യഹോവയുടെ നിലയ്ക്കാത്ത പിന്തുണയ്ക്കു നന്ദിയുള്ളവൾ
ഷാരൻ ഗാസ്കിൻസ് പറഞ്ഞ പ്രകാരം
ഭൂമിയിലെ പറുദീസ! പുൽപരപ്പിലൂടെ ആർത്തുല്ലസിച്ചു തുള്ളിച്ചാടിനടക്കുന്ന, ചിത്രശലഭങ്ങൾക്കു പിന്നാലെ ഓടുന്ന, സിംഹക്കുട്ടികളുമൊത്തു കളിക്കുന്ന എന്നെത്തന്നെ ഞാൻ കണ്ടു. അതു വളരെ രസമായിരുന്നു! എന്നാൽ സംശയങ്ങളുണ്ടായിരുന്നു. എന്റെ പ്രത്യാശ എത്ര കൂടെക്കൂടെ നിരാശയിൽ കലാശിച്ചിരുന്നു!
എനിക്ക് ഓർക്കുവാൻ കഴിയുന്നിടത്തോളം ചക്രങ്ങളുള്ള കസേരയാണ് എന്റെ സന്തത സഹചാരി. ജനിച്ചനാൾമുതൽ മസ്തിഷ്കപക്ഷവാതം എന്റെ കുട്ടിക്കാല സന്തോഷങ്ങൾ കവർന്നു. മററു കുട്ടികൾ സ്കേററിൻമേലും സൈക്കിളിലും വിലസിയിരുന്നപ്പോൾ ഞാൻ നടക്കാൻ പോലുമാകാതെ തനിയെ ഇരിക്കുകയായിരുന്നു. അതുകൊണ്ട് അമ്മ എന്നെ ഓരോ വിശ്വാസ രോഗശാന്തിക്കാരുടെ അടുക്കൽ മാറിമാറി കൊണ്ടുപോയപ്പോഴെല്ലാം ഞങ്ങൾ ഒരു അത്ഭുതത്തിനുവേണ്ടി ആത്മാർഥമായി പ്രത്യാശിക്കുകയായിരുന്നു. പക്ഷേ ഓരോ പ്രാവശ്യവും അമ്മ എന്നെ ചക്രങ്ങളുള്ള കസേരയിലിരുത്തിത്തന്നെ തിരികെ കൊണ്ടുപോരുമായിരുന്നു. എന്നെ സംബന്ധിച്ച് അതു നിരാശാജനകമായിരുന്നു, എന്നാൽ അമ്മക്ക് അത് എത്ര ഹൃദയഭേദകമായിരുന്നിരിക്കണം!
ഒരു യഥാർഥ പ്രത്യാശയ്ക്കുവേണ്ടി ഉത്ക്കടമായി ആഗ്രഹിച്ചുകൊണ്ട് എന്റെ അമ്മ 1964-ന്റെ ആരംഭത്തിൽ യഹോവയുടെ സാക്ഷികളുമൊത്തു ബൈബിൾ പഠിക്കാൻ ആരംഭിച്ചു. എനിക്ക് അന്ന് ഏതാണ്ട് ആറര വയസ്സു പ്രായം ഉണ്ടായിരുന്നു.
ഈ ഭൂമിയിൽ ഒരിക്കൽ മനോഹരമായ ഒരു പറുദീസയുണ്ടായിരുന്നു എന്നു മനസ്സിലാക്കാൻ കഴിഞ്ഞത് അത്ഭുതകരമായിരുന്നു. സങ്കടകരമെന്നുപറയട്ടെ, ആദ്യ മനുഷ്യനായ ആദാം അതെല്ലാം നഷ്ടപ്പെടുത്തി. എന്നാൽ അവിടുന്ന് ഒരിക്കൽ ആസ്വദിച്ചിരുന്ന അടുപ്പം എനിക്കു ദൈവവുമായി വേണമെന്നു ഞാൻ ആഗ്രഹിച്ചു. ദൈവവുമായി ഒരു ബന്ധം ആസ്വദിക്കുന്നത് എങ്ങനെയിരിക്കുമായിരുന്നു? അല്ലെങ്കിൽ അവിടുത്തെ പുത്രൻ ഭൂമിയിൽ നടന്നിരുന്നപ്പോൾ ഞാനും അവിടെയുണ്ടായിരുന്നെങ്കിൽ? എന്റെ പകൽക്കിനാവുകൾ എന്നെ ഭാവി പറുദീസയിലേക്കു വഹിച്ചുകൊണ്ടുപോകുകയും ചെയ്തു. അത്രയ്ക്കു ചെറുപ്രായത്തിൽപ്പോലും ഞങ്ങൾ സത്യം കണ്ടെത്തിയിരിക്കുന്നുവെന്ന് എനിക്കു വ്യക്തമായിരുന്നു.
യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിലേക്കു അമ്മ കുടുംബത്തെ കൊണ്ടുപോകുവാൻ തുടങ്ങി. അവരുടെ യോഗങ്ങൾ സഭകളിൽ ഞങ്ങൾ കണ്ടിട്ടുള്ളവയിൽനിന്നു വളരെ വ്യത്യസ്തമായിരുന്നു! ആ ജനവും ചുററുപാടും എന്നെ ആഴത്തിൽ സ്പർശിച്ചു.
തുടക്കത്തിൽ, ഞങ്ങളെ രാജ്യഹാളിൽ എത്തിക്കുന്നത് അമ്മക്കു കഷ്ടപ്പാടായിരുന്നു. എന്നെക്കൂടാതെ എന്നെക്കാൾ പ്രായംകുറഞ്ഞ മൂന്നു കുട്ടികൾക്കൂടി ഉണ്ടായിരുന്നു, എന്നാൽ ഞങ്ങൾക്ക് ഒരു കാർ സ്വന്തമായില്ലായിരുന്നു. അമ്മയ്ക്കു നിർവാഹമുണ്ടായിരുന്നപ്പോഴെല്ലാം ഞങ്ങൾ ടാക്സി എടുക്കുമായിരുന്നു. ഒരു ഞായറാഴ്ച അമ്മ ബുദ്ധിമുട്ടിയതു ഞാൻ ഇപ്പോഴും ഓർക്കുന്നു. അന്നു ടാക്സി കിട്ടാനില്ലായിരുന്നു. അപ്പോൾ പെട്ടെന്ന് അപ്രതീക്ഷിതമായി ഒരാൾ ഒരു ട്രക്ക് ഓടിച്ചുവന്നു. അതിൽ യാത്ര ചെയ്യാൻ അയാൾ ഞങ്ങളെ അനുവദിച്ചു. ഞങ്ങൾ താമസിച്ചുപോയി, എന്നാൽ യോഗസ്ഥലത്തെത്തി. ഞങ്ങൾ യഹോവയോട് എത്ര നന്ദിയുള്ളവരായിരുന്നു!
താമസിയാതെ കാറുകൾ സ്വന്തമായുണ്ടായിരുന്ന ഞങ്ങളുടെ ആത്മീയ സഹോദരൻമാരും സഹോദരിമാരും സ്നേഹപൂർവം ഞങ്ങളെ മാറിമാറി കൊണ്ടുപോയി. ഇതു യഥാർഥ ക്രിസ്തീയ സ്നേഹമായിരുന്നു. യഥാർഥ അസുഖമുള്ളപ്പോഴല്ലാതെ ഒരിക്കലും യോഗങ്ങൾ മുടക്കാതിരിക്കാനുള്ള അമ്മയുടെ പ്രോത്സാഹനം എന്റെ ഇളം മനസ്സിൽ ‘നമ്മുടെ സഭായോഗങ്ങളുടെ പ്രാധാന്യം രൂഢമൂലമാക്കി. (എബ്രായർ 10:24, 25) പഠിച്ചകാര്യങ്ങളാൽ പ്രേരിതയായി അമ്മ അവരുടെ ജീവിതത്തെ യഹോവയ്ക്കു സമർപ്പിക്കുകയും 1965-ൽ സ്നാപനമേൽക്കുകയും ചെയ്തു.
അപ്പോഴേക്കും എനിക്കു യോഗങ്ങൾ കൂടുതൽ പൂർണമായി ആസ്വദിക്കാൻ മതിയായ പ്രായമായിരുന്നു. ന്യൂയോർക്കിൽ ബ്രുക്ക്ളിനിലുള്ള സൈപ്രസ് ഹിൽസ് സഭയിൽ യൂറോപ്യൻമാരും കറുത്തവരും ഹിസ്പാനിക്കുകാരും മററുള്ളവരും തോളോടുതോൾ ചേർന്നു ആരാധനയിൽ പങ്കെടുത്തിരുന്നു. ദൈവഭയമുള്ളയാളുകൾ അത്തരം ശരിയായ സാഹോദര്യത്തിൽ ജീവിക്കുന്നത് എനിക്കു വളരെ ശരിയായി തോന്നി.—സങ്കീർത്തനം 133:1.
യോഗങ്ങൾക്കു തയ്യാറാകാൻ അമ്മ എന്നെ പഠിപ്പിച്ചു. ഇതു മാനസികമായ ഒരു പ്രശ്നമായിരുന്നില്ല, എന്നാൽ അതു ശാരീരികമായിരുന്നു. മസ്തിഷ്കപക്ഷവാതം നിസ്സാര ജോലികളെ ഭാരിച്ച ജോലികളാക്കിമാററുന്നു. നമ്മുടെ ബൈബിൾ സാഹിത്യത്തിൽ ഉത്തരങ്ങൾ അടയാളപ്പെടുത്തുവാനായി ഒരു നേർവരയിടുക എനിക്ക് അസാധ്യമായിരുന്നു, ഇപ്പോഴും അങ്ങനെതന്നെ. എന്നിരുന്നാലും പരിശീലനംകൊണ്ടു അടിവരയിടൽ മെച്ചപ്പെട്ടു.
പറയാനുള്ള കാര്യങ്ങൾക്കൊണ്ട് എന്റെ മനസ്സു നിറഞ്ഞുതുളുമ്പുകയായിരുന്നു. എന്നാൽ വാക്കുകൾ വായിൽനിന്നു പുറത്തു വരുമ്പോൾ കുഴഞ്ഞുപോകുമായിരുന്നു. മാംസപേശികൾ പിരിമുറുക്കത്തിലാകാതിരിക്കുവാൻ അയവുവരുത്തേണ്ടത് അത്യാവശ്യമായിരുന്നു. ഓരോ വാക്കും ആവുന്നത്ര വ്യക്തമാക്കുവാൻ ഉച്ചാരണത്തിലും എനിക്കു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടായിരുന്നു. ഉത്തരങ്ങൾ വ്യക്തമായി വേണ്ടപോലെ അവതരിപ്പിക്കുവാൻ കഴിഞ്ഞില്ലെങ്കിലോ എന്റെ വാക്കുകൾ ആളുകൾക്കു മനസ്സിലായില്ലെന്നു ഞാൻ അറിയുമ്പോഴോ ഞാൻ കുണ്ഠിതപ്പെടുമായിരുന്നു. ഒരിക്കൽ അവർ എന്നെ മനസ്സിലാക്കുവാൻ തുടങ്ങിയാൽപ്പിന്നെ സഭയിലെ സഹോദരീസഹോദരൻമാർക്ക് എന്റെ സംസാരം കൂടുതൽ മെച്ചമായ രീതിയിൽ ഗ്രഹിക്കുവാൻ കഴിയുമായിരുന്നു. എന്നിരുന്നാലും, ഈ പ്രശ്നത്തിൽ എനിക്ക് ഇപ്പോഴും നല്ല ദിവസങ്ങളും മോശമായ ദിവസങ്ങളുമുണ്ടാകാറുണ്ട്.
അലോസരപ്പെടുത്തിയ ആറു മാസങ്ങൾ
എനിക്ക് എട്ടു വയസ്സായപ്പോൾ ഈ ദിവസംവരെ എന്നെ ബാധിച്ച ഒരു ആറു മാസത്തെ അനുഭവം എനിക്കുണ്ടായി. എനിക്ക് അതുവരെ നൽകപ്പെട്ട ശാരീരികവും തൊഴിൽപരവും സംസാരപരവുമായ ചികിത്സകൾ പോരാഞ്ഞ് ഇനിയും വേണമെന്നു ഡോക്ടർമാർക്കു തോന്നി. അവർ എന്നെ ന്യൂയോർക്കിൽ വെസ്ററ് ഹാവർസ്റ്രറായിലുള്ള ഒരു പുനഃരധിവാസ ആശുപത്രിയിലേക്കയച്ചു. എനിക്കും അമ്മയ്ക്കും അതു ഹൃദയഭേദകമായിരുന്നു. വർഷങ്ങൾക്കു മുമ്പു ഡോക്ടർമാർ ഞാൻ മന്ദബുദ്ധിയാണെന്നു തെററായി രോഗനിർണയം ചെയ്തപ്പോൾ എന്നെ ഒരിക്കലും ഒരു മാനസികരോഗാശുപത്രിയിൽ വിട്ടേച്ചുപോരില്ലെന്ന് അമ്മ അവരോടു പറഞ്ഞു. അതുകൊണ്ട് ഒരു താത്ക്കാലിക വേർപാടു പോലും അമ്മക്കു പ്രയാസമായിരുന്നു. എന്നിരുന്നാലും മാതാവിൽനിന്നും പിതാവിൽനിന്നും സ്വതന്ത്രമായി ഞാൻ ഒരു കാര്യക്ഷമമായ ജീവിതം നയിക്കുന്നതു ശാരീരികമായി കഴിയുന്നത്ര സ്വയംപര്യാപ്തയാകുന്നതിനെ അർത്ഥമാക്കുമെന്ന് അവർ തിരിച്ചറിഞ്ഞു.
മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഞാൻ ഉപേക്ഷിക്കപ്പെട്ടവളാണെന്ന് എനിക്കു തോന്നി. നിലയ്ക്കാത്ത കരച്ചിലും കാരണംകൂടാതെയുള്ള കോപപ്രകടനങ്ങളും ആ സ്ഥലത്തെക്കുറിച്ചുള്ള എന്റെ വികാരങ്ങൾ വ്യക്തമാക്കി. മൂന്നു മണിക്കൂർ ബസ്സ് യാത്ര നടത്തി എന്നെ സന്ദർശിക്കുവാൻ, വിശേഷിച്ച് അമ്മ അഞ്ചാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരുന്നപ്പോൾ, എന്റെ മാതാപിതാക്കൾക്കു വല്ലപ്പോഴുമേ കഴിയുമായിരുന്നുള്ളൂ. അവർ തിരികെ പോകുമ്പോൾ അത് എന്നെ വളരെ അസ്വസ്ഥയാക്കിയതുകൊണ്ട് സന്ദർശനം തീരെ കുറയ്ക്കണം എന്നു ഡോക്ടർമാർ പറഞ്ഞു. എന്നെ വീട്ടിൽ പോകുവാൻ അനുവദിച്ചതു രണ്ടു പ്രാവശ്യം മാത്രമായിരുന്നു.
ചികിത്സകർ താങ്ങുകളുടെയും ഈയത്താൽ കനംവെപ്പിച്ച ഊന്നുവടിയുടെയും സഹായത്താൽ എന്നെ നടക്കാൻ പഠിപ്പിച്ചു. അവയ്ക്ക് അങ്ങേയററത്തെ ഭാരം അനുഭവപ്പെട്ടിരുന്നു. എന്നിരുന്നാലും ഭാരം സമനില നിലനിർത്താൻ എന്നെ സഹായിക്കുകയും വീഴാതെ സൂക്ഷിക്കുകയും ചെയ്തു. ഇതു താങ്ങുകൾ കൂടാതെ തനിയെ നടക്കുന്നതിലേക്കുള്ള ആദ്യ പടിയായിരുന്നു.
ഭക്ഷണം മുറിക്കലും ബട്ടണുകൾ മുറുക്കലും—വിരലുകളുടെ ഉപയോഗമുള്ള ഏതൊരു ജോലിയും—എനിക്ക് അസാധ്യമല്ലെങ്കിലും ദുഷ്ക്കരമായിരുന്നു. എങ്കിലും ഭക്ഷണം കഴിക്കുവാനും സ്വയം വസ്ത്രം ധരിക്കുവാനും ഒരു പരിധിവരെ ഞാൻ പഠിച്ചു. ഈ മാററം എന്നെ ദൈവസേവനത്തിൽ സഹായിച്ചു.
എന്റെ പരിശീലനം കഴിഞ്ഞു ഞാൻ വീണ്ടും വീട്ടിൽ തിരിച്ചെത്തി. അമ്മ ഉടൻ എന്നെ എന്റെ പുതിയ വൈദഗ്ധ്യങ്ങൾ ഉപയോഗിക്കാവുന്ന ജോലിയിലാക്കി. അപ്രകാരം ചെയ്യുന്നത് ഒരു വൈകാരിക പോരാട്ടമായിരുന്നു. എന്തുകൊണ്ടെന്നാൽ കാര്യങ്ങൾ ഞാൻ തന്നെ ചെയ്യുവാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അവ പൂർത്തീകരിക്കുന്നതു നിരാശാജനകവും സമയമെടുക്കുന്നതും ക്ഷീണിപ്പിക്കുന്നതുമായിരുന്നു. എന്തിന്, യോഗത്തിനു പോകാൻ വസ്ത്രം ധരിക്കുന്നത് രണ്ടു മണിക്കൂർ നേരത്തെ ജോലിയായിരുന്നു!
രാജ്യഹാളിൽനിന്നു തെരുവു മുറിച്ചു ഞങ്ങൾ നേരെ നീങ്ങിയപ്പോൾ, ഞാൻ വാസ്തവത്തിൽ നടന്നതു തനിച്ചായിരുന്നു. അത് ഒരു മഹാവിജയമായിരുന്നു.
എന്റെ ജീവിതത്തിലെ ഏററവും സന്തുഷ്ടമായ ദിനം
എന്റെ അമ്മ കുടുംബത്തിനു സന്തുലിതമായ ആത്മീയ ഭക്ഷണം ലഭിക്കുന്ന കാര്യം ഉറപ്പാക്കിയിരുന്നു. അവർ എന്നോടൊപ്പം പഠിക്കുകയും നമ്മുടെ പത്രികകളായ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഓരോ ലക്കവും ഞാൻ വായിക്കുവാൻ പ്രതീക്ഷിക്കുകയും ചെയ്തു. യോഗങ്ങളിൽ സംബന്ധിക്കുവാൻ തയ്യാറാകേണ്ടതുണ്ടായിരുന്നു. എന്റെ മനസ്സും ഹൃദയവും ആകാംക്ഷാപൂർവം ഈ അറിവ് ഉൾക്കൊണ്ടിരുന്നുവെങ്കിലും യഹോവക്ക് എന്റെ ജീവിതത്തെ സമർപ്പിക്കുകയും അതു ജലസ്നാപനത്താൽ ലക്ഷ്യപ്പെടുത്തുകയും ചെയ്യുന്നതിനെപ്പററിയുമുള്ള ഗൗരവമായ ചിന്തകൾ പിൻപന്തിയിലായിരുന്നു. ദൗർബല്യമുണ്ടെങ്കിലും എന്റെ ആത്മീയ കാര്യത്തിൽ ദൈവം എന്നെത്തന്നെ ഉത്തരവാദിയാക്കുന്നു എന്നു മനസ്സിലാക്കുവാൻ അമ്മ എന്നെ സഹായിച്ചു. എനിക്ക് അമ്മയെ പൂർണമായി ആശ്രയിച്ച് അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ പുതിയലോകത്തിൽ പ്രവേശിക്കുവാൻ പ്രതീക്ഷിക്കാനാവില്ലായിരുന്നു.
ഞാൻ ദൈവത്തെ സ്നേഹിച്ചു, എന്നാൽ എന്റെ അവസ്ഥ എന്നെ മററുള്ളവരിൽനിന്നു വ്യത്യസ്തയാക്കി—ഒരു കൗമാരപ്രായക്കാരിയെ സംബന്ധിച്ചിടത്തോളം ഒരു വേദനാജനകമായ അറിവുതന്നെ. എന്റെ പരിമിതികളെ അംഗീകരിക്കുക പ്രയാസമായിരുന്നു. കോപം എന്നെ പലപ്പോഴും കീഴടക്കുമായിരുന്നു, സ്നാപനത്തിനു മുമ്പ് അതു നിയന്ത്രിക്കേണ്ടതുണ്ടായിരുന്നു. (ഗലാത്യർ 5:19, 20) യഹോവക്കു ഞാൻ നടത്തിയിരിക്കുന്ന സമർപ്പണത്തിനു ചേർച്ചയിൽ എനിക്കു ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത്?
എന്റെ അമ്മയുടെ അപേക്ഷപ്രകാരം സഭയിലെ ഒരു മൂപ്പൻ എന്നോടു സംസാരിച്ചു. അദ്ദേഹം ഇസ്രയേലിനോടുള്ള പ്രവാചകനായ ഏലിയാവിന്റെ ചോദ്യം ഉദ്ധരിച്ചു: “നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽ വെക്കും?” (1 രാജാക്കൻമാർ 18:21) വ്യക്തമായും യഹോവ എന്റെ മനശ്ചാഞ്ചല്യത്തിൽ പ്രസാദിച്ചിരുന്നില്ല.
ഞാൻ ആത്മീയമായി ഉണരുകയും യഹോവയുടെ സഹായത്തിനും അവിടുത്തേക്ക് എന്റെ ജീവിതം സമർപ്പിക്കുവാനുള്ള ദൃഢനിശ്ചയത്തിനുംവേണ്ടി ആത്മാർഥമായി പ്രാർഥിക്കുകയും ചെയ്തു. സഭയിലെ ഒരു സഹോദരി എന്നോടൊപ്പം പഠിച്ചിരുന്നു. അവൾ എന്നെക്കാൾ പ്രായം കുറഞ്ഞവൾ ആയിരുന്നു, ചെറുപ്പത്തിൽത്തന്നെ അവളുടെ അമ്മ മരിച്ചുപോയിരുന്നു.
എനിക്കു 17 വയസ്സായപ്പോൾ ഞാൻ തീരുമാനമെടുത്തു. എന്റെ കഴിവിന്റെ പരമാവധി യഹോവയെ സേവിക്കാൻ ഞാൻ ആഗ്രഹിച്ചു. ആയിരത്തിത്തൊള്ളായിരത്തിയെഴുപത്തിനാല് ആഗസ്ററ് 9-നു ഞാൻ സ്നാപനമേററപ്പോൾ അത് എന്റെ ജീവിതത്തിലെ ഏററവും സന്തുഷ്ട ദിനമായിരുന്നു.
ശുശ്രൂഷയിലെ സന്തോഷം
ശുശ്രൂഷയിലുള്ള പങ്കുപററൽ പർവതസമാനമായ ചില തടസ്സങ്ങൾ വരുത്തിവെച്ചു. മററുള്ളവർക്കു മനസ്സിലാകുന്നതുപോലെ സംസാരിക്കുന്നതായിരുന്നു ഏററവും വലിയ വെല്ലുവിളി. ഞാൻ ആവുന്നത്ര വ്യക്തമായി സംസാരിക്കുമായിരുന്നു. ആവശ്യമായിവരുന്ന ഘട്ടങ്ങളിൽ വയൽശുശ്രൂഷയിലെ എന്റെ പങ്കാളി എന്റെ ആശയങ്ങൾ വീട്ടുകാരനോട് ആവർത്തിക്കും. ചിലർ സാക്ഷികളുടെ ചൂഷണത്തിന്റെ ഒരു ബലിയാടെന്നനിലയിൽ എന്നെ വീക്ഷിച്ചുകൊണ്ടു നിഷേധാത്മകമായി പ്രതികരിച്ചു. എന്നാൽ പ്രസംഗവേല എന്റെ അവകാശവും ഹൃദയംഗമമായ ആഗ്രഹവുമാണ്.
ഒരു ബ്ലോക്കിൽത്തന്നെയാണെങ്കിൽപ്പോലും ഒരു വീട്ടിൽനിന്നു മറെറാരു വീട്ടിലേക്കു പോകുന്നത് എന്നെ പരിപൂർണമായും അവശയാക്കുന്നു. ഞങ്ങളുടെ സാക്ഷീകരണ പ്രദേശത്തുള്ള പല വീടുകളും ഗോവണിയുള്ളതാകകൊണ്ട് എനിക്ക് അവ അപ്രാപ്യമാകുന്നു. ശൈത്യകാലത്ത് ഐസ് നിറഞ്ഞ തെരുവുകൾ വീടുതോറുമുള്ള വേല എനിക്കു മിക്കവാറും അസാധ്യമാക്കുന്നു. (പ്രവൃത്തികൾ 20:20) എന്നിരുന്നാലും ആത്മീയ സഹോദരങ്ങൾ എന്നെ അത്യധികം സഹായിച്ചിരിക്കുന്നു, യഹോവ ശുശ്രൂഷയെ വളരെ എളുപ്പമാക്കിത്തീർക്കുന്ന മോട്ടോർ ഘടിപ്പിച്ച ഒരു ചക്രക്കസേര നൽകിക്കൊണ്ട് എന്നെ അനുഗ്രഹിച്ചിരിക്കുന്നു.
ഞാൻ തപാൽ മുഖേന സാക്ഷീകരിക്കുവാൻ തുടങ്ങി. കൈകൊണ്ട് എഴുത്ത് എഴുതുക ഗുണം ചെയ്യുമായിരുന്നില്ല. കാരണം എന്റെ കയ്യക്ഷരം മിക്കയാളുകൾക്കും വായിക്കാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് ഇലക്ട്രിക് ടൈപ്പ്റൈററർ എന്റെ എഴുത്തുകാരനായിത്തീർന്നു. കൈയുടെ സ്വാധീനക്കുറവു നിമിത്തം എന്റെ ടൈപ്പിംഗ് വളരെ സാവധാനമാണ്. പകുതി സമയവും ടൈപ്പ്റൈററിലെ ഒരു അക്ഷരം അന്വേഷിക്കുകയും എന്നിട്ടു മറെറാരു അക്ഷരത്തിൽ അമർത്തുകയും ചെയ്യുന്നു. വെറും ഒരു പേജ് ടൈപ്പു ചെയ്യുവാൻ ഒന്നോ അതിലധികമോ മണിക്കൂർ എടുത്തേക്കാം.
ഒരു ഓജസ്സില്ലായ്മ അനുഭവപ്പെട്ടിരുന്നെങ്കിലും, ശുശ്രൂഷയ്ക്കായി മാസത്തിൽ അറുപതോ അതിലധികമോ മണിക്കൂർ ചെലവഴിച്ചുകൊണ്ട് ഇടവിട്ടിടവിട്ടു ഞാൻ ഒരു സഹായപയനിയറായി സേവിക്കുന്നു. ഇത് ഒരു നല്ല പട്ടികയും കൂടുതലായ ശ്രമവും സഹവിശ്വാസികളുടെ പിന്തുണയും ആവശ്യമാക്കിത്തീർക്കുന്നു. അവരുടെ പയനിയർ ആത്മാവ് എന്നെ പ്രോത്സാഹിപ്പിക്കുന്നു. പ്രയാസങ്ങളും മോശമായ ആരോഗ്യവും മതപരമായി ഭിന്നിച്ച കുടുംബത്തിൽ ഏഴു കുട്ടികളെ വളർത്തികൊണ്ടുവരേണ്ട വെല്ലുവിളിയും അഭിമുഖീകരിക്കെ, അമ്മയും നിരന്തരപയനിയറായിട്ടോ സഹായപയനിയറായിട്ടോ സേവിച്ചുകൊണ്ട് ഒരു നല്ല മാതൃക വെച്ചിട്ടുണ്ട്.
ഞാൻ എന്റെ സ്വന്തം കാലിൽ
എനിക്ക് 24 വയസ്സായപ്പോൾ ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്നു ഞാൻ തീരുമാനിച്ചു. ബ്രുക്ക്ളിനിലെ ബൻസൺഹസ്ററ ഭാഗത്തേക്കുള്ള എന്റെ നീക്കം ഒരു അനുഗ്രഹമാണെന്നു തെളിഞ്ഞു. മാൾബോറോ സഭ അടുപ്പമുള്ള ഒരു കുടുംബത്തെപ്പോലെയായിരുന്നു. അവരോടൊപ്പമായിരിക്കുന്നതു വിശ്വാസത്തെ എത്ര ബലിഷ്ഠമാക്കുന്നതായിരുന്നു! രാജ്യഹാളിൽ ലഭ്യമായിരുന്നതു രണ്ടോ മൂന്നോ കാറുകൾ മാത്രമായിരുന്നിട്ടും ആത്മീയ സഹോദരൻമാർ എന്നെ സകല യോഗങ്ങൾക്കും കൊണ്ടുപോയി. എന്നാൽ ഞാൻ അവിടെ അധികനാൾ വസിച്ചില്ല.
സമ്പൂർണ പരാജയംപോലെ തോന്നിയതിനാൽ ഞാൻ തിരികെ പോന്നു. പിന്നെ ഒരു മൂന്നു വർഷത്തേക്കു ആഴമായ വിഷാദത്തിലായി. കോപാവേശ പ്രകടനങ്ങൾ വീണ്ടുമുണ്ടായി. തുടർന്ന് ആത്മഹത്യയെക്കുറിച്ചുള്ള ചിന്തയായി, പല പ്രാവശ്യം ശ്രമിക്കുകയും ചെയ്തു. മരണം സ്ഥിരവും ഭയജനകവുമായ ഒരു പ്രതീക്ഷയായിരുന്നു. എന്നാൽ ഞാൻ ദൈവത്തിൽ ആശ്രയിച്ചു. അവിടുന്നു നൽകിയിരിക്കുന്ന ജീവദാനത്തോടു വിലമതിപ്പു പ്രകടമാക്കുവാൻ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ആശ്വാസ വചനങ്ങളും ബുദ്ധ്യുപദേശവും മൂപ്പൻമാരിൽനിന്നു ലഭിച്ചു. ഇതോടൊപ്പം പ്രാർഥനയും വ്യക്തിപരമായ പഠനവും എന്റെ കുടുംബത്തിന്റെ ഭാഗത്തുനിന്നുമുള്ള ക്ഷമയും ചില വിദഗ്ധരുടെ സഹായവുംകൂടിയായപ്പോൾ എന്റെ ചിന്ത നേരെയായി.
കടുത്ത വിഷാദം സംബന്ധിച്ച ഉൾക്കാഴ്ച യഹോവ കരുണാപൂർവം വീക്ഷാഗോപുരത്തിലൂടെ പ്രദാനം ചെയ്തു. അതെ, അവിടുന്നു തന്റെ ജനത്തെ പരിപാലിക്കുകയും നമ്മുടെ വികാരങ്ങളെ മനസ്സിലാക്കുകയും ചെയ്യുന്നു. (1 പത്രൊസ് 5:6, 7) കാലക്രമേണ ആഴത്തിലുള്ള വിഷാദം കുറഞ്ഞു. പത്തു വർഷം പിന്നിട്ടു, നിരാശയെയും വിഷാദത്തെയും നേരിടാൻ യഹോവ ഇപ്പോഴും എന്നെ സഹായിക്കുന്നു. അയോഗ്യതയുടെ വിചാരങ്ങൾക്കു ചിലപ്പോഴൊക്കെ ഞാൻ അടിമപ്പെടാറുണ്ട്. എന്നിരുന്നാലും പ്രാർഥനയും ബൈബിൾ പഠനവും എന്റെ ആത്മീയ കുടുംബവും നിലനിന്നുപോകാൻ എനിക്കു സമീപമുള്ള അത്ഭുതകരമായ സഹായങ്ങളാണ്.
മറെറാരു അപ്പാർട്ടുമെൻറ് ലഭിക്കാനുള്ള ഒരു പാഴ്ശ്രമത്തിനുശേഷം ശേഷിച്ച ജീവിതകാലം എന്റെ കുടുംബത്തോടൊപ്പം കഴിയാൻ മനസ്സില്ലാമനസ്സോടെ ഞാൻ തീരുമാനിച്ചു. അങ്ങനെയിരിക്കെ, യഹോവ എന്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകി. ബ്രൂക്ക്ളിനിലെ ബെഡ്ഫോർഡ്-സ്റൈറവസന്ത് സെക്ഷനിൽ ഒരു സ്ഥലം ലഭ്യമായി. ആയിരത്തിത്തൊള്ളായിരത്തിയെൺപത്തിനാലിലെ വേനൽക്കാലം അവസാനിക്കാറായപ്പോഴേക്കും ഞാൻ അവിടേക്കു മാറി, അതിനുശേഷം എന്നും അവിടെത്തന്നെയാണ്.
ലാഫീററ് സഭയിലെ വളരെ സ്നേഹമുള്ള അംഗങ്ങൾ ദയാപൂർവം എന്നെ യോഗങ്ങൾക്കു വാഹനത്തിൽ കൊണ്ടുപോയി. ഞാൻ സംബന്ധിച്ച ആദ്യത്തെ സഭാ പുസ്തകാദ്ധ്യയനം ഇപ്പോഴും പുതുമ നശിക്കാതെ എന്റെ മനസ്സിൽ തങ്ങിനിൽക്കുന്നു. അതു നാലാം നിലയിലായിരുന്നു നടത്തപ്പെട്ടിരുന്നത്—ലിഫ്ററ് സൗകര്യവുമില്ലായിരുന്നു! യഹോവയുടെ സഹായംകൊണ്ടു മാത്രമായിരുന്നു ഏണിപ്പടികൾ കയറിയിറങ്ങാൻ കഴിഞ്ഞത്. കാലക്രമത്തിൽ, എത്തിച്ചേരാൻ കൂടുതൽ സൗകര്യമായ സ്ഥലം എനിക്കു നൽകപ്പെട്ടു. ഇപ്പോൾ യഹോവ ഒരു സഭാ പുസ്തകാദ്ധ്യയനം എന്റെ വീട്ടിൽ ഉണ്ടായിരിക്കുവാനുള്ള പദവിയാൽ എന്നെ അനുഗ്രഹിച്ചിരിക്കുന്നു.
ഈ സഭയിൽ അത്ഭുതകരമായ ഒരു പയനിയർ ആത്മാവു വ്യാപരിക്കുന്നുണ്ട്. ഞാൻ ഇവിടെ വന്നപ്പോൾ ഏകദേശം 30 പയനിയർമാരുണ്ടായിരുന്നു. ചിലർ എനിക്കു പ്രത്യേക പരിഗണനയും ശ്രദ്ധയും നൽകി. ആ തീക്ഷ്ണതയുള്ള ചുററുപാട് കൂടുതൽ പ്രാവശ്യം സഹായപയനിയറാകാൻ എന്നെ പ്രേരിപ്പിച്ചു.
ലാഫയെററ് സഭയും പ്രാററ് സഭയും 1989 ഏപ്രിൽ മാസത്തിൽ എന്റെ അപ്പാർട്ടുമെൻറിലുള്ള അതേ തെരുവിൽ ഒരു പുതിയ രാജ്യഹാൾ പണിതു. അതു സംഭവിച്ചത് എനിക്കാവശ്യമുള്ള സമയത്തുതന്നെയായിരുന്നു, കാരണം ശാരീരികാവസ്ഥ കൂടുതലായി വഷളായതു നിമിത്തം നടക്കുന്നതു വീണ്ടും ഒരു പ്രശ്നമായിത്തീർന്നിരുന്നു. സഹോദരീസഹോദരൻമാരും മോട്ടോർ ഘടിപ്പിച്ച സ്ക്കൂട്ടറും എന്റെ സഹായത്തിനുണ്ടായിരുന്നതുകൊണ്ടു യോഗസ്ഥലത്തേക്കുള്ള പോക്കുവരവ് ആനന്ദദായകമാകുന്നു. അത്തരം സ്നേഹനിർഭരമായ സഹായത്തെ ഞാൻ എത്ര ആഴത്തിൽ വിലമതിക്കുന്നു!
ദൈവത്തിന്റെ പിന്തുണയ്ക്കു നന്ദി
എന്റെ കാലുകൾ ഉറപ്പില്ലാത്തവയാണെങ്കിലും എന്റെ ഹൃദയം ഉറപ്പുള്ളതാണ്. ഒരു നല്ല വിദ്യാഭ്യാസം ജീവിതം കുറെ എളുപ്പമാക്കി, അതേസമയം ദൈവം എന്നെ താങ്ങിയിരിക്കുന്നു. ചിലപ്പോൾ അടുത്ത ഭക്ഷണം എവിടെ നിന്നു ലഭിക്കുമെന്ന് എനിക്കറിയില്ലായിരുന്നു, എന്നാൽ യഹോവ എന്നെ പിന്തുണച്ചിരിക്കുന്നു, അവിടുന്ന് ഒരു വിശ്വസ്ത ദാതാവായിരുന്നിട്ടുണ്ട്. തീർച്ചയായും ദാവീദിന്റെ വാക്കുകൾ എനിക്കു പ്രിയപ്പെട്ടതാണ്: “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.”—സങ്കീർത്തനം 37:23-25.
പലപ്രാവശ്യം ശസ്ത്രക്രിയാവേളയിൽ തിരുവെഴുത്തുപരമായ ഒരു നില കാത്തുകൊള്ളാൻ രക്തം സ്വീകരിക്കുന്നതു വിസമ്മതിക്കാൻ യഹോവ എന്നെ സഹായിച്ചിട്ടുണ്ട്. (പ്രവൃത്തികൾ 15:28, 29) ഈയിടെ എന്റെ പിതാവു മരിച്ചു. അത്രയ്ക്ക് അടുത്ത ഒരാളുടെ മരണം യഥാർഥത്തിൽ കടുത്ത ഒരു ആഘാതമായിരുന്നു. യഹോവയിൽനിന്നുള്ള ശക്തിയാണ് ഇതിൽനിന്നും മററു കഷ്ടങ്ങളിൽനിന്നും എന്നെ വിടുവിച്ചിരിക്കുന്നത്.
എന്റെ ആരോഗ്യം ക്ഷയിക്കുന്നത് ഇനിയും തുടർന്നേക്കാം, പക്ഷേ ദൈവത്തിലും അവിടുത്തോടുള്ള ബന്ധത്തിലും ഉള്ള എന്റെ വിശ്വാസം ജീവനാഡിയാണ്. യഹോവയുടെ ജനങ്ങളിൽ ഉൾപ്പെടാൻ സാധിച്ചതിലും അവിടുത്തെ നിലയ്ക്കാത്ത പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നതിലും ഞാൻ എത്ര സന്തുഷ്ടയാണ്!