൈവത്തിന്റെ പുതിയ ലോകത്തെ സ്വാഗതംചെയ്യൽ!” എന്ന പരസ്യപ്രസംഗത്തോടെ ആരംഭിച്ചു. സ്വാതന്ത്ര്യം എന്ന കൺവെൻഷൻവിഷയം അതു തുടർന്നു. വ്യാജമത, രാഷ്ട്രീയ, സാമ്പത്തിക, വർഗ്ഗീയ ഘടകങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കുന്ന ഒരു പുതിയ ലോകത്തെക്കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറയുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. പാപത്തിൽനിന്നും മരണത്തിൽനിന്നുമുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കും. പൂർണ്ണമായ ആരോഗ്യം പുനഃസ്ഥാപിക്കപ്പെടും, തന്നിമിത്തം ആളുകൾക്ക് ഒരു പറുദീസാഭൂമിയിൽ സന്തോഷത്തോടെ എന്നേക്കും ജീവിക്കാൻ കഴിയും. അങ്ങനെ, “യഹോവേ, ഒടുവിൽ യഥാർത്ഥ സ്വാതന്ത്ര്യത്തിനുവേണ്ടി നന്ദി!” എന്ന് ഉദ്ഘോഷിച്ചുകൊണ്ട് പുതിയ ലോകത്തിന്റെ നിർമ്മാതാവിനെ പ്രകീർത്തിക്കാൻ നീതിസ്നേഹികൾക്ക് സകല കാരണവുമുണ്ട്.
പരസ്യപ്രസംഗത്തിനുശേഷം ഡിസ്ട്രിക്ററ് കൺവെൻഷനുകളിൽ പുതുതായ ഒരു സംഗതി ഉണ്ടായിരുന്നു—വീക്ഷാഗോപുരത്തിലെ പ്രതിവാര പാഠത്തിന്റെ ഒരു ചർച്ച. അനന്തരം “സ്വാതന്ത്ര്യസ്നേഹികളേ, മുന്നേറുക” എന്ന ഉത്തേജകമായ പ്രസംഗത്തോടും ബുദ്ധിയുപദേശത്തോടുംകൂടെ കൺവെൻഷനു തിരശ്ശീല വീണു. പ്രസംഗകൻ സ്വാതന്ത്ര്യം എന്ന കൺവെൻഷൻവിഷയത്തിന്റെ ഉജ്ജ്വലത്തായ ആശയങ്ങൾ ചുരുക്കി പ്രതിപാദിച്ചു. അദ്ദേഹം യഹോവയുടെ ജനം തങ്ങളുടെ സ്വാതന്ത്ര്യം നിമിത്തം എത്ര സന്തുഷ്ടരാണെന്ന് ഊന്നിപ്പറയുകയും ക്രിസ്ത്യാനികൾ പുരോഗതിവരുത്തിയിരിക്കുന്ന വിധങ്ങൾ വിവരിക്കുകയും കൂടുതലായ അനുഗ്രഹങ്ങൾ കൊയ്തെടുക്കത്തക്കവണ്ണം ഒററക്കെട്ടായി പുരോഗമിച്ചുകൊണ്ടിരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. “നാം അതു ചെയ്യുമ്പോൾ സ്വാതന്ത്ര്യസ്നേഹികൾ എന്ന നിലയിൽ നാം പുരോഗമിച്ചുകൊണ്ടിരിക്കേണ്ടതിന് യഹോവ നമ്മെയെല്ലാം തുടർന്നനുഗ്രഹിക്കട്ടെ” എന്ന വാക്കുകളോടെ അദ്ദേഹം ഉപസംഹരിച്ചു.
“സൃഷ്ടിതന്നെ ജീർണ്ണതയുടെ അടിമത്വത്തിൽനിന്ന് സ്വതന്ത്രമാക്കപ്പെടുമെന്നും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കുമെന്നുമുള്ള പ്രത്യാശയുടെ അടിസ്ഥാനത്തിൽ, സൃഷ്ടിയുടെ സ്വന്തം ഇഷ്ടത്താലല്ല, പിന്നെയോ അതിനെ കീഴ്പ്പെടുത്തിയവൻമുഖാന്തരം സൃഷ്ടി ജീർണ്ണതക്ക് വിധേയമാക്കപ്പെട്ടു.”—റോമർ 8:20, 21, NW.
[25-ാം പേജിലെ ചിത്രം]
ചെക്കോസ്ലൊവേക്യയിലെ പ്രാഗിൽ നടന്ന കൺവെൻഷനിലെ ഒരു യുവ പ്രതിനിധി
[26-ാം പേജിലെ ചിത്രം]
1. ചെക്കോസ്ലൊവേക്യയിലെ പ്രാഗിലെ ഒരു സ്നാപനസ്ഥലത്തേക്ക് സ്നാപനാർത്ഥികൾ പുറപ്പെടുന്നു
2. എസ്റേറാണിയായിലെ ററാളിനിൽ യഹോവയുടെ സാക്ഷികളിലൊരാളായി സ്നാപനമേൽക്കുന്നു
3. സൈബീരിയായിലെ ഉസോലി-സിബിറാക്കോയെയിൽ പുതിയ പ്രസിദ്ധീകരണങ്ങൾ സമ്മേളിതർക്ക് സന്തോഷം കൈവരുത്തി
4. പ്രാഗിലെ കൺവെൻഷനിൽ ചെക്കിലും സ്ലൊവാക്കിലും “വിശുദ്ധതിരുവെഴുത്തുകളുടെ പുതിയ ലോകഭാഷാന്തരം” പ്രകാശനംചെയ്യുന്നു