20-ാം നൂറ്റാണ്ടിലെ പകർച്ചവ്യാധി
പലരും പ്രവചിച്ചിരുന്നതുപോലെ 14-ാം നൂറ്റാണ്ടിൽ യൂറോപ്പിലുണ്ടായ കറുത്ത മരണം ലോകാവസാനത്തിലേക്കു നയിച്ചില്ല. എന്നാൽ നമ്മുടെ നാളിലെ കാര്യമോ? നമ്മുടെ നാളിലെ പകർച്ചവ്യാധികളും രോഗങ്ങളും, ‘അന്ത്യകാലം’ എന്നു ബൈബിൾ വിളിക്കുന്ന സമയത്താണ് നാം ജീവിക്കുന്നത് എന്നതിന്റെ സൂചനയാണോ?—2 തിമൊഥെയൊസ് 3:1.
‘തീർച്ചയായും അല്ല,’ നിങ്ങൾ വിചാരിച്ചേക്കാം. ശാസ്ത്ര-ചികിത്സാ രംഗങ്ങളിലെ പുരോഗതികൾ രോഗങ്ങളെക്കുറിച്ചു മനസ്സിലാക്കാനും അവയ്ക്കെതിരെ പോരാടാനും മനുഷ്യചരിത്രത്തിലെ മറ്റേതൊരു കാലത്തെക്കാളുമധികം ഇപ്പോൾ നമ്മെ സഹായിച്ചിരിക്കുന്നു. വൈദ്യശാസ്ത്രജ്ഞന്മാർ വളരെ വിപുലമായ തോതിൽ ആൻറിബയോട്ടിക്കുകളും വാക്സിനുകളും—അതായത്, രോഗങ്ങൾക്കും രോഗകാരികൾക്കും എതിരെയുള്ള ശക്തമായ ആയുധങ്ങൾ—വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആശുപത്രിയിലെ പരിചരണം, ജലസംസ്കരണം, ശുചിത്വം, പാചകം എന്നീ രംഗങ്ങളിലുണ്ടായിട്ടുള്ള പുരോഗതികളും സാംക്രമിക രോഗങ്ങൾക്കെതിരെയുള്ള പോരാട്ടത്തിനു സഹായമേകിയിട്ടുണ്ട്.
ഏതാനും ദശകങ്ങൾക്കുമുമ്പ് ഈ പോരാട്ടം ഏതാണ്ട് അവസാനിച്ചതായി പലരും കരുതുകയുണ്ടായി. വസൂരി തുടച്ചുനീക്കപ്പെട്ടിരുന്നു, മറ്റു രോഗങ്ങളെ തുടച്ചുനീക്കാൻ ലക്ഷ്യമിട്ടിരുന്നു. ഔഷധങ്ങൾ ഫലപ്രദമായിത്തന്നെ നിരവധി വ്യാധികളെ തടഞ്ഞു. ആരോഗ്യവിദഗ്ധർ ശുഭപ്രതീക്ഷയോടെ ഭാവിയിലേക്ക് ഉറ്റുനോക്കി. സാംക്രമിക രോഗങ്ങൾ കീഴടക്കപ്പെടും; ഒന്നിനു പുറകേ ഒന്നായി രോഗങ്ങളുടെമേൽ വിജയം കൈവരിക്കും. അങ്ങനെ വൈദ്യശാസ്ത്രം വെന്നിക്കൊടി പാറിക്കും.
എന്നാൽ അങ്ങനെ ഒന്ന് സംഭവിച്ചില്ല. ഇന്ന് ലോകത്തിലെ മരണകാരണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് സാംക്രമിക രോഗങ്ങളാണ്. 1996-ൽ മാത്രമായി അഞ്ച് കോടിയിലേറെ ആളുകളെ അവ കൊന്നൊടുക്കിയിരിക്കുന്നു. പോയകാലത്തെ ശുഭപ്രതീക്ഷയുടെ സ്ഥാനത്ത് ഇന്നുള്ളത് ഭാവിയെപ്പറ്റിയുള്ള വർധിച്ചുവരുന്ന ഉത്കണ്ഠയാണ്. ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ) പുറത്തിറക്കിയ ദ വേൾഡ് ഹെൽത്ത് റിപ്പോർട്ട് 1996 ഇങ്ങനെയൊരു മുന്നറിയിപ്പു നൽകുന്നു: “മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിഞ്ഞ ദശകങ്ങളിൽ കൈവരിച്ച പുരോഗതികളിൽ അധികവും ഇപ്പോൾ സന്ദിഗ്ധാവസ്ഥയിലാണ്. സാംക്രമിക രോഗങ്ങളുടെ കാര്യത്തിൽ ഒരാഗോള പ്രതിസന്ധിയുടെ വക്കിലാണ് നാം നിലകൊള്ളുന്നത്. ഒരു രാജ്യവും സുരക്ഷിതമല്ല.”
പഴയ രോഗങ്ങൾ കൂടുതൽ മാരകമാകുന്നു
കീഴടക്കപ്പെട്ടെന്ന് ഒരിക്കൽ കരുതിയിരുന്ന, പരക്കെ അറിയപ്പെട്ടിരുന്ന രോഗങ്ങൾ കൂടുതൽ മാരകവും സുഖപ്പെടുത്താൻ പ്രയാസകരവുമായ രൂപങ്ങളിൽ തിരിച്ചുവരുന്നു എന്നതാണ് ഉത്കണ്ഠയ്ക്കുള്ള ഒരു കാരണം. അതിനൊരു ഉദാഹരണമാണ് ക്ഷയരോഗം. അത് വികസിത രാജ്യങ്ങളിൽ ഏതാണ്ട് നിയന്ത്രണാധീനമാണെന്ന് ഒരിക്കൽ കരുതിയിരുന്നു. എന്നാൽ ക്ഷയരോഗം അപ്രത്യക്ഷമായില്ല; ഇപ്പോൾ അത് വർഷംതോറും 30 ലക്ഷം ആളുകളെ കൊന്നൊടുക്കുന്നു. നിയന്ത്രണ നടപടികൾ മെച്ചപ്പെടുത്താത്തപക്ഷം 1990-കളിൽ ഒമ്പതു കോടിയോളം ആളുകൾക്ക് ഈ രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്നാണു കണക്കുകൂട്ടൽ. ഔഷധപ്രതിരോധശക്തിയുള്ള ക്ഷയരോഗം ഇപ്പോൾ പല രാജ്യങ്ങളിലും പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്.
വീണ്ടും തലപൊക്കുന്ന രോഗത്തിന് മറ്റൊരു ഉദാഹരണമാണ് മലമ്പനി. നാൽപ്പതു വർഷം മുമ്പ് മലമ്പനി വേഗത്തിൽ തുടച്ചുനീക്കാനാകുമെന്നു ഡോക്ടർമാർ പ്രതീക്ഷിച്ചിരുന്നു. ഇന്ന് ഈ രോഗം വർഷംതോറും 20 ലക്ഷത്തോളം ആളുകളുടെ ജീവനപഹരിക്കുന്നു. 90-ലേറെ രാജ്യങ്ങളെ മലമ്പനി വിടാതെ പിടികൂടിയിരിക്കുന്നു, അഥവാ അത് അവിടെ എപ്പോഴുമുണ്ട്. കൂടാതെ ലോക ജനസംഖ്യയുടെ 40 ശതമാനത്തിന് അതു ഭീഷണി ഉയർത്തുകയും ചെയ്യുന്നു. മലമ്പനി പരാദവാഹകരായ കൊതുകുകൾ കീടനാശിനികളോട് പ്രതിരോധശേഷി ആർജിച്ചിരിക്കുന്നു. കൂടാതെ, പരാദങ്ങൾത്തന്നെ ഔഷധങ്ങളോടു പ്രതിരോധശേഷി ആർജിച്ചിരിക്കുന്നതുകൊണ്ട് മലമ്പനിയുടെ ചില വകഭേദങ്ങൾ താമസിയാതെ സൗഖ്യമാക്കാൻ പറ്റാത്തവയായിത്തീർന്നേക്കാമെന്ന് ഡോക്ടർമാർ ഭയക്കുന്നു.
രോഗവും ദാരിദ്ര്യവും
പ്രതിരോധമാർഗങ്ങളുണ്ടായിരുന്നിട്ടും മറ്റു ചില രോഗങ്ങൾ നിരന്തരം ആളുകളുടെ ജീവനപഹരിക്കുന്നു. ഉദാഹരണത്തിന് മസ്തിഷ്ക ചർമവീക്കത്തിന്റെ കാര്യമെടുക്കാം. അതു നിവാരണം ചെയ്യാനുള്ള വാക്സിനുകളും സൗഖ്യമാക്കാനുള്ള ഔഷധങ്ങളുമുണ്ട്. 1996-ന്റെ ആരംഭത്തിൽ, സഹാറയുടെ തെക്കുള്ള ആഫ്രിക്കൻ ഭാഗങ്ങളിൽ ഈ രോഗം പൊട്ടിപ്പുറപ്പെട്ടു. നിങ്ങൾ അതിനെക്കുറിച്ച് കാര്യമായൊന്നും കേട്ടിരിക്കാനിടയില്ല. അത് 15,000-ത്തിലധികം ആളുകളെ—കൂടുതലും ദരിദ്രരെയും കുട്ടികളെയും—കൊന്നൊടുക്കി.
ന്യൂമോണിയ ഉൾപ്പെടെ കീഴ് ശ്വസനനാളത്തെ ബാധിക്കുന്ന രോഗങ്ങൾ, വർഷംതോറും 40 ലക്ഷം ആളുകളെ—അധികവും കുട്ടികളെ—കൊന്നൊടുക്കുന്നു. അഞ്ചാംപനി വർഷംതോറും പത്തു ലക്ഷം കുട്ടികൾക്കു ജീവഹാനി വരുത്തുന്നു. വില്ലൻ ചുമ 3,55,000 കുട്ടികളെക്കൂടെ കൊല്ലുന്നു. ഈ മരണങ്ങളിൽ അധികവും ചെലവുകുറഞ്ഞ ഔഷധങ്ങളുടെ സഹായത്തോടെ തടയാവുന്നവയായിരുന്നു.
ഓരോ ദിവസവും ഏതാണ്ട് എണ്ണായിരം കുട്ടികൾ അതിസാരം മൂലമുണ്ടാകുന്ന നിർജലീകരണത്തിന്റെ ഫലമായി മരിക്കുന്നു. ഈ മരണങ്ങൾ എല്ലാംതന്നെ നല്ല ശുചിത്വസംവിധാനങ്ങളുടെയോ ശുദ്ധമായ കുടിവെള്ളത്തിന്റെയോ വായിലൂടെ കൊടുക്കുന്ന പുനർജലീകരണ ലായനിയുടെയോ സഹായത്തോടെ തടയാൻ കഴിയുമായിരുന്നു.
ദാരിദ്ര്യം കൊടികുത്തി വാഴുന്ന വികസ്വര രാജ്യങ്ങളിലാണ് ഈ മരണങ്ങളിൽ അധികവും നടക്കുന്നത്. ഏതാണ്ട് 80 കോടി ആളുകൾക്ക്—ലോക ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന്—വൈദ്യപരിപാലനം ലഭിക്കുന്നില്ല. ദ വേൾഡ് ഹെൽത്ത് റിപ്പോർട്ട് 1995 അഭിപ്രായപ്പെട്ടു: “ലോകത്തിലെ ഏറ്റവും വലിയ കൊലയാളിയുടെ, ഗോളമെമ്പാടുമുള്ള അനാരോഗ്യത്തിന്റെയും ദുരിതത്തിന്റെയും കാരണക്കാരന്റെ, പേര് അന്താരാഷ്ട്ര രോഗവർഗീകരണ പട്ടികയുടെ ഏതാണ്ട് അവസാന ഭാഗത്തായി കൊടുത്തിരിക്കുന്നു. അതിന് Z59.5 എന്ന കോഡാണ് നൽകിയിരിക്കുന്നത്—അതാണ് കടുത്ത ദാരിദ്ര്യം.”
പുതുതായി തിരിച്ചറിഞ്ഞിരിക്കുന്ന രോഗങ്ങൾ
ഇനിയും മറ്റു ചില രോഗങ്ങൾ നവാഗതരാണ്. അടുത്ത കാലത്താണ് അവയെ തിരിച്ചറിഞ്ഞത്. അടുത്തയിടെ ഡബ്ലിയുഎച്ച്ഒ ഇപ്രകാരം അഭിപ്രായപ്പെട്ടു: “കഴിഞ്ഞ 20 വർഷങ്ങളിൽ കോടിക്കണക്കിന് ആളുകളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തുമാറ് ചുരുങ്ങിയത് 30 പുതിയ രോഗങ്ങളെങ്കിലും രംഗത്തെത്തിയിട്ടുണ്ട്. ഇവയിൽ പല രോഗങ്ങൾക്കും പ്രതിരോധകുത്തിവെപ്പില്ല, അവ ചികിത്സിച്ചു ഭേദപ്പെടുത്താനുമാവില്ല. അവയെ തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ ഉള്ള സാധ്യത പരിമിതമാണ്.”
ഉദാഹരണത്തിന്, എച്ച്ഐവി-യുടെയും എയ്ഡ്സിന്റെയും കാര്യമെടുക്കുക. 15 വർഷംമുമ്പുവരെ അജ്ഞാതമായിരുന്ന ഈ രോഗം ഇപ്പോൾ എല്ലാ ഭൂഖണ്ഡങ്ങളിലുള്ള ആളുകളെയും പിടികൂടുന്നു. ഇപ്പോൾ, മുതിർന്നവരിൽ രണ്ടു കോടിയോളം പേർ എച്ച്ഐവി ബാധിതരാണ്, 45 ലക്ഷത്തിലധികം പേർക്ക് എയ്ഡ്സുമുണ്ട്. ഹ്യൂമൻ ഡെവലപ്പ്മെൻറ് റിപ്പോർട്ട് 1996 അനുസരിച്ച് യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും മുതിർന്നവരുടെ മരണകാരണങ്ങളിൽ ഇപ്പോൾ മുൻപന്തിയിൽ നിൽക്കുന്നത് എയ്ഡ്സാണ്. ലോകവ്യാപകമായി, ദിവസവും ഏതാണ്ട് 6,000 ആളുകളെ, അതായത് ഓരോ 15 സെക്കൻഡിലും ഒരാളെവീതം, ഈ രോഗം പിടികൂടുന്നു. എയ്ഡ്സ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുമെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഒരു യു.എസ്. ഏജൻസിയുടെ അഭിപ്രായമനുസരിച്ച് 2010-ാം ആണ്ടോടെ, എയ്ഡ്സ് ബാധിതർ ഏറ്റവുമധികമുള്ള ആഫ്രിക്കൻ, ഏഷ്യൻ രാഷ്ട്രങ്ങളിൽ ഏറ്റവും ഗുരുതരമായി എയ്ഡ്സ് ബാധിച്ചവരുടെ ആയുർപ്രതീക്ഷ 25 വയസ്സായി കുറയുമെന്നു കണക്കാക്കപ്പെടുന്നു.
എയ്ഡ്സ് അനിതരസാധാരണമായ ഒന്നാണോ? സമാനമോ കൂടുതൽ ദ്രോഹകരമോ ആയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ തക്കവണ്ണം മറ്റ് രോഗങ്ങൾ പൊട്ടിപ്പുറപ്പെടാനിടയുണ്ടോ? ഡബ്ലിയുഎച്ച്ഒ ഉത്തരം നൽകുന്നു: “ഇതുവരെ അറിയപ്പെടാത്തവയെങ്കിലും നാളത്തെ എയ്ഡ്സായിത്തീരാൻ സാധ്യതയുള്ള രോഗങ്ങൾ പതിയിരിപ്പുണ്ടെന്നുള്ളതിനു സംശയമില്ല.”
രോഗാണുക്കൾക്ക് അനുകൂലമായ ഘടകങ്ങൾ
ഭാവിയിൽ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള സാംക്രമിക രോഗങ്ങളെക്കുറിച്ച് ആരോഗ്യവിദഗ്ധർ വേവലാതിപ്പെടുന്നത് എന്തിനാണ്? നഗരങ്ങളുടെ വളർച്ചയാണ് ഒരു കാരണം. നൂറു വർഷം മുമ്പ് ലോകജനസംഖ്യയുടെ 15 ശതമാനം മാത്രമേ നഗരങ്ങളിൽ വസിച്ചിരുന്നുള്ളൂ. എന്നാൽ 2010-ാം ആണ്ടോടെ ലോകജനസംഖ്യയുടെ പകുതിയിലധികവും താമസിക്കുന്നത് നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ—വിശേഷിച്ചും അൽപ്പവികസിത രാജ്യങ്ങളിലെ വൻനഗരങ്ങളിൽ—ആയിരിക്കുമെന്ന് മുൻകൂട്ടിപ്പറയപ്പെട്ടിരിക്കുന്നു.
ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലാണ് രോഗകാരികളായ അണുക്കൾ പെരുകുന്നത്. ഒരു പട്ടണത്തിൽ നല്ല പാർപ്പിടങ്ങളും അതുപോലെതന്നെ മലിനജല നിർമാർജനത്തിനും ജലവിതരണത്തിനും ആരോഗ്യപരിപാലനത്തിനും വേണ്ട നല്ല സംവിധാനങ്ങളുമുണ്ടെങ്കിൽ സാംക്രമിക രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയുന്നു. എന്നാൽ ദരിദ്രരാജ്യങ്ങളിലാണ് നഗരങ്ങൾ ശീഘ്രഗതിയിൽ വളർച്ച പ്രാപിക്കുന്നത്. ചില നഗരങ്ങളിൽ ഓരോ 750-ഓ അതിലധികമോ ആളുകൾക്ക് ഒരു കക്കൂസ് വീതമേ ഉള്ളൂ. പല നഗരപ്രാന്തങ്ങളിലും നല്ല വീടുകളോ ശുദ്ധമായ കുടിവെള്ളമോ ചികിത്സാസൗകര്യങ്ങളോ ലഭ്യമല്ല. വൃത്തിയില്ലാത്ത ചുറ്റുപാടുകളിൽ ലക്ഷക്കണക്കിനാളുകൾ തിങ്ങിപ്പാർക്കുമ്പോൾ രോഗസംക്രമണത്തിനുള്ള സാധ്യത ഏറുന്നു.
ഭാവിയിൽ രോഗസംക്രമണം ജനപ്പെരുപ്പമുള്ള, ദാരിദ്ര്യത്തിന്റെ പിടിയിലമർന്നിരിക്കുന്ന വൻനഗരങ്ങളിൽ മാത്രമായി പരിമിതപ്പെടുമെന്നാണോ ഇതിനർഥം? ആർക്കൈവ്സ് ഓഫ് ഇന്റേണൽ മെഡിസിൻ എന്ന പത്രിക ഉത്തരം നൽകുന്നു: “കൊടിയ ദാരിദ്ര്യവും സാമ്പത്തിക പ്രത്യാശയില്ലായ്മയും അവയുടെ ഭവിഷ്യത്തുകളും അനുഭവിക്കുന്ന ഒറ്റപ്പെട്ട സ്ഥലങ്ങൾ രോഗബാധയ്ക്ക് ഏറ്റവും അനുകൂലമായ സാഹചര്യങ്ങൾ പ്രദാനം ചെയ്യുക മാത്രമല്ല, ശേഷിച്ച മനുഷ്യവർഗത്തിന്റെ സാങ്കേതികവിദ്യയ്ക്കു പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്നു.”
രോഗങ്ങളെ ഒരു പ്രദേശത്തു മാത്രമായി ഒതുക്കി നിർത്തുക എളുപ്പമല്ല. അനേകമാളുകളും എപ്പോഴും യാത്രചെയ്യുന്നു. ഓരോ ദിവസവും ഏതാണ്ട് പത്തു ലക്ഷം ആളുകൾ അന്താരാഷ്ട്ര അതിർത്തികൾ മുറിച്ചുകടക്കുന്നു. ഓരോ ആഴ്ചയും പത്തു ലക്ഷം ആളുകൾ സമ്പന്ന രാജ്യങ്ങൾക്കും ദരിദ്ര രാജ്യങ്ങൾക്കും ഇടയ്ക്കു യാത്ര ചെയ്യുന്നുണ്ട്. ആളുകളോടൊപ്പം മാരകമായ രോഗാണുക്കളും പോകുന്നു. ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ അഭിപ്രായപ്പെടുന്നു: “എവിടെയെങ്കിലും ഒരു രോഗം പൊട്ടിപ്പുറപ്പെടുന്നത് ഇപ്പോൾ മിക്ക രാജ്യങ്ങൾക്കും, വിശേഷിച്ചും അന്താരാഷ്ട്ര യാത്രകളുടെ പ്രധാന കേന്ദ്രങ്ങളായി വർത്തിക്കുന്നവയ്ക്ക്, ഒരു ഭീഷണിയായി കണക്കാക്കേണ്ടതുണ്ട്.”
അങ്ങനെ, 20-ാം നൂറ്റാണ്ടിൽ വൈദ്യശാസ്ത്രപരമായ മുന്നേറ്റങ്ങളുണ്ടായിട്ടും പകർച്ചവ്യാധികൾ മനുഷ്യജീവനെ അരിഞ്ഞുവീഴ്ത്തിക്കൊണ്ടിരിക്കുന്നു. സാഹചര്യം കൂടുതൽ വഷളാകുകയേയുള്ളുവെന്ന് പലരും ഭയക്കുന്നു. എന്നാൽ ഭാവിയെ സംബന്ധിച്ച് ബൈബിൾ എന്താണു പറയുന്നത്?
[4-ാം പേജിലെ ആകർഷകവാക്യം]
മരണകാരണങ്ങളിൽ ലോകത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് സാംക്രമിക രോഗങ്ങളാണ്, 1996-ൽ മാത്രമായി അത് അഞ്ച് കോടിയിലേറെ ആളുകളെ കൊന്നൊടുക്കിയിരിക്കുന്നു
[6-ാം പേജിലെ ചതുരം]
ആൻറിബയോട്ടിക്കിനോടുള്ള പ്രതിരോധശേഷി
പല സാംക്രമിക രോഗങ്ങളും ആൻറിബയോട്ടിക്കുകളോട് പ്രതിരോധശേഷി ആർജിച്ചിരിക്കുന്നതുകൊണ്ട് അവയെ സുഖപ്പെടുത്താൻ കൂടുതൽ ബുദ്ധിമുട്ടായിത്തീരുന്നു. സംഭവിക്കുന്നത് ഇതാണ്: ബാക്ടീരിയ ഒരു വ്യക്തിയുടെ ശരീരത്തിൽ കടന്നുകൂടുമ്പോൾ അവ നിരന്തരം പെരുകിക്കൊണ്ടിരിക്കുന്നു, തങ്ങളുടെ ജനിതക സ്വഭാവങ്ങൾ സന്താനങ്ങളിലേക്കു കൈമാറുന്നു. ഓരോ പുതിയ ബാക്ടീരിയവും ഉണ്ടാകുമ്പോൾ ഉത്പരിവർത്തനത്തിനുള്ള—പുതിയ ബാക്ടീരിയത്തിന് പുതിയ സ്വഭാവം നൽകുന്ന, നേരിയ ഒരു പകർത്തൽ-പിശക് സംഭവിക്കാനുള്ള—സാധ്യതയുണ്ട്. ഒരു ആൻറിബയോട്ടിക്കിനെ ചെറുത്തുനിൽക്കാൻ സാധിക്കത്തക്കവിധം ഒരു ബാക്ടീരിയത്തിന് ഉത്പരിവർത്തനം സംഭവിക്കാനുള്ള സാധ്യത തീരെ കുറവാണ്. എന്നാൽ ബാക്ടീരിയയുടെ പ്രത്യുത്പാദന നിരക്ക് കോടിക്കണക്കിനാണ്. ചിലപ്പോൾ അത് മണിക്കൂറിൽ മൂന്ന് തലമുറകളെവരെ ഉത്പാദിപ്പിക്കും. അങ്ങനെ സാധ്യതയില്ലാത്ത ഒന്ന് സംഭവിക്കുന്നു—അതായത്, ഒരു ആൻറിബയോട്ടിക്ക് ഉപയോഗിച്ച് നശിപ്പിക്കാൻ പ്രയാസകരമായ ഒരു ബാക്ടീരിയം ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്നു.
അതുകൊണ്ട് രോഗബാധിതനായ ഒരു വ്യക്തി ആൻറിബയോട്ടിക്ക് കഴിക്കുമ്പോൾ പ്രതിരോധശേഷിയില്ലാത്ത ബാക്ടീരിയ നീക്കം ചെയ്യപ്പെടുന്നു, അയാൾക്ക് സുഖം തോന്നുന്നു. എന്നാൽ പ്രതിരോധശേഷിയുള്ള ബാക്ടീരിയ അതിജീവിക്കുന്നു. ഇപ്പോൾ അവയ്ക്ക് പോഷകങ്ങൾക്കും ഇടത്തിനുംവേണ്ടി സഹ രോഗാണുക്കളോടു പൊരുതേണ്ടതില്ല. ഇഷ്ടംപോലെ പ്രത്യുത്പാദനം നടത്താനുള്ള സ്വാതന്ത്ര്യം അവയ്ക്കുണ്ട്. ഒരൊറ്റ ബാക്ടീരിയത്തിന് ഒരു ദിവസത്തിനകം 1.6 കോടിയിലധികം ബാക്ടീരിയയായി പെരുകാൻ സാധിക്കുന്നതുകൊണ്ട് വ്യക്തി വീണ്ടും രോഗിയാകാൻ അധികം സമയം വേണ്ട. എന്നാൽ, നാശകാരിയായിരിക്കേണ്ടിയിരുന്ന ഔഷധത്തിനെതിരെ പ്രതിരോധശേഷി ആർജിച്ചിരിക്കുന്ന, ഒരിനം ബാക്ടീരിയ ഇപ്പോൾ ആ വ്യക്തിയെ ബാധിച്ചിരിക്കുന്നു. ഈ ബാക്ടീരിയ മറ്റാളുകളെയും ബാധിച്ചേക്കാം. അങ്ങനെ കാലക്രമേണ വീണ്ടും ഉത്പരിവർത്തനത്തിനു വിധേയമായി അത് മറ്റ് ആൻറിബയോട്ടിക്കുകളോട് പ്രതിരോധശേഷി ആർജിക്കുന്നു.
ആർക്കൈവ്സ് ഓഫ് ഇന്റേണൽ മെഡിസിൻ എന്ന പത്രികയിലെ മുഖപ്രസംഗത്തിൽ പറയുന്നത് ഇങ്ങനെയാണ്: “നമ്മുടെ ഇന്നത്തെ ചികിത്സാസംവിധാനങ്ങളോട് ബാക്ടീരിയയും വൈറസും ഫംഗസും പരാദജീവികളും വേഗത്തിൽ പ്രതിരോധശേഷി ആർജിക്കുന്നത്, രോഗാണുക്കളുടെ ലോകത്തോടുള്ള മനുഷ്യന്റെ യുദ്ധത്തിൽ നമ്മൾ തോൽക്കുമോ ഇല്ലയോ എന്നല്ല മറിച്ച് എപ്പോൾ തോൽക്കും എന്നു ചിന്തിക്കാൻ ഒരുവനെ പ്രേരിപ്പിക്കുന്നു.”—ചെരിച്ചെഴുത്തു ഞങ്ങളുടേത്.
[7-ാം പേജിലെ ചതുരം]
1976 മുതലുള്ള ചില പുതിയ സാംക്രമിക രോഗങ്ങൾ
കണ്ടുപിടിക്കപ്പെട്ട രോഗത്തിന്റെ പേര് രോഗങ്ങൾ ആദ്യം
വർഷം പ്രത്യക്ഷപ്പെട്ട അല്ലെങ്കിൽ
കണ്ടുപിടിക്കപ്പെട്ട ഇടം
1976. ലീജിയണേഴ്സ് രോഗം. ഐക്യനാടുകൾ.
1976 ക്രിപ്റ്റോസ്പോറിഡിയോസിസ്. ഐക്യനാടുകൾ
1976. ഇബോള രക്തസ്രാവപ്പനി. സയർ
1977. ഹാന്റാൻ വൈറസ്. കൊറിയ
1980. ഹെപ്പറ്റൈറ്റിസ് ഡി (ഡെൽറ്റ). ഇറ്റലി
1980. മനുഷ്യ റ്റി-കോശ ലിംഫോട്രോപിക് വൈറസ് 1. ജപ്പാൻ
1981. എയ്ഡ്സ്. ഐക്യനാടുകൾ
1982. ഇ. കോളൈ ഒ157:എച്ച്7. ഐക്യനാടുകൾ
1986. ബോവൈൻ സ്പോഞ്ചിഫോം എൻസെഫാലോപ്പതി*. ബ്രിട്ടൻ
1988. സാൽമോണെല്ല എന്റെറിറ്റിഡിസ് പിറ്റി4. ബ്രിട്ടൻ
1989. ഹെപ്പറ്റൈറ്റിസ് സി. ഐക്യനാടുകൾ
1991. വെനെസ്വേലൻ രക്തസ്രാവപ്പനി. വെനെസ്വേല
1992. വിബ്രിയോ കോളെറെ ഒ139. ഇന്ത്യ
1994. ബ്രസീലിയൻ രക്തസ്രാവപ്പനി. ബ്രസീൽ
1994. ഹ്യൂമൻ ആൻറ് എക്വിൻ മോർബിലിവൈറസ്. ഓസ്ട്രേലിയ
*മൃഗങ്ങളിൽ മാത്രം.
[കടപ്പാട്]
ഉറവിടം: ഡബ്ലിയുഎച്ച്ഒ
[8-ാം പേജിലെ ചതുരം]
പഴയ രോഗങ്ങൾ തിരിച്ചുവരുന്നു
ക്ഷയം: ഈ ദശകത്തിൽ മൂന്നു കോടിയിലേറെ ആളുകൾ ക്ഷയം നിമിത്തം മരിക്കുമെന്നാണു കണക്കുകൂട്ടൽ. ഗതകാലത്ത് ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ഇല്ലായിരുന്നതുകൊണ്ട് ഔഷധങ്ങളെ ചെറുത്തുനിൽക്കാൻ കഴിയുന്ന തരം ക്ഷയം ഇപ്പോൾ ഒരു ആഗോള ഭീഷണിയായിത്തീർന്നിരിക്കുന്നു. ഒരിക്കൽ ബാക്ടീരിയയെ വിജയപ്രദമായി നശിപ്പിച്ചിരുന്ന ഔഷധങ്ങളോട് ചിലതരം ക്ഷയരോഗങ്ങൾ ഇപ്പോൾ പ്രതിരോധശേഷി ആർജിച്ചിരിക്കുന്നു.
മലമ്പനി: ഈ രോഗം വർഷംതോറും 50 കോടിയോളം ആളുകളെ പിടികൂടുന്നു, 20 ലക്ഷം പേർക്കു ജീവഹാനി വരുത്തുന്നു. ഔഷധങ്ങളുടെ അഭാവമോ ദുരുപയോഗമോ മൂലം നിയന്ത്രണ നടപടികൾ തടസ്സപ്പെട്ടിരിക്കുന്നു. തത്ഫലമായി, ഒരിക്കൽ മലമ്പനിയുടെ പരാദങ്ങളെ നശിപ്പിച്ചിരുന്ന ഔഷധങ്ങളോട് അവ പ്രതിരോധശേഷി ആർജിച്ചിരിക്കുന്നു. കീടനാശിനികളോട് പ്രതിരോധശേഷിയുള്ള കൊതുകുകൾ പ്രശ്നത്തെ സങ്കീർണമാക്കുന്നു.
കോളറ: കോളറ വർഷംതോറും 1,20,000 ആളുകളെ കൊന്നൊടുക്കുന്നു. ഈ സാംക്രമികരോഗം കൂടുതൽ വ്യാപകവും കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്നതുമായ ആഫ്രിക്കയിലാണ് മരണത്തിന്റെ അധികപങ്കും സംഭവിക്കുന്നത്. തെക്കേ അമേരിക്കയിൽ ദശകങ്ങളോളം അജ്ഞാതമായിരുന്ന കോളറ 1991-ൽ പെറുവിനെ ആക്രമിച്ചു, അതിൽപ്പിന്നെ അത് ആ ഭൂഖണ്ഡത്തിലുടനീളം പടർന്നുപിടിച്ചിട്ടുണ്ട്.
ഡെംഗി: ഈ കൊതുകുജന്യ വൈറസുകൾ വർഷംതോറും ഏതാണ്ട് രണ്ടു കോടി ആളുകളെ പിടികൂടുന്നു. 1995-ൽ, ലാറ്റിനമേരിക്കയിലും കരീബിയയിലും 15 വർഷത്തിനുള്ളിൽ ഉണ്ടായിട്ടുള്ളതിലേക്കും ഏറ്റവും ഭീകരമായ ഡെംഗിരോഗം ചുരുങ്ങിയത് അവിടത്തെ 14 രാജ്യങ്ങളെയെങ്കിലും ആക്രമിച്ചു. ഡെംഗിരോഗങ്ങൾ വർധിക്കുന്നത് നഗരങ്ങൾ വളരുന്നതിനാലും ഡെംഗി വാഹകരായ കൊതുകുകളുടെ വ്യാപനത്താലും രോഗബാധിതരായ നിരവധി ആളുകൾ അങ്ങുമിങ്ങും യാത്രചെയ്യുന്നതിനാലുമാണ്.
തൊണ്ടമുള്ള്: 50 വർഷംമുമ്പ് തുടങ്ങിയ, വിപുലമായ പ്രതിരോധകുത്തിവെപ്പു പദ്ധതികൾ വ്യവസായവത്കൃത രാജ്യങ്ങളിൽ ഈ രോഗം പിടിപെടാനുള്ള സാധ്യത തീർത്തും വിരളമാക്കിത്തീർത്തു. എന്നാൽ 1990 മുതൽ തൊണ്ടമുള്ള് കിഴക്കൻ യൂറോപ്പിലെ 15 രാജ്യങ്ങളിലും മുൻ സോവിയറ്റ് യൂണിയനിലും സംഹാരതാണ്ഡവം തുടർന്നിരിക്കുന്നു. രോഗബാധിതരിൽ 25 ശതമാനംവരെ മരിച്ചിട്ടുണ്ട്. 1995-ന്റെ ആദ്യപകുതിയിൽ ഏതാണ്ട് 25,000 കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടു.
ബ്യുബോണിക് പ്ലേഗ്: 1995-ൽ, ചുരുങ്ങിയത് 1,400 പ്ലേഗ് കേസുകളെങ്കിലും ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയുഎച്ച്ഒ) പക്കൽ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഐക്യനാടുകളിലും മറ്റിടങ്ങളിലും, പതിറ്റാണ്ടുകളോളം പ്ലേഗ്വിമുക്തമായി നിലകൊണ്ടിരുന്ന പ്രദേശങ്ങളിൽ ഈ രോഗം പടർന്നുപിടിച്ചിരിക്കുന്നു.
[കടപ്പാട്]
ഉറവിടം: ഡബ്ലിയുഎച്ച്ഒ
[5-ാം പേജിലെ ചിത്രം]
ആരോഗ്യപരിപാലനത്തിൽ ഏറെ മുന്നേറ്റങ്ങളുണ്ടായിരുന്നിട്ടും സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുന്നതു തടയാൻ വൈദ്യശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല
[കടപ്പാട്]
WHO ഫോട്ടോ എടുത്തിരിക്കുന്നത് J. Abcede
[7-ാം പേജിലെ ചിത്രം]
വൃത്തിയില്ലാത്ത ചുറ്റുപാടുകളിൽ ആളുകൾ തിങ്ങിപ്പാർക്കുമ്പോൾ രോഗങ്ങൾ എളുപ്പത്തിൽ പടർന്നുപിടിക്കുന്നു
[8-ാം പേജിലെ ചിത്രം]
വികസ്വര രാഷ്ട്രങ്ങളിൽ ജീവിക്കുന്ന 80 കോടിയോളം ആളുകൾക്ക് ആരോഗ്യപരിപാലനം ലഭ്യമല്ല