ലോകത്തെ വീക്ഷിക്കൽ
പകർച്ചവ്യാധി തിരിച്ചുവരുന്നു
“പകർച്ചവ്യാധികൾ വരുത്തുന്ന അപകടം ഇതുവരെയും പൊയ്പ്പോയിട്ടില്ല. അതു വഷളായിക്കൊണ്ടിരിക്കുന്നു” എന്ന് യു.എസ് നാഷനൽ അക്കാദമി ഓഫ് സയൻസസ് പുറത്തിറക്കിയ ഒരു റിപ്പോർട്ടിനെ സംബന്ധിച്ചു യെൽ യൂണിവേഴ്സിററിയിലെ റോബർട്ട് ഷോപ്പ് പറഞ്ഞു. “കാര്യങ്ങൾ വീണ്ടും നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനു നാം ആത്മാർഥമായ തയ്യാറെടുപ്പുകൾ നടത്തുന്നില്ലെങ്കിൽ, HIV സാംക്രമിക രോഗത്തോടോ 1918-1919-ലെ പകർച്ചപ്പനി സാംക്രമിക രോഗത്തോടോ സമാനമായ പുതിയ ആപൽഘട്ടങ്ങളെ നാം അഭിമുഖീകരിക്കും.” ഇതിനോടകം നാലു രോഗങ്ങൾ വളരെ ദുരിതത്തിനും മരണത്തിനും ഇടയാക്കിക്കൊണ്ട് “അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു” എന്നു റിപ്പോർട്ടു തയ്യാറാക്കിയ കമ്മിററിയിൽ ഷോപ്പിനോടൊപ്പം സഹചെയർമാനായിരുന്ന ജോഷ്വാ ലെഡർബെർഗ് കൂട്ടിച്ചേർക്കുന്നു. ആ രോഗങ്ങൾ മരുന്നു ഫലിക്കാത്ത ക്ഷയം, എയിഡ്സ്, ലൈം രോഗം, സ്റ്രറിപ്റേറാകോക്കൽ അണുബാധ എന്ന മാരകമായ ഒരു പുതിയ രൂപം എന്നിവയാണ്. കഴിഞ്ഞ മൂന്നു ദശകങ്ങളിലേറെയായി അനേകം മരുന്നുകളും ആൻറിബയോട്ടിക്കുകളും വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും സൂക്ഷ്മരോഗാണുക്കൾ വ്യത്യസ്തവിധങ്ങളിൽ അവയോടുള്ള പ്രതിരോധം ആർജിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ബാക്ടീരിയയ്ക്ക് ആൻറിബയോട്ടിക്ക് പ്രതിരോധത്തിനുവേണ്ടി ജീനുകൾ ഉൾപ്പെടെയുള്ള ജനിതക വസ്തുക്കൾ കൈമാററം ചെയ്യാൻ കഴിയും. അനന്തരഫലമായി, ആശുപത്രികളും ദിനപരിപാലന കേന്ദ്രങ്ങളും അഗതിമന്ദിരങ്ങളും ഭവനരഹിതരായവർക്കു മരുന്നു ഫലിക്കാത്ത പകർച്ചവ്യാധികളുടെ പോഷക കേന്ദ്രങ്ങളായിത്തീർന്നിരിക്കുന്നു. വർധിച്ച അന്താരാഷ്ട്ര യാത്ര ഈ “മരുന്നു ഫലിക്കാത്ത അണുക്കളെ” ഗോളത്തിനു ചുററും വ്യാപിപ്പിച്ചിരിക്കുന്നു. “പകർച്ചവ്യാധിയെ സംബന്ധിച്ച്, നാം അകലെ ആയിരിക്കുന്ന ഒരു സ്ഥലവും നാം വേർപെട്ടിരിക്കുന്ന ഒരു വ്യക്തിയും ഇല്ല” എന്നു ന്യൂയോർക്കിലെ ആൽബർട്ട് ഐൻസ്ററീൻ ഔഷധ കോളജിലെ ബാരി ബ്ലൂം പറയുന്നു. (g93 3⁄22)
താഴേക്കിടയിലെ ജീവിതം
ഇൻഡ്യയിലെ മൂഷാറുകൾ “എല്ലായ്പോഴും സമൂഹത്തിന്റെ ഏററവും താഴേക്കിടയിൽ നിന്നിരിക്കുന്നു” എന്ന് ഇന്ത്യാ ടുഡേ അടുത്തയിടെ പറഞ്ഞു. അവരുടെ ജാതിയെ പരാമർശിക്കുന്ന പ്രകാരം, തൊട്ടുകൂടാത്തവരുടെ ഈ സമൂഹത്തിൽ ഏതാണ്ട് 30 ലക്ഷത്തോളം പേരുണ്ട്, അവർ മുഖ്യമായി ബീഹാർ സംസ്ഥാനത്തിൽ താമസിക്കുന്നു. അറുപതു വയസ്സുള്ള ഒരു മൂഷാർ പറയുന്നതനുസരിച്ച്, അധികംപേർക്കും “ഒരു പൂർണ ഭോജനം എന്തർഥമാക്കുന്നുവെന്ന് അറിയില്ല.” ഗ്രാമപ്രദേശത്തു ഭക്ഷണം തേടിനടക്കുന്ന മൂഷാർ കുട്ടികളുടെ ഒരു കൂട്ടത്തെ ഇന്ത്യാ ടുഡേ വ്യക്തമായി വിവരിക്കുന്നു, അവർ എലിപ്പടയെ പൊത്തുകളിൽനിന്നു പുകച്ചുചാടിക്കുന്നു, അവയെ ഒരുമിച്ചുകൂട്ടി ചുട്ടുതിന്നുന്നു. പ്രാദേശിക ഭാഷയിൽ, “മൂഷാർ” എന്നതിന്റെ അർഥം “എലിപിടിക്കുന്നവൻ” എന്നാണെന്നു മാസിക വിശദീകരിക്കുന്നു.
കൗമാരപ്രായക്കാരുടെ സാത്താൻസേവ
ദക്ഷിണാഫ്രിക്കയിലെ ജോഹാന്നസ്ബർഗിലുള്ള വിദ്യാലയങ്ങളിൽ സാത്താൻസേവ കൂടുതൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. ഒരു മനഃശാസ്ത്രജ്ഞ സാത്താൻസേവ ബാധിച്ച ഒരുകൂട്ടം വിദ്യാർഥികളെ ചികിത്സിച്ചുവെന്നു പറയുന്നതായി വർത്തമാനപ്പത്രമായ ദ സ്ററാർ പറയുന്നു. മയക്കുമരുന്നു കഴിക്കുകയും ലൈംഗീകതയിലും ക്രൂരവൈകൃത മദിരോത്സവങ്ങളിലും (sadomasochistic orgies) ഏർപ്പെടുകയും ചെയ്ത നഗരപ്രാന്തത്തിലെ മന്ത്രവാദി സംഘങ്ങളെക്കുറിച്ചു രോഗികൾ പറഞ്ഞു. ഇവരിൽനിന്നു വ്യത്യസ്തമായി, “ഈ കുട്ടികൾ പൂർണമായി ആദരണീയരായി കാണപ്പെടുന്നു” എന്ന് അവർ പറയുന്നു. രാജ്യത്തുടനീളമുള്ള പൈശാചിക കൂട്ടങ്ങളെക്കുറിച്ചു പൊലീസുകാർ ജാഗ്രതയുള്ളവരാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ദ സ്ററാർ-നോടു പറഞ്ഞു. സാത്താൻസേവ നിയമവിരുദ്ധമല്ല, എന്നാൽ സാത്താന്യ ചടങ്ങുകളോടു ബന്ധപ്പെട്ട കുററകൃത്യങ്ങൾക്കു പൊലീസ് ഉചിതമായ നടപടി എടുക്കുന്നു. മുപ്പത്തെട്ടു വയസ്സുള്ള സ്ത്രീയെ കൊന്നതിന് ഒരു കൗമാരപ്രായക്കാരിയെയും അവളുടെ കളിത്തോഴനെയും അവർ അടുത്തയിടെ അറസ്ററുചെയ്തു. ഇരുവരും സാത്താൻസേവയുമായി ബന്ധപ്പെട്ടിരുന്നു, സാത്താന്യ സ്വാധീനത്തിൻ കീഴിലാണു കൊല നടത്തിയതെന്ന് അവർ പൊലീസിനോടു പറഞ്ഞു.
ഹരിത ഗൃഹ പ്രഭാവത്താലുള്ള കൊടുങ്കാററുകൾ
അടുത്തകാലത്തെ ഉഗ്രമായ കൊടുങ്കാററുകളുടെ പൊട്ടിപുറപ്പെടൽ ഒരുപക്ഷേ മമനുഷ്യന്റെ മലിനീകരണംനിമിത്തമുള്ള അന്തരീക്ഷത്തിന്റെ താപവർധനവിനോട് അഥവാ ഹരിത ഗൃഹ പ്രഭാവത്തോടു (green house effect) ബന്ധപ്പെട്ടിരിക്കാമെന്നു ശാസ്ത്രജ്ഞൻമാർ ഉത്ക്കണ്ഠപ്പെടുന്നു. ന്യൂസ്വീക്ക് മാസിക പറയുന്നതനുസരിച്ച്, ഏതാനും ഡിഗ്രി കൂടുതലുള്ള ഒരു ശരാശരി ഊഷ്മാവ് അത്തരം കാററുകളെ തീവ്രമാക്കുകയും അവയെ ഉത്പാദിപ്പിക്കുന്ന സമുദ്രത്തിന്റെ വിസ്തൃതി വിശാലമാക്കുകയും ചെയ്തേക്കാം. ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂററിരണ്ടിലെ ആൻഡ്രു കൊടുങ്കാററ്, കൊടുങ്കാററു തീവ്രത അളക്കുന്ന 5 പോയിൻറുള്ള ഒരു സ്കെയിലിൽ 5 രേഖപ്പെടുത്തി എന്നു മാസിക കുറിക്കൊള്ളുന്നു, അതിനെ നൂറുവർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന കൊടുങ്കാററ് എന്നു വിളിക്കാമായിരുന്നു, കാരണം അത്തരം വിപത്തുകൾ സാധാരണ അത്ര വിരളമാണ്. എന്നാൽ 1989-ലെ ഹ്യൂഗോ കൊടുങ്കാററ് നാലും 1988-ലെ ഗിൽബെർട്ട് അഞ്ചും രേഖപ്പെടുത്തി. അതുകൊണ്ട് ന്യൂസ്വീക്ക് അനേക ശാസ്ത്രജ്ഞൻമാരുടെ ഉത്ക്കണ്ഠയെ ഇങ്ങനെ സംഗ്രഹിക്കുന്നു: “ആൻഡ്രുവിനെ നോക്കൂ; ഹരിത ഗൃഹ പ്രഭാവത്താലുള്ള ലോകം ഒരുപക്ഷേ അതുപോലെ ആയിരിക്കും.” (g93 4⁄8)
ധർമസാപനം ആർക്കുവേണ്ടി?
ഓരോ വർഷവും ധർമസ്ഥാപനങ്ങൾ പിടിച്ചെടുക്കുന്ന പണം മുഴുവനും എന്തു സംഭവിക്കുന്നു? അതിലധിക പങ്കും അവ നടത്തുന്ന ആളുകൾക്കു കിട്ടുന്നു. ഒരു സർവേ അനുസരിച്ച്, ഐക്യനാടുകളിലെ ഏററവും വലിയ 100 ധർമസ്ഥാപനങ്ങളിൽ മൂന്നിലൊന്നിന്റെ മുഖ്യ കാര്യനിർവാഹകർ ഓരോരുത്തരും കഴിഞ്ഞവർഷം ശമ്പളങ്ങളിലും ആനുകൂല്യങ്ങളിലുമായി 2,00,000-ത്തിലധികം ഡോളർ സമ്പാദിച്ചു. ഇൻറർനാഷനൽ ഹെറാൾഡ് ട്രൈബ്യൂൺ അപ്രകാരം റിപ്പോർട്ടു ചെയ്യുന്നു. ഈ കാര്യനിർവാഹകരിൽ മൂന്നുപേർക്ക് 5,00,000-ത്തിലധികം ഡോളർ ലഭിച്ചു. ധന ദുർവ്യയത്തിനും വാരിക്കോരി ചെലവിട്ടതിനും കുററം ചുമത്തപ്പെട്ട ഒരു ധർമസ്ഥാപനത്തിന്റെ പ്രസിഡണ്ടിനെ പുറത്താക്കിക്കൊണ്ട് ഈ സർവേ ശോഭിച്ചു. അദ്ദേഹം പ്രതിവർഷം 3,90,000 ഡോളർ സമ്പാദിച്ചുകൂട്ടുകയായിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമി 1,95,000 ഡോളർ “മാത്രമെ” ഉണ്ടാക്കുന്നുള്ളു.
വിവാഹമോചനം ഞങ്ങളെ വേർപിരിക്കുംവരെ
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറെറാന്നിൽ 1,30,000-ത്തിലധികം വിവാഹങ്ങൾ ജർമനിയിലെ വിവാഹമോചന കോടതികളിൽ അവസാനിച്ചുവെന്നു ആൾജെമൈനാ സൈററുംഗ് വർത്തമാനപ്പത്രം റിപ്പോർട്ടുചെയ്യുന്നു. വിവാഹത്തകർച്ച സാധാരണമായിത്തീർന്നിരിക്കുന്നതിനാൽ “നിങ്ങളുടെ വിവാഹമോചനത്തിന് അഭിനന്ദനങ്ങൾ” അല്ലെങ്കിൽ “നിങ്ങളുടെ ജീവിതത്തിന്റെ നല്ല ദിനങ്ങളുടെ ആദ്യദിനത്തിലേക്കു സ്വാഗതം” എന്നിങ്ങനെയുള്ള ആകർഷകമായ വാചകങ്ങൾ വഹിക്കുന്ന സഹതാപ കാർഡുകൾ സമൃദ്ധിയായി ഉത്പാദിപ്പിച്ചിട്ടുണ്ട്. ജർമനിയിൽ ഇപ്പോൾ വിവാഹിതരാകുന്ന ദമ്പതികളിൽ ഏതാണ്ടു 10 ശതമാനം പേർ വിവാഹത്തിനു വളരെ മുമ്പേതന്നെ വിവാഹമോചനത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു. വിവാഹമോചനത്തിന്റെ സമയത്ത് ഏത് ഇണയ്ക്ക് എന്തു കിട്ടും—വീട്, വീട്ടുസാമാനങ്ങൾ—എന്നു വ്യക്തമാക്കുന്ന ഉടമ്പടികൾ അവർ എഴുതിവെക്കുന്നു. ഇത്രയധികം വിവാഹമോചനങ്ങൾ എന്തുകൊണ്ടാണ്? ആൾജെമൈനാ സൈററുംഗ് ഇങ്ങനെ പ്രസ്താവിക്കുന്നു: “മോതിരം കൈമാറി ഏതാനും വർഷങ്ങൾ കഴിഞ്ഞു ഭർത്താക്കൻമാർ തങ്ങളിൽ വളരെക്കുറച്ചു താത്പര്യമേ പ്രകടമാക്കുന്നുള്ളുവെന്ന് 80 ശതമാനം സ്ത്രീകൾ പരാതിപ്പെടുന്നു. . . . ആറുവർഷത്തെ വിവാഹ ജീവിതത്തിനുശേഷം സാധാരണ ഒരു ദിവസം വെറും ഒൻപതു മിനിററു മാത്രം അവർ പരസ്പരം സംസാരിക്കുന്നുള്ളുവെന്ന് 5,000 ദമ്പതികൾ ഉൾപ്പെട്ട ഒരു പഠനം സ്ഥിരീകരിച്ചു.”
ശിക്ഷണത്തിന്റെ അഭാവത്തിനു മാതാപിതാക്കൾ വിലകൊടുക്കുന്നു
ഒരു മോട്ടോർസൈക്കിൾ സംഘത്തിലെ കൗമാരപ്രായക്കാരായ മൂന്ന് അംഗങ്ങളുടെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ കുററകൃത്യത്തിനു നഷ്ടപരിഹാരം കൊടുക്കാൻ സഹായിക്കണമെന്നു ജപ്പാനിലെ ടോക്കിയോയിലുള്ള ഒരു കോടതി വിധിച്ചു. അവരുടെ മോട്ടോർസൈക്കിളുകളുടെ ശബ്ദത്തെക്കുറിച്ചു പരാതിപ്പെട്ടതിനെ തുടർന്ന് ആ ആൺകുട്ടികൾ ഒരു മനുഷ്യനെ തല്ലുകയും വയററത്ത് ആവർത്തിച്ചു തൊഴിക്കുകയും ചെയ്തിരുന്നു. ഒരു മാസം കഴിഞ്ഞ് ആ മനുഷ്യൻ മരിച്ചു. “ഈ കുററകൃത്യം, സ്കൂളിൽ ആവർത്തിച്ചു ഹാജരാകാതിരിക്കൽ, മദ്യപാനം, പുകവലിയും മോട്ടോർസൈക്കിളിൽ ചുററിക്കറങ്ങലും എന്നിങ്ങനെ ആ നാലു യുവജനങ്ങൾ നയിച്ചിരുന്ന ജീവിതരീതിയുടെ ഒരു തുടർച്ചയായിരുന്നു” എന്നു ജഡ്ജി പറഞ്ഞതായി മൈനിച്ചി ഡെയ്ലി ന്യൂസ് ഉദ്ധരിച്ചു. “തങ്ങളുടെ പുത്രൻമാർ നയിച്ചിരുന്ന ജീവിതരീതിയെക്കുറിച്ചു പൂർണമായും അറിയാമായിരുന്നിരിക്കെ സംഘാംഗങ്ങളുടെ മാതാപിതാക്കൾ അവർക്കു ശിക്ഷണം കൊടുത്തില്ല,” എന്ന് അദ്ദേഹം പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തിനു നഷ്ടപരിഹാരമായി മൊത്തം 30,00,000 മാർക്ക് (ഏതാണ്ട് 7,00,000 യു.എസ് ഡോളർ) കൊടുക്കാൻ മാതാപിതാക്കളോടു ജഡ്ജി കല്പിച്ചു. (g93 4⁄8)
പുരോഹിത വിവാഹമോചന നിരക്ക് ഉയരുന്നു
“ജർമനിയിൽ ഓരോ മൂന്നു വിവാഹങ്ങളിൽ ഒന്നു വീതം വിവാഹമോചനത്തിൽ കലാശിക്കുന്നു” എന്നു ദ ജർമൻ ട്രൈബ്യൂൺ കുറിക്കൊള്ളുന്നു. തത്തുല്യമായി, “കൂടുതൽ കൂടുതൽ പ്രൊട്ടസ്ററൻറ് ശുശ്രൂഷകരുടെ വിവാഹങ്ങൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.” “സ്ത്രീ-പുരുഷ ശുശ്രൂഷകരുടെ ഇടയിലെ വിവാഹമോചന നിരക്ക് ഇപ്പോൾ സാധാരണ ആളുകളിലേതിനോളം ഉയർന്നതാണ്” എന്ന് പ്രൊട്ടസ്ററ് സഭാ പ്രസിഡണ്ടിന്റെ ഹെസ്സെയിലെയും നാസ്സോവിലെയും പ്രതിപുരുഷനായ ഹാൻസ്മാർട്ടിൻ ഹോയ്സൽ സമ്മതിക്കുന്നു. വിവാഹബന്ധം അഭേദ്യമായിരിക്കണം എന്നു സഭ പഠിപ്പിക്കുമ്പോൾത്തന്നെ, “യാഥാർഥ്യം, പുരോഹിതൻമാരുടെ ഇടയിൽപ്പോലും തികച്ചും വ്യത്യസ്തമാണ്. പാസ്ററർമാർ ഉൾപ്പെടുന്ന വിവാഹമോചനത്തിൽ വ്യക്തിപരമായ ക്രിസ്തീയവിശ്വാസത്തിനും സഭാപഠിപ്പിക്കലിനും വ്യാപകമായ വ്യതിയാനം സംഭവിക്കുന്നു” എന്നു ട്രൈബ്യൂൺ പ്രസ്താവിക്കുന്നു. ഏതാനും ചിലതൊഴികെ “വിവാഹമോചനം നടത്തിയ പാസ്ററർക്ക് ഒരു പാസ്ററർ എന്നനിലയിൽ തന്റെ പഴയസ്ഥലത്തു തന്നെയോ അല്ലെങ്കിൽ മറെറാരിടത്തോ തുടരാൻ കഴിയും.”
ഗോപാലകരുടെ ഗാനം
ദൃശ്യത പരിമിതപ്പെട്ടിരിക്കുന്നിടത്ത്, കുന്നുകളിൽ ചിതറിയിരിക്കുന്ന കന്നുകാലികളെ ഒരുമിച്ചു കൂട്ടുന്നതിനുവേണ്ടി ജപ്പാനിലെ കന്നുകാലി വളർത്തുകാർ കൂടുതൽ കാര്യക്ഷമവും കുറഞ്ഞ സമയചെലവുള്ളതുമായ ഒരു മാർഗത്തിനുവേണ്ടി അന്വേഷിക്കുകയായിരുന്നു. സംഗീതത്താൽ കന്നുകാലികളെ ഒരുമിച്ചു കൂട്ടാൻ കഴിയുമോ എന്നറിയാൻ അവർ ഒരു പരീക്ഷണം നടത്തി. പതിമൂന്നു ദിവസത്തേക്കു അവർ ഹാരു നോ ഒഗാവാ (വസന്തത്തിലെ കൊച്ചരുവി) എന്ന ജാപ്പനീസ് രാഗം ഒരു സമയത്തു മൂന്നു മിനിററ് നേരത്തേക്ക് 16 കന്നുകാലികളെ ദിവസം രണ്ടുമുതൽ നാലുവരെ തവണ പാടിക്കേൾപ്പിച്ചു. അതുകഴിഞ്ഞ് ഉടനെ, അവർ അവയുടെ ഇഷ്ടപ്പെട്ട തീററ അവയ്ക്കു കൊടുത്തു. കന്നുകാലികൾ പ്രസവിക്കുന്ന ഒരു ശൈത്യകാല ഇടവേളയ്ക്കുശേഷം “പരിശീലിപ്പിച്ച” പത്തു കന്നുകാലികളെ അവയുടെ ഒൻപതു കിടാക്കളോടൊപ്പം മേച്ചിൽസ്ഥലങ്ങളിലേക്കു വിട്ടു. അതേ രാഗം വീണ്ടും പാടി. “രണ്ടു മിനിററുകൊണ്ടു മുഴുകൂട്ടവും എത്തിച്ചേർന്നു, ഏതാണ്ടു നാലു മാസത്തേക്ക് അവ കേൾക്കാതിരുന്ന സംഗീതത്താൽ അവയെ ഒരുമിച്ചു കൂട്ടി” എന്ന് ആസാഹി ഈവനിംങ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു.
നന്നായി സൂക്ഷിച്ച വൈദ്യശാസ്ത്ര രഹസ്യം
ഡച്ച് വൈദ്യശാസ്ത്ര സമിതിയുടെ ഏററവും നന്നായി സൂക്ഷിച്ചിരുന്ന രഹസ്യങ്ങളിലൊന്ന് വൈദ്യോപദേശകയായ മാർഗരീററാ മിക്കാൽസൻ വെളിപ്പെടുത്തി. ഒരു കുട്ടിയുടെ പിതാവെന്നു പ്രഖ്യാപിക്കപ്പെട്ട ഒരു മനുഷ്യനു ക്രോമോസോം പൊരുത്തമില്ലായ്മ നിമിത്തം രക്തബന്ധമുള്ള ഒരു പിതാവായിരിക്കാൻ കഴിയുകയില്ല എന്നു പാരമ്പര്യ രോഗങ്ങൾക്കു രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാർ നിരന്തരം കണ്ടുപിടിക്കുന്നുവെന്ന് അവർ തുറന്നുകാട്ടി. സുഡൻഡിയോസ്ചി സൈററംഗ് വർത്തമാനപ്പത്രം പറയുന്നതനുസരിച്ച് ഡെൻമാർക്കിൽ അഞ്ചുമുതൽ എട്ടുവരെ ശതമാനത്തിനിടയിൽ പിതാക്കൻമാർ കുട്ടികളോടു രക്തബന്ധമുള്ള പിതാക്കൻമാരല്ല. പ്രതിവർഷമുള്ള 60,000 ജനനങ്ങളിൽ കുറഞ്ഞപക്ഷം 3,000 എണ്ണം വിശ്വാസവഞ്ചനയോടു ബന്ധപ്പെട്ടതാണ് എന്ന് ഇത് അർഥമാക്കുന്നു. എന്നിരുന്നാലും, ഈ കണ്ടുപിടിത്തത്തെ സംബന്ധിച്ചു പുരുഷൻമാരോടു പറഞ്ഞിട്ടില്ല, കുടുംബത്തിൽ പിളർപ്പ് ഇല്ലാതിരിക്കാൻവേണ്ടിത്തന്നെ.
ശരീരോഷ്മാവു പുനഃപരിശോധന
ഒരു നൂററാണ്ടിലധികമായി മനുഷ്യശരീര ഊഷ്മാവ് 37 ഡിഗ്രി സെൻറീഗ്രേഡ് ആയി അംഗീകരിക്കപ്പെട്ടിരിക്കുന്നു, പ്രായപൂർത്തിയായ 25,000 ആളുകളുടെ ശരീരോഷ്മാവിന്റെ പത്തുലക്ഷത്തിലധികം അളവുകളെ അടിസ്ഥാനമാക്കി, 1868-ൽ കാൾ വുൻണ്ടർലിക്ക് പ്രസിദ്ധീകരിച്ച ഒരു പത്രത്തിന്റെ ഫലമായിട്ടാണിത്. താപമാപിനിയിൽ ഊഷ്മാവു രേഖപ്പെടുത്താൻ ഏതാണ്ടു 15മുതൽ 20വരെ മിനിററ് എടുത്തതിനാലും കക്ഷത്തിൽ ഇരിക്കുമ്പോൾത്തന്നെ അവർ അതു രേഖപ്പെടുത്തേണ്ടിയിരുന്നതിനാലും ഇതൊരു സാഹസിക കൃത്യമായിരുന്നു. എന്നിരുന്നാലും, ഈ സംഖ്യ മാററണം എന്നു യൂണിവേഴ്സിററി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിലെ ഫിലിപ്പ് എ. മാക്കോവിയാക്ക് പറയുന്നു, അദ്ദേഹത്തിന്റെ പഠനം കാണിച്ചതുപോലെ 37 ഡിഗ്രി സെൻറീഗ്രേഡ് “മൊത്തത്തിലുള്ള ശരാശരി ഊഷ്മാവോ പഠനം നടത്തിയ ഏതെങ്കിലും കാലയളവിലെ ശരാശരി ഊഷ്മാവോ മധ്യത്തിലുള്ള ഊഷ്മാവോ ഏററവും കൂടുതൽ ആവർത്തിച്ചു രേഖപ്പെടുത്തിയ ഊഷ്മാവിന്റെ ഒററപ്പെട്ട സംഖ്യയോ ആയിരുന്നില്ല.” വാസ്തവത്തിൽ, അത് എടുത്ത 700 റീഡിങുകളിൽ എട്ടു ശതമാനം മാത്രമെ കണക്കാക്കിയുള്ളു. ശരാശരി ശരീരോഷ്മാവ് 36.8 ഡിഗ്രി ആയിരിക്കണമെന്ന് അദ്ദേഹം പറയുന്നു. (g93 3⁄22)