ദൈവത്തോട് അടുത്തുവന്നതു തരണം ചെയ്യാൻ എന്നെ സഹായിച്ചു
എനിക്കു മതത്തിൽ ഒരു താത്പര്യവും ഇല്ലായിരുന്നു. എല്ലാ സംഘടിത മതവും വ്യാജമാണെന്ന് എനിക്കു തോന്നി. ആളുകളെ മററുള്ളവരുടെനേരെ അസഹിഷ്ണുക്കളാക്കുന്നതൊഴികെ അത് അവർക്ക് അധികം പ്രയോജനപ്പെട്ടതായി എനിക്കു കാണാൻ കഴിഞ്ഞില്ല. അത് അറുപതുകളുടെ അവസാനമായിരുന്നു. ഒരു യു.എസ്. പ്രസിഡണ്ട് വധിക്കപ്പെട്ടിരുന്നു, വിയററ്നാമിലെ യുദ്ധത്തിൽ ആയിരക്കണക്കിനു പേർ മരിക്കുകയായിരുന്നു. ലോകം ആകെ കുഴഞ്ഞുമറിഞ്ഞ ഒരു അവസ്ഥയിലായിരുന്നു. എന്റെ സ്വന്തം ജീവിതം ശിഥിലമാക്കപ്പെടുകയായിരുന്നു. എന്നെയോ മനുഷ്യവർഗത്തെയോ സംബന്ധിച്ച് കരുതൽ പ്രകടമാക്കുന്ന ഒരു ദൈവം ഉണ്ടായിരിക്കാൻ എങ്ങനെ കഴിയും?
എനിക്ക് 27 വയസ്സുണ്ടായിരുന്നു, വിവാഹിതയും രണ്ടു ചെറിയ കുട്ടികൾ ഉള്ളവളും. ഞാൻ ഒരു മനോരോഗാശുപത്രിയിൽ മുഴുസമയം ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ ഒരു അയൽക്കാരി ബൈബിളിനെക്കുറിച്ച് എന്നോടു സംസാരിക്കാൻ തുടങ്ങി. വിസ്മയകരമാംവിധം ഞാൻ ശ്രദ്ധിക്കുന്നതായി ഞാൻ കണ്ടെത്തി. അവർ അന്ത്യനാളുകൾ എന്നു വിളിച്ചതിനെക്കുറിച്ച് സംസാരിച്ചു. അവർ വ്യത്യസ്തയാണെന്നു തോന്നി, എനിക്ക് ഉത്തരങ്ങൾ കിട്ടേണ്ടിയിരുന്നു. നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്നു പേരുള്ള ഒരു പുസ്തകം അവർ എനിക്കു തന്നിട്ടുപോയി. ഒററ രാത്രികൊണ്ടു ഞാൻ അതു വായിച്ചു, തിരുവെഴുത്തുകൾ എടുത്തുനോക്കി, ഞാൻതന്നെ അമ്പരക്കുന്നതായി തിരിച്ചറിഞ്ഞു, ‘ഞാൻ യഥാർഥത്തിൽ സത്യം കണ്ടെത്തിയോ?’
എങ്കിൽ, അതൊരു പ്രശ്നം സൃഷ്ടിച്ചു. ഞാൻ ഒരു യഹൂദ കുടുംബത്തിലാണ് ജനിച്ചത്, ഒരു യഹൂദ ഭർത്താവും രണ്ടു ചെറിയ കുട്ടികളും യഹൂദ്യ ബന്ധുക്കളും എനിക്കുണ്ടായിരുന്നു. ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നാൽ അവർ അസ്വസ്ഥരാകുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ കുടുംബത്തെ അനാവശ്യമായി വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചില്ല; എനിക്ക് ഉറപ്പു വരുത്തേണ്ടിയിരുന്നു. ഞാൻ ബൈബിൾ സാഹിത്യം അതീവ ഉത്സാഹത്തോടെ വായിക്കാൻ തുടങ്ങി. ഒരാഴ്ചക്കുള്ളിൽ ഇതാണു സത്യമെന്ന് എനിക്കു ബോധ്യപ്പെട്ടു. സത്യം പഠിക്കുന്നതു ഞാൻ ചെയ്യേണ്ടിയിരുന്ന ഒന്നായിരുന്നു. അതുകൊണ്ടു യഹോവയുടെ സാക്ഷികളോടൊപ്പം ഞാൻ പഠിക്കാൻ തുടങ്ങി. ആഴ്ചകൾക്കുള്ളിൽ ഞാൻ എല്ലാവരോടും പ്രസംഗിച്ചുകൊണ്ടിരുന്നു. ദൈവത്തിന്റെ നാമം യഹോവയാണെന്നും എന്നെയും മുഴു മനുഷ്യവർഗത്തെയും സംബന്ധിച്ച് അവിടുന്ന് കരുതൽ പ്രകടമാക്കുന്നെന്നും ഒരു പറുദീസാഭൂമിയിലെ നിത്യജീവൻ സാധ്യമാണെന്നും മനസ്സിലാക്കിയപ്പോൾ ഞാൻ പുളകിതയായി. ജൂൺ 12, 1970-ൽ ഞാൻ സ്നാപനമേററു.
ഞാൻ ഊഹിച്ചതുപോലെ എന്റെ കുടുംബവും അതുപോലെതന്നെ വൈവാഹിക ബന്ധുക്കളും വളരെ പ്രക്ഷുബ്ദ്ധരായിരുന്നു, ചിലർ എന്നെ തിരസ്ക്കരിച്ചു. എന്റെ ഭർത്താവ് ഇടവിട്ടിടവിട്ട് വർഷങ്ങളോളം പഠിച്ചു, എന്നാൽ ഒരിക്കലും ഒരു വിശ്വാസിയായിത്തീർന്നില്ല. എന്നിരുന്നാലും, എന്റെ കുട്ടികൾ യഹോവയുടെ സാക്ഷികൾ ആയിത്തീരുകതന്നെ ചെയ്തു. ഞാൻ ആദ്യംമുതൽ വീടുതോറും ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്ന ഒരു മുഴുസമയ ശുശ്രൂഷക ആയിത്തീരാൻ ആഗ്രഹിച്ചു. എന്നാൽ വളർന്നുകൊണ്ടിരുന്ന ഒരു കുടംബവും അവിശ്വാസിയായ ഭർത്താവും എനിക്കുണ്ടായിരുന്നു. ഞാൻ മുഴുസമയം ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾപ്പോലും പണം നല്കാൻ കഴിയാത്തതിനാൽ ഞങ്ങൾക്കു രണ്ടു വീടുകൾ നഷ്ടപ്പെട്ടു. പലതവണ താമസിക്കാൻ ഒരിടവുമില്ലായിരുന്നു. ജീവിതം വളരെ ദുഷ്കരമായിരുന്നു.
ഒരിക്കൽ ഞങ്ങൾ വീട് ഒഴിയേണ്ട ഒരു സമയം വന്നു. ഒരു ഞായറാഴ്ച ഉച്ചയോടുകൂടി ഞങ്ങൾ ആ വീട്ടിൽനിന്ന് ഇറങ്ങണമായിരുന്നു. പോകാൻ ഞങ്ങൾക്ക് ഒരിടവും ഉണ്ടായിരുന്നില്ല. എനിക്കു ചെയ്യാൻ കഴിഞ്ഞതെല്ലാം ഞാൻ ചെയ്തു, ഒടുവിൽ തലേദിവസമായ ശനിയാഴ്ച രാവിലെ, മത്തായി 6:33-ൽ യേശു പറഞ്ഞതുപോലെ ചെയ്യുമെന്നു ഞാൻ ഉറച്ചു—ഒന്നാമതു രാജ്യം അന്വേഷിക്കാനും യഹോവ എനിക്കാവശ്യമായ കാര്യങ്ങൾ നല്കുന്നതിനായി കാത്തിരിക്കാനും. ഞാൻ പരസ്യശുശ്രൂഷയ്ക്കു പോയി. ആ സാഹചര്യം ഉളവാക്കിയ സമ്മർദംനിമിത്തം ഞാൻ കരഞ്ഞതായി ഓർക്കുന്നു, എന്നാൽ അഞ്ചു മിനിററിനുള്ളിൽ എനിക്കു സുഖം തോന്നി. പ്രസംഗത്തിന് എന്റെമേൽ ക്രിയാത്മകമായ ഒരു ഫലം ഉണ്ടെന്നു ഞാൻ എല്ലായ്പോഴും കണ്ടെത്തി. അതെന്നെ എന്റെ പ്രശ്നങ്ങൾക്കതീതമായി ഉയർത്തുന്നു. യഹോവയുടെ ആത്മാവ് എന്നെ സന്തുഷ്ടയും ഉത്പാദനക്ഷമതയുള്ളവളുമായി നിലനിർത്തുകയും എന്റെ ജീവിതത്തിന് അർഥം തരികയും ചെയ്യുന്നു. ഏതായാലും ആ ദിവസം ഞാൻ വീട്ടിൽ വന്നപ്പോൾ ഞങ്ങൾക്കു പോകാൻ ഒരിടവുമുണ്ടായിരുന്നില്ല, എന്നിരുന്നാലും എനിക്കു വളരെ സുഖം തോന്നി.
അന്നു വൈകുന്നേരം ഞങ്ങളുടെ ആവശ്യങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരുന്ന സ്ഥാവരസ്വത്തു സ്ഥാപനത്തിൽനിന്നു ഞങ്ങൾക്ക് ഒരു ഫോൺസന്ദേശം ലഭിച്ചു. സമയം രാത്രി 11:30 ആയിരുന്നു. കിട്ടുമെന്നു കരുതിയിരുന്ന വീടു ശരിയാകുന്നതുവരെ ഞങ്ങൾക്കു പോകാൻ ഒരിടവുമില്ല എന്നതിൽ സ്ഥാവരവസ്തുക്കളുടെ ഏജൻറ് വളരെ ഉത്ക്കണ്ഠാകുലനായിരുന്നു, താത്കാലികമായി താമസിക്കാൻ അദ്ദേഹം ഒരു സ്ഥലം കണ്ടെത്തി. എന്റെ സഹസാക്ഷികൾ ഞായറാഴ്ച ഞങ്ങളെ ആ വീട്ടിലേക്കു കൊണ്ടുപോയാക്കി. മൂന്നാഴ്ച ഞങ്ങൾ അവിടെ താമസിച്ചു, ഞങ്ങളുടെ സാധനങ്ങൾ അപ്പോഴും പെട്ടികൾക്കുള്ളിലായിരുന്നു. ഒടുവിൽ വീടു ശരിയായപ്പോൾ ഞങ്ങൾ അവിടേക്കു മാറി. അത് എളുപ്പമായിരുന്നില്ല, എന്നാൽ യഹോവ ഞങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതി. ഇത് എന്നെ വളരെയധികം ശക്തിപ്പെടുത്തുകയും എന്റെ വിശ്വാസത്തെ വർധിപ്പിക്കുകയും ചെയ്തു. അതു സങ്കീർത്തനം 37:25-ൽ ദാവീദ് പറഞ്ഞതുപോലെതന്നെ ആയിരുന്നു: “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.”
കുടുംബമൂലധനത്തിന്റെ നിർവഹണത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ചിലപ്പോൾ പണത്തിന്റെ നിർവഹണം ഞാനേറെറടുത്ത് എല്ലാം നേരെയാക്കുമായിരുന്നു. ഈ വർഷങ്ങളിൽ വിവാഹജീവിതം ഒരുമിച്ചു നിലനിർത്താൻ ഞാൻ സാഹസികമായി ശ്രമിച്ചു, എന്തുകൊണ്ടെന്നാൽ മുഖ്യമായും യഹോവയോടുള്ള സ്നേഹവും വിവാഹക്രമീകരണത്തോടുള്ള അവിടുത്തെ പരിഗണനയും ഭർത്താവിനു മാററമുണ്ടാകുമെന്നും സത്യത്തിലേക്കു വരുമെന്നും ഉള്ളിന്റെയുള്ളിൽ ഞാൻ ആശിച്ചതിനാലും തന്നെ.
ഞാൻ നിരന്തരപയനിയറിംഗിനെക്കുറിച്ച് ഇടവിടാതെ പ്രാർഥിച്ചുകൊണ്ടിരുന്നു. അവസരം കിട്ടിയപ്പോഴെല്ലാം സഹായപനിയറിംഗിൽ പ്രവേശിക്കുകയും ചെയ്തു.a എന്റെ ജീവിതത്തെ ഉപയോഗിക്കാൻ കഴിയുന്ന അതിവിശിഷ്ടവും അതിപ്രധാനവുമായ വിധം പ്രസംഗിക്കലാണെന്ന് എനിക്കറിയാമായിരുന്നു. ഞാൻ യഹോവയെ സ്നേഹിച്ചു, അവിടുത്തെ മുഴുദേഹിയോടെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്തു. ഞാൻ ആളുകളെ സ്നേഹിക്കുകയും അവരെ സഹായിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. ബൈബിൾ തത്ത്വങ്ങൾ എത്ര പ്രയോജനപ്രദമായിരുന്നെന്ന് എന്റെ സ്വന്തം ദുഷ്കരമായ ജീവിതത്തിൽനിന്നു ഞാൻ വിലമതിക്കാനിടയായി. രാജ്യം പ്രദാനംചെയ്ത പ്രത്യാശ ആളുകൾക്ക് ആവശ്യമാണെന്നും എനിക്കറിയാമായിരുന്നു. എന്നാൽ ഞാൻ ജോലി ചെയ്തില്ലെങ്കിൽ എന്റെ കുടുംബം അതിജീവിക്കുമോ എന്നു ഞാൻ ഭയപ്പെട്ടു. ഞങ്ങൾ കഷ്ടിച്ചു ജീവിക്കുകയായിരുന്നു.
ഞാൻ നിലവിളിച്ചു, ബലാൽസംഗകൻ ഓടിപ്പോയി
യഹോവ എല്ലായ്പോഴും എന്നെ കരുതുമെന്നും പരിപാലിക്കുമെന്നും എനിക്കു വിശ്വാസം തന്ന ഒന്ന് എന്റെ ജീവിതത്തിൽ സംഭവിച്ചു. ആരോ എന്റെ ഭവനത്തിൽ ഭേദിച്ചുകടന്ന് എന്നെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു. ഞാൻ ഉറങ്ങിക്കിടന്നപ്പോൾ അയാൾ എന്നെ ആക്രമിച്ചു, ഉണർന്നപ്പോൾ അനങ്ങുകയോ നിലവിളിക്കുകയോ ചെയ്താൽ കൊന്നുകളയുമെന്ന് അയാൾ എന്നെ ഭീഷണിപ്പെടുത്തി. ഞാൻ ഭയവിഹ്വലയായെങ്കിലും ശാന്തയായിരിക്കാനും ഏതു പ്രവർത്തനഗതിയായിരിക്കും ഏററവും നല്ലതെന്നു തീരുമാനിക്കാൻ പ്രാർഥിക്കുന്നതിനു മനസ്സാന്നിദ്ധ്യം നേടാനും യഹോവ എന്നെ സഹായിച്ചു. നിലവിളിക്കുന്നതിനെക്കുറിച്ചു ബൈബിൾ പറയുന്നത് എനിക്കറിയാമായിരുന്നു, എന്നാൽ ഞാൻ നിലവിളിച്ചാൻ അയാൾ എന്നെ കൊന്നുകളയുമെന്ന് എനിക്കു തോന്നി. അപ്പോൾ എന്റെ കുട്ടികൾ ഉണരും, അയാൾ അവരെയും കൊല്ലും. മരണവാർത്തകളിൽ എന്റെ പേര് പ്രത്യക്ഷപ്പെടുന്നതു ഞാൻ കണ്ടു. ഞാൻ മരിച്ചാൽ യഹോവ എന്റെ കുട്ടികളെ സംരക്ഷിക്കണമേയെന്നു ഞാൻ പ്രാർഥിച്ചു. അങ്ങനെയാണെങ്കിൽപ്പോലും, ബൈബിൾ സൂചിപ്പിച്ചതു ഞാൻ ചെയ്തു—ഞാൻ നിലവിളിച്ചു. (ആവർത്തനപുസ്തകം 22:26, 27) ബലാൽസംഗകൻ ഓടിപ്പോയി. ആ രാത്രിയിൽ മരിച്ചുപോകുമെന്നു ഞാൻ യഥാർഥത്തിൽ കരുതി. ഞാൻ യഹോവയോട് എന്നത്തേതിലുമധികം അടുത്തു.
ഞാൻ എന്റെ ജോലി ഉപേക്ഷിച്ച് 1975-ൽ ഒരു നിരന്തരപയനിയറായി പ്രവർത്തിക്കാൻ തുടങ്ങി. ആറു വർഷം ഞാൻ പയനിയറിംഗ് നടത്തി. എന്റെ ഭർത്താവ് ചെലവുകൾ നടത്തി. സങ്കടകരമെന്നു പറയട്ടെ, ചെറുപ്രായത്തിൽ എനിക്കു പ്രമേഹം ഉണ്ടായി. ഒരു ഘട്ടത്തിൽ എനിക്ക് അസുഖം വളരെ കൂടുതലായി. പ്രശ്നത്തെ നേരിടുന്നതിനു ഞാൻ യഹോവയിൽ കൂടുതൽ ആശ്രയിക്കുന്നതിൽ തുടർന്നു. എന്റെ സാഹചര്യം അതായിരുന്നിട്ടും അന്നോളം ഉണ്ടായിരുന്ന എന്റെ ജീവിതത്തിലെ ഏററവും സന്തുഷ്ടവും ഫലോത്പാദകവുമായ വർഷങ്ങൾ അവയായിരുന്നു. സ്നാപനത്തിലേക്കു പുരോഗമിച്ച ബൈബിൾ വിദ്യാർഥികളെ നല്കി യഹോവ എന്നെ അനുഗ്രഹിച്ചു. ചിലർ പയനിയർമാരായിത്തീർന്നു.
അതിനുശേഷം 1980-ൽ ഞങ്ങളുടെ ജീവിതം ശിഥിലമായി. ഭർത്താവിനും എനിക്കും ഇടയിൽ ഒരു അകൽച്ച വികാസംപ്രാപിച്ചു. കുട്ടികൾ വളരെ സംഭ്രാന്തരായിരുന്നു, അതുകൊണ്ട് അവർക്കുവേണ്ടി ഞാൻ വിവാഹജീവിതം നിലനിർത്താൻ ശ്രമിച്ചു. എന്നാൽ ഭർത്താവ് എന്റെ ശ്രമങ്ങളോടു പ്രതികരിച്ചില്ല. ഈ ഘട്ടത്തിൽ, തിരുവെഴുത്തുപരമായ ഒരു വിവാഹമോചനം നേടുന്നതിനുള്ള സമയമായി എന്നു ഞാൻ മനസ്സിലാക്കി. അദ്ദേഹം വിട്ടുപോയത് എന്റെ കുട്ടികളുടെമേൽ ഉളവാക്കിയ ഫലം ഭയങ്കരമായിരുന്നു.
ഈ സമയത്തു പയനിയറിംഗ് തുടരാൻ ഞാൻ പണിപ്പെടുകയായിരുന്നു, ഒരു വർഷത്തോളം തുടരാൻ എനിക്കു കഴിഞ്ഞു. എന്നിരുന്നാലും ഈ സാഹചര്യത്തെ നേരിടാൻ കഴിയാത്ത എന്റെ മകൾ, ഞാനും സത്യവും ഉൾപ്പെടെ എല്ലാററിനുമെതിരെ മത്സരിക്കാൻ തുടങ്ങി. അവളുടെ നടത്തനിമിത്തം ഈ സമയത്തു ഞാൻ പയനിയറിംഗ് നിറുത്തി. അത് എന്നെ തകർത്തുകളഞ്ഞു; എന്റെ ആശ്രയം അററുപോയി. യഹോവ ഒഴികെ എല്ലാം നഷ്ടപ്പെട്ടതുപോലെ എനിക്ക് ഏകാന്തത അനുഭവപ്പെട്ടു.
ഈ സമയത്താണ് അവർ എന്നെങ്കിലും തിരിച്ചറിഞ്ഞേക്കാവുന്നതിലധികമായി എന്നെ സഹായിച്ച രണ്ടു പ്രിയ സഹോദരൻമാരെ യഹോവ എനിക്കു നല്കിയത്. ഒരാൾ ഒരു സർക്കിട്ട് മേൽവിചാരകനായിരുന്നു, മറേറയാൾ എന്റെ ഭർത്താവിനോടൊത്തു പഠിച്ചുകൊണ്ടിരുന്നതിനാൽ ഞങ്ങളുടെ സാഹചര്യങ്ങൾ അറിയാമായിരുന്ന, മറെറാരു സഭയിലെ ഒരു മൂപ്പനും. ഈ മനുഷ്യരാം ദാനങ്ങൾക്കുവേണ്ടി യഹോവയ്ക്കു വേണ്ടുവോളം നന്ദി കൊടുക്കാൻ എനിക്കു കഴിയില്ല. അവർ എന്നും എനിക്കു വളരെ പ്രിയപ്പെട്ടവരായിരിക്കും.
ഏറെ താമസിയാതെ, നന്നേ ചെറുപ്പത്തിൽത്തന്നെ എന്റെ മകൾ സത്യത്തിനു വെളിയിൽനിന്നു വിവാഹം കഴിച്ചു. ഇതു കുടുംബത്തെ ശിഥിലമാക്കുകയും ഞങ്ങളുടെ നൈരാശ്യത്തെ പൂർണമാക്കുകയും ചെയ്തു. വളരെ പെട്ടെന്നുതന്നെ എന്റെ പുത്രൻ വേറെ താമസിക്കാൻ തുടങ്ങി. സത്യത്തിൽ അതിജീവിക്കാൻ എന്റെ കുടുംബത്തെ സഹായിക്കാനായി ഞാൻ യഹോവയോടു നിരന്തരം പ്രാർഥിച്ചുകൊണ്ടിരുന്നു. അവർ എനിക്കു വളരെ വിലപ്പെട്ടവരായിരുന്നു. അവർക്കുവേണ്ടി ഞാൻ അങ്ങേയററം ആഗ്രഹിച്ചത് അവർ യഹോവയോട് അടുത്തുനിൽക്കാനാണ്. സത്യത്തിലെ ജീവിതകാലത്ത് അത് എന്റെ നിരന്തരപ്രാർഥനയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ആ സമയം വിവാഹജീവിതത്തിലെ മുഴു 20 വർഷത്തെക്കാൾ മോശമായിരുന്നു—അവ വളരെ മോശമായിരുന്നു. എന്നിരുന്നാലും ഏതെങ്കിലും വിധത്തിൽ ഈ പ്രശ്നങ്ങളിലൂടെ കടന്നുപോകാൻ യഹോവ ഞങ്ങളെ സഹായിക്കുമെന്ന് എനിക്കറിയാമായിരുന്നു. വിലയെന്തുതന്നെയായാലും ഞാൻ അവിടുത്തെ ഇഷ്ടം ചെയ്യേണ്ടിയിരുന്നു.
ഒരു സംഭവം ഞാൻ സ്പഷ്ടമായി ഓർക്കുന്നു. ഞാൻ അപ്പോഴും പയനിയറിംഗ് ചെയ്യുകയായിരുന്നു. ഞങ്ങൾക്കു പണം ഉണ്ടായിരുന്നില്ല, എന്നാൽ ആ ആഴ്ച കഴിഞ്ഞുകൂടാനും അടുത്ത വാരത്തിൽ വേലയ്ക്കു പോകാൻ യാത്രച്ചെലവിനുമായി ഏകദേശം 70 ഡോളർ ആവശ്യമായിരുന്നു. ഒരു താത്കാലിക ജീവനക്കാരി എന്ന നിലയിൽ ഞാൻ രണ്ടു ദിവസം ജോലി ചെയ്തിരുന്നു. സമ്പാദിച്ച പണം—ഏതാണ്ട് 40 ഡോളർ—കിട്ടാൻ സാധാരണമായി ഞാൻ ഒരാഴ്ച കാത്തിരിക്കേണ്ടിയിരുന്നു. ആഹാരത്തിനായി എനിക്കു പണം ഉണ്ടായിരുന്നില്ല, യാത്രയ്ക്ക് അത്രയും കൂടി ഉണ്ടായിരുന്നില്ല. അടുത്ത രാത്രി ഞാൻ ബൈബിൾ അധ്യയനമെടുത്ത ഒരു സ്ത്രീ ഭൂഗർഭതീവണ്ടി ടിക്കററു തന്ന് എന്നെ സഹായിച്ചു.
അടുത്ത പ്രഭാതം വെള്ളിയാഴ്ചയായിരുന്നു. ഞാൻ തപാൽ ഉരുപ്പടികൾ എടുക്കാൻ പോയി, രണ്ടു കത്തുകൾ ഉണ്ടായിരുന്നു. ഒന്നു ഞാൻ അടുത്തയാഴ്ച പ്രതീക്ഷിച്ചുകൊണ്ടിരുന്ന ഒരു ചെക്കായിരുന്നു. മൂന്നു ദിവസത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ അതു ബാങ്കിലെത്തുകയും ബാങ്ക് അത് എന്റെ പേരിൽ നിക്ഷേപിക്കുകയും ചെയ്തു. ഞാൻ അമ്പരന്നുപോയി. കഴിഞ്ഞുകൂടാൻ എനിക്ക് ഇനിയും 29-30 ഡോളറോളം ആവശ്യമായിരുന്നു. രണ്ടാമത്തെ കവറിൽ എനിക്കാവശ്യമുണ്ടായിരുന്ന 29 ഡോളറിന്റെ ഒരു ചെക്കായിരുന്നു. ഇതു സംബന്ധിച്ചു യഥാർഥത്തിൽ വിസ്മയകരമായ സംഗതി, ആ വർഷം ഫെബ്രുവരിയിൽ എന്റെ വീടു ചൂടാക്കാൻ എണ്ണ വാങ്ങുന്നതിനു ഗവൺമെൻറ് ഒരു ഗ്രാൻറ് തന്നതായിരുന്നു. ഇപ്പോൾ ഓഗസ്ററായിരുന്നു, 29 ഡോളർ അവർ എനിക്കു കടപ്പെട്ടിരുന്നതായി അവർ വിചാരിച്ചു—ചൂടാക്കാനായി ഓഗസ്ററിൽ? എന്നോട് എന്തെങ്കിലും കടപ്പെട്ടിരുന്നതായി അവർ എന്തുകൊണ്ടാണു ചിന്തിച്ചത്? കൂടാതെ ഓഗസ്ററിൽ എണ്ണയും? ഇതിന് എന്റെമേൽ വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന എന്തൊരു ഫലമാണ് ഉണ്ടായിരുന്നത്!
ഭൗതികവസ്തുക്കൾ ഉത്തരമല്ല
ഞാൻ മുഴുസമയം ജോലിചെയ്യാനും ഏറെറടുത്ത ജോലിയിൽ കമ്പ്യൂട്ടർ ഉപയോഗിക്കാനും പഠിച്ചുതുടങ്ങി. ഞാൻ പയനിയറിംഗ് നടത്താഞ്ഞ വർഷങ്ങൾ വളരെ പ്രയാസകരമായിരുന്നു. എനിക്കു നല്ലൊരു ജോലിയും സാമ്പത്തിക സുരക്ഷിതത്വവും ഭൗതിക വസ്തുക്കളും ഉണ്ടായിരുന്നിട്ടുപോലും ഞാൻ സന്തുഷ്ടയല്ലായിരുന്നു. എന്റെ കുട്ടികൾ എന്നെ വിട്ടു ജീവിക്കുകയായിരുന്നു, അവർക്കു വളരെ ദുഷ്കരമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്റെ പുത്രി സത്യത്തിലേക്കു തിരികെ വരികയായിരുന്നു. അപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്റെ മകനും അവന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒരു കാലഘട്ടത്തിനുശേഷം ഞാൻ വളരെയധികം താലോലിച്ചിരുന്ന യഹോവയുമായുള്ള വളരെ അടുത്ത ബന്ധം നഷ്ടപ്പെടുകയാണെന്ന് എനിക്കു തോന്നി. ആർക്കും കാണാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ഞാൻ യഹോവയിൽനിന്ന് അകന്നുപോകുകയാണെന്നു തിരിച്ചറിഞ്ഞു. ഞാൻ എല്ലാ യോഗങ്ങൾക്കും ഹാജരായി, പഠിച്ചു, വയൽസേവനത്തിനുപോയി, എന്നാൽ അതു മതിയാകുമായിരുന്നില്ല. സ്നേഹിതരുമായി സാമൂഹികമായി ഏറെ സഹവസിക്കാൻ ഞാൻ ശ്രമിച്ചു, എന്നാൽ അതും പ്രയോജനപ്പെട്ടില്ല.
എനിക്കെന്നോടുതന്നെ ഖേദം തോന്നിത്തുടങ്ങി. ഞാൻ ഉള്ളിലേക്കു വലിയാനും എന്നെക്കുറിച്ചു ചിന്തിക്കാനും തുടങ്ങി. കൂടുതൽ എന്തോ കിട്ടാൻ ഞാൻ അർഹിക്കുന്നില്ലേ? വ്യക്തമായും സാത്താൻ അതുതന്നെയാണ് ആഗ്രഹിച്ചതും. ആദ്യമായി എന്റെ സഹജോലിക്കാരിലേക്ക് ആകർഷിക്കപ്പെടുന്നതായി എനിക്കു തോന്നിത്തുടങ്ങി. ഞാൻ ഇങ്ങനെ ചിന്തിച്ചു, ‘കൊള്ളാം, ഞാൻ അവരോടു പ്രസംഗിക്കും.’ ഞാൻ അവരോടു പ്രസംഗിച്ചു. എന്നാൽ ഞാൻ അവഗണിക്കരുതാത്ത കാര്യങ്ങളെ ഹൃദയം അവഗണിക്കാൻ തുടങ്ങിയിരുന്നുവെന്ന് ഉള്ളിന്റെയുള്ളിൽ ഞാൻ തിരിച്ചറിഞ്ഞു. അത് എനിക്കു പുറത്തുള്ള പ്രശ്നങ്ങൾ ആയിരുന്നില്ല. അതു ഞാൻതന്നെ ആയിരുന്നു. എന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷിയിൽനിന്ന് ഓടിയകലാൻ എനിക്കു കഴിഞ്ഞില്ല. ഞാൻ യഹോവയോടു പ്രാർഥിച്ചു.
ഞാൻ മുഴുസമയം ജോലി ചെയ്യുകയായിരുന്നു. ഞാൻ പടുത്തുയർത്തിയ ഭൗതികസുരക്ഷിതത്വം ഉപേക്ഷിക്കേണ്ടത് ആവശ്യമായി വന്നു. ഞാൻ ദിവസവും മൂന്നു മണിക്കൂർ ലോംഗ് ഐലണ്ടിൽനിന്നു വാൾസ്ട്രീററിലേക്കു യാത്ര ചെയ്തുകൊണ്ടിരുന്നു. വളരെയധികം സമയം! തീവണ്ടിയിൽ വച്ച് ലോകത്തിലെ ആളുകളുമായി ഇടപെട്ടതും എന്റെ സാഹചര്യത്തെ മെച്ചപ്പെടുത്തിയില്ല. അധികം പ്രാധാന്യമുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാൻ എന്നെ സഹായിക്കുന്നതിനു ഞാൻ സഭാമൂപ്പൻമാരോടു സംസാരിക്കാനും വാരാന്തങ്ങളിൽ അസംബ്ലികൾക്കു പോകാനും തുടങ്ങി. എന്റെ ജീവിതത്തിൽ ആദ്യമായി ഭൗതിക വസ്തുക്കളെക്കുറിച്ച് എനിക്ക് ഉത്ക്കണ്ഠപ്പെടേണ്ടിവന്നില്ല. അതിനാൽ എന്തുകൊണ്ടാണ് ഞാൻ വീണ്ടും പാടുപെടാൻ ആഗ്രഹിക്കുന്നത്? ഒരു വർഷത്തെ പ്രാർഥനയ്ക്കും എന്റെ അവസ്ഥയിൽ മാററങ്ങൾ വരുത്തണമോ എന്നു ശ്രദ്ധാപൂർവം പരിചിന്തിച്ചതിനുംശേഷം ഞാൻ മാററങ്ങൾ വരുത്തുകതന്നെ ചെയ്തു.
ഞാൻ ബ്രുക്ക്ളിൻ ഹയ്ററ്സ് പ്രദേശത്തേക്കു മാറി. ഞാൻ സഭ സന്ദർശിച്ചു, അവിടത്തെ ആത്മീയതയാണ് എനിക്കാവശ്യം എന്നു ഞാൻ തിരിച്ചറിഞ്ഞു. അനേക വർഷങ്ങളായി മുഴുസമയം സേവിക്കുന്ന വിശ്വസ്തരായ അനവധി സാക്ഷികൾ—അത് ഞാൻ സ്വഭവനത്തിൽ ആയിരിക്കുന്നതുപോലുള്ള ഒരു വികാരം എന്നിൽ ഉളവാക്കി. ആറു മാസങ്ങൾക്കുള്ളിൽ ജോലി ഉപേക്ഷിച്ചു പയനിയറിംഗ് നടത്താൻ ഞാൻ തയ്യാറായിരുന്നു. ഞാൻ ഒരു അംശകാലജോലി സ്വീകരിച്ചു. ആയിരത്തിത്തൊള്ളായിരത്തെൺപത്തിനാലിൽ വീണ്ടും ഒരു നിരന്തരപയനിയറായി ഞാൻ നിയമിക്കപ്പെട്ടു.
വർഷങ്ങളിലൂടെ യഹോവ അത്ഭുതകരമായ അനുഗ്രഹങ്ങളും അതുപോലെതന്നെ അനേകമനേകം വിലയേറിയ പാഠങ്ങളും എനിക്കു നല്കി. ക്രിയാത്മക മനോഭാവത്തോടെ നിലനിൽക്കാനും എല്ലാ പരിശോധനയിലും ഒരു പാഠം കണ്ടെത്താനും ഞാൻ ശ്രമിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ ഉള്ളത് ലജ്ജിക്കേണ്ട സംഗതിയല്ല; അവ പരിഹരിക്കാൻ ബൈബിൾ തത്ത്വങ്ങൾ ഉപയോഗിക്കാതിരിക്കുമ്പോഴാണ് പാപം ചെയ്യുന്നത്. ഇവിടെ ബ്രുക്ക്ളിനിൽ, സത്യത്തിലെ പ്രാരംഭവർഷങ്ങളിൽ ഉണ്ടായിരുന്ന അതേ പ്രശ്നങ്ങൾ എനിക്കില്ല. പണം മേലാൽ ഒരു പ്രശ്നമല്ല. അവിശ്വാസിയായ ഭർത്താവും മേലാൽ ഒരു പ്രശ്നമല്ല. എന്റെ ഹൃദയത്തിൽനിന്നു വേദന നീങ്ങിയിരിക്കുന്നു. അനേകം ആത്മീയ മക്കളാൽ ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
എന്നാൽ എല്ലായ്പോഴും പുതിയ പ്രശ്നങ്ങളും വെല്ലുവിളികളും ഉണ്ട്. എന്റെ പുത്രൻ മാർക്കിന്, 1987-ൽ ഒരു മാനസികാഘാതമുണ്ടായി. വലിയ വിഷാദത്തിൽനിന്നു ദുരിതമനുഭവിച്ചു. എന്നാൽ അതിനെ അതിജീവിക്കാൻ യഹോവ ഞങ്ങളെ തുണച്ചിരിക്കുന്നു. മാർക്ക് ഇപ്പോൾ പുരോഗമിക്കുന്നുണ്ട്. അവൻ സഭയിൽ നന്നായി പ്രവർത്തിക്കുന്നു. എന്റെ പുത്രി, ആൻഡ്രിയ സത്യത്തിലേക്കു തിരികെവന്നു സ്നാപനമേററു, ഇപ്പോൾ അവളുടെ കുട്ടികളെ സത്യത്തിൽ വളർത്തിക്കൊണ്ടുവരികയാണ്. നാം മഹോപദ്രവത്തെ അതിവേഗം സമീപിച്ചുകൊണ്ടിരിക്കുന്നതിനാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന്, ഒരുപക്ഷേ ഏറെ വലിയവ ആയിത്തീരുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ ഏതുതരം പ്രതിബന്ധങ്ങളും വെല്ലുവിളികളും ഉണ്ടായിരുന്നാലും അവയെ അതിജീവിക്കാൻ നമ്മെ സഹായിക്കുന്നതിനു യഹോവയുണ്ട്.
വളരെ സന്തുഷ്ടവും ഉത്പാദനക്ഷമവുമായ ഒരു ജീവിതം ഉണ്ടായിരിക്കാൻ യഹോവ എന്നെ സഹായിച്ചിരിക്കുന്നു. അതിന്റെ ശേഷിക്കുന്ന ഭാഗം അവിടുത്തെ ഇഷ്ടം ചെയ്തുകൊണ്ടും അവിടുത്തോട് അടുത്തു നിൽക്കുന്നതിലും ചെലവഴിക്കാൻ ഞാൻ നോക്കിപ്പാർത്തിരിക്കുന്നു.—മാർലിൻ പാവ്ലോ പറഞ്ഞപ്രകാരം.
[അടിക്കുറിപ്പുകൾ]
a “പയനിയറിംഗ്” മുഴുസമയ പ്രസംഗപ്രവർത്തനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ്.
[25-ാം പേജിലെ ചിത്രം]
മാർലിൻ പാവ്ലോ, രാജ്യസുവാർത്തയുടെ ഒരു മുഴുസമയ പ്രസംഗക